Loading Page: യോഗപഠനം: രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

ഒപ്പീനിയന്‍

വി. വിജയകുമാര്‍

മതം പ്രവര്‍ത്തിക്കുന്നതു പോലെ തന്നെയാണ് യോഗചര്യയും പ്രവര്‍ത്തിക്കുന്നത്. ചൂഷണത്തിലധിഷ്ഠിതമായ ലോകത്തില്‍ അന്യവല്ക്കരിക്കപ്പെട്ട അദ്ധ്വാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ മനുഷ്യാസ്തിത്വത്തിന്റെ സഹജരൂപമായ അദ്ധ്വാനത്തെ തന്നെ നിരോധിച്ചു കൊണ്ടു പരിഹരിക്കാന്‍ ശ്രമിക്കുന്ന യോഗചര്യ മിഥ്യയായ ആനന്ദത്തെയാണ് മനുഷ്യനു സമ്മാനിക്കുന്നത്.

 ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കപ്പെട്ടതിന്റെ തുടര്‍ച്ചയെന്നോണം വിദ്യാലയങ്ങളില്‍ യോഗ നിര്‍ബ്ബന്ധിതപാഠവിഷയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുന്നു. സംഘപരിവാറിന്റെ അജണ്ട ഒളിവുകളില്ലാതെ നടപ്പിലാക്കാനുള്ള ശ്രമമായി പല കോണുകളില്‍ നിന്നും ഇതു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. യോഗ ഹിന്ദുമതത്തിന്റെ സംഭാവനയാണെന്ന പഴയ വാദങ്ങള്‍ ഉപേക്ഷിച്ച,് അത് മതങ്ങളോട് നിര്‍മ്മമമാണെന്ന തന്ത്രപരമായ നിലപാട് സംഘപരിവാര്‍ സ്വീകരിച്ചിരിക്കുന്നു. ഇതിന്നകം നടന്ന വ്യാപകപ്രചരണങ്ങളിലൂടെ യോഗയ്ക്ക് ഹിന്ദുമതപരമായ അടിസ്ഥാനങ്ങളുണ്ടെന്ന ധാരണയെ പൊതുബോധത്തിലേക്കു പ്രക്ഷേപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ഉറപ്പിലാണ് ഈ തന്ത്രപരമായ സമീപനം സ്വീകരിക്കുന്നതെന്നു കാണാവുന്നതേയുള്ളൂ. ആര്‍. എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ഇതിനെ സംബന്ധിച്ച് എഴുതിയ എഡിറ്റോറിയല്‍ യോഗയെ ഇന്ത്യയുടെ സാകല്യ ജീവിതവീക്ഷണത്തിന്റെ തെളിവായി അവതരിപ്പിക്കുന്നു. സമതുലിതമായ ജീവിതശൈലി ദേശരാഷ്ട്ര, സംസ്‌ക്കാര, ലിംഗ,വര്‍ണ്ണഭേദമന്യേ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗം യോഗപഠനം കരിക്കുലത്തിന്റെ ഭാഗമാക്കുകയാണെന്ന് ഉദ്‌ബോധിപ്പിക്കുന്നു. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ യോഗ പഠിക്കുന്നത് നല്ല ശീലങ്ങളെ ആന്തരവല്ക്കരിക്കുന്നതിന് സഹായകമാകുമത്രെ. സെക്കുലര്‍ ബ്രിഗേഡെന്നു സംഘപരിവാര്‍ വിശേഷിപ്പിക്കുന്നവരോട് യോഗയുടെ ആത്മീയപ്രാധാന്യം മനസ്സിലാക്കണമെന്ന ഉപദേശവുമുണ്ട്. ഇതര മതസംഘടനകളും മതമേലദ്ധ്യക്ഷന്മാരും ഉയര്‍ത്തിയ ഒച്ചപ്പാടുകള്‍ക്കും സൂര്യനമസ്‌ക്കാരം, ഞായറാഴ്ചയിലെ യോഗ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ശേഷം എല്ലാവരും സമവായത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇതെഴുതുന്നത്.

ഏതൊരു കാര്യത്തേയും ചരിത്രത്തില്‍ നിന്നും സമകാലസാമൂഹികയാഥാര്‍ത്ഥ്യത്തില്‍ നിന്നും അടര്‍ത്തി മാറ്റി പരിശോധിക്കുന്നത് യാന്ത്രികമോ വിഭാഗീയമോ ഭാഗികമോ ആയ നിര്‍ദ്ധാരണങ്ങളിലേക്കു മാത്രമേ നയിക്കു. ഏതു ചരിത്രകാലഘട്ടത്തില്‍ ഏതേത് ആവശ്യങ്ങളെ നിര്‍വ്വഹിക്കാന്‍ ഉതകുന്നതിനായി ഉദയം ചെയ്ത വ്യവഹാരത്തെ കുറിച്ചാണ് നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നു ചിന്തിക്കേണ്ടതുണ്ട്. ഏതു സാമൂഹികസാഹചര്യമാണ് ഇപ്പോള്‍ ഈ വിഷയത്തെ മുന്‍നിരയിലെ സംവാദങ്ങളിലേക്കും വിവാദങ്ങളിലേക്കും കൊണ്ടുവരുന്നതെന്നും യോഗപഠനവും പരിശീലനവും ജീവിതചര്യയുടെ ഭാഗമാക്കലും ആരാരുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നതെന്നും ഏതെല്ലാം താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്നും വികലനം ചെയ്യപ്പെടേണ്ടതുമാണ്. ഈ ദിശയിലുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

യോഗനിലകളിലുള്ള സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങളും മുദ്രകളും മറ്റും വളരെ പഴക്കമുള്ള സിന്ധുനദീതടസംസ്‌ക്കാരാവശിഷ്ടങ്ങളില്‍ പോലും കണ്ടെത്താന്‍ കഴിയുന്നതായി ദേബീപ്രസാദ് ചതോപദ്ധ്യായ നിരീക്ഷിക്കുന്നുണ്ട്. ബി.സി. മൂന്നാം സഹസ്രാബ്ദത്തില്‍ തന്നെ യോഗചര്യകള്‍ നിലനിന്നിരുന്നുവെന്നതിന്റെ തെളിവാണിത്. യോഗ പുരാതനമാണെന്നു പറയുന്നതോടൊപ്പം അതിന്റെ ഉത്ഭവത്തിന്, ഇന്നത്തെ രൂപത്തിലുള്ള മതങ്ങള്‍ ഏതെങ്കിലും രീതിയില്‍ കാരണമായിട്ടില്ലെന്നു കൂടി കാണണം. ജൈനമതാചാര്യനായി ഗണിക്കപ്പെടുന്ന വര്‍ദ്ധമാനമഹാവീരന്‍ ഒരു വ്യാഴവട്ടക്കാലത്തോളം യോഗപരിശീലനങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമായി ചെലവഴിച്ചതായി കരുതപ്പെടുന്നു. ബുദ്ധമതത്തിലും യോഗചര്യകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ചില ബുദ്ധമതവിഭാഗങ്ങള്‍ ധ്യാനയോഗത്തിന്റെ പ്രാധാന്യത്തിനാണ് ഊന്നല്‍ നല്കിയത്. ന്യായം, വൈശേഷികം, വേദാന്തം തുടങ്ങിയ ദര്‍ശനങ്ങളിലെല്ലാം യോഗവിദ്യക്ക് പ്രമുഖസ്ഥാനം കല്പിക്കപ്പെട്ടിരുന്നു. മഹാവീരന്‍, ധര്‍മ്മകീര്‍ത്തി, ശങ്കരന്‍ തുടങ്ങിയവര്‍ക്കെല്ലാം യോഗചര്യകളുമായി ബന്ധമുണ്ടായിരുന്നതായും ഗ്രഹിക്കാം. എന്നാല്‍, ഇന്നു നാം മനസ്സിലാക്കുന്ന രൂപത്തില്‍ ഇതിനെ ക്രമപ്പെടുത്തുന്നത് പതഞ്ജലിയാണ്. ഈ പണ്ഡിതനിലൂടെ ക്രമീകരണം മാത്രമല്ല നടന്നത്. ബുദ്ധമതത്തിനും ജൈനമതത്തിനും വൈശേഷിക, ന്യായദര്‍ശനങ്ങള്‍ക്കും പങ്കുവയ്ക്കാന്‍ കഴിയുമായിരുന്ന ജീവിതചര്യകളെ പതഞ്ജലി സാംഖ്യദര്‍ശനത്തിന്റെ ചട്ടക്കൂടിലാക്കി വ്യാഖ്യാനിച്ചു. വിവിധ ദര്‍ശനങ്ങളുടെ മിശ്രിതമായി പ്രത്യക്ഷപ്പെടുന്ന ഭഗവദ്ഗീതയുടെ കാലം തന്നെ ആയിരിക്കണം പതഞ്ജലിയുടെ കാലമെന്നും കരുതാവുന്നതാണ്. മദ്ധ്യകാല ബ്രാഹ്മണമതത്തിന്റെ കാലമാണത്. ചരിത്രത്തിലൂടെയുള്ള ഒരു ധൃതപര്യടനം തന്നെ ചില കാര്യങ്ങളെ സുവ്യക്തമാക്കും. യോഗയുടെ പാരമ്പര്യം ഏതെങ്കിലും സവിശേഷമതത്തിനു മാത്രമായി അവകാശപ്പെട്ടതല്ല. നാം ഇന്നറിയുന്ന യോഗചര്യയുടെ വ്യാഖ്യാനങ്ങളേറെയും പതഞ്ജലിയുടെ സാംഖ്യദര്‍ശനം കൊണ്ട് പുന:പ്രതിഷ്ഠിക്കപ്പെട്ടതാണ്. ഏ.ഡി. 600നും 850നും ഇടയില്‍, മദ്ധ്യകാലത്തായിരിക്കണം ഇതു സംഭവിച്ചത്. പക്ഷേ, പതഞ്ജലിയെ യോഗയുടെ ഉപജ്ഞാതാവായി ഗണിക്കാന്‍ കഴിയില്ല. താന്‍ പുന:പ്രതിപാദനമാണു നിര്‍വ്വഹിക്കുന്നതെന്ന് പതഞ്ജലി തന്നെ പറയുന്നുണ്ട്. എന്നാല്‍, യോഗചര്യയുടെ പ്രായോഗികപദ്ധതിയെ പതഞ്ജലിയുടെ ദാര്‍ശനികപദ്ധതിയില്‍ നിന്നും വേര്‍പ്പെടുത്തി വേണം അതിന്റെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാന്‍.

യോഗപഠനം ഏറെ അടിയന്തിരപ്രാധാന്യമുള്ള കാര്യമായി തോന്നുന്നത് ആര്‍ക്കാണ്? ഏറെ നേരവും കഠിനമായ കായികാദ്ധ്വാനമോ മാനസികാദ്ധ്വാനമോ ചെയ്യുന്നവര്‍ക്ക് യോഗപരിശീലനം ഒരു മുഖ്യകാര്യമായി തോന്നാന്‍ കാരണങ്ങളില്ല. ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന, അദ്ധ്വാനത്തോടു വിമുഖരും അലസരും സുഖജീവിതത്തിന്റെ ധാരാളിത്തങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്കുമായിരിക്കണം യോഗപരിശീലനത്തിന്റെ ആവശ്യകത വല്ലാതെ ബോദ്ധ്യപ്പെട്ടിട്ടുണ്ടാവുക! സമ്പന്നരാജ്യങ്ങളിലെ മദ്ധ്യവര്‍ഗ്ഗം യോഗചര്യകളില്‍ ആകൃഷ്ടരാകുന്നതെന്തുകൊണ്ടാണെന്ന അന്വേഷണം ഇതിനോടു കണ്ണിചേര്‍ക്കാവുന്നതാണ്. മദ്ധ്യവര്‍ഗ്ഗത്തിന്റെ എണ്ണം വലിയ അനുപാതം കാണിക്കുന്ന കേരളത്തിലെ സമാനപ്രവണതകളും ഇതോടു ചേര്‍ത്തുവെയ്ക്കാം. കേരളജനത പരിശീലിക്കുന്നത് നിന്ദ്യമായ ഒരു തൊഴില്‍ സംസ്‌ക്കാരമാണ്. ഈ തൊഴില്‍ സംസ്‌ക്കാരം കര്‍ഷകരും തൊഴിലാളികളും മദ്ധ്യവര്‍ഗമാകാന്‍ പരിശീലിക്കപ്പെടുന്നിടത്ത് എത്തിനില്ക്കുന്നതാണ്. ഇവിടെ, കായികാദ്ധ്വാനം നീചമായി പരിഗണിക്കപ്പെടുന്നുവെന്നതിന് മറ്റു തെളിവുകള്‍ വേണ്ട - കായികാദ്ധ്വാനം ആവശ്യമുള്ള നമ്മുടെ തൊഴിലിടങ്ങളിലെല്ലാം ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള യുവാക്കളെ കൊണ്ടു നിറഞ്ഞിരിക്കുന്നത് നമ്മുടെ തൊഴില്‍ സംസ്‌ക്കാരത്തിന്റെ സൂചകമാണ്. അദ്ധ്വാനമാണ് മനുഷ്യരാശിയുടെ വളര്‍ച്ചയെ നിര്‍ണ്ണായകമാക്കിയെതെന്നും നാഗരികതകളെ സൃഷ്ടിച്ചതെന്നും കണ്ടെത്തുന്നവര്‍ പോലും അദ്ധ്വാനവിമുഖതയാണ് പരിശീലിപ്പിക്കുന്നത്. അദ്ധ്വാനവിമുഖരുടെ, അലസരുടെ ജീവിതത്തില്‍ വ്യായാമം സവിശേഷമായി നിര്‍വ്വഹിക്കേണ്ട പ്രവൃത്തിയാണ്. മനുഷ്യശരീരം സഹജമായ അദ്ധ്വാനപ്രവര്‍ത്തനത്തിലൂടെ നിറവേറ്റേണ്ടത് സമൂഹത്തിനും ജീവിതത്തിനും പ്രയോജനമില്ലാത്ത ഒറ്റയാള്‍ പ്രയത്‌നത്തിലൂടെ, വ്യായാമത്തിലൂടെ, നിര്‍വ്വഹിക്കുന്നു. നമ്മുടെ തെരുവുകളില്‍ രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്നവര്‍ നടക്കാനായി മാത്രം ഇറങ്ങുന്നവരാണ്. നടക്കുന്നത് നടക്കുന്നതിനു വേണ്ടിയാണ്. ഓടുന്നത് ഓടുന്നതിനു വേണ്ടി മാത്രമാണ്. വ്യായാമം വ്യായാമത്തിനു വേണ്ടിയാണ്.

അദ്ധ്വാനം അവഹേളിതമാകുന്നത് മൂലധനം ആദരിക്കപ്പെടുന്ന സമൂഹത്തിലാണ്. സമകാലസമൂഹത്തില്‍ മൂലധനം സ്വയം പെരുകുന്നു. ഊഹക്കച്ചവടത്തിലൂടെ മൂലധനം മൂലധനത്തെ പ്രസവിക്കുന്നു. പണം സര്‍വ്വശക്തനായ ദൈവമായിരിക്കുന്ന സമൂഹമായി ഇതു മാറിത്തീര്‍ന്നിരിക്കുന്നു. അദ്ധ്വാനഫലം അദ്ധ്വാനിക്കാത്തവന്‍ കൈയ്യടക്കുന്ന സമൂഹമാണിത്. അദ്ധ്വാനിക്കുന്നവന്‍ അദ്ധ്വാനത്തില്‍ നിന്നും അന്യവല്ക്കൃതനായിരിക്കുന്ന സമൂഹം. മറിച്ച്, അദ്ധ്വാനത്തിന്റെ മഹത്ത്വമറിയുന്ന സമൂഹത്തില്‍ അദ്ധ്വാനം അദ്ധ്വാനിക്കുന്നവനിലേക്കു തന്നെ മടങ്ങിചെല്ലുകയും സഹജമെന്നോണം അദ്ധ്വാനം ജീവിതവ്യാപാരമായി തീരുകയും ചെയ്യും. ഇവിടെ, അങ്ങനെ സംഭവിക്കുന്നില്ല. അദ്ധ്വാനത്തോടു വിമുഖത പ്രകടിപ്പിക്കുന്ന സമൂഹമായി ഇതു മാറിത്തീരുന്നു.

മനുഷ്യേതരജീവജാലങ്ങള്‍ക്ക് ജീവിതവ്യാപാരങ്ങളെല്ലാം നൈസര്‍ഗികമായ ജൈവവൃത്തികളാണ്. മനുഷ്യര്‍ക്ക് അവ കേവലം ജൈവവൃത്തികളല്ല. മനുഷ്യരുടെ ജീവിതവ്യാപാരങ്ങളില്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ക്ക്, അദ്ധ്വാനത്തിന് വലിയ പങ്കുണ്ട്. അദ്ധ്വാനം മനുഷ്യസഹജമാണ്. മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്ന ഈ ഘടകത്തിന് മാനുഷികമായ അസ്തിത്വത്തില്‍ വലിയ സ്ഥാനമുണ്ട്. അദ്ധ്വാനത്തിലൂടെയാണ് മനുഷ്യന്‍ മാനുഷികമായ അസ്തിത്വം കൈവരിക്കുന്നത്. അദ്ധ്വാനപ്രവര്‍ത്തനങ്ങളില്‍ നിന്നും വിഘടിക്കുകയും അകന്നുപോകുകയും ചെയ്യുന്ന മനുഷ്യന്‍ അപക്ഷയത്തിനു വിധേയനാകുന്ന മനുഷ്യനാണ്. ആരോഗ്യം ക്ഷയിക്കുന്ന, രോഗബാധിതനാകുന്ന മനുഷ്യനാണ്. ശ്വാസകോശരോഗങ്ങള്‍ക്ക്, നടുവേദനയ്ക്ക്, മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് യോഗചര്യ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ അദ്ധ്വാനത്തിന്റെ വിടുതലിലൂടെ നഷ്ടപ്പെടുന്നതിനെ ഇതരമാര്‍ഗ്ഗങ്ങളിലൂടെ തിരിച്ചുപിടിക്കാമെന്നു പറയുകയാണ്. എന്നാല്‍, ഇത് മനുഷ്യന്‍ നേടിയെടുത്ത സവിശേഷമായ അസ്തിത്വത്തിന്റെ നിഷേധമാണെന്നാണ് ഇനി പറയാനുള്ളത്.

മനുഷ്യന്‍ മാനുഷികമായ അസ്തിത്വം കൈവരിച്ചത് അദ്ധ്വാനത്തിലൂടെയാണെന്നു പറഞ്ഞു കഴിഞ്ഞു. അദ്ധ്വാനത്തിലൂടെയാണ് മൃഗേന്ദ്രിയങ്ങളില്‍ നിന്നും ഭിന്നമായ മനുഷ്യേന്ദ്രിയങ്ങള്‍ വികസിച്ചത്. മനുഷ്യന്റെ കണ്ണുകള്‍ ചരിത്രവല്ക്കരിക്കപ്പെട്ട കണ്ണുകളാണെന്നു പറയുന്ന മാര്‍ക്‌സ് ഈ കാര്യത്തിലാണ് ഊന്നുന്നത്. നാടുവാഴിത്തസമൂഹത്തിലെ മനുഷ്യന്‍ നോക്കിക്കണ്ട കണ്ണുകള്‍ കൊണ്ടല്ല, മുതലാളിത്തസമൂഹത്തിലെ മനുഷ്യന്‍ കാണുന്നത്. ചരിത്രം അവനു കൂടുതല്‍ വികസിച്ച കണ്ണുകള്‍ നല്കിയിരിക്കുന്നു. കൂടുതല്‍ അര്‍ത്ഥങ്ങളെ സൃഷ്ടിക്കാനും ഗ്രഹിക്കാനും ക്ഷമതയുള്ള കണ്ണുകള്‍. അദ്ധ്വാനത്തില്‍ നിന്നും അന്യവല്ക്കരിക്കപ്പെടുകയോ വിമുക്തി നേടുകയോ ചെയ്യുന്നവന്റെ ഇന്ദ്രിയങ്ങളും അന്യവല്ക്കരിക്കപ്പെടുകയാണ്. അദ്ധ്വാനമെന്ന പോലെ വികസിതമായ ഇന്ദ്രിയങ്ങളും മാനുഷികമായ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നവയാണ്. ഇന്ദ്രിയനിഗ്രഹം മനുഷ്യന്റെ ആയിത്തീരലില്‍ (BECOMING) നിന്നും അവനെ പിന്നോട്ടു ചലിപ്പിക്കുന്നു.

അദ്ധ്വാനത്തിന്റെ വിടുതലിലൂടെ നഷ്ടപ്പെടുന്ന ആരോഗ്യത്തെ യോഗചര്യയിലൂടെ എങ്ങനെയാണ് തിരിച്ചുപിടിക്കുന്നത്? യോഗാനുഷ്ഠാനത്തിലൂടെ ചിത്തവൃത്തികളെ നിരോധിക്കുകയും ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യന്‍ പ്രകൃതിയിലേക്കു മടങ്ങിപ്പോകുകയാണ്. മാനുഷികമായ അസ്തിത്വം നേടുന്നതിന് മനുഷ്യന്‍ നടന്ന വഴികള്‍ തിരിച്ചു നടന്ന് മൃഗത്തിന്റെ നൈസര്‍ഗികവൃത്തികളിലേക്ക്, ജൈവവൃത്തികളിലേക്കു തിരിച്ചു പോകുന്നു. യോഗാനുഷ്ഠാനത്തിന്റെ എട്ട് അംഗങ്ങളില്‍; യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണവ, രണ്ടു മൗലികഘടകങ്ങളായ ആസനവും പ്രാണായാമവും എടുക്കുക. ശരീരത്തിന്റെ സഹജവും അനായാസവുമായ നിലയാണ് ആസനം. അദ്ധ്വാനം കൊണ്ടു ജീവിക്കേണ്ട ജീവിതത്തിന്നാവശ്യമായ ശാരീരികാസ്തിത്വത്തെ നിരോധിക്കുകയാണ് ആസനം ചെയ്യുന്നത്. അദ്ധ്വാനം മാറ്റിത്തീര്‍ക്കുന്ന പ്രക്രിയയാണ്. അത് ശരീരത്തെ ജഡത്വത്തില്‍ നിന്നും വിമോചിപ്പിക്കുന്നു. ഈ വിമോചനമാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്നും വ്യതിരിക്തമാക്കിയത്. ഇപ്പോള്‍, യോഗചര്യയിലെ ആസനം ശരീരത്തെ ജഡനിലയിലേക്ക് കൊണ്ടുവരുന്നതിലൂടെ മനുഷ്യാസ്തിത്വത്തിനു സഹജമാകേണ്ട അദ്ധ്വാനത്തിനു പ്രേരകമായ ശാരീരികാവസ്ഥയെ നിരോധിക്കുകയാണ്. ഇതര ജീവജാലങ്ങളുടെ അവസ്ഥയിലേക്ക് മനുഷ്യനെ മടക്കിക്കൊണ്ടു പോകാനാണ് ആസനം ഉപകരിക്കുന്നത്. പ്രാണായാമത്തിലും ഇതു തന്നെ സംഭവിക്കുന്നു. അദ്ധ്വാനിക്കുന്നവന്റെ ശ്വാസക്രമങ്ങള്‍ ചലിക്കാതിരിക്കുന്നവന്റെ ശ്വാസക്രമങ്ങള്‍ പോലെ ആയിരിക്കില്ല. അദ്ധ്വാനിക്കുന്നവന്റെ ശ്വാസക്രമങ്ങള്‍ക്കു പകരം സ്ഥിതാവസ്ഥയിലുള്ള ശ്വാസക്രമങ്ങളെ സ്ഥാപിക്കുകയാണ് പ്രാണായാമം ചെയ്യുന്നത്. അദ്ധ്വാനിക്കേണ്ട മനുഷ്യനെ അദ്ധ്വാനിക്കേണ്ടവനല്ലാതാക്കുന്ന പ്രത്യയശാസ്ത്രമാണ് യോഗചര്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നു ചുരുക്കം. അദ്ധ്വാനത്തോടു വിമുഖമായ സമൂഹങ്ങള്‍ക്കു പ്രിയങ്കരമായ പ്രത്യയശാസ്ത്രമാണ് യോഗചര്യ പ്രേക്ഷിക്കുന്നത്. അത് അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രത്യയശാസ്ത്രമല്ല. പല ചരിത്രഘട്ടങ്ങളിലും നിഷ്‌ക്രിയതയെ താലോലിക്കുന്നവരായി പ്രത്യക്ഷപ്പെടുന്ന, ഇരട്ട ആത്മാവുള്ള മദ്ധ്യവര്‍ഗ്ഗത്തിനു താല്പര്യമുണര്‍ത്തുന്ന പ്രത്യയശാസ്ത്രമാണത്.

മതം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇതര രൂപങ്ങളില്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് യോഗചര്യ ചെയ്യുന്നത്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.' അത് യഥാര്‍ത്ഥപ്രശ്‌നങ്ങളെ സംബോധന ചെയ്യാതിരിക്കുകയും മിഥ്യയായ പ്രശ്‌നപരിഹാരങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. മതം ഭക്ഷണമില്ലാത്തവന് ഭക്ഷണത്തിന്റെ രൂപത്തിലല്ല, സാന്ത്വനത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അങ്ങനെ, 'അത് ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാകുന്നു. ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാകുന്നു.' മതം പ്രവര്‍ത്തിക്കുന്നതു പോലെ തന്നെയാണ് യോഗചര്യയും പ്രവര്‍ത്തിക്കുന്നത്. ചൂഷണത്തിലധിഷ്ഠിതമായ ലോകത്തില്‍ അന്യവല്ക്കരിക്കപ്പെട്ട അദ്ധ്വാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ മനുഷ്യാസ്തിത്വത്തിന്റെ സഹജരൂപമായ അദ്ധ്വാനത്തെ തന്നെ നിരോധിച്ചു കൊണ്ടു പരിഹരിക്കാന്‍ ശ്രമിക്കുന്ന യോഗചര്യ മിഥ്യയായ ആനന്ദത്തെയാണ് മനുഷ്യനു സമ്മാനിക്കുന്നത്. സഹജമായ സ്വയം പ്രകാശനത്തിലൂടെയാണ് മനുഷ്യന്‍ യഥാര്‍ത്ഥ ആനന്ദം അനുഭവിക്കുന്നത്. യഥാര്‍ത്ഥ ആനന്ദം മനുഷ്യനു സഹജമായ അദ്ധ്വാനത്തിലൂടെ ലഭ്യമാകുന്നതാണ്. അതിനെ നിരോധിക്കുന്നതും അമര്‍ത്തുന്നതും മറയ്ക്കുന്നതുമായ ഇടപെടലുകള്‍ അവന്റെ ആനന്ദത്തില്‍ ഗ്ലാനിയുണ്ടാക്കുന്നു, ഇടിവുകള്‍ വീഴ്ത്തുന്നു. യഥാര്‍ത്ഥ ആനന്ദം കൈവരിക്കുന്നതിന് അന്യവല്ക്കരിക്കപ്പെട്ട അദ്ധ്വാനം സഹജമെന്നോണം ജീവിതവ്യാപാരങ്ങളിലേക്കു തിരിച്ചു വരണം. ഇത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ തീര്‍പ്പുകളുടെയോ പ്രശ്‌നമല്ല. സാമൂഹികമായ ഇടപെടലുകളുടേയും മാറ്റിത്തീര്‍ക്കലുകളുടേയും പ്രശ്‌നമാണ്. ഓരോ വ്യക്തിയും അനുഭവിക്കുന്ന ശ്വാസകോശരോഗങ്ങളും നടുവേദനയും മാനസികാസ്വാസ്ഥ്യങ്ങളും ആദ്യമേ ഒരു സമൂഹചികിത്സക്കു വിധേയമാകേണ്ടതാണ്.

യോഗചര്യയെ വിദ്യാഭ്യാസകരിക്കുലത്തിന്റെ ഭാഗമാക്കണമെന്നും ചെറുപ്പത്തിലേ അഭ്യസിച്ചു തുടങ്ങണമെന്നും നിര്‍ദ്ദേശിക്കുന്ന സംഘപരിവാര്‍, വര്‍ഗീയ അജണ്ടയെ പരിപോഷിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അത് മദ്ധ്യവര്‍ഗകാമനകളെ തൃപ്തിപ്പെടുത്തുന്നതിലൂടെ ഇടച്ചേരിയുടെ വക്താക്കളായി പ്രത്യക്ഷപ്പെടുകയുമാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവം വര്‍ഗീയതയുടെ നൃശംസതയുടേതെന്ന പോലെ മദ്ധ്യവര്‍ഗനിലപാടുകളുടെ കൂടി പ്രകാശനമായിരുന്നുവല്ലോ. സാമ്രാജ്യത്വവ്യവസ്ഥയുടെ ബൃഹത് ചൂഷണോപകരണങ്ങളായ ബഹുരാഷ്ട്രക്കമ്പനികള്‍ നിര്‍മ്മിച്ചു പുറത്തിറക്കുന്ന ജീന്‍സും ഷൂസും ധരിച്ച് കൈയ്യില്‍ മദ്ധ്യകാല ആയുധമായ ത്രിശൂലവുമേന്തി പളളി പൊളിക്കുന്ന കര്‍സേവകര്‍, മറ്റൊരു രീതിയില്‍ മദ്ധ്യവര്‍ഗത്തിന്റെ ഇരട്ട ആത്മാവിനെ വെളിപ്പെടുത്തുകയാണ് ചെയ്തത്. മദ്ധ്യവര്‍ഗം തങ്ങളുടെ കളിക്കളത്തിനു യോജിച്ച കരുക്കളാണെന്നു സംഘപരിവാറിന്നറിയാം. സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശതാല്പര്യങ്ങളും മധ്യകാലമതത്തിന്റെ ഭീകരരൂപമാര്‍ന്ന അന്ധവിശ്വാസവും ഏകകാലത്ത് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു വര്‍ഗത്തിന്റെ സജീവ സാന്നിദ്ധ്യം അധീശവര്‍ഗതാല്പര്യങ്ങളും വര്‍ഗീയതാല്പര്യങ്ങളും ഒരുമിച്ചു പേറുന്ന സംഘപരിവാറിനു ഹിതകരമാണ്. യോഗപരിശീലന പദ്ധതിയില്‍ ഇതു നന്നായി തെളിഞ്ഞു വരുന്നു.

(ഈ ലേഖനം തയ്യാറാക്കുന്നതിന് ബി. രാജീവന്‍ രചിച്ച 'അന്യവല്ക്കരണവും യോഗവും' എന്ന കൃതി സഹായകമായിട്ടുണ്ട്)

സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow