ഒപ്പീനിയന്‍

ഡോ. കെ.എന്‍. അജോയ്കുമാര്‍

വിദ്യാഭ്യാസം കച്ചവടം തന്നെയാണ് എന്ന പ്രഖ്യാപിത നയമുള്ള വലതുപക്ഷത്തിന്റെ നയങ്ങളെ പിന്തുടര്‍ന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ സമീപകാലചരിത്രവും ഈ സമ്മതിയുടെ ഭാഗമായി കാണേണ്ടതുണ്ട്. കേരളത്തില്‍ ജനാധിപത്യശക്തികളുടെ ഇടപെടലിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ട വിദ്യാഭ്യാസശ്രമങ്ങളെ തകര്‍ത്തതില്‍ വലതുപക്ഷത്തോടൊപ്പം മുഖ്യധാരാ ഇടതുപക്ഷവും നിര്‍ണായക പങ്കു വഹിച്ചു. സമവായത്തിലൂടെ സ്വാശ്രയകോളേജ് ബില്‍ നിയമസഭ പാസ്സാക്കി. സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് എല്ലാ സംശയങ്ങളും അവസാനിച്ചു. സ്വാശ്രയകോളേജിനുള്ളില്‍ സാമൂഹ്യനീതി അന്വേഷിക്കുന്നതിലേക്ക് കേരളം മാറി. ഇന്ന് കേരളത്തില്‍ ഉയര്‍ന്നു വരുന്ന വിദ്യാര്‍ത്ഥിസമരങ്ങളും ജിഷ്ണു പ്രണോയിയുടെ മരണവും സാമൂഹ്യനീതി നിഷേധത്തിന്റെ ചര്‍ച്ചയിലേക്കു തന്നെയാണ് കേരളത്തെ എത്തിച്ചത്.

വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ തുടരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണം വിദ്യാഭ്യാസവകുപ്പിന്റെ പ്രധാനപ്പെട്ട ഒരു പ്രചരണ വിഷയമായി മാറിയിട്ടുണ്ട് ഇന്ന്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു മേഖലയില്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന ചോദ്യമാണ് മൗലികമായി ഉന്നയിക്കപ്പെടുന്നത്. അടിസ്ഥാന സമീപനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാണോ? പൊതുവിദ്യാഭ്യാസ സംരക്ഷണം സാധ്യമാവുന്ന തരത്തില്‍ എന്ത് ക്രമീകരണങ്ങളാണ് ഇന്ന് വിദ്യാഭ്യാസ മണ്ഡലത്തില്‍ ആവിഷ്‌കരിക്കാന്‍ പോകുന്നത്? പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞ പൊതു വിദ്യാലയങ്ങള്‍ എന്ന സങ്കല്പം ജനകീയ ഇടപെടലിലൂടെ പുനസ്ഥാപിക്കാന്‍ കഴിയുമോ?

ഏകീകൃത പൊതുവിദ്യാഭ്യാസ സമ്പ്രദായം അസാധ്യമാകും വിധം ഘടനാക്രമീകരണത്തിന് വിധേയമായിക്കഴിഞ്ഞ വിദ്യഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാന്‍ കഴിയുന്ന സൂചനകളൊന്നും തന്നെയില്ല. എന്നാല്‍ മറിച്ചുള്ള തെളിവുകള്‍ ധാരാളമുണ്ടു താനും. മാതൃഭാഷയിലധിഷ്ഠിതമായ പ്രാഥമിക വിദ്യാഭ്യാസമോ അയല്പക്കസ്‌കൂളുകള്‍ എന്ന സങ്കല്പമോ ചര്‍ച്ചകളില്‍ കടന്നുവരുന്നില്ലെന്നത് യാദൃച്ഛികമല്ല. 1990കള്‍ മുതലാരംഭിച്ച നവലിബറല്‍ നയങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പിന്മാറ്റം ഉറപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ലെന്ന വാദം വിദ്യാര്‍ത്ഥിസംഘടനകളടക്കം എല്ലാവരും ഏതാണ്ട് പൂര്‍ണമായും അംഗീകരിച്ച് കഴിഞ്ഞു. സമാന്തരമായ ഒരു വിദ്യാഭ്യാസ ശൃംഖല തന്നെ കേരളത്തില്‍ ഉയര്‍ന്നു വന്നു. അയല്പക്കസ്‌കൂളുകളും മാതൃഭാഷാവിദ്യാഭ്യാസവും പ്രാഥമികതലത്തില്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇന്ന് ഇന്ത്യയില്‍ (കേരളത്തിലും). ഇങ്ങനെ ഒരു രാജ്യത്തിന്റെ നിലനില്പിന്റെ അടിത്തറ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെയാണെന്ന് അറിഞ്ഞിട്ടും പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന വരേണ്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന സംവിധാനത്തെ സര്‍ക്കാരുകള്‍ എന്തുകൊണ്ട് സംരക്ഷിക്കുന്നു. ഒരു വശത്ത് ഇന്റര്‍ നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നിലനില്‍ക്കുന്നു. ഉപരിവര്‍ഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങളും സാധാരണക്കാര്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളും സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു സാഹചര്യത്തില്‍ എങ്ങനെയാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടുക?

വിദ്യാഭ്യാസം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിന് വികസിത മുതലാളിത്ത രാജ്യങ്ങളില്‍ രാഷ്ട്രീയ സമവായങ്ങള്‍ രൂപപ്പെടാറുണ്ട് (ജി 8, സ്‌കാന്‍ഡിനേവിയന്‍, പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഉദാഹരണം). ഏറെക്കുറെ പൊതുനിക്ഷേപത്തിലൂടെ തന്നെയാണ് ഈ രാജ്യങ്ങള്‍ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ വികസന താത്പര്യവുമായി ബന്ധപ്പെടുത്തി ശാസ്ത്രസാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ട് അതത് മേഖലകളില്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താനാണ് അവ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഉല്പാദനരംഗത്ത് സംഭാവന നല്‍കാന്‍, മെച്ചപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കാന്‍ സൗജന്യമായി വിദ്യാഭ്യാസ പരിപാടികള്‍ ഇത്തരം രാജ്യങ്ങള്‍ ആവിഷ്‌കരിക്കുന്നു. സര്‍ക്കാര്‍ ഫണ്ടിംഗ് നേരിട്ടെത്താത്ത ഗ്രാമങ്ങളില്‍ മറ്റു സംവിധാനങ്ങളിലൂടെ അവസര സമത്വം വിദ്യാഭ്യാസരംഗത്ത് ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ യോജിച്ചു നിന്നുകൊണ്ട് വിദ്യാഭ്യാസം പൊതുമേഖലയില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്തുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയസമവായമാണ് രൂപപ്പെടുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയുടെ ആസൂത്രണം അസമത്വത്തെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഉത്തര്‍പ്രദേശിലെ അധ്യാപകനിയമനവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധി മാധ്യമങ്ങളില്‍ സജീവചര്‍ച്ചാവിഷയമായിരുന്നു. ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കുട്ടികള്‍ നിര്‍ബന്ധമായും പൊതുവിദ്യാലയങ്ങളില്‍ പഠിച്ചിരിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളായി പൊതുവിദ്യാലയങ്ങള്‍ മാറേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെങ്കിലും എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പഠനസാഹചര്യങ്ങള്‍ ലഭ്യമാക്കേണ്ടതിനെക്കുറിച്ച് എന്തുകൊണ്ട് സര്‍ക്കാരുകള്‍ മൗനം പാലിക്കുന്നു. രാജ്യസ്‌നേഹത്തെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ മുതലാളിത്ത രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാതൃകയെങ്കിലും എന്തുകൊണ്ട് സ്വീകരിക്കുന്നില്ല? മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം എങ്ങനെയാണ് രൂപപ്പെടുന്നത്? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 25% സംവരണം സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തുക വഴി ഈ കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാശ്വതമായി നിലനിര്‍ത്താനുള്ള നിലപാടുകളാണ് സര്‍ക്കാര്‍ പിന്‍ പറ്റുന്നത്. ഇക്കാര്യത്തില്‍ മുതലാളിത്ത രാജ്യങ്ങളുടെ നടപടികള്‍ പോലും ഇന്ത്യയ്ക്ക് സ്വീകാര്യമല്ല. പിപിപി മോഡല്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്നതുവഴി സര്‍ക്കാര്‍ ഫണ്ടുകള്‍ ഇത്തരം കച്ചവട സ്ഥാപനങ്ങള്‍ക്ക് നേടിയെടുക്കാന്‍ പറ്റും. അത് പൊതുവിദ്യാലയങ്ങള്‍ വ്യാപകമാക്കുന്നതിനെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളെയും അവസാനിപ്പിക്കുകയും ചെയ്യുന്നു.

പുതിയ വിദ്യാഭ്യാസ നയരേഖ (Draft Policy on Education, NPE 2016) വ്യത്യസ്ത തലത്തിലുള്ള പരീക്ഷാ സമ്പ്രദായം വഴി പരാജയനിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് മുന്നോട്ടുവെക്കുന്നത് എന്നത് ഇതുമായി കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതാണ്. SSLC പരീക്ഷ Part A (ഉയര്‍ന്ന തലം), Part B (താഴ്ന്ന തലം) എന്ന രീതിയില്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശം. ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഉപരിപഠനത്തിന് പോകാത്തവര്‍ക്കും Part B തിരഞ്ഞെടുക്കാം. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏതു തരം വിദ്യാര്‍ത്ഥികളായിരിക്കും Part B തിരഞ്ഞെടുക്കുക? സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയായിരിക്കും Part B എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?

സ്‌കൂള്‍ കൊഴിഞ്ഞുപോക്കിന് കാരണം ക്ലാസ്സ് മുറിയിലെ പഠനഭാരമാണെന്ന് കണ്ടെത്തിയ DPEP പാഠ്യപദ്ധതിയും മറച്ചുവെച്ചത് സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കും സ്‌കൂള്‍ പഠനത്തില്‍ നിന്ന് പുറത്താകുന്നത് എന്ന കാര്യമാണല്ലോ. ഈ രണ്ട് നിര്‍ദ്ദേശങ്ങളും തമ്മില്‍ കാണുന്ന സാമ്യത യാദൃച്ഛികമല്ല. പഠനരീതി മാറ്റുന്നതിലൂടെയും പഠനഭാരം കുറയ്ക്കുന്നതിലൂടെയും പരാജയനിരക്ക് കുറയ്ക്കാനാണ് DPEP പാഠ്യപദ്ധതി ശ്രമിച്ചതെങ്കില്‍ പരീക്ഷ തന്നെ തരം തിരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് NPE 2016 ശ്രമിക്കുന്നത് എന്നു മാത്രം.

സി ബി എസ് ഇ സ്‌കൂളുകളെ നിലനിര്‍ത്തുന്നതിനും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും കേരളത്തിലെ മധ്യവര്‍ഗം പ്രോത്സാഹനം നല്‍കുന്നുവെന്ന വിമര്‍ശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ജനകീയമായ ഇടപെടല്‍ വഴി ഇത്തരം നിലപാടുകളെ നിരുത്സാഹപ്പെടുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അന്താരാഷ്ട്ര തൊഴില്‍ വിപണി ലക്ഷ്യം വെച്ചു കൊണ്ട് ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസപദ്ധതികള്‍ തന്നെയാണ് ഈ അഭിരുചി രൂപപ്പെടുത്തുന്നത്. സര്‍ക്കാരുകള്‍ തന്നെ ഇത്തരം പദ്ധതികളാണ് നടപ്പിലാക്കുന്നത്. National Skill Qualification Framework (NSQF)ന് മുന്‍ യു പി എ സര്‍ക്കാര്‍ രൂപം നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് MSDE (Ministry on Skill Development and Entrepreneurship) ന് പുതിയ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ളതും. സ്‌കൂളുകളിലെയും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പുതിയ നൈപുണികള്‍ (skills) ലക്ഷ്യം വെച്ചാണ് ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ASAP (Additional Skill Acquisition Programme) പോലുള്ള സംവിധാനങ്ങള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നത് ADB ഫണ്ടിംഗിലൂടെയാണ്. അന്താരാഷ്ട്ര തൊഴില്‍ വിപണി ലക്ഷ്യമാക്കിക്കൊണ്ട് കുട്ടികളുടെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനും വ്യക്തിത്വവികാസവും ലക്ഷ്യമിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഏതുതരം തൊഴിലുകള്‍ക്കാണ് ഈ നൈപുണികള്‍ അനുയോജ്യമാവുക? Customer Care Centre ജോലിക്കും Marketing നും ആവശ്യമായിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഇങ്ങനെ പരിശീലിപ്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസം

1994നു മുമ്പ് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ ഇല്ലാതിരുന്ന കേരളത്തില്‍ ഇന്ന് കച്ചവടശക്തികള്‍ വിദ്യഭ്യാസരംഗം പിടിച്ചടക്കിക്കഴിഞ്ഞു. മറ്റേതൊരു വ്യവസായത്തേക്കാളും ലാഭകരമായി നടത്താവുന്ന കച്ചവടമാണ് വിദ്യാഭ്യാസമെന്ന് തിരിച്ചറിഞ്ഞവര്‍ വളരെ ആസൂത്രിതമായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ പിന്തുണ പൊതുവെ ഇല്ലാതിരുന്ന കര്‍ണാടക-തമിഴ്‌നാട് മോഡല്‍ സ്വാശ്രയ കോളേജുകളുടെ ആധിപത്യം ഘട്ടം ഘട്ടമായി അംഗീകരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് പൊതുസമൂഹം എത്തിച്ചേര്‍ന്നതിന്റെ ചരിത്രമാണ് കഴിഞ്ഞ ഇരുപതു വര്‍ഷത്തെ കേരളത്തിന്റേത്. സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ വേര്‍പെടുത്തണമെന്ന ധനകാര്യ ഏജന്‍സികളുടെ ഇടപെടലിലൂടെത്തന്നെയാണ് കേരളീയസമൂഹത്തിന് ചെറിയ കാലഘട്ടത്തിനുള്ളില്‍ ഈ പൊതുസമ്മതിയില്‍ എത്തിച്ചേരാന്‍ സാധിച്ചത്.

വിദ്യാഭ്യാസം കച്ചവടം തന്നെയാണ് എന്ന പ്രഖ്യാപിതനയമുള്ള വലതുപക്ഷത്തിന്റെ നയങ്ങളെ പിന്തുടര്‍ന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ സമീപകാലചരിത്രവും ഈ സമ്മതിയുടെ ഭാഗമായി കാണേണ്ടതുണ്ട്. കേരളത്തില്‍ ജനാധിപത്യശക്തികളുടെ ഇടപെടലിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ട വിദ്യാഭ്യാസശ്രമങ്ങളെ തകര്‍ത്തതില്‍ വലതുപക്ഷത്തോടൊപ്പം മുഖ്യധാരാ ഇടതുപക്ഷവും നിര്‍ണായക പങ്കു വഹിച്ചു. സമവായത്തിലൂടെ സ്വാശ്രയകോളേജ് ബില്‍ നിയമസഭ പാസ്സാക്കി. സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് എല്ലാ സംശയങ്ങളും അവസാനിച്ചു. സ്വാശ്രയകോളേജിനുള്ളില്‍ സാമൂഹ്യനീതി അന്വേഷിക്കുന്നതിലേക്ക് കേരളം മാറി. ഇന്ന് കേരളത്തില്‍ ഉയര്‍ന്നു വരുന്ന വിദ്യാര്‍ത്ഥിസമരങ്ങളും ജിഷ്ണു പ്രണോയിയുടെ മരണവും സാമൂഹ്യനീതി നിഷേധത്തിന്റെ ചര്‍ച്ചയിലേക്കു തന്നെയാണ് കേരളത്തെ എത്തിച്ചത്.

എല്ലാ 'പ്രവേശനപരീക്ഷ' തട്ടിപ്പു നാടകങ്ങളും കേരളം സ്വാംശീകരിച്ചു. വിപണിക്കനുസരിച്ച് കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുന്ന ഷോപ്പുകളായി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിക്കഴിഞ്ഞു. സര്‍ക്കാരിനോ സര്‍വകലാശാലകള്‍ക്കോ പങ്കില്ലാത്ത സ്വയംഭരണ സ്ഥാപനങ്ങളായി ഇവ രൂപാന്തരപ്പെട്ടു. താത്കാലിക ലാഭം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് സമൂഹത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ ബാധകമല്ല. സര്‍ക്കാരുകള്‍ വിദ്യാഭ്യാസ ഉത്തരവാദിത്തത്തില്‍നിന്ന് പിന്‍ മാറുമ്പോള്‍ വിദ്യാഭ്യാസ ലക്ഷ്യങ്ങളും മാറിക്കൊണ്ടിരിക്കും. സാഹിത്യത്തിന്റെയും മാനവികതയുടെയും മണ്ഡലങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തപ്പെടുകയാണ്. അടിസ്ഥാനശാസ്ത്ര വിഷയങ്ങളിലുള്ള പഠനവും ഗവേഷണവും പൂര്‍ണമായും വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സ്ഥിതിവിശേഷം ഇന്നു നിലനില്‍ക്കുന്നു.

സര്‍ക്കാരിന്റെ ബാധ്യതയില്‍നിന്ന് വിദ്യാഭ്യാസത്തെ പൂര്‍ണമായും മോചിപ്പിക്കും എന്നു തന്നെയാണ് പുതിയ Draft Educational Policyയും ആവര്‍ത്തിക്കുന്നത്. 1990കള്‍ മുതല്‍ തുടര്‍ന്നുവരുന്ന നവലിബറല്‍ വിദ്യാഭ്യാസനയങ്ങളുടെ ആവര്‍ത്തനവും വിപണിതാത്പര്യങ്ങളെ വിദ്യാഭ്യാസമേഖലയിലേക്ക് കൂടുതലായി ഉള്‍ചേര്‍ക്കുകയെന്ന ദൗത്യവും ഇത് നിര്‍വഹിക്കുന്നു. വിദ്യാഭ്യാസം പൂര്‍ണമായും വിപണി താത്പര്യത്തിനനുസരിച്ച് ഘടനാക്രമീകരണത്തിന് വിധേയമാവുമെന്ന് WTO മിനിസ്റ്റീരിയല്‍ സമ്മേളനത്തിന് (ഡിസമ്പര്‍ 2015) ഉറപ്പുകൊടുത്ത രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി ഇന്ത്യയില്‍ തുടര്‍ന്നുവരുന്ന നവലിബറല്‍ വിദ്യാഭ്യാസം സൃഷ്ടിച്ച ആഘാതങ്ങളെ ഒട്ടും കണക്കിലെടുക്കാതെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഈ രേഖയും ചെയ്യുന്നത്.

വിദ്യാഭ്യാസം കച്ചവടമാക്കുന്ന സ്വകാര്യ മൂലധനശക്തികള്‍ക്ക് സാമൂഹ്യ പരിവര്‍ത്തനത്തിന്റെയോ രാജ്യ താത്പര്യത്തിന്റെയോ പ്രശ്‌നങ്ങളല്ല പരിഗണനാവിഷയമാവുക. ദീര്‍ഘകാല ലക്ഷ്യത്തോടെ സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് നിര്‍വഹിക്കപ്പെടേണ്ട ഉത്തരവാദിത്തങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കേണ്ടത്. വിദ്യാഭ്യാസത്തിന്റെ കരിക്കുലം, സിലബസ് അടക്കമുള്ള കാര്യങ്ങള്‍ സമൂഹത്തിന്റെ താത്പര്യത്തിനനുസരിച്ച് രൂപപ്പെടേണ്ടതുമാണ്. എന്നാല്‍ വിദ്യാഭ്യാസം സ്വകാര്യ കച്ചവടശക്തികളുടെ ലാഭമുണ്ടാക്കാനുള്ള ഒരു ഉല്പന്നമായി മാറുകയാണിന്ന്.

താത്കാലിക തൊഴില്‍ ലഭ്യത മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഒരു സമൂഹത്തിന്റെ നിലനില്പിനും മനുഷ്യജീവിതത്തിന്റെയും പ്രകൃതിയുടെ തന്നെയും നിലനില്പിനും ഉതകുന്ന ദീര്‍ഘകാല ലക്ഷ്യങ്ങളാണ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വേണ്ടത്. ഇന്ന് തൊഴില്‍ വിപണിക്കനുസരിച്ച് കോഴ്‌സ്‌കള്‍ രൂപപ്പെടുത്തുമ്പോള്‍ ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെ പരസ്പരബന്ധത്തിലൂന്നി വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട മാനവിക വിഷയങ്ങളുടെയും പ്രാധാന്യം പരിഗണനാവിഷയമാവുന്നില്ല.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏതൊരു ചിന്തയും ഇത്തരമൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടേണ്ടതാണ്. വിദ്യാഭ്യാസം സര്‍ക്കാര്‍ പദ്ധതിയായിരിക്കണം. സ്വകാര്യകച്ചവടമേഖലകള്‍ക്ക് കൊടുത്താല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെ മാറ്റിമറിക്കപ്പെടും. മറ്റു മേഖലകള്‍ പോലെയല്ല വിദ്യാഭ്യാസം. ഒരു രാജ്യത്തിന്റെയൊ സമൂഹത്തിന്റെയോ തന്നെ ഭാവി രൂപപ്പെടുന്നത് വിദ്യാഭ്യാസ പദ്ധതികളിലൂടെയാണ്.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തന്നെ മാറ്റിമറിക്കപ്പെടുകയാണ്. വിദ്യാഭ്യാസം ഒരു ജനാധിപത്യം അവകാശമാണെന്ന സമീപനം കയ്യൊഴിയപ്പെട്ടു. അന്തര്‍ദേശീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസത്തെ സാമൂഹ്യസേവന മേഖലയില്‍ തന്നെ നിലനിര്‍ത്തുകയും കമ്പോളത്തിന്റെ ശക്തികളെ ഒഴിവാക്കുകയും ചെയ്യണം.

പൊതുവിദ്യാഭ്യാസസംരക്ഷണത്തെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും ഈ അടിസ്ഥാനവിഷയങ്ങളെ അഭിസംബോധന

Like our Facebook Page

ചെയ്യാതെ മുന്നോട്ടു പോവില്ല. താത്കാലികമായ ചില പദ്ധതികളിലൂടെ പരിഹരിക്കാന്‍ കഴിയുന്നതല്ല വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍. താത്കാലിക തൊഴില്‍ ലഭ്യതയ്ക്കു വേണ്ടിയുള്ള സംവിധാനമായി മാത്രമെ സാധാരണജനങ്ങള്‍ വിദ്യാഭ്യാസപ്രവര്‍ത്തനത്തെ മനസ്സിലാക്കുന്നുള്ളൂ. മധ്യവര്‍ഗ അഭിരുചികള്‍ രൂപപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കപ്പെടേണ്ടത്. വിദ്യാഭ്യാസത്തെ സാമൂഹ്യമാറ്റത്തിന്റെ അടിസ്ഥാനസ്രോതസ്സായി കാണുന്നവര്‍ക്ക് മാത്രമെ ഇച്ഛാശക്തിയോടെ വിദ്യാഭ്യാസപദ്ധതികള്‍ നടപ്പിലാക്കന്‍ കഴിയുകയുള്ളൂ.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow