പി.കെ വേണുഗോപാലന്‍

ഡോക്യുമെന്‍ററിയില്‍ ഡോ. അമര്‍ത്ത്യാ സെന്‍ സംസാരിക്കുമ്പോള്‍ ഉപയോഗിച്ചുള്ള \'ഗുജറാത്ത്\', \'പശു\', \'ഇന്ത്യയെ സംബന്ധിച്ച ഹിന്ദുത്വ വീക്ഷണം\' , \'ഹിന്ദു ഇന്ത്യ\' എന്നീ വാക്കുകള്‍ എടുത്തുകളയുകയോ അതിന്‍റെ സ്ഥാനത്ത് \'ബീപ്\' ശബ്ദം നല്‍കുകയോ ചെയ്താല്‍ ചിത്രം മുന്‍ നിശ്ചയിച്ച തീയതിക്കു തന്നെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കാമെന്നാണ് ബോര്‍ഡ് പറയുന്നത്.

സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്ക്കാരം നേടിയ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്ത്യാ സെന്നിനെപ്പറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ സുമന്‍ ഘോഷ് തയ്യാറാക്കിയ ഡോക്യുമെന്‍ററി ചിത്രത്തിന് കേന്ദ്ര സിനിമാ സെന്‍സര്‍ ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍) പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. ജൂലൈ രണ്ടാം വാരത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ചിത്രത്തിനു അനുമതി നല്‍കാതിരിക്കാന്‍ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയ കാരണമാണ് വിചിത്രം. ഡോക്യുമെന്‍ററിയില്‍ ഡോ. അമര്‍ത്ത്യാ സെന്‍ സംസാരിക്കുമ്പോള്‍ ഉപയോഗിച്ചുള്ള 'ഗുജറാത്ത്', 'പശു', 'ഇന്ത്യയെ സംബന്ധിച്ച ഹിന്ദുത്വ വീക്ഷണം' , 'ഹിന്ദു ഇന്ത്യ' എന്നീ വാക്കുകള്‍ എടുത്തുകളയുകയോ അതിന്‍റെ സ്ഥാനത്ത് 'ബീപ്' ശബ്ദം നല്‍കുകയോ ചെയ്താല്‍ ചിത്രം മുന്‍ നിശ്ചയിച്ച തീയതിക്കു തന്നെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കാമെന്നാണ് ബോര്‍ഡ് പറയുന്നത്.

ഈ വാക്കുകള്‍ എടുത്തുമാറ്റിയിട്ട് ഡോക്യുമെന്‍ററിക്കു പ്രദര്‍ശനാനുമതി വേണ്ട എന്ന നിലപാടിലാണ് ഡോ: അമര്‍ത്ത്യാ സെന്‍. സെന്നിന്‍റെ പ്രസിദ്ധമായ പുസ്തകത്തിന്‍റെ പേരു തന്നെയാണ് ഡോക്യുമെന്‍ററിക്കും നല്‍കിയിരിക്കുന്നത്. 'ദി ആര്‍ഗ്യുമെന്‍റേറ്റീവ് ഇന്ത്യന്‍' (The Argumentative Indian -വിവാദപ്രിയനായ ഇന്ത്യക്കാരന്‍) 2002 ലും 2017 ലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ രണ്ടു ഭാഗങ്ങളാണ് ചിത്രത്തിനുള്ളത്. ചിത്രത്തിന്‍റെ ആദ്യഭാഗത്ത് അമേരിക്കയിലെ കോര്‍ണെല്‍ യൂണിവേഴ്സിറ്റിയില്‍ ഡോ. അമര്‍ത്ത്യാ സെന്‍ നടത്തിയ ഒരു പ്രസംഗം കാണിക്കുന്നുണ്ട്. ആ പ്രസംഗത്തിലാണ് 'ഗുജറാത്ത്' എന്ന പദം കടന്നു വരുന്നത്. " ....... ജനാധിപത്യം ഇത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടെന്നാല്‍, സര്‍ക്കാരിന് അതിന്‍റെ എല്ലാത്തരം അസംബന്ധങ്ങളും ഇഷ്ടാനുസരണം നടത്താനുള്ള സ്വാതന്ത്ര്യം ഇല്ല എന്നതു കൊണ്ടു തന്നെയാണ്. ഗുജറാത്തിന്‍റെ കാര്യത്തില്‍ അതിന്‍റെ സ്വന്തം കുറ്റകൃത്യങ്ങളുണ്ട്. പ്രതിപക്ഷത്തെ കൂവിയൊതുക്കുകയോ പുകച്ചു പുറത്താക്കുകയോ ചെയ്യാതെ തന്നെ......." ഇതില്‍ നിന്നും ഗുജറാത്ത് എന്ന വാക്ക് ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.

"ദി ആര്‍ഗ്യുമെന്‍റേറ്റീവ് ഇന്ത്യന്‍" എന്ന പുസ്തകം ഏതു സന്ദര്‍ഭത്തിലാണ് എഴുതിയതെന്ന് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ കൗശിക് ബസു അമര്‍ത്ത്യ സെന്നിനോടു ചോദിക്കുന്നുണ്ട് ഡോക്യുമെന്‍ററിയില്‍. അതിനു മറുപടിയായി സെന്‍ പറയുന്നത് ഇങ്ങനെയാണ്. "രാജ്യത്തെ സംബന്ധിച്ച് എനിക്കുള്ള ബോദ്ധ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്

യഥാര്‍ത്ഥത്തില്‍ ഇതു ചെയ്തിരിക്കുന്നത്. ഇന്നിപ്പോള്‍ ചില നേരത്ത് 'ഹിന്ദു ഇന്ത്യ'യായും മറ്റു ചില സന്ദര്‍ഭങ്ങളില്‍ മറ്റു തരത്തിലുള്ള ചില പരിമിത വീക്ഷണങ്ങളിലേക്കു ചുരുക്കപ്പെട്ട രാജ്യമായുമൊക്കെയാണ് ഇന്ത്യയെപ്പറ്റി വ്യാഖ്യാനങ്ങളുണ്ടാക്കുന്നത്". ഇതേ ഉത്തരത്തിന്‍റെ മറ്റൊരു ഭാഗത്താണ് സംവാദങ്ങളുടേയും വാദപ്രതിവാദങ്ങളുടേയും ആവശ്യകത വിശദീകരിക്കുമ്പോള്‍ 'പശു' എന്ന വാക്ക് ഡോ: അമര്‍ത്ത്യ സെന്‍ ഉപയോഗിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച മഹത്വം പരസ്പര സ്നേഹത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ളതാണെന്നും ചിലര്‍ കരുതുന്നതു പോലെ പശുക്കളോടോ മറ്റേതെങ്കിലും കാര്യങ്ങളോടോ മോശമായി പെരുമാറിയെന്നാരോപിച്ച് ആളുകളെ അക്രമിക്കുന്നതല്ല അതിന്‍റെ രീതിയെന്നും സെന്‍ പറയുന്നുണ്ട്.

രാജ്യത്തിന്‍റെ വര്‍ത്തമാന സന്ദര്‍ഭത്തില്‍ ഇത്തരം നിലപാടുകള്‍ പരസ്യമായി പറയുമ്പോള്‍ എന്തായിരിക്കും അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്നതിനെപ്പറ്റിയും ഡോക്യുമെന്‍ററിയില്‍ സെന്‍ പറയുന്നുണ്ട്. "ഇന്ത്യയെപ്പറ്റി എനിക്കുള്ള കാഴ്ചപ്പാടിനോട് വിയോജിക്കുന്ന നിരവധി ആളുകളുണ്ട്. ഇന്ത്യയുടെ മഹത്വത്തെ സംബന്ധിച്ച് എനിക്കുള്ള കാഴ്ചപ്പാട് വിരസമായ ഹിന്ദുത്വ വീക്ഷണമല്ല. ഞാനൊരു പ്രസ്താവന നടത്തുമ്പോള്‍, പിറ്റേന്നു നേരം വെളുക്കുമ്പോള്‍ നാലുതരം സാമൂഹ്യമാധ്യമങ്ങളിലും ഒരു എണ്ണൂറു പ്രാവശ്യമെങ്കിലും ഞാന്‍ കടന്നാക്രമണങ്ങള്‍ക്കിരയായിട്ടുണ്ടാവും എന്നെനിക്കറിയാം.... (ഒരു പ്രത്യേക രാഷ്ട്രീയ ഗ്രൂപ്പ്) സംഘടിതമായിത്തന്നെ എന്നെ കടന്നാക്രമിക്കുന്നത് ഞാന്‍ കാണുന്നുണ്ട്.... അതിനു മുന്നില്‍ അധീരനാവാതിരിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനപ്പെട്ട കാര്യം."

കഴിഞ്ഞ ദിവസം ഈ ഡോക്യുമെന്‍ററിയുടെ സ്വകാര്യ പ്രദര്‍ശനം നടത്തുന്ന സന്ദര്‍ഭത്തില്‍ സംസാരിക്കുമ്പോഴും പെരുകി വരുന്ന അസഹിഷ്ണുതയേയും സംവാദത്തിനുള്ള ജനാധിപത്യ ഇടങ്ങള്‍ ഇന്ത്യയില്‍ ചുരുങ്ങിവരുന്നതിനെപ്പറ്റിയും അമര്‍ത്ത്യ സെന്‍ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. "നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണെങ്കിലും കാര്യമായ യാതൊന്നും സംഭവിക്കുന്നില്ല.... നാം പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല എന്നാണു ഞാന്‍ കരുതുന്നത്. അതെന്നെ വ്യാകുലപ്പെടുത്തുന്നു."

ഹാര്‍വാഡിലെ ചരിത്ര പ്രൊഫസര്‍ സുഗത ബോസ് ചൂണ്ടിക്കാട്ടുന്നതു പോലെ 'ആര്‍ഗ്യൂമെന്‍റേറ്റീവ് ഇന്ത്യനെ'തിരായ സെന്‍സര്‍ ബോര്‍ഡ് നിലപാട് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണ്. അത് അംഗീകരിക്കാനാവില്ല. ഡോക്യുമെന്‍ററിയില്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന പ്രൊഫസര്‍ ബോസ് പറയുന്നത് "ഒന്നാമതായി അതൊരു അക്കാദമിക് ചിത്രമാണെന്നും അതിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം തൂക്കിനോക്കി പ്രയോഗിച്ചിട്ടുള്ളതാണെ"ന്നുമാണ്. സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാട് അങ്ങേയറ്റം ബാലിശവും രാജ്യത്തു നിലനില്‍ക്കുന്ന അയുക്തികമായ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതുമാണെന്നു കൂടി ബോസ് പറയുന്നു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ നിലപാടുകളുയര്‍ത്തിപ്പിടിക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതിനു ശേഷം ബി.ജെ.പി സര്‍ക്കാരിനേയോ അതിന്‍റെ രാഷ്ട്രീയ, സാംസ്കാരിക നിലപാടുകളേയോ വിമര്‍ശിക്കുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അമര്‍ത്ത്യാസെന്നിനെപ്പറ്റിയുള്ള ഡോക്യുമെന്‍ററിക്ക് പ്രദര്‍ശനാനുമതി തടഞ്ഞ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്‍റെ കൊല്‍ക്കത്ത റീജിയണല്‍ ഓഫീസ് തന്നെയാണ് സുവേന്ദു ഘോഷ് സംവിധാനം ചെയ്ത 'ശൂന്യൊത' എന്ന ചിത്രത്തിനു അനുമതി നിഷേധിച്ചത്. കഴിഞ്ഞ നവംബറില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ (Demonetisation) നടപടി ജനജീവിതത്തെ ബാധിച്ചതെങ്ങനെയെന്നു ചിത്രീകരിക്കുന്ന ചിത്രമായിരുന്നു അത്. ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്‍റെ ചെയര്‍മാനും ബി.ജെ.പി നോമിനിയുമായ പഹ്ലാജ് നിഹലാനി സുവേന്ദു ഘോഷിന്‍റെ ചിത്രത്തിന് പിന്നീട് പ്രദര്‍ശനാനുമതി നല്‍കിയത് ആറു സംഭാഷണങ്ങള്‍ മുറിച്ചു നീക്കുകയോ നിശ്ശബ്ദമാക്കുകയോ ചെയ്തതിനു ശേഷമായിരുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ "മരണത്തിന്‍റെ ഘോഷയാത്ര തനിക്ക് അംഗീകരിക്കാനാവില്ലെ"ന്ന സംഭാഷണ ഭാഗമായിരുന്നു അതിലൊന്ന്. സര്‍ക്കാര്‍ നടപടി ദരിദ്രര്‍ക്ക് വരുത്തിവച്ച പ്രയാസങ്ങളെപ്പറ്റി പറയുന്ന ചില ഭാഗങ്ങള്‍ മുറിച്ചു നീക്കപ്പെട്ടു. തന്‍റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ ഭാഗങ്ങള്‍ മുറിച്ചു മാറ്റാന്‍ തയ്യാറാവുകയാണു താനെന്ന് നിസ്സഹായനായ സംവിധായകന്‍ പരിതപിക്കുകയുണ്ടായി. അപ്പോഴും അദ്ദേഹം ശരിയായി ചൂണ്ടിക്കാട്ടിയത് "നോട്ട് അസാധുവാക്കുന്ന നടപടിയില്‍ പ്രതിഷേധിക്കുന്ന എല്ലാ ശബ്ദങ്ങളേയും നിശ്ശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നതിന്‍റെ തെളിവാണ് ചലച്ചിത്രത്തിന്‍റെ ഈ ഭാഗങ്ങള്‍ മുറിച്ചുമാറ്റാനുള്ള ഫിലിംസെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്‍റെ ഉത്തരവ് "എന്നായിരുന്നു.

'മന്‍ കി ബാത്ത്' എന്ന പ്രയോഗം ഒരു കഥാപാത്രത്തിന്‍റെ സംഭാഷണത്തില്‍ നിന്നും മുറിച്ചു മാറ്റാതെ സിനിമക്കു പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്നു വിധിച്ചതും ഇതേ പഹ്ലാജ് നിഹലാനിയുടെ 'സെന്‍സര്‍ ബോര്‍ഡു' തന്നെയായിരുന്നു. 'മന്‍ കി ബാത്ത്' എന്നതിന് 'ഹൃദയത്തിന്‍റെ ശബ്ദം' എന്നാണര്‍ത്ഥം. 2008 ലെ അഹമ്മദാബാദ് ബോംബു സ്ഫോടന പരമ്പരയെ അധികരിച്ച് ദക്ഷിണ്‍ ഛാര സംവിധാനം ചെയ്ത 'സമീര്‍' എന്ന സിനിമയിലാണ് മന്‍ കീ ബാത്ത് എന്ന വാക്കു കൂടി ഉള്‍പ്പെട്ട സംഭാഷണഭാഗമുള്ളത്. സീമ ബിശ്വാസിനേയും അഞ്ജലി പാട്ടീലിനേയും പോലുള്ള പ്രമുഖര്‍ അഭിനയിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്‍റെ സംഭാഷണത്തില്‍ നിന്നു ഈ വാക്കുകള്‍ മുറിച്ചുമാററാന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ആവശ്യപ്പെട്ടത് അത് "പ്രധാനമന്ത്രിയുടെ റേഡിയോ പ്രോഗ്രാമിന്‍റെ പേരായതുകൊണ്ടാ"ണത്രേ!

സെന്‍സര്‍ ബോര്‍ഡ് കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ അസംബന്ധ വൈചിത്ര്യങ്ങള്‍ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവമായിരുന്നു 'ഫില്ലൗരി' എന്ന പുതിയ ഹിന്ദി സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത്. അനുഷ്ക്ക ശര്‍മ്മ മുഖ്യറോളില്‍ അഭിനയിക്കുന്ന സിനിമയില്‍ സൂരജ് ശര്‍മ്മയുടെ കഥാപാത്രം 'ഹനുമാന്‍ ചാലിസ' എന്നറിയപ്പെടുന്ന സ്തോത്രം ഉരുവിടുന്നുണ്ട്. പ്രേതങ്ങളേയും പിശാചുക്കളേയും ഓടിച്ചുവിടാനാണത്രേ അതുച്ചരിക്കുന്നത്. സിനിമയില്‍ ഈ മന്ത്രം ഉച്ചരിച്ചതിനു ശേഷവും പ്രേതം ഒഴിഞ്ഞു പോയതായി കാണിക്കുന്നില്ല. ഇതു ശരിയല്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. മന്ത്രം ഉച്ചരിക്കുന്ന പക്ഷം പ്രേതം വിട്ടു പോയതായി തന്നെ കാണിക്കണം. പ്രേതം പോയിട്ടില്ല എന്നു കാണിക്കുന്നതിനാല്‍ മന്ത്രോച്ചാരണം നിശ്ശബ്ദമാക്കണം എന്നാണു ബോര്‍ഡ് നിര്‍ബ്ബന്ധിച്ചത്. ഹനുമാന്‍ ചാലിസ പ്രേതങ്ങളെ ഓടിക്കാന്‍ പര്യാപ്തമല്ലെന്ന ധാരണയെങ്ങാനും ഇപ്പോഴത്തെ രൂപത്തില്‍ സിനിമ കാണുന്നവരില്‍ ഉണ്ടാക്കിയാല്‍ അതു കുഴപ്പമാവില്ലേ എന്ന് പഹ്ലാദ് നിഹലാനിയും കൂട്ടരും ചിന്തിച്ചു കാണും.

ഇത്തരം അസംബന്ധങ്ങള്‍ ഏതെല്ലാം തരത്തിലുള്ള ജനാധിപത്യാവകാശ ധ്വംസനങ്ങളിലേക്കെത്താമെന്നും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സാംസ്ക്കാരിക സ്ഥാപനങ്ങളുടെ അധീശാധികാരങ്ങള്‍ കൈവരുന്നത് എത്രത്തോളം ആപത്ക്കരമാകുമെന്നും തെളിയിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

(ദി ടെലഗ്രാഫ്, ടൈംസ്ഓഫ് ഇന്ത്യ, ഇന്ത്യാ ന്യൂസ് എന്നിവയോട് കടപ്പാട്)

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow