ലേഖനം

ദീപ നാപ്പള്ളി

ബീഫ് നിരോധനവും ദേശീയഗാനവും കെ ആര്‍ മീരയുടെ സംഘിയണ്ണന്‍, സക്കറിയയുടെ രഹസ്യപ്പോലീസ്, പി വി ഷജികുമാറിന്റെ സ്ഥലം, സേതുവിന്റെ ഞങ്ങളെ മിനിക്കുട്ടി ഒരു രാഷ്ട്രീയമാകുമ്പോള്‍, തുടങ്ങിയ കഥകളില്‍ നിറയുമ്പോള്‍ സുസ്‌മേഷ്, വിനോയ് തോമസ്, ആബിന്‍ ജോസഫ്, ടി പത്മനാഭന്‍ തുടങ്ങിയവരുടെ കഥകളിലെ ദേശം വിട്ടുപോകലിന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്.

കഥ അതിന്റെ ഏതെങ്കിലും അടരുകളില്‍ കാലത്തിന്റെ മുദ്രകള്‍ പതിപ്പിക്കാറുണ്ട്, എന്നാല്‍ ചരിത്രത്തേയും കാലത്തെയും പ്രകടമായിത്തന്നെ അടയാളപ്പെടുത്തുന്നതാണ് ആഗസ്റ്റ് മാസത്തിലെ ഒട്ടുമിക്ക കഥകളും. ദേശീയത, ദേശസ്‌നേഹം എന്നതെല്ലാം സങ്കുചിതമാവുകയും അതിന്റെ വിയോജനങ്ങളെ നിര്‍ബന്ധിത പലായനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന അധികാരത്തിന്റെ പുതു മുദ്രാവക്യങ്ങളുടെ വിമര്‍ശ്ശമാണ് പുതുകഥകളുടെ ശക്തിമണ്ഡലമെന്ന് കാണാം.

ബീഫ് നിരോധനവും ദേശീയഗാനവും കെ ആര്‍ മീരയുടെ സംഘിയണ്ണന്‍, സക്കറിയയുടെ രഹസ്യപ്പോലീസ്, പി വി ഷജികുമാറിന്റെ സ്ഥലം, സേതുവിന്റെ ഞങ്ങളെ മിനിക്കുട്ടി ഒരു രാഷ്ട്രീയമാകുമ്പോള്‍ തുടങ്ങിയ കഥകളില്‍ നിറയുമ്പോള്‍ സുസ്‌മേഷ്, വിനോയ് തോമസ്, ആബിന്‍ ജോസഫ്, ടി പത്മനാഭന്‍ തുടങ്ങിയവരുടെ കഥകളിലെ ദേശം വിട്ടുപോകലിന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്. കുടുംബ ബന്ധങ്ങളിലെ ശൈഥല്യം, സ്ത്രീകളുടെ അരക്ഷിതാവസ്ഥ ഇവയും പല കഥകളിലും സൂചിതമായി. സിതാരയുടെ കവചം, നാരായന്റെ സൂക്ഷിച്ചാലും ചിലപ്പോള്‍, എന്നീ കഥകള്‍ ഈ പ്രമേയമാണ് ചര്‍ച്ച ചെയ്തത്. പെന്‍ഷന്‍ പറ്റിയ അധ്യാപികമാരുടെ കഥകള്‍ വ്യത്യസ്ത തലത്തില്‍ അവതരിപ്പിച്ച കഥകളാണ് ബി മുരളിയുടെ പത്മാവതിടീച്ചറും, സുനില്‍ ഗോപാലകൃഷ്ണന്റെ 7ആ (മലയാളം വാരിക) എന്നിവ.

ഞായറാഴ്ചയെ നാലായി കീറുന്ന വിധം (സുസ്മേഷ് ചന്ദ്രോത്ത് മാതൃഭൂമി).

തന്റെ വീട്ടുടമസ്ഥയായ മേഘലാ ചൗധരിയുടെ മട്ടുപ്പാവിലിരുന്ന് എഴുത്തുകാരനായ നായകന്‍ നടത്തുന്ന ചിന്തകളും ഓര്‍മ്മകളുമാണ് ഈ കഥയില്‍. ഞായറാഴ്ചയെ അവ പല കഷ്ണമായി കീറിയെറിയുന്നു. ഒരെഴുത്തുകാരന്റെ ജീവിതം ഒരു ഒളി ജീവിതമാണെന്നും അത് വിവരിച്ചു കൊടുക്കുക അസാധ്യമാണെന്ന് നാം മനസ്സിലാക്കുന്നു. കഥയിലുടനീളം കഥാകൃത്ത് ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്നുമുണ്ട്. ''എഴുത്തുകാരനാണു പോലും വാടക തരും എന്നാണ് വിചാരം'' എന്ന് കല്‍ക്കട്ടയിലെ ചേരിയില്‍ പാര്‍ക്കാനൊരിടം കൊടുത്ത വീട്ടുടമസ്ഥ തെരുവിനോട് വിളംബരം ചെയ്യുന്നതുകാണാം. സ്ത്രീകള്‍ പുരുഷാരെകാത്തിരിക്കുന്ന ചേരിയിലെ പാലത്തില്‍ ഒരിക്കലും വില പേശലിനു ചെല്ലാത്ത അയാളെ കാണാനെത്തി പൗഷാലി എന്ന സ്ത്രീയും എന്തിന്റെ കാഥികനാണെന്നും സ്വന്തം കഥ എന്താണെന്നും പറയാതിരിക്കുന്നതെന്നും ഞങ്ങളെപ്പറ്റി കഥയെഴുതാമോ എന്നും ചോദിക്കുന്നു. അവരുടെ കൂടെ കിടന്നാല്‍ അവരുടെ ഉളുമ്പുനാറ്റം എന്നെ തളര്‍ന്നമെന്നും താനൊരു ഫൈവ്സ്റ്റാര്‍ ആണ്‍വേശ്യയാണെന്നും കഥാകൃത്ത് വ്യക്തമാക്കുന്നതോടെ ആ താമസവും നഷ്ടമാക്കുന്നു. മൂന്നാമതായി കഥാകൃത്തിനോട് ഇതേ ചോദ്യമുന്നയിക്കുന്നത് വീടന്വേഷണത്തിന് കൂട്ടുവന്ന ഇന്ദ്രജിത്ത് മേസ്തിരിയാണ്. എഴുത്തുകാരന്റെ ജീവിതം അവിശ്വസനീയതയോടെയാണയാള്‍ കണ്ടത്. ''ഞാന്‍ പറയാനും എഴുതാനും ശ്രമിക്കുന്നതെല്ലാം എനിക്ക് ബോധ്യമാവുന്ന ശരികളാണ്. ഞാനത് വിശദീകരിച്ചു തരാം എന്നു പറഞ്ഞതു കേള്‍ക്കാതെ അയാള്‍ വഴിയിലുപേക്ഷിച്ചു പോകുന്നു. പിന്നീട് സുഹൃത്ത് ബിപാഷ് ചക്രവര്‍ത്തിയുമൊത്ത് ഒരു കല്ല്യാണ സല്‍ക്കാരത്തിനുപോവുകയും സരുക്ഷാ ഉദ്യോഗസ്ഥര്‍ അടിച്ചിറക്കിയ തൊഴിലാളികളുടെ ദൈന്യം കണ്ടുനില്‍ക്കുന്ന അവസരത്തിലാണ് വിട്ടുടമസ്ഥയെ പരിചയപ്പെടുന്നതും എഴുത്തുകാരനെ തന്റെ സ്വീകരണമുറിയും ബാല്‍ക്കണിയും ഉപയോഗിക്കാന്‍ അവര്‍ സമ്മതിക്കുകയും ചെയ്യുന്നു. അവിടെ നിന്ന് ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെ പല തുണ്ടുകളായി കീറിയെറിയുന്നതാണ് ഈ കഥയില്‍ കാണുന്നത്. ഒരു ദേശത്ത് വയറ്റില്‍പ്പിഴപ്പിനുവേണ്ടി ആണുങ്ങളെ ക്ഷണിക്കുന്ന ദരിദ്ര വേശ്യകള്‍ കാറോടിച്ച് തനിക്കു പറ്റിയ പുരുഷവേശ്യകളെ തേടി നടന്ന് ജീവിതമാഘോഷിക്കുന്ന കൊച്ചമ്മമാര്‍. ഒരു കാലത്തെ ദാരിദ്ര്യത്തിന്റെ ചതുപ്പിലുയര്‍ന്ന കല്യാണ മണ്ഡപം. അവിടെ അതിഥികള്‍ കാണാതിരിക്കാന്‍ മേശക്കടിയില്‍ കുനിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന തൊഴിലാളികള്‍. അവരെ മര്‍ദ്ദിച്ചൊതുക്കുന്ന നിയമപാലകര്‍. മെലിഞ്ഞ വീട്ടുടമസ്ഥയ്ക്ക് തടിച്ച വേലക്കാരി. ഇങ്ങനെ നീണ്ടുപോകുന്നു വൈരുദ്ധ്യങ്ങളുടെ പട്ടിക.

മഷിയുടെ മുക്കൂട്ട് (സാറാ ജോസഫ് - മാതൃഭൂമി ഓണപ്പതിപ്പ്)

sara teacherറിനി റെമിഗ്സ് എന്ന പത്രപ്രവര്‍ത്തകയുടെ രാജിയിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് ഈ കഥയില്‍. അച്ഛന്‍ ജോസഫ് റെമിഗ് ന്യൂസ് റീഡറാവാന്‍ വളര്‍ത്തിക്കൊണ്ടുവന്ന മകള്‍. വെടിയുണ്ടകളെക്കാള്‍ ഭരണാധികാരികള്‍ ഭയപ്പെടുന്ന പ്രിന്റ് മീഡിയയിലേക്കാണ് തിരിഞ്ഞത്. എഴുത്തിലൊരു ഹരമുണ്ട്. പേനയില്‍ ജീവരക്തം നിറയ്ക്കുക. ഹിരണ്മയപാത്രങ്ങളുടെ മൂടികള്‍ പേനത്തുമ്പുകള്‍ കൊണ്ട് തെറിപ്പിക്കുക. തന്റെ കരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച താഴ്ചകളെ ഭൂതക്കണ്ണാടി വച്ച് പരിശോധിച്ചുകൊണ്ട് അച്ഛനായ ജോസഫ് റെമിഗ്സ് പിന്നില്‍ നടന്നപ്പോള്‍ കരിയറിയില്‍ ഭാവിയില്ലാതാക്കാന്‍ വേണ്ടി ഭര്‍ത്താവായ ജെയിംസ് മുന്നില്‍ നടന്നു. കോമണ്‍ പീപ്പിള്‍ എന്ന പത്രത്തില്‍ നിന്നുള്ള രാജി തന്നിലെ പ്രതിഭയെ അംഗീകരിക്കാത്ത ഭര്‍ത്താവില്‍ നിന്നുകൂടിയുള്ള വിടുതലായിരുന്നു. തന്റെ പേനയില്‍ വെള്ളവും രക്തവും തീയുമുണ്ട്. മഷിയുടെ മുക്കൂട്ട് വാഗ്ദാനം ചെയ്ത് മറ്റൊരു ഗൗരിലങ്കേഷ് ആയി. '1 ammiserable, edgy and tired.1 am in the perfect mood of Journalism' അതെ പത്രപ്രവര്‍ത്തനം നിര്‍ത്താന്‍ റിനി റെമിഗ്സിനാവില്ല.

രഹസ്യപ്പോലീസ് - സക്കറിയ (മാ. ഭൂ. ഓണപ്പതിപ്പ്)

sakaryiaകാമുകിയുടെ കണക്കില്ലാത്ത പ്രോത്സാഹനത്താല്‍ ഐ പി എസ് യൂണിയന്‍ ടെറിട്ടറി കേഡറില്‍ പട്ടിക്കും പൂച്ചക്കും സല്യൂട്ടടിച്ച് ജീവിക്കുമ്പോള്‍ നായകനായ ഗോപിനാഥന്‍ നായര്‍ക്ക് കല്ല്യാണാലോചനകളുടെ ബഹളമായിരുന്നു. കല്യാണം സംസാരമാം സാഗരത്തിന്റെ അടിയിലേക്ക് മുക്കിക്കളയുന്നതിന് മുമ്പ് അതില്‍ നിന്നും രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു. രാഷ്ട്രപതി ഭവനിലെ ഒരു വല്യകസാലയില്‍ ഇരിക്കുമ്പോള്‍ ഫസ്റ്റ് കസിനോട് ഈ രാജ്യത്തുനിന്ന് പുറത്തുകടത്തണമെന്നും രാജ്യസ്നേഹത്തിന് ഒരു കുറവുമില്ലെന്നും അറിയിക്കുന്നു. അങ്ങനെയാണ് വേലിത്താഴത്ത് പരമേശ്വരന്‍ നായര്‍ ഗോപിനാഥന്‍ നായര്‍ ചെറുതോട്ടത്തില്‍ ജോസഫ് ജെയിംസായി ഇസ്താംബൂളിലേക്ക് മൂളിപ്പറന്നത്. അതിനിടയില്‍ എര്‍ദോഗന്റെ ഒരു വെപ്പാട്ടിയോ, പാമുക്കിന്റെ ഒരു കാമുകിയോ തന്റെയും ഒരു പ്രണയിനി ആയിക്കൂടെന്നില്ല എന്നും കേരളം വിട്ടാല്‍ പിന്നെ ക്രിസ്ത്യാനിയായി അഭിനയിക്കാന്‍ ഏതു ശിശുവിനും പറ്റുമെന്നും അറിയുന്നു. നയതന്ത്ര വലയങ്ങളിലെ മദിരാക്ഷികള്‍ക്കിടയിലെ കത്രികപ്പൂട്ടുകാരികളെ തിരിച്ചറിയുക അസാധ്യമായതുകൊണ്ട് ഹൃദയം കരിങ്കല്‍ സമാനമാക്കി. ബാറുകളില്‍ തോളില്‍ കയ്യിട്ട് കൂടെ പോരുന്ന ഹൃദയവനിതകളെ മാത്രം നല്ല നായരായി സത്ക്കാരം കൊണ്ട് പൊറുതി മുട്ടിച്ചു. ഒരു ദിവസം അമ്പാസഡര്‍ ഫ്ളാറ്റില്‍ നിന്നും ശബ്ദകോലാഹലം കേള്‍ക്കുന്നുവെന്ന് പരാതി പറഞ്ഞപ്പോള്‍ ''ഉറക്കം വരാഞ്ഞപ്പോള്‍ ദേശീയഗാനം നല്ല ഉച്ചത്തില്‍ കേട്ടാണ് ഉറങ്ങുന്നത്. രാജ്യസ്നേഹമാണ് എന്റെ ഉറക്കഗുളിക. ഞാനതിന്റെ ശബ്ദം കുറയ്ക്കാം'' എന്നു പറഞ്ഞപ്പോള്‍ ''കേരളക്കാരെല്ലാം ശുദ്ധ കമ്മ്യൂണിസ്റ്റുകാളെണെന്നാണ് ഞാന്‍ കരുതിരുന്നത്. അവര്‍ക്ക് ഇത്രയും രാജ്യസ്നേഹമുണ്ടെന്ന് ആരറിഞ്ഞു'' എന്നതായി അബാസിഡറുടെ അത്ഭുതം. കത്രിക പൂട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ഏലസും സ്വന്തമായി ഉണ്ടാക്കിയ വയ്യാവേലി രഹസ്യങ്ങളില്‍ കൈകടത്താതിരിക്കുക എന്ന സ്വയം കല്പിത നിയമവും ജീവിതം ഒരു ഇളംകാറ്റുപോലെ ലോലമാക്കിയപ്പോള്‍ പൂര്‍വ്വ കാമുകി തിരിച്ചറിയുകയും ജീവിതം ഭൂമിപോലെ ഉരുണ്ടതാണെന്ന ഗുണപാഠമറിയുകയും 'വിനാശകാലേ, സംപ്രാപ്തേ നഹി നഹി രക്ഷതി' എന്നു ഭജിക്കേണ്ടതായും വന്നു.

സുഖവിരേചനം - സന്തോഷ് ഏച്ചിക്കാനം (മാതൃഭൂമി ഓണപ്പതിപ്പ്)

echiikkanamപരാതികളും പ്രശ്നങ്ങളും കൊണ്ട് എപ്പോഴും ജനങ്ങള്‍ പൊതിഞ്ഞുനിന്ന് വീര്‍പ്പുമുട്ടിക്കുന്നതായ ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുകയും അവ നഷ്ടപ്പെടുമ്പോള്‍ അസ്വസ്ഥനാവുകയും ചെയ്യുന്ന തമ്പേലിപ്പാടം പതിനെട്ടാം വാര്‍ഡ് മെമ്പറും കൊച്ചിന്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സമിതിയുടെ ചെയര്‍മാനുമായ തുമ്പയില്‍ ഡൊമിനിക് എന്ന ജനപ്രതിനിധിയുടെ കഥയാണ് സുഖവിരേചനം. പി.എന്‍. മേനോത്ത് ലെയ്നില്‍ എത്രയും പെട്ടെന്ന് ഒരു പാതവിളക്ക് സ്ഥാപിക്കുക എന്ന ആവശ്യവുമായി മെമ്പറുടെ സുഖവിരേചനത്തിന് സഹായകമായി നിരന്തരം എത്തുന്ന ജനക്കൂട്ടം കാത്തിരിക്കുന്ന അവരെ സത്ക്കരിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്ന ഭാര്യ സൂസന്ന. ഒടുവില്‍ പരാതി പരിഹരിക്കപ്പെട്ടപ്പോള്‍ കനത്തു വന്ന ഏകാന്തത സൂസന്നയെയും സുഖവിരേചനം ഒരു വിദൂരസ്വപ്നമായി ഡൊമിനിക്ക് ടോയ്ലെറ്റിലും കഴിച്ചുക്കൂട്ടേണ്ടിവന്നു. ഒടുവില്‍ പാതവിളക്ക് രഹസ്യമായി എറിഞ്ഞുടയ്ക്കേണ്ടിവന്നു ആ ജനപ്രതിനിധിക്ക്. ജനങ്ങള്‍ എപ്പോഴും പരാതി പറയും പക്ഷെ നമ്മളവര്‍ക്ക് പ്രതീക്ഷകള്‍ മാത്രമേ കൊടുക്കാവൂ എങ്കിലേ അവര്‍ വീണ്ടും വീണ്ടും നമ്മളെത്തേടി വരൂ'' എന്ന ജനപ്രതിനിധികളുടെ മനസ്സിരിപ്പിനുനേരെയുള്ള ഒളിയമ്പാണീ കഥ. പ്രശ്നങ്ങളെ എത്ര നിസ്സാരമായാണ് ജനസേവകര്‍ കാണുന്നത് എന്ന ആക്ഷേപഹാസ്യമാണീ കഥ.

മിക്കാനിയ മൈ ക്രാന്ത (വിനോയി തോമസ് - മലയാള മനോരമ ഓണപ്പതിപ്പ്)

kocheriyanതനിക്കിനിയുമിനിയും കഥകളുടെ വിത്ത് ഈ കുടിയേറ്റ ഭൂമികയില്‍ നിന്നും വിളയിച്ചെടുക്കാനുണ്ടെന്ന് ഈ കഥയിലൂടെ വിനോയ് തോമസ് വിളംബരം ചെയ്യുന്നു. അധ്വാനശേഷി കൈമുതലായുള്ള ഒരു തലമുറ മലബാറിലേക്ക് കുടിയേറുകയും അവരുടെ ജീവിതം കൃഷിയിലൂടെ കെട്ടിപ്പടുക്കുകയും ചെയ്തു. ആ കൃഷിയെ പുതുതലമുറയ്ക്ക് ഉപേക്ഷിക്കേണ്ടിയും തള്ളിപ്പറയേണ്ടിയും വരുന്നു. മഞ്ഞാളില്‍ പൗലോയും പേപ്പച്ചനും മണ്ണില്‍ പണിതിരുന്ന കാലത്ത് കൃഷിയായിരുന്നു അവര്‍ക്കെല്ലാം. പൂലോകം മുടിച്ചി പറമ്പില്‍ എത്തിനോക്കാന്‍ പോലും മടിച്ചിരുന്നു. എന്നാല്‍ ജോഷായുടെ കാലമായപ്പോഴേക്കും കൃഷി ഒരു വരുമാനമാര്‍ഗ്ഗം അല്ലാതാവുകയും കാര്‍ഷികരംഗത്ത് പുതിയ പ്രവണതകള്‍ വരികയും ചെയ്തു. കോഴിക്കൃഷി, ആഫ്രിക്കന്‍ മുഷിയെന്ന മത്സ്യകൃഷി അങ്ങനെ കൃഷിലോകം ജീവിലോകത്തേക്കും കടന്നാക്രമിച്ചിരുന്നു. കൃഷിക്കാരനായതിനാല്‍ പെണ്ണുകിട്ടാന്‍ പോലും വൈകി. ഒടുവില്‍ ഭാര്യവീട്ടുകാരുടെ അന്തസ്സിനുവേണ്ടി ജറുസലേമില്‍ രോഗിപരിപാലനത്തിന് പോകേണ്ടിവന്നു. മണ്ണിനെ പരിച്ചരിച്ചവന്‍ കിടപ്പുരോഗിയെ ശുശ്രൂഷിക്കുന്ന കാഴ്ച കിടപ്പിലായ പൗലോയ്ക്കുപോലും കാണാനിഷ്ടമില്ലാത്തതായിരുന്നു. കിടപ്പിലായ പേപ്പച്ചനെയും ഭാര്യയെയും പരിചരിക്കാന്‍ ഗോത്രവംശജരായ കൈമയും ഭാര്യയുമുണ്ടായിരുന്നു. നോക്കാനാളില്ലാത്ത കൃഷിഭൂമിയെയും വൃദ്ധരെയും ഒരുപോലെ പൂലോകം മുടിച്ചിമൂടിക്കിടന്നു. വിഷകന്യക, ശാലോം മുന്തിരി, പൂലോകം മുടിച്ചി, ആഫ്രിക്കന്‍ മുഷി, വിശുദ്ധനാട് എന്നിങ്ങനെ 5 തലക്കെട്ടുകളിലായി കുടിയേറ്റചരിത്രവും കൃഷിക്കാരന്‍ ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയും അയത്നലളിതമായി വിനോയി തോമസ് തുറന്നുകാണിക്കുന്നു.

കെ.ആര്‍ മീരയുടെ മൂന്നുകഥകള്‍ (മാതൃഭൂമി)

ഒരുപക്ഷെ ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ മൂന്നുകഥകള്‍ ഒരുമിച്ച് ഒരു ലക്കം പ്രസിദ്ധീകരിക്കുന്നത് ആദ്യമാകാം. സംഘിയണ്ണന്‍ : ശ്രീനാരായണ സന്ദേശത്തില്‍ അടിയുറച്ച് വിശ്വാസമുണ്ടായിരുന്ന അച്ഛന്‍ മക്കള്‍ക്ക് പേരിട്ടത് സംഘമിത്രനെന്നും വിദ്യാസാഗര്‍ എന്നുമായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവാനും സംഘടിച്ചു ശക്തരാവാനും. പക്ഷെ സംഘിയണ്ണന്‍ ദേശീയബോധം മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിച്ചത്. വിദേശത്തുനിന്നും വിമാനമിറങ്ങിയ സംഘിയണ്ണനോട് ചോദിക്കുന്ന അനുജന്റെ സംശയങ്ങള് തീവ്രവാദ ദേശീയതകണ്ട് അന്തംവിട്ടു നില്‍ക്കുന്ന ഒരു സാധാരണ മലയാളിയുടേതാണ്.

ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി നില്‍ക്കുമ്പോള്‍ ദേശീയ ഗാനം കേട്ട് സംഘിയണ്ണന്‍ കാറില്‍ നിന്നിറങ്ങി അറ്റന്‍ഷനായി നില്‍ക്കുന്നത് കണ്ട് നമ്മളും അമ്പരക്കുന്നു. ബീഫ് നിരോധനത്തെ കുറിച്ചും മുസ്ലിം വിരുദ്ധതയെക്കുറിച്ചും സംഘിയണ്ണന് വ്യക്തമായ മറുപടികളുണ്ടെങ്കിലും ശ്രീരാമന്റെ പേരിട്ടു വിളിച്ച മകന്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് ഐസിയുവിലായ വാര്‍ത്ത സംഘിയണ്ണന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

ആത്മീയത എങ്ങനെയാണ് സാധാരണ ജനങ്ങളെ അന്ധരാക്കുന്നതെന്നും സന്യാസിയച്ഛന്‍ ജനങ്ങളെ എങ്ങനെയാണ് സ്വത്തുതട്ടിയെടുത്ത് കൊഴുക്കുന്നതെന്നും ഒരൊറ്റ രാത്രി കൊണ്ട് ചേരികള്‍ തീയിട്ട് നശിപ്പിച്ച് ഷോപ്പിംഗ് കോപ്ലക്സും ആശ്രമമവും പടുത്തുയര്‍ത്തുന്നതെന്നും സ്വച്ഛഭാരതം സൃഷ്ടിക്കുന്നതെന്നും സ്വച്ഛഭാരതി എന്ന കഥയില്‍ വിവരിക്കുന്നു.

മനുഷ്യര്‍ അവരവര്‍ക്കിഷ്ടമുള്ളതു മാത്രമേ വിശ്വസിക്കുകയുള്ളൂ. അവരവര്‍ക്കു വിശ്വസിക്കാന്‍ സാധിക്കുന്നതു മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ. ഇഷ്ടാനുസൃത വിശ്വാസങ്ങള്‍ വായനക്കാരില്‍ ഊട്ടിയുറപ്പിക്കലാണ് യഥാര്‍ത്ഥ മാധ്യമധര്‍മ്മം നടപ്പിലാക്കുന്നവനാണ് മാധ്യമധര്‍മന്‍ എന്ന കഥയിലെ ധര്‍മ്മരാജന്‍ സാര്‍. അധികാരവും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധബന്ധവും അതിന്റെ ശൈഥില്യവുമാണ് ഈ കഥ. ചുരുള്‍നിവര്‍ത്തുന്നത്. മധുരക്കെണിയൊരുക്കി മാധ്യമങ്ങള്‍ അധികാരത്തെ നിയന്ത്രിച്ചപ്പോള്‍ ആത്മഹത്യാ പ്രേരണക്കും ധര്‍മ്മരാജനില്‍ ചുമത്തിയാണ് ഐ ജി പാട്ടത്തില്‍ സാര്‍ അതിനെ നേരിട്ടത്. പരസ്പരം കുരുങ്ങികിടക്കുകയും കുരുക്കിലാക്കുകയും ചെയ്യുന്ന ഇവര്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കാണാതെ പോവുന്നു. പ്രമേയത്തില്‍ തര്‍ക്കമില്ലെങ്കിലും ആഖ്യാനമാറ്റത്തില്‍ പല ആശങ്ങകളും ഉളവാക്കുന്നു കെ.ആര്‍ മീരയുടെ ഈ പുതുകഥകള്‍.

സ്ഥലം : പി.വി. ഷാജി കുമാര്‍ (മാതൃഭൂമി)

ദേശീയഗാനം കേട്ടിട്ടും എഴുന്നേല്‍ക്കാതെ മദ്യലഹരിയില്‍ കണ്ണുചിമ്മിപ്പോയ സുരേശനെ പാക്കിസ്ഥാനിലേക്ക് പോടാ ഊളേ എന്നലറി നാലഞ്ചുപേര്‍ തീയേറ്ററില്‍ വെച്ച് കൈ വെയ്ക്കുമ്പോള്‍ അയാള്‍ ഒരിക്കലും ഓര്‍ത്തിരുന്നില്ല പാക്കിസ്ഥാനില്‍ താനെത്തുമെന്ന്. എല്ലാ കാലത്തും ഇരകളായി തുടരാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം ആളുകള്‍ ഇന്നും ചരിത്രത്തിലുണ്ട്. ഇരകളായി ജനിക്കാനും ജീവിക്കാനും മരിക്കാനും വിധിക്കപ്പെട്ട കോങ്കാട്ടെ കുഞ്ഞമ്പു എന്ന തെയ്യം കലാകാരന്റെ അതേ വിധി ഏറ്റുവാങ്ങുന്നവനാണ് മകനായ സുരേശനും. ആത്മഹത്യപോലും ചെയ്യാനാവാതെ വാഗ്ദാനത്തിന്റെ കുരുക്കില്‍ അനുനയിക്കപ്പെട്ടവന്‍. വഞ്ചിതനാക്കപ്പെട്ടവന്‍. പ്രതീക്ഷയുമായ് വന്നത് പാക്കിസ്ഥാനില്‍ നിന്നുമുള്ള ഒരു കത്തായിരുന്നു. വിഭജനത്തിനുശേഷവും പാക്കിസ്ഥാനില്‍ തുടര്‍ന്ന കുഞമ്പുവിന്റെ അച്ഛന്‍ 10 സെന്റ് സ്ഥലം നീക്കി വെച്ചിരിക്കുന്നു. അങ്ങനെയാണ് തീവ്രവാദത്തിന് ചോരക്കൂറുള്ള പാക്കാസ്ഥാനില്‍ നായകന്‍ എത്തുന്നത്. എങ്ങനെയാണ് അതിര്‍ത്തികള്‍ ബന്ധങ്ങളെയും പ്രണയവും തകര്‍ക്കുന്നതെന്ന് യാത്രയില്‍ പരിചയപ്പെട്ട പാക്കിസ്ഥാനിയാ ഹൂദയില്‍ നിന്നും മനസ്സിലാക്കുന്നു. കത്ത് നാലായി കീറി ''നിന്നെപ്പോലത്തെ ഒരു ഇന്ത്യാക്കാരനിവിടെ അകത്തായാല്‍ അകത്താ. പിന്നെ പുറത്തില്ല'' എന്ന് ദര്‍ദ്ദാറിന്റെ പേരമകന്‍ സുന്ദന്‍ ആട്ടിപ്പുറത്താക്കി. മഴയിളക്കിയ മണ്ണില്‍ ഫലം കൈകൊണ്ടൊരു ചാലുകീറി കുഞ്ഞമ്പുവിന്റെ സഞ്ചിയില്‍ നിന്നും സ്നേഹത്തിന്റെ വിത്തുകള്‍ കുഞ്ഞിവെക്കുന്ന സുരേശനെ പട്ടാളക്കാരില്‍ നിന്നും രക്ഷിച്ചത് ഹൂദയെന്ന അതിരുകളില്ലാത്ത സൗഹൃദമായിരുന്നു.

അരിവാള്‍ ചുറ്റിക നക്ഷത്രം (അബിന്‍ ജോസഫ്)

abin 2ആഖ്യാനത്തിലും ഘടനയിലും പുതുമകള്‍ പരീക്ഷിച്ച കഥയാണ് അബിന്‍ ജോസഫിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം. തലക്കെട്ട് സൂചിപ്പിക്കുന്നത് അമ്മിണി, ചന്ദ്രിക താര എന്നീ വീരാംഗനകളെയാണ്. ഗാര്‍ഹിക - ദാമ്പത്യ ജീവിതം എത്രമേല്‍ അരക്ഷിതമാണെന്നും നില്‍ക്കള്ളിയില്ലാതെ ആയുധമെടുത്ത് ഭര്‍ത്താക്കന്മാരെ വകവരുത്തേണ്ടി വരുന്ന ഒരു വ്യവസ്ഥിതി. നിയമവ്യവസ്ഥക്കെതിരെയുള്ള ഒരു വെല്ലുവിളിയാണെന്നു തോന്നുമെങ്കിലും ഈ ഭര്‍തൃഘാതകികള്‍ എത്തിച്ചേര്‍ന്നത് സോഷ്യലിസ്റ്റ് താഴ്വരയിലേക്കാണ്. അവിടെ വിലക്കുകളില്ലാത്ത വാറ്റുചാരായം കുടിച്ചും അധ്വാനിച്ചും ആഗ്രഹിച്ചിടത്തൊക്കെ പോയും ആ സ്വതന്ത്ര വനിതകള്‍ യഥേഷ്ടം വിഹരിക്കുന്ന കാഴ്ച കോള്‍മയിര്‍ക്കൊള്ളിക്കുന്നതാണ്. കഥാഘടനയെ ആദ്യന്തം ഇതില്‍ മറിച്ചിരിക്കുന്നത് കാണാം. ഒരിക്കല്‍ കുറ്റവാളികളായവര്‍ അവര്‍ - എങ്ങനെയാണ് ജീവിതത്തെ ജയില്‍ വാസത്തിനുശേഷം കാണുന്നത്. അവരുടെ ജീവിതങ്ങള്‍ എത്രമേല്‍ തകിടം മറിക്കപ്പെട്ടു. എന്നിട്ടും ഗാര്‍ഹിക പീഢനങ്ങളും കുറ്റകൃത്യങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വ്യക്തി എങ്ങനെയാണ് ചങ്ങലകള്‍ പൊട്ടിച്ചെറിയേണ്ടത്.. ഇങ്ങനെ പല ചോദ്യങ്ങളും ഈ കഥ ഉണര്‍ത്തുന്നുണ്ട്. ഓരോ തലക്കെട്ടും ഓരോ ജീവിതങ്ങളുടെ ആത്മഭാഷണമാകുന്നതും കൗതുകകരമാണ്.

ആരോഗ്യത്തിലും അനാരോഗ്യത്തിലും - (എന്‍.എസ്. മാധവന്‍ മലയാള മനോരമ ഓണപ്പതിപ്പ്)

കഥാഘടനയ്ക്ക് പ്രാധാന്യം നല്‍കുന്ന എന്‍.എസ്. മാധവന്റെ കഥയാണ് ആരോഗ്യത്തിലും അനാരോഗ്യത്തിലും. ജോണ്‍ കോശി, 44, ദിവസം മുഴുവന്‍ കസേരയില്‍ നിശ്ശബ്ദനായി ഇരിക്കുന്നയാള്‍. സൂര്യന്‍ ചാഞ്ഞുതടുങ്ങുമ്പോള്‍ മാത്രം അസ്വസ്ഥനാകുന്നു. ഈ ജീവിതത്തിനുമുമ്പ് ഭാര്യ സൂസന്‍ കോശി 38, മകന്‍ റോഹന്‍ കോശി 14 എന്നിവരുമൊത്ത് ആഹ്ലാദ ജീവിതം നയിച്ചിരുന്നയാള്‍. വീല്‍ച്ചെയറും ഓര്‍മ നഷ്ടവും ഈ വീടിനെ മാറ്റി. സോണ എന്ന ഭിന്നലിംഗക്കാരി ഹോം നേഴ്സായി അവിടെ എത്തുന്നു. റോഹന്‍ ഊട്ടിയിലെ പബ്ലിക്ക് സ്‌കൂളിലേക്ക് മാറ്റപ്പെടുന്നു. ജോണിന്റെ ബന്ധു സ്പോര്‍ട്സ്മാന്‍ ജിതിന്‍ പകല്‍ ജോണിനെ ശ്രദ്ധിക്കുകയും രാത്രി ബേബി ഓയില്‍ പുരട്ടി സൂസനെ മസ്സാജ് ചെയ്യുകയും, പ്രഷര്‍കുക്കര്‍ വാല്‍വായി പ്രവര്‍ത്തിക്കുകയും ചെയ്തു, ഒരു നാള്‍ ''ബറുമറിയം ബറുമറിയം'' എന്ന സുറിയാനി വാക്ക് ജോണ്‍ ഉച്ചരിക്കുകയും ജീവിതം വീണ്ടും ആ വീട്ടില്‍ പുതിയ രീതിയില്‍ തളിര്‍ക്കുകയും ചെയ്യുന്നു. ഇന്ന് മുതല്‍ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും എന്ന് ദാമ്പത്യ പ്രതിജ്ഞ സൂസന്‍ വീണ്ടും പുതുക്കിയപ്പോള്‍ ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്ന് ജോണ്‍ പൂരിപ്പിച്ചു. റോഹന്‍ വീണ്ടും വീട്ടിലേക്ക്. ''ചേച്ചി, അപ്പോള്‍ ഞാനോ'' എന്നു ചോദിച്ച നിതിനോട് ''നീ ഇവിടെതന്നെ നിന്നോ, ഇനി മുതല്‍ രാത്രി നിനക്ക് വിരുന്നുകാരി ഉണ്ടാവുകയില്ല' എന്ന് സൂസന്റെ ദൃഢനിശ്ചയം.

സൂക്ഷിച്ചാലും ചിലപ്പോള്‍ - നാരായന്‍ (മാധ്യമം)

എത്ര ഓടിയാലും ഞങ്ങളെങ്ങും ഒരേടത്തുമെത്തില്ല എന്നും ഒരു സാഹിത്യ സമ്മേളനത്തിനും തനിക്കൊരിരിപ്പിടമില്ലെന്നുമുള്ള വേദന ഓണപ്പതിപ്പില്‍ പങ്കുവെച്ച നാരായന്‍ എഴുതിയ കഥയാണ് 'സൂക്ഷിച്ചാലും ചിലപ്പോള്‍'. വായാടിയും കലഹപ്രിയയുമായ ഭാര്യ അതിനിടയില്‍ മകളോടുള്ള സ്‌നേഹംകൊണ്ട് മാത്രമാണ് ചന്ദ്രന്‍ വീടുവിട്ടിറങ്ങാത്തത്. മകളെ അയാള്‍ കരാട്ടേ ക്ലാസില്‍ചേര്‍ത്ത് ബ്ലാക്‌ബെല്‍റ്റിനുടമയാക്കി. ഗാര്‍ഹികാസ്വാസ്ഥ്യങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയ ഒരു രാത്രി ഭാര്യ ഭാരതി ചന്ദ്രന്റെ കാലില്‍ കരിങ്കല്ലെടുത്തെറിയുകയും കാല്‍ മുറിച്ചുകളയേണ്ടിവരികയും ചെയ്തു. പിന്നീടയാള്‍ വീട്ടിലേക്ക് തിരിച്ച് വന്നില്ല. ഭാരതി തന്നെയാണ് മകളെ കിടപ്പിലാകുന്നത് വരെ പോറ്റുന്നത് ദാരിദ്ര്യം കല്ല്യാണാലോചനകള്‍ മുടക്കുന്നു. അങ്ങനെയിരിക്കേ ഒരു പ്രസ്സില്‍ പണികിട്ടുകയും ഒരുനാള്‍ മടങ്ങിവരവെ ആക്രമിക്കപ്പെടുകയും എന്നാല്‍ പഠിച്ച ആയോധനമുറകള്‍ ആക്രമികളെ തറപറ്റിക്കാന്‍ സഹായകമായി. കുടുംബ ബന്ധത്തിലെ ശൈഥല്ല്യങ്ങള്‍, മക്കളെയോര്‍ത്ത് അതെല്ലാം സഹിക്കുന്നവര്‍, സ്വയം രക്ഷക്കായ് കരുത്താര്‍ജ്ജിക്കേണ്ട പെണ്‍ കുട്ടികള്‍, ഇതെല്ലാം ലളിതമായ ആഖ്യാനത്തിലൂടെ നാരായന്‍ നമുക്കുമുന്നില്‍ തുറന്നിടുന്നു. കഥപറയുക എന്നതില്‍ മാത്രമാണ് നാരായന്റെ ശ്രദ്ധ. കഥാപാത്രങ്ങളുടെ ചിന്തകള്‍കൊണ്ട് നമ്മെ അലോസരപ്പെടുത്താതെ.

പണയ വസ്തുക്കള്‍ - എം സുധാകരന്‍ (മാധ്യമം)

panayavasthukkalമുഖ്യമന്ത്രിയാണോ വലുത്? അതോ ഒരു ബാങ്ക് മാനേജരോ എന്ന ചോദ്യമുയര്‍ത്തുന്നു. മകളുടെ ബി ടെക് പഠനത്തിനായ് വിദ്യാഭ്യാസ വായ്പ എടുക്കുകയും അത് തിരിച്ചടക്കാന്‍ കഴിയാതെ ബാങ്ക് മാനേജരോട് വായ്പകള്‍ തിരിച്ചടയ്കുന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെക്കുറിച്ച് പറയാന്‍ വന്ന ഒരു പാവം പിതാവിന്റെ അവസ്ഥയാണിതില്‍. പുത്തന്‍ സാമ്പത്തിക നയത്തില്‍ ഒരു ബാങ്കിനെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്നും കൈവിരല്‍പ്പാടും, ആധാര്‍കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിക്കപ്പെട്ട ഈ ജീവിതത്തില്‍ ജനിച്ച നാള്‍ മുതല്‍ ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തിരിക്കുമെന്നും ആകര്‍ഷകമായ വായ്പാവ്യവസ്ഥയില്‍ കുടുങ്ങാതെ രക്ഷയില്ലെന്നും ബാങ്ക് മാനേജര്‍ ന്യായം നിരത്തുമ്പോള്‍ ഭരണാധികാരിക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത വ്യവസ്ഥയുടെ കടിഞ്ഞാണിനെയാണ് ഈ കഥയിലൂടെ വെളിപ്പെടുന്നത്.

കഥകളുടെ രൂപത്തിലും പരീക്ഷണങ്ങള്‍ നടത്താന്‍ എഴുത്തുകാര്‍ ശ്രമിക്കുന്നുണ്ട്. സംഭവങ്ങളെ പലകെട്ടുകളില്‍ ഒതുക്കുന്ന രീതിയാണതിലൊന്ന്. ആത്മഭാഷണത്തില്‍ നിന്നും തെല്ലൊരു വ്യതിയാനം കഥപറയുന്ന രീതിയില്‍ വരുത്തിയിട്ടുണ്ടെങ്കിലും കെ ആര്‍ മീരയെപ്പോലെ സ്വതസിദ്ധമായ ശൈലി ആര്‍ജ്ജിച്ചവര്‍പോലും ഈ രചനാതന്ത്രത്തില്‍ ആകര്‍ഷിക്കപ്പെട്ടത് ഈ രീതിയുടെ സ്വീകാര്യതയായി കണക്കാക്കപ്പെടുന്നു. മാനവ ഭാഷയുടെ സൂക്ഷ്മസൗന്ദര്യങ്ങളും സംവേദനക്ഷമതയും ഒളിമങ്ങാതെ നില്‍ക്കുന്നുവെന്നതും ആശ്വാസകരമാണ്. ജീവിത പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിവരുമ്പോള്‍ തന്നെ ശില്‍പ ഘടനയിലും പരീക്ഷണങ്ങള്‍ നടത്താന്‍ പുതുകഥകള്‍ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ മാസ കഥകള്‍ പ്രതീക്ഷയും കൗതുകവും നല്‍കി കഥ അതി സാഹസികമായി മുന്നേറുക തന്നെയാണെന്ന സൂചനയാണ് നല്‍കുന്നത്.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow