www.socialoutlook.in | Wednesday 20th of June 2018

ലിംഗനീതി, പൗരസമത്വം, മതവിശ്വാസങ്ങളുടെ അധികാരികത എന്നിവയുമെല്ലാമായി ബന്ധപ്പെട്ട് മുത്തലാക്ക് വിഷയത്തിന്റെ നീയമപരമായ അടിസ്ഥാനങ്ങളെ കുറിച്ച് നിയമവിദഗ്ദന്‍ അഡ്വ. സി.കെ. സജീവുമായി
സോഷ്യല്‍ ഔട്ട്‌ലുക്ക് പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂ

sajivചോദ്യം: മുസ്ലിം സമുദായത്തിലെ മുത്തലാക്കിന്റെ പ്രശ്നം സുപ്രിംകോടതി അതീവ ഗൗരവത്തിലെടുത്ത് ഒരു ഭരണഘടനാബഞ്ചുരൂപീകരിച്ച് ദൈനംദിനാടിസ്ഥാനത്തില്‍ വാദം കേട്ടശേഷം വിധി പ്രസ്താവിക്കാന്‍ വച്ചിരിക്കുകയാണ്. രാജ്യത്താകമാനം ഈ കേസ് വമ്പിച്ച ശ്രദ്ധ പിടിച്ചടക്കി. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ഇക്കാര്യത്തിലെടുക്കുന്ന തീരുമാനമറിയാന്‍ ലോകവും കാത്തുനില്ക്കുകയാണ്. ഈ വിഷയത്തെ താങ്കളെങ്ങനെ നോക്കികാണുന്നു?

ഉത്തരം: ഈ പ്രശ്നം അങ്ങേയറ്റം ഗൗരവമുള്ള ഒന്നാണെന്നതിനോടും അതിലുണ്ടാകാന്‍ പോകുന്ന വിധിതീര്‍പ്പ് വമ്പിച്ച പ്രാധാന്യമുള്ളതായിരിക്കുമെന്നതിനോടും ഞാന്‍ നൂറുശതമാനം യോജിക്കുന്നു. ഈ വിഷയം ഉയര്‍ന്നുവരുന്ന സമയത്തുതന്നെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44ല്‍ വരുന്ന ഏകീകൃതസിവില്‍കോഡും സജീവചര്‍ച്ചാവിഷയമായി അന്തരീക്ഷത്തിലുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ ഇതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നുമുണ്ട്. ഇന്ത്യന്‍ പൊളിറ്റി രൂപപ്പെട്ടതിനുശേഷം അതിന്റെ വളര്‍ച്ചയുടെ ഗതിക്രമത്തിനിടയില്‍ എല്ലാ സമുദായങ്ങളുടെയും ആചാരങ്ങള്‍ ചര്‍ച്ചാവിഷയങ്ങളായിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രിംകോടതി സ്വമേധയാ ആയും പതിനായിരക്കണക്കിനുസ്ത്രീകള്‍ അടങ്ങുന്ന അഗ്രീവ്ഡ് പാര്‍ട്ടി (സങ്കടങ്ങളനുഭവിക്കുന്ന കക്ഷികള്‍) കളടക്കം ഫയല്‍ചെയ്ത നിരവധികേസുകളൊന്നിച്ചെടുത്തുമാണ് വാദം കോള്‍ക്കുന്നത്. മുത്തലാക്ക്, നിക്കാഹ്ലാല തുടങ്ങിയവ ചര്‍ച്ചാവിഷയമാകുന്നു. ലിംഗനീതി, പൗരസമത്വം, മതവിശ്വാസങ്ങളുടെ പവിത്രത എന്നിവയുമെല്ലാമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പരാമര്‍ശങ്ങള്‍പോലും വളരെ പോസിറ്റീവായ ചര്‍ച്ചയാണ് സമൂഹത്തിലുണ്ടാക്കുന്നത്. അതുകൊണ്ട് സുപ്രിംകോടതി പുറപ്പെടുവിക്കുന്ന വിധി വലിയ സാമൂഹ്യപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണെന്റെ അഭിപ്രായം.

ചോദ്യം:''1400 വര്‍ഷമായി നിലവിലിരിക്കുന്ന പ്രശ്നമാണ് മുത്തലാക്കിന്റേത്. അത്പാപകരമായ സ്വഭാവത്തിലുള്ള ഒരു പ്രവര്‍ത്തിയാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. അതിനെ ക്രമേണ ഇല്ലാതാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പക്ഷെ, വിശ്വാസത്തിന്റെ കാര്യമാണത്. അതില്‍ കോടതി ഇടപെടരുത്. അങ്ങനെ ചെയ്യുന്നത് ഭരണഘടന ഉറപ്പുചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണത്.'' ഇതാണ് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് (aimplb) പറഞ്ഞത്. ഇതിനോടുള്ള അഭിപ്രായം?

ഈ വാദത്തിനു ന്യായീകരണമില്ല. ന്യുനപക്ഷം എന്നതിന് ഇക്കാലത്ത് നിരവധി മാനങ്ങളുണ്ട്. മതപരമായ ന്യൂനപക്ഷം മാത്രമായി അതിനെ ക്കാണാനാവില്ല. മതപരമായ ന്യൂനപക്ഷം എന്നാണെങ്കില്‍ അതിനകത്തെ സ്ത്രീകളില്‍ നിന്നുതന്നെയാണ് ഇതിനെതിരെ വമ്പിച്ച എതിര്‍പ്പുയര്‍ന്നുവരുന്നത്. സമൂഹം ജനാധിപത്യപരമായി വളര്‍ച്ചനേടുമ്പോള്‍ അതില്‍ പിന്തള്ളപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് പരാതി. സമുദായത്തിനകത്തുനിന്നു തന്നെ തങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെ അവര്‍ ശബ്ദിക്കുബോള്‍ അത് കേള്‍ക്കാന്‍ പരമോന്നത നീതിപീഠത്തിനു ബാധ്യതയുണ്ട്.

1400 വര്‍ഷമായുള്ള വിശ്വാസം എന്നൊക്കെ പ്പറഞ്ഞുകൊണ്ട് സമുദായത്തിനകത്തെ പണ്ഡിതര്‍ തീരുമാനിക്കും, അത് സമുദായംഗങ്ങളെല്ലാം അംഗീകരിക്കണം, കോടതി ഇടപെടാന്‍ പാടില്ല എന്നവാദം അംഗീകരിക്കാനാവില്ല. അങ്ങനെ വന്നാല്‍ ഭരണഘടനായാണ് സുപ്രീം എന്ന കാഴ്ച്ചപ്പാടുതന്നെ അപകടത്തിലാകും. മതപരമായ ആചാരങ്ങള്‍ ഒരിക്കലും വളരുന്ന ഒരു സമൂഹത്തില്‍ പബ്ലിക്ക് ഓര്‍ഡര്‍, സദാചാരം എന്നിവയൊക്കെയായി ബന്ധപ്പെട്ട് കാലോചിതമായി നിയമനിര്‍മ്മാണം നടത്തുന്നതിനു തടസ്സമാകരുത്.

ചോദ്യം: സതിപോലുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടത് സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണത്തിലൂടെയാണ്. എന്തുകൊണ്ടു സര്‍ക്കാരിന് നിയമനിര്‍മ്മാണം കൊണ്ടുവന്നുകൂടാ എന്ന് കോടതി ചോദിക്കുന്നു. കോടതി മുത്തലാക്ക് റദ്ദാക്കിയാല്‍ അതിനനുസരിച്ച് പുതിയനിയമനിര്‍മ്മാണം നടത്താമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇങ്ങനെ ഉത്തരവാദിത്വം അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതുശരിയാണോ? ഇതിലാരാണ് മുന്‍കൈയ്യേടുക്കേണ്ടത്?

ഈവിഷയത്തില്‍ ആരാണ് മുന്‍കയ്യെടുക്കേണ്ടത് എന്ന പ്രശ്നം പ്രസക്തമല്ല. ഭരണഘടന ഇക്കാര്യത്തില്‍ ബാലന്‍സ്ഡ് ആണ്. സമൂഹത്തിന്റെ വളര്‍ച്ചയില്‍, ജനാധിപത്യവല്‍ക്കരണത്തില്‍, ഉണ്ടായിവരുന്ന നീതിയെക്കുറിച്ചുള്ള അവബോധം പ്രതിഫലിക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണങ്ങള്‍ വരണം. കോടതിക്ക് നിയമനിര്‍മ്മാണം സാധ്യമല്ലല്ലോ. എന്നാല്‍ ചിലകാര്യങ്ങള്‍ ഭരണഘടന ഉറപ്പുചെയ്യുന്ന മൗലികാവകാശങ്ങള്‍ക്കും തുല്യ നീതിക്കുമെതിരാണെന്ന് സുപ്രിം കോടതി നിരീക്ഷണങ്ങള്‍ വന്നാല്‍ അത് ചര്‍ച്ചനടക്കുന്ന പ്രതലത്തെ അപ്പാടെ മാറ്റും. അതാണ് സുപ്രധാന പ്രശ്നം. അപ്പോള്‍ ചര്‍ച്ചയുണ്ടാകും. നിയമനിര്‍മ്മാണം എളുപ്പമാകും.

ഇവിടെ നമുക്ക് മറ്റൊരു പ്രമുഖ ന്യൂനപക്ഷമത വിഭാഗമായ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട കാര്യം ഓര്‍ക്കാം. പ്രസിദ്ധമായ മേരിറോയ് കേസില്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ തുല്യപങ്കനുവദിക്കാത്തത് ലിംഗവിവേചനമാണെന്ന വിധിവന്നപ്പോള്‍ യാഥാസ്ഥിതിക പക്ഷത്തുനിന്ന് കുറച്ചൊക്കെ ഏതിര്‍പ്പുയര്‍ന്നു.പിന്നീടത് തണുത്തു. ഇന്ന് തുല്യാവകാശം എല്ലാവരുമംഗീകരിക്കുന്നു. ഒന്നു രണ്ടുദശകങ്ങള്‍ക്കുശേഷം വിവാഹമോചനത്തിന്റെ പ്രശ്നം ഉയര്‍ന്നുവന്നു. ഇന്ത്യന്‍ ഡൈവേഴ്സ് ആക്ടിന്റെ സെക്ഷന്‍ 10(a) ഭേദഗതി ചെയ്തുകൊണ്ട് നിയമനിര്‍മ്മാണം നടന്നു. അതിനെ എതിര്‍ക്കാനാരും മുന്നോട്ടുവന്നില്ല. എന്നാലുമിപ്പോഴും പ്രശ്നം വലിയ തോതില്‍ ബാക്കിയുണ്ട്.വിവാഹമോചിതരായവര്‍ക്ക് പുനര്‍വിവാഹം നടത്താന്‍ എക്ലെസിയാസ്റ്റിക്കല്‍ കോടതി(അരമനകോടതി)യുടെ അനുമതി വേണമെന്ന സ്ഥിതിയിപ്പോഴും നിലനില്ക്കുന്നു. കോടതിയില്‍ ഇത്തരം വിഷമതകളനുഭവിക്കുന്നവര്‍ പരാതിയുമായിച്ചെല്ലുകയും കോടതി അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിലും അതിന്റ അനുരണനങ്ങളുണ്ടാകും. അതിസമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനും കാലോചിതമായ നിയമനിര്‍വഹണത്തിനുമനുകൂലമായ ബുദ്ധിപരമായ അന്തരീക്ഷമുണ്ടാകും. സുപ്രിംകോടതി മുത്തലാക്കിന്റെ കാര്യത്തില്‍ ഈ വിഷയങ്ങളില്‍ നിയമപരമായും സാമൂഹ്യവിഷയങ്ങളിലിടപെട്ടുപ്രവര്‍ത്തിക്കുന്ന ദീര്‍ഘകാലപാരമ്പര്യം കൊണ്ടും പ്രഗത്ഭനായ സല്‍മാന്‍ ഖുര്‍ഷിദിന്റെ നിലപാട് ചോദിച്ചറിഞ്ഞത് ശ്രദ്ധിക്കണം. വളരെ സ്വാഗതാര്‍ഹമായ ഒരു നീക്കമാണത്. ഇന്നത്തെ ഭരണഘടനാബെഞ്ചില്‍ അഞ്ചുവ്യത്യസ്ഥ സമുദായങ്ങളിലുള്‍പ്പെടുന്ന ജഡ്ജിമാരുണ്ട്. ഈയാളുകള്‍ക്കെല്ലാം നി.യമവും നീതിയും എല്ലാമായി ബന്ധപ്പെട്ട് ഇന്നത്തെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലഭ്യമായ പരമാവധി അനുഭവസമ്പത്തുകൂടി ഉപയോഗപ്പെടുത്തുന്നതിന് ഇതുവഴി കഴിയും. വളരെ സാധാരണമായ അരവസ്ഥയില്‍ ഭൂരിപക്ഷസമുദായത്തില്‍പ്പെട്ടവരുടെ വോട്ടുനേടി അധികാരത്തില്‍വരുന്ന ഒരു സര്‍ക്കാരിലെ ഭൂരിപക്ഷം എം.എല്‍എമാര്‍ക്ക് അഥവാ എംപിമാര്‍ക്ക് തങ്ങളെ ജയിപ്പിച്ച ഭൂരിപക്ഷത്തിനിടയില്‍ നില്ക്കുന്ന യാഥാസ്ഥിതിക മനോഭാവത്തിനെതിരെ ഒരു നിയമനിര്‍മ്മാണത്തിലേക്കുപോകാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നത് നാം കാണുന്നുണ്ട്. അത് പരിഹരിക്കാന്‍ സുപ്രിംകോടതിയുടെ ഇടപെടലിനും നിരീക്ഷണങ്ങല്‍ക്കും കഴിയും.

ചോദ്യം: ജാതിവിവേചനം, ലിംഗവിവേചനം, ഗോത്ര-പ്രാദേശികതകളടങ്ങുന്ന മറ്റുകാര്യങ്ങളുടെ പേരിലുള്ള വിവേചനങ്ങള്‍ എന്നിവയെല്ലാം ശക്തമായ രാജ്യമാണിന്ത്യ. അത്തരമൊരിടത്ത് അവയൊന്നുമവസാനിപ്പിക്കുവാന്‍ ശരിയായ രാഷ്ട്രീയ-സാമൂഹ്യസാമ്പത്തിക നടപടികളില്ലാതെയും, ഒരു കേവലമായ പൗരന്‍ നിലനില്ക്കുന്നുവെന്ന മട്ടിലും പൗരന്റെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും സംസാരിക്കുന്നത് ഫലപ്രദമാണോ? വ്യക്തിപരമായ പൗരന്റെ ഇത്തരം മൗലികാവകാശങ്ങള്‍ മതാചാരങ്ങള്‍, സര്‍ക്കാരിന്റെ സാമ്പത്തികനയം, വിശ്വാസത്തിന്റെ പ്രശ്നം എന്നിവയെല്ലാമായി ഇടയുന്ന സന്ദര്‍ഭങ്ങളില്‍ പ്രാഥമികമായ ജനാധിപത്യാവകാശങ്ങളെ നിഷേധിക്കുന്നമട്ടില്‍ പലപ്പോഴും ഭരണഘടന വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശനം ഇവിടെ മുത്തലാഖിനൊപ്പം ഓര്‍ക്കാം. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം?.

തീര്‍ച്ചയായും പൗരന്‍ മതമോ ജാതിയോ ഇല്ലാത്ത ഒരസ്തിത്വമല്ല. പക്ഷേ അവരെ ഉയര്‍ന്ന പൗരബോധവും സാമൂഹ്യബോധവുമുള്ള ഒരു പൗരനാക്കി മാറ്റാന്‍ ഭരണഘടന സര്‍ക്കാരിലും മറ്റുസ്ഥാപനങ്ങളിലും ഉത്തരവാദിത്വമേല്പിക്കുന്നു. അപ്പോള്‍ പൗരന്റെ നീതിബോധവും സാമൂഹ്യബോധവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.അതിനെ സഹായിക്കുന്ന തരത്തില്‍ പുതിയ നിയമനിര്‍മ്മാണങ്ങളോ പഴയതിന്റെ ഭേദഗതികളോ വേണ്ടിവരും. രാജ്യത്തെ മൊത്തം രാഷ്ട്രീയ-സാമൂഹ്യപ്രസ്ഥാനങ്ങളേയും ഈ ദിശയില്‍ ദിശാനിര്‍ണ്ണയം ചെയ്യാന്‍ വേണ്ടി സമൂഹത്തിലെ ജനാധിപത്യശക്തികള്‍ പോരാടണം. വിദ്യാഭ്യാസത്തിനും മാധ്യമങ്ങള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്.

ഗോത്രങ്ങളുടെ കാര്യത്തില്‍ അവരുടെ ആചാരമര്യാദകളിലെ വ്യത്യസ്തത അംഗീകരിക്കുമ്പോള്‍ ത്തന്നെ അവരുടെ ബോധതലത്തെ ഉയര്‍ന്ന പൗരബോധത്തത്തിനനുസൃതമാക്കാന്‍ ശ്രമം നടത്തണം. പക്ഷേ, നിയമയനിര്‍മ്മാണങ്ങള്‍ സന്തുലിതമായിരിക്കണം. ഇക്കാര്യത്തില്‍ കോടതിയും നിയമവ്യാഖ്യാനവും മാത്രം പര്യാപ്തമല്ല. രാഷ്ട്രീയസാമൂഹ്യപ്രസ്ഥാനങ്ങളാണ് വലിയപങ്ക് വഹിക്കേണ്ടത്.

ഒരുറോഡിലൂടെ ഒരാള്‍ നടന്നുപോകുകയും മറ്റൊരാള്‍ കാറില്‍ പോകുകയുമാണെന്നുവക്കുക. കാറില്‍പ്പോകുന്നയാള്‍ നടന്നുപോകുന്നയാളെ ചെളിയില്‍ക്കുളിപ്പിച്ചാല്‍ ഇവിടെ അതൊരു പ്രശ്നമല്ല. പക്ഷെ, യൂറോപ്പിലോ മറ്റോ ആണെങ്കില്‍ അയാള്‍ കാര്യമായി നഷ്ടപരിഹാരം നല്‍കേണ്ടി വരും. ടോര്‍ട്ടുമായി (സിവില്‍ റോങ്ങ്)ബന്ധപ്പെട്ട ധാരണകള്‍ ഇന്ത്യ പോലുള്ള ഒരു പിന്നോക്ക രാജ്യത്ത് തീരെ വികസിക്കുകയോ നീത്യന്യായ സംവിധാനങ്ങളിലേക്ക് കടന്നുവരികയോ ചെയ്തീട്ടില്ല എന്നതാണതിനുകാരണം.

ഒരു ഡോക്ടറുടെ ഔദ്യോഗികകൃത്യനിര്‍വഹണത്തിലെ അലംഭാവം (പ്രൊഫഷണല്‍ നെഗ്ളിജന്‍സ്) മൂലം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന ബോധതലമിന്നിന്ത്യയിലില്ല. മറിച്ച് യുറോപ്പിലതുണ്ട്. അപ്പോള്‍ നാം നിയമനിര്‍മ്മാണം നടത്തുമ്പോള്‍ അന്താരാഷ്ട്രതലത്തിലുയര്‍ന്നുവരുന്ന പുതിയ നീതി-നിയമ തലങ്ങള്‍കൂടി കണക്കിലെടുക്കണം. നീതിയുറപ്പാക്കാനാണ് നിയമം എന്ന കാഴ്ചപ്പാടാണിവിടെ പ്രാഥമികമായി മുന്നില്‍ വക്കേണ്ടത്.

ചോദ്യം: പ്രായപൂര്‍ത്തിയാകാത്ത ഒരു പണിയയുവാവിനെ പോക്സോ കോടതി 40 വര്‍ഷം തടവിനുശിക്ഷിച്ചു. അയാള്‍ക്കുവേണ്ടി അയാളുടെ ഭാര്യയാണ് കേസ് നടത്തുന്നത്. അയാളൊരു തെറ്റുചെയ്തെന്ന് ഭാര്യയോ സമുദായമോ വീട്ടുകാരോ കാണുന്നില്ല. ഇത്ര കടുത്ത ശിക്ഷാവിധികളും അതുസൃഷ്ടിക്കുന്ന മാനുഷികദുരന്തങ്ങളും കാണുമ്പോള്‍ നിയമത്തിന്റെ കേവലവ്യാഖ്യാനങ്ങളോടും ശിക്ഷകള്‍ കടുപ്പിക്കുന്നതിനോടും ആര്‍ക്കും ഒരു യോജിപ്പുമുണ്ടാകാനിടയില്ല. ഇവിടെ നിയമം നീതി നടപ്പിലാക്കാന്‍ ഉപകരിക്കണമെന്നതത്വം ലംഘിക്കപ്പെടുന്നുണ്ടോ? ഭരണകൂടം പ്രാഥമികടമകള്‍ നിര്‍വഹിക്കുന്നതില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനുപകരം ശിക്ഷാവിധികള്‍ കടുപ്പിച്ചും പുതിയ നിയമങ്ങള്‍ കൊണ്ടുവന്നും ജനങ്ങളുടെ കൈയ്യടിവാങ്ങാനും ശ്രമിക്കുന്നില്ലേ? ഇവിടെ വീണ്ടും പ്രതിസ്ഥാനത്തുവരുന്ന പൗരന്മാരുടെ പൗരാവകാശങ്ങളുടെ കാര്യവും പ്രശ്നവിഷയമാകുകയല്ലേ?

നിയമത്തിന്റെ സ്പിരിറ്റും നടപ്പാക്കുന്നതിലെ പോരായ്മകളും കുലങ്കഷമായി ചര്‍ച്ച ചെയ്യപ്പടണം. എല്ലാനിയമങ്ങളും പ്രായോഗികതലത്തില്‍ എങ്ങനെയാകുമെന്നതിനനുസരിച്ച് വിചാരണ ചെയ്യപ്പെടണം. നിയമം പരിഗണനാസമയത്തും അത് ഡ്രാഫ്റ്റ് ചെയ്യപ്പെടുമ്പോഴും അന്തിമ രൂപ നല്കപ്പെടുമ്പോഴും ഭരണഘടനാസ്ഥാപനങ്ങള്‍ക്കകത്തും പൊതുസമൂഹത്തിലും ചര്‍ച്ചാവിഷയമാകണം. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഇന്ന നിയമനിര്‍മ്മാണസഭകളില്‍ ആഴമേറിയ, സര്‍വ്വതലസ്പര്‍ശിയായ, ചര്‍ച്ച നടക്കുന്നില്ല. പ്രത്യേകാവശ്യങ്ങള്‍ക്കായി ചിലനിയമങ്ങള്‍ തട്ടിക്കൂട്ടി ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കപ്പെടുന്നു. ദുരവ്യാപകമായ ഫലങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്നില്ല. ആ പണിയ യുവാവിന്റെ അവസ്ഥ മുമ്പേ ചിന്തിക്കപ്പെടേണ്ടതായിരുന്നു. അതിനകത്തെ നീതികേട് വിചാണകോടതി കാണേണ്ടതായിരുന്നു. അനുഭവതലത്തില്‍ അതിന്റെ കുഴപ്പങ്ങള്‍ തെളിഞ്ഞനിലക്ക് പരിഹാരനടപടികള്‍ക്കുള്ള ശ്രമമുണ്ടാകണം. കോടതികളില്‍ നിന്നും, പൊതുസമൂഹത്തില്‍ നിന്നും.

ഇന്ന് ഐ.ടി മേഖലയിലും മറ്റും വന്ന പുതിയ നിയമങ്ങള്‍ കാര്യമായി വിചിന്തനവിധേയമായിട്ടില്ല. എന്റെ ഫോണിലേക്കു വന്ന ഒരു മെസ്സേജ് മറ്റൊരാള്‍ക്ക് അറിയാതെ എന്റെ ഫോണില്‍ നിന്ന് സെന്റായാല്‍ (അയക്കപ്പെട്ടുപോയാല്‍ ) നിയമപ്രകാരം കുഴപ്പമുള്ള കാര്യം പ്രചരിപ്പിച്ചശ്രംഖലയില്‍ ഞാനും പങ്കാളിയാകും. ഒരു ഇന്നസെന്റ് ആയ മനുഷ്യന്‍ അപ്പോള്‍ കുറ്റവാളിയാകുകയാണ്. പ്രത്യേകസ്ഥലകാലത്തിലെ ഒരു നീതിബോധത്തിന്റെ ഘനീഭവിക്കലാണ് നിയമം. ഇന്ന് കുറ്റകൃത്യം തടയലിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെടുന്നത്. അതോടെ കുറ്റാന്വേഷണഎജന്‍സികള്‍ക്ക് പ്രാധാന്യം വരുന്നു. ഇക്കാര്യങ്ങളെല്ലാം ഗൗരവത്തില്‍ ചര്‍ച്ചയാവശ്യപ്പെടുന്നു.

ഫേസ് ബുക്കിലോ മറ്റോ ഒരു പ്രൊഫൈല്‍ ചിത്രവും 18 എന്നോ മറ്റോ പ്രായവും കണ്ട് ചാറ്റിങ്ങ് തുടങ്ങി അത് ശ്ലീലമെന്നതിന്റെ അതിരുവിട്ട് പ്രശ്നമാകുമ്പോഴായിരിക്കാം പെണ്‍കുട്ടിക്ക് 13ഓ 14ഓ വയസ്സാണു പ്രായമെന്നു തെളിയുക. സംഭാഷണമൊരുപക്ഷേ 20ഓ അതില്‍ കൂടുതലോ പ്രായമുള്ളയാളിന്റേതുപോലെയാകാം. ഇന്നത്തെ കുട്ടികളുടെ വളര്‍ച്ചാതലം പഴയമട്ടിലല്ല. ബയോളജിക്കല്‍ വയസ്സ് ആകണമെന്നില്ല മെന്റല്‍ ഏജ്. ഇക്കാര്യങ്ങളിലെല്ലാം വളരെ തുറന്ന ചര്‍ച്ച വേണം. അന്താരാഷ്ട്രതലത്തിലെ കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് സമൂഹത്തെ ഒരു ഉരകല്ലായി എടുത്ത് നിയമനിര്‍മ്മാണം നടത്തുകയും പ്രയോഗതലത്തില്‍ അതില്‍ പ്രത്യക്ഷപ്പെടുന്ന വൈകല്യങ്ങള്‍ പരിഹരിക്കാന്‍ സമയോചിതമായി നടപടികളെടുക്കുകയും വേണം. ഇതില്‍ സമൂഹമാണുരകല്ല് എന്നകാര്യമൊരിക്കലും മറക്കരുത.്

ചോദ്യം: നിലവിലുള്ള ഭരണഘടനയെയും അതിന്റെ അടിസ്ഥാനശിലകളെയും തള്ളിപ്പറയുന്നവരും പശു-ബ്രാഹ്മണസംരക്ഷണത്തിലൂന്നുന്ന ഒരു ഹിന്ദു രാഷ്ട്ര ഭരണഘടനക്കുവേണ്ടി നിലകൊള്ളുന്നവരുമായ സംഘപരിവാറിന്റെ ഹിന്ദുത്വം ഇന്ന് സമൂഹതലത്തില്‍ വളരെയേറെ പ്രയോഗക്ഷമമാവുകയാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ ഭാഗമാണ് മുത്തലാക്ക് പ്രശ്നമുയര്‍ത്തി കൊണ്ടുവരുന്നത് എന്ന വിമര്‍ശനമുണ്ട്. ഭരണഘടനാമൂല്യങ്ങളുടെ നിലനിര്‍ത്തല്‍ സര്‍വ്വപ്രധാനമാകുന്ന ഇക്കാലത്ത് സ്വന്തം സമൂഹശരീരത്തില്‍ ജനാധിപത്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധമാനമാക്കികൊണ്ടും ജനാധിപത്യത്തിന്റെ പൊതുഇടങ്ങള്‍ക്കു കരുത്തു പകര്‍ന്നുകൊണ്ടുമല്ലാതെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാമൂല്യങ്ങളെയോ ന്യുനപക്ഷാവകാശങ്ങളെയോ സംരക്ഷിക്കാനാകുമോ?

സമൂഹം ഏകശിലാനിര്‍മ്മിതമല്ല. ഒറ്റ ദര്‍പ്പണത്തിലൂടെയല്ല കാര്യങ്ങളെ കാണേണ്ടത്. ഒരു കാര്യത്തെ വിവിധവീക്ഷണകോണുകളില്‍ക്കാണണം. ഒരു വിഭാഗത്തിന് പശു ആരാധിക്കപ്പെടേണ്ട വിശുദ്ധ ബിംബമാണ്. മറ്റൊന്നിന് അവരുടെ സുപ്രധാന ഭക്ഷണമാണ്. ഭക്ഷ്യാവകാശങ്ങള്‍ മാനിക്കപ്പെടണം. ഇത്തരം വിഷയങ്ങള്‍ ഭരണഘടനാമൂല്യങ്ങളുടെ കണ്ണിലൂടെ നോക്കിക്കണ്ടുകൊണ്ട് കോടതിക്ക് ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാവുന്നതാണ്. അത് മതത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ പൊതുഇടങ്ങളിലേക്കും പൗരാവകാശങ്ങളിലേക്കുമുള്ള കടന്നുകയറലിന് തടയിടാനുള്ള പ്രതിരോധത്തിന് കരുത്തുപകരും. ജനാധിപത്യത്തെ ആഴത്തിലാക്കുന്നതിനുപകരിക്കുന്ന പ്രക്രയകകള്‍ക്ക് പിന്തുണ നല്കുന്നില്ലെങ്കില്‍, അതിനു നേര്‍ വിപരീതമായ പോയകാല ശാഠ്യങ്ങള്‍ക്ക് നിയമപരിരക്ഷ വേണമെന്നുപറയുമ്പോള്‍, ആ ശാഠ്യങ്ങള്‍ കോടിക്കണക്കായ മനുഷ്യരുടെ പ്രാഥമികമായ ലിംഗനീതിയെ ഹനിക്കുമ്പോള്‍, ന്യൂനപക്ഷം സ്വന്തം നിലപാടുതറയെയാണ് ദുര്‍ബ്ബലപ്പെടുത്തുന്നത്. പക്ഷേ, ഇത്തരം ഒരു ചെറിയ ഒരു പറ്റം സ്വേച്ഛാധികാര-യാഥാസ്ഥിതിക അധികാരികള്‍ക്കെതിരെ പുരോഗമന-ജനാധിപത്യാശയങ്ങളിലേക്കു കടന്നുവരുകയും വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ അണിനിരക്കുന്നതും നാം കാണം.

Like our Facebook Page

ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ ഉറ്പപുചെയ്യുന്ന 14,19,21 തുടങ്ങിയ ആര്‍ട്ടിക്കിളുകള്‍ ന്യൂനപക്ഷാവകാശം ഉറപ്പുചെയ്യുന്ന 25,26 ആര്‍ട്ടിക്കുകള്‍ക്കു കീഴില്‍ നിലനില്ക്കുന്നവയല്ല. സമുദായത്തെ പഴയമതില്‍ക്കെട്ടില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക അധികാരകേന്ദ്രങ്ങളുടെ ഈ വാദത്തിന് സാമാന്യനീതി എന്ന സങ്കല്പത്തിനു മുന്നില്‍ ഒരു പ്രസക്തിയുമില്ല. അടിമത്തത്തിലേക്കോ ലിംഗനീതി നിഷേധത്തിലേക്കോ നയിക്കുന്ന പഴഞ്ചന്‍ ആചാരങ്ങളെ നിലനിര്‍ത്താനായി 25,26 ആര്‍ട്ടിക്കുകള്‍ ദുരുപയോഗിക്കപ്പെടുകയാണ്. The All India Muslim Personal Law Board (AIMPLB), മുസ്ലിംലീഗ് തുടങ്ങിയവയുടെ വാദങ്ങള്‍ സമുദായത്തിനകത്തെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ദാഹത്തെ തടയുകയാണ്. ഇവിടെ 50000 മുസ്ലിം സ്ത്രീകള്‍ ഒപ്പിട്ട നിവേദനം സുപ്രിം കോടതിക്കുമുമ്പിലുണ്ടെന്നതും സല്‍മാന്‍ ഖുര്‍ഷിദിനെയും ശബാനആസ്മിയെയും പോലുള്ളവര്‍ യാഥാസ്ഥിതിക നിലപാടിനെ ശക്തമായി തള്ളിക്കളയുന്നുവെന്നതും വളരെ പ്രധാനപ്പെട്ടതാണ്.

Studies and Blogs

World News and Analysis

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow