Loading Page: യജ്ഞം: മേധങ്ങളും ഭോഗതൃഷ്ണകളും

ലേഖനം

സോമശേഖരന്‍

ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് നടന്ന \'സോമയാഗ\' ത്തിന്റെ പശ്ചാത്തലത്തില്‍ സോമശേഖരന്‍ എഴുതിയ ലേഖനമാണിത്. ഇന്ത്യമുഴുവന്‍ പുനഃരുജ്ജീവന ശക്തികള്‍ ബ്രാഹ്മണ്യത്തെ തിരിച്ചകൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ അത് അടിസ്ഥാനപ്പെടുത്തുന്ന മിത്തുകളുടെയും ആചാരങ്ങളുടെയും ഉള്ളടക്കവും ചരിത്രപരമായ അന്വേഷണവും ഈ പഠനം നടത്തുന്നു. സമകാലിക സാഹചര്യത്തില്‍ ഏറെ ഉള്‍കാഴ്ച ഇതു നല്കും - Editor.

''അര്‍ത്ഥാശക്കുവിരുതു വിളിപ്പിപ്പാന്‍
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍
ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചുകുന്തിച്ചു
ബ്രഹ്മാവും തനിക്കൊപ്പമൊന്നും ചിലർ''

പൂന്താനം (ജ്ഞാനപ്പാന)

മഹാഭാരത്തില്‍ യുധിഷ്ഠിരന്‍റെ  രാജസൂയവുമായി ചേര്‍ന്നൊരു കഥയുണ്ട്. വളരെ ധനം ചെലവാക്കി, അനേകങ്ങളെ പങ്കാളികളാക്കിയാണ് രാജസൂയം നടന്നത്. യാഗാനന്തരം ഒരു കീരി അതിന്റെ ഉച്ഛിഷ്ഠങ്ങളില്‍ കിടന്നുരുളുന്നത് അവിടെ കൂടിയവര്‍ കണ്ടു. ഇതെന്തിന് എന്ന് ചോദിച്ചവരോട് കീരി വിചിത്രമായൊരു കഥയാണ് പറഞ്ഞത്. ഒരുപിടി ധാന്യം മാത്രം സൂക്ഷിപ്പുള്ള ഒരു കുടുംബം കൊടും പട്ടിണിയിലായിരുന്നപ്പോഴാണ് അതിഥി വന്നത്. അവശേഷിച്ച ധാന്യം കൊണ്ട് അതിഥിക്ക് ഭക്ഷണം നല്‍കി കുടുംബം പട്ടിണി കിടന്ന് മരിച്ചു. കീരി തുടര്‍ന്നു: "ഇതാ പകുതി സ്വര്‍ണ്ണവര്‍ണ്ണമായ എന്നെ കണ്ടില്ലേ. അന്ന് കൈ കഴുകിയ ഉച്ചിഷ്ഠത്തില്‍ കിടന്നുരുണ്ടതാണിത്. ബാക്കി ഭാഗം കൂടി സ്വര്‍ണ്ണനിറമാക്കാമെന്നാശിച്ച് ഞാനിതില്‍ കിടന്നുരുണ്ടത്. ഇതെന്ത് യാഗം! കണ്ടില്ലേ ഒരു ഫലവുമില്ല."

യാഗങ്ങളുടെ നിഷ്ഫലതയെ കഠിനമായി പരിഹസിക്കുന്ന പാരമ്പര്യം മഹാഭാരതകാലത്തുതന്നെ ഇന്ത്യയില്‍ ശക്തമായുണ്ടായിരുന്നു എന്നാണീ കഥ പറയുക. മനുഷ്യദുരിതങ്ങളുടെയും ത്യാഗങ്ങളുടെയും വഴിയല്ല ഈ യജമാനന്മാര്‍ക്കും ഋത്വിക്കുകള്‍ക്കും പഥ്യം. ധൂര്‍ത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് യജ്ഞങ്ങള്‍ അഭിരമിക്കുന്നതെന്ന് പ്രാചീനകാലത്തുതന്നെ മനുഷ്യര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും ഈ കഥ പറയും.

ലോകവും രാജ്യവും സാമൂഹ്യവും രാഷ്ട്രീയവുമായ സങ്കീര്‍ണ്ണമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സന്ദര്‍ഭത്തിലാണ് കോഴിക്കോട് ഒരു സോമയാഗത്തിന് വേദിയായത്. ഗുജറാത്തില്‍ അനേകരെ ആര്‍ഷപാരമ്പര്യത്തിന്‍റെയും മതത്തിന്റെയും ചെലവില്‍ നരമേധം ചെയ്ത് പ്രധാനമന്ത്രി പദത്തിലേക്ക് മോഡി അശ്വമേധം തുടങ്ങിയ സന്ദര്‍ഭത്തിലുമാണിത്. ലോക രക്ഷാര്‍ത്ഥമെല്ലാമൊത്തു ചേര്‍ന്നിതനുഷ്ഠിക്കുന്നത്. 'ലോകാ സമസ്താ സുഖിനോഭവന്തു' എന്ന സ്ഥിരം പരസ്യ വാചകത്തിലെ 'ലോകാസമസ്തം' ബ്രാഹ്മണരും പശുവുമാണെന്ന തൊട്ടടുത്ത വാചകം എപ്പോളുമെന്ന പോലെ ഇപ്പോഴും ശബ്ദ ബഹളത്താല്‍ മറച്ചുവെക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇതിന് തെരഞ്ഞെടുത്ത സമയം തന്നെ ഇതിന്റെ 'ഉദ്ദേശശുദ്ധി'യിലേക്ക് വെളിച്ചം വീശാന്‍ പര്യാപ്തവുമാണ്.

സോമയാഗം

യാഗങ്ങളില്‍ ഏറ്റവും പ്രാകൃതമായ ഘടകങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്ന ഒന്നാണ് സോമയാഗമെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ആര്യന്മാര്‍ ഇന്ത്യയിലേക്ക് കടക്കുന്നതിനുമുമ്പുള്ളതാണിതെന്നും നിരീക്ഷണമുണ്ട്. ഇറാനിയന്‍ സൗരാഷ്ട്രമതത്തില്‍ പെട്ട പാഴ്‌സികള്‍ക്കിടയിലും സോമമുണ്ടെന്നതിതിനെ (homa) ബലപ്പെടുത്തും. സോമം പിഴിയുന്നത് ഒരു പ്രധാനചടങ്ങായി നടത്തുന്ന യാഗമാണ് സോമയാഗം. സോമം അതേ പേരുള്ള ഒരു വള്ളിയില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നീരാണ്. ഇത് മദ്യമാണെന്ന് വേദങ്ങള്‍ തന്നെ സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കും. ഋഗ്‌വേദത്തിലെ ഒമ്പതാം പുസ്തകം തീര്‍ത്തും സോമനെ  അഭിസംബോധന ചെയ്യുന്നതാണ്. സോമലതയുടെ ഏതാണ്ടൊരു മൂര്‍ത്തീവല്‍ക്കരണമാണീ ദേവന്‍. പിന്നീടത് ചന്ദ്രനുമായി ചേരുന്നുമുണ്ട്. സോമ വാങ്ങുന്നത്, അത് കല്ലുകള്‍ക്കിടയില്‍ വെച്ച് പിഴിയുന്നത്, ആട്ടിന്‍തോലിലരിച്ചെടുക്കുന്നത് തുടങ്ങിയവയെല്ലാം സോമയാഗത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രധാന ചടങ്ങുകളാണ്. ആദ്യകാല സോമലത വിസ്മരിക്കപ്പെട്ടുപോയെന്നും പകരം ഇപ്പോഴുപയോഗിക്കുന്നത് ലഹരിയില്ലാത്തമറ്റൊന്നാണെന്നും പറയുന്നു. മധ്യേഷ്യയിലും ഹിമാലയന്‍ കാടുകളിലുമുണ്ടായിരുന്ന ഒരു ചെടി (Amanita muscaria) ആകാം ആദ്യകാല സോമയെന്ന് അഭിപ്രായമുണ്ട്. ഇത് ഇന്ത്യയിലെ ചൂടുള്ള വരണ്ട സമതലങ്ങളില്‍ ലഭ്യമല്ല. ''ഞാനെന്താ സോമ കുടിച്ചിണ്ടോ? ഞാനീ ഭൂമിയും ആകാശവും കടന്നുപോയി. ഞാനെന്താ സോമ കുടിച്ചിട്ടുണ്ടോ? ഞാന്‍ ഭൂമിയെ എടുത്ത് ഇവിടെ വെക്കുന്നു, അവിടെ വെക്കുന്നു? ഞാനെന്താ സോമ കുടിച്ചിട്ടുണ്ടോ? എന്നു തുടങ്ങിയ പല ഋഗ്വേദസൂക്തങ്ങള്‍ സംശയരഹിതമായും സോമ ലഹരിയാണെന്നു പറയും. ''സോമമേ, ഇന്ദ്രന് കുടിപ്പാന്‍ പിഴിയപ്പെട്ട ഭവാന്‍, ഇനിപ്പേറിയ മത്തുണ്ടാക്കുന്ന ധാരയായൊഴുകിയാലും'' എന്ന് വള്ളത്തോളിന്റെ ഋഗ്വേദ തര്‍ജ്ജമയില്‍ വായിക്കാം. യാഗത്തില്‍ ഇത് പിഴിയുന്നതിനും കുടിക്കുന്നതിനുമായിട്ടുള്ള സമയം കുറവായതുകൊണ്ട്, ഇത് വേണ്ടത്ര പുളിക്കാനാകില്ലെന്നും അത്‌കൊണ്ട് വീര്യമുണ്ടാകില്ലെന്നുമാണ് എ.എല്‍. ബാഷാം ചിന്തിക്കുന്നത്.

ഭാരതീയ പാരമ്പര്യം മദ്യവിരുദ്ധമാണെന്ന പ്രേരണ 'വലിയപഴക്കമില്ലാത്തതാണെന്നുവേണം കരുതാന്‍. മദ്യവും കഞ്ചാവുപോലുള്ള ലഹരിയുമെല്ലാം ഭാരതീയ വിശ്വാസങ്ങളുടെ ഭാഗമായി തന്നെയിവിടെ പ്രചരിച്ചുപോന്നിട്ടുണ്ട്. സുരാപാനത്തിനെതിരായൊരു കഥയുള്ളത് ശുക്രമഹര്‍ഷിയുടെ ഒരു ശാപമാണ്. ശുക്രനാണെങ്കില്‍ അസുരഗുരുവുമാണ്. ബലഭദ്രനെ മദ്യാസക്തനായാണ് ചിത്രീകരിച്ചിട്ടുള്ളത്. 'മൈരേയമാകുന്ന വീരമദ്യം' (കൃഷ്ണപ്പാട്ട്) കുടിച്ചശേഷം തമ്മിലടിച്ചാണ് യദുകുലം നശിക്കുന്നത് തന്നെ. പുരാണങ്ങളെയും വേദേതിഹാസങ്ങളെയു മെല്ലാം കഥകളും സാഹിത്യവും മിത്തുകളും ചരിത്രവുമെല്ലാമിടകലര്‍ന്ന ശേഷിപ്പുകളായി കണ്ട് ത്യാജ്യ ഗ്രാഹ്യവിവേചനബുദ്ധിയോടെ സമീപിക്കുന്നതിനു പകരം അവയെ ഇവ്വിധം അനുഷ്ഠാന വിശ്വാസങ്ങളാക്കി മാറ്റുന്നത് വിദ്രോഹപരമായ ഫലമാണ് സമൂഹത്തിലുണ്ടാക്കുക എന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിരത്താനാകും.

യജ്ഞസംസ്‌കൃതിയുടെ ചരിത്രം

പ്രാചീന മാന്ത്രികവിദ്യയുടെ (Primitive magic) പില്കാലത്തുണ്ടായ വിനാശകരമായ വളര്‍ച്ച (Malignant growth) എന്നാണ് ദേവി പ്രസാദ് ചതോപാദ്ധ്യായ യജ്ഞങ്ങളെക്കുറിച്ച് പറയുന്നത്. ബി.സി. 1500 നിപ്പുറത്ത് നൂറ്റാണ്ടുകളെടുത്താണ് ഋഗ്വേദസംഹിത പൂര്‍ത്തിയാകുന്നത്. അതുകൊണ്ടുതന്നെ അതിലെ പലഗീതകങ്ങള്‍ പലകാലങ്ങളുടെ മുദ്രകള്‍ പേറുന്നതായി കണ്ടെത്തിയിട്ടുണ്ട്. സോമ കുടിച്ച് മത്തരായവരടക്കം സാധാരണ മനുഷ്യരുമായിടകലര്‍ന്ന് ജീവിക്കുന്നവരും രമിക്കുന്നവരുമെല്ലാമാണ് പല ഋക്കുകളില്‍ അതിലെ ഇന്ദ്രനടക്കമുള്ള വൈദിക ദേവന്മാര്‍. പശുക്കളും സമ്പത്തുമെല്ലാമടക്കം ഭൗതിക ജീവിത സൗകര്യങ്ങള്‍ക്കാണതിലര്‍ത്ഥിക്കുക. ഇവ മിക്കവാറും ഇന്നത്തെ നിലയിലെ പ്രാര്‍ത്ഥനകളുമല്ല. പില്ക്കാല ഭക്തിയുടെ ചില അംശങ്ങള്‍ ചിലപ്പോള്‍ കണ്ടെടുക്കാനായേക്കാമെങ്കിലും വേദങ്ങളില്‍ ഭക്തിയുമില്ല. തുടക്കത്തില്‍ ഗോത്രത്തിലെ എല്ലാ അംശങ്ങളുമൊരേപോലെ ഉള്‍ച്ചേര്‍ന്ന ചില അനുഷ്ഠാനങ്ങളാകണം അവ പ്രതിനിധാനം ചെയ്യുന്നത്. പില്‍ക്കാലത്ത് യജ്ഞങ്ങളില്‍ കാണുന്ന യജമാനനും പുരോഹിതനുമെന്നുമൊക്കെ വേര്‍തിരിഞ്ഞ നില തുടക്കത്തിലവയില്‍ കാണുന്നില്ല. ഇടയജീവിതവും കൃഷിയുമെല്ലാമടക്കം വിഭവോല്പാദനത്തിന് സാങ്കേതികമാര്‍ഗ്ഗങ്ങള്‍ ഏറെ താഴ്ന്ന പടിയിലായിരുന്ന കാലത്തെ ഉല്പാദനത്തിലെ സാമൂഹിക പ്രക്രിയ്ക്ക് മികവും ആക്കവും കൂട്ടുന്ന ഒന്നായാകണം ഇത്തരം മാന്ത്രിക സ്വഭാവമുള്ള അനുഷ്ഠാനങ്ങള്‍ വര്‍ത്തിച്ചിരിക്കുക. പിന്നീട് ഉല്‍പാദന ഘടനയടക്കം സാമൂഹ്യമായ ഉള്‍പ്പിരിവുകള്‍ ശക്തിപ്പെട്ട കാലങ്ങളോടെയാകണം അവ സാമൂഹ്യ ധര്‍മ്മങ്ങളില്‍ മാറ്റങ്ങള്‍ കൈവരിച്ച് ഇന്നറിയുന്ന യജ്ഞങ്ങളായി പരിണമിച്ചിരിക്കുക. സമൂഹത്തില്‍ പതുക്കെ സാമൂഹ്യ വൈരുദ്ധ്യങ്ങള്‍ ഉടലെടുക്കുന്നതിനെ പറ്റി പില്‍ക്കാല ഋഗ്വേദസൂക്തങ്ങളില്‍ തന്നെ സൂചനകളുണ്ട്. മനുഷ്യര്‍ അനാവശ്യമായി ഭക്ഷണ സാമഗ്രികള്‍ സംഭരിച്ചുവെക്കുന്നതിനെപ്പറ്റിയും കാരണവന്മാര്‍ക്കും സഖാക്കള്‍ക്കും കൊടുക്കാതെ സ്വയം തിന്നുന്നതിനെപ്പറ്റിയും ഒരു സൂക്തത്തില്‍ പറയുന്നു. 'കൈവേലക്കാര്‍ സ്വത്തുള്ളവരെ ഇഷ്ടപ്പെടുന്നു' എന്നു മറ്റൊരു സൂക്തത്തില്‍ കാണാം.

ബി.സി. ആയിരത്തോടടുത്ത് വേദകാലങ്ങളുടെ അവസാനമായും ബ്രാഹ്മണങ്ങളുടെ കാലമായും ഗണിക്കുന്ന കാലത്താകണം ഇത്രമാത്രം സങ്കീര്‍ണ്ണവും ചെലവേറിയതുമെല്ലാമായ യജ്ഞാനുഷ്ഠാനങ്ങള്‍ ക്രമപ്പെട്ടിരിക്കുക. വീണ്ടും കുറച്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഉപനിഷത്തുകളോടെ മാത്രമേ ബ്രഹ്മസങ്കല്പമടക്കം ഭാരതീയ തത്വചിന്ത രൂപമെടുക്കുന്നുള്ളൂ. പരമാവധി അവയിലേക്കെത്താവുന്ന ചില അങ്കുരങ്ങള്‍ ഋഗ്വേദത്തില്‍ കണ്ടെത്താനാകുമെന്ന് മാത്രമേ പറയാനാകൂ. ഉരഗങ്ങളും പക്ഷികളും പശുക്കളും മുതല്‍ മനുഷ്യനെ വരെ യജ്ഞങ്ങളില്‍ ഹവിസ്സായി ബലി അര്‍പ്പിച്ചിരിക്കണം. വാല്മീകി രാമായണത്തിന്റെ ബാലകാണ്ഡത്തില്‍ അശ്വമേധയാഗത്തിന്റെയും പുത്രകാമേഷ്ടിയുടെയും സന്ദര്‍ഭത്തില്‍ അനേകം പക്ഷികളെയും മൃഗങ്ങളെയുമെല്ലാമിങ്ങനെ ബലി നല്‍കിയതായി പറയുന്നു. ഹരിശ്ചന്ദ്രനും വിശ്വാമിത്രനുമായി ചേര്‍ന്ന ശുനഫേനന്റെ കഥ യാഗത്തിലെ മനുഷ്യബലിയെക്കുറിച്ച് പറയും. സസ്യാഹാരനിഷ്ഠയൊന്നും രൂപംകൊണ്ടിട്ടില്ലാത്ത അന്ന് ബ്രാഹ്മണ പുരോഹിതരടക്കം ഹവിര്‍ഭാഗമായറിപ്പെട്ട ഈ മാംസം ധാരാളമായി ഭക്ഷിച്ചു പോന്നവരുമായിരുന്നു. രാമനും പാണ്ഡവരുമെല്ലാം മാംസാഹാരികളായിരുന്നുവെന്ന് രാമായണവും മഹാഭാരതവും പറയും. ഉപനിഷദ് കാലത്തോടെയാകണം യജ്ഞങ്ങളുടെ ഈ കര്‍മ്മകാണ്ഡങ്ങളെ പതുക്കെ ബ്രഹ്മവും മോക്ഷവുമെല്ലാമടക്കം ജ്ഞാനകാണ്ഡം മറികടന്നു തുടങ്ങുന്നത്. ഏതാണ്ട് ആദ്യ ഉപനിഷത്തുകളുടെ കാലത്തോടെ തന്നെയാണ് ബുദ്ധമതവും ജൈമനതവുമിവിടെ ഉത്ഭവിച്ച് വ്യാപിച്ച് തുടങ്ങുന്നതും യജ്ഞത്തിന് തെളിച്ചുകൊണ്ടുപോകുന്നവയില്‍ നിന്ന് ഒരാട്ടിന്‍കുട്ടിയെ എടുത്ത ബിംബിസാരന്‍റെ യാഗശാലയില്‍ ചെന്ന് ഇതിനെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിക്കുന്ന ബുദ്ധന്റെ കഥ പ്രസിദ്ധമാണല്ലോ. അജിതകേശകംബാലിയെപ്പോലുള്ള ലോകായതികന്മാരടക്കം ബുദ്ധന്റെ കാലത്ത് പല വിഭാഗങ്ങളായി വൈദികാനുഷ്ഠാനങ്ങള്‍ക്കെതിരെ വ്യാപകമായി തെരുവുകളില്‍ ഉദ്‌ബോധനം നടത്തിയിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നുണ്ട്. 'ആറു ഗുരുക്കന്മാര്‍' എന്നറിയപ്പെടുന്ന ഇവരിലെ പ്രധാനികള്‍ നാസ്തികരുമായിരുന്നു. അപൂര്‍വ്വമായി ചില രാജാക്കന്മാര്‍ തുടര്‍ന്നുള്ള കാലങ്ങളിലും യജ്ഞങ്ങള്‍ നടത്തിപ്പോന്നതായി കണുന്നുണ്ടെങ്കിലും മധ്യകാലത്തൊന്നും യജ്ഞാനുഷ്ഠാനങ്ങള്‍ക്ക് വ്യാപകമായ പ്രചാരം ഇന്ത്യയിലുടനീളം ഉണ്ടായിരുന്നതായി തെളിവുകളുമില്ല. ഒരു പക്ഷേ ജ്ഞാനമാര്‍ഗ്ഗിയായിരുന്ന ശങ്കരന്റെ കേരളമാകണം ഈ വൈദിക വിദ്യ സംരക്ഷിക്കപ്പെട്ടുപോന്ന ചുരുക്കം കേന്ദ്രങ്ങളിലൊന്ന്.


1/6

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow