Loading Page: അമ്മ അറിയാന്‍ - പാരമ്പര്യങ്ങളുടെ പിന്‍വിളി

ലേഖനം

കെ എം ഷെറീഫ്

ജോണിന്റെ ''അമ്മ അറിയാന്‍''. കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളുടെ രണ്ടാം പകുതിയിലും എണ്‍പതുകളുടെ ആദ്യപകുതിയിലും കേരളത്തില്‍ സി പി ഐ (എം. എല്‍)ന്റെയും ജനകീയ സാംസ്‌കാരിക വേദിയുടെയും അവരുടെ രാഷ്ട്രീയം പങ്കു വെക്കുന്ന മറ്റു സംഘടനകളുടെയും മുന്‍കയ്യില്‍ നടന്ന സമരങ്ങളുടെയും അക്കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിധിവൈപരീത്യങ്ങളെയും അടയാളപ്പെടുത്താനാണ് 1986ല്‍ റിലീസ് ചെയ്ത സിനിമയില്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പാരമ്പര്യത്തെ ഈ ചിത്രം എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് പ്രധാനമാണ്.

''മനുഷ്യര്‍ സ്വന്തം ചരിത്രം സൃഷ്ടിക്കുന്നു. എന്നാല്‍ അവര്‍ സ്വന്തം ഇച്ഛയനുസരിച്ചോ സ്വയം സൃഷ്ടിച്ച സാഹചര്യങ്ങളിലോ അല്ല, നിലനില്‍ക്കുന്ന, ഭൂതകാലത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയ സാഹചര്യങ്ങളിലാണ് ചരിത്രം സൃഷ്ടിക്കുന്നത്. അവര്‍ക്ക് മുന്‍പ് വന്നു പോയ തലമുറകളുടെ പാരമ്പര്യത്തിന്റെ ഭാരം ദുസ്വപനം പോലെ അവരുടെ തലച്ചോറില്‍ കുടിയിരിക്കുന്നു. തങ്ങളേയും തങ്ങളുടെ സാഹചര്യങ്ങളേയും വിപ്ലവകരമായി പരിവര്‍ത്തിക്കാന്‍ ഇറങ്ങുന്ന, പുതിയൊരു ലോകം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന അതേ മുഹൂര്‍ത്തത്തില്‍, വിപ്ലവത്തിന്റെ സന്ദിഗ്ദ്ധഘട്ടത്തില്‍, പോയകാലത്തിന്റെ ഭൂതങ്ങളെ ആവാഹിച്ച്, അവരുടെ പടച്ചട്ടകളും അങ്കച്ചമയങ്ങളും കടം വാങ്ങിയണിഞ്ഞു, ലോകചരിത്രത്തിലെ പുതിയ നാടകത്തെ പഴയ വേഷങ്ങളിലും ഭാഷയിലും അവര്‍ അവതരിപ്പിക്കുന്നു.''

''ലൂയി ബോണപ്പാര്‍ട്ടിന്റെ ബ്രുമെയര്‍ പതിനെട്ട്'' (The Eighteenth Brumaire of Louis Bonaparte) എന്ന മാര്‍ക്‌സിന്റെ പ്രശസ്തമായ ലേഖനത്തില്‍ നിന്നുള്ള ഈ ദീര്‍ഘമായ ഉദ്ധരണി പാരമ്പര്യത്തോടുള്ള മാര്‍ക്‌സിന്റെയും ക്ലാസ്സികല്‍ മാര്‍ക്‌സിസ്റ്റുകളുടെയും നിലപാട് കൃത്യമായി പറയുന്നുണ്ട്. ''പാരമ്പര്യത്തിന്റെ പിന്‍വിളി'' എന്ന പ്രയോഗത്തിലാണ് മലയാളത്തില്‍ ഇത് സുവ്യക്തമാകുന്നത്. ''പിന്‍വിളി വിളിക്കാതെയമ്മേ'' എന്ന് പറയുമ്പോഴും അമ്മയില്‍ നിന്ന് കിട്ടിയ പാരമ്പര്യത്തിന്റെ ഭാഷയും ബിംബങ്ങളും കൊണ്ടാണല്ലോ മകന്‍ വീട് വിട്ടിറങ്ങി പോകുന്നത്. എങ്കിലും സ്വന്തം ഇച്ഛയനുസരിച്ച് മാറ്റാന്‍ കഴിയുന്നതല്ലെങ്കിലും, പാരമ്പര്യം മാറ്റമില്ലാത്ത അനിവാര്യതയല്ല. അത് കൊണ്ടാണല്ലോ ജീവിതവും ഭാഷയും വിശ്വാസങ്ങളും മാറുന്നത്. എങ്കിലും സാമൂഹിക പരിവര്‍ത്തനം ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തോട് കൈചേര്‍ത്ത് നീങ്ങുന്ന കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ പാരമ്പര്യത്തിന്റെ പിന്‍വിളി ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവിനോട് അങ്കച്ചമയത്തിനു സിന്ദൂരം ചോദിക്കുന്നിടത്ത് കാണുന്നത് പാര്‍ടി സമ്മേളനത്തിന് ഉത്സവത്തിന്റെ കൊടിയേറ്റത്തിന്റെ അതേ മാതൃകയില്‍ കൊടിയുയര്‍ത്തുന്നതിലെ പിന്‍വിളിയാണ്.

ഒരര്‍ത്ഥത്തില്‍ പാരമ്പര്യത്തില്‍ നിന്നുള്ള കുതറിമാറലും കുതിപ്പുമാണ് ഏതു വിപ്ലവത്ത്‌ന്റെയും കാതല്‍. യഹൂദമതത്തിനും ക്രിസ്തുമതത്തിനും ശേഷം യൂറോപ്പില്‍ അവതരിച്ച, സ്വന്തം ഭാഷയും ചിഹ്നവ്യവസ്ഥയും അനുഷ്ടാനങ്ങളുമുള്ള മൂന്നാമത്തെ മതമാണ് കമ്മ്യൂണിസം എന്ന ജോര്‍ജ് സ്റ്റെയിനര്‍ എവിടെയോ പറയുന്നുണ്ട്. പ്രാര്‍ഥനകള്‍ക്ക് പകരം മുദ്രാവാക്യങ്ങള്‍, സഖാക്കളെ രക്തഹാരം അണിയിക്കല്‍, കൂട്ടപ്രാര്‍ത്ഥനക്ക് പകരം സാര്‍വദേശീയ ഗാനത്തിന്റെ ആലാപനം, എന്നിങ്ങനെ, ചൂണ്ടിക്കാണിക്കാന്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. പാരമ്പര്യത്തിന്റെ ഭൂതാവിഷ്ടതയില്‍ നിന്ന് മുക്തമായ ഒരു സംസ്‌കാരം പ്രസ്ഥാനം മുന്നോട്ട് വെച്ചു. പാരമ്പര്യത്തില്‍ നിന്നുള്ള ഈ വേര്‍പാട് സാഹിത്യത്തിലും കലയിലുമെല്ലാം കൃത്യമായി പ്രതിഫലിക്കും. ദൃശ്യകലയായ സിനിമയില്‍ ഇത്തരം പരിവര്‍ത്തനങ്ങള്‍ പെട്ടെന്ന് അനുഭവവേദ്യമാകും. ലക്ഷ്യമില്ലാതെ നിരത്തിലൂടെ നടക്കുമ്പോള്‍ എതിരെ വരുന്ന തൊഴിലാളികളുടെ ജാഥ കണ്ട് വര്‍ഗ്ഗബോധം ഉണരുന്ന നായകന്‍ തിരിഞ്ഞ് ജാഥക്കൊപ്പം ചേരുന്ന തകഴിയുടെ നോവലിനെ അസ്പദമാക്കി കെ.എസ്സ് സേതുമാധവന്‍ സംവിധാനം ചെയ്ത ''അനുഭവങ്ങള്‍ പാളിച്ചകള്‍'' എന്ന സിനിമയിലെ രംഗം നല്ല ഉദാഹരണമാണ്. പ്രഖ്യാപിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാതെ തന്നെ വാര്‍പ്പ് മാതൃകകളെ പൊളിച്ചെഴുത്തുന്നതിലും ഈ കുതറിമാറല്‍ കാണാം. സമീര്‍ താഹിറിന്റെ 'കലി' എന്ന ചിത്രത്തില്‍ നായകനോട് പിണങ്ങി വീട് വിട്ടിറങ്ങുന്ന നായിക വിജനമായ വഴിയോരത്ത് പുകവലിച്ചിരിക്കുന്ന 'പേടിപ്പെടുത്തുന്ന' മുഖമുള്ള യുവാവിനടുത്തെത്തി ഞെട്ടിത്തരിക്കുമ്പോള്‍ ''മനുഷ്യനെ സൈ്വര്യമായി ഇരിക്കാന്‍ സമ്മതിക്കില്ല'' എന്ന ആത്മഗതത്തോടെ അയാള്‍ എഴുന്നേറ്റ് നടന്നകലുന്ന രംഗം മറ്റൊരു ഉദാഹരണമാണ്. പാരമ്പര്യത്തിന്റെ ഊര്‍ജം വിപ്ലവകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുക എന്ന നിര്‍ദ്ദോഷമായ ലക്ഷ്യമാണ് പലപ്പോഴും പരമ്പരാഗതമായ ആഖ്യാനരീതികളും ബിംബങ്ങള്‍ ഉള്‍പ്പെടെയുള്ള സൂചകങ്ങളും ഉപയോഗിക്കുന്നതിനു പിന്നില്‍. എന്നാല്‍ മാര്‍ക്‌സ് നിരീക്ഷിച്ച പോലെ ഇവ ഒരു ഭാരമായി നമ്മുടെ തലച്ചോറില്‍ കുടിയിരിക്കുകയും ഭൂതത്തിലേക്ക് തന്നെ വലിച്ച് ആഴ്ത്തിക്കളയുകയും ചെയ്യാം. മതകീയമായ സൂചകങ്ങളേയും അനുഷ്ഠാനങ്ങളെയും മറ്റും പ്രശ്‌നവല്‍ക്കരിക്കാതെ സിനിമയില്‍ കാണിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. ആധുനികതയുടെ ധാരയില്‍ വളര്‍ന്നു വന്ന കേരളീയ നവോഥാനം തള്ളിക്കളഞ്ഞ മതകീയ ചിഹ്നങ്ങളെ ഉത്തരാധുനികതയുടെ കേരളീയ നാമ്പുകള്‍ പ്രശ്‌നവല്‍ക്കരിക്കാതെ തിരിച്ചു കൊണ്ടു വന്നതും സാഹിത്യത്തിലേയും സിനിമയിലേയും പ്രതിനിധാനങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

ആദ്യചിത്രമായ 'വിദ്യാര്‍ഥികളെ, ഇതിലേ, ഇതിലേ'' തൊട്ട് ഗ്രാമീണജീവിതത്തോടും നാട്ടുവഴക്കങ്ങളോടുമുള്ള തന്റെ ഉറ്റബന്ധം ഓരോ സിനിമയിലും ജോണ്‍ അബ്രഹാം കാണിക്കുന്നുണ്ട്. ഒരുവശത്ത് മിഹായില്‍ ബഖ്തിനും മറ്റും വാഴ്ത്തിയ നാട്ടുമ്പുറത്തിന്റെ കാര്‍ണിവല്‍ കാഴ്ചകളും മറുവശത്ത് പരുക്കന്‍ ജീവിതത്തിന്റെ കാര്‍ക്കശ്യത്തെ നേര്‍പ്പിക്കുന്ന മനുഷ്യസ്‌നേഹവുമാണ് ഓരോ ചിത്രത്തിലും കാണുക. സുപരിചിതമായ പഴയ ബിംബങ്ങളെയും 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍'' ''അഗ്രഹാരത്തില്‍ കഴുതൈ'' തുടങ്ങിയ ചിത്രങ്ങളിലെ ദൃഷ്ടാന്തകഥയുടെ ആഖ്യാന രീതിയും പ്രശ്‌നവല്‍ക്കരിക്കാതെ അവതരിപ്പിക്കുന്നത് ഈ ചിത്രങ്ങളുടെ രാഷ്ട്രീയ പാഠങ്ങളെ ബാധിക്കുന്നുണ്ട്.

''ഒഡേസ മൂവീസ്'' എന്ന, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമ കൂട്ടായ്മയുടെ ആദ്യ സംരംഭമാണ് ജോണിന്റെ ''അമ്മ അറിയാന്‍''. കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളുടെ രണ്ടാം പകുതിയിലും എണ്‍പതുകളുടെ ആദ്യപകുതിയിലും കേരളത്തില്‍ സി പി ഐ (എം. എല്‍)ന്റെയും ജനകീയ സാംസ്‌കാരിക വേദിയുടെയും അവരുടെ രാഷ്ട്രീയം പങ്കു വെക്കുന്ന മറ്റു സംഘടനകളുടെയും മുന്‍കയ്യില്‍ നടന്ന സമരങ്ങളുടെയും അക്കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിധിവൈപരീത്യങ്ങളെയും അടയാളപ്പെടുത്താനാണ് 1986ല്‍ റിലീസ് ചെയ്ത സിനിമയില്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പാരമ്പര്യത്തെ ഈ ചിത്രം എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് പ്രധാനമാണ്.

നായകന്‍ മുങ്ങിക്കുളിക്കുന്ന ആദ്യരംഗം മുതല്‍ അമ്മയോട് യാത്ര പറഞ്ഞ് നടന്നകലുന്നത് വരെയുള്ള രംഗങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ''യാത്രാമൊഴി'' എന്ന കവിതയുടെ പ്രച്ഛന്നമായ അനുവര്‍ത്തനമാണ്, സുപരിചിതമായ ഒരു വാര്‍പ്പ്മാതൃകയുടെ ആവര്‍ത്തനവും. കിളച്ചുയര്‍ത്തിയ കയ്യാലകള്‍ക്കിടയിലെ ചെറിയ ഇടവഴിയില്‍ അയാളെ എതിരേല്‍ക്കുന്ന ശകുനങ്ങളും സുപരിചിതങ്ങളാണ്: ഏണിയുമായി വരുന്ന തെങ്ങ് കയറ്റക്കാരന്‍, പൂണൂല്‍ധാരിയായ വൃദ്ധന്‍. ബഹുസ്വരതയുടെ വഴിയില്‍ ചിന്തിച്ചാല്‍, ഈ ബിംബങ്ങളും തുടര്‍ന്ന് വരുന്ന ''പക്ഷെ, ദുശ്ശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു'' എന്ന നായകന്റെ ആത്മഗതവും (''എന്റെ പകലുകളിലൂടെ ഒരു രാത്രി വളരുന്നു'' തുടങ്ങിയ 'ചുള്ളിക്കാടന്‍' പ്രയോഗങ്ങളില്‍ പൊതിഞ്ഞാണെങ്കിലും) ആരുടെ സ്വരമാണ്? നായകന്റെയോ സംവിധായകന്റെയോ? ഇത് പോലുള്ള ബിംബങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കാതെ ഉപയോഗിക്കുന്നത് സിനിമയുടെ പ്രഖ്യാപിത രാഷ്ട്രീയ ലക്ഷ്യങ്ങളെ തുരങ്കം വെക്കില്ലേ?

ഉത്തരാധുനികതയുടെ ആയ കാലത്ത് വിലക്കപ്പെട്ടിരുന്ന ഈ ചോദ്യങ്ങള്‍ മതാത്മകതയുടെ ഭീകരമായ തിരിച്ചു വരവ് അനുഭവിക്കുന്ന ഈ കാലത്ത്, സിനിമ ഇറങ്ങുന്ന കാലത്ത് തന്നെ അപചയം നേരിട്ട് കഴിഞ്ഞ രാഷ്ട്രീയ ആധുനികതയുടെ വിവക്ഷകള്‍ പുതിയ തലമുറയ്ക്ക് ഏറെയും അപ്രാപ്യം ആയിരിക്കെ, ചോദിക്കാതെ വയ്യ. ആത്മനിഷ്ഠതയുടെയും വസ്തുനിഷ്ഠതയുടെയും പഴയ വൈരുദ്ധ്യാധിഷ്ടിത ബന്ധം കാഴ്ചയില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. പാറുവിന്റെ കൂടെ ഗവേഷണത്തിനു പോകാന്‍ വിസമ്മതിച്ച്, യാത്ര പറയാതെ പുരുഷന്‍ നടന്നകലുന്ന രംഗത്തില്‍


തീര്‍ച്ചയായും 1972ല്‍ പ്രസിദ്ധീകരിച്ച കെ ജി ശങ്കരപ്പിള്ളയുടെ ''അയോധ്യ'' എന്ന കവിതയുടെ അനുരണനമുണ്ട്. പക്ഷെ 1972 അല്ല 1986. ഇലച്ചിലുകള്‍ കോതി നിറുത്തിയ മരച്ചുവട്ടില്‍ ആരെയോ ഓര്‍ത്ത് കണ്ണ് നിറഞ്ഞു നില്‍ക്കുന്ന ഊര്‍മ്മിളയല്ല ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് ഒരുങ്ങി നില്‍ക്കുന്ന പാറു. പുരുഷന്‍ ആചാര്യന്റെ ആഹ്വാനം കേട്ട് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളെ വളയാന്‍ ഇറങ്ങിത്തിരിച്ച ലക്ഷമണനുമല്ല.

ചിത്രത്തിലെ ഉപപാഠം ആകാന്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നുണ്ട് അമ്മ ദൈവങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളും ദേവീസ്തവങ്ങളും. പുരുഷന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ ദേവീസ്തവങ്ങള്‍ പാടുകയും പാടുന്നത് കേള്‍ക്കുകയും ചെയ്യുന്ന അമ്മയുടെ ചിത്രമാണ്. അമ്മയും പെങ്ങളും ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്ന സാമാന്യം ദീര്‍ഘമായ രംഗവും ഇവയോട് ചേര്‍ന്ന് പോകുന്നു. ഞെരളത്ത് രാമപ്പൊതുവാളിനെ കേരളത്തിന്റെ നവോഥാന രാഷ്ട്രീയം ക്ഷേത്രത്തില്‍ നിന്നിറക്കി പൊതുമണ്ഡലത്തില്‍ എത്തിച്ചെങ്കിലും (അദ്ദേഹത്തിന്റെ മകന്‍ ഹരിഗോവിന്ദനിലൂടെ ഈ പ്രക്രിയ കുറച്ചു കൂടി മുന്നോട്ട് പോകുന്നുണ്ട്), നിളയുടെ മണല്‍ത്തിട്ടയില്‍ അദ്ദേഹത്തില്‍ നിന്ന് ഹരി 'ഗുരുകുല വിദ്യാഭ്യാസം'' ചെയ്യുന്ന രംഗം പി കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയില്‍ നിന്ന് എടുത്തതാണെന്നേ തോന്നൂ.

സജീവമായിരുന്ന ഒരു ദശകക്കാലത്ത് ജനകീയ സാംസ്‌കാരിക അതിന്റെ സാംസ്‌കാരിക-രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അമ്മദൈവങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചതായി അറിവില്ല - കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഡോക്യുമെന്ററി പാകത്തിലുള്ള നീണ്ട ദൃശ്യങ്ങളും കോട്ടപ്പുറത്ത് നടന്ന പൂഴ്ത്തിവെപ്പ് വിരുദ്ധ സമരവും ഒന്നിന് പിറകെ ഒന്നായി കാണിക്കുന്നതില്‍ നിന്ന് അങ്ങനെയൊരു വായന സാദ്ധ്യമാണെങ്കിലും. ഗോര്‍ക്കിയുടെ 'അമ്മ'യായിരുന്നു അവര്‍ക്ക് പ്രചോദനം എന്ന് പറയുന്നതായിരിക്കും ശരി. എക്കാലത്തെയും ക്ലാസ്സിക്കായ ഗോര്‍ക്കിയുടെ ഈ നോവലിന്റെ നാടകാവിഷ്‌കാരം രാമചന്ദ്രന്‍ മൊകേരിയുടെയും മധു മാഷ്ടെയും മറ്റും സംവിധാനത്തില്‍ ആയിരക്കണക്കിന് അരങ്ങുകളില്‍ അക്കാലത്ത് കളിച്ചിട്ടുണ്ടാകും. ഹരിയുടെയും പുരുഷന്റെയും കൂട്ടുകാരുടേയും അമ്മമാര്‍ ആരും ഗോര്‍ക്കിയുടെ നോവലിലെ അമ്മയെ പോലെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടവര്‍ അല്ല. മക്കളെ അവര്‍ക്ക് മനസ്സിലാകുന്നു പോലുമില്ല. ചിത്രത്തില്‍ കാണിക്കുന്ന മിക്ക ജനകീയ സമരങ്ങളും ജനകീയ സാംസ്‌കാരിക വേദിയുടെ മുന്‍കയ്യില്‍ നടന്നതാണെങ്കിലും വേദിയുടെ പേര് പോലും എവിടെയും പരാമര്‍ശിക്കുന്നില്ല. ചികിത്സാരംഗത്തെ സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം നടത്തിയത് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു എന്ന് അക്കാലത്ത് സമരം ശ്രദ്ധിച്ചവര്‍ക്ക് അറിയാം. ഇന്നത്തെപ്പോലെ കരിയറിസ്റ്റുകളായ വലിയൊരു വിഭാഗം സമരത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. സമരക്കാര്‍ പതിച്ച പോസ്റ്ററില്‍ 'മെഡിക്കല്‍ വിദ്യാര്‍ഥികള്‍' എന്ന് മാത്രം കാണിച്ചത് ഇത് മറച്ചുപിടിക്കാനും സമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം ഈ തലമുറയിലെ പ്രേക്ഷകരില്‍ നിന്ന് മറച്ചു വെക്കാനുമാണ് ഉതകുക. പാറമടയിലെ സമരത്തില്‍ മുഴങ്ങിക്കേട്ട ഇങ്കുലാബ് വിളികളും കോട്ടപ്പുറം സമരത്തില്‍ ആലപിക്കുന്ന സാര്‍വദേശീയ ഗാനവും മാത്രമേ സിനിമയുടെ പ്രഖ്യാപിത ഇടതുപക്ഷ രാഷ്ട്രീയ ഉള്ളടക്കം വളരെ കൃത്യമായി പറയുന്നുള്ളൂ.

ഇത് വരെ പറഞ്ഞതിനെ മുഴുവന്‍ റദ്ദ് ചെയ്യുന്ന, മറ്റു രംഗങ്ങളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന, രാഷ്ട്രീയ ജാഗ്രതയുടെ കൊടുമുടി കയറുന്ന ഒരു രംഗം ഉള്ളത് കൂടി വിവരിച്ചിട്ട് അവസാനിപ്പിക്കാം.


വാസു എന്ന പത്രപ്രവര്‍ത്തകന്റെ അമ്മയോട് കൈനോട്ടക്കാരി ''ഭൂതം, ഭാവി, വര്‍ത്തമാനം'' പറയുന്നത് സൌണ്ട്ട്രാക്കില്‍ കേള്‍ക്കുമ്പോള്‍ ഫ്രെയിമില്‍ നിറഞ്ഞു നില്‍ക്കുന്നത് സത്യജിത് മറിച്ചു നോക്കുന്ന വാസുവിന്റെ ആല്‍ബത്തിലെ വാര്‍ത്തകളുടെയും ഫോട്ടോകളുടെയും കട്ടിങ്ങുകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ സമഗ്രാധിപത്യ-സൈനിക സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നടത്തിയ കൂട്ടക്കൊലകളുടെയും പീഡനങ്ങളുടെയും, ലക്ഷക്കണക്കിന് ആളുകളുടെ പട്ടിണി മരണത്തില്‍ കലാശിച്ച ക്ഷാമങ്ങളുടെയും കൂട്ട പലായനങ്ങളുടെയും ചിത്രങ്ങളും വാര്‍ത്തകളുമാണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്നത്. സിനിമ ഇറങ്ങുന്നതിനു മൂന്നു വര്‍ഷം മുന്‍പ് ആസാം പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നടന്ന നെല്ലി കൂട്ടക്കൊലയുടെ വാര്‍ത്തയും ചിത്രങ്ങളും അവയിലുണ്ട്. അഞ്ചു മിനുട്ടോളം നീളുന്ന, ചരിത്രത്തെ ഘനീഭവിച്ചു നിറുത്തിയ, മലയാളികള്‍ തോറ്റ ജനത മാത്രമല്ല, മുരടിച്ചു പോയ ജനതയുമാണ് എന്ന് അടിവരയിട്ടു പറയുന്ന ഈ രംഗം മലയാള സിനിമയില്‍ അന്യാദൃശമാണ്. ഇത്ര വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന രംഗം മലയാള സിനിമയില്‍ വേറെയില്ല.

അയോദ്ധ്യ

കെ.ജി. ശങ്കരപ്പിള്ള
ഊര്‍മ്മിളെ,
ഇലച്ചിലുകള്‍ കോതിനിറുത്തിയിരിക്കുന്ന
ഈ മരത്തിന്റെ ചോട്ടില്‍ എന്തിനാണ് നില്‍ക്കുന്നത്?
ആരെയോര്‍ത്താണ് കണ്ണ് നിറയുന്നത്?
വനങ്ങളില്‍ തീയാളിത്തുടങ്ങിയിരിക്കുന്നു.
ആനകളുടെ മസ്തകങ്ങളില്‍
ചോര പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.
പാറകള്‍ വിളറിപ്പിളര്‍ന്നു തുടങ്ങിയിരിക്കുന്നു.
ഗ്രാമങ്ങളില്‍ നിന്ന് കരിമ്പൂച്ചകള്‍
നഗരങ്ങളെ വളഞ്ഞു തുടങ്ങിയിരിക്കുന്നു
വിഡ്ഢിയായ ആ ചൈനക്കാരന്‍ വൃദ്ധന്റെ
പിന്മുറക്കാരുണ്ടാക്കുന്ന ഭൂകമ്പങ്ങളില്‍
കുലപര്‍വതങ്ങള്‍ കുലുങ്ങിത്താണു തുടങ്ങിയിരിക്കുന്നു.
കൊട്ടാരങ്ങള്‍ എരിഞ്ഞു തുടങ്ങിയിരിക്കുന്നു.
പരിഭ്രാന്തനായ രാജാവ്
നിഷ്‌കളങ്കരായ പ്രജകളെ അരക്കില്ലങ്ങളില്‍ അടിച്ചുകൂട്ടി
കൂട്ടത്തോടെ ചുട്ടെരിച്ചു തുടങ്ങിയിരിക്കുന്നു.
ഇന്നലെ സന്ധ്യക്കും നാനൂറുപേരെ കൊന്നിരിക്കുന്നു.
തന്റെ നാമം ജപിക്കാത്തവരെ
തന്റേടമുള്ളവരെ
ശരിയായ പുസ്തകം വായിക്കുന്നവരെ.
നിലവറകളില്‍ ശവഗന്ധം കുമിഞ്ഞു കൂടിയിരിക്കുന്നു.
തെരുവുകളില്‍ നീതിമാന്മാരുടെ രക്തം
ഏതോ തീവ്രപ്രതിജ്ഞ പോലെ
ഉറഞ്ഞു തുടങ്ങിയിരിക്കുന്നു.
രാജാവിന്റെ പതനം ആസന്നമായിരിക്കുന്നു.
ഊര്‍മ്മിളെ,
അയോധ്യ അവര്‍ കീഴടക്കും
രാജാവിന്റെ തലവെട്ടി വെളിയില്‍ തൂക്കും
കൊടിമരത്തില്‍ ചെങ്കൊടി കുത്തും.
വസിഷ്ഠന്റെ വെള്ളത്താടി പോലെ വെളുത്ത കാലം
ഇനി വരില്ലെന്നറിയുക
പോയ കാലം പോയതാണെന്നറിയുക
കരയാതിരിക്കുക.
ഈ മരച്ചോട്ടില്‍ നിന്ന് മാറിപ്പോകുക,
നിന്റെ നീണ്ട മുടിയും കൈകളും
ചുണ്ടും ചെറിയ മുലകളും വലിയ കണ്ണുകളും
വസന്തത്തെക്കുറിച്ചുള്ള തേങ്ങലും
എനിക്ക് വീണ്ടും മറക്കേണ്ടി വന്നിരിക്കുന്നു.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow