ലേഖനം

പി .ജെ ബേബി

ഇവിടെ പേര് പറഞ്ഞവര്‍ മാത്രമല്ല അന്ന് ഡീമോണിറ്റൈസേഷന്റെ വലിയ വക്താക്കളായത്. വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരുടെ ചില സ്‌പെസിമനുകള്‍ എന്ന രീതിയില്‍ മാത്രമാണവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നത്. ഇവരെല്ലാം തീര്‍ത്തും വിവരദോഷികളാണോ? അവരവരുടെ തുറകളില്‍ വലിയ പ്രമാണികളായി കണക്കാക്കപ്പെടുന്നവരും അതുകൊണ്ടു തന്നെ അഭിപ്രായങ്ങള്‍ക്കു വലിയ വിലയുള്ളവരുമാണവര്‍. അന്ന് നോട്ടു നിരോധനത്തെ പിന്താങ്ങാന്‍ തങ്ങള്‍ പറഞ്ഞ ഒരു കാര്യവും നടന്നില്ലെന്ന് മാത്രമല്ല, ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതവും പട്ടിണിയും തെഴില്‍ നഷ്ടവും മാത്രമുണ്ടാക്കുകയായിരുന്നു ആ നടപടിയെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. വളര്‍ച്ചാനിരക്ക് അന്നേക്ക് ശേഷം നിരന്തരം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. മേരി ജോര്‍ജെങ്കിലും അതൊന്നുമറിയുന്നില്ലേ?

ഇന്നലെ റിസര്‍വ് ബാങ്ക് നിരോധിച്ച നോട്ടുകള്‍ തിരിച്ചെത്തിയതിന്റെ കണക്ക് പുറത്തുവിട്ടു. ഇതേവരെ നോട്ടെണ്ണിത്തീര്‍ന്നിട്ടില്ല എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. എണ്ണിത്തീര്‍ന്നപ്പോള്‍ 99% നോട്ടുകളും തിരിച്ചെത്തി! ആകെ വെറും 16000 കോടിയുടെ നോട്ടു മാത്രമാണ് തിരിച്ചുവരാതിരുന്നത്. നേപ്പാളില്‍ ശേഖരിക്കപ്പെട്ട നോട്ടുകള്‍ കൂടി സ്വീകരിക്കാന്‍ തയ്യാറായാല്‍ 100% നോട്ടും തിരിച്ചെത്തിയേക്കാം.

ഇപ്പോള്‍ മോഡി നോട്ടു നിരോധനകാലത്തെ വമ്പന്‍ പ്രഖ്യാപനങ്ങളെക്കുറിച്ചു ഒന്നും പറയുന്നില്ല. അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത് നോട്ടുകള്‍ സര്‍ക്കുലേഷനില്‍ ഉള്ളത് കുറക്കാനായിരുന്നു നോട്ടു നിരോധനം, ഇപ്പോള്‍ 16% നോട്ടുകള്‍ സര്‍ക്കുലേഷനില്‍ ഇല്ലാതായി, വളരെയേറെപ്പേര്‍ പുതിയതായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചു, അങ്ങനെ ലക്ഷ്യം നേടി എന്നാണ്.

ജെയ്റ്റ്‌ലിയുടെ അവകാശവാദത്തിലേക്കു നമുക്ക് പിന്നീട് വരാം. ആദ്യം രാജ്യത്തെ തകര്‍ക്കുന്ന ഈ മരമണ്ടന്‍ നടപടിയെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട ബി.ജെ.പി നേതാക്കള്‍ക്ക് പുറത്ത് ഈ നടപടിക്ക് വിശ്വസ്യത നേ ടിക്കൊടുക്കാന്‍ വമ്പിച്ച സേവനമനുഷ്ഠിച്ച നിഷ്പക്ഷ ചര്‍ചക്കക്കാര്‍ക്ക് എന്ത് പറയാനുണ്ടെന്നു നോക്കാം. കേരളത്തില്‍ ഏതാണ്ട് ഒന്നു രണ്ടു മാസക്കാലത്തോളം ചാനലുകളിലും പത്രങ്ങളിലും ഈ വിഷയം സജീവ ചര്‍ച്ചയായിരുന്നു. സ്വാഭാവികമായും നിഷ്പക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരെന്ന് വിളികൊള്ളുന്നവര്‍ക്കന്ന് നല്ല ഡിമാന്ഡായിരുന്നു. അതില്‍ ഏറ്റവും തിളങ്ങിനിന്ന സാമ്പത്തിക ശാസ്ത്രജ്ഞ എന്ന നിലക്കാണ് ഇവിടെ മേരി ജോര്‍ജിന്റെ പേര് എടുത്തുപറയുന്നത്. അന്നവര്‍ ''ഈ നടപടി കള്ളപ്പണം പിടിക്കാന്‍ ഏറ്റവും ധീരമായ നടപടിയാണ്, സിസ്റ്റത്തില്‍ വന്‍തോതില്‍ കള്ളപ്പണവും കള്ളനോട്ടുമെല്ലാമുണ്ട്, ഒരു രണ്ടു -മൂന്നു ലക്ഷം കോടി തിരിച്ചു വരില്ല, അതുപയോഗിച്ചു ദരിദ്രരെ സഹായിക്കാന്‍ വേണ്ടി ജന്‍ ധന്‍ അക്കൗണ്ടില്‍ ഒരു തുക (5000 രൂപയോ മറ്റോ) ഇടാനുള്ള തീരുമാനം പ്രതീക്ഷിക്കുന്നു, എന്നൊക്കെയാണ് തട്ടി വിട്ടു കൊണ്ടിരുന്നത്. മോഡിക്ക് കേരളത്തില്‍ പിന്തുണയുറപ്പാക്കുന്നതില്‍ വലിയൊരു റോളാണവര്‍ വഹിച്ചത്.

അന്ന് വിജിലന്‍സ് ഡിജിപി ആയിരുന്ന ജേക്കബ് തോമസ് പിണറായി സര്‍ക്കാരിന്റെ ''കൂട്ടില്‍ നിന്ന് തുറന്നു വിട്ട അനന്തവിഹായസ്സില്‍ പാറിപ്പറക്കുന്ന തത്ത''യായിരുന്നു. പിന്നീടാണദ്ദേഹം കൂട്ടിലടക്കപ്പെട്ടതും പിന്നെ ചിറകു തന്നെ മുറിച്ചുകളയപ്പെട്ടതും. അന്ന് അദ്ദേഹം പത്രലേഖകരുടെ ചോദ്യത്തിന് മറുപടി നല്‍കി,''കള്ളപ്പണം പിടിക്കാന്‍ ഇതില്‍പ്പരം നല്ലൊരു നടപടിയുണ്ടാകാനുണ്ടോ''.

അന്ന് ചാനല്‍ പ്രമാണിയായ ശ്രീകണ്ഠന്‍ നായരുടെ തിരിച്ചു വരവിന്റെ സമയമായിരുന്നു. അദ്ദേഹത്തിന്റെ പരിപാടിയില്‍ മോദിക്ക് വേണ്ടി ഏറ്റവും നന്നായി വക്കാലത് പറഞ്ഞത് കൊച്ചൗസേഫും മോഹനവര്‍മ്മയുമായിരുന്നു. മോഹനവര്‍മ്മ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാരനാണല്ലോ. കൊച്ചൗസേഫാകട്ടെ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്ത ബിസിനസ്സുകാരനുമാണ്. ഇവര്‍ രണ്ടു പേരും മോദിക്ക് വേണ്ടി നല്‍കിയ സാക് ഷ്യങ്ങള്‍ ഉജ്വലമായിരുന്നു. മോഹന്‍ലാല്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നില്ല. അദ്ദേഹം സൈന്യത്തിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയാണ്. ഇപ്പോഴും മേജറോ മറ്റോ ആണദ്ദേഹം. അദ്ദേഹം രാജ്യനന്മക്കുവേണ്ടി വിഷമമൊന്നും കൂടാതെ ക്യൂ നില്‍ക്കാനാണ് ആഹ്വാനം ചെയ്തത്. കൊച്ചൗസേപ്പ് അന്നു പറഞ്ഞത് തനിക്കു നോട്ടു നിരോധനം കൊണ്ട് ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ലെന്നും ക്രെഡിറ് കാര്‍ഡ് കൊടുത്തു ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാന്‍ പോലും കഴിഞ്ഞുവെന്നുമാണ്. മോഹന്‍ലാല്‍, കൊച്ചൗസേപ്പ് എന്നിവര്‍ അങ്ങനെ എന്തുകൊണ്ട് അന്ന് പറഞ്ഞുവെന്നു ഇന്ന് നമുക്കറിയാം. നികുതി വെട്ടിപ്പില്‍ ആശാന്മാരാണ് വന്‍താരങ്ങളെന്ന വസ്തുതയാണ് ദിലീപ് കേസിനെത്തുടര്‍ന്നു എല്ലാജനങ്ങള്‍ക്കും ബോധ്യപ്പെട്ട ഒരു പ്രധാനകാര്യം. ആനക്കൊമ്പ് കൈക്കലാക്കിയതടക്കം പല പ്രശ്‌നങ്ങളും നേരിടുന്ന മോഹന്‍ലാലോ വ്യവസായിയായ ചിറ്റിലപ്പള്ളിയോ മോദിയെ ഒന്ന് സുഖിപ്പിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കുന്നുവെങ്കില്‍ അതവരുടെ കുശാഗ്രബുദ്ധി മാത്രമാണ്. വെറുതെ വല്ലതും പറഞ്ഞു ഒരു ആദായനികുതി റെയ്‌ഡോ മറ്റോ വന്നാല്‍ ഊരിപ്പോരാന്‍ പിന്നെ വലിയ പാടാണ്.

ജേക്കബ് തോമസ് സാമ്പത്തിക ശാസ്ത്രജ്ഞനൊന്നുമല്ല. എങ്കിലും ഇടതുമുന്നണി സര്‍ക്കാരിന്റെ ഓമനയായി അന്ന് വിരാജിച്ചിരുന്ന അദ്ദേഹം മോദിക്ക് പിന്തുണ നല്കാന്‍ തന്റെ വാക് ചാതുരി മുഴുവന്‍ പുറത്തെടുത്തു. എനിക്കതിന്റെ വിശദമായ സാമ്പത്തികശാസ്ത്രമൊന്നും അറിയില്ല എന്നല്ല അദ്ദേഹം പറഞ്ഞത്.

ഇവിടെ പേര് പറഞ്ഞവര്‍ മാത്രമല്ല അന്ന് ഡീമോണിറ്റൈസേഷന്റെ വലിയ വക്താക്കളായത്. വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരുടെ ചില സ്‌പെസിമനുകള്‍ എന്ന രീതിയില്‍ മാത്രമാണവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നത്. ഇവരെല്ലാം തീര്‍ത്തും വിവരദോഷികളാണോ? അവരവരുടെ തുറകളില്‍ വലിയ പ്രമാണികളായി കണക്കാക്കപ്പെടുന്നവരും അതുകൊണ്ടു തന്നെ അഭിപ്രായങ്ങള്‍ക്കു വലിയ വിലയുള്ളവരുമാണവര്‍. അന്ന് നോട്ടു നിരോധനത്തെ പിന്താങ്ങാന്‍ തങ്ങള്‍ പറഞ്ഞ ഒരു കാര്യവും നടന്നില്ലെന്ന് മാത്രമല്ല, ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതവും പട്ടിണിയും തെഴില്‍ നഷ്ടവും മാത്രമുണ്ടാക്കുകയായിരുന്നു ആ നടപടിയെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. വളര്‍ച്ചാനിരക്ക് അന്നേക്ക് ശേഷം നിരന്തരം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. മേരി ജോര്‍ജെങ്കിലും അതൊന്നുമറിയുന്നില്ലേ?

ഇവരൊന്നും ഇതൊന്നും അറിയാഞ്ഞിട്ടല്ല. ഇത്തരക്കാരുടെ നിഷ്പക്ഷത ഒരു നിര്‍ണായക സമയത്തു എങ്ങനെയാണു പ്രവര്‍ത്തിക്കുകയെന്നു നാം അടിയന്തിരാവസ്ഥക്കാലത്തു കണ്ടിട്ടുള്ളതാണ്. അതിനു മുമ്പും, അതിനു ശേഷവും, സ്വാതന്ത്ര്യത്തിന്റെ മഹാ വക്താക്കളായിരുന്ന ചിലര്‍ അനുശാസനപര്‍വം എന്നൊക്കെ അടിയന്തിരാവസ്ഥക്ക് പുതിയ ഭാഷ്യങ്ങള്‍ ചമച്ചു. ചിലര്‍ പില്‍ക്കാല വിപ്ലവ സാഹിത്യ സംഘ ത്യാഗിവര്യന്മാര്‍ രാഷ്ട്രീയമൗനത്തിന്റെ വാല്മീകങ്ങളിലൊളിച്ചു. മോഡി വലിയ ശബ്ദഘോഷത്തോടെ കള്ളപ്പണം പിടിക്കാന്‍, കള്ളനോട്ടു പിടിക്കാന്‍, തീവ്രവാദം അവസാനിപ്പിക്കാന്‍ എന്നൊക്കെ തട്ടിവിട്ടപ്പോള്‍ തങ്ങളുടെ റോളെന്തെന്നു തിരിച്ചറിഞ്ഞവരാണവര്‍. അതെന്തുതന്നെയായാലും, ഇപ്പോള്‍ ഈവിധ അവകാശവാദങ്ങളുടെ പൊള്ളത്തരം പുറത്തുവന്നപ്പോള്‍ ഇവര്‍ ഒരു മാപ്പു പറച്ചിലെങ്കിലും നടത്തണ്ടതില്ലേ? പഴയ മട്ടില്‍ രാജ്യസ്‌നേഹ വീണ്‍വാക്കുകളുമായി ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ രക്ഷപെടാന്‍ ഇവരെ അനുവദിക്കാമോ? അന്ന് ഇവര്‍ക്ക് കളം നിറഞ്ഞു കളിയ്ക്കാന്‍ അരങ്ങൊരുക്കിയ മാധ്യമങ്ങള്‍ ഈ നടപടിയുടെ ബാക്കി പാത്രത്തെപ്പറ്റി പേരിനു ഒരു ചര്‍ച്ചയെങ്കിലും എന്തേ ഇന്ന് സംഘടിപ്പിക്കാത്തത്? ഒരു ശക്തമായ ഫാസിസ്റ്റു നീക്കം ഭരണകൂടം നടത്തിയാല്‍ ആരാരൊക്കെ അതിന്റെ തുറന്ന വൈതാളികരവുമെന്ന വസ്തുതയാണ് മോഡിക്കുവേണ്ടി തങ്ങളുടെ വിശ്വസ്യതയത്രയും പണയപ്പെടുത്തിയ ഇവരും ഇവരെപ്പോലുള്ളവരും നമുക്ക് മനസ്സിലാക്കിത്തന്നത്.

പകരം നോട്ടടിച്ചു വയ്ക്കാതെ ഒരു സന്ധ്യ സമയത്തു വിവരം കേട്ട രീതിയില്‍ ഇന്ന് അര്‍ധരാത്രിയോടെ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ക്കു കടലാസ്സു വിലയാകുമെന്നു തട്ടിവിടുകയായിരുന്നു മോഡി. മാറിയെടുക്കാന്‍ 50 ദിവസം അനുവദിച്ചിരുന്ന നോട്ടുകള്‍ അന്ന് രാത്രി കടലാസ്സാകുമെന്നു പറഞ്ഞതിലെ വിവരക്കേട് പോലും അദ്ദേഹം തുറന്നു സമ്മതിച്ചിട്ടില്ല. എന്തുകൊണ്ടാണ് വിദേശമലയാളികള്‍, ആദിവാസികള്‍ തുടങ്ങിയവരുടെ കൈകളിലുണ്ടായിരുന്ന കുറെ നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ ബാക്കി പണമെല്ലാം തിരികെവന്നത്? പണമെല്ലാം മാറ്റിയെടുക്കാന്‍ വേണ്ടത്ര വലിയ തുളകള്‍ മോഡി വല വിരിക്കുമ്പോള്‍ത്തന്നെ അതിലിട്ടിരുന്നു എന്നതാണതിനു കാരണം. ആള്‍ ദൈവങ്ങളടക്കം സകല മതസ്ഥാപനങ്ങള്‍ക്കും ഒരു കണക്കും കാണിക്കാതെ എത്ര പണവും മാറ്റിയെടുക്കാന്‍സൗകര്യം നല്‍കിയിരുന്നു. ഉത്തരേന്ത്യയിലെ സമ്പന്ന കര്‍ഷകര്‍ക്കും, കാര്‍ഷികാദായത്തിനു നികുതിയില്ലാത്തതിനാല്‍, എത്ര പണവും കണക്കു കാണിക്കാതെ മാറ്റിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങനെ മാറ്റിയെടുക്കാന്‍ ഏജന്റുമാരും പരസ്യമായി രംഗത്തു വന്നിരുന്നു.

ഇന്ന് ഈ നടപടി ഈ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായി കലാശിച്ചിരിക്കുകയാണ്. സമ്പദ്ഘടന തളര്‍ന്നു, ജി.ഡി.പി.യുടെ 2% എന്ന കണക്കെടുത്താലും ലക്ഷക്കണക്കിന് കോടി നഷ്ടമായി, ഒരാവശ്യവുമില്ലാതെ ജനങ്ങള്‍ കടുത്ത മാനുഷിക ദുരന്തങ്ങളില്‍ക്കുടുങ്ങി, ഇതിന്റെ പ്രത്യാഘാതം വരും വര്‍ഷങ്ങളിലും തുടരും, എന്നത് മാത്രമാണോ പ്രശനം? അല്ലേയല്ല. യഥാര്‍ത്ഥ ഏറ്റവും വലിയ പ്രശനം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഒരു തകര്‍ച്ചയുടെ വക്കിലായി എന്നതാണ്. മോഡി എന്തുചെയ്യാന്‍ പോകുന്നു? ജന്‍ധന്‍ അക്കൗന്ടുകളിലേക്കു വരുന്ന ഗ്യാസ് സബ്‌സിഡിയില്‍ നിന്ന് നിശ്ചിത തുക ബാലന്‍സില്ല എന്ന പേരില്‍ പിടിച്ചെടുക്കുന്ന പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരല്‍ ഇന്ന് ബാങ്കുകള്‍ നടത്തുകയാണ്. പക്ഷെ ഈ നിസ്സാര തുകകള്‍ കൊണ്ട് പ്രശനം തീരുമോ?

കള്ളപ്പണം പിടിക്കല്‍, കള്ളനോട്ടു പിടിക്കല്‍, തീവ്രവാദത്തെ നേരിടല്‍ എന്നിവയൊക്കെ ചെയ്യാന്‍ കരുത്തും ധൈര്യവുമുള്ള താന്‍ 70 കൊല്ലമായി ഇന്ത്യന്‍ സമ്പദ്ഘടനയിലടിഞ്ഞു കൂടിയ സകല ദുഷ്ടുകളെയും തുടച്ചുമാറ്റുകയാണെന്നാണ് മോഡി പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോള്‍ മോഡിയെ വെറും വിവരക്കേട് പറഞ്ഞവനാക്കിക്കൊണ്ടു ഞങ്ങളുടെ ലക്ഷ്യം ഡിജിറ്റല്‍ ട്രാന്‌സാക്ഷനായിരുന്നുവെന്നു ജെയ്റ്റ്‌ലി പറയുമ്പോള്‍ മോഡി എന്ന വാചാടോപക്കാരന്റെ വിഡ്ഢിത്തത്തിന് സാക്ഷി പറയുകയാണയാള്‍.

മോഡീ ഭക്തര്‍ ഇനിയും നോട്ടു റദ്ദാക്കലിന്റെ നേട്ടങ്ങള്‍ പാടാന്‍ കാരണം കണ്ടെത്തിയേക്കാം. പക്ഷെ, അന്ന് മോദിക്ക് വേണ്ടി കര്‍സേവക്കിറങ്ങിയ ബുദ്ധിജീവി സിംഹങ്ങളും സിംഹികളും സ്വന്തം സ്തുതിപാടല്‍ വിടുവേലയുടെ യഥാര്‍ത്ഥ ഉന്നമെന്തായിരുന്നുവെന്നു ഇന്നെങ്കിലും തുറന്നുപറയേണ്ടതുണ്ട്.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow