Loading Page: ക്വിറ്റിന്ത്യ പ്രക്ഷോഭവും ഗാന്ധിജിയും

ഒപ്പീനിയന്‍

പി.ജെ. ബേബി

ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെയും അതില്‍ ഗാന്ധിവഹിച്ച പങ്കിനെയും ചരിത്രപരമായ സ്ഥല-കാലങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നു ഈ പഠനം, ഗാന്ധിജിയുടെ രാഷ്ട്രീയ ഉള്ളടക്കത്തെ കുറിച്ചുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമാണ്. ഗാന്ധിയിലെ രാഷ്ട്രീയ ഉള്ളടക്കം ചോര്‍ത്തിക്കളഞ്ഞ്, ഏതു മോഡിക്കും സ്വച്ഛഭാരതത്തോടോ നോട്ട് നിരോധനത്തോടോ ചേര്‍ത്തു വക്കാവുന്ന ഒരു പോസ്റ്റര്‍ മഹാത്മാവ് മാത്രമായി ഗാന്ധി ഇന്ന് ചുരുക്കപെടുന്നു. വ്യത്യസ്തമായി ഗാന്ധിജിയെ മനസ്സിലാക്കുകയും വീണ്ടെടുക്കുകയും ചെയ്യണ്ടതിന്റെ പ്രസക്തി ഫാസിസം/സ്വേച്ഛാധിപത്യം വാതിലില്‍ മുട്ടുന്ന ഇന്ന് എത്രമാത്രം ആവശ്യമാണെന്നു ഈ പഠനം ചൂണ്ടികാട്ടുന്നു

ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്‍ഗ്രസ്സുകാരിത്തവണയും 1942ലെ കമ്യൂണിസ്റ്റുവഞ്ചനയെ ഓര്‍മ്മിപ്പിക്കാനായി ചടങ്ങിനൊരു ക്വിറ്റിന്ത്യാദിനമാചരിച്ചെന്നു വരും. പതിവുമട്ടില്‍ ഓരോ ഗാന്ധിജയന്തി, ഗാന്ധി രക്തസാക്ഷിദിനങ്ങളിലെന്ന പോലെ ഗാന്ധിജി മഹാനായിരുന്നുവെന്ന് പറയുകയും ചെയ്‌തെന്നുവരും. അതിനപ്പുറം ഗാന്ധിജിയോ ക്വിറ്റിന്ത്യാദിനമോ ചരിത്ര, സ്ഥലകാലസന്ദര്‍ഭത്തില്‍ വച്ച് പരിശോധിക്കപ്പെടില്ല. അതിന്റെ ഫലമെന്താണ്? ഗാന്ധിജി രാഷ്ട്രീയ ഉള്ളടക്കം ചോര്‍ത്തിക്കളഞ്ഞതും, ഏതു മോഡിക്കും സ്വച്ഛഭാരതത്തോടോ നോട്ട് നിരോധനത്തോടോ ഒക്കെ ചേര്‍ത്തു വക്കാവുന്നതുമായ ഒരു പോസ്റ്റര്‍ മഹാത്മാവ് മാത്രമായിച്ചുരുക്കപ്പെടുന്നു. അതില്‍ നിന്നു വ്യത്യസ്തമായി ഗാന്ധിജിയെ മനസ്സിലാക്കുകയും വീണ്ടെടുക്കുകയും ചെയ്യണ്ടതിന്റെ പ്രസക്തി ഫാസിസം/സ്വേച്ഛാധിപത്യം വാതിലില്‍ മുട്ടുന്ന ഇന്ന് എത്രമാത്രം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടാനാണീ കുറിപ്പ്.

ഗാന്ധിജിയെയും ക്വിറ്റിന്ത്യാസമരത്തെയും മനസ്സിലാക്കാന്‍ ആ സമരത്തിന്റെ നാള്‍വഴിക്കണക്കുമാത്രം പരിശോധിച്ചാല്‍പ്പോരാ. ചുരുങ്ങിയ പക്ഷം ഒന്നാം ലോകമഹായുദ്ധപര്യവസാനവും ഗാന്ധിജിയുടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശവും തൊട്ടുള്ള ആഗോള-ഇന്ത്യന്‍ പശ്ചാത്തലം അറിയണ്ടതുണ്ട്. പക്ഷേ അതിന്റെ ഓടിച്ചൊരു പരിശോധനക്കു പോലുമിവിടെ സമയമില്ലാത്തതിനാല്‍ ആവശ്യം ആവശ്യമെന്നുതോന്നുന്ന ചില കാര്യങ്ങള്‍ മാത്രമിവിടെ സൂചിപ്പിക്കട്ടെ.

ഗാന്ധിജിക്കുമുമ്പുവരെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനമെന്നാല്‍ കോണ്‍ഗ്രസ്സും ഹോംറൂള്‍പ്രസ്ഥാനവും (ലീഗിനെ അതില്‍പ്പെടുത്താമോയെന്നത് തര്‍ക്കവിഷയമാണ്) വിപ്ലവപ്രസ്ഥാനങ്ങളുമാണ്. വിപ്ലവപ്രസ്ഥാനങ്ങളുടെ മുഖ്യകേന്ദ്രം ഒന്നാമത് ബംഗാളും, രണ്ടാമത് പഞ്ചാബും മൂന്നാമത് മഹാരാഷ്ട്രയുമായിരുന്നു. (ഇതില്‍ ബംഗാളും പഞ്ചാബും വെട്ടിമുറിക്കപ്പെടുകയും ഭൂരിപക്ഷമേഖലകള്‍ പില്‍ക്കാലത്ത് പാക്കിസ്ഥാനിലാവുകയും ചെയ്തു). കോണ്‍ഗ്രസ്സ്, ഹോംറൂള്‍ പ്രസ്ഥാനങ്ങള്‍ അക്കാലത്ത് ബഹുജനപ്രസ്ഥാനങ്ങളായിരുന്നില്ല. അവയുടെയെല്ലാം മുഖ്യആശയധാര മാക്‌സ്മുള്ളറിനെപ്പോലുള്ളവര്‍ മുന്നോട്ടുവച്ച ഇന്‍ഡോളജിസ്റ്റ്-ഓറിയന്റലിസ്റ്റ് നിലപാടുകളായിരുന്നു. മഹത്തായ ആത്മീയ പൈതൃകവും സമ്പന്നതയുമുള്ള പോയകാല ഇന്ത്യയെന്ന വികാരം. അതിന്റെ തുടര്‍ച്ചയെന്നോണം വേദേതിഹാസകാലഘട്ടം മുതലുള്ള ഇന്ത്യയുടെ മഹത്വം തിരിച്ചു പിടിക്കുകയെന്ന പൊതുവികാരത്തിന് ഇന്ത്യന്‍-രാഷ്ട്രീയ-ബൗദ്ധികമണ്ഡലങ്ങളില്‍ പ്രാമുഖ്യം ലഭിച്ചു.

അത്തരമൊരാശയധാരയില്‍ നിന്നുകൊണ്ട് സ്വയം ഭരണത്തിനായി (കൂടുതല്‍ കൂടുതല്‍ അവകാശങ്ങള്‍ക്കായി) പോരാടുകയെന്ന ഒരു സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്ന ബാരിസ്റ്റര്‍മാര്‍, പ്രഭുക്കള്‍, ജമീന്ദാര്‍മാര്‍, ഹൈന്ദവസന്യാസിമാര്‍ തുടങ്ങിയ വരേണ്യവര്‍ഗ്ഗത്തിന് സ്വാതന്ത്ര്യസമരത്തില്‍ പ്രാമുഖ്യം ലഭിച്ചു. കോണ്‍ഗ്രസ്സും ഹോംറൂള്‍കാരും പൊതുയോഗങ്ങള്‍, സമ്മേളനപ്രമേയങ്ങള്‍, നിവേദനങ്ങള്‍ എന്നീ നിയമവിധേയ സമരമാര്‍ഗ്ഗങ്ങളവലംബിച്ചപ്പോള്‍ വിപ്ലവകാരികള്‍ ഇറ്റാലിയന്‍ ഏകീകരണം, ഫ്രഞ്ചുവിപ്ലവം, റഷ്യന്‍ ഭീകരവാദം തുടങ്ങിയവയില്‍ നിന്നാവേശമുള്‍ക്കൊണ്ടുകൊണ്ട് ഹിംസാത്മകമാര്‍ഗ്ഗങ്ങളവലംബിച്ചു.

ബാരിസ്റ്ററാകാന്‍ പഠിക്കാന്‍ ഇംഗ്ലണ്ടില്‍പ്പോയ എം.കെ.ഗാന്ധി വെറുതെ ബിരുദമെടുക്കുകയായിരുന്നില്ല. അദ്ദേഹം യൂറോപ്പിലെ പുരോഗനപരമായ ആശയങ്ങളെല്ലാം മനസ്സിലാക്കാന്‍ ശ്രമിച്ചു. അതിലൂടെ ടോള്‍സ്റ്റോയി, റസ്‌കിന്‍ തുടങ്ങിയവരുടെ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടു. അന്നുമുതല്‍ മരിക്കുന്നതുവരെ യൂറോപ്യന്‍ ബൗദ്ധിക-ആശയരംഗത്തെ എല്ലാ ചലനങ്ങളിലേക്കുമദ്ദേഹം മറ്റേതൊരിന്ത്യക്കാരനേക്കാളും കണ്ണും കാതും തുറന്നു വെച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിന്നദ്ദേഹം നേരെ ഇന്ത്യയില്‍ വരികയായിരുന്നില്ല. മറിച്ച് ബ്രിട്ടീഷുകാര്‍ നേരിട്ടുതന്നെ വര്‍ണ്ണവിവേചനം നടപ്പാക്കുന്ന ദക്ഷിണാഫ്രിക്കയിലേക്കാണ് പോയത്. അവിടെ കറുത്തവരുടെ രാഷ്ട്രീയപിന്നോക്കാവസ്ഥ, ഇന്ത്യക്കാരനനുഭവിക്കുന്ന അനീതികള്‍, ഇന്ത്യക്കാര്‍ക്ക് കറുത്തവരോടുള്ള മനോഭാവം എന്നുതുടങ്ങി ദക്ഷിണാഫ്രിക്ക പോലൊരു രാജ്യത്ത് ഇത്രകഠിനചൂഷണമര്‍ദ്ദനങ്ങളുണ്ടായിട്ടും എന്തുകൊണ്ട് യോജിച്ച, ഫലപ്രദമായ, ചെറുത്തുനില്പുണ്ടാകുന്നില്ല എന്നതിന്റെ കാരണമദ്ദേഹം നോക്കിക്കണ്ടു. പലവിധസമരങ്ങളിലൂടെ അതിലിടപെടാന്‍ ശ്രമിച്ച് അത്തരം ശ്രമങ്ങളുടെ തെറ്റുകളിലും ശരികളിലും നിന്ന് പാഠങ്ങള്‍ പഠിച്ചു. ഈ സമ്പന്നമായ അനുഭവങ്ങളില്‍ നിന്നിന്ത്യയിലേക്കാദ്യം കടന്നുവന്ന ഗാന്ധിക്ക് തിലകനും ഗോഖലെയും എന്ന രണ്ട് ഉന്നത മഹാരാഷ്ട്രബ്രാഹ്മണര്‍ ജീവിച്ചിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം തനിക്കു ലഭിക്കില്ല എന്നു മനസ്സിലായി. അദ്ദേഹം ഇവിടെ നടക്കുന്ന സംഭവവികാസങ്ങള്‍ നേരിട്ട് തനിക്കറിയാന്‍ സംവിധാനങ്ങളുണ്ടാക്കിയ ശേഷം ദക്ഷിണാഫ്രിക്കയിലേക്കു തന്നെ മടങ്ങി. ഇതിനിടയില്‍ ഒന്നാം ലോകമഹായുദ്ധാവസാനത്തില്‍ സര്‍വ്വരാജ്യലീഗില്‍ വുഡ്‌റോവില്‍സനെപ്പോലുള്ളവര്‍ കോളനികളുടെ കാര്യങ്ങളുന്നയിക്കുന്നതദ്ദേഹം കണ്ടു. കോളനിയുടെ ശബ്ദം നേരിട്ട് ലോകരംഗത്തെത്തിക്കുന്ന ഒരു പ്രസ്ഥാനമുണ്ടാക്കിയാല്‍ അതിനെ ബ്രിട്ടന് അധികനാള്‍ അവഗണിക്കാന്‍ പറ്റില്ലെന്നദ്ദേഹം കണ്ടു. ഗോഖലെയും തിലകനും മരിച്ച ഒഴിവില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വമേറ്റെടുക്കാനായിട്ടാണ് കൃത്യസമയത്തദ്ദേഹമിന്ത്യയിലെത്തിയത്.

കല്‍ക്കട്ടയിലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ നാം കാണുന്നത് ത്രൈവര്‍ണ്ണികരായവരുടെ (മുഖ്യമായും ബ്രാഹ്മണര്‍) മലം കോരി വൃത്തിയാക്കുന്ന ഗാന്ധിയെയാണ്. അതിലൂടെ അദ്ദേഹം രണ്ടു സന്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഒന്ന്, പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം ചെയ്യുന്ന പ്രാകൃതരാണ് ഏറ്റവും പരിഷ്‌കൃതരായ ഇന്ത്യന്‍ വരേണ്യവിഭാഗങ്ങള്‍ പോലും. അതു മാറ്റാതെ അവരൊന്നും സ്വതന്ത്രആധുനികപൗരന്മാരാകുകയില്ല. രണ്ട്, ഏറ്റവും ദരിദ്രജനവിഭാഗങ്ങളുടെ തൊഴിലുപോലും ചെയ്യാന്‍ മടിയില്ലാത്ത, അവരുടെ കൂടി വക്താവായ, ഒരാളാണു താന്‍.

ആ സമയത്താണ് തുര്‍ക്കിവിപ്ലവവുമായി ബന്ധപ്പെട്ട് ഖിലാഫത്ത് പ്രശ്‌നമുയര്‍ന്നുവരുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ ഹിന്ദു-മുസ്ലീം ഐക്യം നേടിയെടുക്കേണ്ടതിന്റെ ആവശ്യകത ദക്ഷിണാഫ്രിക്കന്‍-ഇന്ത്യന്‍ അനുഭവങ്ങളില്‍ നിന്ന് ബോധ്യപ്പെട്ട അദ്ദേഹം ആലി സഹോദരന്മാരുമായി ധാരണയെത്തിക്കൊണ്ട് ഖിലാഫത്തിനു പിന്തുണനല്കി. ഹിന്ദു-മുസല്‍മാന്‍ ഭായി ഭായി എന്ന മുദ്രാവാക്യമുയര്‍ത്തി. സിവില്‍ നിയമലംഘനപ്രസ്ഥാനത്തിന് രൂപം നല്‍കി. അക്കാലത്ത് യൂറോപ്പിലും അമേരിക്കയിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന പാസ്സീവ് റെസിസ്റ്റന്‍സ് എന്നതിന്റെ ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം. ഖിലാഫത്ത് പ്രസ്ഥാനവും സിവില്‍നിയമലംഘനപ്രസ്ഥാനവും അതിന്റെ സമരപരമായ ഉന്നതിയില്‍ നിന്നു താഴേക്കു വരുന്നതുമദ്ദേഹം നോക്കിക്കണ്ടു. ഉടനടി ''ചൗരിചൗര''യുടെ പേരിലദ്ദേഹം സമരം പിന്‍വലിച്ചു. തുടര്‍ന്ന് ഉടനടി ഒരു വന്‍ബഹുജനപ്രസ്ഥാനത്തിനു സാധ്യതയില്ലെന്നു കണ്ട അദ്ദേഹം നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്കു മടങ്ങി. സമരത്തിലൂടെ ഉണര്‍ത്തിയെടുക്കപ്പെട്ട ജനവികാരത്തെയും സംഘടനയെയും സംരക്ഷിക്കാന്‍ സമാധാനത്തിന്റെ ഒരു ഇടവേളയാവശ്യമാണ്. എന്നാല്‍ സംഘടനയുടെ ആത്മവീര്യം നിലനിര്‍ത്താന്‍ ഒരു കര്‍മ്മപദ്ധതിയും വേണം. ഇതു രണ്ടിനുമൊപ്പം സ്വദേശിയിലൂടെ ദേശീയവികാരം വളര്‍ത്താനും അദ്ദേഹം ഉന്നം വച്ചു. ഗാന്ധിജിയുടെ സ്ഥാനം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷസ്ഥാനത്ത് ഉറപ്പിക്കപ്പെട്ടു. ഈ സമയത്ത് കോണ്‍ഗ്രസ്സില്‍ വലിയൊരു പിളര്‍പ്പുണ്ടായി. നിയമവിധേയപക്ഷത്തായിരുന്നു ഭൂരിപക്ഷം കോണ്‍ഗ്രസ്സ് മഹാരഥന്മാരും. അവര്‍ ഭരണപങ്കാളിത്തവുമായി മുന്നോട്ടുപോയി. മറുപക്ഷക്കാര്‍ ശക്തമായ രാഷ്ട്രീയപ്രക്ഷോഭങ്ങള്‍ക്കുവേണ്ടി വാദിച്ചു. സ്വരാജ് പാര്‍ട്ടിയും, ലേബര്‍കിസാന്‍ പാര്‍ട്ടിയുമൊക്കെയായി അവരൊക്കെ മുന്നോട്ടു പോകുന്നതിനെ ഗാന്ധിജി എതിര്‍ത്തില്ല. 1920-കളുടെ അവസാനമാകുമ്പോഴേക്കും സൈമണ്‍കമ്മീഷന്റെ വരവോടെ ഇന്ത്യയില്‍ വീണ്ടും കൂടുതലുയര്‍ന്ന ഒരു രാഷ്ട്രീയഉണര്‍വ്വുണ്ടാകുന്നതദ്ദേഹം കണ്ടു. കോണ്‍ഗ്രസ്സിനെ വീണ്ടുമദ്ദേഹം സജീവമാക്കി. കൂടുതല്‍ വലിയ ബഹുജനപ്രക്ഷോഭത്തിനു പദ്ധതിയിട്ടു. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരിക്കലും, ദണ്ഡിയിലെ ഉപ്പു കുറുക്കിയുള്ള സിവില്‍ നിയമലംഘനവും വന്നു.

ഈ രണ്ടാം ഘട്ട ഗാന്ധിയന്‍ ഇടപെടലിനെക്കുറിച്ചുള്ള വിവരം കൂടി ലഭിച്ചപ്പോഴാണ് അതുല്യമാര്‍ക്‌സിസ്റ്റ് പ്രതിഭയായ അന്റോണിയോ ഗ്രാംഷി ഗാന്ധി ഇന്ത്യയിലൊരു പാസ്സീവ് റവലൂഷന് നേതൃത്വം നല്കുകയാണോ എന്ന ചോദ്യം തന്റെ ജയില്‍ക്കുറിപ്പുകളിലുന്നയിച്ചത്. അതിന്റെ പ്രാധാന്യം ഇന്ത്യയിലെ ഒരൊറ്റ മാര്‍ക്‌സിസ്റ്റോ ഗ്രാംഷിയനോ ഇന്നും വേണ്ടവിധം ചര്‍ച്ചയാക്കിയിട്ടില്ല.

30-കളുടെ പകുതിയായപ്പോഴേക്കും ഗാന്ധിജി സ്വയം മഹാത്മാവും, അര്‍ദ്ധനഗ്നനായ ഫക്കീറും, കോണ്‍ഗ്രസ്സിന്റെ ജീവാത്മാവുമെല്ലാമായിക്കഴിഞ്ഞിരുന്നു. ചമ്പാരനും, അഹമ്മദാബാദ് മില്‍ത്തൊഴിലാളി സമരവുമെല്ലാമായി തൊഴിലാളി-കര്‍ഷക അനുഭാവിയാണ് താനെന്ന സന്ദേശം പ്രസരിപ്പിച്ചിരുന്നു. അയിത്തോച്ചാടനം, മദ്യവര്‍ജ്ജനം, ഹരിജനോദ്ധാരണം എന്നിവയിലൂടെ താഴേക്കിട ജാതിക്കാരുടെയും സ്ത്രീകളുടെയും ചാമ്പ്യനാണ് താനെന്ന സന്ദേശം നല്കിക്കഴിഞ്ഞിരുന്നു.

കോണ്‍ഗ്രസ്സിനെ അകക്കാമ്പില്ലാത്ത വരേണ്യരുടെ ഒരു ഞായറാഴ്ചക്കോണ്‍ഗ്രസ്സ് എന്നതില്‍ നിന്ന് ഒരു വമ്പന്‍ ബഹുജനപ്രസ്ഥാനമാക്കി രണ്ടു ദശകങ്ങള്‍ കൊണ്ട് അദ്ദേഹം മാറ്റിയെടുത്തു. പക്ഷേയത് ആധുനിക ബൂര്‍ഷ്വാജനാധിപത്യാശയങ്ങളിന്മേലടിസ്ഥാനമാക്കിയ ഒരു ജനാധിപത്യ പ്രസ്ഥാനമായിരുന്നില്ല. ജിന്നയെപ്പോലുള്ളവര്‍ ആഗ്രഹിച്ചിരുന്ന ഒരു ബൂര്‍ഷ്വാജനാധിപത്യദേശീയപ്പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് അക്കാലത്ത് നിലനിന്നെങ്കില്‍ അതിനൊരു വന്‍ ഇന്ത്യന്‍ ബഹുജനപ്രസ്ഥാനമാകാന്‍ അന്നത്തെ ഇന്ത്യയില്‍ കഴിയുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

യൂറോപ്പില്‍ 20-കളിലെ ഫാസിസത്തിന്റെ ഉദയം അക്കാല ഇന്ത്യന്‍ ദേശീയനേതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗാന്ധി എന്ന ബനിയ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വന്നതും അദ്ദേഹത്തിന്റെ ''ഹിന്ദു-മുസല്‍മാന്‍ ഭായി ഭായി'' എന്ന മുദ്രാവാക്യവും മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്മണനേതാക്കളെ ചൊടിപ്പിച്ചു. അവരിലെ പ്രമുഖനായ മൂഞ്ചെ ഇറ്റലിയിലേക്കുപോയി. അവിടെനിന്നു മടങ്ങിവന്ന അദ്ദേഹം മുസ്സോളിനിയില്‍ നിന്നു പാഠം പഠിച്ചുകൊണ്ട് തന്റെ ശിഷ്യനായ ഹെഡ്‌ഗേവാറിനെക്കൊണ്ട് ആര്‍.എസ്.എസിന് രൂപം നല്കിച്ചു. കോണ്‍ഗ്രസ്സിന്റെ തണല്‍ മൂഞ്ചെ ആര്‍.എസ്.എസ്‌നു പ്രദാനം ചെയ്തു. ആര്‍.എസ്.എസ്‌നെ കോണ്‍ഗ്രസ്സിന്റെ വോളന്റിയര്‍ സംഘടനയാക്കിമാറ്റാന്‍ മൂഞ്ചെയും ഹെഡ്‌ഗോവറും നടത്തിയ സകല ശ്രമങ്ങള്‍ക്കും തടയിട്ടത് ഗാന്ധിജിയാണ്. കുങ്കുമപതാക കോണ്‍ഗ്രസ്സ് പതാകയായി നെഹ്‌റു കമ്മറ്റിയെക്കൊണ്ട് തങ്ങള്‍ വിദഗ്ദ്ധതന്ത്രങ്ങളിലൂടെ അംഗീകരിപ്പിച്ചിട്ടും അവസാനനിമിഷം അത് അട്ടിമറിച്ച ഗാന്ധിജിയോട് ആര്‍.എസ്.എസ്‌ന് അന്നുണ്ടായിരുന്ന രോഷം ചം.പ.ദിശികീര്‍ എഴുതിയ ''കേശവ:സംഘനിര്‍മ്മാതാ'' എന്ന ഹെഡ്‌ഗെവാര്‍ ജീവചരിത്രത്തില്‍ നമുക്ക് കാണാം.

1930-കളുടെ രണ്ടാം പകുതിയില്‍ നാസിസവും കടന്നുവന്നു. അതിന്റെ ആര്യവംശമേധാവിത്വാശയങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ആര്‍.എസ്.എസിലെ ബ്രാഹ്മണനേതൃത്വത്തിന് കൂടുതല്‍ സ്വീകാര്യമായി. അങ്ങനെ ഗോള്‍വര്‍ക്കറിനുകീഴില്‍ ''വി ഓര്‍ അവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്'' എന്ന കൃതിയിലൂടെ നാസിമോഡലില്‍ തങ്ങളുടെ ദേശീയത ആര്‍.എസ്.എസ് മുന്നോട്ടുവച്ചു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ മുന്നോട്ടുവക്കപ്പെട്ട 'നാനാത്വത്തില്‍ ഏകത്വം'' മുദ്രാവാക്യമാക്കുന്ന ഇന്‍ക്ലൂസീവ് ദേശീയതക്ക് നേര്‍ വിപരീതമായിരുന്നു ആ മതാതിഷ്ഠിത എക്‌സ്‌ക്ലൂസീവ് ദേശീയത. (അന്നത്തെ സാഹചര്യത്തില്‍ അത് ദേശീയത എന്നതിലേറെ ദേശീയവഞ്ചനയും ബ്രിട്ടീഷ് പാദസേവയുമായിരുന്നു.)

1935-ഓടെ ദിമിത്രോവ് കോമിന്റേണ്‍ നേതൃത്വത്തിലെത്തി. 1928-നു ശേഷം ലോകകമ്യൂണിസ്റ്റുപ്രസ്ഥാനത്തില്‍ സ്റ്റാലിനൊപ്പം തലപ്പൊക്കത്തില്‍ നിന്ന ഏകനേതാവായിരുന്ന അദ്ദേഹം ആഗോളതലത്തില്‍ ഫാസിസത്തിനെതിരെ ഐക്യമുന്നണിയെന്ന അടവ് മുന്നോട്ടുവെച്ചു. അതോടെ റെഡ്‌ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സൊക്കെയായി കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടുനിന്ന ഒരീര്‍ക്കിലിപ്പാര്‍ട്ടി എന്നതില്‍ നിന്ന് കോണ്‍ഗ്രസ്സിനകത്തും കോണ്‍ഗ്രസ്സിന്റെ തണലിലും പ്രവര്‍ത്തിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടി അതിവേഗം വളര്‍ന്നുതുടങ്ങി.

1930-കള്‍ മുതല്‍ രണ്ടു ഇന്ത്യന്‍ നേതാക്കള്‍ ഫാസിസ്റ്റ്-നാസി കക്ഷികളുടെ യൂറോപ്പിലെ വളര്‍ച്ചയെയും അതിന്റെ അപകടങ്ങളെയും സസൂഷ്മം വീക്ഷിച്ചു പോന്നു. ഗാന്ധിജിയും എം.എന്‍.റോയിയുമായിരുന്നു അവര്‍. ഫാസിസം വിജയിച്ചേക്കാമെന്നും അങ്ങനെ വന്നാല്‍ ലോകത്തുനിന്നു തന്നെ എന്നെന്നേക്കുമായി ജനാധിപത്യം തുടച്ചു നീക്കപ്പെടുമെന്നും അവരിരുവരും മനസ്സിലാക്കി. യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയപ്പോള്‍ റോയി ശക്തമായ തൊഴിലാളിസംഘടനാപ്രവര്‍ത്തനം തുടര്‍ന്നു. ഗാന്ധിജി കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനോത്സുകതയെ പരമാവധി തടഞ്ഞുപിടിക്കാന്‍ ശ്രമിച്ചു. ഒരു യൂദ്ധം വന്നാല്‍ ആ തക്കത്തിന് സ്വാതന്ത്ര്യം നേടാമെന്ന മട്ടില്‍ കോണ്‍ഗ്രസ്സിലെ തീവ്രപക്ഷം സമരം കെട്ടഴിച്ചുവിട്ടാല്‍ അത് നാസി-ഫാസി അച്ചുതണ്ട് ശക്തികള്‍ക്ക് ഗുണമാകുമെന്നും ലോകം അന്ധകാരത്തിലമര്‍ന്നാല്‍ ഇന്ത്യയുടെ സ്ഥിതിയും മറ്റൊന്നാവില്ലെന്നും ഗാന്ധിജി കണ്ടു.

1936-ഓടെ കോണ്‍ഗ്രസ്സിനകത്ത് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സിനെ ഒരു സാമ്രാജ്യത്വവിരുദ്ധമുന്നണിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ യോജിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അതിന്റെ കൂടെ ഫലമായി 1938-ലെ ഹരിപുര സമ്മേളനത്തില്‍ സുഭാഷ്ചന്ദ്രബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിര്‍ണ്ണായകമായ ഈ സന്ധിയില്‍ ബോസ് നേതൃത്വത്തിലിരിക്കുന്നതിന്റെ അപകടം ബോധ്യപ്പെട്ട ഗാന്ധിജി 1939ലെ ത്രിപുരി കോണ്‍ഗ്രസ്സില്‍ ബോസിനെതിരെ തന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും ബോസ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആറുമാസത്തിനകം ലോകയുദ്ധമാരാംഭിക്കുമെന്നും ആ തക്കത്തിന് സ്വാതന്ത്ര്യം പിടിക്കാന്‍ കോണ്‍ഗ്രസ്സ് ഒരു പ്രവര്‍ത്തനപദ്ധതി തയ്യാറാക്കണമെന്നും ബോസ് ആഹ്വാനം ചെയ്തു. ഗാന്ധിജി അപകടം മണത്തു.

ബോസിനെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തുനിന്നുനീക്കല്‍ ഗാന്ധിജി തന്റെ മുഖ്യലക്ഷ്യമാക്കി. അതിനായി സകലവിധ മാര്‍ഗ്ഗങ്ങളുമദ്ദേഹം പ്രയോഗിച്ചു. ഒടുവില്‍ ബോസിന് രാജിവെക്കാതെ മാര്‍ഗ്ഗമില്ലാതായി. രാജി വച്ച അദ്ദേഹം ഫോര്‍വേഡ് ബ്ലോക്കുണ്ടാക്കി. യുദ്ധമാരംഭിച്ചതോടെ ബ്രിട്ടന്‍ സകല ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാക്കളെയും തടങ്കലിലാക്കി. തടവില്‍ നിന്നു രക്ഷപ്പെട്ട സുഭാഷ് ജര്‍മ്മനിയിലെത്തി. തുടര്‍ന്ന് മലയയിലെത്തി. 1943ല്‍ ഐ.എന്‍.എ.ക്കു രൂപം നല്‍കി. പക്ഷേ അപ്പോഴേക്കും യുദ്ധഗതി കാര്യമായിത്തന്നെ മാറിക്കഴിഞ്ഞിരുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടത് 1939 സെപ്റ്റംബര്‍ ഒന്നിനാണ്. ഹിറ്റ്‌ലര്‍ പോളണ്ടിനെ ആക്രമിച്ചു. സെപ്റ്റംബര്‍ മൂന്നിന് ഇംഗ്ലണ്ടും ഫ്രാന്‍സും ജര്‍മ്മനിക്കെതിരെ യുദ്ധമാരംഭിച്ചു. യുദ്ധമാരംഭിച്ചയുടന്‍ സോവിയറ്റ് യൂണിയന്‍ കിഴക്കുനിന്ന് പോളണ്ടിനെയാക്രമിച്ചു. ഹിറ്റ്‌ലറുമായി അനാക്രമണ സന്ധിയൊപ്പിട്ടിരുന്ന യു.എസ്.എസ്.ആര്‍. പോളണ്ടിന്റെ പരമാവധി ഭാഗങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ജര്‍മ്മന്‍ സേന തങ്ങളുടെ അതിരിലെത്തുന്നത് തടയാന്‍ ശ്രമിച്ചു. പോളണ്ടിനെ ജര്‍മ്മനിയും സോവിയറ്റ് യൂണിയനും പങ്കുവെച്ചെടുത്തതോടെ ഹിറ്റ്‌ലര്‍ പടിഞ്ഞാറന്‍ മുന്നണിയില്‍ യുദ്ധം തീവ്രമാക്കി. ഫ്രാന്‍സും ഇംഗ്ലണ്ടും അതിവേഗം പരാജയത്തിലേക്കു നീങ്ങി. 1940 മെയ് 27-ജൂണ്‍ 4 തിയ്യതികളില്‍ ബ്രിട്ടന്‍ ഡണ്‍കിര്‍ക്കില്‍ നിന്ന് തങ്ങളുടെ പടയെ അതിവേഗമൊഴിപ്പിച്ച് ബ്രിട്ടനിലേക്ക് തിരിച്ചുവന്നു. സോവിയറ്റ് യൂണിയനൊഴികെയുള്ള വന്‍കര യൂറോപ്പ് പൂര്‍ണ്ണമായും ജര്‍മ്മനിക്കും ഇറ്റലിക്കും കീഴിലായി. പിന്നീട് കാര്യമായി കരയുദ്ധം നടന്നത് ആഫ്രിക്കയിലും മധ്യപൂര്‍വ്വദേശത്തുമാണ്. ബ്രിട്ടനോളം നാവികപ്പട ശക്തമല്ലാതിരുന്ന ജര്‍മ്മനി നിരന്തര ബോംബ് വര്‍ഷംകൊണ്ട് ബ്രിട്ടനെ ശ്വാസം മുട്ടിച്ചു. അച്ചുതണ്ടുശക്തികള്‍ അനായാസം ജയിക്കുമെന്നുവന്നു.

1941 ജൂണ്‍ 22ന്, വേനലിന്റെ മധ്യത്തില്‍, പൊടുന്നനെ ഹിറ്റ്‌ലര്‍ കിഴക്കന്‍ മുന്നണിയില്‍ സോവിയറ്റ് യൂണിയനെതിരെ മിന്നലാക്രമണമഴിച്ചുവിട്ടു. വേനലറുതിക്കു മുമ്പ് മോസ്‌ക്കോവരെയുള്ള ജനവാസമേഖലകള്‍ പിടിച്ചടക്കിയശേഷം ഇന്ത്യയിലൂടെ ഏഷ്യ പിടിക്കുകയായിരുന്നു ഹിറ്റ്‌ലറുടെ തന്ത്രം. ഏഷ്യയും ആഫ്രിക്കയും കരയുദ്ധത്തിലൂടെ കീഴടക്കിയാല്‍, പിന്നെ പുറത്തുള്ള അമേരിക്കക്കും ബ്രിട്ടനും ഭാവിയില്‍ തങ്ങളെ ഒന്നും ചെയ്യാനില്ലെന്ന് ഹിറ്റ്‌ലറും മുസ്സോളിനിയും കണക്കുകൂട്ടി. 1941 ആഗസ്റ്റില്‍ സ്റ്റാലിന്‍ - ചര്‍ച്ചില്‍ - റൂസ്സ് വെല്‍റ്റ് ഐക്യവും ഐക്യരാഷ്ട്രചാര്‍ട്ടറും നിലവില്‍ വന്നു.

സോവിയറ്റ് യൂണിയന്റെ 65 ശതമാനം ജനവാസമേഖലകളും 80 ശതമാനത്തിലേറെ വ്യവസായമേഖലയും ഹിറ്റ്‌ലര്‍ പിടിച്ചെടുത്തു. പക്ഷേ മോസ്‌കോ വീണില്ല. ഉടനെ മുഴുവന്‍ പടയെയും റഷ്യന്‍ മുന്നണിയില്‍ കേന്ദ്രീകരിച്ച് മോസ്‌കോ കീഴടക്കാനും പിന്നീട് സ്റ്റാലിന്‍ ഗ്രാഡ് കീഴടക്കാനും ജര്‍മ്മനി ശ്രമിച്ചു. ഈ തക്കത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സഖ്യസേന ഇറ്റലിക്കെതിരെ ആക്രമണം ശക്തമാക്കി. 1941 അവസാനത്തോടെ ആഫ്രിക്കയില്‍ ഇറ്റലി പരാജയപ്പെട്ടു.

1941 ഡിസംബറില്‍ പേള്‍ ഹാര്‍ബറില്‍ ബോംബിട്ടുകൊണ്ട് ജപ്പാന്‍ യുദ്ധരംഗത്തിറങ്ങി. ഹിറ്റ്‌ലറാകട്ടെ മോസ്‌കോ കീഴടക്കലും സ്റ്റാലിന്‍ ഗ്രാഡ് കീഴടക്കലുമുപേക്ഷിച്ച് കിഴക്കോട്ട് നീങ്ങി. ഇന്ത്യയില്‍ വച്ച് ജപ്പാനുമായി ഒന്നിക്കാന്‍ പരിപാടിയിട്ടു. ഇതോടെ ജര്‍മ്മനി ഇന്ത്യക്ക് സ്വാതന്ത്ര്യം തരില്ലെന്നു മനസ്സിലാക്കിയ നേതാജി മലയായിലെത്താന്‍ ശ്രമമാരംഭിച്ചു. 1943ല്‍ ജപ്പാന്‍ പടയും ഐ.എന്‍.എയും റങ്കൂണ്‍ കീഴടക്കി ഇന്ത്യനതിര്‍ത്തിവരെയെത്തി. ബ്രിട്ടീഷ് സേന പിന്‍വാങ്ങി. പക്ഷേ ഹിറ്റ്‌ലറുടെ കിഴക്കോട്ടുള്ള നീക്കത്തെ കുര്‍സ്‌ക് യുദ്ധത്തില്‍ വച്ച് സോവിയറ്റ് യൂണിയന്‍ തോല്‍പ്പിച്ചതോടെ അച്ചുതണ്ട് ശക്തികള്‍ പരാജയപ്പെടുകാണെന്ന് ലോകമാസകലം ജനങ്ങള്‍ക്ക് വ്യക്തമായി.

രണ്ടാം ലോകയുദ്ധഗതി ഇത്രയും വിശദീകരിച്ചത് ഗാന്ധിജിയുടെ തന്ത്രങ്ങളുടെ സൂക്ഷ്മതയും നയജ്ഞതയും ശരിമയും ചൂണ്ടിക്കാട്ടാനാണ്. സഖ്യശക്തികള്‍ യുദ്ധത്തില്‍ പരാജയപ്പെടാതിരിക്കണമെങ്കില്‍ ബ്രിട്ടീഷ് യുദ്ധയത്‌നങ്ങള്‍ക്ക് ഭംഗം വരാന്‍ പാടില്ല. എന്നാല്‍ ബ്രിട്ടന് നേരിട്ട് പിന്തുണ കൊടുത്താല്‍ സ്വാതന്ത്ര്യത്തിനു വേണ്ടി തിളച്ചുനില്‍ക്കുന്ന ഇന്ത്യന്‍ ജനത തന്റെ കൈയ്യില്‍ നിന്നു പോകും. പിന്നീടുണ്ടാകുക രണ്ടും കല്പിച്ചുള്ള ബ്രിട്ടീഷുവിരുദ്ധസമരമാണ്. അത് ഫാസിസ്റ്റുശക്തികള്‍ക്ക് ഗുണകരമായേക്കും. അവര്‍ ലോകം കീഴടക്കിയെന്നുവരും.

ഗാന്ധിജിയും റോയിയും തങ്ങളുടെ നീക്കമാരംഭിച്ചു. റോയി ബ്രിട്ടീഷ് യുദ്ധയത്‌നത്തിനു പിന്തുണ നല്‍കി പരമാവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. യുദ്ധമവസാനിച്ചപ്പോഴേക്കും ജനങ്ങളില്‍ നിന്നുപാടെ ഒറ്റപ്പെട്ടു. സാമാന്യം നല്ലൊരു സംഘടനയുണ്ടായിരുന്നത് പൂര്‍ണ്ണമായും തകര്‍ന്നു. 1941 സെപ്റ്റംബറില്‍ ഒരാഴ്ച കൂടിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി കമ്മിറ്റി ആക്രമണവിധേയമായ ജനാധിപത്യരാജ്യങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചു. യുദ്ധലക്ഷ്യം എന്താണെന്നും ഇന്ത്യയിലതെങ്ങനെയാണ് പ്രയോഗിക്കുകയെന്നും തങ്ങളോട് ചര്‍ച്ചചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ ക്ഷണിച്ചു. അപ്പപ്പോള്‍ തീരുമാനമെടുക്കാന്‍ പ്രവര്‍ത്തകസമിതിയെ ചുമതലപ്പെടുത്തി.

ഫോര്‍വാര്‍ഡ് ബ്ലോക്ക് പുറത്തുപോയെങ്കിലും കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകാരും കോണ്‍ഗ്രസ്സിനെ സാമ്രാജ്യത്വയുദ്ധത്തെ എതിര്‍ത്ത് രംഗത്ത് കൊണ്ടുവരാന്‍ അകത്തുനിന്ന് പോരടിക്കുകയായിരുന്നു. തങ്ങള്‍ക്ക് സംഘടനാ നിയന്ത്രണമുള്ളിടങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ കീഴിലും തൊഴിലാളിയൂണിയനുകളെയുപയോഗിച്ചും കമ്യൂണിസ്റ്റുകാര്‍ പോരാട്ടത്തിനിറങ്ങി. ബ്രിട്ടീഷുകാരവരെ പിടികൂടി തടവിലിട്ടു. ഈ സാഹചര്യത്തില്‍ ഒരു മുച്ചീട്ടുകളിക്കാരന്റെ കൗശലത്തോടെ ഗാന്ധിജി തന്റെ ഓരോരോ കാര്‍ഡ് പുറത്തെടുത്തു.

സര്‍വ്വാധികാരങ്ങളുമേറ്റെടുക്കകയും എല്ലാ പൗരസ്വാതന്ത്ര്യങ്ങളും റദ്ദാക്കുകയും ചെയ്ത വൈസ്രോയി തനിക്കു കീഴില്‍ എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുള്ള ഒരു കൂടിയാലോചനാസമിതി എന്ന നിര്‍ദ്ദേശം വച്ചു. കോണ്‍ഗ്രസ്സതു തള്ളി. അത് പ്രതിഷേധാര്‍ഹമാണെന്നു പറഞ്ഞ കോണ്‍ഗ്രസ്സ് യുദ്ധയത്‌നങ്ങളില്‍ നിസ്സഹകരിക്കാനാഹ്വാനം നല്‍കി. കോണ്‍ഗ്രസ്സ് മന്ത്രിസഭകള്‍ രാജിവച്ചു. ഇതോടെ റോയിപക്ഷം, മുസ്ലീം ലീഗ്, ഹിന്ദുമഹാസഭ, ആറെസ്സെസ്സ് തുടങ്ങിയവര്‍ ബ്രിട്ടീഷ് ഏജന്റുമാരായി തുറന്നുകാട്ടപ്പെട്ടു.

1940ലെ രാംഗര്‍കോണ്‍ഗ്രസ്സ് സമ്മേളനം യുദ്ധവിരുദ്ധസമരം പ്രഖ്യപിക്കാന്‍ ഗാന്ധിജിയെ ചുമതലപ്പെടുത്തി. 1940 ഒക്‌ടോബര്‍ 17നദ്ദേഹം അതു പ്രഖ്യാപിച്ചു. വ്യക്തി സത്യാഗ്രഹമായിരിക്കും പരിപാടി! അതോടെ സമരത്തിനുസമരവുമായി, ബ്രിട്ടീഷുയുദ്ധപരിശ്രമങ്ങള്‍ക്കൊരു തടസ്സവുമില്ല!!ഗാന്ധിജി അവിടംകൊണ്ടു നിര്‍ത്തിയില്ല. വ്യക്തിസത്യാഗ്രഹം ഏറ്റവും ഫലപ്രദമായ സമരമാണെന്ന് വിശ്വസിക്കുന്നുവെന്ന് സത്യവാങ്മൂലം നല്‍കാത്തവര്‍ കോണ്‍ഗ്രസ്സ് സമരത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന തീരുമാനമെടുപ്പിച്ചു. അതോടെ ഗത്യന്തരമില്ലാതെ കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സിനുപുറത്തുപോയി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ കോണ്‍ഗ്രസ്സിനെകൊണ്ട് സമരപരിപാടി പ്രഖ്യാപിപ്പിക്കാനുള്ള പരിശ്രമം തുടര്‍ന്നു. മോസ്‌കോ ഉപരോധം പരാജയപ്പെട്ട്, യുദ്ധഗതി മാറിത്തുടങ്ങുന്നതുവരെ ഗാന്ധിജി നൂല്‍നൂല്‍ക്കലും വ്യക്തിസത്യാഗ്രഹവും മദ്യഷാപ്പ് പിക്കറ്റിങ്ങുമെല്ലാമായി ബ്രിട്ടന് പ്രശ്‌നമുണ്ടാകാവുന്ന സകല തരം സമരങ്ങളില്‍ നിന്നും കോണ്‍ഗ്രസ്സിനെ ചവിട്ടിപ്പിടിച്ചുനിര്‍ത്തി.

1939ലും 40ലും 41 പകുതിവരെയും സര്‍വ്വശക്തിയുമെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ജനകീയ അനുഭാവം നേടിയെടുത്ത കമ്യൂണിസ്റ്റുകാര്‍ക്ക് ഹിറ്റ്‌ലറുടെ സോവിയറ്റാക്രമണത്തോടെ ആശയക്കുഴപ്പമായി. അധികം വൈകാതെ അവര്‍ ജനകീയയുദ്ധ ലൈനംഗീകരിച്ചു. ഫാസിസത്തെ പരാജയപ്പെടുത്താന്‍ ശ്രമം നടത്താനായി ജയിലിലായ സഖാക്കളെ വിട്ടയക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ബ്രിട്ടനോടഭ്യര്‍ത്ഥിച്ചു. പുറത്തുവന്ന അവര്‍ ജനകീയ യുദ്ധപരിപാടികളിലും ജാപ്പുവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ആണ്ടുമുഴുകി.

1942 ആയതോടെ യുദ്ധഗതിയിലെ മാറ്റം താല്‍ക്കാലികമല്ല, സ്ഥിരമാണ് എന്ന് ഗാന്ധിജിക്കു ബോധ്യമായി. ബ്രിട്ടീഷുവിരുദ്ധസമരപൈതൃകം മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനദ്ദേഹം കരുക്കള്‍ നീക്കി. അക്രമരാഹിത്യരീതിയില്‍ യാതൊരു വിദേശശക്തികളുടെയും സഹായമില്ലാതെ ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്നദ്ദേഹം പ്രസ്താവനയിറക്കി. ബോസ് - ഐ.എന്‍.എ - ജപ്പാന്‍ പക്ഷത്തിന് ജനങ്ങള്‍ക്കിടയില്‍ അതിവേഗമുണ്ടാകുന്ന സ്വാധീനത്തിനു തടയിടാനായിരുന്ന ആ പ്രസ്താവന

1942 ജൂലൈ 7 മുതല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി ചേര്‍ന്നു. ശക്തമായ ബ്രിട്ടീഷുവിരുദ്ധ സമരമാരംഭിക്കണമെന്നു കാണിച്ച് ഗാന്ധിജി പ്രവര്‍ത്തകസമിതിക്കൊരു കുറിപ്പു നല്‍കി. നെഹ്രുവടക്കമുള്ള ബ്രിട്ടീഷുയുദ്ധവിജയകാംക്ഷികളതിനെ എതിര്‍ത്തു. അവരെ അത്തരത്തിലാക്കിയത് ഗാന്ധിജിതന്നെയാണ്. അവര്‍ ചോദിച്ചു. ''ഇപ്പോള്‍ സമരത്തിനുപറ്റിയ സമയമാണോ? നാം ജപ്പാന്‍ പക്ഷപാതികളെന്നു മുദ്രകുത്തപ്പെടില്ലേ? സമരം അപകടം പിടിച്ച നീക്കമല്ലേ?'' ഗാന്ധിജി മറുപടി പറഞ്ഞു: ''നിങ്ങള്‍ അപകടമെന്നു പറഞ്ഞൊഴിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക് സമരം ചെയ്യും.''

അദ്ദേഹം വിശദീകരിച്ചു: ''അപകടസന്ധിയില്‍പ്പോലും നേര്‍വഴി സ്വീകരിക്കാത്ത സാമ്രാജ്യത്വ സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിമൂലം രാജ്യം ജപ്പാന്‍കാരുടെ അധീനതയിലേക്ക് വഴുതിപ്പോകുന്നതൊഴിവാക്കാന്‍ ഞാന്‍ വിഭാവനം ചെയ്യുന്ന പ്രക്ഷോഭമല്ലാതെ മറ്റുമാര്‍ഗ്ഗമില്ല.''

എന്തൊരു തന്ത്രപരമായ പ്രസ്താവന! താന്‍ മൂന്നു വര്‍ഷക്കാലം ബ്രിട്ടീഷുവിരുദ്ധസമരത്തില്‍നിന്ന് കോണ്‍ഗ്രസ്സിനെയും ജനതയെയും ചവിട്ടിപ്പിടിക്കുകയായിരുന്നില്ല; മറിച്ച് നേര്‍വഴി പഠിപ്പിക്കാന്‍ അഹിംസാസമരം നടത്തുകയായിരുന്നു! ജപ്പാന്‍കാരുടെ അധീനതയിലേക്ക് രാജ്യം പോകാതിരിക്കാനാണ് തന്റെ അന്തിമസമരമെന്നു പറയുകവഴി കമ്യൂണിസ്റ്റുകാര്‍ക്കും ഐ.എന്‍.എക്കാര്‍ക്കുമിടയിലും അദ്ദേഹം ചലനമുണ്ടാക്കി.

പിന്നെ നടന്നത് ചരിത്രമാണ്. ''കരോ യാ മരോ'' എന്ന മുദ്രാവാക്യം. അഹിംസ പാടെ ഉപേക്ഷിക്കല്‍. പരസ്യമായി കമ്മിറ്റി ചേര്‍ന്ന് സമരത്തിന് ആഹ്വാനം നടത്തി നേതാക്കള്‍ ജയിലില്‍പ്പോകല്‍. രാജ്യമാകെ നേതൃത്വമില്ലാത്ത വന്‍കലാപം. ഇന്ത്യന്‍ ജനതയുടെ ബ്രിട്ടീഷുവിരോധം മൊത്തമായി കെട്ടഴിച്ചുവിടല്‍. അക്രമങ്ങള്‍ക്ക് ഗാന്ധിജിയെ കുറ്റപ്പെടുത്തുന്ന ബ്രിട്ടീഷ് പ്രസ്താവന. അതിന് ''ഞങ്ങളെ അറസ്റ്റ് ചെയ്തകത്തിട്ടതിലൂടെ നേതാക്കള്‍ നഷ്ടപ്പെട്ട ക്രൂദ്ധരായ ജനങ്ങള്‍ നടത്തിയ അക്രമത്തിന് ഞങ്ങളല്ല, നിങ്ങള്‍ മാത്രമാണുത്തരവാദി'' എന്ന യുക്തിയുക്തമായ മറുപടി. ഒടുവില്‍ ഗാന്ധിജിയെ വിട്ടയക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയടക്കം രംഗത്ത് വരുന്നതിലേക്കുള്ള ജനകീയപ്രക്ഷോഭവളര്‍ച്ച. 1943-ലെ ഗാന്ധിജിയുടെ മൂന്നാഴ്ച ഉപവാസം.

ആ മൂന്നാഴ്ച ഉപവാസക്കാലത്ത് ഗാന്ധിജി മരിക്കുമെന്ന നില വന്നപ്പോള്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനെഴുതി, ''മഹാത്മാഗാന്ധി മരിച്ചുപോയാല്‍ ഇന്തോ-ബ്രിട്ടീഷ് ബന്ധങ്ങളാകെ ഉലഞ്ഞുപോകും. മി: ഗാന്ധി മറ്റു നേതാക്കന്മാരെപ്പോലെയല്ല. അദ്ദേഹം ഇന്ത്യ തന്നെയാണ്.'' ആ മൂന്നാഴ്ച ഉപവാസം പൂര്‍ത്തിയാക്കിയതോടെ ഗാന്ധിജിയുടെ ജനസ്വാധീനം 1939-ലേതിനേക്കാള്‍ എത്രയോ പടി ഉയര്‍ന്നു. മറ്റെല്ലാ ഗാന്ധിവിരുദ്ധരാഷ്ട്രീയത്തിനും കടുത്തക്ഷതമേറ്റു.

ബ്രിട്ടനും ഫ്രാന്‍സും ഭരിക്കുന്ന കോളനികളില്‍ ദേശീയ-സാര്‍വ്വദേശീയ കടമകള്‍ ഏറ്റവും തീവ്രമായി ഏറ്റുമുട്ടിയ ഒരു കാലമായിരുന്നു അത്. ലോകത്തെ ഫാസിസ്റ്റുശക്തികള്‍ കീഴടക്കുമെന്നു ഭയപ്പെട്ടിരുന്ന ജനാധിപത്യവാദികള്‍ക്ക് ആ കോളനിനാടുകളില്‍ കൊളോണിയല്‍ വിരുദ്ധസമരവുമായി മുന്നോട്ടുപോകാന്‍ കഴിയാതായി. ഇത്തരമൊരു പ്രതിസന്ധി അലട്ടാതിരുന്ന പ്രമുഖരാജ്യം ചൈന മാത്രമാണ്. അവിടെ നേരത്തെ തന്നെ (ദിമിത്രോവിന്റെ കാലത്തുതന്നെ) ജാപ്പ് വിരുദ്ധഐക്യമുന്നണിയും പോരാട്ടവുമാണ് നടന്നിരുന്നതെന്നതുകൊണ്ട് ദേശീയ/സാര്‍വ്വദേശീയകടമകള്‍ ഏറ്റുമുട്ടിയില്ല. അക്കാലത്ത് സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച അടവുകള്‍ ഇന്നു വിമര്‍ശനവിധേയമായിട്ടുണ്ട്. പക്ഷേ, അതിലേക്കിവിടെ കടക്കുന്നില്ല. അത്തരമൊരു കാലത്ത് ഫാസിസ്റ്റുശക്തികള്‍ക്കു സഹായകമാകാതെ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യസമരവികാരത്തെ പിടിച്ചുനിര്‍ത്തിയ നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ജനതയുടെ കരുത്തും കോണ്‍ഗ്രസ്സിന്റെ അധ്യഷ്യതയും പ്രദര്‍ശിപ്പിച്ച സമരമായിരുന്നു ക്വിറ്റിന്ത്യാസമരം.

ഇന്ന് നാം തിരിഞ്ഞുനോക്കുമ്പോള്‍ പ്രത്യക്ഷസമരത്തിലേര്‍പ്പെടാതെ കോണ്‍ഗ്രസ്സ് എന്ന സ്വാതന്ത്ര്യസമരവടവൃക്ഷത്തെ ജനാധിപത്യത്തിന്റെ പക്ഷത്തുറപ്പിച്ചു നിര്‍ത്തിയ ഗാന്ധിജിയുടെ മഹത്വം നമുക്കു വ്യക്തമാകുന്നു. 1920-കളുടെ തുടക്കം മുതലുള്ള കോണ്‍ഗ്രസ്സ് എന്ന ജനകീയ പ്രസ്ഥാന നിര്‍മ്മിതിയിലൂടെ ഗാന്ധിജി ജാതി/മതചിന്തകളും ശ്രേണീബന്ധങ്ങളും നാട്ടുരാജ്യക്കൂറുകളുമായി നിലനിന്ന ജനതയെ ഒരാധുനിക പൗരസമൂഹമെന്നതിലേക്ക് രൂപാന്തരപ്പെടുത്തുന്നതിന്റെ ആദ്യചുവടുകള്‍ വപ്പിച്ചു. പിന്നീടുവന്ന ഭരണകര്‍ത്താക്കള്‍ ഗാന്ധിജി എന്ന മഹാനേതാവിനു കീഴില്‍ ഇന്ത്യയില്‍ നടന്ന ''പാസ്സീവ് റവലൂഷനെ'' കാണുകയോ അതിന്റെ ശരിയായ ഈടുവപ്പുകളെ മുന്നോട്ടുപോകുന്നതില്‍ വിജയിക്കുകയോ ഉണ്ടായില്ല. ഫാസിസ്റ്റ്/നാസി ദേശീയതയുടെ ഇന്ത്യന്‍ പതിപ്പിന് ഗാന്ധിജിയെപ്പോലും തങ്ങളുടെ കൂടില ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയും വിധത്തിലേക്ക് ശരിയായ രാഷ്ട്രീയ ഗാന്ധിയെക്കുറിച്ചുള്ള അജ്ഞത ഇന്ന് വര്‍ദ്ധമാനമായിരിക്കുന്നു. ഫാസിസത്തിന്റെ തേരുരുളൊച്ചകള്‍ക്ക് കനമേറി വരുമ്പോള്‍ ഗാന്ധിജിയുടെ ഫാസിസ്റ്റു വിരുദ്ധതയും, ഇന്‍ക്ലൂസീവ് ദേശീയതയും മാത്രമല്ല ഇന്ത്യയെന്ന പൗരരാഷ്ട്രനിര്‍മ്മിതിയിലദ്ദേഹം വഹിച്ച മഹത്തായ പങ്കും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടേണ്ടതുണ്ട്. തന്റെ കാലത്തെ മറ്റാരെക്കാളും നന്നായി ആധുനികജനാധിപത്യാശയങ്ങള്‍ മനസ്സിലാക്കിയിരുന്ന അദ്ദേഹത്തിന്റെ വിജയം ആ ആശയങ്ങളെ ആന്തരവല്‍ക്കരിക്കുന്ന ഒരു പൗരസമൂഹാടിസ്ഥാനത്തിലുള്ള രാഷ്ട്രീയഇന്ത്യയിലേക്കുള്ള നീക്കത്തില്‍ ജനകോടികളെ കോര്‍ത്തിണക്കാനായി എന്നതാണ്. അതിനര്‍ത്ഥം ഗാന്ധിജിയില്‍ യാതൊരു തെറ്റോ പരിമിതികളോ ഇല്ല എന്നതല്ല. ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ 1920-48 കാലത്തെ അദ്ദേഹത്തിന്റെ മഹാവിജയമാണ് നമ്മെ സംബന്ധിച്ച് പ്രസക്തമായത്. അതിനുവിരുദ്ധമായി നൂറുനൂറായിരം കാര്യങ്ങളില്‍ തികച്ചും പരസ്പരവിരുദ്ധമെന്ന മട്ടില്‍ അദ്ദേഹം എഴുതിവിട്ട ഉള്‍വിളികളെക്കുറിച്ചുള്ള നിരന്തരപ്രസ്താവനകളും മറ്റും ഒരു ബഹുജനപ്രസ്ഥാനത്തിനുമുന്നില്‍ തുറന്നു പ്രഖ്യാപിക്കാന്‍ കഴിയാത്ത പല കാര്യങ്ങളും ഒളിപ്പിക്കുന്നതിനുള്ള ഒരു ''അടവ്'' മാത്രമായിരുന്നുവെന്നു തോന്നുന്നു. ഫാസിസത്തോട്, ജനാധിപത്യവിരുദ്ധതയോട് ഒരിക്കലും രാജിയാകാതിരുന്ന അദ്ദേഹം പക്ഷേ, തന്റെ ആ നിലപാടുകളുടെ വിജയത്തിനായി വേണ്ടിവന്നാല്‍ ഔപചാരികജനാധിപത്യ-സംഘടനാതത്വങ്ങളെ പാടെ കാറ്റില്‍പ്പറത്താനും മടിച്ചില്ല. ഏറ്റവും ഹീനമെന്നു പറയാവുന്ന മാര്‍ഗ്ഗങ്ങളിലൂടെ സുഭാഷിനെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ അദ്ദേഹത്തിന്റെ നടപടി സുഭാഷ് കോണ്‍ഗ്രസ്സ് പ്രസിഡന്റായിത്തുടര്‍ന്നാല്‍ അത് ഫാസിസത്തിന്റെ ലോകവിജയത്തിന് ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യദാഹമുപയോഗിക്കപ്പെടുന്ന സ്ഥിതി വന്നുചേരുമെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ്. ഗാന്ധിജിയുടെ രണ്ടാം ലോകയുദ്ധ കാലബോധ്യങ്ങളെയും ഇടപെടലുകളെയും അതിലെ അതിസമര്‍ത്ഥമായ തന്ത്രങ്ങളെയും നാമിന്ന് വീണ്ടുമനുസ്മരിക്കുന്നത് അങ്ങേയറ്റം വൈവിധ്യമാര്‍ന്ന ഇന്ത്യയിലെ ഇന്നത്തെ ഫാസിസ്റ്റ്-തീവ്രമതദേശീയ അപകടത്തിനെതിരായ ചെറുത്തുനില്പിലും കൃത്യമായ രാഷ്ട്രീയതന്ത്രങ്ങള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയണമെന്നതിന്റെ ഭാഗമായാണ്. ഇനി ഗാന്ധിയെപ്പോലെ ''ഒരൊറ്റ'' നേതാവുണ്ടാകില്ല. 1920-കളില്‍ നിന്ന് നൂറുകൊല്ലം കഴിയുമ്പോള്‍ ഇന്നിനതാവശ്യവുമില്ല. പക്ഷേ ഫാസിസ്റ്റു വിരുദ്ധശക്തികളെയെല്ലാം ഒരുമിപ്പിക്കണ്ടതിന്റെയും അതിനെ വഴിതെറ്റിപ്പാകാതെയും ശിഥിലമാകാതെയും മുഖ്യലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുന്ന ഒരൊറ്റ ഐക്യമുന്നണി പ്രസ്ഥാനമാക്കി വളര്‍ത്തണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് നാമാലോചിച്ചാല്‍ അതിനടിത്തറയായി വര്‍ത്തിക്കണ്ടത് ഗാന്ധിജിയും അദ്ദേഹമെന്ന ഫാസിസ്റ്റുവിരുദ്ധ നിലപാടുമാണ്. ഗാന്ധിയന്മാരെന്നു വിളികൊള്ളുന്നവര്‍ അവതരിപ്പിക്കുന്ന നൂറായിരം വികല ഗാന്ധികളില്‍ നിന്ന് രാഷ്ട്രീയ നേതാവായ-ഫാസിസ്റ്റു വിരുദ്ധപോരാളിയായ-ഗാന്ധിയെ നാം വീണ്ടെടുക്കണമെന്ന പാഠമാണ് ഈ ക്വിറ്റിന്ത്യാസമരാനുസ്മരണത്തില്‍ നാം പഠിക്കണ്ടതെന്നാണ് ഈ ലേഖകന്റെ വിനീതമായ അഭിപ്രായം.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow