പി.ജെ ബേബി

സി..ആര്‍. പരമേശ്വരന്‍ മലയാളം വാരികയില്‍ ജനുവരി ഫെബ്രുവരി മാസങ്ങളിലെ 4 ലക്കങ്ങളിലായി ‘നമ്മുടെ അവാസ വ്യവസ്ഥ’ എന്ന പേരില്‍ മുന്നോട്ടുവെച്ച സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളെ വിമര്‍ശിച്ചുകൊണ്ട് പി.ജെ. ബേബി പ്രസാധകന്‍ എന്ന മാസികയുടെ ജൂണ്‍ ലക്കത്തില്‍ എഴുതിയ ലേഖനമാണ് ഇത്. ഒരു ആദര്‍ശാത്മക ഇടതുപക്ഷ നിലപാടിന്‍റെ വ്യക്താവായാണ് കേരളീയ വായന സാമൂഹത്തിലെ ഒരു വിഭാഗം പരമേശ്വരനെ കാണുന്നതിനാല്‍ അദ്ദേഹം ഇന്ന് മുന്നോട്ട് വയ്ക്കുന്ന നിലാപാടുകള്‍ തുറന്നു കാട്ടപ്പെടേണ്ടത് ഉണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടാണ് ഇത് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത്.

സി.ആര്‍.പരമേശ്വരന്‍ നടത്തിയ പതിമൂന്ന് സംഭാഷണങ്ങള്‍ സമകാലികമലയാളം വാരിക നാലുതുടര്‍ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. അതിലൂടെ പരമേശ്വരന്‍ മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ തെറ്റും കാപട്യവും കേരളീയസമൂഹത്തെ സംബന്ധിച്ച് തികച്ചും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടാനാണ് ഈ ചെറുലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

70കളില്‍ നക്‌സലൈറ്റുകള്‍ കേരളത്തില്‍ കൊണ്ടുവന്നതും പാര്‍ലമെന്ററി 'ചെളിക്കുണ്ടി'നെ കാതങ്ങളകലെ മാറ്റിനിര്‍ത്തുന്നതുമായ ശുദ്ധമായ ആത്മത്യാഗരാഷ്ട്രീയത്തിന്റെ സെന്‍സിബിലിറ്റി ഇന്നും വച്ചുപുലര്‍ത്തുന്ന ഒരാളായി തന്നെത്തന്നെ വിഗ്രഹവല്‍ക്കരിച്ചശേഷം പരമേശ്വരന്‍ ആ സംഭാഷണങ്ങളില്‍ സ്ഥലകാലചരിത്രസന്ദര്‍ഭങ്ങള്‍ക്കു വെളിയിലും അതിനുപരിയായും നില്ക്കുന്ന ഒരാദര്‍ശവാദ മുഴക്കോല്‍ രൂപപ്പെടുത്തിയെടുക്കുന്നു. എന്നിട്ട് ആ മുഴക്കോല്‍ വച്ചളന്ന് കേരളത്തില്‍ ഇന്നും പ്രസക്തമായിത്തുടരുന്നതും മുമ്പുപ്രസക്തമായിരുന്നതുമായ സകലതിനെയും സകലരെയും കള്ളത്തരം, വഞ്ചന, അവസരവാദം, സ്ഥാനമാനകാംക്ഷികളെന്നും മറ്റും തുറന്നുകാട്ടുകയാണ്. എന്നും അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാന്‍ വിധിക്കപ്പെട്ട ഒരാദര്‍ശ മഹാമേരുവായി സ്വയം പ്രതിഷ്ഠിച്ചശേഷം അദ്ദേഹം നടത്തുന്ന ആ തുറന്നുകാട്ടലുകള്‍ അങ്ങേയറ്റം അപകടകരമായ ഇസ്ലാമോഫോബിയയുടെയും മെഗലോമാനിയയുടെയും നേര്‍സാക്ഷ്യങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

cr 2പുരോഗമന-ജനാധിപത്യപ്രസ്ഥാനങ്ങളെന്നു തോന്നിക്കുന്നവയെല്ലാം, പുരോഗമന ജനാധിപത്യ വ്യക്തിത്വങ്ങളെന്നു തോന്നിക്കുന്നവരെല്ലാം ഇത്തരത്തില്‍ കള്ളന്മാരും തട്ടിപ്പുകാരും സാമൂഹിക മൂലധന കാംക്ഷികളുമാകുന്നതോടെ കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിന്റെ ചരിത്രത്തെ സത്യസന്ധമായി വിലയിരുത്താനും ഭാവിയെ ദീര്‍ഘദര്‍ശനം ചെയ്യാനും കഴിവുള്ള ഒരാള്‍ മാത്രം ബാക്കിയാകുന്നു. ആ ഒരാള്‍ മറ്റാരുമല്ല, പരമേശ്വരന്‍ തന്നെ.

അങ്ങനെ വരുമ്പോള്‍ മലയാളം വാരികയുടെ 70-75 പുറങ്ങളിലായി നീണ്ടുപരന്നു കിടക്കുന്ന ആ സംഭാഷണങ്ങള്‍ വെറും അഭിപ്രായങ്ങളെന്ന തലം വിട്ട് വിധി പ്രസ്താവങ്ങളായിത്തീരുന്നു. ആരും തര്‍ക്കിക്കാന്‍ വരേണ്ടതില്ലാത്ത, തര്‍ക്കത്തിനു പഴുതില്ലാത്ത വിധി പ്രസ്താവങ്ങള്‍!!

ആ വിധി പ്രസ്താവങ്ങള്‍, പക്ഷെ, വളരെ ആഴത്തില്‍ത്തന്നെ വര്‍ഗ്ഗീയമാനങ്ങളുള്ളതാണ്. അടിമുടി മെഗലോമാനിയയില്‍ മുങ്ങിയ പരമേശ്വരന്റെ അത്തരം വിശകലനങ്ങളുടെ ഏതു പത്തുവരി തികച്ചെടുത്താലും അതിലദ്ദേഹത്തിന്റെ ഇസ്ലാമോഫോബിയ വ്യക്തമായി പുറത്തുവരും.

ഒരു പുസ്തകരൂപത്തിലച്ചടിച്ചാല്‍ ഈ സംഭാഷണങ്ങള്‍ ഏതാണ്ട് നൂറുപേജ് വരുമെന്നു നമുക്കു കണക്കാക്കം. അങ്ങനെയെങ്കില്‍ അതിന്റെ ഒരു പത്തുപേജെങ്കിലും സച്ചിദാനന്ദവധത്തിനായി നീക്കിവെച്ചിരിക്കുന്നു. മറ്റൊരിരുപതുപേജ് ആഗോള ഇസ്ലാമിസത്തെയും, ഇന്ത്യന്‍ കേരളീയ ഇടത്-ഇസ്ലാമിസത്തെയുമെല്ലാം തുറന്നുകാട്ടാനുള്ളവയാണ്. കെ.എന്‍. പണിക്കര്‍, എന്‍.എസ്.മാധവന്‍, ടി.ടി.ശ്രീകുമാര്‍, ജെ.ദേവിക തുടങ്ങി പലര്‍ക്കും നല്ല നാലുകൊടുക്കാനും ആവശ്യത്തിനു സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

മൂന്നുവര്‍ഗ്ഗീയതയോടും എതിര്പ്പുപുലര്‍ത്തുന്നയാളെന്നനിലയില്‍ അച്ചുതാനന്ദനെയൊക്കെ പുകഴ്ത്തികൊണ്ട് തന്റെ നിലപാടുമതാണെന്നും എന്നാല്‍ ഇസ്ലാമിസത്തെക്കുറിച്ച് പറയേണ്ടിവരുന്നത് അതിന്റെ രൂക്ഷതയും ഭീകരതയും ശരിക്കും ഭയങ്കരമായതുകൊണ്ടാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ കൂര്‍മ്മബുദ്ധിയും നല്ല സൂത്രശാലിത്വവുമദ്ദേഹം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

അദ്ദേഹം തികച്ചും 'നിഷ്പക്ഷ'നായതുകൊണ്ട് സംഘപരിവാറും മോഡിയുമെല്ലാമായി ബന്ധപ്പെട്ട് അദ്ദേഹം ചില കാര്യങ്ങളെല്ലാമെഴതുന്നുണ്ട്. പക്ഷേ, അത്തരമോരോ സന്ദര്‍ഭങ്ങളിലും അവരെ വളര്‍ത്തിയതിനും അവര്‍ വളര്‍ന്നതിനും ഇസ്ലാമിസ്റ്റുകള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും മതേതരന്മാര്‍ക്കും കടുത്തഭാഷയില്‍ ഇരട്ടികണ്ട് നല്ല പൂശ് കൊടുക്കുകയും ചെയ്യും.

പരമേശ്വരന്റെ ഇസ്ലാമോഫോബിയ അത്ര നിഷ്‌ക്കളങ്കമൊന്നുമല്ല. തുല്യഅളവില്‍ സാമ്രാജ്യത്വവെള്ളപൂശല്‍ കൂടിയുള്ളതാണത്. ആ നിലയില്‍ ഇന്നത്തെ കേരളീയ സമൂഹത്തിലെ മറ്റാരേക്കാളും ബൗദ്ധികമായ വഞ്ചനയും തട്ടിപ്പും നമുക്കീ പതിമൂന്ന് സംഭാഷണങ്ങളില്‍ കാണാം. 70കളിലെ നക്‌സലൈറ്റ് ആദര്‍ശപരിസരങ്ങളില്‍ നൂറുശതമാനം സത്യവും ആദര്‍ശങ്ങളും ശരിയുമുണ്ട്, താന്‍മാത്രമിന്നുമതിലുറച്ചു നില്ക്കുന്നു, കൂടെയുണ്ടായിരുന്നവരെല്ലാം ചെളിക്കുണ്ടില്‍ കിടന്നു നുരക്കുന്നു എന്നതാണല്ലോ പരമേശ്വരന്റെ സംഭാഷണങ്ങളുടെ മുഖ്യപ്രമേയം.

ഇക്കാര്യം തന്നെ, പരിഗണനക്കെടുക്കുക. പരമേശ്വരന്‍ 70നക്‌സലിസത്തിന്റെ ആശയാദര്‍ശങ്ങളില്‍ അല്പമെങ്കിലും ഇന്നു പങ്കുപറ്റുന്നുണ്ടോ? അക്കാലത്തതിന്റെ അടിത്തറതന്നെ സാമ്രാജ്യത്വവിരുദ്ധതയായിരുന്നു. അന്ന് സോവിയറ്റ് യൂണിയനും അതിനോട് ചേര്‍ന്നുനിന്നു പാര്‍ലിമെന്ററിമാര്‍ക്‌സിസ്റ്റുകളും നക്‌സലൈറ്റുകള്‍ക്ക് പുത്തന്‍കോളോണിയലിസത്തിന്റെ മാപ്പുസാക്ഷികളായിരുന്നു. കോളനിയനന്തരകാലത്തെ സാമ്രാജ്യത്വ ചൂഷണതന്ത്രങ്ങള്‍ക്ക് മാപ്പുസാക്ഷികളാകുന്നു എന്ന അര്‍ത്ഥത്തിലായിരുന്നു സോവിയറ്റ് പക്ഷത്തെ അന്നവര്‍ അത്തരത്തില്‍ വിശേഷിപ്പിച്ചത്. വിയറ്റ്‌നാമെന്ന കൊച്ചുരാജ്യത്തെ ഈ ഭൂമുഖത്തെ ഏറ്റവും വലിയ യുദ്ധയന്ത്രമുപയോഗിച്ച് കൂട്ടക്കശാപ്പുചെയ്യുമ്പോള്‍ ആ രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നു പറയുന്നവര്‍ക്കാന്മാര്‍ത്ഥതയുണ്ടെങ്കില്‍ ആ ജനത നേരിടുന്ന വിധിയെ പങ്കുവെക്കാനും തയ്യാറാകണമെന്നു പറഞ്ഞുകൊണ്ടാണ് ചെ ഗുവേര 60കളുടെ അവസാനം ബൊളിവീയന്‍ കാടുകളിലേക്കു നടന്നുപോയത്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം എന്നുപറയുകയും മരണത്തിലൂടെ വാക്കുപാലിക്കുകയും ചെയ്ത് ആത്മത്യാഗരാഷ്ട്രീയത്തിന്റെ ആള്‍രൂപമായിത്തീര്‍ന്ന ചെ ഗുവേരപോലും 70 നക്‌സലൈറ്റുകള്‍ക്ക് സായുധ തിരുത്തല്‍വാദിയായിരുന്നു. ആ നിലവാരം വരെ ആത്മത്യാഗത്തിന്റെ രാഷ്ട്രീയവും സാമ്രാജ്യത്വവിരുദ്ധതയും മൂല്യാദര്‍ശങ്ങളാക്കിയവരാണ് 70 നക്‌സലൈറ്റുകള്‍. ആ മൂല്യാദര്‍ശങ്ങള്‍ പ്രായോഗികമാക്കാന്‍ വീണ്ടും വീണ്ടും നടത്തിയ ശ്രമങ്ങള്‍ക്കൊരിഞ്ചും മുന്നോട്ടുനീങ്ങാന്‍ പറ്റാതാകുന്നതോടെയാണത് പൊളിഞ്ഞുപോകുന്നത്. അന്ന് പരമേശ്വരനെന്തെടുക്കുകയായിരുന്നു?

നക്‌സലുകളുമായുള്ള ബന്ധം ചില വ്യക്തി സൗഹൃദങ്ങള്‍ക്കപ്പുറത്തേക്കൊള്‍ രാഷ്ട്രീയമായോ സംഘടനാപരമായോ നീങ്ങുന്നതപകടകരമാകുമെന്ന നല്ല ബോധ്യത്തില്‍ അതുമായി കൃത്യമായ ഒരു ലക്ഷ്മണരേഖവരച്ച് മാറിനിന്നയാളാണ് പരമേശ്വരന്‍. ശുചിത്വമുള്ള കുളിമുറിയും വൃത്തിയുള്ള ഒരു കിടക്കയുമുള്ള ഒരു മുറിയും ലളിതഭക്ഷണവും മരുന്നുകളുമുണ്ടെങ്കില്‍ ആരോടും നേരെനിന്ന് സത്യം പറയാണെന്നാണല്ലോ ഇന്നുമദ്ദേഹത്തിന്റെ ആദര്‍ശം. 70കളില്‍ കേരളീയ ജനതയില്‍ 90 ശതമാനത്തിനും ഇതുസാധ്യമായിരുന്നോ? അപ്പറയുന്നവയുടെ സുരക്ഷിതത്വത്തിനൊരു വിലയും കല്പിക്കാതെ ആത്മത്യാഗ രാഷ്ട്രീയത്തിലാണ്ടു മുങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ട് തിരിച്ചുവന്നപ്പോഴും ഉടനടി ഈ സുരക്ഷിതത്വം നേടിപ്പോയവരുമായിരുന്നില്ല, 70കളിലേയും 80 കളിലേയും നക്‌സലൈറ്റുകള്‍. പരാജയത്തിന്റെ കൈപ്പേറിയ അനുഭവപാഠങ്ങളില്‍ നിന്ന് ചിലതെല്ലാം രക്ഷിച്ചെടുക്കാന്‍ ശ്രമിച്ച് പ്രസക്തമെന്ന് തങ്ങള്‍ക്കുതോന്നിയ മറ്റു സാമുഹ്യ പ്രയോഗങ്ങളിലേക്ക് നക്‌സലൈറ്റ് പ്രയോഗത്തിന്റെ തുടര്‍ച്ചയെന്ന നിലക്കോ അതില്‍ നിന്നുവിട്ടുമാറിയോ നടന്നുനീങ്ങുകയായിരുന്നു അവരില്‍ മിക്കവരും.

സമൂഹത്തിന്റെ ദുരിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പരമാവധിയകന്ന് വൃത്തിയുള്ള കുളിമുറിയും കിടക്കയും ജീവസന്ധാരണത്തിന് ഒന്നാന്തരം സുരക്ഷിതത്വവുമുള്ള ഒരു ഗുഹയില്‍ പുറത്തേക്കും കണ്ണുനട്ടുകഴിഞ്ഞ ശേഷം സ്ഥലകാലങ്ങള്‍ തനിക്കനുകൂലമാകുമ്പോള്‍ പുറത്തേക്കുവന്ന് ഒന്നുരണ്ട് കല്ലുകള്‍ ചെളിക്കുണ്ടിലേക്ക് വലിച്ചെറിഞ്ഞ് വേണ്ടത്ര ചെളി വേണ്ടവരുടെയെല്ലാം ദേഹത്ത് തെറിച്ചുവെന്നുറപ്പാക്കി വീണ്ടും മാളത്തിലേക്ക് വലിയുകയായിരുന്നു പരമേശ്വരന്‍. അവയാണദ്ദേഹത്തിന്റെ സാസ്‌കാരിക പ്രയോഗങ്ങള്‍. രാഷ്ട്രീയസാമൂഹ്യ പ്രയോഗങ്ങളുടെ ഏഴയലത്തുപോലും അദ്ദേഹമൊരിക്കലും വന്നിട്ടില്ല.

'അടിസ്ഥാന പരിപ്രേക്ഷ്യങ്ങളുടെ കാര്യത്തില്‍ 70കളില്‍ എവിടെ നിന്നിരുന്നുവോ അവിടെയാണ് ഞാനെന്നും', ' നമ്മുടെ ശ്രീനാരായണ ഗുരുമുതല്‍ നക്‌സലൈറ്റ് വരെയെത്തുന്ന നവോത്ഥാനപാതയുടെ ഓരത്തുനില്ക്കുന്ന ഒരാളായാണ് ഞാന്‍ എന്നെതന്നെകാണുന്നതെന്നും' പരമേശ്വരന്‍ സ്വയം സാക്ഷ്യം പറയുന്നുണ്ട്. ഒരു ശതമാനമെങ്കിലും സത്യമിതിലില്ല. സംഘടനകെട്ടിപ്പെടുക്കുന്നതുപോലും പ്രയോഗത്തിലൂടെ തെളിയിച്ചവരെ കൊണ്ടാകണം എന്ന മട്ടില്‍ സിദ്ധാന്തത്തിനും ആശയാദര്‍ശ പ്രഘോഷണങ്ങള്‍ക്കുമെതിരെ ഏറ്റവുമധികം മറുകണ്ടം ചാടിപ്പോയ ഒന്നായിരുന്നു 70 കളിലെ നക്‌സലൈറ്റ് പ്രസ്ഥാനം. ഇനി നവോത്ഥാനപാതയുടെ പൊതുധാരഎടുത്താലും യാതൊരുവിധ രാഷ്ട്രീയ, സാമൂഹ്യപ്രയോഗങ്ങളുമില്ലാതെ വൃത്തിയുള്ള കുളിമുറിയും കിടക്കയുമുള്ള മുറിയുടെ ദീര്‍ഘകാലസുരക്ഷിതത്വമുറപ്പുവരുത്തി തപസ്സനുഷ്ഠിക്കുകയായിരുന്നില്ലല്ലോ അതിലുള്‍പ്പെട്ടവര്‍. 'സുവഞ്ചനീയരായ', 'തെരഞ്ഞെടുപ്പുത്സവങ്ങളില്‍ പങ്കെടുക്കുന്ന', 'ജഢങ്ങളായ' എന്നെല്ലാം നിരവധി വാക്കുകളില്‍ പരമേശ്വരനപഹസിക്കുന്നവരും ആദര്‍ശ യശോധാവള്യമില്ലാത്തവരുമായ, ആകെ ചെളിപുരണ്ടവരായ, ജനങ്ങളെ സംഘടിപ്പിച്ച് സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിച്ച ഒന്നായിരുന്നില്ലേ അത്.? ആത്മത്യാഗത്തിന്റെ രാഷ്ട്രീയം എന്നൊക്കെ ആദ്യമേ തന്നെ വിളിച്ചുകൂകിയില്ലെങ്കിലും ആത്മത്യാഗം വേണ്ടി വന്നേക്കാമെന്ന ഭയത്തെ മുഖ്യപരിഗണനയാക്കി വേണ്ടത്രയകലം പാലിച്ച് മാറിനിന്നവരായിരുന്നല്ല അതിന്റെ പോരാളികള്‍. സാമ്രാജ്യത്വ വിരുദ്ധത, ആത്മത്യാഗത്തിന്റെ രാഷ്ട്രീയത്തിലൂന്നി നില്ക്കുന്ന പ്രയോഗപരത എന്നീ രണ്ടു മാനദണ്ഡങ്ങള്‍ വെച്ചളന്നാല്‍ ഇന്നത്തെ പരമേശ്വരന് 70കളുടെ നക്‌സലൈറ്റ് പരിപ്രേക്ഷ്യത്തിലുമൊന്നുമായും യാതൊരു ബന്ധവുമില്ല. 70കളില്‍ താനല്ലാതെ മറ്റുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മൂല്യാദര്‍ശങ്ങളെയപ്പാടെ തന്റെ സാമൂഹികമൂലധനമാക്കിക്കൊണ്ട് ഇന്നു മറ്റുള്ളവര്‍ക്ക്‌മേല്‍ വിധിയെഴുത്തുനടത്തുന്ന പരമേശ്വരനാണ് യഥാര്‍ത്ഥത്തില്‍ മറ്റാരേക്കാളും ബൗദ്ധികവഞ്ചനയുടെയും ബുദ്ധിജീവി ജാഢയുടെയും ആഴമേറിയ ചെളിക്കുണ്ടില്‍ കഴുത്തറ്റം പുതഞ്ഞുനില്ക്കുന്നത്.

പരമേശ്വരന്റെ ലേഖനത്തില്‍ വ്യക്തിവിദ്വേഷങ്ങള്‍ക്കും കുശുമ്പിനുമായി മാറ്റിവെക്കുന്നസ്ഥലം കഴിഞ്ഞാല്‍ ബാക്കിയെല്ലായിടത്തും നുരഞ്ഞുപൊന്തുന്നത് ഇസ്ലാമോഫോബിയയാണ്. ഇന്നത്തെ ആഗോള ഇസ്ലാമോഫോബിയ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അമേരിക്കന്‍ സാമ്രാജ്യത്വവും കൂട്ടാളികളും ചേര്‍ന്നു കുത്തിപ്പൊക്കുന്നതാകയാല്‍. സാമ്രാജ്യത്വ ഗൂഢാലോചനക്കാരെ പരിഹസിക്കാനും സാമ്രാജ്യത്വമെന്നൊന്ന് കാര്യമായൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാനും ഇസ്രായേലിനുമേല്‍ സഹതാപം ചൊരിയാനും പരമേശ്വരന് മുന്നോട്ടു വരേണ്ടിവരുന്നു. അതദ്ദേഹം ഒരു മന:സാക്ഷിക്കുത്തുമില്ലാതെ നിര്‍വഹിക്കുന്നുമുണ്ട്. (ഇവിടെ വീണ്ടും ചോദിക്കട്ടെ ഈ ഇസ്രായേല്‍ പ്രേമത്തില്‍ എവിടെയാണ് 70കളിലെ പരിപ്രേക്ഷ്യം?)

ഇസ്ലാമോഫോബിയയുടെ നേര്‍സാക്ഷ്യങ്ങള്‍ എത്രയെങ്കിലും പരമേശ്വരന്റെ ഈ സംഭാഷണങ്ങളില്‍ നിന്നു നമുക്ക് പെറുക്കിയെടുക്കാം. മാതൃകകളെയെന്ന നിലയില്‍ പലഭാഗങ്ങളില്‍ പല പശ്ചാത്തലങ്ങളില്‍ എഴുതിയ ഏതാനും ഖണ്ഡികകള്‍ ഇവിടെ ഉദ്ധരിക്കട്ടെ.

'ജെ.എന്‍.യു വിലെ പ്രക്ഷോഭം സംഘപരിവാര്‍, മോദി, ജെ.എന്‍.യു പ്രബുദ്ധത എന്നിങ്ങനെയുള്ള ചര്‍വിതചര്‍വണങ്ങളില്‍ അവസാനിക്കുകയും അങ്ങനെ സംഘപരിവാറിന്റെ ദേശീയതയെ ചുറ്റിപ്പറ്റിയുള്ള അസത്യാതിക്രമത്തിന് കൂടുതല്‍ ശക്തിപകരുകയും ചെയ്തു എന്നാണ് എനിക്കുതോന്നുന്നത്. ജെ.എന്‍.യുവിലെ പ്രക്ഷോഭത്തില്‍ പ്രാമുഖ്യമുണ്ടായിരുന്നത് ഇടത് വഹാബിസ്റ്റ് ചിന്തകള്‍ക്ക് ആയിരുന്നു'.

'ന്യൂനപക്ഷവോട്ട് ബാങ്കിന്റെ ഒരു ഓഹരിക്കുവേണ്ടി ബുദ്ധിജീവികളും വല്ലാതെ അദ്ധ്വാനിച്ചു. ബുദ്ധിജീവിയുടെ പ്രവര്‍ത്തന അജണ്ടയിലും നിരുപാധികമായ ന്യുനപക്ഷപ്രീണനം ഒരു പ്രധാന ഇനമായി. കക്ഷിരാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ അതിപ്രസരം കൂടിക്കൂടി വന്നപ്പോള്‍ വര്‍ത്തമാന രാഷ്ട്രീയത്തിന്റെ ആവശ്യത്തിനുവേണ്ടി പ്രശസ്തരും അപ്രശ്‌സ്തരുമായ ചരിത്രകാരന്മാര്‍ പോലും തൊഴില്‍ നൈതികത മാറ്റിവെച്ചു. ലക്ഷകണക്കിനുപേരെ കൂട്ടക്കൊല ചെയ്ത വാക്കിലും നോക്കിലും ഇന്നത്തെ ഐസുമായി അത്ഭുതകരമായ സാദൃശ്യം തോന്നിപ്പിക്കുന്ന എണ്ണൂറോളം കൊല്ലങ്ങളിലെ മുസ്ലിം അധിനിവേശികളെയും മഹമൂദ് ഗസ്‌നിയേയും ഔറംഗസീബിനെയും പോലുള്ള ഭരണാധികാരികളെയുമൊക്കെ അവര്‍ക്ക് വെള്ളപൂശേണ്ടിവന്ന സന്ദര്‍ഭങ്ങളുണ്ടായി'.

'അരുണ്‍ഷൂരി തന്നെയായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട disrupter. ഷൂരിയുടെ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ പത്രലേഖനങ്ങളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചതിനെക്കുറിച്ചുള്ള ചരിത്രപഠനവും പ്രകോപനമാം വിധമുള്ള ഖുര്‍ആന്‍ വായനയും അനന്യമായ വിധത്തില്‍ വസ്തുനിഷ്ഠവും സുതാര്യവും മുര്‍ച്ചയുള്ളതുമായിരുന്നു'.

'പശ്ചിമേഷ്യയിലെ കുഴപ്പങ്ങള്‍ക്ക് ഏകകാരണമായി ഇസ്‌ളാമിസ്റ്റുകളും ഇടതുലിബറലുകളും യൂറോ അമേരിക്കന്‍ സാമ്രാജ്യത്വത്തെ കുറ്റപ്പെടുത്തുന്നതുകാണാം. ..... അത് ഭാഗികസത്യം മാത്രമാണ്. ഇതിനേക്കാളൊക്കെ പ്രധാനം പരസ്പരം സഹകരിക്കുന്നതില്‍ നിന്നുതടയുന്ന ഷിയാ-സുന്നി സ്പര്‍ദ്ധയാണ്...... അമേരിക്കന്‍ സാമ്രാജ്യത്വത്തേക്കാള്‍ ക്രിസ്തുവര്‍ഷം 656ല്‍ നടന്ന ബസ്ര യുദ്ധത്തിന്റെ ചിരകാല സ്പര്‍ദ്ധയാണ്. തങ്ങളുടെ അന്തര്‍നിഹിത പ്രശ്‌നങ്ങള്‍ക്കുപരി അമേരിക്കയെ കുറ്റം പറയുന്നവര്‍ ബസ്രായുദ്ധം കഴിഞ്ഞ് എട്ടുനൂറ്റാണ്ടുകഴിഞ്ഞാണ് ക്രിസ്റ്റഫര്‍ കൊളംബസ്സ് ജനിച്ചതെന്നോര്‍ക്കണം'.

'വടക്കേഇന്ത്യയില്‍ ഹിന്ദുത്വപ്രചരണയന്ത്രംഎത്രമാത്രം ശക്തമാണോ അത്രയും ശക്തമായി കേരളത്തില്‍ വ്യാജ ഇടതുപക്ഷ ഇസ്ലാമിക പ്രചരണയന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങി'.

'ജഡവും ജഡവും തമ്മില്‍ രക്തവും രക്തവും തമ്മില്‍ ഇരട്ടത്താപ്പുമൂലം ഇടതുബുദ്ധിജീവികള്‍കക് വിവേചനം കാണിക്കേണ്ടിവരുന്നു'.

'മുഹമ്മദ് അഖ്‌ലാക്കിന്റെ കാര്യത്തില്‍ വിമര്‍ശിച്ചവര്‍ അരിയില്‍ ഷുക്കുറിന്റെ മരണം അറിഞ്ഞില്ല'.

'ഈ ഇടത്-ഇസ്ലാമിക തന്ത്രം പണ്ടേ പ്രവര്‍ത്തനത്തിലുള്ളതാണ്. ഉദാഹരണത്തിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ഇടതുപക്ഷത്തിന്റെയും അരനൂറ്റാണ്ടിലധികം കാലത്തെ ഇസ്രയേല്‍ വിരോധത്തിനും അറബ് പ്രേമത്തിനുമാധാരമായി ഒരു ഇടതുപക്ഷയുക്തിയും അന്നുമിന്നുമില്ല.ഒരു ചെറിയ സാധാരണ ഭൂപടത്തില്‍ ഇസ്രയേലിനെ തിരിച്ചറിയണമെങ്കില്‍ ഒരു സൂക്ഷ്മദര്‍ശിനിയുടെ ആവശ്യമുണ്ട്. അതിനെ വലയം ചെയ്ത് ഏഷ്യയിലും ആഫ്രിക്കയിലുമായി അതിന്റെ നാശം ആഗ്രഹിക്കുന്ന ഇരുപതിലേറെ മുസ്ലിം രാജ്യങ്ങള്‍. എന്നിട്ടും ഇസ്രയേല്‍ വിജയകരമായി പ്രതിരോധിച്ചു നില്ക്കുന്നു. അതിനുകാരണം വലയം ചെയ്യുന്ന രാജ്യങ്ങള്‍ മിക്കതും പരസ്പര സംഘര്‍ഷത്തിലും സുഖലോലുപതയിലും മുങ്ങിയ സ്വേച്ഛാധിപത്യങ്ങളും ഇസ്രയേല്‍ അതിജീവനത്വരയാല്‍ കര്‍മ്മകുശലവും പ്രവര്‍ത്തിക്കുന്നതുമായ ജനാധിപത്യവുമാണെന്നതാണ്'.

ഇവിടെ ഉദ്ധരിച്ച വിവിധഖണ്ഡികകളിലെ ഇസ്ലാമിക വിരുദ്ധ വിലയിരുത്തലുകള്‍ക്ക് സമാനമായ ഒട്ടേറെ ഭാഗങ്ങള്‍ നമുക്കു പെറുക്കിയെടുക്കാം. ഇവയില്‍ ഏറ്റവും മാതൃകപരമായ ഒന്നായതിനാലാണ് ഇസ്രയേലിനെ സംബന്ധിച്ച വിലയിരുത്തലിനെ ഈ ലേഖകനിവിടെ അവസാന ഖണ്ഡികയാക്കിയത്. ഇതില്‍ പരമേശ്വരന്റെ സകലവിധ തട്ടിപ്പും കാപട്യവും വഞ്ചനയും പുറത്തുവരുന്നു.

ഇസ്രയേലുമായും സുന്നി-ഷിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരമേശ്വരന്റെ പ്രസ്താവനകളെ ചരിത്രവസ്തുതകളുമായി ബന്ധപ്പെട്ട് നമുക്കൊന്നു പരിശോധിച്ചുനോക്കുക. ഇസ്ലാമെന്നല്ല, എല്ലാ പ്രമുഖ മതങ്ങളിലും വിവിധ അവാന്തരവിഭാഗങ്ങള്‍ രൂപം കൊള്ളുകയും അവതമ്മില്‍ നിരന്തരം സംഘര്‍ഷങ്ങളും കൊലകളും നടക്കുകയും ചെയതിട്ടുണ്ട്. ക്രിസ്ത്യാനികളില്‍ റോമന്‍ വിഭാഗവും കിഴക്കന്‍ ക്രിസ്ത്യാനികളും തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുകളുണ്ടായി. ഒരു സഹാസ്രാബ്ദത്തിനുശേഷം നൂറ്റാണ്ടുകള്‍ നീണ്ട കത്തോലിക്കാ-പ്രോട്ടസ്റ്റന്റ് ഏറ്റുമുട്ടലുകള്‍ നടന്നു. അയര്‍ലണ്ടിലും മറ്റും ഈയിടെ മാത്രമാണതവസാനിച്ചത്. ഹിന്ദുമതത്തില്‍ വൈഷ്ണവ-ശൈവ ഏറ്റുമുട്ടലുകളുണ്ടായി. ബുദ്ധമതത്തില്‍ ഹീനയാന-മഹായാന വിഭാഗങ്ങള്‍ സംഘര്‍ഷത്തിലായി. ഇവയെ മറികടക്കുന്ന തോതിലുള്ള ഏറ്റുമുട്ടലുകളൊന്നും ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മില്‍ പോയകാലചരിത്രത്തില്‍ നടന്നിട്ടില്ല.

ഇന്നത്തെ ഷിയാ-സുന്നി ഏറ്റുമുട്ടല്‍ ഇറാക്കധിനിവേശത്തിനു ശേഷം അമേരിക്കയടക്കമുള്ള അറ്റ്‌ലാന്റിക് ശക്തികള്‍ കുത്തിപ്പൊക്കിയുണ്ടാക്കിയതാണ്. മധ്യപൂര്‍വ്വദേശത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം മുഖ്യകാരണം ഷിയാ-സുന്നി സംഘര്‍ഷമാണെന്ന് പരമേശ്വരന്‍ പറയുന്നു. കടുത്ത വര്‍ഗ്ഗീയ തിമിരം ബാധിക്കാത്ത ഒരാള്‍ക്കെങ്ങനെ അങ്ങനെ പറയാന്‍ കഴിയും? 1700 വര്‍ഷങ്ങളോളം തങ്ങള്‍ നിവസിച്ചിരുന്ന ഭൂമിയില്‍ നിന്ന് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പാലസ്തീന്‍കാരെ ആട്ടിപ്പുറത്താക്കി ഇസ്രയേലിനെ ജൂതരാഷ്ട്രമായി അവിടെ സ്ഥാപിച്ചതില്‍ എന്തുനീതിയാണുള്ളത്? ഹിറ്റ്‌ലറും യൂറോപ്യന്‍ ക്രിസ്ത്യാനികളും ജൂതന്മാരെ കൂട്ടക്കൊല ചെയ്‌തെങ്കില്‍ അതിന് പ്രായശ്ചിത്തം ചെയ്യേണ്ടത് നിസ്സഹായരായ പാലസ്തീന്‍കാരാണ് എന്നതെവിടെയുള്ള ന്യായമാണ്?

ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നതും കര്‍മ്മകുശലവുമായ ജനാധിപത്യമാണ് പരമേശ്വരന്. അങ്ങനെയെങ്കില്‍ യോഗി ആദിത്യനാഥിന്റെ യു.പിയും മോഡിയുടെ ഗുജറാത്തും ജനാധിപത്യത്തിന്റെ പറുദീസകളാണ്. അതിലപ്പുറമൊന്നുമിനി ജനാധിപത്യത്തില്‍ വരാനില്ല. 500 ലേറെ യു.എന്‍. പ്രമേയങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞ ഇസ്രയേലിന്റെ കാടത്തങ്ങളും ഇറാക്കിനെ പലവട്ടം ആക്രമിച്ച് തകര്‍ത്തു കളഞ്ഞ അമേരിക്കന്‍ നടപടിയും പത്തുമുപ്പതുപേജ് ഇസ്ലാമിസത്തിനെതിരെ രൂക്ഷയുദ്ധത്തിനായി മാറ്റിവെക്കുന്ന പരമേശ്വരന്റെ സംഭാഷണങ്ങളില്‍ അറിയാതെ പോലും കടന്നുവരുന്നില്ല. ജനാധിപത്യവും, നീതിയും, ആദര്‍ശശുദ്ധിയും, സത്യമൂല്യവും അതിഗംഭീരം!! എന്നിട്ട് തികഞ്ഞ നിഷ്‌കളങ്ക നാട്യത്തോടെ പരമേശ്വരന്‍ പറയുന്നു. 'അറബ് പ്രേമത്തിനും ഇസ്രായേല്‍ വിരോധത്തിനുമാധാരമായ ഒരിടതുപക്ഷയുക്തിയും ഇല്ല'. ഇങ്ങനെ ഉറപ്പിച്ചുപറയുമ്പോള്‍ 70കളിലെ എന്ത് നവോത്ഥാന-നക്‌സലൈറ്റ് പരിപ്രേക്ഷ്യമാണ് പരമേശ്വരനില്‍ ബാക്കിയുള്ളതെന്ന് വായനക്കാര്‍ തീരുമാനിക്കുക.

ഇതിലുള്ള മറ്റോരോ ഖണ്ഡികകളിലും നിറഞ്ഞു തുളുമ്പുന്ന മുസ്ലിംവിരോധവും അതിന്റെ ഭാഗമായിവരുന്ന ചരിത്ര സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ വളച്ചൊടിക്കലും ആര്‍ക്കും വ്യക്തമാകും. വിസ്തരഭയം മൂലം അവയുടെ വിശകലനങ്ങളൊഴിവാക്കുന്നു.

മുഹമ്മദ് അഖ്‌ലാക്ക് പശുവിറച്ചിയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നുതെറ്റിദ്ധരിച്ച് ഹിന്ദുതീവ്രവാദികള്‍ തച്ചുകൊന്നു എന്നുപറയുന്നിടത്തൂം, അമേരിക്കയും മോദിയും ഇസ്രായേലുമൊക്കെ എല്ലാ തിന്മകള്‍ക്കിടയിലും എന്തെങ്കിലുമൊക്കെ നന്മകള്‍ക്കും ഉടമകള്‍ ആകാമല്ലോ എന്നു പറയുന്നിടത്തും, ഇടതുപക്ഷത്തിന്റെയും മതേതരമെന്നവകാശപ്പെട്ട മറ്റുകക്ഷികളുടെയും അഴിമതിയും പിടിപ്പുകേടുകളും ഹിന്ദുത്വരാഷ്ട്രീയത്തെ പുനരുജ്ജീവിപ്പിച്ചു എന്നുപറയുന്നിടത്തും, മോദി തികഞ്ഞ ഫാസിസ്റ്റായേക്കാമെന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമ്പോഴും കേരളീയ ബി.ജെ.പി പണലഭ്യതയില്‍ പിന്നിലാണെന്നു പറയുമ്പോഴുമടക്കം ഒരു നൂറിടങ്ങളില്‍ പരമേശ്വരന്റെ ഭാഷാപ്രയോഗങ്ങളും വാചകഘടനകളും ശ്രദ്ധേയമാണ്. അവിടെ വിശകലനങ്ങള്‍ വികാരപരത തീര്‍ത്തും നഷ്ടപ്പെട്ട 'സത്യമൂല്യ'മുള്ള വെറും പ്രസ്താവനകള്‍ മാത്രമാകുന്നു. അവക്കിടയിലെ ചില സുപ്രധാനസത്യങ്ങള്‍ ചോര്‍ന്നുപോകുകയും ചെയ്യുന്നു.

മോദിക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ഇസ്രയേലിനുമെല്ലാം ചില നന്മകളെങ്കിലുമുണ്ടാവില്ലേ എന്നു നമ്മളോട് ചേദിക്കുന്ന പരമേശ്വരന് സച്ചിദാനന്ദനില്‍ തിന്മകളല്ലാതെ മറ്റൊന്നുമുണ്ടാവില്ലെന്നു നൂറ്റമ്പതു ശതമാനമുറപ്പാണ്. അതുവിവരിക്കാനെത്ര പേജുകള്‍! ദേവികയും എന്‍.എസ്.മാധവനുമെല്ലാം ഇസ്ലാമിക കുഴലൂത്തുകാരും നന്മകളില്ലാത്തവരുമാണെന്ന കാര്യത്തില്‍ നൂറുശതമാനമാണുറപ്പ്. ടി.ടി.ശ്രീകുമാറാകുമ്പോള്‍ ശനിയുടെ അപഹാരകാലം കഴിഞ്ഞാല്‍ ഇസ്ലാമിസ ബാധ നീങ്ങി നല്ലവനാകാനുള്ള സാധ്യത പരമേശ്വരന്‍ കാണുന്നു.

പരമേശ്വരന്‍ 70കളിലെ പരിപ്രേക്ഷ്യത്തിലാണിപ്പോഴും നില്ക്കുന്നത്! എങ്കിലും ഇപ്പോള്‍ മാര്‍ക്‌സിസത്തിന്റെ സാമ്പത്തികവാദം കയ്യൊഴിഞ്ഞിരിക്കുന്നു. (അതില്ലെങ്കില്‍ പിന്നെ 70 പരിപ്രേക്ഷ്യത്തിലും മൂല്യബോധത്തിലുമെന്താണാവോ ബാക്കിവരിക) അതിനാല്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയെന്നോ സവര്‍ണ്ണഹിന്ദുത്വമെന്നോ സവര്‍ണ്ണ മേല്‍ക്കോയ്മയ്യെന്നോ ഒക്കെയുള്ള സങ്കല്പനങ്ങള്‍ കാര്യമായ ചര്‍ച്ചാവിഷയമാകേണ്ട കാര്യമാകേണ്ടതില്ല. ലോകമുതലാളിത്തമേയുള്ളു, സാമ്രാജ്യത്വം കാര്യമായില്ല. സാമ്രാജ്യത്വമെന്നവാക്ക് ആറേഴിടത്ത് വരുന്നുണ്ടെങ്കിലും അവയില്‍ ഭൂരിപക്ഷവും വസ്തുതയെന്ന നിലക്കല്ല ഇടതുകളുടേയും ഇസ്ലാമിസ്റ്റുകളുടെയും കപടപ്രചരണമെന്ന നിലയിലാണ് പ്രയോഗിക്കപ്പെടുന്നത്. അങ്ങനെ ആഗോള ഇസ്ലാമിസം, കേരളീയ ഇടത് ഇസ്ലാമിസം എന്നിവയാകുന്നു ഇന്നിന്റെ സര്‍വ്വപ്രശ്‌നങ്ങളുടെയും കാരണങ്ങള്‍ . അതുകൊണ്ട് സാമൂഹിക മൂലധനരൂപീകരണത്തിനായി അവര്‍ക്കൊപ്പം ചേരുന്ന കേരളീയ ബുദ്ധിജീവികളെ സംഹരിക്കാനായി അദ്ദേഹം തന്റെ മൂന്നാം കണ്ണ് തുറക്കുന്നു. അങ്ങനെ കണ്ണുതുറക്കുമ്പോള്‍ തന്നെക്കുറിച്ചുതന്നെ അദ്ദേഹം കണ്ണാടിയില്‍ കാണുന്ന പ്രതിച്ഛായകളെന്തല്ലാമാണെന്ന് നമുക്കൊന്നുനോക്കാം.

'പ്രകൃതി നിയമം എന്നെത്തന്നെ ദു:ഖിതനാക്കി വളരെ പ്രവചനാത്മകമായി പരിണമിച്ചു'. (മഹാപ്രവാചകന്‍)

'ആ നോവല്‍ എഴുതുന്ന കാലത്ത് ലോകം എന്റെ ആശാചിന്തകളുടെ നിയന്ത്രണത്തില്‍ ആയിരുന്നില്ല; എങ്കിലും ലോകകാര്യങ്ങള്‍ നമുക്ക് കരതലാമലകം പോലെ സുവ്യക്തമായിരുന്നു. (സര്‍വ്വജ്ഞാനി)

ആത്മത്യാഗം വിലമതിക്കപ്പെടുന്ന, സമത്വം പുലരുന്ന, അന്യവല്‍ക്കൃതമല്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയാണല്ലോ, പ്രകൃതി നിയമത്തില്‍ തകര്‍ന്നടിയുന്നത്. (അത്യുന്നത മൂല്യബോധം)

എന്തായാലും നമ്മുടെ നവോത്ഥാനപാതയുടെ ഒരറ്റത്തുനില്ക്കുന്ന ഒരിടതുപക്ഷക്കാരനായാണ് 70കള്‍ മുതല്‍ ഞാന്‍ എന്നെത്തന്നെ കണ്ടെത്തിയിട്ടുള്ളത്. (മാറ്റമില്ലാത്ത ആദര്‍ശനിഷ്ഠ)

പൊതുവേ സൂത്രശാലികളെ ഇഷ്ടമല്ലാത്തതിനാല്‍ ഇ.എം.എസ് എന്നെ ആകര്‍ഷിച്ചില്ല. ..... അദ്ദേഹത്തിന്റെ ദൈനംദിന അവസരവാദങ്ങളും വക്രീകരണങ്ങളും മാത്രം മതിയായിരുന്നു ഒരാദര്‍ശ പ്രേമിയായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ മടുപ്പിക്കാന്‍ (ആദര്‍ശപ്രേമി)

ജനാധിപത്യ ജീര്‍ണ്ണതയോടുള്ള എതിര്‍പ്പിന്റെ പൊതു ഇടത്തിലാണ് ഞാനും നക്‌സലൈറ്റ് സുഹൃത്തുക്കളും സന്ധിക്കുന്നത് (ജനാധിപത്യവാദി)

ഒരു ആഗോള അവന്ത്ഗാദിന്റെ വിനീതനായ അംഗമെന്ന നിലക്ക് ഞാന്‍ ലോകത്തിലെ ജ്ഞാതരും അജ്ഞാതരുമായ നൂറുകണക്കിന് ആളുകളോട് ദിവസേന സംവദിക്കുന്നുണ്ട് എന്നുതോന്നിയിരുന്നു. (ഈതോന്നല്‍ മാത്രമാണദ്ദേഹത്തിന്റെ ഏകസാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനം!)

ഇങ്ങിനെയൊക്കെ തന്നെത്തന്നെ പ്രതിഷ്ഠിച്ച് മറ്റെല്ലാ സുഹൃത്തുക്കളും ചെളിക്കുളത്തില്‍ ചെന്നുവീണപ്പോള്‍ അതിലുള്‍പ്പെടാത്ത ഏക മനഷ്യനാണ് ഞാനെന്ന് പ്രഖ്യാപിക്കുകയാണദ്ദേഹം. ഈ അമ്പതുകൊല്ലത്തിന്റെ കേരളീയചരിത്രത്തിലെ സകലവിധ സാമൂഹ്യ-രാഷ്ട്രീയ പ്രയോഗങ്ങളില്‍ നിന്നും കൃത്യമായും വലിയൊരകലം നിലനിര്‍ത്തി ജീവിച്ചുപോന്ന ഒരു മനുഷ്യന്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നുവെങ്കില്‍ അതിന് കുറഞ്ഞ ഒരു മെഗലോമാനിയ പോരാ.

താനൊഴികെ സകലരും ചെളിയില്‍ തിമിര്‍ക്കുന്ന ഇരട്ടത്താപ്പുകാരാണെന്ന് (സി.പി.ഐയില്‍ കുറച്ചു നല്ല രാഷ്ട്രീയക്കാരെ അദ്ദേഹം കണ്ടെത്തുന്നുണ്ട്, അവരുടെ അടിയന്തിരാവസ്ഥയിലെ റോളൊന്നുമതിന് പ്രശ്‌നമല്ല. അവിടെ അദ്ദേഹത്തിന്റെ ജനാധിപത്യ അളവുകോല്‍ പാതിക്കുവെച്ചു മുറിയുകയും ചെയ്യുന്നു.) സ്ഥാപിച്ച് തന്റെ മഹത്വമുയര്‍ത്തുന്നത് ഇസ്ലാമിസത്തെ ഭര്‍ത്സിച്ചുകൊണ്ട് അമേരിക്കക്കും ഇസ്രായേലിനും വക്കാലത്തൊരുക്കാനാണെന്നുവരുമ്പോള്‍ എത്ര ഗംഭീരമായാണ് പരമേശ്വരന്റെ സത്യമൂല്യങ്ങളും സംഘപരിവാറിന്റെ പ്രത്യയശാസ്ത്രകാഴ്ചപ്പാടുകളും ഒത്തുപോകുന്നതെന്നു നിരീക്ഷിക്കുക രസകരമാണ്.

പരമേശ്വരന്‍ തന്റെ നിരീക്ഷണങ്ങള്‍ക്ക് ആനന്ദിന്റെ വേട്ടക്കാരും വിരുന്നുകാരുമെന്ന കൃതിയെ സാക്ഷിയായി കൊണ്ടുവരുന്നുണ്ട്. ആ കൃതി വിവിധ മതങ്ങളെ വിലയിരുത്തുന്നത് തികച്ചും ചരിത്രവിരുദ്ധമായാണ്. ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ക്രിസ്തുമതത്തെ കൊട്ടിഘോഷിക്കാനും ചരിത്രവുമായി ബന്ധമില്ലാത്ത നിരവധി മാനദണ്ഡങ്ങളും അര്‍ദ്ധസത്യങ്ങളുമെല്ലാമദ്ദേഹമതില്‍ നിരത്തിയിരിക്കുന്നു. ആനന്ദിന്റെ ആ കൃതിയില്‍ ആവേശഭരിതനാകുന്ന പരമേശ്വരന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട disrupter അരുണ്‍ഷൂരിയാണെന്നുകൂടിപറയുമ്പോള്‍ നമുക്കുകാര്യങ്ങള്‍ വ്യക്തമാണ്. ഷൂരിയുടെ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള പത്രലേഖനങ്ങളും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ സ്വാതന്ത്യസമരത്തെ വഞ്ചിച്ചതിനെക്കുറിച്ചുള്ള ചരിത്രപഠനവും പ്രകോപനപരമാം വിധമുള്ള ഖുര്‍ ആന്‍ വായനയുമാണല്ലോ അദ്ദേഹത്തെ പരമേശ്വരനെ പ്രിയങ്കരനാക്കുന്നത്.

ഏന്തെങ്കിലും തരത്തിലുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രയോഗങ്ങളിലേര്‍പ്പെടുന്ന ആര്‍ക്കും, അവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, കാലത്തിന്റെയും സ്ഥലത്തിന്റെയും ശരികളെ കണക്കിലെടുക്കാതെ എന്നും സത്യം കേവലമായി പറഞ്ഞുകൊണ്ടുനടക്കാനാവില്ല. അത്തരമൊരു നക്‌സലൈറ്റ് എം. മുകുന്ദന്റെ കേശവന്റെ വിലാപങ്ങളെന്ന നോവലിലെ ശരവണന്‍ മാത്രമാണ്. ജീവിതത്തിലത്തരമൊരാളില്ല. ജനങ്ങളോടോ സമൂഹത്തിനോടോ ഒരിക്കലുമൊരുത്തരവാദിത്വവും അനുഭവപ്പെടാതിരുന്നതുകൊണ്ട് എല്ലാത്തരം സാമൂഹ്യ-രാഷ്ട്രീയപ്രയോഗങ്ങളില്‍ നിന്നുമകന്ന് തന്റെ വൃത്തിയുള്ള കുളിമുറിയും കിടക്കയുമായി പരമേശ്വരന്‍ അരനൂറ്റാണ്ട് താണ്ടിയിരിക്കുന്നു. ശരവണനെപ്പോലെ ഭിത്തിയിലെ പോസ്റ്ററില്‍ മൂത്രമൊഴിക്കേണ്ട ഗതികേടദ്ദേഹത്തിനില്ല. അദ്ദേഹത്തിന് മാന്യതയുള്ള എഴുത്തിടങ്ങള്‍ ലഭിക്കും. ആദര്‍ശഭ്രംശം വരാതെ അരനൂറ്റാണ്ടുകാലം ഉയര്‍ത്തിപ്പിടിച്ചശേഷം അദ്ദേഹം തന്റെ സത്യപ്പൊതിക്കെട്ടഴിക്കുമ്പോള്‍ പുറത്തുചാടുന്ന സത്യങ്ങള്‍ സംഘപരിവാറിന്റെ സത്യങ്ങളുടെ നേര്‍പ്പകര്‍പ്പുകള്‍ മാത്രമാവുന്നു.

പരമേശ്വരന്‍ ഇങ്ങനെയെല്ലാം സത്യംപറഞ്ഞോളൂ! പക്ഷെ, അത് 70നക്‌സലിസത്തിന്റെയോ 80 നക്‌സലിസത്തിന്റെയോ ചെലവില്‍ വേണ്ട. 70കളിലെ നക്‌സലൈറ്റ് വരെയെത്തുന്ന നവോത്ഥാനപൈതൃകം അകര്‍മ്മണ്യതയുടെയും അമേധ്യമെറിയലിന്റെയും ഒന്നായിരുന്നില്ല.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow