Loading Page: ഗ്രാന്‍ഡ്‌ഡിസൈന്‍; കലാപങ്ങൾ ആവർത്തിക്കാതിരിക്കാനായി ദൈവങ്ങൾക്ക് ശിക്ഷ വിധിക്കാതിരിക്കേണ്ടതാരാണ്?

ഒപ്പീനിയന്‍

വിശാഖ് ശങ്കര്‍

ദേരാസച്ചാതലവനു ലഭിച്ച ശിക്ഷ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കരുത്താണ് സൂചിപ്പിക്കുന്നതെങ്കിൽ ആ വിഷയത്തെ നമ്മുടെ ഭരണകൂടത്തെ നയിക്കുന്ന രാഷ്ട്രിയ സംഘടനയും അതിന്റെ പ്രതിനിധികളും കൈകാര്യം ചെയ്ത രീതി ഇന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെയാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ ആത്മീയഗുരുവോ ദൈവമോ ഒക്കെയായ ഒരാൾ കുറ്റം ചെയ്തിരിക്കുന്നു എന്ന് കോടതിയിൽ തെളിയിക്കപ്പെട്ടപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രജകൾ അതിനോടു പ്രതികരിച്ചത് തെരുവിൽ കലാപം അഴിച്ചു വിട്ടുകൊണ്ടായിരുന്നു എന്നത് തൽകാലം വിടാം. നാടു ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരിന് അതില്‍ 'ജനാധിപത്യപരമായ' ചില നിസ്സഹായതകൾ മാത്രമേ കാണാനാവുന്നുള്ളൂ എങ്കിൽ അതിൽ ഭയപ്പെടാൻ ഒന്നുമില്ലേ?

ദേരസച്ചാസൗദയും ബാബാ റാംറഹിം സിങ്ങും ഇപ്പോൾ ഏതാണ്ട് പൊതുചർച്ചകളിൽ നിന്ന് പടിയിറങ്ങിക്കഴിഞ്ഞു. ഇരുപതു വർഷം തടവിനു ശിക്ഷിക്കപ്പെട്ട അയാൾ വാർത്തകളിൽ നിന്ന് ഇറങ്ങുന്നതിനൊപ്പം ആള്‍ദൈവങ്ങളും അവരുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയമാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൊടിയിറങ്ങി. സ്ഥിതിഗതികൾ നിയന്ത്രണാധീനമായതോടെ എല്ലാം പഴയപോലെ പുനസ്ഥാപിക്കപ്പെട്ടു: ഒപ്പം ആള്‍ദൈവങ്ങളും ആള്‍ദൈവവിശ്വാസവും. ആള്‍ദൈവങ്ങളുണ്ടാകാറുണ്ട്, അവര്‍ക്ക് അനുയായികൾ ഉണ്ടാകാറുണ്ട്, ഇത് രണ്ടും സംഭവിക്കുന്നതോടെ അതിന് സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയമാനങ്ങളുമുണ്ടാകാറുണ്ട്. എല്ലാം നോര്‍മല്‍.

ബാബാ റാംറഹിം സിംഗ് ഇന്ത്യ കണ്ട ആദ്യ ആള്‍ദൈവമൊന്നുമല്ല. അയാളാകട്ടെ താൻ ഒരു ദൈവമാണെന്ന് അവകാശപ്പെടുന്നുമില്ല. അങ്ങനെ അവകാശപ്പെടുന്നവർ തന്നെ ധാരാളമായി ഇന്ന് ഇന്ത്യയിൽ ഉണ്ട്. അവർക്ക് വിശ്വാസികളുമുണ്ട്. ഇത്തരക്കാരിൽ ചിലർ പണ്ടും ക്രിമിനൽ കുറ്റങ്ങളിൽ പെട്ട് അകത്തായിട്ടുണ്ട്. പലര്‍ക്കും എതിരെ ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെട്ടിട്ട് അത് എങ്ങും എത്താതെ പോയിട്ടുണ്ട്. അപ്പോൾപിന്നെ ഇതിൽ മാത്രമായി എന്ത് എന്നതാണ് ന്യായമായ ചോദ്യം.

ഈ ദേരാസച്ചാസൗദ അടുത്ത കാലത്ത് ഉണ്ടായതല്ല. ബാബാ റാംറഹിം എന്ന നിലവിലെ അതിന്റെ തലവൻ അതിന്റെ നേതൃവൃന്ദത്തിന്റെ നാലാം തലമുറയിൽ പെട്ടതാണത്രെ. അയാളുടെ തന്നെ രാഷ്ട്രീയ ബന്ധങ്ങൾ ബിജെപിയിൽ ചുരുങ്ങുന്നതുമല്ല. കോൺഗ്രസ്സു തൊട്ട് ആം ആദ്മി വരെയുള്ള ആരും ഈ അടുത്ത കാലം വരെ അയാളുമായി അകലം പാലിച്ചിരുന്നുമില്ല. ആ നിലയ്ക്ക് എല്ലാവരും വിശ്വസിച്ചിരുന്ന ഒരു ആത്മീയ ആചാര്യൻ സന്ദർഭവശാൽ കുറ്റവാളിയായിത്തീർന്നു. എന്നാൽ നമ്മുടെ ഭരണകൂടവും നീതിന്യായ സംവിധാനവും കുസലില്ലാതെ പ്രവര്‍ത്തിക്കുകയും അയാളെ അഴിക്കുള്ളിൽ ആക്കുകയും ചെയ്തു എന്നതല്ലേ സത്യം?

ചില കടത്തലുകള്‍

അങ്ങനെ തന്നെ വിശ്വസിക്കേണ്ടി വന്നെനെ, ഹരിയാനയും കേന്ദ്രവും ഭരിക്കുന്ന സർക്കാരുകളും അതിന്റെ ദേശമെമ്പാടുമുള്ള രാഷ്ട്രിയ പ്രതിനിധികളും വാക്കുകള്‍ക്കിടയിലൂടെ കടത്തുന്ന ചില സൂചനകൾ ഇല്ലായിരുന്നുവെങ്കിൽ. നമ്മെ ഇന്ന് ഭരിക്കുന്ന രാഷ്ട്രിയസംഘടനയ്ക്കും അതിന്റെ പ്രത്യയശാസ്ത്രത്തിനും ജനാധിപത്യം, മതേതരത്വം, തുല്യത തുടങ്ങിയ മൂല്യങ്ങളിൽ പ്രിയമോ, വിശ്വാസമോ ഇല്ല എന്നത് ഒരു രഹസ്യമൊന്നുമല്ല. എങ്കിലും ആര്‍എസ്എസിന്റെ ഗുരുസാഹിത്യങ്ങൾ മാത്രം മുന്‍നിര്‍ത്തി അത് പറയുന്നതിലും കാലികവും വസ്തുനിഷ്ഠവുമാകും അതിന്റെ പ്രതിനിധികളുടെ തന്നെ വാദങ്ങളെ അപനിർമിച്ചു നോക്കുന്നത്.

ദേരാസച്ചാതലവനു ലഭിച്ച ശിക്ഷ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കരുത്താണ് സൂചിപ്പിക്കുന്നതെങ്കിൽ ആ വിഷയത്തെ നമ്മുടെ ഭരണകൂടത്തെ നയിക്കുന്ന രാഷ്ട്രിയ സംഘടനയും അതിന്റെ പ്രതിനിധികളും കൈകാര്യം ചെയ്ത രീതി ഇന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെയാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ ആത്മീയഗുരുവോ ദൈവമോ ഒക്കെയായ ഒരാൾ കുറ്റം ചെയ്തിരിക്കുന്നു എന്ന് കോടതിയിൽ തെളിയിക്കപ്പെട്ടപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രജകൾ അതിനോടു പ്രതികരിച്ചത് തെരുവിൽ കലാപം അഴിച്ചു വിട്ടുകൊണ്ടായിരുന്നു എന്നത് തൽകാലം വിടാം. നാടു ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരിന് അതില്‍ 'ജനാധിപത്യപരമായ' ചില നിസ്സഹായതകൾ മാത്രമേ കാണാനാവുന്നുള്ളൂ എങ്കിൽ അതിൽ ഭയപ്പെടാൻ ഒന്നുമില്ലേ?

ഇതിൽ തെറ്റ് ചെയ്ത ഒരാളെ നിയമം ശിക്ഷിച്ചു എന്നതിലപ്പുറം ഒന്നുമില്ലെങ്കിൽ പിന്നെ എന്തിന് ആ ബഹുമതി അന്തസ്സായി ഏറ്റെടുക്കുന്നതിനു പകരം തെറ്റായ താരതമ്യങ്ങളും അവയെ ആധാരമാക്കുന്ന മണ്ടൻ വാദപ്രതിവാദങ്ങളും കൊണ്ട് പ്രശ്നത്തെ അതിന്റെ സത്തയിൽ നിന്നും വേര്‍പെടുത്താനും അങ്ങനെ ചര്‍ച്ചകളെ വഴിതെറ്റിക്കാനും ശ്രമിക്കണം? ഇവിടെ ഭരണപക്ഷത്തിന്റെ പ്രതിനിധികൾ അനിതരസാധാരണമായ വൈഭവം കാട്ടിയെന്ന് സമ്മതിക്കാതെ വയ്യ.

പ്രകടമായ യുക്തിരാഹിത്യങ്ങള്‍

ഇന്ദിര, രാജീവ് എന്നിവരുടെ കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ കലാപങ്ങൾ തൊട്ട് സോളാർ സമരം വരെയുള്ളവയുമായി ഹരിയാനയിൽ നടന്ന സംഭവത്തെ താരതമ്യം ചെയ്യുക എന്നതായിരുന്നു അവരുടെ ഒരു തന്ത്രം. ഇവ തമ്മിൽ താരതമ്യമില്ല എന്നല്ലാതെ എന്തുകൊണ്ട് എന്നുകൂടി വ്യക്തമാക്കി ഈ കുയുക്തിയുടെ മുനയൊടിക്കാൻ സംഗതി ഓബ് വിയസ് ആയതിനാലാവാം പലപ്പോഴും മറുപക്ഷത്തിനായില്ല. ഒബ് വിയസായതിനെയൊക്കെയും സങ്കീർണവൽക്കരിക്കുക ഫാഷനായിക്കഴിഞ്ഞ കാലത്ത് അത്തരം ഒരു ആകായ്മ പലപ്പോഴും മറുപക്ഷത്തെ ന്യായീകരിക്കുകയാവും ചെയ്യുക എന്നത് ആരും കണ്ടുമില്ല.

ഇവിടെ മേല്പറഞ്ഞ ആദ്യ രണ്ട് താരതമ്യങ്ങളെയും അപ്പാടെ റദ്ദ് ചെയ്യുന്ന ഒരു അടിസ്ഥാന വസ്തുതയുണ്ട്. അത് ഇന്ദിരയുടെയും രാജീവിന്റെയും കാര്യത്തിലെന്ന പോലെ റാംറഹിംസിംഗ് കൊല്ലപ്പെടുകയല്ല, ഒരു ക്രിമിനല്‍ കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്ന് ശിക്ഷിക്കപ്പെടുകയായിരുന്നു എന്നതാണ്. ആകസ്മികമായി നടക്കുന്ന ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഉറഞ്ഞുകുടുന്ന ആള്‍ക്കുട്ട വൈകാരികത കലാപമായി മാറുന്നതിനെ മുന്‍കൂട്ടിക്കണ്ട് ചെറുക്കാനാവില്ല, കാരണം അതിനു കാരണമായ കൊലപാതകം മുന്‍കൂട്ടി പ്രവചിക്കാവുന്നതല്ല. ഹരിയാനയിൽ ജനം ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്പോണ്ടേനിയസ്സായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നില്ല. മറിച്ച് കോടതിയിൽ സംഭവിക്കുന്നത് തങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമെങ്കിൽ കായികമായും അതിനെ നേരിടണമെന്നുറപ്പിച്ച് ഒരാള്‍ക്കൂട്ടം ആയുധങ്ങൾ ഉൾപ്പെടെ സ്വയംസജ്ജരായി ഒരു സ്ഥലത്ത് തമ്പടിക്കുകയായിരുന്നു. അതെക്കുറിച്ച് മുങ്കൂർ അറിവ് കിട്ടിയിട്ടും ഭരണകുടത്തിന് എന്തുകൊണ്ട് അത് തടയാനായില്ല എന്നതാണ് ചോദ്യം.

ഇനി സോളാർസമരമെടുക്കാം. ജനാധിപത്യ മൂല്യങ്ങള്‍ക്കുള്ളിൽ നിന്ന് നോക്കുമ്പോഴെങ്കിലും സമരങ്ങൾ കുറ്റകൃത്യങ്ങളല്ല. സമരത്തിന്റെ പേരിൽ നടക്കുന്ന കായികമായ അഴിഞ്ഞാട്ടങ്ങൾ മാത്രമേ കുറ്റകൃത്യങ്ങളാകുന്നുള്ളൂ. മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടു വന്ന ഒരു വൻ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സമരം അതുകൊണ്ടു തന്നെ കുറ്റകൃത്യമല്ല. ആ നിലയ്ക്ക് ക്രമസമാധാനപ്രശ്നം മുന്‍നിർത്തിയല്ലാതെ ഒരു ജനാധിപത്യ ഭരണകൂടം അതിൽ ഇടപെടെണ്ട കാര്യവുമില്ല. സോളാർ സമരത്തിൽ പങ്കെടുക്കാൻ ആളുകൾ എത്തിയത് ആയുധങ്ങൾ ശേഖരിച്ചല്ല. പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടുകൊണ്ട് ഒരു ജനകീയ സമരത്തെ തകര്‍ക്കാൻ ശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ജനാധിപത്യ വിരുദ്ധമായ കുബുദ്ധിയെ ആത്മബലം കൊണ്ട് അതിജീവിച്ച് തലസ്ഥാനത്തെത്തിയ ജനം ജനാധിപത്യത്തിന്റെ നാലുതൂണുകളെയും അംഗബലം കൊണ്ട് വെല്ലുവിളിക്കുന്ന കലാപകാരികളുടെ ഒരു കൂട്ടമായിരുന്നില്ല. ഉത്തരവാദിത്തമുള്ള ഒരു രാഷ്ടിയ സംഘടന വ്യക്തമായ കാരണങ്ങൾ മുൻനിർത്തി മുമ്പേ തീയതി പ്രഖ്യാപിച്ച് നടത്തിയ ഒരു സമരമായിരുന്നു അത്. ആ സമരം കലാപമായി പരിണമിച്ചിരുന്നുവെങ്കിൽ ഒരു മരണമെങ്കിലും ആ പേരിൽ സംഭവിച്ചിരുന്നുവെങ്കിൽ അതിന് രാഷ്ട്രീയമായും നിയമപരമായും ആ സംഘടന ഉത്തരം പറയേണ്ടി വന്നേനെ. കാരണം സിപിഎം ഫ്രിഞ്ച് ഗ്രൂപ്പുകളെ വെച്ച് രാഷ്ട്രീയം കളിക്കുന്ന ഒരു സംഘടനയല്ല

വെടിവെച്ച് കൊല്ലണോ മനുഷ്യരെ?

ഹരിയാന ഭരിക്കുന്ന സര്‍ക്കാരിനും അതിനു കീഴിലെ പൊലീസിനുമെതിരെ ഗുരുതരമായ വിമര്‍ശനം ഉണ്ടായത് കോടതിയിൽ നിന്നാണ്. എന്നാൽ അതിനെ അവർ പ്രതിരോധിച്ചത് തങ്ങളുടെ ആത്മീയ ആചാര്യന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചെത്തുന്ന മനുഷ്യരെ വെടിവച്ച് കൊല്ലണമായിരുന്നുവോ എന്ന നിരുത്തരവാദപരമായ മറുചോദ്യം ഉന്നയിച്ചു കൊണ്ടാണ്.

ഇതേ സര്‍ക്കാർ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം വെറും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി എന്ന് അവകാശപ്പെടുന്നുമുണ്ട്.; മുപ്പതില്‍പരം മനുഷ്യരെ കൊലയ്ക്ക് കൊടുത്തുകൊണ്ട്. കോടിക്കണക്കിനെന്ന് അവർ തന്നെ അവകാശപ്പെടുന്ന ഒരു ജനാവലി ഉയര്‍ത്തിവിട്ട കലാപമാണ്‌ ഈ പറഞ്ഞ മരണങ്ങളുടെ ചിലവിൽ ഒറ്റ ദിവസം കൊണ്ട് തീർത്തത്. എന്നാൽ ഈ ജനം പല ദിവസങ്ങളിലായി ഒറ്റയ്ക്കും ചെറുകൂട്ടങ്ങളായും അവിടെ വന്നുകൂടിയതാണെന്ന കാര്യം ഇവർ മറക്കുന്നു.

ആൾക്കൂട്ടം ഒരിടത്ത് തമ്പടിക്കുന്നതു വെറുതെ കണ്ടുനിന്ന ഭരണകൂട നടപടിയാണ് കലാപത്തിന് കാരണമായതെന്ന് വ്യക്തം. കൃത്യമായ നടപടികളിലൂടെ ഒഴിവാക്കാമായിരുന്ന കലാപമാണ് വെടിവയ്പ്പും മരണവുമായി ഒടുവിൽ പിടിച്ചു നിർത്തിയത് എന്നും. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം. ബാബ റാംറഹിംസിംഗിനെ സംരക്ഷിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നില്ല; കലാപം നടക്കാൻ അനുവദിക്കുക എന്നത് ആയിരുന്നു താനും.

കേരള ജനസംഖ്യയേക്കാൾ അനുയായികളുള്ള റഹിംസിംഗ്

കേരളത്തിലെ മുഴുവൻ ജനസംഖ്യയെക്കാളും കൂടുതൽ അനുയായികൾ ഉള്ള ആളാണത്രേ റാംറഹിംസിംഗ്. പുള്ളിയെ കുറ്റവാളിയായി കോടതി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്ന നിമിഷം മുതൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സംഖ്യയാണത്. രണ്ടു ലക്ഷത്തിൽ തുടങ്ങിയ കണക്ക് വൈകുന്നേരമായപ്പോഴേയ്ക്കും അഞ്ചു ലക്ഷം കവിഞ്ഞു. ബിജെപി, സംഘപരിവാർ ഫ്രിഞ്ച് ഗ്രൂപ്പ് ടീമുകളുടെ വായ്ത്താരിയല്ലാതെ ഇതിനെന്താ ഒരു കണക്ക് എന്നത് അറിയില്ല. ആയിക്കോട്ടെ. കേരളത്തിലെ ജനസംഖ്യയല്ല, ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയിലേറെ അനുയായികൾ ഉള്ള ആളാണെങ്കിൽകൂടി ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി തുടരുന്നിടത്തോളം കാലം അയാളും അയാളുടെ അസംഖ്യം അനുയായികളും ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാണ്. അവരെ അങ്ങനെ നിലനിര്‍ത്താൻ ഭരണഘടനാബദ്ധമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഭരണകൂടങ്ങളും. ജനാധിപത്യമെന്നത് ഭൂരിപക്ഷാധിപത്യമോ, ആൾക്കൂട്ടാധിപത്യമോ അല്ല. അത് കുറെ സാംസ്കാരിക മൂല്യങ്ങളുടെ ഒരു സമുച്ചയമാണ്. അതിനെ പരോക്ഷമായി ചോദ്യം ചെയ്യുന്ന യുക്തികളാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പല ബിജെപി സംഘപരിവാർ നേതാക്കളും മുന്നോട്ടു വെക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതിന്റെ പിന്നിലെ അജണ്ടകളാവട്ടെ കേവലം ഒരു റാംറഹിംസിംഗിനെ വെളുപ്പിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതുമാവാൻ തരമില്ല.

ഒരു ജനാധിപത്യ സമൂഹത്തിൽ നേതൃസ്ഥാനം വഹിക്കുന്ന ഒരാൾ കൊല്ലപ്പെടുന്നതും ഒരാൾ കുറ്റവാളിയാണെന്ന് നിതിന്യായവ്യവസ്ഥയിൽ തെളിയുന്നതും ഒരേ വികാരമാണ് അവരുടെ അനുയായികളിൽ ഉണ്ടാക്കുന്നതെങ്കിൽ ആ സമൂഹത്തിന്റെ ജനാധിപത്യബോധം മൊത്തമായി പരിശോധിക്കപ്പെടെണ്ടതുണ്ട്. എന്നാൽ ഇവിടെ അങ്ങനെയൊന്നല്ല നടന്നത്. ദേശസമൂഹത്തിലെ ഒരു സെക്റ്റ് അതിന്റെ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും ചോദ്യം ചെയ്യുകയും ഭരണകൂടം തന്നെ അതിന് പരോക്ഷമായി ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു എന്നതാണ്.

ഇതിനെ പ്രത്യക്ഷമായി സമ്മതിക്കാൻ അവർക്കാവില്ല. അതുകൊണ്ടു തന്നെയാണ് ‘വാജ് പേയിജി‘യുടെ കാലത്താണ് ഈ കേസ് നിലവിൽ വരുന്നതെന്നും ഒടുവില്‍ 'മോഡിജി'യുടെ കാലത്താണ് ഇതിനൊരു തീരുമാനമാകുന്നതെന്നും ഉയര്‍ത്തിക്കാട്ടി തങ്ങള്‍ക്ക് ഇതിൽ നിഷ്പക്ഷ നിലപാടാണെന്ന് അവർ പൊതുവിൽ പറഞ്ഞു നില്‍ക്കുന്നത്. എന്നാൽ രാജ്യം മുഴുവൻ ഏതാണ്ട് വളർത്താനായ ഹിന്ദുത്വവാദത്തിന്റെ പ്രത്യയശാസ്ത്രവിത്തിന് എത്ര വളമിട്ടിട്ടും മുളയില്ലാത്ത കേരളത്തിന്റെ പരിസരത്തിൽ അവർക്ക് കുരു പൊട്ടുന്നു. അതുകൊണ്ടാണ് കേരളത്തിന്റെ മൊത്തം ജനസംഖ്യയേക്കാൾ വരുന്ന അനുയായി വൃന്ദമുള്ള റാംറഹിം എന്ന് കുമ്മനം പോലും താനും പേരിനെങ്കിലും ഒരു കേരളീയനാണെന്നോര്‍ക്കാതെ കൂവിപ്പോകുന്നത്.

വളഞ്ഞു കുത്തി പറയുന്നത്

അഞ്ച്കോടി അനുയായികളുണ്ടെന്ന് സംഘപരിവാർ കണക്കെടുത്ത് ബോദ്ധ്യപ്പെടുത്തുന്ന റാംറഹിം കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഹരിയാനയിൽ അഴിഞ്ഞാടിയത് അത്രത്തോളം വരുന്ന ഒരു ആള്‍കൂട്ടമൊന്നുമായിരുന്നില്ല എന്ന് നമുക്കറിയാം. അതൊക്കെ പോട്ടെ. പ്രശ്നം അവിടെയൊന്നുമല്ല. ബിജെപിയും സംഘപരിവാറും ചേര്‍ന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തോളം വളര്‍ത്തിയ മോഡിക്ക് അഞ്ചോ, പത്തോ കോടിയൊന്നുമായിരിക്കില്ല ഈ കണക്കിന് അനുയായികൾ. അമിത്ഷാ, പല പല യോഗിസാധ്വിയാദി'ജീ'കള്‍ക്കും. ഏത് സമയത്തും എന്തും ചെയ്യാൻ സജ്ജമായി സംഘപരിവാർ ദേശവ്യാപകമായി പുലര്‍ത്തിപ്പോരുന്ന ഫ്രിഞ്ച്ഗ്രൂപ്പുകളാവട്ടെ എണ്ണംകൊണ്ട് ഹരിയാനയിൽ നടന്നതു പോലുള്ള കലാപങ്ങൾ ഇന്ത്യയിൽ മുഴുവൻ നടത്താൻ പോന്നതും. ആ നിലയ്ക്ക് മോഡിയുടെയോ, അമിത്ഷായുടെയോ, തത്തുല്യജീവികളുടെയൊ പേരിൽ ഇതിനോടകം തന്നെ നിലനില്‍ക്കുന്ന ഏതെങ്കിലും ആരോപണങ്ങളിൽ ഒന്ന് തെളിഞ്ഞാൽ?

ബാബാ റാംറഹിം നമ്മള്‍കരുതുന്നത്പോലെഒരുവലിയ മീനൊന്നുമല്ല, അയാളുടെ അനുയായികളും. എന്നാൽ സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ, മതേതരത്വവിരുദ്ധ ഗ്രാന്‍ഡ്‌ ഡിസൈനിൽ അയാൾ അവർ തന്നെ വരച്ചുചേർത്ത ഒരു വന്‍മാതൃകയാണ്. ഇന്ത്യൻ ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയ്ക്കും മേലെ ആൾക്കൂട്ടാധിപത്യം കൊണ്ട് സംഘപരിവാർ വരച്ചിടുന്ന ഒരു താക്കീത്. രണ്ടു പേരുടെ പരാതി മുന്‍നിര്‍ത്തി ആറു കോടിയുടെ വിശ്വാസത്തെ പ്രോസിക്യൂട്ട് ചെയ്താൽ നാട് നിന്നുകത്തും.

എന്ത് വ്യവസ്ഥയും, ഭരണഘടനയും മൂല്യങ്ങളുമായാലും ആള്‍കൂട്ടം തെരുവിൽ ഇറങ്ങിയാൽ, ഇറക്കാനായാൽ പിന്നെ എല്ലാം കടലാസിലിരിക്കുകയെ നിവര്ത്തിയുള്ളു. സംഗതി ജനാധിപത്യമായതുകൊണ്ട് ഭണകൂടത്തിന് വെടിവയ്ക്കാനൊന്നും ആവില്ല. നോക്കി നില്‍ക്കാനേ ആവു, നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കും. വെറുമൊരു ആള്‍ദൈവമായ, അതും ഇന്ന് വ്യാജ ആള്‍ദൈവം എന്ന് പലരും സമ്മതിക്കുന്ന റാംറഹിമിനെ കുറ്റവാളിയായി കണ്ടെത്തിയാൽ പോലും തടയാനാവാത്ത വിധം ശക്തമായ കലാപങ്ങൾ നാട്ടിലുണ്ടാവുമെങ്കിൽ സർക്കാരുകൾക്ക് അതിൽ ഒന്നും ചെയ്യാനാകില്ലെങ്കിൽ പിന്നെ എന്തെങ്കിലും ചെയ്യേണ്ടത് ആരാണ്?

കലാപങ്ങൾ ആവർത്തിക്കാതിരിക്കാനായി ദൈവങ്ങൾക്ക് ശിക്ഷ വിധിക്കാതിരിക്കേണ്ടാതാരാണ്?

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow