അഭിമുഖം

വിശാഖ് ശങ്കര്‍

(എം എന്‍ കാരശ്ശേരിയുമായി വിശാഖ് ശങ്കര്‍ \'കേരളം റിവേഴ്‌സ് ഗിയറിലാണ്\' എന്ന പുസ്തകത്തിനു വേണ്ടി നടത്തിയ അഭിമുഖം)

നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ബന്ധമുള്ളതായി മാഷ് കരുതുന്നുണ്ടോ?

ഉണ്ട്. അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടുന്ന ഒരു കാര്യം ഇപ്പോള്‍ ചില ആള്‍ക്കാര്‍ ഇവിടെയൊരു സാംസ്‌കാരികനവോത്ഥാനമേ ഉണ്ടായിട്ടില്ല, ഉണ്ടായത് കൊളോണിയലിസ്റ്റ് ആധുനികത മാത്രമാണെന്ന് പറഞ്ഞുനടക്കുന്നുണ്ട് എന്നതാണ്. അതിനെ എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. ഇവിടെയൊരു സാംസ്‌കാരികനവോത്ഥാനം ഉണ്ടായി എന്നും അതിനെ പ്രചോദിപ്പിക്കുന്നതിലും പശ്ചാത്തലമൊരുക്കുന്നതിലും മുമ്പോട്ട് കൊണ്ടുപോകുന്നതിലും ഒരു പങ്ക് യൂറോപ്യന്‍ ആധുനികതയും വഹിച്ചിട്ടുണ്ട് എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതിന് ഒരു നല്ല ഉദാഹരണമാണ് ശ്രീനാരായണഗുരു. നാരായണഗുരു മുന്നോട്ടുവെക്കുന്ന നിലപാടുകള്‍, ആശയങ്ങള്‍, ദര്‍ശനങ്ങള്‍ ഒക്കെ അടിസ്ഥാനപരമായി ഭാരതീയമാണ്. അതായത്, അദ്ദേഹം ജാതിയെ എതിര്‍ക്കുന്നതിന് പിന്നിലുള്ള ഒരംശം അദ്വൈത ദര്‍ശനമാണ്. ഭഗവാനും ഭക്തനും രണ്ടല്ല എന്ന് പറയുമ്പോള്‍ പിന്നെ മനുഷ്യരുടെ ഇടയിലുള്ള ജാതിയും ഉപജാതിയും, സ്ത്രീയും പുരുഷനും പണ്ഡിതനും പാമരനും ഒക്കെ അപ്രസക്തമാവുന്നുവെന്ന്. എന്നാല്‍ ഇത് മുന്നോട്ട് വെക്കാന്‍ പോന്ന ഒരു സാംസ്‌കാരിക അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ യൂറോപ്യന്‍ ആധുനികതക്കും ജനാധിപത്യബോധത്തിനുമൊക്കെ ഒരു പങ്കു വഹിക്കാനുണ്ടായിരുന്നു. അതിന് ഏറ്റവും വലിയ തെളിവ് സ്വാമിയുടെ വാക്കുകള്‍ തന്നെയാണ്. അദ്ദേഹം ഒരിക്കല്‍ പറയുന്നുണ്ട് നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന്. ബ്രിട്ടീഷുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ അവര്‍ണവിഭാഗത്തില്‌പെട്ട ഒരു നാണുവിനെ നാരായണഗുരുവായി അംഗീകരിക്കാന്‍ നമുക്ക് പറ്റില്ലായിരുന്നു. അരുവിപ്പുറത്ത് വെച്ച് 1858ല്‍ അദ്ദേഹം ഈഴവശിവനെ ആണ് നാം പ്രതിഷ്ഠിക്കുന്നത് എന്ന് പ്രഖ്യാപിക്കുമ്പോള്‍, അതിന്റെ പശ്ചാത്തലത്തില്‍ ആധുനികതയുണ്ട്, ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങളുണ്ട്, അങ്ങനെ പല ഘടകങ്ങളുണ്ട്. മറ്റൊരു കാര്യമെടുക്കാം, സനാവുള്ള മഫ്തി തങ്ങള്‍, നമ്മളൊക്കെ ഓര്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവാണ്, മുസ്ലിംകള്‍ക്കിടയിലെ ആദ്യത്തെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ ഒരാളാണ് അദ്ദേഹം. ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഉര്‍ദു, അറബി ഒക്കെ പഠിച്ച ഒരു വലിയ പണ്ഡിതനാണ്. അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത് പ്രാഥമികമായും ഖുറാനും നബിവചനങ്ങളുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച, ആധുനികമൂല്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരാളിന്റെ സ്വരമുണ്ട്. അതായത് ഞാന്‍ പറഞ്ഞുവരുന്നത് ഇവിടെ സാംസ്‌കാരികനവോത്ഥാനമേ ഉണ്ടായിട്ടില്ല, ആകെ ഉണ്ടായത് കൊളോണിയല്‍ ആധുനികത മാത്രമാണെന്ന് പറയുന്നത് കാര്യത്തെ കാരണമാണെന്ന് ചുരുക്കിക്കാണുന്നതുപോലൊരു അബദ്ധമാണ്. ജനാധിപത്യമെന്നത് പാശ്ചാത്യമായ ഒരു ആശയമാണ്. അത് മഹത്തായ ആശയമാണ്. അതിലാണ് സമത്വത്തിനെക്കുറിച്ചുള്ള സങ്കല്പങ്ങളുള്ളത്. എന്നാല്‍ അത് അദ്വൈതത്തിലുമുണ്ട് എന്നത് നാം മറന്നുപോവാന്‍ പാടില്ലാത്തൊരു സംഗതിയാണ്.

അപ്പോള്‍ സാംസ്‌കാരിക നവോത്ഥാനം ദളിതപക്ഷ, സ്ത്രീപക്ഷ, പാരിസ്ഥിതികമൊക്കെയായ ഉണര്‍വുകള്‍ക്ക് ആപേക്ഷികമായെങ്കിലും നാന്ദികുറിച്ചുവെന്ന് നമുക്ക് അനുമാനിക്കാം. അല്ലേ?

അതെ. നാരായണഗുരു മനുഷ്യനെന്ന് പറയുമ്പോള്‍ അതില്‍ സ്ത്രീ ഉണ്ട്. കാരണം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യന്‍, ചിന്നസ്വാമി എന്ന് കുറെക്കാലം അറിയപ്പെട്ടിരുന്ന കുമാരനാശാന്‍, അദ്ദേഹമാണ് സ്ത്രീപ്രശ്‌നങ്ങളെ ആദ്യമായി മലയാളസാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കവി. അടിയാളനെയും സ്ത്രീയെയും ഗര്‍ഹിക്കുന്നതാണ് നമ്മുടെ സ്മൃതികളെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. അദ്ദേഹമാണ് ചണ്ഡാലഭിക്ഷുകി എഴുതിയത്, കരുണ എഴുതിയത്, ദുരവസ്ഥ എഴുതിയത്. അപ്പോ സ്ത്രീപരുഷന്മാരെപ്പറ്റിയും പ്രണയത്തെപ്പറ്റിയും ആത്മീയതയെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമൊക്കെ ആലോചിക്കുമ്പോള്‍ ആശാനില്‍ പ്രവര്‍ത്തിക്കുന്നത് സമത്വം എന്ന ആശയമാണ്. ചണ്ഡാലഭിക്ഷുകിക്ക് മുമ്പ് നമുക്ക് ഒരു ചണ്ഡാലിപ്പെണ്ണ് സ്വാമിയെക്കണ്ട് മോഹിച്ച് പിന്നാലെ പോയി അവിടെവച്ച് ബുദ്ധനെക്കണ്ട് തല മുണ്ഡനം ചെയ്ത് സന്യാസിനിയായി തീരുന്ന കഥ സങ്കല്പിക്കാനേ ആവുമായിരുന്നില്ല. ആശാനിലാണ് ദളിത് ആശയം ഏറ്റവും ശക്തിയായി വരുന്നത് എന്റെയൊരു നിരീക്ഷണത്തില്‍. ചിന്താവിഷ്ടയായ സീതയെന്ന കവിതയെഴുതിക്കൊണ്ട് അദ്ദേഹം രാമനെയും പുരുഷാധിപത്യത്തിന്റെ സകലമൂല്യങ്ങളെയും വെല്ലുവിളിക്കുന്നു. ഇത്തരം ആശയങ്ങളൊക്കെ മുളപൊട്ടുന്നത് നവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായാണ്. പിന്നെ നമ്മളോര്‍ക്കേണ്ടത് നവോത്ഥാനത്തിന്റെ കൊടിയടയാളമായിരുന്ന വിവേകോദയത്തിന്റെ പത്രാധിപരായിരുന്നു കുമാരനാശാന്‍ 16 കൊല്ലം. ശ്രീമൂലം സഭയില്‍ മെംബറായിരുന്നു. പിന്നെ പാരിസ്ഥിതികമായ ഉണര്‍വുകള്‍. ആശാന്റെ ആദ്യത്തെ ഇമേജ് തന്നെ വീണപൂവ് എന്നാണ്. ഒരു പൂവ് വീഴുമ്പോള്‍ വീഴുന്നതൊരു സ്ത്രീയാണെന്ന ദര്‍ശനം പിന്നിടെത്രയോ കാലം കഴിഞ്ഞ് സുഗതകുമാരി ടീച്ചറുടെ രാത്രിമഴ എന്നകവിത വായിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുന്നത്. നമ്മള്‍ പ്രകൃതിയോടും സ്ത്രീപ്രകൃതിയോടും ഒരേ മട്ടില്‍ അന്യായം കാണിച്ച ഒരു സംസ്‌കൃതിയാണ്. എന്റെ അഭിപ്രായത്തില്‍ ഇന്നത്തെ ഈ സ്ത്രീ, ദളിത് പാരിസ്ഥിതിക തിരിച്ചറിവുകളുടെയെല്ലാം ഉറവിടം ആശാനാണ്, നവോത്ഥാനപ്രസ്ഥാനമാണ്. ഇവയൊക്കെ അതിലുണ്ടായിരുന്നുവെന്ന് ഓര്‍ക്കാതിരിക്കുന്നത് നന്ദികേടാണെന്ന് ഞാന്‍ പറയും.

നവോത്ഥാനം നാന്ദി കുറിച്ച ദളിത്, സ്ത്രീ, പരിസ്ഥിതി പക്ഷത്ത് നിന്നുള്ള ആ സാംസ്‌കാരികമുന്നേറ്റത്തിന് പിന്നീട് എന്തു സംഭവിച്ചു?

ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നൂറ്റാണ്ടാണ് ഇരുപതാംനൂറ്റാണ്ട്. അതില്‍ ഏറ്റവും പ്രധാനം രണ്ട് മഹായുദ്ധങ്ങള്‍. ചരിത്രത്തെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കാന്‍ പോന്നത്ര വലിപ്പമുള്ള മനുഷ്യര്‍ ജീവിച്ചിരുന്ന ഒരു നൂറ്റാണ്ട് കൂടിയാണത്. ഗാന്ധിജി ജീവിച്ചിരുന്ന കാലം, അതിന്റെ നേര്‍വിപരീതമായ ഹിറ്റ്‌ലറും മുസ്സോളിനിയും ജീവിച്ചിരുന്ന കാലം. സ്റ്റാലിനും ജിന്നയും ജീവിച്ച കാലം. പുതിയ ആശയങ്ങള്‍ ഉണ്ടാവുകയാണ്. ഡെമോക്രസി, നാഷണലിസം, സെക്കുലറിസം. ഈ കൂട്ടത്തില്‍ തന്നെയാണ് നാസിസവും ഫാസിസവും ഉയര്‍ന്നുവരുന്നത്. ഇന്ത്യയില്‍ ഈ കാലത്തു തന്നെ ആര്‍ എസ് എസ് ഉണ്ടാവുന്നു. ഇത് കഴിഞ്ഞ് 1940 ആവുമ്പോഴേക്കും മതദേശീയതയെന്ന വളരെ അപകടകരമായ ആശയം ജനിക്കുന്നു. ലാഹോറിലെ റ്റു നേഷന്‍ തിയറി പ്രമേയം. നാല്പത്തേഴില്‍ ലോകചരിത്രത്തിലാദ്യമായി ഒരു മതവിഭാഗത്തിനു വേണ്ടി ഒരു രാജ്യമുണ്ടാവുന്നു. അതിനടുത്ത കൊല്ലം യഹൂദമതത്തിനു വേണ്ടി മാത്രമായി ഇസ്രായേല്‍ എന്നൊരു രാഷ്ട്രമുണ്ടാവുന്നു. അങ്ങനെ എന്തൊക്കെയാണ് ഈ നൂറ്റാണ്ടില്‍ നടന്നത്! ആ പശ്ചാത്തലം മുഴുവന്‍ ഇതിലുണ്ടെന്ന് നാം ഓര്‍ക്കണം. സാമ്രാജ്യങ്ങള്‍ തകരുന്നു, 1498ല്‍ ആരംഭിക്കുന്നതാണ് പാശ്ചാത്യരുടെ പൗരസ്ത്യ അധിനിവേശം. അതിന്റെ അവസാനം തുടങ്ങുകയാണ് 1947ല്‍ ഇന്ത്യ സ്വതന്ത്രയാവുന്നതോടുകൂടി. അതിനുശേഷം ഗാന്ധിയന്‍ മെതഡോളജി, സമരത്തിന്റെ ആ രീതിശാസ്ത്രം മറ്റ് പലയിടങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നത് നാം കാണുന്നു. 1917ല്‍ റഷ്യയില്‍ വിപ്ലവം നടക്കുന്നു. അത്ഭുതമല്ലേ? 1948 ആവുമ്പോഴെക്കും മാവൊ ചൈനയില്‍ അധികാരത്തില്‍ വരുന്നു. ഇങ്ങനെ ഒരുപിടി സംഭവങ്ങള്‍. ഇതിന്റെയൊക്കെ വേവും ചൂടും അറിയുന്നൊരു സ്ഥലമാണ് കേരളം. അതിനൊരു തെളിവ് എന്തെന്നു വച്ചാല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം ഒരിന്ത്യന്‍ ഭാഷയില്‍ ആദ്യമായുണ്ടാവുന്നത് മലയാളത്തിലാണ്. മാര്‍ക്‌സിന്റെ ജന്മഗൃഹം പോയിക്കണ്ട എന്റെ സുഹൃത്ത് കൊടുങ്ങല്ലൂര്‍ക്കാരന്‍ ഗഫൂറിനെയും പ്രിയകഥാകാരന്‍ സക്കറിയയെയും അത്ഭുതപ്പെടുത്തിയൊരു കാര്യമുണ്ട്, അവിടെ കുറച്ച് പുസ്തകങ്ങളുണ്ട്. അതില്‍ നമ്മുടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെഴുതിയ മലയാളപുസ്തകവുമുണ്ട്. അന്നുണ്ടായ അഭിമാനത്തെക്കുറിച്ച് അവരെന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്. ഇതേ രാമകൃഷ്ണപിള്ള തന്നെ ഗാന്ധിയുടെയും ജീവചരിത്രമെഴുതിയിരുന്നു. അതായത് ഞാനീ പറഞ്ഞുവരുന്നത് 1912ലാണ് മാര്‍ക്‌സിന്റെ ആദ്യജീവചരിത്രം പുറത്തുവരുന്നതെന്നാണെന്റെ ഓര്‍മ. കേരളത്തിലന്നേ ഇതെല്ലാമുണ്ട്. അവിടെ സനാവുള്ള മഫ്തി തങ്ങളുണ്ട്, നാരായണഗുരുവുണ്ട്, സ്വദേശാഭിമാനിയുണ്ട്, കേസരി ബാലകൃഷ്ണപിള്ളയുണ്ട്, അങ്ങനെ ഒരുപിടിയാളുകളുണ്ട്. വക്കം മൗലവിയുണ്ട്, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ബഷീര്‍, തകഴി, ദേവ് ഒക്കെയുണ്ട്. സ്ത്രീയെപറ്റി പറയുമ്പോള്‍ നാം ആദ്യം ഓര്‍ക്കേണ്ട വി ടി ഭട്ടതിരിപ്പാട് ഉണ്ട്. ഫ്രോയ്ഡ് ജീവിച്ചിരിക്കെ അദ്ദേഹത്തെപ്പറ്റി ലേഖനപരമ്പരയെഴുതുന്നുണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. റൊമാന്‍ റോളണ്ട് ഗാന്ധിജിയെക്കുറിച്ച് പുസ്തകമെഴുതി. ഇറങ്ങിയ ഉടനെ കേസരി അത് വിവര്‍ത്തനം ചെയ്തു. അദ്ദേഹം ഗാന്ധിയനൊന്നുമായിരുന്നില്ല, എന്നിട്ടും.1924ല്‍ ഈജിപ്തില്‍ അസ്രുല്‍ ബന്നയുടെ മുസ്ലിം ബ്രതര്‍ഹുഡ് എന്ന സംഘടന രൂപം കൊള്ളുന്നു. 1941ല്‍ ഇവിടെ മൗദൂദി ജമാ അത്തെ ഇസ്ലാമിക്ക് രൂപം കൊടുക്കുന്നു. 1948ല്‍ തന്നെ കേരളത്തില്‍ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തനം ആരംഭിക്കുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് ഗാന്ധിസവും മാര്‍ക്‌സിസവും, നാസിസവും ഫാസിസവും ഇസ്ലാമിസവും ഒക്കെ ഇവിടെയുണ്ട്. ഇതിന്റെയൊക്കെ നല്ലതും കെട്ടതും, പോസിറ്റീവും നെഗറ്റീവും ഏറ്റ് വളര്‍ന്ന കൂട്ടരാണ് നാം. 

ഇതില്‍നിന്നും സാംസ്‌കാരികനവോത്ഥാനത്തിനു ശേഷമുള്ള മലയാളസാംസ്‌കാരികലോകം വൈജ്ഞാനികവും ആശയപരവുമായ ഒരു അന്വേഷണത്വര വച്ചുപുലര്‍ത്തിയിരുന്നുവെന്ന് കാണാം. എന്നാല്‍ ഈ മൂല്യങ്ങളില്‍ നിന്നുള്ള ഒരു തിരിഞ്ഞുനടപ്പ് പിന്നീട് ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എന്നു മുതലാണ്?

കേരളം റിവേഴ്‌സ്ഗിയറിലാണെന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. 1957ല്‍ ഇ എം എസിന്റെ മന്ത്രിസഭ വരുന്നു. രണ്ടു കൊല്ലം കഴിഞ്ഞ് വിമോചനസമരം തുടങ്ങുകയാണ്. അന്ന് കേട്ട ഒരു മുദ്രാവാക്യം എനിക്ക് ഓര്‍മയുണ്ട്. 'മന്നം പട്ടം ശങ്കര്‍ ചാക്കോ ബാഫക്കിതങ്ങള്‍ സിന്ദാബാദ്'. എല്ലാ തരത്തിലുമുള്ള വിഭാഗീയശക്തികളും ഒരുമിച്ച് ചേര്‍ന്നാണ് ഈ സമരം നടത്തുന്നത്. കേരളത്തിന്റെ സാംസ്‌കാരികചരിത്രം റിവേഴ്‌സ് ഗിയറിലേക്കാവുന്നത് ഇവിടം മുതല്‍ക്കാണെന്നാണ് എന്റെ നിരീക്ഷണം.

mn karassery 02ആധുനികത നാന്ദി കുറിച്ച കേരളത്തിന്റെ സാംസ്‌കാരിക പരിണാമത്തിന് വിമോചനസമരവും അതിനുശേഷമുള്ളൊരു കാലയളവും കടന്ന് ഉത്തരാധുനികതയിലേക്കെത്തുമ്പോള്‍ എന്ത് സംഭവിക്കുന്നു?

എന്റെയൊരു കണക്കനുസരിച്ച് 70 കളിലാണ് ആധുനികത ആരംഭിക്കുന്നത്. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ആനന്ദിന്റെ ആള്‍ക്കൂട്ടം, അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം, കടമ്മനിട്ടയുടെയും, കുഞ്ഞുണ്ണിമാഷിന്റെയും കവിതകള്‍, സിനിമയിലാണെങ്കില്‍ അടൂരിന്റെ സ്വയംവരം, നാടകത്തില്‍ ശ്രീകണ്ഠന്‍ നായരുടെ നാടകത്രയം, ഗോവിന്ദന്റെ പത്രപ്രവര്‍ത്തനം, ഇതിനെയൊക്കെയാണ് നമ്മള്‍ ആധുനികതയെന്ന് വിളിക്കുന്നത്. ഇതില്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ വളരെ യാന്ത്രികമായ സാഹിത്യനിര്‍മാണ വിമര്‍ശന രീതികള്‍ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു. ഇതിനോടുള്ള ഒരു പ്രതിഷേധമെന്ന നിലക്കോ കലഹമെന്ന നിലക്കോ ഒക്കെയാണ് എം ടിയും പത്മനാഭനും മധവിക്കുട്ടിയുമൊക്കെ എഴുതുന്നത്. മനുഷ്യനു വയറു മാത്രമല്ല, മനസ്സുമുണ്ട്, സമൂഹം മാത്രമല്ല, വ്യക്തിയുമുണ്ട് എന്നുള്ള നിലക്കാണ് അവരൊക്കെ എഴുതിയത്. അതിന്റെയൊക്കെ ഒരു പുഷ്പിക്കലാണ് ആധുനികത എന്നാണ് എനിക്ക് തോന്നുന്നത്. ഉത്തരാധുനികത എന്റെ കണ്ണില്‍ 90കളില്‍ ആരംഭിച്ച് ഇപ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ആശാന്‍ മരിക്കുമ്പോള്‍ ചങ്ങമ്പുഴക്ക് 13 വയസ്സാണ്. ഈ ചങ്ങമ്പുഴയെക്കാളുമൊക്കെ എത്രയോ വലിയ കവിയും പോരാളിയുമൊക്കെയായിരുന്നു ആശാന്‍.

അപ്പോള്‍ നമ്മുടെ ആധുനികതയെന്നത് 20ആം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ 90കള്‍ വരെ നീണ്ടുനിന്ന പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യമുള്ള ഒരു പ്രസ്ഥാനമാണെന്ന് പറയാം.

അല്ല വിശാഖേ, ഇതിലുള്ള ഒരു പ്രശ്‌നം ജീവിതത്തിലെ ആധുനികതയെയും എഴുത്തിലും വിമര്‍ശനത്തിലും ഒക്കെയുള്ള സാഹിത്യബന്ധിയായ ആധുനികതയെയും മലയാളത്തില്‍ പൊതുവെ ആധുനികയെന്ന ഒറ്റവാക്കുപയോഗിച്ച് അഭിസംബോധന ചെയ്യുന്നുവെന്നതാണ്. ഭൗതികമായും സാംസ്‌കാരികമായും യൂറോപ്യന്‍ ആധുനികതയുടെ സ്വാധീനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കേ സാഹിത്യമുള്‍പ്പെടെയുള്ള നമ്മുടെ സാംസ്‌കാരികജീവിതത്തിലുണ്ടെന്ന് പറയാം. എന്നാല്‍ 70 കള്‍ മുതല്‍ക്കാണ് രചനയിലും വിമര്‍ശനത്തിലും മറ്റുമുള്ള സാഹിത്യബന്ധിയായ ആധുനികത മലയാളത്തില്‍ പ്രബലമാവുന്നത്. ഉത്തരാധുനികമെന്ന് പറയുന്ന കാലഘട്ടത്തില്‍ മൂന്ന് പ്രബലമായ കാര്യങ്ങളാണ് ഞാന്‍ കാണുന്നത്. ദളിത് വാദം, സ്ത്രീവാദം, പരിസ്ഥിതിവാദം. എന്നാല്‍ ഈ പറയുന്ന ഒന്നും സാഹിത്യബന്ധിയായ ഉത്തരാധുനികത തുടങ്ങുന്നു എന്ന് പറയപ്പെടുന്ന 90കളില്‍ തുടങ്ങിയതാണെന്ന് പറയാനാവില്ല. പണ്ടും ടി കെ സി വടുതലയെപ്പോലുള്ളവര്‍ ഇന്ന് നമ്മള്‍ ദളിത് എന്നും പണ്ട് ഹരിജനെന്നും വിളിച്ചിരുന്ന വിഭാഗങ്ങളില്‍നിന്ന് എഴുത്തുകാരായി ഉയര്‍ന്നുവന്നിട്ടുണ്ട്. തകഴിയുടെ രണ്ടിടങ്ങഴി പോലുള്ള കൃതികളില്‍ അടിയാളന്റെ ജീവിതം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെ അതിനു പുറത്തുനിന്നും മുകളില്‍ നിന്നും നോക്കിക്കാണുന്ന രീതി ശരിയല്ല എന്നൊരു വാദം ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിനുദാഹരണം പറഞ്ഞാല്‍ നാരായന്റെ കൃതികള്‍. പ്രതീപന്‍ പാമ്പിരിക്കുന്ന് ഒക്കെ മുന്നോട്ട് വെക്കുന്നത് പോലുള്ള ഒരു ദളിത് സൗന്ദര്യശാസ്ത്രം. ഇതിന് പ്രസക്തിയില്ല എന്നല്ല. പക്ഷേ ഇതിന്റെയൊക്കെ അങ്കുരാവസ്ഥ മേല്പറഞ്ഞ നവോത്ഥാനത്തില്‍ നമുക്ക് കാണാനാവും എന്ന് മാത്രം.

ഇനി വിശാഖിന്റെ ചോദ്യത്തിന്റെ രണ്ടാം ഭാഗം. നമ്മള്‍ എവിടം തൊട്ടാണ് നമ്മുടെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ മൂല്യങ്ങളില്‍ നിന്ന് തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയത്? എനിക്ക് തോന്നുന്നത് 70 കള്‍ക്ക് ശേഷം ഇങ്ങോട്ട് കേരളീയസമൂഹം സാമ്പത്തികമായി അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി. ഗള്‍ഫില്‍നിന്ന് പണം വരുന്നു, ബോംബെയില്‍ നിന്നും കല്‍ക്കട്ടയില്‍ നിന്നും പണം വരുന്നു, ഇംഗ്ലണ്ടില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും അമേരിക്കയില്‍ നിന്നും പണം വരുന്നു, അങ്ങനെ കേരളം അതിന്റെ ഏറ്റവും സമ്പന്നമായ ചരിത്രത്തിലൂടെ കടന്നുപോവുകയാണ് ഈ കഴിഞ്ഞ ദശകങ്ങളില്‍. വിദ്യാഭ്യാസവും അതിനെക്കുറിച്ചുള്ള അവബോധവും കൂടി. ഞങ്ങളുടെ കാലത്തൊന്നും അതില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലുമെന്ന ഭേദമില്ലാതെ എല്ലായിടത്തും ധാരാളം വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ മാളുകള്‍ ഒക്കെ വന്നു. അങ്ങനെ മുമ്പൊന്നുമില്ലാത്ത വണ്ണം ജീവിതം സമ്പന്നവും സുഖസമ്പുഷ്ടവുമായിത്തീര്‍ന്നു. ഈ കൂട്ടത്തില്‍ ആദര്‍ശത്തിനുവേണ്ടി പൊരുതുന്ന രാഷ്ട്രീയക്കാരന്‍ ഇല്ലാതായി, നിലപാടിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഇല്ലാതായി, ആദര്‍ശത്തിനുവേണ്ടി പൊരുതുന്ന കലാകാരന്‍ ഇല്ലാതായി. ഇപ്പോള്‍ പണമാണ് സമൂഹത്തിന് മനസ്സിലാവുന്ന ഒരു സാധനം. രാഷ്ട്രീയം പോലും ഇന്ന് മറ്റൊരു ബിസിനസ്സായി മാറിക്കഴിഞ്ഞു. മതമാണെങ്കില്‍ അത് വേറൊരു ബിസിനസ്സ്.

നമ്മുടെ സാംസ്‌കാരികമായ തിരിഞ്ഞുനടത്തത്തിന് വിപണിവല്ക്കരണമാണ് കാരണം എന്നാണോ?

ഞാനൊരു ചെറിയ ഉദാഹരണം പറയാം. മാപ്പിളപ്പാട്ടിന് ഒരു ശ്രദ്ധയും കൊടുത്തിരുന്നില്ല ജമാ അത്തെ ഇസ്ലാമി. എന്നാല്‍ അവര്‍ മീഡിയ വണ്‍ എന്ന ചാനല്‍ തുടങ്ങിയപ്പോള്‍ അതില്‍ പതിനാലാം രാവ് എന്ന പേരില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് ഒരു റിയാലിറ്റി ഷോ വരുന്നു. ഞാനാ ഷോയെ എതിര്‍ക്കുകയല്ല. മറിച്ച് അവര്‍ മാപ്പിളപ്പാട്ടിനെ ശ്രദ്ധിച്ചത് എപ്പോഴാണ്? അതുപയോഗിച്ച് ഒരു കച്ചവടത്തിന് സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയപ്പോഴാണ്. അപ്പോള്‍ അതുപോലെ സാംസ്‌കാരികമായ എന്തും രാഷ്ട്രീയത്തിലും മതത്തിലും വില്പനസാധ്യതയുണ്ടെന്ന് കണ്ടാല്‍ അവര്‍ ഏറ്റെടുക്കുകയാണ്. കച്ചവടം എങ്ങനെ ഈ റിവേഴ്‌സ് ഗിയറിനെ സഹായിക്കുന്നു എന്ന് പറയാം. ഞങ്ങളൊന്നും കുട്ടിക്കാലത്ത് കേട്ടിട്ടേ ഇല്ലാത്ത ഒന്നാണ് ഈ അക്ഷയതൃതീയ. ഒരു പ്രത്യേകനാളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ അതുകൊണ്ട് കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകും എന്നാണ്. പക്ഷേ പൊന്നു വാങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് പണം വേണം. അപ്പോള്‍ നിങ്ങളുടെ സാമ്പത്തികഅഭിവൃദ്ധിയെ ചൂഷണം ചെയ്തുകൊണ്ട് കച്ചവടം പ്രൊമോട്ട് ചെയ്യുന്ന ഒരു അന്ധവിശ്വാസമാണ് അത്, അനാചാരമാണത്, ഒരു ദുരാചാരമാണത്. അത് നിങ്ങളെ പിന്നോട്ടാണ് കൊണ്ട് പോകുന്നത്. ഈ അക്ഷയതൃതീയയെന്ന് പറഞ്ഞുകൊണ്ട് ഒരു അന്ധവിശ്വാസത്തിനെ പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് പറയാന്‍ ഒരു രാഷ്ട്രീയക്കാരനും ധൈര്യമില്ല. കാരണം അവരുടെ വോട്ട് വേണം. ഒരു മതത്തിനും ധൈര്യമില്ല. കാരണം അവരുടെ സമ്പത്തും പിന്തുണയും വേണം. അക്ഷയതൃതീയയെ എതിര്‍ക്കുമ്പോള്‍ നിങ്ങള്‍ രണ്ട് കാര്യങ്ങളെ എതിര്‍ക്കുന്നു. ഒന്ന് കച്ചവടക്കാരെ, രണ്ട് ഒരു സമുദായത്തെ. അതിന് ഒരു മതത്തിനും രാഷ്ട്രീയക്കാരനും ധൈര്യമില്ല. ഇപ്പോള്‍ കോഴിക്കോട് മുഹമ്മദ് നബിയുടെ മുടി പ്രതിഷ്ഠിക്കാനായി ഒരു പള്ളി വരുന്നു. അതിനൊപ്പം ആ മുടിയിട്ടുവച്ച വെള്ളം കുടിച്ചാല്‍ മഹാവ്യാധികള്‍ മാറുമെന്ന് ഒരു അന്ധവിശ്വാസം കൂടി പരക്കുകയാണ്. ഇവയൊക്കെ ജനാധിപത്യത്തിന് അത്യാവശ്യമായ യുക്തിബോധത്തെ ഇല്ലാതാക്കുന്നതാണ്.

ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തികളെന്ന നിലയ്ക്ക് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ പങ്ക് വഹിക്കാനാവതെപോയെന്നാണോ ?

ശാസ്ത്രസാഹിത്യപരിഷത്ത് വര്‍ഷങ്ങളോളം പ്രവര്‍ത്തനം നടത്തിയ ഒരു മണ്ണാണ് ഇത്. ആ പരിഷത്ത് പോലും ഈ മുടി 1400കൊല്ലം പഴക്കമുള്ളതാണോ എന്ന് പരിശോധിക്കണമെന്ന ഒരാവശ്യം മുന്നോട്ട് വെച്ചതായി ഞാന്‍ കേട്ടില്ല. ശബരിമലയില്‍ ആള്‍ക്കാര്‍ കര്‍പ്പൂരം കത്തിച്ച് കാണിച്ചിട്ടാണ് മകരജ്യോതി കാണിക്കുന്നത്. ഇത് പണ്ട് പറയാന്‍ ധൈര്യം കാണിച്ചവരില്‍ ഒരാള്‍ മരിച്ചുപോയ പവനനാണ്. അദ്ദേഹത്തെ അവര്‍ അവിടെ നിന്ന് തല്ലിയോടിക്കുകയായിരുന്നു. അപ്പോള്‍ നിങ്ങളുടെ ജനാധിപത്യത്തിന്റെ ഗിയര്‍ ഒന്നേ രണ്ടേ മൂന്നേ എന്നിങ്ങനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് യുക്തിചിന്തയാണ്. എന്നാല്‍ അതിനുവേണ്ടി സംസാരിക്കാന്‍ ആര്‍ക്കാണിവിടെ നേരം? ഒരു സാംസ്‌കാരിക നേതാവിനോ സാഹിത്യകാരനോ കലാകാരനോ രാഷ്ട്രീയക്കാരനോ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമില്ല. ഇതാണീ റിവേഴ്‌സ് ഗിയര്‍ എന്ന് പറയുന്നത്.

യൂറോപ്യന്‍ ആധുനികതയും അതില്‍നിന്ന് കൂടി ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നടന്ന സാംസ്‌കാരികനവോത്ഥാനവും ഉണ്ടാക്കിയ ജനാധിപത്യപരവും യുക്തിചിന്താപരവും ശാസ്ത്രീയവുമായ ഉണര്‍വുകള്‍ സ്വാഭാവികമായും പിന്നീട് നമ്മുടെ സമൂഹത്തിലുണ്ടായ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിലൂടെ ഗതിവേഗം ആര്‍ജ്ജീക്കേണ്ടതല്ലേ? അവയ്ക്ക് പിന്നിട് എന്താണ് സംഭവിക്കുന്നത്?

കേരളത്തെ ബാധിച്ച ഒരു കാര്യം എന്ന് ഞാന്‍ വിചാരിക്കുന്നത് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയും ആതുണ്ടാക്കിയ ഇച്ഛാഭംഗവുമാണ്. 57ല്‍ ഇ എം എസിന്റെ മിനിസ്ട്രി നിലവില്‍ വരുന്നു, 59ല്‍ പുറത്തുപോവുന്നു. പിന്നീടത് 69ല്‍ വീണ്ടും തിരിച്ചു വരുന്നു. എങ്ങനെ? വിമോചനസമരത്തിന്റെ കെട്ട പാഠങ്ങളൊക്കെ പഠിച്ചുകൊണ്ട്. ആരാണോ വിമോചനസമരം നയിച്ചത് ആ കൂട്ടരെ മുഴുവന്‍ സപ്തമുന്നണിയെന്ന് പറഞ്ഞ് കൂടെക്കൂട്ടി. അപ്പോ തന്നെ കമ്യൂണിസത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ ഇടിഞ്ഞു. കമ്യൂണിസം കേരളസമൂഹത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ത് എന്നെന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് ജന്മികുടിയാന്‍ വ്യവസ്ഥ അവസാനിപ്പിക്കാന്‍ കൈക്കൊണ്ട നടപടികളാണ്, ഭൂപരിഷ്‌കരണമാണ് എന്ന്. അത് നമ്മുടെ സാംസ്‌കാരിക വ്യവഹാരങ്ങളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ രണ്ടാം വരവില്‍ 1970ല്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നു, ഭൂപരിഷ്‌കരണം പൂര്‍ത്തിയായി. ഇന്ത്യയിലാകെ രണ്ടിടത്തെ അത് നടന്നിട്ടുള്ളൂ, കേരളത്തിലും കാശ്മീരിലും. അപ്പൊ ഇതൊക്കെകൂടെ എന്തുമായും സന്ധി ചെയ്യാവുന്ന ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന ഒരു ബോധം ഉണ്ടാക്കുന്നു. ഞാന്‍ ജീവിതത്തില്‍ ഞെട്ടിയത് ആകെ രണ്ട് അവസരങ്ങളില്‍ മാത്രമാണ്, ഒന്ന് 1969ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയപ്പോള്‍. രണ്ട് 1991ല്‍ റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു എന്ന വാര്‍ത്തകേട്ടപ്പോള്‍. അങ്ങനെ ഒരു ചെറിയ കാലഘട്ടം ഉണ്ടായിട്ടുണ്ട്. അതായത് മനുഷ്യന്റെ വിമോചനത്തിന്റെ പ്രത്യയശാസ്ത്രം എന്ന് കേരളീയസമൂഹം എത്രയോ കാലമായി പഠിച്ചുവെച്ചിരുന്ന ഒന്നാണ് കമ്യൂണിസം. ഞാന്‍ എന്റെയൊരു വ്യക്തിഗത അനുഭവം പറയാം. ഞാന്‍ ലണ്ടനില്‍ പോയപ്പോള്‍ എന്റെ സുഹൃത്ത് രാജേന്ദ്രന്റെ സുഹൃത്തായ മൈക്കിള്‍ മാര്‍ക് എന്നൊരാളിനെ വിളിച്ചു. അപ്പൊ പുള്ളി പറഞ്ഞു, 'നമുക്ക് എവിടെവച്ച് തമ്മില്‍ കാണാമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ. നിങ്ങള്‍ക്ക് സ്ഥലവും കാണാം, നമുക്ക് സംസാരിക്കുകയുമാവാം.' അപ്പൊ ഞാന്‍ പറഞ്ഞു, 'എങ്കില്‍ നമുക്ക് മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ വെച്ച് കാണാം.' അപ്പൊ അദ്ദേഹം പറഞ്ഞു, 'ശരി.' കൂടെ ഒരു വാചകവും കൂടെ കൂട്ടിചേര്‍ത്തു, 'നിങ്ങള്‍ കേരലൈറ്റ്‌സ് എല്ലം മാര്‍ക്‌സിസ്റ്റാണെന്ന് എനിക്കറിയാം.' അപ്പൊ ഞാന്‍ പറഞ്ഞു 'ഏയ്, അയാം നോട് എ മാര്‍ക്‌സിസ്റ്റ്.' അപ്പോള്‍ മാര്‍ക്ക് ചിരിച്ചുകൊണ്ട് പ്രതിവചിച്ചു, 'ബട് യുവാര്‍ എ മലയാളി.' ഞാന്‍ പറഞ്ഞുവന്നത് എത്ര ആന്റിമാര്‍ക്‌സിസ്റ്റായ ഒരു മലയാളിയുടെ ചുറ്റും പോലും മാര്‍ക്‌സിസത്തിന്റെതായ ചില മൂല്യങ്ങള്‍ ഇപ്പോളുമുണ്ട്. ഉദാഹരണത്തിന് ഇങ്ക്വിലാബ് സിന്തബാദ് എന്ന് ഇവിടെ എല്ലാവരും വിളിക്കും, ലീഗുകാരും വിളിക്കും. ഈ തരത്തില്‍ മാര്‍ക്‌സിസത്തെപ്പറ്റി വലിയ സങ്കല്പങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്ന ഒരു കൂട്ടരാണ് മലയാളികള്‍. അവിടെയാണ് ഇതൊക്കെ വന്ന് പതിക്കുന്നത്. പണാധിപത്യം നമ്മുടെ എല്ലാത്തരം ചിന്തകളെയും സ്വാധീനിച്ചു.

ഇടതിന്റെ വലതു വ്യതിയാനമെന്ന് ചില ബുദ്ധിജീവികളും മാധ്യമങ്ങളും ഒക്കെ വിളിക്കുന്ന പ്രക്രിയയെയാണോ മാഷ് സൂചിപ്പിക്കുന്നത്?

പറയാം. ഇപ്പൊ ഒരു പാര്‍ട്ടിയുടെ ജില്ലാസമ്മേളനം, വേണ്ട താലൂക് സമ്മേളനം വരെ ഇവന്റ് മാനേജ്‌മെന്റുകാര്‍ക്ക് കരാര്‍ കൊടുക്കുന്ന സ്ഥിതിയായി. ഒരുദാഹരണം കൂടി പറയാം, നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രസവസഹായധനമായി 1000 ഉറുപ്പിക കൊടുക്കുന്ന ഒരു പദ്ധതി കേരളത്തിലുണ്ട്. അത് നാട്ടുകാരെ അറിയിക്കാനല്ലേ ഇവിടെ യൂത്ത് കോണ്‍ഗ്രസും ഡി വൈ എഫ് ഐ യുമൊക്കെ. എന്നാല്‍ സര്‍ക്കാര്‍ ചെയ്തതോ? മോഹന്‍ലാലിനെ വച്ച് പരസ്യം ചെയ്തു. എന്തുകൊണ്ട്? അയല്പക്കത്തുള്ള ഒരു പാവപ്പെട്ട സ്ത്രീയോട് ഈ വിവരം പറയാനും പഞ്ചായത്തില്‍ നിന്ന് ആ തുക അവര്‍ക്ക് വാങ്ങിക്കൊടുക്കാനും സന്നദ്ധനായ ഒരു യുവ രാഷ്ട്രീയപ്രവര്‍ത്തകന്‍ അവിടെയില്ല. പൊതുവില്‍ പ്രതിഫലേച്ഛ കൂടാത്ത സേവനത്തിന് കേരളത്തില്‍ ആളില്ലാതായിക്കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബി ജെ പിയും ലീഗും എല്ലാം ഈ അവസ്ഥയില്‍ തന്നെ. അമൃതാനന്ദമയിയും സായിയും രവിശങ്കറും പോട്ടയും ഒന്നും വ്യത്യസ്തമല്ല. എല്ലാം ബിസിനസ്സാണ്. അനുബന്ധപ്രവര്‍ത്തനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ്കാര്‍ ചെയ്‌തോളും. അത്തരമൊരു സാഹചര്യത്തില്‍ എന്താണ് കലാപ്രവര്‍ത്തനം, എന്താണ് രാഷ്ട്രീയപ്രവര്‍ത്തനം, എന്താണ് മതപ്രവര്‍ത്തനം എന്നൊക്കെ നോക്കിയാല്‍ കാണാനാവാത്ത അവസ്ഥയാണ്. എ പി അബൂബക്കറിന്റെ ഒപ്പമുള്ള സമുദായപ്രവര്‍ത്തനമെന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാനും അല്ലാത്തവര്‍ക്ക് വോട്ട് ചെയ്യാതിരിക്കാനും തക്കവണ്ണമുള്ള ഒരു വോട്ട് ബാങ്കുവല്‍ക്കരണം കൂടിയാണ്. ഇന്ന് അമൃതാനന്ദമയിയുടെ കൂടെയുള്ളവര്‍ നാളെ മോഡിക്കനുകൂലമായ ഒരു രാഷ്ട്രീയം രൂപീകരിക്കുന്നതില്‍ കാരണമായേക്കാം. ഇപ്പൊ നിങ്ങള്‍ ശബരിമലയില്‍ പോകുന്നു, മക്കയില്‍ ഹജ്ജിന് പോകുന്നു, റോമില്‍ തീര്‍ത്ഥാടനത്തിന് പോകുന്നു, ഇതൊക്കെ ഒരു വശത്ത് ടൂര്‍ പാക്കേജും കച്ചവടവുമാണെങ്കില്‍ മറുവശത്ത് നിങ്ങളുടെ ഭക്തിയെ അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ സമ്മര്‍ദ്ദവിഭാഗങ്ങളുടെ, വോട്ടുബാങ്കുകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രക്രിയ കൂടിയാണ്. ഇതിനെ മുഴുവന്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത് കച്ചവടവും പണവുമാണ്.

കേരളത്തില്‍ നടന്ന സാംസ്‌കാരികമായ തിരിച്ചുനടക്കലിന്റെ മുഴുവന്‍ ഉത്തരവാദിയും ഈ ധനാധിപത്യം ആണെന്നാണോ?

അങ്ങനെയല്ല, അതിനു പല കാരണങ്ങളുണ്ട്. ഇവിടെ മാര്‍ക്‌സിന്റെ നിരീക്ഷണം വളരെ ശരിയാണ്. മനുഷ്യന്‍ ഒരു സാമ്പത്തിക ജീവിയാണ്. അവനെ രൂപീകരിക്കുന്നതിലും മാറ്റിത്തീര്‍ക്കുന്നതിലുമൊക്കെ സമ്പത്തിന് ഒരു പങ്കുണ്ട്. ചരിത്രത്തിന്റെ ചാലകശക്തികളില്‍ പ്രധാനപ്പെട്ട ഒന്ന് സാമ്പത്തിക ഘടനയാണ്. അതുകൊണ്ടുതന്നെ ധനം നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ആലോചിച്ചുകൊണ്ടിരിക്കണം. കേരളത്തില്‍ ഫ്യൂഡലിസം തകര്‍ന്നു, മുതലാളിത്തം വന്നു, ക്യാപ്പിറ്റലിസത്തിന് അതിന്റെതായ രീതികളുണ്ട്. അത് ഞാന്‍ മനസ്സിലാക്കിയിടത്തോളം എല്ലാറ്റിനെയും ലാഭനഷ്ടങ്ങളുടെ രണ്ട് കോളങ്ങളിലേക്ക് ചുരുക്കുകയെന്നതാണ്. അതവിടെ മാറിയിട്ടുണ്ട്. ഇപ്പൊ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും ഒരു കാര്യത്തിനെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അത് തനിക്ക് ലഭിക്കാനിടയുള്ള ഒരു പുരസ്‌കാരമോ ആനുകൂല്യമോ ഇല്ലാതെയാക്കുമോ എന്നും ആലോചിക്കേണ്ടതുണ്ട്. അത് പണ്ടുമുണ്ട്, പക്ഷേ അതിനെക്കാള്‍ അളവെത്രയോ കൂടിയിട്ടുണ്ട് ഇപ്പോള്‍. നേതാജിയോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് യുദ്ധം ചെയ്ത ഒരാളാണ് എന്‍ എന്‍ പിള്ള. കുട്ടിക്കാലത്ത് വീടുവിട്ടുപോയി ഒളിവുജീവിതം നയിച്ച ആളാണ് പി ഭാസ്‌കരന്‍, തല്ലുകൊണ്ട് ജയിലില്‍ കിടന്നിട്ടുള്ളയാളാണ് ബഷീര്‍, തൊഴിലാളികളെ സംഘടിപ്പിക്കാന്‍ വേണ്ടി രാപ്പകല്‍ ഓടിനടന്നയാളാണ് ദേവ്. ഇപ്പോള്‍ അങ്ങനെയുള്ള സാഹിത്യകാരന്മാരെയൊന്നും കാണാനാവില്ല. അന്നതിന് ദേശീയപ്രസ്ഥാനത്തിന്റെ, ഗാന്ധിസത്തിന്റെ, സോഷ്യലിസത്തിന്റെ, കമ്യൂണിസത്തിന്റെ ഒക്കെയായ ഒരുപിടി കാരണങ്ങളുണ്ട്. ആ കാര്യങ്ങളൊക്കെ അവസാനിച്ചു. ഇന്നിപ്പോള്‍ അങ്ങനെ മഹത്തരമായ കാരണങ്ങളില്ല. അത്തരം മൂല്യങ്ങളില്ല. ആ സ്ഥാനത്ത് മതതീവ്രവാദവും, സ്ത്രീയെ, പരിസ്ഥിതിയെ, അടിയാളനെ നിന്ദിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന നിരവധി പ്രവര്‍ത്തനങ്ങളും പ്രസ്ഥാനങ്ങളും. ഇവക്കെതിരെ ശബ്ദിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് ഒരു സാഹിത്യകാരനോ കലാകാരനൊ, കവിക്കൊ, സിനിമാക്കാരനൊ തോന്നുന്നില്ല എന്നത് ലജ്ജാകരമാണ്.

 

അതായത് പൊതുവില്‍ പുരോഗമന പക്ഷത്ത് നിലയുറപ്പിക്കേണ്ട സാഹിത്യകാരും, കലാകാരും, ചലച്ചിത്രകാരും ഒക്കെ വിപണിയുടെ ആധിപത്യത്തിന് ഏറിയോ കുറഞ്ഞോ വഴിപ്പെട്ടു എന്ന്?

അതെ. ഉദാഹരണത്തിന് പൈതൃകം പോലെയൊരു സിനിമ. സകല അന്ധവിശ്വാസങ്ങളും ശരിയാണെന്ന് വിശ്വസിക്കുന്ന അത്തരമൊരു സിനിമയുണ്ടാക്കാന്‍ പറ്റും ഇക്കാലത്ത്. 60കളില്‍ അത്തരമൊരു സിനിമക്ക് സാമൂഹികാംഗീകാരം ലഭിക്കുമായിരുന്നില്ല. ആ സിനിമ വിജയിക്കുക തന്നെയില്ല. അപ്പോള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മടങ്ങിവരുന്നതില്‍ പണത്തിനൊരു പങ്കുണ്ട്. നിങ്ങള്‍ വീടുവെച്ചു കഴിഞ്ഞാല്‍ ഗണപതിഹോമം നടത്തണം, അതിനു കാശു വേണ്ടേ? അതിനു കാശുള്ള ഒരു ദളിതനാണ് നിങ്ങളെങ്കില്‍ ഒരു നമ്പൂതിരി നിങ്ങളുടെ വീട്ടില്‍ വന്ന് ഇത് നടത്തിതന്നുവെന്ന് നിങ്ങള്‍ അഭിമാനിക്കുന്ന കാലമാണിത്. എന്റെ വീട്ടില്‍ ഗണപതിഹോമം വേണ്ട, ഇനി അത് വേണമെങ്കില്‍ നടത്താന്‍ നമ്പൂതിരി വേണ്ട എന്നല്ല ചിന്തിക്കുന്നത്.

mn karassery 01സാമ്പത്തികമായി ഇത്തരമൊരു അഭിവൃദ്ധി ഇല്ലാതിരുന്ന കാലഘട്ടത്തിലും നമ്മുടെ സമൂഹം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യത്തില്‍ ഇങ്ങനെയൊക്കെ തന്നെയായിരുന്നില്ലെ?

അല്ലല്ല, അതിനൊരു വ്യത്യാസമുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്ത് സുഖപ്രസവത്തിന് ഒരു സ്ത്രീ ബദര്‍ മാല ചൊല്ലിയാല്‍ മതി എന്നൊരു വിശ്വാസമുണ്ട്. ബദര്‍ മാല പാടുന്നുമുണ്ട്. എന്നാല്‍ സമുദായത്തിലെ ഒരു വിഭാഗം ബദര്‍ മാല പാടിയതുകൊണ്ട് സുഖപ്രസവം നടക്കില്ലെന്ന് പറയാന്‍ ധൈര്യം കാണിച്ചുകൊണ്ട് മുന്നോട്ട് വരുന്നുമുണ്ട്.

സമഗ്രരാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ ഒന്നുകില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ വെള്ളം ചേര്‍ക്കപ്പെടുകയോ ചെയ്യുന്ന സമകാലികസാമൂഹ്യരാഷ്ട്രീയ അവസ്ഥകളില്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പകരം വ്യക്തികളും ആള്‍ദൈവങ്ങളും രക്ഷകരായി ഉയര്‍ന്നുവരുന്ന ഒരവസ്ഥയുണ്ടല്ലൊ. അതിനെ എങ്ങനെ നോക്കി കാണുന്നു?

അതെ.വളരെ പ്രസക്തമായ ഒരു ചോദ്യമാണത്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പരാജയം എന്ന ഒന്നില്ല. നിങ്ങള്‍ക്ക് ഒരു അക്രമത്തെ എതിര്‍ക്കാന്‍ ആയാല്‍ ആ കാരണം കൊണ്ട് തന്നെ നിങ്ങള്‍ വിജയിച്ചു. മറിച്ച് നിങ്ങള്‍ക്ക് അധികാരാസക്തിയുണ്ടാവുമ്പോളാണ് ജയപരാജയങ്ങളുടെ പ്രശ്‌നം വരുന്നത്. കമ്യൂണിസ്റ്റുകാര്‍ പറയുന്നതുപോലെ പറയുകയാണെങ്കില്‍ പാര്‍ലമെന്ററി വ്യാമോഹം. അത് ബാധിച്ചു കഴിഞ്ഞാല്‍ പിന്നെ നിവൃത്തിയില്ല. വിജയിക്കാനായി എന്താണ് വേണ്ടതെന്ന് വച്ചാല്‍ അത് ചെയ്യുക. ഇ എം എസ് പണ്ട് പറഞ്ഞൊരു വാചകമാണ് ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തറപറ്റിക്കും എന്നുള്ളത്. ഇ എം എസ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ചെകുത്താനെ കൂട്ടു പിടിക്കാന്‍ പാടില്ല. കാരണം, ഗാന്ധിജി പറഞ്ഞത് പോലെ രാഷ്ട്രീയത്തില്‍ ലക്ഷ്യം പോലെ മാര്‍ഗവും ശുദ്ധമായിരിക്കണം. അപ്പോള്‍ ഇത്തരം ഒരു അവസ്ഥ മാറിക്കഴിയുന്നതോടുകൂടി ബാക്കി വരുന്നത് ചില വ്യക്തികള്‍ മാത്രമായിരിക്കും. ഇ എം എസ് കൈക്കൂലിക്കാരനല്ല, വി എസ് അഴിമതിക്കാരനല്ല, സുധീരന്‍ കൈക്കൂലി വാങ്ങാറില്ല, ആന്റണി അഴിമതിക്കാരനല്ല തുടങ്ങിയ കാര്യങ്ങള്‍ അത്തരമൊരു സാഹചര്യത്തില്‍ പ്രത്യേകം പ്രസക്തമാവുന്നു. ഇത്തരം വ്യക്തികളില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ പിന്നെ ഒന്നും ബാക്കിയില്ല എന്നൊരു പ്രതീതി ജനിക്കുന്നു. കൈക്കൂലി വാങ്ങുന്നില്ല എന്നത് ഒരു വലിയ കാര്യമൊന്നുമല്ല, അത് വാങ്ങാന്‍ പാടില്ലാത്തതാണ്. ഉദാഹരണമായി പറഞ്ഞാല്‍ ആന്റണി കൈക്കൂലി വാങ്ങാറില്ല, പുകവലിക്കുകയോ, മദ്യപിക്കുകയോ, പെണ്ണു പിടിക്കുകയോ ചെയ്യാറില്ല, സ്വജനപക്ഷപാതം കാണിക്കാറില്ല എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ് വലിയ യോഗ്യനായ നേതാവാകുന്നത്. നെഗറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നത് കൊണ്ട് മാത്രം. അല്ലാതെ, തന്റെ സ്ഥാനത്തിന് ഇളക്കം തട്ടത്തക്കവണ്ണം അദ്ദേഹം വര്‍ഗീയതയെ എതിര്‍ത്തിട്ടുണ്ടോ? ഇല്ല. അദ്ദേഹം ആര്‍ എസ് എസിനെ വിമര്‍ശിച്ചിട്ടില്ല, അദ്ദേഹം മൂന്നാം തവണ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മാറാട് കലാപം നടക്കുന്നത്. ഒന്നാം മാറാട് കഴിഞ്ഞിട്ട് അദ്ദേഹം അങ്ങോട്ട് വന്നിട്ടേ ഇല്ല, എനിക്ക് നല്ല ഓര്‍മയുണ്ട്. കാരണം ഞങ്ങള്‍ അദ്ദേഹത്തെ തടയാനിരുന്നതാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് ആകെ പത്തു നേതാക്കളുള്ളതില്‍ ഒന്‍പതു പേരും അഴിമതിക്കാരാവുമ്പോള്‍ അഴിമതി നടത്താത്ത ഒരാളെ നമുക്ക് നമസ്‌കരിക്കേണ്ടി വരും. അയാളെങ്കിലുമുണ്ടല്ലോ എന്ന്. ഈയവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍.

ഒരു സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആ സര്‍ക്കാറിന്റെ നയങ്ങളാണ്, അല്ലാതെ ഒരു മുഖ്യമന്ത്രിയുടെയൊ, മന്ത്രിയുടെയൊ താല്പര്യങ്ങളല്ല. അതുകൊണ്ടുതന്നെ ഒരു മുഖ്യമന്ത്രിയോ മന്ത്രിയൊ എം എല്‍ എ യോ കൈക്കൂലി വാങ്ങുന്നില്ല എന്നത് അയാളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നതിലുപരി ഭരണത്തില്‍ ഒരു വ്യത്യാസവും വരുത്താന്‍ പോകുന്നില്ല. അല്ലേ?

അതെ. ഞാന്‍ ചോദിക്കുന്നത് ഈ ആന്റണി ഇന്ത്യയില്‍ എന്റോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ. ജയറാം രമേഷ് ഇത് നിരോധിക്കുകയില്ല എന്ന് പറയുമ്പോല്‍ ആന്റണി അതിനെ എതിര്‍ക്കണ്ടേ? അദ്ദേഹം മിണ്ടിയില്ലല്ലോ? അതുതന്നെ.

ബി ജെ പിയുടെ രാഷ്ട്രീയനിലപാടുകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പുറത്ത് മോഡിയെപ്പോലെ ഒരാള്‍ ഇന്ന് വികസനത്തിന്റെ മിശിഹയായി നമ്മുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ തലപ്പത്തെത്താന്‍ തയ്യാറെടുക്കുകയാണ്. ഇവിടെ നാം നമ്മുടെ വികസന സങ്കല്‍പ്പത്തെതന്നെ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതുണ്ടോ?

എനിക്ക് തീരെ മനസ്സിലാവാത്തൊരു കാര്യമാണത്. ഇപ്പൊ കേരളത്തില്‍ കഴിഞ്ഞ 30-40 കൊല്ലങ്ങള്‍ക്കിടയില്‍, വലിയ വികസനമുണ്ടായെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. ഇവിടെ വിമാനത്താവളങ്ങള്‍ ഉണ്ടായില്ലെ, കാറുകള്‍ ഉണ്ടായില്ലേ, റോഡുകള്‍ ഉണ്ടായില്ലേ, ഒക്കെ ശരിയാണ്. കേരളത്തിലുള്ളൊരു സാധനമാണല്ലോ കേരം, നാളീകേരം. നാളീകേരത്തിന്, തെങ്ങിന്, കേരകര്‍ഷകന് കഴിഞ്ഞ 30 വര്‍ഷമായി എന്ത് വികസനമാണ് ഉണ്ടായത്? നെല്‍കൃഷിക്കാരന് എന്ത് വികസനമാണ് കിട്ടിയത്? കേരളത്തില്‍ ഏറ്റവും അധികം ആത്മഹത്യ ചെയ്യുന്ന വിഭാഗം കര്‍ഷകരല്ലെ? എവിടെയാണ് ആ നാട്ടില്‍ വികസനമുണ്ടായത്? വികസനമെന്നത് നിങ്ങള്‍ക്കെന്താണാവശ്യം എന്നതിനെ ആശ്രയിച്ച് നില്‍ക്കുന്നതാണല്ലൊ? അല്ലാതെ ദുബായിയിലൊ മസ്‌കറ്റിലൊ ഉള്ളവര്‍ക്ക് വേണ്ടതല്ല. ഇപ്പൊ കൊച്ചിയില്‍ മെട്രോ വരുന്നതാണ് ഏറ്റവും വലിയ വികസനമെന്ന് വിലയിരുത്തുന്ന എത്രയോ ആളുകള്‍ അവിടെയുണ്ട്. വയനാട് എന്നു വെച്ചാല്‍ വയല്‍ നാട് , അവിടെയാണ് കേരളത്തില്‍ ഏറ്റവും ഉര്‍വരതയുള്ള പ്രദേശം. അവിടെനിന്ന് നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിന്റെ കഥ പരമ്പരയായി വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ വികസനമെന്ന് പറഞ്ഞാല്‍ കേരളത്തിന് ആവശ്യമായ വികസനമാണ്. വികസനമെന്നത് വീട്ടില്‍ ഒരു കാറുണ്ടായിരുന്നത് മൂന്നായി മാറുക, അതു കാരണം റോഡില്‍ വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുക എന്നതാണോ, അതൊ ഇളനീരു കൊണ്ടു പോയാല്‍, വെളിച്ചെണ്ണ കൊണ്ടു പോയാല്‍, കൊപ്ര കൊണ്ടുപോയാല്‍, തേങ്ങ കൊണ്ടുപോയാല്‍ അതിന് മര്യാദക്ക് വില കിട്ടും എന്നതാണോ? നാല്പത്തൊന്ന് വന്‍ നദികളുണ്ട് കേരളത്തില്‍. ചെറുനദികള്‍ എത്രയോ. ലക്ഷക്കണക്കിന് കിണറുകളുണ്ട്. പതിനായിരക്കണക്കിന് കുളങ്ങളുണ്ട്, ചിറകളുണ്ട്, പിന്നെ കായലുകളുണ്ട്. ഒരു മാതിരിപ്പെട്ട മലയാളികളൊക്കെ രണ്ട് നേരം കുളിക്കും. അപ്പോള്‍ ഏറ്റവുമധികം സോപ്പ് ചിലവാകുന്ന സ്ഥലമാണ് കേരളം. എന്നാല്‍ കേരളത്തില്‍ എത്ര സോപ്പ് ഉണ്ടാക്കുന്നുണ്ട്. 

ചെറുകിടകുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാവണം കേരളത്തിന്റെ വികസനമാതൃക എന്നതാണോ?

അതെ. സോപ്പ് നിര്‍മാണത്തിന്റെ ഏറ്റവും പ്രധാന ഇന്‍ഗ്രീഡിയന്‍സിലൊന്ന് വെളിച്ചെണ്ണയാണല്ലൊ. അത് നിങ്ങള്‍ ബോംബെയിലേക്ക് കയറ്റി അയക്കും. എന്നിട്ട് ബോംബെയില്‍ നിന്ന് നിങ്ങള്‍ സോപ്പ് ഇറക്കുമതി ചെയ്യും. ചന്ദ്രിക സോപ്പ് കേരളത്തിന്റെ സോപ്പാണ്. എന്നാല്‍ അതിന്റെ ഒരു നിര്‍മാണശാല ബാംഗ്ലൂരിലാണ്. ഞാന്‍ പറഞ്ഞുവരുന്നത് ഇളനീരു കുടിക്കുക, കൊപ്ര ആട്ടി വെളിച്ചെണ്ണയുണ്ടാക്കുക, ഭക്ഷ്യ എണ്ണയായി വെളിച്ചെണ്ണ ഉപയോഗിക്കുക, വെളിച്ചെണ്ണയുപയോഗിച്ച് സോപ്പുണ്ടാക്കുക തുടങ്ങിയുള്ള വികസനത്തെപ്പറ്റി നമ്മുടെ ഒരു ഗവണ്മെണ്ടും ആലോചിക്കുന്നില്ല. അതുകൊണ്ടാണ് നമുക്ക് മലയാളഭാഷയെ എന്ന പോലെ തെങ്ങിനെയും രക്ഷിക്കാന്‍ ശ്രദ്ധയില്ല എന്നു പറയുന്നത്. കേരളത്തിന്റെ ഏറ്റവും വലിയ പ്രതീകം തെങ്ങാണ്. അതിലൊന്നും കളയാനില്ല. ഏത് രീതിയിലും ലാഭകരമായി നടത്താവുന്നതാണ് ആ കൃഷി. അതിനെയൊന്നും വികസിപ്പിക്കാതെ നമുക്ക് മെട്രൊയൊ ക്വാളിസൊ എക്‌സ്പ്രസ് ഹൈവെയൊ ഒന്നും ഉണ്ടായിട്ട് ഒരു കാര്യവുമില്ല. നമ്മുടെ തെങ്ങിന്‍ തോപ്പുകള്‍ അപ്രത്യക്ഷമാവുന്നു, നെല്‍വയലുകള്‍ അപ്രത്യക്ഷമാവുന്നു, അവിടെയൊക്കെ വന്‍ മാളുകള്‍ ഉയരുന്നു. ഇതൊരു വികസനമാണെന്ന് ഒരു രീതിയിലും ഞാന്‍ കരുതുന്നില്ല.

സോപ്പ് വ്യവസായത്തെയും നെല്‍കൃഷിയെയും കേരകൃഷിയെയും കുറിച്ചൊക്കെ പറയുമ്പോള്‍ ഇതിന്റെയൊക്കെ തളര്‍ച്ചക്ക് പിന്നിലുള്ള ചില പരോക്ഷമായ സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളെക്കൂടി പരിഗണിക്കേണ്ടതല്ലെ. ഉദാഹരണത്തിന് ഇത് ബാംഗ്ലൂരിലേക്കും ബോംബെയിലേക്കും ഒക്കെ പോകുന്നതിന് പിന്നില്‍ വേതനനിരക്കിലുള്ള വമ്പിച്ച വ്യത്യാസം ഒരു കാരണമായി തീരുന്നില്ലെ? ഇവിടെ കൃത്യമായ തൊഴില്‍ നിയമങ്ങളുണ്ട്. അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാണ് തൊഴിലാളികള്‍. അവര്‍ സംഘടിതരും ശക്തരുമാണ്. ആഒരു സാഹചര്യത്തില്‍ നിസ്സാരവേദനം നല്‍കി അവരുടെ അധ്വാനത്തെ ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കാന്‍ ഇവിടെ കഴിയില്ല എന്നതുകൊണ്ടല്ലെ കമ്പനികള്‍ അവരുടെ പ്രൊഡക്ഷന്‍ യൂനിറ്റുകള്‍ കേരളത്തിന് പുറത്തേക്ക് കൊണ്ട് പോവുന്നത്?

ഇപ്പറഞ്ഞതില്‍ നമ്മുടെ വര്‍ക്ക് കള്‍ചര്‍ അഥവാ തൊഴില്‍ സംസ്‌കാരത്തിന് ഒരു പങ്കുണ്ട്, അതുണ്ടാക്കുന്നത് എ കെ ജിയാണ്. ഞാനൊരു ഉദാഹരണം പറയാം, കോഫി ഹൗസ്. തൊഴിലാളികളുടെ ഉത്തരവാത്തത്തിലും ഉടമസ്ഥതയിലും നടക്കുന്നതാണ് ഇന്ത്യന്‍ കോഫി ഹൗസ്. നമ്മുടെ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടി തൊഴിലാളികളെ സംഘടിപ്പിച്ച് ഇതുപോലെ ഒരു സോപ്പ് ഫാക്റ്ററി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇല്ലല്ലോ? എന്തുകൊണ്ട് തെങ്ങുകര്‍ഷകനെയും സോപ്പ് നിര്‍മാണതൊഴിലാളിയെയും കൊപ്ര ആട്ടുന്നവരെയും എണ്ണ ഉല്പാദിപ്പിക്കുന്നവരെയും ചകിരി ഉല്പാദിപ്പിക്കുന്നവരെയും എല്ലാം സംഘടിപ്പിച്ചുകൊണ്ട് തൊഴിലാളികള്‍ക്ക് ലാഭം പങ്കുവെച്ച് എടുക്കാനാവുന്ന വിധത്തില്‍ സി പി എമ്മിനെങ്കിലും ഒരു സ്ഥാപനം തുടങ്ങാനാവുന്നില്ല? ഞാന്‍ പറയുന്നത് നമുക്ക് അനുയോജ്യമായ ഒരു വികസനമാതൃക നമുക്ക് ഉണ്ടാവേണ്ടുന്നതിനെക്കുറിച്ചാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഏറ്റവും വലിയ മാസ്റ്റര്‍ കെ എം മാണിയാണ്. ഒരാവശ്യത്തിനായി ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അവിടെ വച്ച് പാലാക്കാരനായ ഒരു പരിചയക്കാരനുമായി സംസാരിക്കാനിടയായി. അദ്ദേഹം എന്നോടൊരു ചോദ്യം ചോദിച്ചു. മാണിസാര്‍ പാലായില്‍ ഞങ്ങള്‍ക്കൊരു തുറമുഖം ഉണ്ടാക്കിതന്നിട്ടില്ല, എന്താണ് കാരണമെന്നറിയാമൊ? പാലായില്‍ കടലില്ല, അതുതന്നെ. അതായത് ഞാന്‍ പറഞ്ഞുവരുന്നത് ഒരു കര്‍ഷകജനതയാണ് കേരളമെന്നും ആ ജനതയ്ക്ക് ആവശ്യമായ വികസനം കാര്‍ഷികവൃത്തിയുടെയും കാര്‍ഷികോല്പന്നങ്ങളുടെയും വികസനമാണെന്നും തിരിച്ചറിയാതെയുള്ള ദുബായ് അബുദാബി മോഡലിലുള്ള വികസനസങ്കല്പം കൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാവുകയില്ല എന്നാണ്.

എനിക്കുള്ള ഒരു സംശയം കേരളം ഇന്നൊരു കാര്‍ഷികജനതയാണോ എന്നതാണ്?

മണിയോഡര്‍ ഇക്കോണമി എന്നാണ് നമ്മുടെ ഇക്കോണമി പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പൊ മണീയോര്‍ഡര്‍ മാറി നമ്മള്‍ പണം ഇ-ട്രാന്‍സ്ഫര്‍ വഴി കൈമാറാന്‍ തുടങ്ങി. പക്ഷേ നമ്മളൊന്നും ഉല്പാദിപ്പിക്കുന്നില്ല. അത്തരമൊരു സമ്പദ്ഘടനക്ക് എത്രനാള്‍ നിലനില്‍ക്കാനാവും? അത് എത്രത്തോളം ജനവിരുദ്ധമായിരിക്കും? ഇതിനെക്കുറിച്ച് നമ്മുടെ ജനങ്ങളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ സര്‍ക്കാരുകളോ ഒന്നും ആലോചിക്കുന്നില്ല എന്നതാണ് എന്റെ വിമര്‍ശനം.

കൃഷി ഇല്ലാതായിത്തീരുന്നതിന് കാരണം കൃഷി ലാഭകരമല്ലാത്തൊരു സാഹചര്യം ഉണ്ടാവുന്നതുകൊണ്ടല്ലേ. കേരളത്തിലെ പുതുതലമുറയിലെ മിക്കവാറും എല്ലാവര്‍ക്കും ചുരുങ്ങിയത് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമെങ്കിലും ഉണ്ട്. അവര്‍ക്ക് അതുപയോഗിച്ച് കര്‍ഷകവൃത്തിയെക്കാള്‍ മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ കേരളത്തിനകത്തും പുറത്തും, ഇന്ത്യക്ക് പുറത്തും ഒക്കെയായി പറ്റുന്നുണ്ട്. പ്രത്യേകിച്ച് ആഗോളവല്‍ക്കരണത്തോടെ കൃഷിച്ചെലവ് വല്ലാതെ വര്‍ദ്ധിക്കുന്നു, സബ്‌സിഡികള്‍ ഒന്നൊന്നായി എടുത്തുമാറ്റപ്പെടുന്നു, കേരളത്തില്‍ കാര്‍ഷികവൃത്തിക്ക് ആളിനെക്കിട്ടാതാവുന്നു. ഈയൊരു സാഹചര്യത്തിലല്ലെ നമ്മുടെ ഇക്കൊണമി ഒരു മണിയോഡര്‍ ഇക്കോണമിയായി മാറുന്നത്?

നമ്മുടെ ജീവിതം സുഖകരമാകാന്‍ വേണ്ടത് കാശുമാത്രമാണ് എന്നത് ഭയങ്കര അപകടകരമായിരിക്കും. എല്ലാ സുഖസൗകര്യങ്ങള്‍ക്കും നടുവില്‍ എന്തുകൊണ്ടാണ് പിന്നെ ആത്മഹത്യ കൂടുന്നത്. അതൊരു പ്രധാന ചോദ്യമല്ലെ? കര്‍ഷകര്‍ മാത്രമല്ല, നഗരങ്ങളിലും ആത്മഹത്യകള്‍ നടക്കുന്നു. ഒരു തമാശയുള്ളതെന്താണെന്ന് വച്ചാല്‍ പ്രാഥമികവിദ്യാഭ്യാസം തൊട്ടിങ്ങോട്ട് വിദ്യാഭ്യാസം പരമാവധി സൗജന്യമായിരിക്കുകയെന്നതല്ല നമുക്കിപ്പോള്‍ വേണ്ട അവകാശം, വിദ്യാഭ്യാസലോണാണ്. വിദ്യാഭ്യാസവായ്പ കൊടുക്കാത്തതിന്റെ പേരില്‍ മാനേജരെ അറസ്റ്റ് ചെയ്യുന്നു, അല്ലെങ്കില്‍ ജപ്തി നോട്ടീസ് കിട്ടിയതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥിയോ രക്ഷിതാവോ ആത്മഹത്യ ചെയ്യുന്നു, അതിന്റെ പേരില്‍ മാനേജരെ പ്രൊസിക്യൂട്ട് ചെയ്യുന്നു. ഇവിടെ വായ്പ തരപ്പെടുത്തിക്കൊടുക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടാക്കുകയാണ്. ഇത്രയും വികസനമൊക്കെ ഉണ്ടായിട്ടും ഇവിടെ മെഡിസിന് അല്ലെങ്കില്‍ എഞിനീയറിങ്ങിന് അല്ലെങ്കില്‍ മാനേജ്‌മെന്റ് സ്റ്റഡീസിന് ഒക്കെ കൂടുതല്‍ കൂടുതല്‍ പണം മുടക്കേണ്ട അവസ്ഥയാണ്. സെല്‍ഫ് ഫിനാന്‍സിങ്ങ് കോളേജുകള്‍ എന്ന പേരില്‍ നടക്കുന്ന വിദ്യാഭ്യാസ കച്ചവടം നോക്കുക. ഇതിനെതിരെ സമരങ്ങളും മരണങ്ങളും വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയനേതാക്കളുടെ മക്കള്‍ അവിടങ്ങളിലാണ് പഠിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസം വളരെ ചെലവേറിയ ഒരു സംഗതിയായി തീരുകയാണ്.

സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് എന്താണ് മാഷിന് പറയാനുള്ളത്?

സാമൂഹ്യപരിണാമത്തിന് ഗുണകരമായി മാത്രമാണ് മാധ്യമങ്ങള്‍ നില്‍ക്കുന്നത് എന്ന അഭിപ്രായം എനിക്കില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നതില്‍ ടെലിവിഷണ് നല്ല പങ്കുണ്ട്. കമ്പ്യൂട്ടറാണ് മറ്റൊരു ഉദാഹരണം. കമ്പ്യൂട്ടര്‍ വരുന്നതോടൊപ്പം കമ്പ്യൂട്ടര്‍ ജാതകവും ഉണ്ടാവുകയാണ്. ചാനല്‍ വരുന്നു, ചാനലിലിരുന്ന് സംസാരിക്കുകയാണ് പിന്നെ ഒരു ജ്യോതിഷി. ടെലിവിഷന്‍ ചാനലുകളായാലും നവമാധ്യമങ്ങളായാലും ഇത്തരം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രചരിപ്പിക്കാന്‍ മത്സരിക്കുകയാണ്. ഇന്നിപ്പോള്‍ ഒരിടത്ത് ഒരു വിശുദ്ധന്റെ ദര്‍ഗ അഥവാ ശവകുടീരത്തില്‍ അഞ്ഞൂറു പേര്‍ ഒത്തുകൂടി എന്നൊരു വാര്‍ത്ത ടെലിവിഷനില്‍ കേള്‍ക്കുകയാണെന്നിരിക്കട്ടെ, അടുത്ത കൊല്ലം ഇത് അയ്യായിരമാവും. കുട്ടിച്ചാത്തന്‍ സേവാമഠത്തിന്റെ പരസ്യം എല്ലാ മാധ്യമങ്ങളിലും കാണാം. അപ്പോള്‍ ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ ഒരു നിലപാട് നമ്മുടെ മിക്ക മാധ്യമങ്ങള്‍ക്കും ഇല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. നമ്മുടെ ഹിന്ദുസമൂഹത്തെ എടുത്ത് നോക്കിയാല്‍ അതിലുള്ള ഏറ്റവും സ്ത്രീവിരുദ്ധമായ ഒരു അനാചാരമാണ് ജാതകം, സ്ത്രീകളുടെ കല്യാണം വൈകിക്കികയും മുടക്കുകയും ചെയ്യുന്ന ഒന്നാണത്. ഇന്നിപ്പോള്‍ നമ്മളിവിടിരുന്ന് സംസാരിക്കുന്ന ജ്ഞാനോദയം, അതിന്റെ ജിഹ്വയ്ക്ക് വിവേകാനന്ദനെ ഓര്‍ത്തുകൊണ്ട് വിവേകോദയം എന്നാണ് കുമാരനാശാന്‍ പേരിട്ടത്. ആ വിവേകാനന്ദന്‍ ഏറ്റവുമധികം എതിര്‍ത്തിരുന്ന ഒരു അനാചാരമാണ് ജാതകം. വിവേകാനന്ദന്റെ 150ആം വാര്‍ഷികം കൊണ്ടാടുന്നവര്‍ തന്നെ അദ്ദേഹം ജാതകം, ജ്യോതിഷം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ പോരാടിയിരുന്ന ഒരു താപസനയിരുന്നുവെന്ന കാര്യം മറച്ചുവെക്കുന്നു. ചുരുക്കി പറഞ്ഞാല്‍ പത്ര, ദൃശ്യ, നവ മാധ്യമങ്ങളെല്ലാം തന്നെ നമ്മുടെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ സമൂഹത്തില്‍ ഉണ്ടായിവന്ന യുക്തിരാഹിത്യത്തിന്റെ വിപണിസാധ്യതകളെയല്ലെ?

അല്ല, അല്ല. യുക്തിരാഹിത്യം ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് പങ്കുണ്ട്. മകരജ്യോതിയെ ഒരു വലിയ സംഭവമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ നിങ്ങളത് ഉണ്ടാക്കുന്നുണ്ട്. ഹജ്ജിന് പോയി പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരാളിന്റെ കണ്ണിലെ ആന്ധ്യം മാറി എന്നൊരു വാര്‍ത്ത വരുന്നു, കാന്തപുരം പ്രാര്‍ത്ഥിച്ചാല്‍ മഴ പെയ്യുമെന്നൊരു വാര്‍ത്ത് വരുന്നു. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ പുതിയ പുതിയ യുക്തിരാഹിത്യങ്ങളെ സമൂഹത്തിന് കൊടുക്കുകയാണ്. ബോംബെയിലെ ഗണേശവിഗ്രഹം പാലു കുടിക്കുന്നത് കോഴിക്കോട്ടിരിക്കുന്ന ഞാന്‍ അറിയുന്നത് ഇവര്‍ കൊടുത്ത വാര്‍ത്തയിലൂടെയാണ്. അങ്ങനെ എന്ത് ദുരാചാരങ്ങളും പ്രൊമോട്ട് ചെയ്തും വ്യൂവര്‍ഷിപ്പ് കൂട്ടിയാല്‍ മതിയെന്ന് കരുതുന്ന മാധ്യമങ്ങള്‍ കേരളമിപ്പോള്‍ ചെന്നുവീണിരിക്കുന്ന റിവേഴ്‌സ് ഗിയറിന് മറുപടി പറയണം. ചേക്കുട്ടി പാപ്പ എന്നൊരു ജിന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ഉപദ്രവിക്കുന്നൊരു ജിന്നാണത്. അതെക്കുറിച്ച് ഞാന്‍ മാതൃഭൂമി വരാന്തപ്പതിപ്പിലൊരു കുറിപ്പെഴുതി. പിറ്റേന്ന് നാനാദിക്കില്‍ നിന്ന് വിളിവരികയാണ്. എവിടെയാണാ സ്ഥലം, എങ്ങനെയാണവിടെ എത്തിപ്പെടുക എന്നൊക്കെ അറിയാനാണ്. അപ്പോല്‍ ഞാന്‍ പറഞ്ഞു വരുന്നത് ഒരു ദുരാചാരത്തിനെതിരെ എഴുതുന്ന ലേഖനം പോലും അതിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിക്കപ്പെടാം എന്നാണ്. ഉദാഹരണത്തിന് ഇവരുടെ ചില പ്രയോഗങ്ങള്‍ നോക്കുക, 'വ്യാജസിദ്ധന്‍'. അപ്പോള്‍ യഥാര്‍ത്ഥസിദ്ധന്‍ എന്ന ഒന്നുണ്ടോ? വാര്‍ത്ത കൊടുക്കുമ്പോള്‍ അത് വായിച്ച് മനുഷ്യര്‍ പുരോഗമനപക്ഷത്തേക്ക് വരണമെന്ന പോസിറ്റീവ് ആയ ഒരു നിലപാടോട് കൂടി കൊടൂക്കണം. എന്നാല്‍ അത് ഇന്നാരും ചെയ്യുന്നില്ല. നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന്, സാംസ്‌കാരിക ജീവിതത്തില്‍ നിന്ന്, സാഹിത്യജീവിതത്തില്‍ നിന്ന്, കലാജീവിതത്തില്‍ നിന്ന് ഒക്കെ യുക്തി എന്ന് പറയുന്ന സാധനം അമ്പരിപ്പിക്കുന്ന വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ യുക്തിവാദികള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇന്ന് വെറും പരിഹാസമല്ലെ?

നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരികസ്ഥാപനങ്ങളിലും മാധ്യമങ്ങളിലും ഒക്കെ വന്ന ഈ മൂല്യച്യുതിയുടെ വേരുകള്‍ നമ്മുടെ സമൂഹത്തിലും തിരയേണ്ടതില്ലെ? അനീതികളും ദുരാചാരങ്ങളുമൊക്കെ വിപണിയാലും മാധ്യമങ്ങളാലും നിര്‍മിക്കപ്പെട്ട് സമൂഹത്തിലേക്ക് എത്തുകയാണെന്ന നിരീക്ഷണം അല്പം ഏകപക്ഷീയമായിപ്പോവില്ലേ?

അല്ല, വിശാഖേ. അവ പരസ്പര പൂരകങ്ങളാണ്. മാധ്യമങ്ങള്‍ നമ്മുടെ സാംസ്‌കാരികജീര്‍ണതകളെ ഒരുപോലെ രേഖപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ രേഖപ്പെടുത്തലിനും രൂപപ്പെടുത്തലിനും ഒപ്പം അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ചിലപ്പോളവര്‍ ഇത്തരം ജീര്‍ണതകളെ ചോദ്യം ചെയ്യാറുമില്ലെ?

ഉവ്വ്. കൈരളി യു ഡി എഫിന്റെ ജീര്‍ണതകള്‍ക്ക് പിന്നാലെ കൂടും. സി പി എമ്മിന്റെ ജീര്‍ണതകളെക്കുറിച്ച് മിണ്ടാതിരിക്കും. ജയ് ഹിന്ദ് ടി വി സി പി എമ്മിനെയും ഇടതുപക്ഷത്തെയും വിമര്‍ശിക്കും. പക്ഷെ വലതുപക്ഷത്തെ കൊള്ളരുതായ്മകള്‍ കണ്ടില്ലെന്ന് നടിക്കും.

അപ്പോള്‍ പ്രത്യയശാസ്ത്രങ്ങളോ യുക്തിയോ ഒന്നുമല്ല, കേവലം വിപണിതാല്പര്യങ്ങളും സ്വാര്‍ത്ഥതയും ഉപയുക്തതാവാദവും മാത്രമാണ് നമ്മുടെ സാംസ്‌കാരികജീവിതത്തെ നയിക്കുന്നത് എന്ന അവസ്ഥയെ ഈ തിരിഞ്ഞുപോക്കിന്റെ പ്രാഥമിക ഉറവിടമായി കണ്ടുകൊണ്ട് നമ്മുടെ ഈ ചര്‍ച്ച ഉപസംഹരിക്കാമെന്ന് തോന്നുന്നു?

അതെ. അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow