Loading Page: സ്ത്രീപീഢനം നിര്‍ത്താന്‍ കത്തിവിതരണമോ ഒറ്റമൂലി

ഫെയിസ്ബുക്ക് പോസ്റ്റ്

വിശാഖ് ശങ്കര്‍

താല്‍കാലിക ആവേശ പ്രകടനങ്ങളും പ്രതികരണങ്ങളും കഴിഞ്ഞാല്‍ പിന്നെ ബാക്കിയാവുന്നത് ഒരുപിടി സംശയങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തിലെടുത്ത നിലപാട് ആശ്വാസകരമായിരുന്നു എങ്കിലും അതുകൊണ്ട് മാത്രം ആ പെണ്‍കുട്ടി സുരക്ഷിതയായി എന്ന് കരുതാനാകുമോ? കേവല വൈകാരികതയെയും ആവേശത്തെയും മാറ്റിനിര്‍ത്തി വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടുന്ന ഒരു വിഷയമാണിത്. അതിനെ \'കത്തിയെടുക്കൂ സ്വയം ശാക്തീകരിക്കൂ\' മോഡല്‍ ആഹ്വാനങ്ങളിലെ ആഘോഷ ലഹരിയെ മാറ്റിനിര്‍ത്തിത്തന്നെ സമീപിക്കേണ്ടതുണ്ട്. കാരണം നീതിയെന്നത് പീഢകന്റെ ലിംഗം അരിയാനുള്ള മനോബലവും കായബലവും ഉള്ളവര്‍ക്ക് മാത്രം കിട്ടേണ്ടുന്ന ഒന്നല്ല. ഒരു ആധുനിക സമൂഹത്തില്‍ നിന്ന് വ്യക്തിക്ക് സ്വാഭാവികമായി ലഭിക്കേണ്ടുന്ന നീതിക്കായി ആ കുട്ടിക്ക് കത്തിയെടുക്കേണ്ടിവന്നു എന്നത് ഒരു വീരസ്യ കഥയായല്ല പൊതുസമൂഹം ഏറ്റെടുക്കേണ്ടത്, തങ്ങളുടെ നീതിബോധത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ പരിമിതിയാണ്; ബലമല്ല മുറിഞ്ഞുവീണ ആ ലിംഗം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരിക്കണം കണ്ണന്മൂലയിലെ ഒരു പെണ്‍കുട്ടി തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ച ശ്രീഹരി സ്വാമി എന്ന ഗംഗാനന്ദ തീര്‍ത്ഥപാദരുടെ ലിംഗം മുറിച്ച് മാറ്റിയിരിക്കുന്നു എന്ന വാര്‍ത്ത കേരളം കേട്ടത്.

അഞ്ച് വര്‍ഷം മുമ്പിറങ്ങിയ 22 എഫ് കെ എന്ന സിനിമയിലാണ് ഇത്തരം ഒരു വാര്‍ത്ത മലയാളി ഒരുപക്ഷേ ആദ്യമായി നേരിട്ടിട്ടുണ്ടാവുക. ഒരു സിനിമാക്കഥ ആയിരുന്നിട്ട് പോലും അത് മലയാളിയുടെ പൊതുമനസില്‍ ചെലുത്തിയ ആഘാതം ചെറുതായിരുന്നില്ല. ആ സ്ഥിതിക്ക് നമ്മുടെ തലസ്ഥാന നഗരിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവം എന്ന നിലയില്‍ ആദ്യം പരാമര്‍ശിച്ച വാര്‍ത്തയുടെ പ്രഹരശേഷി എത്രത്തോളമായിരിക്കും എന്ന് ഊഹിക്കാമല്ലോ.

സമീപകാലത്തുതന്നെ ഉണ്ടായ നിരവധി സ്ത്രീ പീഢനങ്ങളും അത് ഉയര്‍ത്തിവിട്ട ചര്‍ച്ചകളും സാംസ്‌കാരിക മണ്ഢലത്തിലെങ്കിലും ഒരു സ്ത്രീ പക്ഷ ഉണര്‍വ്വ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയാം. എന്നുവച്ചാല്‍ ഒന്ന് വ്യത്യസ്ഥ/ന്‍ ആകാനുള്ള പ്രലോഭനത്താലായാല്‍ പോലും പരസ്യമായി ആ പെണ്‍കുട്ടിയെ തള്ളിപ്പറഞ്ഞ് സ്വാമിപാദം ചേരാന്‍ ആരും ഒന്ന് മടിക്കുന്ന അവസ്ഥയുണ്ടിന്ന് എന്ന്. ഇതിന്റെ മറുപുറമായി നടക്കുന്നതാവട്ടെ 'ഇങ്ങനെ വേണം, ഇതാണ് വേണ്ടത്, എല്ലാ പെണ്‍കുട്ടികളും ഓരോ കത്തി കയ്യില്‍ കരുതിയാല്‍ മതി, സ്ത്രീ പീഢനം സ്വിച്ചിട്ടപോലെ നിന്നുകൊള്ളും' എന്ന നിലയ്ക്കുള്ള ആഘോഷങ്ങളും. എന്നാല്‍ ഇത് എത്രത്തോളം വസ്തുതാപരമാണ്?

ഇത്തരം താല്‍കാലിക ആവേശ പ്രകടനങ്ങളും പ്രതികരണങ്ങളും കഴിഞ്ഞാല്‍ പിന്നെ ബാക്കിയാവുന്നത് ഒരുപിടി സംശയങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തിലെടുത്ത നിലപാട് ആശ്വാസകരമായിരുന്നു എങ്കിലും അതുകൊണ്ട് മാത്രം ആ പെണ്‍കുട്ടി സുരക്ഷിതയായി എന്ന് കരുതാനാകുമോ? കേവല വൈകാരികതയെയും ആവേശത്തെയും മാറ്റിനിര്‍ത്തി വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടുന്ന ഒരു വിഷയമാണിത്. അതിനെ "കത്തിയെടുക്കൂ സ്വയം ശാക്തീകരിക്കൂ' മോഡല്‍ ആഹ്വാനങ്ങളിലെ ആഘോഷ ലഹരിയെ മാറ്റിനിര്‍ത്തിത്തന്നെ സമീപിക്കേണ്ടതുണ്ട്. കാരണം നീതിയെന്നത് പീഢകന്റെ ലിംഗം അരിയാനുള്ള മനോബലവും കായബലവും ഉള്ളവര്‍ക്ക് മാത്രം കിട്ടേണ്ടുന്ന ഒന്നല്ല. ഒരു ആധുനിക സമൂഹത്തില്‍ നിന്ന് വ്യക്തിക്ക് സ്വാഭാവികമായി ലഭിക്കേണ്ടുന്ന നീതിക്കായി ആ കുട്ടിക്ക് കത്തിയെടുക്കേണ്ടിവന്നു എന്നത് ഒരു വീരസ്യ കഥയായല്ല പൊതുസമൂഹം ഏറ്റെടുക്കേണ്ടത്, തങ്ങളുടെ നീതിബോധത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ പരിമിതിയാണ്; ബലമല്ല മുറിഞ്ഞുവീണ ആ ലിംഗം.

ഇത് മനസിലാകണമെങ്കില്‍ സംഭവമുണ്ടാക്കിയ അതിവൈകാരിക പ്രതികരണപശ്ചാത്തലത്തില്‍ നിന്ന് ആദ്യം വിടുതല്‍ നേടണം. എന്നിട്ട് ഇതിനെ പ്രായോഗികവും നിയമപരവുമായി സമീപിക്കണം. ആ വഴിയില്‍ കണ്ണന്മൂലയിലെ പെണ്‍കുട്ടിയെ കാത്തിരിക്കുന്ന, നമുക്ക് ഒരു പരിധിക്കപ്പുറം കൂടെ നില്‍ക്കാനോ, പങ്കുവയ്ക്കാനോ പറ്റാത്ത അനുഭവങ്ങളെ മനസിലാക്കണം.

നിയമവശം

പെണ്‍കുട്ടിക്കെതിരെ കേസെടുക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി പറയുകയും അത് നിലവില്‍ പൊലീസ് നടപ്പാക്കുകയും ചെയ്തു എന്നാണ് അറിയുന്നത്. സ്വാമിക്കും പെണ്‍കുട്ടിയുടെ അമ്മയ്ക്കും എതിരേ കേസെടുത്തിട്ടുണ്ടെങ്കിലും പെണ്‍കുട്ടിക്കെതിരേ കേസില്ല. എന്നാല്‍ പീഢകന്‍ താന്‍ ആക്രമിക്കപ്പെട്ടു എന്ന് പരാതി കൊടുത്താല്‍ അതിന്മേല്‍ കേസെടുക്കാതിരിക്കാന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയുമോ? അയാളുടെ ലിംഗം ഛേദിക്കപ്പെട്ടു എന്നത് വസ്തുതയായിരിക്കെ അത് ചെയ്ത കുട്ടി കുറ്റക്കാരിയാണോ അല്ലയോ എന്ന് വിധിക്കാന്‍ കോടതിക്കല്ലേ പറ്റു. ആ നിലയ്ക്ക് സംഭവം കോടതിയില്‍ എത്താതെ പറ്റുമോ?

സംഭവത്തെക്കുറിച്ച് പ്രതികരിച്ച അഭിഭാഷകരൊക്കെയും നല്‍കുന്ന സൂചനകള്‍ പ്രകാരം ആവേശകമ്മിറ്റികളും ആഘോഷവും ഉണ്ടാക്കുന്ന പ്രതീതി പോലെ അത്ര ലളിതവും സുഗമവുമായിരിക്കില്ല കാര്യങ്ങള്‍. സംഭവം നടന്ന അന്നത്തെ അന്തിചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വക്കേറ്റ് ഉദയഭാനു പങ്കുവച്ച ഒരു ആശങ്കയുണ്ട്. സ്വാമിയുടെ നിരന്തരമായ പീഢനത്തില്‍ മനംമടുത്ത പെണ്‍കുട്ടി ഒടുവില്‍ ഒരു ദിവസം കയ്യില്‍ കരുതിയ കത്തികൊണ്ട് അയാളുടെ ലിംഗം ചേദിക്കുകയായിരുന്നു എന്ന ആദ്യ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അത് കത്തി കയ്യില്‍ കരുതിയിരുന്നു എന്ന് പറയുന്നതോടെ തന്നെ സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യം എന്ന വാദം കോടതിയില്‍ തകര്‍ന്നു വീഴും എന്നായിരുന്നു. ശ്രീ ഉദയഭാനു മുന്നോട്ട് വച്ച ആ ആശങ്ക ഈ സംഭവത്തിന്റെ മെറിറ്റിനെക്കുറിച്ചുള്ളതല്ല. ഒരു വ്യക്തിയെന്ന നിലയില്‍ വികാരം കൊണ്ട് താന്‍ ആ കുട്ടിയ്ക്ക് ഒപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ നിയമപ്രകാരം ഇതില്‍ ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്നും അത് നേരിടാന്‍ ഐക്യദാര്‍ഢ്യക്കാരും ആഘോഷ കമ്മിറ്റിയും ഒന്നും കാണില്ല, അവള്‍ ഒറ്റയ്‌ക്കേ ഉണ്ടാവു എന്നതായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

എന്തായാലും കേസ് അങ്ങനെയല്ല ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്, മറിച്ച് തന്നെ ലൈംഗീകമായി ആക്രമിക്കാന്‍ വന്ന സ്വാമിയുടെ കയ്യില്‍ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് ആ കുട്ടി കൃത്യം നടത്തിയത് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി എന്ന് ആ ചര്‍ച്ചയുടെ അവസാനത്തോടെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നു. അങ്ങനെയെങ്കില്‍ പ്രതിരോധത്തിനായി ചെയ്തത് എന്ന വാദത്തെ സാങ്കേതികമായി ചോദ്യം ചെയ്യുക നടക്കില്ല. അത്രയും ആശ്വാസം. ഒപ്പം ഇത് താന്‍ സ്വയം ചെയ്തതാണ് എന്ന് സ്വാമി പറഞ്ഞു എന്ന വാര്‍ത്ത കേട്ടുകേള്‍വിയല്ല, പൊലീസ് രേഖകളില്‍ ഉള്ളതാണെങ്കില്‍ അത് മറ്റൊരു ആശ്വാസം. അതായത് കേസെടുക്കില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പരിഗണിച്ചാല്‍ അറസ്റ്റ്, ചോദ്യം ചെയ്യല്‍ തുടങ്ങിയ ഇത്തരം കേസുകളില്‍ പലപ്പോഴും ഇരയെ വീണ്ടും ഇരവല്‍ക്കരിക്കുന്ന നിഷ്ഠൂരമായ യാന്ത്രികതയിലൂടെ അവള്‍ക്ക് കടന്നുപോകേണ്ടിവരില്ല എന്ന് വിശ്വസിക്കാം. പക്ഷേ അപ്പൊഴും കോടതി നടപടികള്‍ ബാക്കിയാണ്.

എന്നാല്‍ ഒരു വക്കീല്‍ കൂടിയായ അക്ടിവിസ്റ്റ് ഹരീഷ് വാസുദേവന്‍ സംഭവത്തെ കുറിച്ച് ഫെയ്‌സ് ബുക്കില്‍ ഇട്ട ഒരു കമന്റ് പ്രകാരം സംഗതി അവിടെയും നില്‍ക്കില്ല. ''ഈ കുറ്റകൃത്യത്തെപ്പറ്റി മാദ്ധ്യമങ്ങളുടെ അറിവ് ഉണ്ടാകുന്ന നിമിഷം പോലീസ് ആ പെണ്‍കുട്ടിയുടെ പേരില്‍ FIR രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണം. സാമിക്ക് പരാതി ഉണ്ടെങ്കിലും ഇല്ലെങ്കിലും എടുക്കണം. ലളിതകുമാരി കേസ് സുപ്രീംകോടതി വിധിന്യായത്തിന് ശേഷം സ്റ്റേറ്റ് ന്റെ ഉത്തരവാദിത്വം ആണ്. സ്റ്റേറ്റ് എന്നാല്‍ പിണറായി വിജയന്‍ മുതല്‍ കണ്ണമ്മൂല സബ് ഇന്‍സ്‌പെക്ടര്‍ വരെ എല്ലാരുമാണ്.

കേസ് എടുത്ത് സാമിയുടെ മൊഴി എടുക്കണം. സ്വയം മുറിച്ചതാണെന്നു പറയും. സ്ത്രീയോ? സെല്‍ഫ് ഡിഫന്‍സില്‍ ചെയ്തതാണെന്ന് പറയും. പ്രോസിക്യൂഷനു കേസ് അന്വേഷണത്തില്‍ സെല്‍ഫ് ഡിഫന്‍സ് ബോദ്ധ്യമയാല്‍ കേസ് റഫര്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. കോടതി കേസ് ക്‌ളോസ് ചെയ്യും. അതല്ലെങ്കില്‍ കോടതിയില്‍ കുറ്റപത്രം നല്‍കാം. അപ്പോള്‍ ഇരയ്ക്ക് ഈ കുറ്റപത്രം പ്രാഥമികമായി നിലനില്‍ക്കില്ല എന്ന വാദമുന്നയിച്ച്, ഡിസ്ചാര്‍ജ് ഹരജി നല്‍കാം. കോടതി അംഗീകരിച്ചില്ലെങ്കില്‍ വിചാരണാ വേളയില്‍ സെല്‍ഫ് ഡിഫന്‍സ് ഗ്രൗണ്ട് എടുക്കാം. ഇതൊക്കെയാണ് എനിക്ക് അറിയാവുന്ന നിയമം.''

കേസ് കോടതിയില്‍ എത്തുമ്പോള്‍

ഹരീഷ് വാസുദേവന്‍ പറയുന്നതുപോലെ പൊലീസ് കേസെടുക്കുന്നു എന്ന് തന്നെ വയ്ക്കുക. സ്വയം മുറിച്ചതാണെന്ന മൊഴിയില്‍(?) സ്വാമി ഉറച്ച് നില്‍ക്കണമെന്നില്ല. തന്റെ സ്വാമി, ബ്രഹ്മചര്യ പട്ടങ്ങളുടെ മാര്‍ക്കറ്റില്‍ ഊന്നിക്കൊണ്ടാണ് 'ഹരിസാമി' ആദ്യഘട്ടത്തില്‍ ആവശ്യമില്ലാത്ത ഒരു സാധനം ഞാന്‍ തന്നെയങ്ങ് മുറിച്ച് കളഞ്ഞു എന്ന ഭാഷ്യം ചമച്ചതെന്ന് ആര്‍ക്കും ഊഹിക്കാം. എന്നാല്‍ ആ വാദം കൊണ്ടൊന്നും ആത്മീയ വേഷത്തില്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞ ഡാമേജ് മറികടക്കാനാവില്ല എന്ന് ഇപ്പോള്‍ ഏതാണ്ട് വ്യക്തമായ സ്ഥിതിക്ക് അയാള്‍ മൊഴി മാറ്റാന്‍ തന്നെയാണ് സാദ്ധ്യത. അങ്ങനെയെങ്കില്‍ പോലീസ് അന്വേഷിച്ച് പെണ്‍കുട്ടി സ്വയരക്ഷയ്ക്കായി ചെയ്തതാണെന്ന് റിപ്പോര്‍ട്ട് കൊടുത്താല്‍ തന്നെ അതിനെ അയാള്‍ക്ക് കോടതിയില്‍ ചലഞ്ച് ചെയ്യാനാവില്ലേ?

വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്ന് എന്ന നിലയ്ക്കും, സവിശേഷ സ്വഭാവമുള്ള ഒന്നെന്ന ചരിത്ര പ്രാധാന്യം മുന്‍ നിര്‍ത്തിയും ഈ കേസ് സ്വാമിക്ക് വേണ്ടി, ആവശ്യമെങ്കില്‍ സൗജന്യമായി തന്നെ വാദിക്കാന്‍ വക്കീലന്മാരുണ്ടാകും. (ആ നഷ്ടം അയാള്‍ ഇതിലൂടെ ലഭിക്കുന്ന പ്രശസ്തിയിലൂടെ ഭാവിയില്‍ നികത്തിക്കൊള്ളുകയും ചെയ്യും) ഇപ്പൊഴിതാ സ്വാമിയാണ് ഇരയെന്നനിലയ്ക്ക് ഡി ജി പിക്ക് ഒരു അന്യായം ലഭിച്ചിരിക്കുന്നു എന്നാണ് വാര്‍ത്ത. അതില്‍ പായിച്ചിറ നവാസ് എന്ന വ്യക്തി കുറേ സംശയങ്ങള്‍ ഉന്നയിക്കുകയും സംഭവത്തില്‍ ദുരൂഹതയുണ്ട്, അതിനാല്‍ അന്വേഷണം വേണം എന്ന് വാദിക്കയും ചെയ്യുന്നു. മുകളില്‍ ഉദ്ധരിച്ച അഭിഭാഷകരുടെ വിദഗ്ധാഭിപ്രായം അനുസരിച്ച് ഇത്തരം ഒരു വാര്‍ത്ത വന്നാല്‍ പരാതിക്കാരില്ലെങ്കില്‍ തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ട്. അതിന്റെ നിഗമനം എന്തുതന്നെ ആയാലും ഈ നവാസ് ഉന്നയിച്ചതുപോലുള്ള ആരോപണങ്ങളെ കോടതിയില്‍ വച്ച് ആ പേണ്‍കുട്ടിക്ക് നേരിടേണ്ടിവരില്ലേ? വര്‍ഷങ്ങളായി തുടരുന്ന ഒന്നാണെങ്കില്‍ എന്തേ മുമ്പേ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ പരാതിപ്പെട്ടില്ല എന്ന, നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിച്ചാല്‍ ശരിക്കും അശ്‌ളീലം തന്നെയായ ചോദ്യം പോലും അവിടെ ഉയരില്ലേ? അതിന്റെ ധ്വനി എന്താണെന്നത് ഊഹിക്കാവുന്നതല്ലേ?

ഇതിനോടൊക്കെ കൂട്ടി വായിക്കേണ്ടതാണ് ശശി തരൂരിന്റെ അഭിപ്രായ പ്രകടനം. പെണ്‍കുട്ടി, അതും ഇരുപത്തിമൂന്നുവയസ്സുള്ള, നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി എന്തുകൊണ്ട് ഇത്തരം ഒരു പീഢനം നിരന്തരം നടന്നിട്ടും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ പരാതിപ്പെട്ടില്ല എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. പക്ഷേ അത് ചോദിക്കേണ്ടത് നവാസും തരൂരും ചെയ്തതുപോലെ ആ പെണ്‍കുട്ടിയോടല്ല, അവരവരോടാണ് എന്ന് മാത്രം. പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിക്ക് പോലും വ്യവസ്ഥാപിത നീതിന്യായ സമ്പ്രദായങ്ങളില്‍ വിശ്വാസമില്ലാതെ ആയെങ്കില്‍ അത് എന്തുകൊണ്ട് എന്ന് വ്യവസ്ഥ സ്വയം ചോദിക്കുകയാണ് വേണ്ടത്. എന്നാല്‍ നമ്മുടെ നീതിന്യായവ്യവസ്ഥയിലെ വന്‍ വിള്ളലുകള്‍ സമ്മതിച്ച് തരുമ്പോലെയുള്ള അത്തരം ഒരു നിലപാട് കോടതിക്ക് ഒരിക്കലും എടുക്കാനാകുമെന്ന് തൊന്നുന്നുമില്ല. അപ്പോള്‍ കാര്യങ്ങള്‍ ഒടുവില്‍ എത്തിച്ചേരുക എവിടെയാവും?

വഴിതെറ്റുന്ന, തെറ്റിക്കുന്ന പ്രതികരണങ്ങള്‍

സത്യത്തില്‍ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ വീരസ്യമായി ആഘോഷിച്ചവരും, കേവല യുക്തികള്‍ മുന്‍ നിര്‍ത്തി അതിനെ ചോദ്യം ചെയ്തവരും ഒരുപോലെ അവളെ വ്യവസ്ഥയുടെ സാങ്കേതികതകളില്‍ ഉപേക്ഷിക്കുകയും അവരവരെ രക്ഷിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. നവാസിനെപ്പോലെയുള്ളവര്‍ പ്രത്യക്ഷമായി തന്നെ ആണധികാരവ്യവസ്ഥയുടെ വക്കീലന്മാരായി അവതരിക്കുകയാനെങ്കില്‍ 'ഇതാണ് വേണ്ടത്, മിടുക്കി' എന്ന പൊള്ളയായ ഒരു പ്രശംസയില്‍ ആ പെണ്‍കുട്ടി ഇതുവരെ അനുഭവിച്ചതും ഇനി അങ്ങോട്ട് അനുഭവിക്കാന്‍ പോകുന്നതുമായ ഗതികേടുകളെ മുഴുവന്‍ തമസ്‌കരിച്ച് അത്തരം ഒരു ആണധികാര വ്യവസ്ഥയെ പരിപാലിച്ച് പോന്ന ഉത്തരവാദിത്തം മുഴുവന്‍ ഒരു പീഢകന്റെയും ഛേദിക്കപ്പെട്ട അവന്റെ ലിംഗത്തിന്റെയും ചിലവില്‍ എഴുതി തള്ളുകയാണ് ആഘോഷകമ്മിറ്റിക്കാര്‍ ചെയ്യുന്നത്. അവര്‍ക്ക് അതില്‍ മുടക്കുമില്ല, നഷ്ടവുമില്ല.

അതിലും അപകടകരമായ ഒന്നാണ് ഈ സംഭവത്തിന്റെ പേരില്‍ കുമ്മനത്തെ സ്വാമിയുമായി കൂട്ടിക്കെട്ടിയുള്ള വിമര്‍ശനങ്ങള്‍. തങ്ങള്‍ക്ക് വേണ്ടപ്പെട്ട പ്രതികളെ കോടതിയില്‍ ഊരിയെടുക്കാന്‍ പൊലീസുകാര്‍ ചെയ്തുപോരുന്നതെന്ന് കേട്ടിട്ടുള്ള ഒന്നാണ് കുറ്റപത്രത്തില്‍ ഒരുതരത്തിലും തെളിയിക്കാന്‍ പറ്റാത്ത വകുപ്പുകള്‍ അവര്‍ക്കെതിരേ കൂട്ടിച്ചേര്‍ക്കുക എന്നത്. അവ പൊളിയുന്നതോടെ അവര്‍ പത്തര മാറ്റ് നിഷ്‌കളങ്ക ത്യാഗരാജന്മാരായി സമൂഹത്തില്‍ പുനര്‍ജനിക്കും. കുമ്മനം ഉള്‍പ്പെടെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ സംഘപരിവാറിനെ വിചാരണ ചെയ്യാന്‍ ഇത്തരം ഒരു സ്വാമി കൂടെ നടക്കുന്ന ഫോട്ടോയൊന്നും വേണ്ട, ഗൗരവകരമായ വേറെ കാരണങ്ങള്‍ പര്യാപ്തമാംവണ്ണം ധാരാളമുണ്ട്. അതുകാണാതെ എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുമ്പോള്‍ സംഭവിക്കുന്നത് ശ്രദ്ധ മുഖ്യ വിഷയത്തില്‍നിന്ന് വഴിമാറുന്നു എന്നതാണ്.

അതായത് കുമ്മനം സ്വാമിയുമായി നടക്കുന്ന ഫോട്ടോ അല്ല വിമര്‍ശിക്കപ്പെടേണ്ടത് മറിച്ച് കുമ്മനത്തിനും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും 'സ്വാമി'ത്തത്തോടുള്ള പൊതു നിലപാടാണ്. നല്ല സ്വാമിയും കെട്ട സ്വാമിയും ഉണ്ട് എന്ന പതിവ് പ്രതിരോധമായിരിക്കും ഇവിടെ വീണ്ടും ഉയരുക എന്ന് വ്യക്തം. എന്നാല്‍ ഇതെങ്ങനെ വേര്‍തിരിച്ചറിയും? ആ യുക്തിയെ, അത് സഹജമെന്നോണം ഉണ്ടാക്കുന്ന സംശയങ്ങളെ അചഞ്ചല വിശ്വാസം കൊണ്ട് മറികടന്നാലേ ഭക്തിയുടെ അനുഭൂതി പ്രപഞ്ചത്തിലെത്താനാകു എന്നതാണ് വിശ്വാസത്തിന്റെ ഒന്നാം പാഠമെന്നിരിക്കേ പിന്നെ ഇതെങ്ങനെ സാദ്ധ്യമാകും? അപ്പോള്‍ നല്ല സ്വാമിയും കെട്ട സ്വാമിയും ഉണ്ടെന്നല്ല പീഢിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കുന്ന ഭക്തരും മനസിലാക്കാത്ത ഭക്തരും ഉണ്ടെന്ന് വേണം അനുമാനിക്കാന്‍.

ആരോട് പരാതിപ്പെടും

ഈ സവിശേഷ സംഭവത്തിന്റെ പരിസരത്തില്‍നിന്ന് മാറി പൊതുവായ ഒന്നില്‍ നിന്ന് നോക്കിയാല്‍ ലൈംഗീകതയെന്നല്ല രതിവൈകൃതങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും വരെ ദാര്‍ശനിക മാനങ്ങള്‍ നല്‍കി അതിനെ ആത്മീയ തത്വചിന്ത എന്ന് വിളിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. ആ നിലയ്ക്കാണ് കുളിക്കടവിലെ ഒളിഞ്ഞ് നോട്ടവും, തുണിഎടുത്തുകൊണ്ട് ഓട്ടവും വരെ ന്യായീകരിക്കപ്പെടുന്നത്. അതായത് ചെയ്യുന്നത് കൃഷണഭഗവാനാകുമ്പോള്‍ അതിന്റെ മാനം മറ്റൊന്നാകുന്നു എന്ന്. ഭക്തയ്ക്കും ഭക്തനും മേല്‍ അത്തരം ഒരു 'ഇതര' ഭാഷ്യം ചമച്ച് അംഗീകരിപ്പിക്കാനുള്ള കരിഷ്മ ഒരു സ്വാമിക്ക് ഉണ്ടെങ്കില്‍ അയാള്‍ക്ക് അവരുടെ മേല്‍ ഇതുപോലെ എന്തുമാവാം. 'അത് ചെയ്യുന്നത് അയാളല്ല, ചെയ്യുന്ന കൃത്യം നിങ്ങള്‍ അവിശ്വാസികള്‍ വിചാരിക്കുന്നതുമല്ല' എന്ന് വാദിച്ചാല്‍ ഉത്തരാധുനിക സൈദ്ധാന്തിക ലോകത്തില്‍ അത് അങ്ങനെ ഒരു അബദ്ധമൊന്നും ആവില്ല താനും. അത്തരം ഒരു സൈദ്ധാന്തിക മാനം സംഭവത്തിന് നല്‍കാനുള്ള ധൈഷണിക ഊര്‍ജ്ജം സ്വാമിക്കുണ്ടെങ്കില്‍ ഇപ്പോള്‍ പിന്നണിയില്‍ നിശ്ബ്ദരായിര്‍ക്കുന്ന പല ഭക്തരും ഹരിസ്വാമിയെ എനിക്കറിയാം, പുള്ളി അങ്ങനെയൊന്നും ചെയ്യുന്ന ആളല്ല, വ്യവസ്ഥാപിത ലൈംഗീകതയുടെ കണ്ണിലൂടെ നോക്കുന്നതുകൊണ്ട് ഉണ്ടാകുന്ന മിത്ഥ്യാ ധാരണകളാണിതെല്ലാം തുടങ്ങിയ വാദങ്ങളുമായി മുന്നോട്ട് വരികയും ചെയ്യും.

ഇതാണിവിടെ മുഖ്യ വിഷയം. ദീര്‍ഘകാലമായി ഇരയുടെ വീട്ടില്‍ സ്ഥിരസന്ദര്‍ശകനാണ് പീഢകന്‍. അയാള്‍ക്ക് ആ വീട്ടില്‍ ഉള്ള സ്വീകാര്യതയ്ക്ക് പിന്നില്‍ മേല്പറഞ്ഞ തരം ഭക്തി മുതല്‍ മറ്റ് നിരവധി കാരണങ്ങളുണ്ടാകാം. എന്നാല്‍ ഇവയൊന്നും കണ്ണന്മൂലയിലെ ആ വീട്ടില്‍ മാത്രമായി നിലനില്‍ക്കുന്ന ഒന്നല്ല. ആ സാഹചര്യത്തിലാവണം തന്റെ അവസ്ഥ സ്വന്തം മാതാവുമായി പോലും വിനിമയം ചെയ്യാന്‍ ആ കുട്ടിക്ക് കഴിയാതെ പോയത്. അങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കെയാണ് തരൂരും നവാസുമൊക്കെ എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്ന് ചോദിക്കുന്നത്. ആരോട് പരാതിപ്പെടാനാണ്? ആള്‍ ദൈവങ്ങളുടെ കാലില്‍ കുമ്പിട്ട് കിടക്കുന്ന ജഡ്ജിമാര്‍ തൊട്ട് പൊലീസ് മേധാവിമാരും അഭിഭാഷകരും ബ്യൂറോക്രാറ്റ്‌സും രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരുമുള്ള നാട്ടില്‍ കെട്ട ദൈവങ്ങളെക്കുറിച്ച് ആരോട് പരാതി പറയും? വിശ്വാസം വൃണപ്പെടില്ലേ?

പ്രശ്‌നം അവരല്ല, ആ പെണ്‍കുട്ടിയും അവളുടെ തൂടര്‍ജീവിതവുമാണ്. നമ്മള്‍ മുമ്പ് പലവട്ടം കണ്ടിട്ടുള്ളതുപോലെ അറസ്റ്റും, കോടതിയും നിയമ നടപടികളുമൊക്കെയായി ഇര വീണ്ടും വേട്ടയാടപ്പെടുന്നതാകുമോ ഇവിടെയും സംഭവിക്കാന്‍ പോകുന്നത്? അങ്ങനെയെങ്കില്‍ അത് തടയാന്‍ നമുക്ക്, പൊതുസമൂഹത്തിന് എന്ത് ചെയ്യാനാകും എന്ന് വേണം ആലോചിക്കാന്‍. അതിന് ആദ്യം അതിവൈകാരികതകളുടെ ഈ ആഘോഷം ഒന്ന് നിര്‍ത്തണം. എന്നിട്ട് പ്രായോഗിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരേ നോക്കണം. 'അവള്‍ ഇതുവരെ പരാതിപ്പെടാഞ്ഞതെന്തെ'ന്ന നവാസിന്റെ ചോദ്യവും 'അവള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളില്‍ പരാതിപ്പെടാഞ്ഞതെന്തെ'ന്ന തരൂരിന്റെ ചോദ്യവും 'ഇവരൊക്കെ ബാലവേശ്യകളാണ്, അല്ലെങ്കില്‍ വേണമെന്നുവച്ചാല്‍ ഇവര്‍ക്കൊക്കെ രക്ഷപെടാന്‍ എത്രയോ വഴികളില്ലായിരുന്നുവോ' എന്ന നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന ഒരു ന്യായാധിപന്റെ ചോദ്യത്തെ ഓര്‍മ്മിപ്പിക്കുന്നുവോ? ഇല്ലെങ്കില്‍ വിട്ടേക്കുക. അത്രയ്ക്ക് മറവിബാധിതമാണ് നമ്മളടങ്ങുന്ന പൊതുബോധം, നമ്മളുണ്ടാക്കിയ വ്യവസ്ഥയും. അതില്‍ നിന്ന് മുക്തമല്ല ഒരു പോലീസും, കോടതിയും ഒരു നീതിന്യായ സംവിധാനവും എന്നിരിക്കിലും പിന്നെയും പരാതിപ്പെടാഞ്ഞതെന്താണെന്നാണ് ചോദ്യം!

എങ്ങനെ മറികടക്കും?

പ്രശ്‌നത്തിന്റെ വ്യാപ്തി കണ്ണന്മൂല എന്ന സ്ഥലത്തോ, അവിടെ താമസിക്കുന്ന ഒരു പെണ്‍കുട്ടിക്ക് വീട്ടില്‍ നിന്ന് അടുത്ത ജന മൈത്രി പൊലീസ് സ്റ്റേഷനിലേക്കുള്ള അകലമോ ഒന്നുമല്ല. ഓടിച്ചെല്ലാന്‍ അടുത്ത വനിതാ കമ്മീഷന്‍ ഓഫീസു മുതല്‍ വിവിധ സ്ത്രീ ശാക്തീകരണ സംഘടനകള്‍ വരെയുണ്ടെന്ന പൊതുവിജ്ഞാനം അവര്‍ക്കില്ല എന്നതുമല്ല. മനുഷ്യര്‍ക്ക് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയില്‍, അതിന്റെ സ്ഥാപനങ്ങളില്‍ മാത്രമല്ല, അതിനുമേല്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളിലും സംഘടനകളിലും പോലും വിശ്വാസമില്ല എന്ന് കൂടിവേണം മനസിലാക്കാന്‍. അത്ര സുഖകരമായ ഒരു തിരിച്ചറിവല്ല ഇത് എന്നിരിക്കിലും എങ്ങനെ ഇതിനെ മറികടക്കും?

ആദ്യം പറഞ്ഞപോലെ പെണ്‍കുട്ടികള്‍ തലയിണയ്ക്കടിയില്‍ കത്തി കരുതിയോ? പെണ്‍കുട്ടികള്‍ കരാട്ടെയും കളരിയുമൊക്കെ പഠിച്ച് ആത്മരക്ഷയ്ക്ക് സ്വയം സജ്ജരാകട്ടെ എന്ന തരം കാല്പനിക ആഹ്വാനങ്ങള്‍ കൊണ്ടൊന്നും നീതി നടപ്പാവില്ല. കാരണം ഒരു ആധുനിക സമൂഹത്തില്‍ വ്യക്തിഗത ദുര്‍ബലതകളല്ല ഇരകളെ ഉണ്ടാക്കുന്നത്; സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹ്യവുമായ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥകളാണ്. അവയെ വ്യക്തികളെ ശാക്തീകരിച്ച്, പെണ്ണുങ്ങള്‍ക്ക് എല്ലാം ഓരോ സൗജന്യ കത്തി എന്ന നിലയില്‍ മറികടക്കാനാവില്ല.

Like our Facebook Page

കണ്ണമ്മൂല സംഭവത്തില്‍ ഇര ആ പെണ്‍കുട്ടിയാണ്. അങ്ങനെ ഒരു സൂക്ഷ്മാഖ്യാന പരിസരം അതിന് തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അവളെ അങ്ങനെയൊരു വിധിയിലേക്ക് തള്ളിവിട്ടത് അവളുടെ വ്യക്തിഗത തിരഞ്ഞെടുപ്പല്ല, ആണധികാരമെന്ന ബൃഹദാഖ്യാനമാണ്. നമ്മള്‍ അന്വേഷിക്കുന്നത് പരിഹാരമാണെങ്കില്‍ അതിന് അന്വേഷണങ്ങളെ ഈ സവിശേഷ കേസില്‍, അതിലെ ഇരുപക്ഷത്തുമുള്ള സ്വാമി, പെണ്‍കുട്ടി, അവളുടെ അമ്മ തുടങ്ങിയ വ്യക്തികളില്‍ മാത്രം ഒതുക്കിയിട്ട് കാര്യമില്ല. എന്നാല്‍ ആത്യന്തികമായി ഈ സംഭവത്തിന്റെ പ്രായോഗിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ട ആ പെണ്‍കുട്ടിയുടെ സവിശേഷാവസ്ഥയെ മാറ്റിവച്ചുള്ള സിദ്ധാന്തവല്‍ക്കരണങ്ങള്‍ കൊണ്ടും കാര്യമില്ല. വേണ്ടത് ഇവ തമ്മിലുള്ള തുലനമാണ്.

അതുണ്ടാവുമോ?

1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow