Loading Page: 'വികസനം' 'സുസ്ഥിര-വികസനം' 'പാഴ് വികസനം' - സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മുന്നറയിപ്പും

പി.ജെ. ബേബി

വികസനം എന്ന വാക്ക് ഇന്ത്യപോലെ രാജ്യത്തു പ്രാഥമിക സൗകര്യങ്ങള്‍ തന്നെ
എത്തിച്ചേരാത്ത ഒരിടത്തു തീര്‍ച്ചയായും വളരെ പ്രലോഭനീയമായ ഒരു വാക്കു തന്നെ. പ്രാഥമികവിദ്യാലയമില്ലാത്ത ഒരു ഗ്രാമത്തില്‍ ഒരു പ്രാഥമിക വിദ്യാലയം,
അത് ഏകാദ്ധ്യാപക വിദ്യാലയമായാല്‍പ്പോലും,വരുന്നതു വികസനമാണ്.
ഒരു ടാര്‍ റോഡില്ലാത്തിടത് അത് വരുന്നത് വികസനമാണ്. ഇത്തരത്തില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ ഇന്നും പ്രാഥമികമായ പലതിന്റെയും അഭാവം നേരിടുന്നതുകൊണ്ടു വികസനം എന്ന വാക്ക് വലിയ കൈയ്യടി നേടുന്നു.
ഇന്ത്യയില്‍ ഇന്നു അത് ഭരണാധികാരികളുടെ മാന്ത്രികവാക്കാണങ്കെില്‍ അമേരിക്കയിലോ മറ്റു വികസിത രാജ്യങ്ങളിലോ ആ വാക്കിന് യാതൊരു മാന്ത്രികതയുമില്ല. അവര്‍ സംസാരിക്കുന്നതു വളര്‍ച്ചയെക്കുറിച്ചു മാത്രമാണ്. ഇന്ന് മുഴുവന്‍ വികസിത രാജ്യങ്ങളും മുതലാളിത്ത വ്യവസ്ഥയില്‍ അഭികാമ്യമായ ഒരു വളര്‍ച്ചാനിരക്കിനു താഴെയാണ്.

ഈയിടെയായി വ്യാപകമായി ഉപയോഗിക്കുന്ന വാക്കുകളാണ് വികസനവും വികസനവിരോധവും. വികസനം എന്ന വാക്ക് ഇന്ത്യപോലെ രാജ്യത്തു പ്രാഥമിക സൗകര്യങ്ങള്‍ തന്നെ എത്തിച്ചേരാത്ത ഒരിടത്തു തീര്‍ച്ചയായും വളരെ പ്രലോഭനീയമായ ഒരു വാക്കു തന്നെ. പ്രാഥമികവിദ്യാലയമില്ലാത്ത ഒരു ഗ്രാമത്തില്‍ ഒരു പ്രാഥമിക വിദ്യാലയം, അത് ഏകാദ്ധ്യാപക വിദ്യാലയമായാല്‍പ്പോലും,വരുന്നതു വികസനമാണ്. ഒരു ടാര്‍ റോഡില്ലാത്തിടത് അത് വരുന്നത് വികസനമാണ്. ഇത്തരത്തില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ ഇന്നും പ്രാഥമികമായ പലതിന്റെയും അഭാവം നേരിടുന്നതുകൊണ്ടു വികസനം എന്ന വാക്ക് വലിയ കൈയ്യടി നേടുന്നു.

ഇന്ത്യയില്‍ ഇന്നു അത് ഭരണാധികാരികളുടെ മാന്ത്രികവാക്കാണങ്കെില്‍ അമേരിക്കയിലോ മറ്റു വികസിത രാജ്യങ്ങളിലോ ആ വാക്കിന് യാതൊരു മാന്ത്രികതയുമില്ല. അവര്‍ സംസാരിക്കുന്നതു വളര്‍ച്ചയെക്കുറിച്ചു മാത്രമാണ്. ഇന്ന് മുഴുവന്‍ വികസിത രാജ്യങ്ങളും മുതലാളിത്ത വ്യവസ്ഥയില്‍ അഭികാമ്യമായ ഒരു വളര്‍ച്ചാനിരക്കിനു താഴെയാണ്. അര ശതമാനം മുതല്‍ രണ്ടു ശതമാനം വരെയുള്ള ആ രാജ്യങ്ങളുടെ വളര്‍ച്ച നിരക്ക് സൂചിപ്പിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ്. റിയല്‍ എക്കോണമിയുടെ മേല്‍ (യഥാര്‍ത്ഥ ഭൗതിക ചരക്കുകളും, സേവനങ്ങളും) ഊഹ മൂലധനത്തിനു (ഫൈനാന്‍ഷ്യല്‍-സ്‌പെക്കുലേറ്റിവ് കാപിറ്റല്‍) വന്നുചേര്‍ന്ന ഭീമാകാരമാര്‍ന്ന വളര്‍ച്ച മൂലം അവക്ക് ഒരു മൂന്ന് ശതമാനമെങ്കിലും വളര്‍ച്ചയുണ്ടായാലേ പ്രതിസന്ധിയൊഴിവാക്കി തുടരാനാവൂ. ലാഭം ഇന്നത്തെ രീതിയില്‍ കുറഞ്ഞാല്‍ 2008 ലേതുപോലെ വീര്‍ത്തുവരുന്ന ഫൈനാന്‍ഷ്യല്‍ കുമിള പൊട്ടിത്തകരുന്നതിലേക്കു തന്നെ നയിക്കപ്പെടും. അതൊഴിവാക്കാനുള്ള ഏതു നീക്കവും വലിയ തൊഴിലില്ലായ്മയിലേക്കും പണച്ചുരുക്കത്തിലേക്കും നയിക്കും. എന്നാല്‍ ഇനിയൊരു കുമിള പൊട്ടല്‍ സംഭവിച്ചാല്‍ അത് 2008-ല്‍ വന്നത് പോലെയാകില്ല. 2008 മുതല്‍ ഒമ്പതുവര്‍ഷക്കാലത്തെ കടുത്ത തളര്‍ വാതത്തിനു ശേഷം ഇപ്പോഴൊരു ഡെങ്കിപ്പനി പോലെ അത് വന്നാല്‍ രോഗി തന്നെ ചിലപ്പോള്‍ സിദ്ധി കൂടിയെന്നും വരും. അതുകൊണ്ടു പൊട്ടാതിരിക്കാന്‍ ഫൈനാന്‍ഷ്യല്‍ ബലൂണിനെ വീണ്ടും വീണ്ടും ഊതി വീര്‍പ്പിക്കുകയാണ് ജപ്പാനും യൂറോപ്യന്‍് രാജ്യങ്ങളും. അമേരിക്കക്കു അവരുടെ നാണയമായ ഡോളര്‍ ആഗോളവിനിമയ മാധ്യമമായതിനാല്‍ എത്രയെങ്കിലും കമ്മിപ്പണമിറക്കി തത്ക്കാലം പ്രതിസന്ധിയൊഴിവാക്കാം. ഡോളറില്‍ വിദേശനാണയ റിസര്‍വ് സൂക്ഷിച്ചിരിക്കുന്ന രാജ്യങ്ങള്‍ അവര്‍ക്കു കടം കൊടുത്തതു പോലെയാകും അമേരിക്കക്ക് ആ കമ്മി അനുഭവപ്പെടുക. ഈ സൗകര്യം ഉപയോഗിച്ചു കഴിഞ്ഞ ഒന്‍പതു വര്‍ഷമായി അമേരിക്ക ആഭ്യന്തരക്കടം വര്‍ധിപ്പിച്ചു വര്‍ധിപ്പിച്ചു ഇന്ന് അത് ആ രാജ്യത്തിന്റെ വാര്‍ഷിക ജി.ഡി.പി.യുടെ ഒന്നേകാലിരട്ടിയായിരിക്കുന്നു.

ജി.ഡി.പി.യുടെ ശതമാനം വച്ച് നോക്കിയാല്‍ അമേരിക്കയെക്കള്‍ കടമുള്ളതു ഗ്രീസിനാണ്. ഗ്രീസ് പലവട്ടം കടം തിരിച്ചടക്കാനാവാതെ പ്രതിസന്ധിയിലെത്തുകയും ഒരു യൂറോപ്യന്‍ സാമ്പത്തികത്തകര്‍ച്ചയുടെ തുടക്ക മൊഴിവാക്കാനായി ഗ്രീസിന് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ വലിയ കടം നല്‍കി ഗ്രീസ് കടത്തിന്റെ ഗഡുക്കള്‍ മുടക്കം വരുന്നില്ലെന്നുറപ്പാക്കുകയുമാണ് ഇന്ന്. അപ്പോഴും ഗ്രീസ് അടുത്ത കൂടുതല്‍ വലിയൊരു കടത്തിനു ആവശ്യപ്പെടുന്നതിന്റെ വക്കിലാണിപ്പോള്‍. എങ്കിലും ഉല്പാദനം വര്‍ദ്ധിപ്പിക്കാതെ ഗ്രീസിനെപ്പോലെ അമേരിക്കയ്ക്ക് കമ്മി എത്രയെങ്കിലും വര്‍ധിപ്പിച്ചു അധികകാലം മുന്നോട്ടുപോകാനാവില്ല. കടം പരമാവധി കുന്നുകൂട്ടി പ്രതിസന്ധി ഉന്തിത്തള്ളി പരമാവധി മുന്നോട്ട് നീക്കാവുന്നതിന്റെ സാധ്യതയാണ് ഒബാമ കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തു ഉപയോഗിച്ചത്. ഇപ്പോള്‍ ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ സാധ്യത ഏതാണ്ടു കഴിഞ്ഞിരിക്കുന്നു. 'അമേരിക്കാഫസ്റ്റ്', 'മെക്‌സിക്കന്‍ മതില്‍-കെട്ടല്‍',തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ 'യുദ്ധോത്സുക'ത എന്നിവയെല്ലാം മുദ്രാവാക്യമാക്കി അധികാരത്തില്‍ വന്ന ട്രംപ് ആദ്യം ആ ദിശയില്‍ ചിലതെല്ലാം ചെയ്തു കൈയ്യടി നേടാന്‍ ശ്രമിച്ചു. അത് പരാജയമായി. ഒടുവില്‍ 'കാലാവസ്ഥക്കരാറില്‍ നിന്ന് പിന്മാറുക'യെന്ന വാഗ്ദാനം പാലിച്ചിട്ടുണ്ട്! അതായതു, അധികം വിദൂരമല്ലാത്ത ഭാവിയില്‍ ലോകം സമ്പൂര്‍ണ്ണമായി നശിച്ചു പോകുന്നതിനെ അമേരിക്ക ഭയപ്പെടുന്നില്ല! ഞങ്ങള്‍ ഞങ്ങളുടെ ഫോസില്‍ ഇന്ധന (Fossil Fuels) ഖനനവും കത്തിക്കലും ഊര്‍ജസ്വലമാക്കി ഞങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുറപ്പാക്കാനും ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് താല്‍പര്യപ്പെടുന്നത് എന്നാണ് ട്രമ്പിലൂടെ അമേരിക്ക ഇന്ന് ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന്റെയൊപ്പം ഇന്ത്യക്കും, ചൈനക്കും ആവശ്യത്തില്‍ കവിഞ്ഞ സൗജന്യങ്ങള്‍ നല്‍കി എന്നൊരു ആരോപണവും ഉന്നയിക്കുന്നു. അപ്പോള്‍ ലോകത്തിലെ ബാക്കിരാജ്യങ്ങള്‍ എന്ത് ചെയ്യണം? ഒന്നുകില്‍ അമേരിക്കയോടൊരു യുദ്ധം ചെയ്തു അവരെ വഴിക്കു കൊണ്ട് വരണം. അത് ഇന്നത്തെ നിലക്ക് സാധ്യമല്ലാത്തതിനാല്‍, അമേരിക്ക ഫോസില്‍ ഇന്ധന ഉപയോഗം കൂട്ടുന്നതിന് അനുപാതികമായി മറ്റു രാജ്യങ്ങള്‍ വലിയ ത്യാഗം സഹിച്ച് അവരുടെ ഫോസില്‍ ഇന്ധന ഉപയോഗം കുറച്ചു കൊണ്ടുവരണം. അതും സാധ്യമല്ലെങ്കില്‍ ട്രംപ് പറയുന്ന മട്ടില്‍ ഇന്ത്യയെയും ചൈനയെയും കൊണ്ട് മറ്റെല്ലാ രാജ്യങ്ങളും ചേര്‍ന്ന് അമേരിക്ക വര്‍ധിപ്പിക്കുന്നതിനു അനുപാതികമായി കാര്‍ബണ്‍ പുറന്തള്ളല്‍ ബലമായി കുറപ്പിക്കണം.

ഈ മൂന്നു കാര്യങ്ങളിലൊന്നും ഇന്ന് നടക്കുന്നില്ല. അതിന്റെ അര്‍ത്ഥം: ഭൂമിയില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പ് ഇന്നത്തെ നിലയില്‍ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേയുള്ളുവെന്നതുമാണ്. ഒരു പറ്റം ശാസ്ത്രജ്ഞര്‍ പറയുന്നത് ലോകം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ഇന്നത്തെ നിരക്കില്‍ തുടര്‍ന്നാല്‍ 2035 -ഓടെ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് ഇന്നത്തെ 400 പി.പി.എം. എന്നത് 435 പി.പി.എം ആകുമെന്നാണ്. ആ പരിധി കടന്നാല്‍ പിന്നെ ഭൂമിയിലുണ്ടാകുന്ന വലിയ മാറ്റങ്ങളുടെ പരമ്പരയെ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്നും അവര്‍ പറയുന്നു. പക്ഷെ ഇന്ന് നടക്കുന്നത് ഫോസില്‍ ഇന്ധനങ്ങളുടെ കത്തിക്കല്‍ സ്ഥിരത കൈവരിക്കലല്ല മറിച്ചു ക്രമമായി വര്‍ദ്ധിപ്പിക്കുന്നതാണ്. അതിനൊന്നും കൂടി വേഗം വര്‍ദ്ധിപ്പിക്കലാണ് ട്രംപ് നടത്തുന്നത്.

സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്

ഈ സ്ഥിതി കണക്കിലെടുത്താണ് വിശ്രൂത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് നൂറുവര്‍ഷത്തിനപ്പുറം ഈ ഭൂമി വാസയോഗ്യമായി നിലനില്ക്കില്ലെന്നും മനുഷ്യന്‍ ഉടനടി ചന്ദ്രനിലോ ചൊവ്വയിലോ പോയി താമസിക്കാന്‍ സൗകര്യം ചെയ്തുകൊള്ളണമെന്നും പറഞ്ഞത്! (അദ്ദേഹം തന്റെ”ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” എന്ന പുസ്തകത്തില്‍ ഭൂമിക്കിനിയും ദശലക്ഷകണക്കിനു വര്‍ഷത്തിന്റെ ഭാവി ഉണ്ടെന്നാണ് പ്രവചിച്ചിരുന്നത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും). എന്തായാലും സാങ്കേതിക വിദ്യയുടെയും മറ്റും സഹായങ്ങളോടെ ഏതാനുമാളുകള്‍ക്ക് ബഹിരാകാശത്തോ ചന്ദ്രനിലോ പോയി ഏതാനും നാള്‍ നിലനില്ക്കാനാകുമെന്നതല്ലാതെ ദീര്‍ഘനാള്‍ നിലനില്ക്കാനിന്നത്തെ നിലയില്‍ ലോകം വളര്‍ന്നിട്ടില്ല. ഭൂമിയുടെ ഒരു സഹായവുമില്ലാതെ സ്വയം നിലനിന്നു പോകാവുന്ന ഒരു മനുഷ്യകോളണി ചന്ദ്രനിലോ ചൊവ്വയിലോ വരുന്ന നൂറുകൊല്ലത്തിനകം ഉണ്ടാക്കാന്‍ മനുഷ്യനു കഴിയുമെന്ന് യുക്തിപരമായി ഊഹിക്കാന്‍ ഇന്നത്തെ ശാസ്ത്രസാങ്കേതിക വളര്‍ച്ച വച്ചു് സാധ്യവുമല്ല!

അതായത്, കാര്യങ്ങളുടെ കിടപ്പ് ഇന്ന് ഇങ്ങനെയാണ്: 17-18 കൊല്ലം എന്നത് വലിയ വിദൂരമായ ഒരു കാലയളവല്ല. ചെറിയൊരു കാലയളവാണ്. അതിനകം മനുഷ്യരാശി നശിക്കാതിരിക്കണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളുടെ കത്തിക്കല്‍ കുറച്ചുകൊണ്ടുവരിക തന്നെ വേണം. അത് സാധ്യമാണോ? തീര്‍ച്ചയായും സാധ്യമാണ് എന്നാണുത്തരം. ഇന്നത്തെ സാങ്കേതികവിദ്യ വച്ചുപോലും ഇന്നത്തെ ഫോസിലിന്ധനങ്ങളില്‍ ഒരു പകുതിയെയെങ്കിലും വെറും രണ്ടുമൂന്നു വര്‍ഷം കൊണ്ട് ഒരു തീവ്രശ്രമത്തിലൂടെ സൗരോര്‍ജ്ജം കൊണ്ട് പകരം വെക്കാനാകും. യുദ്ധരംഗത്തും മറ്റും പുതിയ കണ്ടുപിടിത്തങ്ങള്‍ക്കായി ഇന്ന് നടത്തുന്ന ഗവേഷണങ്ങള്‍ സൗരോര്‍ജ്ജമേഖലയിലേക്ക് തിരിച്ചുവിട്ടാല്‍ ഒരു പത്തു വര്‍ഷത്തിനകം മുഴുവന്‍ ഫോസില്‍ ഇന്ധനങ്ങളെയും സൗരോര്‍ജ്ജത്തിന് പകരം വെക്കാനാകും. പിന്നെ എന്താണ് തടസ്സം?

ഒരു വലിയ തടസ്സമുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഇല്ലാതാക്കലും സൗരോര്‍ജ്ജത്തിന്റെ പകരം വെക്കലും ഇന്നത്തെ ആഗോള രാഷ്ട്രീയക്രമത്തെ പാടെ തകര്‍ക്കും. ഭൂമധ്യരേഖയോട് ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങള്‍ ക്രമേണ മുന്നോട്ടുവരും. എണ്ണയുടെ മേല്‍ പിടിമുറുക്കി ലോകാധിപത്യം നിലനിര്‍ത്തുന്ന ഇന്നത്തെ പ്രമാണികള്‍ ക്രമേണ പിന്നോട്ടടിക്കും. ചിലപ്പോള്‍ ആ മാറ്റം ക്രമേണയാകണമെന്നുമില്ല. വലിയ കുഴമറിച്ചിലുകളുടെ ഒരു സാമാന്യം നീണ്ട പ്രക്രിയയുമായേക്കാം.

ചുരുക്കത്തില്‍ മുതലാളിത്തവും മുതലാളിത്ത പക്ഷപാതികളും കണ്ണില്‍ വന്നുകുത്തിയിട്ടും അംഗീകരിക്കാന്‍ മടിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ പ്രത്യേക മുതലാളിത്തപക്ഷപാതമൊന്നുമില്ലാത്ത സോഷ്യലിസ്റ്റുകളും ജനാധിപത്യ ഇടതുപക്ഷവുമാണ് ഇതാണ് യാഥാര്‍ത്ഥ്യമെന്നും ഇതിന് അടിയന്തിര പരിഹാരം വേണമെന്നും ലോകജനതയോട് വിളിച്ചുപറയേണ്ടത്. മനുഷ്യരാശിയുടെ ഭൂമിയിലെ നിലനില്പുറപ്പാക്കുന്ന ഒരു സംഭവത്തെയാണവര്‍ വികസനം എന്നുവിളിക്കേണ്ടത്. അല്ലാതെ വികസനം എന്നപേരില്‍ ദശകോടികള്‍ മുടക്കിയുണ്ടാക്കുന്ന പദ്ധതികള്‍ വികസനമല്ല. പരമാവധി വന്നാല്‍ അവയെക്കുറിച്ച് നമുക്ക് പറയാവുന്നത് മുതലാളിത്ത വികസനം = വിനാശം എന്നാണ്.

കേരളത്തിലേക്ക്...

കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ സെക്രട്ടറിയും വൈപ്പിനിലെ ഐഒസി സംഭരണി, വിഴിഞ്ഞം പദ്ധതി എന്നിവയെയാണ് വികസനത്തിന്റെ രണ്ട് മാതൃകാ സംരംഭങ്ങളായിക്കാണുന്നത്. അതിനെ എതിര്‍ക്കുന്നവര്‍ക്ക് വികസനം മുടക്കികളെന്നാണ് പേര്. പരിസ്ഥിതി സംരക്ഷിക്കണ്ടേ? തീര്‍ച്ചയായും സംരക്ഷിക്കാം. പക്ഷെ വികസനം മുടക്കാതെ വേണമത്. വികസനം മുടക്കാതെ എവിടെ വരെയാകാം? ഒരുകോടി മരംനടല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കിക്കൂട്ടി വെളിമ്പറമ്പില്‍ ചാക്കില്‍ നിറച്ചുവെക്കല്‍, മട്ടുപ്പാവില്‍ ചാക്കുകളില്‍ പ്രകൃതികൃഷി എന്നിവവരെയാകാം.

പക്ഷേ എന്താണിന്നിന്റെ യാഥാര്‍ത്ഥ്യം? പശ്ചിമഘട്ടത്തിലെ വനനശീകരണവും മലയിടിക്കലും മൂലം പശ്ചിമഘട്ട മേഖലകളില്‍ മഴ കുറഞ്ഞു വരുന്നു. മരുവല്‍ക്കരണം സംഭവിക്കുന്നു. പുഴകള്‍ ശോഷിക്കുന്നു. കുടിവെള്ള ലഭ്യത കുറയുന്നു. മഴകുറഞ്ഞ്, വെള്ളമെത്താത്ത നിലവിലെ ഡാമുകളില്‍ തന്നെ ഉല്പാദിപ്പിക്കാനാകുന്ന വൈദ്യുതിയുടെ അളവ് കാര്യമായി കുറയുമ്പോഴും ഇനിയും പശ്ചിമഘട്ടത്തില്‍ ഡാമുകള്‍ വേണം. വനം കയ്യേറിയവരെ ധൃതിപിടിച്ച് ഒഴിപ്പിക്കാന്‍ പാടില്ല. അപ്പോള്‍ പശ്ചിമഘട്ടത്തിന്റെ നല്ല ഭാഗം ഇടിച്ചുനിരത്തി വിഴിഞ്ഞത്ത് എമണ്ടന്‍ തുറമുഖവും ടൗണ്‍ഷിപ്പുമുണ്ടാക്കിയാല്‍ എവിടെ നിന്ന് അവിടേക്കും, ബാക്കിമനുഷ്യര്‍ക്കും വേണ്ട വെള്ളം കിട്ടും? അതിനും പരാഹാരമുണ്ടാകാം. വിഴിഞ്ഞത്തിനുകിഴക്കുള്ള പശ്ചിമഘട്ടം ഇടിക്കണ്ട, കൊല്ലത്തിന്റെ കിഴക്കുനിന്ന് പാറപൊട്ടിച്ചാല്‍ മതി.

അപ്പോഴും പ്രശ്നമുണ്ട്. ഇന്ന് ലോകത്തെ ചരക്കുനീക്കത്തില്‍ മുന്നില്‍ രണ്ടും ഫോസില്‍ ഇന്ധനങ്ങളാണ്. (കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം) ഇവയൊന്നും ഇനി കൊണ്ടുപോകേണ്ടയെന്ന് വിവേകബുദ്ധി മൂലം മനുഷ്യരാശി തീരുമാനിച്ചാല്‍, അഥവാ വിവേകബുദ്ധി കാണിക്കാതെ ലോകം തന്നെ നശിച്ചാല്‍, രണ്ടായാലും, ഫോസില്‍ ഇന്ധനത്തിന്റെ ചരക്കുനീക്കം പാടെ നിലക്കും. ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ലോക കാര്‍ഗോ ഷിപ്പിങ്ങിന്റെ ഊതിവീര്‍പ്പിച്ച കണക്കിന്മേലാശ്രയിച്ചുളള വിഴിഞ്ഞത്തിന്റെ കണക്കിനെയാശ്രയിച്ച് 'വികസനം' 'വികസനം' എന്ന് പിണറായി വിജയനും സുസ്ഥിര-വികസനമെന്ന് കോടിയേരി ബാലകൃഷ്ണനും (അങ്ങനെയാണദ്ദേഹം തൃശ്ശൂരിലെ ഇ/എം/എസ് സെമിനാറില്‍ പറഞ്ഞത്) പറഞ്ഞാല്‍ വിഴിഞ്ഞം വികസനമാകുമോ? അത് കാലാവസ്ഥക്കരാര്‍ റദ്ദാക്കിയ ട്രംപിന്റെ ലോകത്തെ സംബന്ധിച്ച ദൂരവീക്ഷണമുണ്ടല്ലോ, അത്രയും മാത്രം ദൂരവീക്ഷണമുള്ള പറച്ചിലുകളാണ്.

സമാനമാണ് ഐഒസിയുടെ പാചകവാതക പ്ലാന്റിന്റെ കാര്യവും. ഇന്ത്യ ഒരു കാലാവസ്ഥക്കരാറൊപ്പുവച്ച രാജ്യമാണെന്നും അതിന്‍പ്രകാരം ഇന്ത്യക്ക് എത്രകണ്ട് കൂടുതല്‍ ഫോസില്‍ ഇന്ധനം കത്തിക്കല്‍ തുടരാമെന്നുമാലോചിക്കാതെ ഐഒസി നിരന്തരം വര്‍ദ്ധിച്ചുപോകുന്ന പാചകവാതക കത്തിക്കലിന്റെ (അഥവാ ഉപയോഗത്തിന്റെ) കണക്കുണ്ടാക്കി ഒരു കൂറ്റന്‍ സംഭരണിയുണ്ടാക്കുന്നു. ഐഒസി പറയുന്ന ശതമാനക്കണക്കില്‍ ഫോസില്‍ ഇന്ധനം കത്തിക്കല്‍ വളര്‍ന്നുപോയാല്‍ ലോകമെത്രനാളുണ്ടാകും? അതിനും വിഴിഞ്ഞം മട്ടില്‍ മറുപടിയുണ്ട്. രാജ്യത്തും ലോകത്തും മറ്റുള്ളവര്‍ ഫോസില്‍ ഇന്ധനം കത്തിക്കല്‍ കുറച്ചാല്‍ മതി. കേരളവും ഇടതുമുന്നണിയും തന്നെ അതുചെയ്യണമെന്നില്ലല്ലോ!

90-കളിലെ വികസനം എവിടെ?

വികസനം മുടക്കിയുടെ കഴുത്തിന് പിടി വീഴുന്നതിനു മുമ്പ് ഒരു ചോദ്യം കൂടി ചോദിക്കേണ്ടതുണ്ട്. 1990 -കളില്‍ കരുണാകരന്‍ സര്‍ക്കാര്‍ ബ്രഹ്മപുരം പദ്ധതിയും ഡീസല്‍ താപനിലയങ്ങളും പ്ലാനിട്ടപ്പോള്‍ അവ വെറും വിഡ്ഢിത്തമാണ്, പാഴായിപ്പോകും, എന്ന് കേരളം മുഴുവന്‍ വിളിച്ചു പറഞ്ഞു നടന്നവരില്‍ അക്കാലത്തെ യുവജനവേദി സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ ഈ ലേഖകനുമുണ്ടായിരുന്നു. ആ പദ്ധതികള്‍ക്ക് പിന്നാലെ കായംകുളത്തെ എന്‍.ടി.പി.സി.യുടെ താപനിയിലയവും കല്യാശ്ശേരിയിലെ എന്റോണിന്റെ കണ്ണൂര്‍ പവര്‍ പ്രൊജക്റ്റും ചര്‍ച്ചയായി. കല്യാശ്ശേരി പദ്ധതിയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞു. (അക്കാലത്തു ധാബോളിലെ എന്റോന്‍ പദ്ധതി പ്രശ്‌നത്തിന് നടുവിലായതു കൊണ്ട് കൂടിയാണ് അത് സാധ്യമായത്.) കായംകുളം നിലവില്‍ വന്നു. ഇന്നിപ്പോള്‍ കാസര്‍ഗോഡ് മുതല്‍ കായംകുളം വരെ നിരന്നു കിടക്കുന്ന ഈ പദ്ധതികളില്‍ നിന്ന് ഒരു യുണിറ്റെങ്കിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ടോ? അവക്ക് മുടക്കിയ, നഷ്ടമായ, ജനങ്ങളുടെ നികുതിപ്പണത്തിനു ആരെങ്കിലും ഉത്തരവാദിത്തം പറഞ്ഞോ?

വികസനം വെറും പാഴ് വികസനമായി നൂറുകണക്കിന് കോടികള്‍ തുലച്ചതിനു കല്ലടപദ്ധതി, പഴശ്ശിപദ്ധതി, മൂവാറ്റുപുഴ പദ്ധതി ,കാരാപ്പുഴ പദ്ധതി എന്നിങ്ങനെ എത്രയെങ്കിലും ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. അക്കേഷ്യ-യൂക്കാലി വക്കല്‍ ഇന്ന് പോലും വനം വകുപ്പിന് വികസനമാണ്!

2006-ല്‍ തുടങ്ങിയ ടാറ്റായുടെ മുന്ദ്ര വൈദ്യുതി നിലയം 4000 മെഗാവാട്ടിന്റെ മെഗാ താപനിലയമാണ്. സൗരോര്‍ജത്തിന്റെ വികസനത്തില്‍ വെറും പത്തു വര്‍ഷത്തിനകം അത് അടച്ചിടേണ്ടിവന്നത് വികസനം മുടക്കികള്‍ കാരണമാണോ?

വികസനം, വികസനം മുടക്കി, സുസ്ഥിര വികസനം തുടങ്ങിയ വാക്കുകളെടുത്തു വീശുന്നതിനു മുമ്പ് സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ട്രംപ് പോലുള്ള ഭ്രാന്തന്മാരുടെ നടപടി ലോകത്തെ ഭീമാകാരമാര്‍ന്നൊരു പാരിസ്ഥിതിക വിനാശത്തിലേക്കു തള്ളിവിടുന്നത്തെക്കുറിച്ചു സ്റ്റീഫന്‍ ഹോക്കിങ് പറയുന്ന കാര്യങ്ങളെക്കുറിച്ചൊന്നാലോചിക്കാന്‍ നമ്മുടെ വികസനപ്രമാണികള്‍ തയ്യാറാകുമെന്ന പ്രതീക്ഷയൊന്നും ഈ ലേഖകനില്ല. എങ്കിലും അല്‍പ്പ സ്വല്‍പ്പം കാര്യവിവരവും ആത്മാര്‍്ഥതയുമുള്ള കേരളീയര്‍ ഇക്കാര്യങ്ങളൊക്കെ ഒന്ന് പര്യാലോചന വിഷയമാക്കണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow