Loading Page: പാരീസ്‌ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറുമ്പോള്‍

ഡോ. അജോയ്‌ കുമാര്‍

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമാണ്. വൃക്ഷ തൈ നടല്‍ ആഘോഷങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതിലും ഗൗരകരമായ വിഷയങ്ങളാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്.... എനിക്ക് ശേഷം പ്രളയം എന്ന തത്വചിന്തയില്‍ അധിഷ്ഠിതമായ കോര്‍പ്പറേറ്റ് വികസന സങ്കല്‍പ്പത്തെ പരിഷ്‌കരിച്ച് മാറ്റാന്‍ കഴിയില്ല. നിയോ ലിബറല്‍ വികസന നയത്തിനെതിരെയുള്ള നിലപാടുകള്‍ക്ക് മാത്രമേ പരിസ്ഥിതി സംരക്ഷണത്തിനുള്ള യഥാര്‍ത്ഥ പ്രയോഗം മുന്നോട്ട് വെക്കാന്‍ കഴിയൂ. പരിസ്ഥിതി ദുരന്തങ്ങള്‍ അനുഭവിക്കുന്നത് അവികസിത രാജ്യങ്ങളാണ്....

ആഗോള താപനത്തെക്കുറിച്ച്‌ പുതിയ ഗവേഷണ ഫലങ്ങള്‍ Nature Climate change പ്രസിദ്ധീകരിച്ചത് 2017 മെയ് 29നാണ്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുമ്പോള്‍ അമേരിക്കയ്ക്ക് അത് പരിഗണനാ വിഷയം പോലും ആകുന്നില്ല. ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതിനനുസരിച്ച് 2 ഡിഗ്രി സെന്റി ഗ്രേഡെങ്കിലും ഉയരുമെന്ന് UNIPCC (United Nations Inter governmental Pannel on Climate Change) പഠനം വ്യക്തമാക്കിയിരുന്നു. 21-ാം നൂറ്റാണ്ടിന്റെ അന്ത്യമാവുമ്പോഴേക്കും 5.8 ഡിഗ്രിയെങ്കിലും ഭൗമതാപനം വര്‍ദ്ധിക്കുമെന്നായിരുന്നു പാരീസ് ഉടമ്പടി ഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നത്. ശരാശരി താപനില ഒരു ഡിഗ്രിയെങ്കിലും ഉയര്‍ന്നാല്‍ നെല്ല് ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ ഉല്‍പ്പാദന ശേഷം 10% മെങ്കിലും കുറയുമെന്ന് IRRI (International Rice Research Institute) പഠനം ചൂണ്ടിക്കാട്ടുന്നു. ശുദ്ധജല ലഭ്യത കുറയുകയും ലോകത്തിലെ നാലില്‍ ഒന്ന് ജനവിഭാഗത്തിന് കുടിവെള്ളം കിട്ടാത്ത അവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നു. 2050 ഓടു കൂടി കടലിലെ മത്സ്യ സമ്പത്ത് പൂര്‍ണമായും ഇല്ലാതാകുമെന്ന് Scientific American നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ ഗതിയില്‍ പ്രകൃതിയില്‍ നടക്കുന്നതിന്റെ ആയിരം ഇരട്ടി വേഗത്തിലാണ് സ്പീഷീസുകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. പ്രകൃതി ശാസ്ത്രജഞര്‍ നിര്‍ണയിച്ച Hotspot കളില്‍ പലതും വളരെ പെട്ടെന്ന് നഷ്ടപ്പെടും എന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നു.

അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ നാലില്‍ ഒന്ന് ഭാഗവും അമേരിക്കയില്‍ നിന്നാണ്. ഘട്ടം ഘട്ടമായെങ്കിലും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കണമെന്ന് നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടും അത് പരിഗണിക്കാന്‍ അമേരിക്ക ഒരു കാലത്തും തയ്യാറായിരുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍വാങ്ങല്‍. 1997ല്‍ Kyoto Protocol ല്‍ നിന്നും ജോര്‍ജ്ജ് ബുഷ് ഏകപക്ഷീയമായി പിന്‍വാങ്ങിയതിന് ശേഷം എല്ലാ ശ്രമങ്ങളും അമേരിക്ക പരാജയപ്പെടുത്തുകയായിരുന്നു. ഒരുനിയമമായെങ്കിലും Kyoto Protocol നിലനിര്‍ത്തുവാന്‍ സഹായിച്ചത് മറ്റ് രാജ്യങ്ങളുടെ കൂട്ടായ്മയിലാണ്. (പങ്കാളികളായ രാഷ്ട്രങ്ങള്‍ നിര്‍ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 55% ല്‍ അധികം ഉണ്ടെങ്കിലേ നിയമത്തിന് പ്രാബല്യമുള്ളൂ എന്നതാണ് വ്യവസ്ഥ). അമേരിക്കയുടെ തുടര്‍ച്ചയായ ഈ നിഷേധ നിലപാടുകള്‍ ലോക ജനതയോടുള്ള വെല്ലുവിളിയാണ്. ജനസംഖ്യാനുപാതകമായി ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് നിര്‍ഗമനം നടത്തുന്ന രാജ്യമാണ് അമേരിക്ക. (19.8/person) 6870 Million Metric Tonne ഹരിതഗൃഹ വാതകമാണ് അമേരിക്ക സംഭാവന ചെയ്യുന്നത്. ഇതൊക്കെ മറ്റ് രാജ്യങ്ങളുടെ ചെലവിലാണ് ചെയ്യുന്നത് എന്നിരിക്കെ സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നത് കൊണ്ടാണ് ഈ നടപടികള്‍ എന്ന വിശദീകരണം പഴയതുപോലെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പാരിസ്ഥിതിക പ്രതിസന്ധികളും മനുഷ്യരടക്കടമുള്ള ജീവജാലങ്ങളുടെ വംശനാശത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും ഇന്ന് പൊതുവെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന്റെയും പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ അക്രമാസക്തമായ ഇടപെടലിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇന്ന് ലോക ജനതയ്ക്ക് ബോധ്യമുണ്ട്. (1972 ലെ സ്റ്റോക് ഹോം സമ്മേളനം മുതല്‍ 2015 ലെ പാരീസ് ഉടമ്പടി വരെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.) വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധമാണ് പാരിസ്ഥിതിക ഘടകങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നത് എന്ന കാര്യവും ഇന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. വികസന പ്രവര്‍ത്തനത്തിന്റെ പ്രയോക്താക്കള്‍ ഓരോ രാജ്യത്തെയും ഭരണാധികാരികള്‍ തന്നെയാണ്. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള വാചകമടികള്‍ക്കിടയില്‍ നടപ്പിലാക്കപ്പെടുന്ന പരിസ്ഥിതി വിരുദ്ധ പദ്ധതികള്‍ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. എത്ര മുന്നറിയിപ്പ് ഉണ്ടായാലും ഭരണാധികാരികള്‍ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തുന്നില്ല. ഇന്ന് നാം അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ഈ വികസന നയത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. പരിസ്ഥിതി പ്രശ്നങ്ങളെ ഗൗരവമായി പരിഗണിക്കാത്ത മുതലാളിത്ത ഉല്‍പ്പാദന ക്രമത്തിലടങ്ങിയിട്ടുള്ള വൈരുധ്യമാണ് ഇതിന്റെ മുഖ്യ ഹേതു.

ആഗോളീകരണ കാലഘട്ടത്തില്‍ സമ്പദ്ക്രമത്തില്‍ വന്ന മാറ്റങ്ങള്‍ പരിസ്ഥിതി പ്രശ്നങ്ങളെ പതിന്‍മടങ്ങ് പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. പ്രകൃതി വിഭവങ്ങള്‍ തേടിയുള്ള മൂലധനത്തിന്റെ രാജ്യാതിര്‍ത്തി കടന്നുള്ള സഞ്ചാരമാണ് പുതിയ കാലഘട്ടത്തില്‍ പരിസ്ഥിതി ആഘാതങ്ങള്‍ക്ക് കാരണമായി വര്‍ത്തിക്കുന്നത് എന്ന കാര്യം പല പരിസ്ഥിതി പ്രസ്ഥാനങ്ങളും ശരിയായ രീതിയില്‍ തിരിച്ചറിയുന്നില്ല. രാജ്യാന്തര കുത്തകകളുടെ മുന്‍കൈയില്‍ നടക്കുന്ന ധനമൂലധനത്തിന്റെ സഞ്ചാരം പ്രകൃതി വിഭവങ്ങളെ കൊള്ളയടിച്ചുകൊണ്ടാണ് കടന്നു പോകുന്നത്. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള വാചകമടികള്‍ നടത്തുന്നതും ഈ ശക്തികള്‍ തന്നെയാണ്. എന്ത് വിലകൊടുത്തും സമ്പദ് ഘടനയുടെ വളര്‍ച്ച ലക്ഷ്യമിടുന്ന മുതലാളിത്ത വികസന സമീപനങ്ങള്‍ക്ക് ലോകത്തുള്ള ബഹുഭൂരിഭാഗം മനഷ്യരും ചൂഷണം ചെയ്യപ്പെടുന്നതോ ദരിദ്ര്യവല്‍ക്കരിക്കപ്പെടുന്നതോ ഒരു തടസ്സമേ അല്ല.

വളരെപെട്ടെന്ന് ലാഭം കിട്ടണമെന്നാഗ്രഹിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് പരിസ്ഥിതി ഘടകങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണ് കൊടുക്കാന്‍ കഴിയുക എന്ന് ജോണ്‍ ബല്ലാമി ഫോസ്റ്റര്‍ ചോദിക്കുന്നുണ്ട്. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി പരിഗണനാ വിഷയംപോലും ആകുന്നില്ല.

ശാസ്ത്രത്തിന്റെ വികാസത്തെ ലാഭതാല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പ്രശ്നപരിഹാരം അസാധ്യമായ രീതിയില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഉല്‍പ്പാദന മണ്ഡലത്തില്‍ നടത്തേണ്ട അടിസ്ഥാന മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. ഉദാഹരണമായി മരം ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മിതിയില്‍ നിന്ന് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിലേക്ക് ഉല്‍പ്പാദന രീതി മാറ്റിയപ്പോള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഒന്നില്‍ നിന്ന മറ്റൊന്നിലേക്ക് മാറുകയാണ് ചെയ്യുന്നത്. വനനശീകരണം തടയാന്‍ കഴിയുമ്പോള്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ എങ്ങോട്ട് പുറംതള്ളും എന്ന പ്രശ്നത്തിലാണ് ലോകം കുരുങ്ങിക്കിടക്കുന്നത്.

ആവശ്യമില്ലാത്ത വസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ലോക വ്യാപകമായി നടക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളാണ് പരിസ്ഥിതിയെ പൂര്‍ണമായും തകര്‍ക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും. സംയോജിത രാസ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍, മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായി ആകര്‍ഷണീയമായി നിര്‍മ്മിക്കപ്പെടുന്ന പായ്ക്കറ്റുകള്‍ (Package Industry) എല്ലാം നശിപ്പിക്കാന്‍ കഴിയാത്തതാണ്. (Non Bio-Degradable) കത്തിച്ചാല്‍ Dioxin മുതലായ മാരക വിഷങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. വസ്തുവിനേക്കാളും ഉല്പാദന ചെലവ് പായ്ക്കറ്റിനാണ് എന്ന ഉദാഹരണം മാത്രം മതി മത്സരാധിഷ്ടിത മുതലാളിത്തം എത്രഭയാനകമായാണ് ലാഭ താല്പര്യത്തോടുകൂടി നമ്മുടെ പരിസ്ഥിതിയെ തകര്‍ക്കുന്നത് എന്ന് മനസ്സിലാക്കാന്‍. ഉപഭോക്തൃ സംസ്‌കാരത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ ജനങ്ങളുടെ ജീവിത രീതി മാറ്റുന്നു. വാങ്ങിച്ച ഉല്‍പ്പന്നങ്ങള്‍ ഉടനെത്തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് ഈ ഉപഭോഗ സംസ്‌കാരം നമ്മെ എത്തിക്കുന്നു. 'Use and Throw' എന്നതാണ് ഇന്നത്തെ കാപ്ഷന്‍. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളാണ് ഇന്ന് വിപണിയില്‍ ലഭ്യമാകുന്നത്. അതിന്റെ ഭാഗമായി കുന്നുകൂടുന്ന e-waste എങ്ങനെ കൈകാര്യം ചെയ്യും എന്ന ഭീഷണിക്കു മുമ്പിലാണ് ഇന്ന് ലോകജനത. ദിനംപ്രതി വെള്ളവും അന്തരീക്ഷവും ജീവജാലങ്ങളും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈ അനാവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയാണ്.

പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനില്‍പ്പ് വികസനത്തിന്റെ നവലിപറല്‍ പ്രായോജകര്‍ പരിഗണിക്കുന്നേയില്ല. Carbon Trading hgnbpw Carbon Sequestration വഴിയും പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ കഴിയുമെന്നാണ് മുതലാളിത്തരാജ്യങ്ങള്‍ അവകാശപ്പെടുന്നത്. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ വിസമ്മതിക്കുകയും ടെക്നോളജിയില്‍ തന്നെ ഉത്തരമന്വേഷിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്സൈഡിനെ കടലിലേക്ക് തള്ളാനുള്ള മാര്‍ഗങ്ങളാണ് നടപ്പിലാക്കുന്നത്. ഇപ്പോള്‍ തന്നെ സമുദ്രത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് അധികമായതുകൊണ്ട് സമുദ്രത്തിലെ അമ്ലത കൂടുകയും ഇനിയും കാര്‍ബണ്‍ഡൈ ഓക്സൈഡിനെ സ്വീകരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. സമുദ്രത്തിലെ ജീവജാലങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ തകര്‍ക്കാനെ ഇത് സഹായിക്കൂ. പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് പോകാനേ ഇത്തരം പരിഹാര ശ്രമങ്ങള്‍കൊണ്ട് കഴിയൂ എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളിലേക്കാണ് മുതലാളിത്ത വ്യവസ്ഥ ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ള കാര്‍ബണ്‍ ട്രേഡിംഗ് ഉഗാണ്ടയില്‍ നടപ്പിലാക്കിയപ്പോള്‍ അവിടത്തെ തദ്ദേശവാസികളായ ജനവിഭാഗങ്ങളെ ഒരു പ്രദേശത്ത് നിന്ന് കുടിയിറക്കപ്പെട്ടു. കാര്‍ബണ്‍ഡൈ ഓക്സൈഡ് ബഹിര്‍ഗമനത്തിന് പകരം മരം വെച്ചുപിടിപ്പിക്കുക എന്ന പദ്ധതിയാണ് അവിടെ നടപ്പാക്കിയത്. FACE (Forest Absorbing Carbondioxide Emission) എന്ന് പേരുള്ള പദ്ധതി ഒരു ഡച്ച് കമ്പനിയാണ് നടപ്പിലാക്കിയത്. അപരിഹാര്യമായ പ്രശ്നങ്ങളിലേക്കാണ് ലോകം എത്തിച്ചേരുന്നത്.

കുറച്ച് സമയംകൊണ്ട് കൂടുതല്‍ ലാഭം എന്ന കച്ചവട താല്പര്യമാണ് പരിസ്ഥിതി ഘടകങ്ങളെ തകര്‍ക്കുന്നത്. ഈ സ്ഥിതി വിശേഷം മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിവചനം അവസാനിപ്പിക്കണം. ഇത് സാധ്യമാകണമെങ്കില്‍ വികസനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറണം. യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാത്ത ശ്രമങ്ങളാണ് ഇന്ന് ഈ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മുടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നമ്മുടെ ചരിത്രവും വര്‍ത്തമാനവും നിശിതമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടണം.

പരിസ്ഥിതിയെക്കുറിച്ചുള്ള ഏത് പ്രശ്നവും പൂര്‍ണമായും വിശകലനം ചെയ്യാന്‍ സാമുഹ്യ സമത്വവുമായും സാമൂഹ്യ നീതിയുമായും അതിന്റെ ബന്ധത്തെ കാണേണ്ടതാണ്. വികസിത അവികസിത രാജ്യങ്ങള്‍ തമ്മിലുള്ള അന്തരത്തിന്റെ പ്രശ്നം മാത്രമല്ല ഈ രാജ്യങ്ങളിലെ മനുഷ്യര്‍ തമ്മിലുള്ള അന്തരത്തിന്റെ പ്രശ്നംകൂടിയാണിത്. ആഗോളീകരണ കാലഘട്ടത്തില്‍ നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി രൂപപ്പെട്ട രീതികള്‍, ഭൂമിയും കടലും അന്തരീക്ഷവും പൊതു സ്വത്തായി നിലകൊള്ളുന്ന സ്ഥിതി സംജാതമായി. ലോകമുതലാളിത്തത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന വളരെ കുറച്ച് രാജ്യങ്ങളുടെ താല്പര്യാനുസരണം ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിലും കടലിലും കൂടിക്കൊണ്ടിരിക്കുന്നു. ഇത് ലോക സമ്പദ് വ്യവസ്ഥയുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.

ഹരിത വ്യവസായവല്‍ക്കരണം പോലുള്ള പുതിയ പ്രഖ്യാപനങ്ങളാണ് ഇന്ന് മുതലാളിത്ത രാഷ്ട്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഇന്നത്തെ വികസന സമ്പദ് ക്രമത്തെ അതേപടി നിലനിര്‍ത്തിക്കൊണ്ട് താല്കാലിക പരിഹാരങ്ങള്‍ അന്വേഷിക്കുകയാണ് ഇതിന്റെ വക്താക്കള്‍ ചെയ്യുന്നത്. ദീര്‍ഘകാല ലക്ഷ്യത്തോടെ നടപ്പിലാക്കപ്പെടേണ്ട ആസൂത്രണവും വികസന നയവും മൂലധനത്തിന്റെ താല്പര്യത്തിനനുസരിച്ച് ധൃതിയില്‍ ആസൂത്രണം ചെയ്യപ്പെടുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഈ സാഹചര്യത്തില്‍ പരിഗണിക്കപ്പെടുന്നില്ല. ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് നടക്കുന്ന പദ്ധതികളുടെ ആസൂത്രണത്തിന് മാത്രമാണ് വിദേശ മൂലധനത്തിന് (FDI) താല്പര്യം. ലാഭതാല്പര്യത്തിനനുസരിച്ച് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് ഈ മൂലധനം ഒളിച്ചുകളി നടത്തിക്കൊണ്ടിരിക്കും. ഒരു രാഷ്ട്രത്തിന്റെ പരിസ്ഥിതിക്കും നിലനില്‍പ്പിനും ഹാനികരമാകുന്ന കാര്യങ്ങള്‍ മറച്ചുവെക്കപ്പെടുന്നു. ആഗോളീകരണ നവലിബറല്‍ അജണ്ട നടപ്പിലാക്കിയ ഏഷ്യന്‍ കടുവ എന്നറിയപ്പെട്ട ദക്ഷിണ കൊറിയയില്‍ വമ്പിച്ച പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ച കാര്യം ജോണ്‍ ബെല്ലാമി ഫോസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു. ടോക്കിയോ (Tokyo) യെക്കാളും എട്ട് മടങ്ങ് സള്‍ഫര്‍ ഡയോക്സൈഡ് പുറത്തേക്ക് വമിപ്പിക്കുന്ന നഗരമായി സിയോള്‍ (Seuol) മാറി. Pesticide ഉപയോഗം കൂടി. അമേരിക്കയേക്കാളും ആറിരട്ടി രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി (ലോക നിലവാരത്തേക്കാളും മൂന്ന് മടങ്ങ് കൂടുതല്‍; വെള്ളത്തിലെ Cadmium. Manganese, Iron തുടങ്ങിയതിന്റെ അളവുകള്‍ അനുവദിച്ചതിനേക്കാളും രണ്ടിരട്ടിയായി)

എനിക്ക് ശേഷം പ്രളയം എന്ന തത്വചിന്തയില്‍ അധിഷ്ഠിതമായ കോര്‍പ്പറേറ്റ് വികസന സങ്കല്‍പ്പത്തെ പരിഷ്‌കരിച്ച് മാറ്റാന്‍ കഴിയില്ല. നിയോ ലിബറല്‍ വികസന നയത്തിനെതിരെയുള്ള നിലപാടുകള്‍ക്ക് മാത്രമേ പരിസ്ഥിതി സംരക്ഷണത്തിനുള്ള യഥാര്‍ത്ഥ പ്രയോഗം മുന്നോട്ട് വെക്കാന്‍ കഴിയൂ. പരിസ്ഥിതി ദുരന്തങ്ങള്‍ അനുഭവിക്കുന്നത് അവികസിത രാജ്യങ്ങളാണ്.

ഇന്ത്യയും കേരളവും അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഈ വികസന സങ്കല്‍പ്പവുമായി തന്നെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഈ വികസന പാദയില്‍ തുടരുന്നവരായി മാറിക്കഴിഞ്ഞു. വിഴിഞ്ഞം പോലുള്ള തുറമുഖ പദ്ധതികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടും അറിയാതെ പോലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാത്തത് ഈ സമവായത്തിന്റെ ഉദാഹരണമാണ്. ഒരു കോടി മരം നട്ടുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുന്ന സര്‍ക്കാരുകള്‍ ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കില്ല എന്ന് ഉറപ്പിച്ച് പറയുന്നില്ല. ഫുക്കുഷിമയ്ക്ക് ശേഷവും ആണവനിലയ പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിപാടികളും ഇതാണ് വ്യക്തമാക്കുന്നത്.

പരിസ്ഥിതി പ്രശ്നങ്ങളെ മനസ്സിലാക്കുന്നതില്‍ ഇപ്പോഴും ശരിയായ വീക്ഷണം രൂപപ്പെടുത്താന്‍ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്പോലും കഴിഞ്ഞിട്ടില്ല. കാടും പുഴയും മാത്രമായി പരിസ്ഥിതിയെ മനസ്സിലാക്കുന്ന 'കാല്പനികത' യില്‍ അല്ല പരിസ്ഥിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. ആഗോള താപനവും ജൈവവൈവിധ്യ ശോഷണവും മനുഷ്യരുടെ വ്യക്തിപരമായ ധാര്‍മ്മികതയുടെ തലത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല എന്ന് ലോകം തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ വികസന സമ്പദ് ക്രമത്തിനുള്ളില്‍ തന്നെ ഇതിന് പരിഹാരം അന്വേഷിക്കുന്ന World Bank മുതല്‍ UNവരെ ഉള്ള സംഘടനകള്‍ക്ക് പ്രായോഗികമായി ഈ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാതിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow