ഒപ്പീനിയന്‍

ഇ.പി. കാര്‍ത്തികേയന്‍

സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം, വിവേചനത്തിന്റെ അടയാളങ്ങള്‍- കല്ലുമാല ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം, വിദ്യ നേടാനുള്ള സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം, നല്ല ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, വൈദ്യചികിത്സയും ആതുരശുശ്രൂഷയും ലഭിക്കാനുള്ള സ്വാതന്ത്ര്യം, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, പൊതുവായ വീഥികള്‍ക്കുള്ള സ്വാതന്ത്ര്യം.... ഇങ്ങനെയിങ്ങനെ ഒട്ടേറെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ പ്രഘോഷമായിരുന്നു അയ്യന്‍കാളി.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നിര്‍ണായക പങ്കുവഹിച്ച മഹാത്മാ അയ്യന്‍കാളിയുടെ 154-ാം ജന്മദിനമാണ് ഓഗസ്റ്റ് 28. ഒന്നര നൂറ്റാണ്ട് മുമ്പ് തിരുവിതാകൂറിലെ ഒരു പുലയ കുടുബത്തില്‍ ജനിച്ച അയ്യന്‍കാളി മുഴുവന്‍ കേരളീയരുടെയും മഹാത്മാവായി മാറിയതിന്റെ ചരിത്രം പൊതുവെ തമസ്‌കരിക്കപ്പെട്ടിരുന്നു. 1989ല്‍ ടി.പി. ചെന്താരശേരി എന്ന ചരിത്രഗവേഷകന്‍ അയ്യന്‍കാളിയെക്കുറിച്ച് വസ്തൃതമായ ഒരു ഗ്രന്ഥം രചിക്കുന്നതുവരെ അത് കേവലമായ ഒരു കഥ മാത്രമായിരുന്നു. കേരളത്തിന്റെ നവോത്ഥാനത്തിനു തുടക്കം കുറിച്ച വൈകുണ്ഠ സ്വാമികളുടെ ജീവിതവും സമാനമാണ്. അതേസമയം, ചട്ടമ്പി സ്വാമികള്‍ തുടങ്ങി ശ്രീനാരായണഗുരു വരെയുള്ളവരുടെ ജീവിതവും അവരുടെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും താരതമ്യേന പ്രചുരപ്രചാരം നേടുകയും ചെയ്തു.

മലയാളക്കരയില്‍ ആദ്യമായി ഒരു വര്‍ഷം നീണ്ട കാര്‍ഷിക സമരത്തിനു നേതൃത്വം നല്‍കിയ അയ്യന്‍കാളി എന്തുകൊണ്ടാണ് വിസ്മൃതിയിലേക്ക് പോയതെന്ന ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. കേരളത്തിന്റെ ആധുനികവത്കരണത്തിനു തുടര്‍ച്ചയുണ്ടാക്കിയ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപം കൊള്ളുന്നതിനും എത്രയോ വര്‍ഷം മുമ്പാണ് കര്‍ഷകതൊഴിലാളി പണിമുടക്കെന്ന ആശയം ഇവിടെ പ്രാവര്‍ത്തികമായത്. മഹത്തായ റഷ്യന്‍ വിപ്ലവത്തിനു മുമ്പാണത്.

ജാതീയമായ വിവേചനത്തിനും ബ്രാഹ്മണിക്കലായ ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരേ മറ്റു നവോത്ഥാന നായകരില്‍നിന്നും വ്യത്യസ്തമായ പോരാട്ടത്തിന്റെ മാതൃക സൃഷ്ടിച്ചതാണ് അദ്ദേഹത്തിന്റെ സവിശേഷത. അക്കാലത്ത് അദ്ദേഹം അക്ഷരജ്ഞാനം പോലും നേടിയിരുന്നില്ല. ജ്ഞാനത്തിന്റെ മറുകര കണ്ട പല നേതാക്കളില്‍നിന്നും വ്യത്യസ്തനായി ജനങ്ങളുടെ ഇടയില്‍ അവരില്‍ ഒരാളായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മറ്റെല്ലാ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സാമൂഹികതയില്‍ ഊന്നിയപ്പോള്‍ അയ്യന്‍കാളി രാഷ്ട്രീയത്തിന്റെ പുതിയ നൈതികത കൂടിയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. സാമൂഹികാനാചാരങ്ങള്‍ക്കെതിരായ സമരങ്ങളോടൊപ്പം ഭൂമിയുടെയും അധികാര പങ്കാളിത്തത്തിന്റെയും രാഷ്ട്രീയം മുന്നോട്ടുവെച്ച നേതാവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. അയിത്താചരണത്തിന്റെ വിഭിന്ന രൂപങ്ങള്‍ക്കും ഭാവങ്ങള്‍ക്കുമെതിരേ അദ്ദേഹം നിരന്തരം പോരാടി. പോരാടുക മാത്രമല്ല, ബദലുകളും സൃഷ്ടിച്ചു. വിദ്യയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ജനതയ്ക്ക് വിദ്യാഭ്യാസവകാശത്തിനായി പോരാടിയ അദ്ദേഹം അന്നത്തെ സവര്‍ണമേല്‍ക്കോയ്മയ്ക്കെതിരേ സ്വന്തം വിദ്യാലയവും സ്ഥാപിച്ചു. പണിമുടക്ക് സമരം യഥാര്‍ഥത്തില്‍ വിദ്യാഭ്യാസ അവകാശത്തിനായിരുന്നുവെങ്കിലും തൊഴിലിടങ്ങളിലെ വിവേചനത്തിനും കൂടി എതിരായിരുന്നു. കേവലമായ സമരങ്ങളല്ല, പ്രായോഗിക മാതൃകകളാണ് വേണ്ടതെന്ന നിലപാടിന്റെ ഭാഗമായി വ്യവസായ, കച്ചവടസ്ഥാപനങ്ങള്‍ വേണമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൃത്യമായ പങ്കാളിത്തം വേണമെന്ന നിശ്ചയത്തിന്റെ ഭാഗമായി തിരുവിതാംകൂറിലെ പ്രജാസഭയില്‍ എത്രയോ വര്‍ഷം അംഗമായി. അയിത്ത ജാതിക്കാരുടെ പ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം പ്രജാസഭയെയും സമരവേദിയാക്കി.

മഹാത്മാ അയ്യന്‍കാളിയെ കേവലമൊരു സാമുദായിക പ്രവര്‍ത്തകനെന്ന നിലയില്‍ ചുരുക്കിക്കെട്ടാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നത്. അതിന്റെ ഭാഗമായിട്ടുകൂടിയാവണം, കേരളത്തിന്റെ ചരിത്രം രചിച്ചവരെല്ലാം അയ്യന്‍കാളിയെ തമസ്‌കരിച്ചത്. നവോത്ഥാന ചരിത്രമെഴുതിയ മഹാരഥന്മാര്‍പോലും അദ്ദേഹത്തിന്റെ സംഭാവനകളെ കണ്ടില്ലെന്നു നടിച്ചു. എന്നാല്‍ സമകാലികാവസ്ഥയില്‍ അദ്ദേഹം ഉയര്‍ത്തിയ നവോത്ഥാനസന്ദേശങ്ങള്‍ അവഗണിക്കാനാവാത്ത ഉയരത്തിലെത്തിയെന്നതാണ് മറ്റൊരു സവിശേഷത. പ്രബുദ്ധമെന്നു കരുതുന്ന കേരളത്തിലും ജാതി വിവേചനങ്ങളും അയിത്താചരണവും തുടരുന്നുവെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും വീണ്ടും പ്രസക്തമാവുകയാണ്. ഇല്ലാതായെന്നു നാം വിശ്വസിച്ചിരുന്ന സാമൂഹിക വിരുദ്ധമായ ജാതിയും മതവിശ്വാസവും വര്‍ഗീയതയുമെല്ലാം അധീശത്വം നേടിക്കൊണ്ടിരിക്കുന്ന സമകാലത്തില്‍ അയ്യന്‍കാളിയെയും അതിന്റെ വക്താവാക്കാനുള്ള ഗൂഢനീക്കവും പ്രബലമാണ്. വര്‍ഗീയ ഫാസിസ്റ്റുകളുടെ തുറുപ്പുചീട്ടായും അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നു. അതിനു നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹം ജനിച്ച സമുദായത്തില്‍പ്പെട്ടവരായ യുദാസുമാരുണ്ടായി എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും തമസ്‌കരിക്കാന്‍ ശ്രമിച്ച അതേ സവര്‍ണ താല്പര്യങ്ങളാണ് ഇതിനു പിന്നിലെന്നതും വിചിത്രമാണ്. യഥാര്‍ഥത്തില്‍ അയ്യന്‍കാളി ഏതെങ്കിലും ഒരു സമുദായത്തിന്റെ നേതാവായിരുന്നില്ല. എന്നാല്‍ അതാണെന്നു വരുത്താനാണ് ശ്രമം നടക്കുന്നത്. അയ്യന്‍കാളി ഹൈന്ദവ നവോത്ഥാന നായകനായിരുന്നുവെന്ന പ്രചാരണത്തിനു വളം വയ്ക്കാനും ഇത് സഹായിക്കും. അതിന്റെ പ്രത്യക്ഷ തെളിവുകളിലൊന്നാണ് അദ്ദേഹത്തിന്റെ ജനനതീയതി സംബന്ധിച്ച സവര്‍ണബോധം. ഓഗസ്റ്റ് 28നാണ് അദ്ദേഹം ജനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചിങ്ങമാസത്തിലെ അവിട്ടം നാളിലാണെന്നും അതാണ് ജന്മദിനമായി ആഘോഷിക്കേണ്ടതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. നാളും തിയതിയും അന്യമായിരുന്ന ഒരു സമൂഹത്തില്‍ ജനിച്ച അയ്യന്‍കാളിക്ക് സവര്‍ണമായ ഒരാടയാഭരണം നല്കുന്നത് കേവലമായ ഒന്നല്ല. ക്ഷേത്രത്തിലോ ക്ഷേത്ര വിശ്വാസത്തിലോ അഭിരമിക്കാത്ത, അയിത്ത ജാതിക്കാരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി ഒരു വാക്കുപോലും ഉരിയാടാത്ത അയ്യന്‍കാളിയെ സവര്‍ണസങ്കല്പത്തിന്റെ ഭാഗമാക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തനിക്കാക്കി വെടക്കാക്കുന്നതിനാണ്. 1907ല്‍ അദ്ദേഹം സാധുജനങ്ങളുടെ സംഘടനയാണ് രൂപീകരിച്ചത്. ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുകയും ഹിന്ദുമതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൗതികമായി തന്നെ എതിര്‍ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങള്‍.

സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം, വിവേചനത്തിന്റെ അടയാളങ്ങള്‍- കല്ലുമാല ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം, വിദ്യ നേടാനുള്ള സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം, നല്ല ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, വൈദ്യചികിത്സയും ആതുരശുശ്രൂഷയും ലഭിക്കാനുള്ള സ്വാതന്ത്ര്യം, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, പൊതുവായ വീഥികള്‍ക്കുള്ള സ്വാതന്ത്ര്യം.... ഇങ്ങനെയിങ്ങനെ ഒട്ടേറെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ പ്രഘോഷമായിരുന്നു അയ്യന്‍കാളി. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് അദ്ദേഹവും അദ്ദേഹത്തിന്റെ പോരാട്ടവും നേടിത്തന്ന ഈ സ്വാതന്ത്ര്യങ്ങളെല്ലാം ചോദ്യചിഹ്നങ്ങളാകുന്ന കാലത്താണ് നാം ജീവിക്കുന്നത്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow