Loading Page: നേഴ്സുമാരുടെ സമരം ഉയര്‍ത്തിയ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങള്‍

എന്‍.വി ബാലകൃഷ്ണന്‍

നാം രാഷ്ട്രീയ പ്രബുദ്ധമെന്നും ഇടതുപക്ഷ ട്രേഡ്യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമെന്നുമൊക്കെ നെഞ്ച് വിരിച്ചഭിമാനിക്കുന്ന കേരളത്തില്‍പോലും ഇത്രയേറെ മനുഷ്യത്വരഹിതമായ ചൂഷണം എങ്ങനെ തുടരാന്‍കഴിയുന്നു, എന്നുള്ള അന്വേഷണം ഏറെ സാമൂഹിക പ്രസക്തി ഉള്ളതാണ്. ഇത്തരമൊരു അന്വേഷണം എത്തിചേരുക പ്രധാനമായും രണ്ട് കാരണങ്ങളിലാണ്. ഒന്ന് നേഴ്സുമാരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ് എന്നതാണ്. നമ്മുടെ രാഷ്ടീയാധികാര കേന്ദ്രങ്ങളെല്ലാം (മതവും ട്രെയ്ഡ് യൂണിയനുകളും ഉള്‍പ്പെടെ) അങ്ങേയറ്റം ദുഷിച്ച് നാറിയ ആണ്‍കോയ്മയുടെ വിളനിലങ്ങളാണ്. തങ്ങള്‍ക്ക് വേണ്ടി പണിയെടുക്കാനും തങ്ങളുടെ ഭോഗാസക്തിയെ ശമിപ്പിക്കാനും സ്വന്തം ബീജം മുളപ്പിച്ച് സ്വത്തിനുള്ള പിന്‍തുടര്‍ച്ചാവകാശിയെ സൃഷ്ടിക്കാനുമുള്ള ശരീരങ്ങള്‍ എന്നതിനപ്പുറമുള്ള ഒരു മാനുഷിക പരിഗണനയും സ്ത്രീകള്‍ക്ക് നല്‍കിയിട്ടില്ല.

''ആന്‍സി നല്ല പഠിപ്പിസ്റ്റായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ അവള്‍ക്കൊപ്പം എത്താന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുമായിരുന്നു. എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും എപ്ലസിലധികം നേടിയ അവള്‍ ഡോക്ടര്‍ ആവണമെന്ന ആഗ്രഹത്തോടെ സയന്‍സ് ഗ്രൂപ്പ് എടുത്ത്, പ്ലസ് വണ്ണിന് ചേര്‍ന്നു. എനിക്ക് ഹ്യൂമാനിറ്റീസിനുമാത്രമാണ് അഡ്മിഷന്‍ കിട്ടിയത്. എന്‍ട്രന്‍സ് കോച്ചിങ്ങിന് പോവാത്തതുകൊണ്ടായിരിക്കാം, അവള്‍ക്ക് മെഡിസിന് കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് ബി.എസ്.സി. നേഴ്സിങ്ങിന് പോയത്. അതു കഴിഞ്ഞ് വന്നാണ് ഇവിടെ സ്വാകാര്യ ആശുപത്രിയില്‍ നേഴ്സായത്. ഉടനെ തന്നെ കല്ല്യാണവും കഴിഞ്ഞു. രണ്ടുകുട്ടികള്‍. ഭര്‍ത്താവിന് കാര്യമായ ജോലിയൊന്നും ഇല്ല. കുടുംബത്തെ പോറ്റാനുള്ള തത്രപാടില്‍ പിഎസ്സി കിട്ടി ഗവമെന്റ് നേഴ്സ് ആവാനൊന്നും കഴിഞ്ഞില്ല. ജോലി കിട്ടിയിട്ട് വര്‍ഷം പതിമൂന്നായി. ഇപ്പോള്‍ കിട്ടുന്ന ശമ്പളം 6500 രൂപയാണ്. ബിഎ കഴിഞ്ഞ് ഒരു വര്‍ഷം ബിഎഡ് ചെയ്ത് എയ്ഡഡ് സ്‌കൂളില്‍ ടിച്ചറായ എനിക്ക് 46000രൂപ പ്രതിമാസം ശമ്പളം കിട്ടും. മിടുക്കിയായ ആന്‍സിക്ക് 12 മണിക്കൂര്‍ വിശ്രമമില്ലാതെ പണിയെടുത്താലും കിട്ടുന്നത് 6500രൂപ''.

ഇന്ന് പുലര്‍ച്ചക്ക് അടുക്കള ചര്‍ച്ചയില്‍ നേഴ്സുമാരുടെ സമരമായിരുന്നു ഭാര്യക്ക് വിഷയം. സമരം ഒത്തു തീര്‍ന്ന വാര്‍ത്ത ഇപ്പോള്‍ ആകാശവാണിയിലൂടെ കേള്‍ക്കാം. നന്നായി പഠിക്കുന്ന ചൂരും ചുണയുമൊക്കെ ഉള്ള പെണ്‍കുട്ടികളാണല്ലോ നേഴ്സിങ്ങ് പഠനത്തിന് തെരഞ്ഞെടുക്കപെടുന്നത്. പലവിധ സാമ്പത്തിക പ്രയാസങ്ങള്‍കൊണ്ടും മറ്റും മെഡിസിന്‍ പ്രവേശനം ലഭിക്കാത്തവര്‍. അവരാണിപ്പോള്‍ 3000മുതല്‍ 10,000 വരെ ശമ്പളത്തില്‍ പണിയെടുക്കുന്നത്. എന്നാല്‍ ഇവരുടെ തൊട്ടുമുന്നിലുള്ള ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയിലായിരുന്നാലും സ്വാകാര്യമേഖലയിലായിരുന്നാലും നല്ല ശമ്പളത്തില്‍ ജോലിചെയ്യുന്നു. സ്വകാര്യപ്രാക്ടീസിലൂടെ കോടികള്‍ സമ്പാദിക്കുന്നു. പഠിപ്പില്‍ അത്ര കേമന്‍മാരൊന്നുമല്ലെങ്കിലും ബിരുദവും മറ്റു യോഗ്യതകളും നേടിയവര്‍ ഇവരേക്കാള്‍ മെച്ചപെട്ട ശമ്പളം വാങ്ങുന്നു. ആതീവസൂക്ഷമതയും വൈദഗ്ദ്ധ്യവും സ്നേഹവുമൊക്കെ ആവശ്യം ഉള്ള, ഫളോറന്‍സ് നൈറ്റിംഗ്ഗേലിന്റെ പിന്‍മുറക്കാരായി പട്ടം ചാര്‍ത്തപെട്ട ഇവര്‍ ഇന്നും പണിയെടുക്കുന്നത് നക്കാപിച്ചക്ക്. എന്നാല്‍ ഇവരെ ഉപയോഗിച്ച് സ്വകാര്യനേഴ്സിംഗ് ഹോമുകള്‍ (മിക്കവാറും ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലാണ്) കൊയ്യുന്നത് കോടികള്‍. നേഴ്സിങ്ങ് ചാര്‍ജായി രോഗികളില്‍നിന്ന് ഈടാക്കുന്നതിന്റെ 10 ശതമാനം പോലും അവര്‍ക്ക് നല്‍കുന്നുമില്ല.

ഇത് യഥാര്‍ത്ഥത്തില്‍ തെളിയിക്കുന്നത് മനുഷ്യവിഭവശേഷി വിനിയോഗത്തിന്റെ കാര്യത്തില്‍ നാം ഇപ്പോഴും എത്രയോ അപരിഷ്‌കൃതരാണ് എന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡോക്ടര്‍മാരും നേഴ്സുമാരും ഒരേ സാമൂഹ്യ പദവി പങ്കിടുന്നവരും ഒരേ നിലവാരത്തില്‍ ശമ്പളം വാങ്ങിക്കുന്നവരുമാണ്. വികസിത രാജ്യങ്ങളില്‍ മിക്കതിലും ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ശമ്പളം തമ്മില്‍ ഒരു ശതമാനത്തില്‍ താഴെയാണ് വ്യത്യാസം. നേഴ്സ്മാര്‍ക്ക് ചില പരീക്ഷകള്‍ എഴുതിയാല്‍ ഡോക്ടര്‍മാരായി പ്രമോഷന്‍ ലഭിക്കുകയും ചെയ്യും. സ്‌കാന്റിനേവിയന്‍ രാജ്യങ്ങളില്‍ ജനങ്ങളുടെ ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ശമ്പളവും തമ്മിലുള്ള വ്യത്യാസം 1:4 ആണ്. അതായത് ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളമായി 1000 രൂപയാകുമ്പോള്‍ ആ രാജ്യങ്ങളില്‍ ഏറ്റവും കൂടിയ ശമ്പളം 4000 ആയിരിക്കും. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിയെന്താണ്? ഇവിടെ കുറഞ്ഞ ശമ്പളവും ഉയര്‍ശമ്പളവും തമ്മിലുള്ള വ്യാത്യാസം 1:10 ആയി നിശ്ചയിക്കണമൊന്നാവശ്യപെട്ട്, രാംമനോഹര്‍ ലോഹ്യ പാര്‍ലമെന്റില്‍ സ്വകാര്യബില്‍ കൊണ്ടുവന്നിരുന്നു. അത് പരാജയപെടുത്തപ്പെടും എന്നുറപ്പാണല്ലോ. വൈദ്യ സുശ്രൂഷാരംഗത്ത് വരുമാനം, കൂലി, ലാഭം എന്നിവയിലുള്ള അന്തരം ഭയാനകമാണ്. നമ്മുടെ സ്വകാര്യആശുപത്രികളില്‍ മിക്കതിലും രാത്രികാല പരിശോധനകള്‍ക്കും ജനറല്‍ ഒപി നടത്തിപ്പിനുമൊക്കെ എംബിബിഎസ് പഠിച്ചിറങ്ങിയ ജൂനിയര്‍ ഡോക്ടര്‍മാരെയാണ് ഉപയോഗിക്കുന്നത്. പക്ഷേ അവര്‍ യോഗം ചേര്‍ന്ന് ഒറ്റ രാത്രി ഡ്യൂട്ടിക്ക് ചുരുങ്ങിയത് 3000 രൂപ ലഭിക്കണം എന്ന് നിശ്ചയിച്ചിട്ടുണ്ട്. അതില്‍ കുറഞ്ഞ തുകയ്ക്ക് അവര്‍ ജോലി ചെയ്യില്ല. പിജി പഠനത്തിന് ചേര്‍ന്നവരാണ് മിക്കവാറും ദിവസക്കൂലിക്കായി വരിക. രാത്രി ഡ്യൂട്ടിക്കിടെ പഠനം നടക്കും. അപ്പോഴും, 25 ദിവസം ജോലി ചെയ്യുവര്‍ക്ക് 75000രൂപ വരുമാനം ലഭിക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്നവരില്‍ പ്രശ്സതരായ ഡോക്ടര്‍മാര്‍ക്ക് 50 ലക്ഷം രൂപയൊക്കെ മാസശമ്പളമുണ്ട്. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്നവരാണിവര്‍. ഇവരുടെയൊക്കെ വീടുകളിലെ പരിശോധനയും ഫീസും അതിന്പുറത്താണ്. 25000 രൂപ വരെ ഈ ഇനത്തില്‍ പ്രതിദിനവരുമാനമുള്ള ഡോക്ടര്‍മാരുണ്ട്.ഇതിനു പുറമെയാണ് മരുന്നു കമ്പനിക്കാരും മറ്റുള്ളവരും നല്‍കുന്ന കനത്ത പാരിതോഷികങ്ങളും കമ്മീഷനുകളും.

ഏതര്‍ത്ഥത്തിലും ഇവരോടൊപ്പം നില്‍ക്കുന്ന നേഴ്സുമാര്‍ക്കാണ് നാം പ്രതിദിനം 100,150 രൂപ പ്രതിഫലം നല്‍കി പണിയെടുപ്പിക്കുന്നത്. ആജീവാനാന്ത ട്രെയിനി എന്ന ഓമനപേരു നല്‍കിയാണിത്. ആരെങ്കിലും ഇത് ചോദ്യം ചെയ്താല്‍ അവര്‍ക്കൊരു തൊഴില്‍പരിചയസര്‍ട്ടിഫിക്കറ്റ്നല്‍കി പിരിച്ചയച്ച് പകരം പുതിയ ആളെ ജോലിക്ക് വെക്കും. നേഴ്സിങ്ങ് പൂര്‍ത്തിയാക്കിയ ധാരാളം പേര്‍ പുറത്തുള്ളതുകൊണ്ട് ആളെ കിട്ടാന്‍ബുദ്ധിമുട്ടില്ല. മിക്കവാറും സ്വകാര്യആശുപത്രി മുതലാളിമാര്‍, ഭരണക്കാരെ സ്വാധീനിച്ച് ഒരു നേഴ്സിങ്ങ് കോളേജും ഒപ്പിച്ചെടുക്കും. അവിടെ വന്‍ തുക ഫീസ് നല്‍കി പഠിക്കാനെത്തുന്ന കുട്ടികളെ ഉപയോഗിച്ചാകും ആശുപത്രിയിലെ പാരാമെഡിക്കല്‍ ചുമതലകളൊക്കെ നിര്‍വ്വഹിക്കുക.

നാം രാഷ്ട്രീയ പ്രബുദ്ധമെന്നും ഇടതുപക്ഷ ട്രേഡ്യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമെന്നുമൊക്കെ നെഞ്ച് വിരിച്ചഭിമാനിക്കുന്ന കേരളത്തില്‍പോലും ഇത്രയേറെ മനുഷ്യത്വരഹിതമായ ചൂഷണം എങ്ങനെ തുടരാന്‍കഴിയുന്നു, എന്നുള്ള അന്വേഷണം ഏറെ സാമൂഹിക പ്രസക്തി ഉള്ളതാണ്. ഇത്തരമൊരു അന്വേഷണം എത്തിചേരുക പ്രധാനമായും രണ്ട് കാരണങ്ങളിലാണ്. ഒന്ന് നേഴ്സുമാരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ് എന്നതാണ്. നമ്മുടെ രാഷ്ടീയാധികാര കേന്ദ്രങ്ങളെല്ലാം (മതവും ട്രെയ്ഡ് യൂണിയനുകളും ഉള്‍പ്പെടെ) അങ്ങേയറ്റം ദുഷിച്ച് നാറിയ ആണ്‍കോയ്മയുടെ വിളനിലങ്ങളാണ്. തങ്ങള്‍ക്ക് വേണ്ടി പണിയെടുക്കാനും തങ്ങളുടെ ഭോഗാസക്തിയെ ശമിപ്പിക്കാനും സ്വന്തം ബീജം മുളപ്പിച്ച് സ്വത്തിനുള്ള പിന്‍തുടര്‍ച്ചാവകാശിയെ സൃഷ്ടിക്കാനുമുള്ള ശരീരങ്ങള്‍ എന്നതിനപ്പുറമുള്ള ഒരു മാനുഷിക പരിഗണനയും സ്ത്രീകള്‍ക്ക് നല്‍കിയിട്ടില്ല. രണ്ടാമത്തെ പ്രധാന കാരണം നമ്മുടെ നേഴ്സുമാരില്‍ ഏതാണ്ട് 75 ശതമാനവും കത്തോലിക്കാ മതത്തിന്റെ സ്വാധീനവലയത്തിനകത്തുള്ളവരാണ് എന്നതാണ്. കത്തോലിക്കാ സഭ എത്രയേറെ മൂലധന ബന്ധിതവും ആണ്‍അധികാരകേന്ദീകൃതവുമാണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.

നേഴ്സുമാരുടെ സംഘടനയും സമരവും സാമൂഹമധ്യത്തിലേക്ക് ഉയര്‍ത്തികൊണ്ടുവന്ന വളരെയേറെ പരിഗണനീയമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ട്. കേരളീയ രാഷ്ടീയ പരിസരം, അത് ഇടതുപക്ഷത്തിന്റേയോ വലതു-പക്ഷത്തിന്റയോ മധ്യപക്ഷത്തിന്റയോ ഏതുമാകട്ടെ, ഇവയൊക്കെ അങ്ങയറ്റം മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും രാഷട്രീയം, പ്രത്യായശാസ്ത്രം, സാമൂഹ്യം തുടങ്ങിയ പ്രശ്നങ്ങളെ അഭിസംബേധന ചെയ്യുന്നതിന് പകരം, അധികാരവിനിയോഗവുമായി ബന്ധപെട്ട സാമൂഹ്യ എഞ്ചിനീയറിങ്ങ് (oscial engineering) സ്വഭാവങ്ങളിലേക്ക് മാറികഴിഞ്ഞിരിക്കുന്നു. ഉദാരവല്‍ക്കരണം യാഥാര്‍ത്ഥ്യമായ 1980കള്‍ മുതല്‍, ചികിത്സാരംഗത്ത് സ്വകാര്യ കോര്‍പറേറ്റ് ആധിപത്യം കേരളത്തില്‍ വികസിക്കാനാരംഭിച്ചു. 1990കളിലെ നവ ഉദാരവല്‍ക്കരണകാലം മുതല്‍ വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലൊക്കെ കോര്‍പറേറ്റ് സ്വാധീനം പ്രകടമായിരുന്നു. അപ്പോഴും നമ്മുടെ ട്രേഡ് യൂണിയനുകള്‍ ഇത്രയേറെ ചൂഷണം നടക്കുന്ന ഈ മേഖലകളിലേക്ക് തിരിഞ്ഞുനോക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും. അംഗീകൃത ട്രേഡ് യൂണിയനുകള്‍ തമസ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പാഴും കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ അനുഭവിക്കുന്ന കടുത്ത ചൂഷണത്തിന്റെ പ്രശ്നം, സ്വാഭാവികമായിതന്നെ ഉയര്‍ന്നുവരുന്നുണ്ട്. ഒറ്റപ്പെട്ട ചോദ്യംചെയ്യലുകളായും ചെറുത്തുനില്‍പ്പുകളായും പിരിച്ചുവിടലുകളായും ശാരീരീകചൂഷ്ണങ്ങളായുമൊക്കെയായി അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ട്രേഡ് യൂണിയനുകള്‍ക്ക് പുറത്ത്, സ്ഥാപനങ്ങളിലും സ്ഥലങ്ങളിലുമൊക്കെ നേഴ്സുമാരുടെ പ്രാഥമിക സംഘടനാ രൂപങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. അവയുടെ നേതൃത്വത്തില്‍ ചെറുതും വലുതുമായ പ്രകടനങ്ങളും സമരങ്ങളും ആവിര്‍ഭവിച്ചു. സ്വാഭാവികമായി, ആരും പ്രതീക്ഷിക്കുക ഇത്തരം സാഹചര്യത്തിലെങ്കിലും ട്രേഡ് യൂണിയനുകള്‍ ഇവരെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങും എന്നാണല്ലോ. എന്നാല്‍ അതൊന്നുമല്ല സംഭവിച്ചത്. സ്വകാര്യ ആശുപത്രിജീവനക്കാരുടെ സംഘടന, സഹകരണമേഖലയിലെ ജീവനക്കാരുടെ സംഘടന, തുടങ്ങിയ മേല്‍വിലാസങ്ങളില്‍ ചില കടലാസു സംഘങ്ങള്‍ തങ്ങളുടെ മെമ്പര്‍ഷിപ്പും ഫണ്ടുകളും പിരിച്ചെടുക്കാന്‍ രംഗത്തു വന്നു എന്നത് വാസ്തവം തന്നെ. എന്നാല്‍ ഇവരുടെ പ്രശ്നങ്ങള്‍ കാതലില്‍ മനസ്സിലാക്കനോ അതില്‍ ഇടപെടാനോ ഈ സംഘടനകള്‍ക്ക് കഴിയുമായിരുന്നില്ല. രാഷ്ട്രീയ-ട്രേഡുയൂണിയന്‍ നേതാക്കള്‍ക്ക് ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുമായുള്ള അടുത്ത ബന്ധം ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് തടസ്സമായി നിന്നു.

ഇടുക്കിയിലും മറ്റുമുള്ള വൈദ്യസാക്ഷരതയോ കേവല സാക്ഷരതയോ ഇല്ലാത്ത പാവങ്ങളെ ആശുപത്രിയില്‍ എത്തിച്ച് അവരറിയാതെ അവരുടെ വൃക്കകള്‍ അടിച്ചുമാറ്റി ലക്ഷങ്ങളും കോടികളും വില ഈടാക്കി വില്‍പ്പന നടത്തുന്ന മാഫിയകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു. കോഴിക്കോട് നഗരത്തില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ചില വന്‍കിട ആശുപത്രികളുടെ പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കാന്‍ ഇടയായി. സംസ്ഥാനത്തെ ആരോഗ്യ മന്ത്രി അത്തരത്തിലൊരു മുതലാളിയുടെ ആഡംബരകാര്‍ ആനചിഹ്നം പതിച്ച്, കേരള സ്റ്റേറ്റ്‌ബോര്‍ഡും വെച്ച് സഞ്ചരിക്കാനുപയോഗിച്ചത് മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വന്നു. രാഷ്ട്രീയ പ്രതിയോഗികള്‍, ചില പതിവ് ഗ്വോഗ്വാവിളികളൊക്കെ ഉയര്‍ത്തിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കുറെ ദിവസങ്ങളോളം മാധ്യമങ്ങള്‍ക്ക് ചര്‍ച്ചാവിഷമായി എന്നതിനപ്പുറം. തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ വൃക്കകള്‍ അപഹരിക്കപ്പെട്ട ഹതഭാഗ്യരെക്കുറിച്ച് ആര്‍ക്കും വലിയ ഉത്ക്കണ്ഠകളൊന്നും ഉണ്ടായിരുന്നില്ല.

ഇത്തരം ഒരു സാഹചര്യത്തിലാണ് നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പല രൂപത്തില്‍ സമൂഹത്തില്‍ ഉയര്‍ന്ന് വന്നുകൊണ്ടിരുന്നത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു ട്രേഡ്യൂണിയന്‍ സംഘടനയും ഇതു വരെ മുന്നോട്ട് വന്നില്ല. സാമൂഹ്യ ശരീരത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍, ബന്ധപെട്ടവര്‍ കണ്ടില്ലാ എന്ന് നടിച്ചാല്‍പോലും അത് വൃണമായി പഴുത്ത് പൊട്ടി ഒലിക്കും. നേഴ്‌സുമാരുടെ സമരത്തില്‍ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. രണ്ട് വര്‍ഷം മുന്‍പ് മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ 'പെമ്പളെ ഒരുമൈ' എന്ന സംഘടന രൂപീകരിച്ച്, സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നതും മറ്റൊന്നല്ല. ഇടതും വലതും വ്യത്യാസമില്ലാതെ ട്രേഡുയൂണിയന്‍ നേതാക്കന്‍മാര്‍ക്ക് താല്‍ക്കാലികമായി ഇത്തരം സ്വാഭാവിക മുന്നേറ്റങ്ങളെ കലക്കികളയാന്‍ (abort) കഴിഞ്ഞേക്കും പക്ഷെ അത്‌കൊണ്ടൊന്നും അവയുടെ പ്രസക്തി ഇല്ലാതാവുന്നില്ല.

നേഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ അവശ്യ സര്‍വ്വീസ് നിയമം പ്രയോഗിക്കാന്‍ കോടതി ആവശ്യപ്പെടുമ്പോഴും, നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ആശുപത്രി നടത്താനും അതിന് നിരോധനാജ്ഞ പ്രഖാപിക്കാനുമൊക്കെ ജില്ലാ ഭരണാധികാരിയായ കലക്ടര്‍ രംഗത്തിറങ്ങുമ്പോള്‍,അദ്ദേഹത്തിന് പരോക്ഷമായെങ്കിലും പിന്തുണ നല്‍കുകയാണ് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയന്‍ സംഘടനകളും. കലക്ടറുടെ നടപടി അപക്വമെന്ന് സിപിഎം നേതാവ് പി.ജയരാജനും എ.ഐ.ടി.യു.സി നേതാക്കളും പ്രസ്ഥാപിച്ചത് കാണാതിരിക്കുന്നില്ല. അപ്പോഴും തങ്ങളുടെ സംഘടന ഏറ്റെടുക്കേണ്ടിയിരുന്ന പ്രശ്‌നമാണ്, ഈ പാവം പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. കോണ്‍ഗ്രസിനും ബി.ജെപിക്കുമൊക്കെ ഇതില്‍ രാഷ്ട്ട്രീയ മുതലെടുപ്പിന് എന്തെങ്കിലും അവസരങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നതിലപ്പുറമുള്ള അജണ്ടകളുണ്ടാവില്ല. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും പാര്‍ട്ടിയാകട്ടെ ഈ പനിക്കാലത്ത് സമരം ചെയ്യുന്നതിലെ 'മനുഷ്യത്വവിരുദ്ധമായ' നിലപാടുയര്‍ത്തി സമരത്തിനെതിരെ നോട്ടീസുകള്‍ വിതരണം ചെയ്തതായി മാധ്യമങ്ങള്‍ പറയുന്നുണ്ട്. ഇത് ശരിയാണെങ്കില്‍, ഇവരാരും പനിച്ച് വിറയ്ക്കുന്ന ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് ഒരു സമരവുമായി വന്നവരല്ല എന്ന് മറക്കരുത്. ജില്ലാ കലക്ടറുടെ നടപടികള്‍ ന്യായീകരിക്കുന്നതിന,് ചാനല്‍ ചര്‍ച്ചകളില്‍ സി.ഐ.ടി.യു പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മിന്നല്‍ പണിമുടക്കിന് എക്കാലവും എതിരായിരുന്നു എന്നദ്ദേഹം വാശിയോടെ പറയുന്നുണ്ടായിരുന്നു. ശരി തന്നെ അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. പക്ഷേ നേഴ്‌സുമാരുടെ സമരം മിന്നല്‍ പണിമുടക്കല്ല. പിന്നെ വിദ്യാര്‍ത്ഥികളെ ഇറക്കി ആശുപത്രി നടത്താനുള്ള കലക്ടറുടെ നപടികളെ. ന്യായീകരിക്കാനുമാവില്ല. 'കരിങ്കാലികള്‍' എന്നാണ് നാം ഇക്കാലമത്രയും ഇവരെ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ നമ്മുടെ നേഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ കരിങ്കാലിപണിക്ക് സന്നദ്ധരായില്ല എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇങ്ങനെ സര്‍ക്കാരും മുതലാളിമാരും ഇറക്കിയ 'കരിങ്കാലികളെ' പലവിധത്തില്‍ പ്രതിരോധിച്ച് സമരം വിജയിപ്പിച്ച, ഭൂതകാല ചരിത്രമുള്ള സംഘടനയാണ് സി.ഐ.ടി.യു. അവശ്യ സര്‍വ്വീസ് നിയമം പ്രയോഗിച്ച് സമരം പൊളിക്കാന്‍ സര്‍ക്കാരും മുതലാളിമാരും നടത്തിയ ശ്രമങ്ങളെ ചെറുത്ത് പരാജയപ്പെടുത്തിയ ചരിത്രവും സി.ഐ.ടിയുവിനുണ്ട്.

സമാനമായ സാഹചര്യങ്ങളില്‍ ചൂഷണം ചെയ്യപെടുന്ന സ്വാശ്രയ കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരുടെ പ്രക്ഷോഭങ്ങളും ആസന്നഭാവിയില്‍തന്നെ കേരളം പ്രതീക്ഷിക്കുന്നുണ്ട്...

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow