Loading Page: മതാചാരങ്ങളെ രാഷ്ട്രീയസമര രീതികളാക്കരുത്

ഒപ്പീനിയന്‍

ടി ജയരാജന്‍

ജനാധിപത്യവും ആധുനിക സമൂഹവും വികസിക്കുന്നതിന്റെ ഭാഗമായി ലോകതലത്തിലും നമ്മുടെ രാജ്യത്തും ധാരാളം സമരരീതികള്‍ നിലവില്‍ വന്നിട്ടുണ്ട്. സമരരീതികളുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഏറെ സമ്പന്നവുമാണ്. കൊളോണിയല്‍ ആധിപത്യത്തിനെതിരായ സമരങ്ങളാണ് നമ്മുടെ ദേശീയതയെ നിര്‍ണ്ണയിച്ചതും നമ്മുടെ ദേശീയ പാരമ്പര്യമായി മാറിയതും എന്നതുകൊണ്ടാണത്. വ്യവസ്ഥാപിതമായി അംഗീകരിക്കപ്പെട്ടതും അംഗീകരിക്കപ്പെടാത്തതുമായ സമരരീതികളുണ്ട്. ഉദാഹരണത്തിനു ഗറില്ലാസമരങ്ങളും സായുധസമരങ്ങളും വ്യവസ്ഥാപിതമോ നിയമപരമോ അല്ല. എങ്കിലും സമരരീതികളെന്ന നിലയില്‍ തന്നെ അവ കരുതപ്പെടുന്നു. ജനാധിപത്യ സമൂഹം വികസിപ്പിച്ചെടുത്ത ഇത്തരം സമരരീതികള്‍ ഉണ്ടായിരിക്കെ, മതാചരണമായ, ഈശ്വരപ്രാര്‍ത്ഥനയായ നമാസിനെ സമരരീതിയായി മാറ്റേണ്ടതുണ്ടോ?

 മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും കേരളത്തിലെ മുസ്ലീം സംഘടനാ നേതാക്കള്‍ പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്.

ഗെയില്‍വിരുദ്ധ സമത്തില്‍ പങ്കെടുത്തവര്‍ നടുറോഡില്‍ പോലീസിനുമുമ്പില്‍ പ്രാര്‍ത്ഥന നടത്തി എന്നു വാര്‍ത്തകള്‍ കണ്ടിരുന്നു. ഈയിടെ ഹാദിയ വിഷയത്തില്‍ കോടതിവിധി വരുന്ന ദിവസം നോമ്പെടുക്കാനും ചില മതനേതാക്കള്‍ സോഷ്യല്‍ മീഡിയകളിലൂടെ ആഹ്വാനം ചെയ്തിരുന്നു.

വളരെ അപകടകരമായ പ്രവണതയാണിത്. ധൃതിയിലുള്ള പ്രതികരണം തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്ന് ഭയന്നതുകൊണ്ടും ചൂടെല്ലാം ആറിയ ശേഷം അവധാനതയോടെ ഈ വിഷയം ആഴത്തില്‍ പരിശോധിക്കപ്പെടുന്നതായിരിക്കും നല്ലതാകുക എന്നു കരുതിയതുകൊണ്ടുമാണ് അന്ന് പ്രതികരിക്കാതിരുന്നത്. രാഷ്ട്രീയക്കാരും മതവിഷയങ്ങളില്‍ അവഗാഹമുള്ളവരും ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഈ പ്രവണത അപകടകരമാണ് എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഇസ്ലാമോഫോബിയ കൊണ്ടാണ്, അതല്ലെങ്കില്‍, മതേതര ഉദാരവാദികളുടെ ഉള്ളിലുള്ള മൃദുഹിന്ദുത്വം വെളിച്ചത്തുവരുന്നതാണ് എന്നൊക്കെ ചിലര്‍ ആരോപിച്ചേക്കാം. ഈ കുറിപ്പ് വായിച്ചുകഴിഞ്ഞശേഷം അതേക്കുറിച്ച് തീരുമാനിക്കാം.

വിഷയത്തിന്റെ ഓരോ വശങ്ങള്‍ പരിശോധിക്കാം.

ജനാധിപത്യവും ആധുനിക സമൂഹവും വികസിക്കുന്നതിന്റെ ഭാഗമായി ലോകതലത്തിലും നമ്മുടെ രാജ്യത്തും ധാരാളം സമരരീതികള്‍ നിലവില്‍ വന്നിട്ടുണ്ട്. സമരരീതികളുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഏറെ സമ്പന്നവുമാണ്. കൊളോണിയല്‍ ആധിപത്യത്തിനെതിരായ സമരങ്ങളാണ് നമ്മുടെ ദേശീയതയെ നിര്‍ണ്ണയിച്ചതും നമ്മുടെ ദേശീയ പാരമ്പര്യമായി മാറിയതും എന്നതുകൊണ്ടാണത്. വ്യവസ്ഥാപിതമായി അംഗീകരിക്കപ്പെട്ടതും അംഗീകരിക്കപ്പെടാത്തതുമായ സമരരീതികളുണ്ട്. ഉദാഹരണത്തിനു ഗറില്ലാസമരങ്ങളും സായുധസമരങ്ങളും വ്യവസ്ഥാപിതമോ നിയമപരമോ അല്ല. എങ്കിലും സമരരീതികളെന്ന നിലയില്‍ തന്നെ അവ കരുതപ്പെടുന്നു. ജനാധിപത്യ സമൂഹം വികസിപ്പിച്ചെടുത്ത ഇത്തരം സമരരീതികള്‍ ഉണ്ടായിരിക്കെ, മതാചരണമായ, ഈശ്വരപ്രാര്‍ത്ഥനയായ നമാസിനെ സമരരീതിയായി മാറ്റേണ്ടതുണ്ടോ?

വേണമെങ്കില്‍ പോലീസിനു നേരെ കല്ലെറിഞ്ഞോളൂ. ബോംബോ തോക്കോ വേണമെങ്കില്‍ ഉപയോഗിച്ചോളൂ. പോലീസ് തിരിച്ചുതരുന്നത് വാങ്ങാന്‍ നിങ്ങള്‍ക്ക് യോഗ്യത ഉണ്ടാവുമെന്നുമാത്രം. പക്ഷെ, നമാസ്, വ്രതം എന്നിത്യാദികള്‍ സമരരൂപങ്ങളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാനേ പാടില്ലാത്തതാണ്.

ഒരു സമരമുഖം എന്നത് സംഘര്‍ഷത്തിന്റെ വേദിയാണ്. കാര്യങ്ങള്‍ ഏതു ദിശയിലേക്കും കൈവിട്ടുപോകാവുന്ന സ്ഥലമാണത്. പല തരത്തിലുള്ള ശക്തികള്‍ തന്ത്രങ്ങളൂം കുതന്ത്രങ്ങളൂം പ്രയോഗിക്കുന്ന ഇടമാണത്. അത്തരമൊരു സ്ഥലത്തേക്ക് സമാധാനാന്തരീക്ഷത്തില്‍ നടക്കേണ്ട ഈശ്വര പ്രാര്‍ത്ഥനയെ കൊണ്ടുവരേണ്ടതുണ്ടോ? സമരമുഖത്ത് ആരുടെയെങ്കിലും ഭാഗത്തുനിന്ന്, പോലിസോ എതിര്‍പാര്‍ട്ടിക്കാരോ, മറ്റു മതസ്ഥരോ, കുതന്ത്രക്കാരോ ആരുമായിക്കൊള്ളട്ടെ, ഈശ്വരപ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടവരുടെ നേരെ ആക്രമണമുണ്ടായാല്‍, അതുയര്‍ത്തുന്ന സാമുദായികവികാരം, വ്രണിതമതവികാരം എത്രത്തോളമായിരിക്കും?

സംഘര്‍ഷമേഖലയില്‍ നമാസ് നടത്തുന്നതിനെക്കുറിച്ചും അതിനെ ഒരു സമരരീതിയാക്കുന്നതിനെക്കുറിച്ചും മതപരവും ചരിത്രപരവുമായ തീര്‍പ്പുകള്‍ എന്തെന്ന് ഈ കുറിപ്പുകാരന് അറിവില്ല. മതവിഷയങ്ങളില്‍ അറിവുള്ളവര്‍ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായപ്പെടട്ടെ.

ആളുകള്‍ വ്യക്തിപരമായും കൂട്ടമായും ഈശ്വരനോട് നടത്തുന്ന ആശയവിനിമയമാണ് ഈശ്വരപ്രാര്‍ത്ഥനയില്‍ നടക്കുന്നത്. അത് തികച്ചും ശാന്തവും പവിത്രവുമായ അന്തരീക്ഷത്തില്‍ നടക്കുന്നതിനായിരിക്കും മതപരമായ അനുവാദമുണ്ടാവുക എന്നാണ് ഈയുള്ളവന്റെ അനുമാനം.

നമ്മുടേത് ഒരു ബഹുമതസമൂഹമാണ്. അത്തരമൊരു സമൂഹത്തില്‍ മതാചാരത്തെ സമരരൂപമാക്കി മാറ്റുന്നത് , സമരത്തെ തന്നെ വിഭാഗീയതയുടെ ഉപകരണമാക്കി മാറ്റുന്നതിനാണ് ഉപകരിക്കുക. മതപരമായ സൗഹൃദത്തെ തകര്‍ക്കുന്നതായി അതു മാറും. സമൂഹത്തിന്റെ ഊടും പാവും തകര്‍ക്കുന്ന, വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുന്ന ഘടകമായി അതു പരിവര്‍ത്തിക്കപ്പെടും. ഒരു ജനാധിപത്യ, മതേതരസമൂഹത്തിനു ഒരിക്കലും അതു അംഗീകരിക്കാനാവില്ല.

ഒരു വികസിത ജനാധിപത്യസമൂഹത്തില്‍ പ്രാര്‍ത്ഥനയ്ക്കും മതാചരണത്തിനും വിശ്വാസപ്രചരണത്തിനും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും. എന്നുവെച്ച് വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ ഇവ അനുവദിക്കപ്പെട്ടിരിക്കുന്നു എന്നല്ല. ഉദാഹരണത്തിനു പ്രാര്‍ത്ഥന നടത്തേണ്ടത്, അതിനായി ഉദ്ദേശിക്കപ്പെട്ട സ്ഥലത്തുമാത്രമാണ്. അതല്ലാത്ത സ്ഥലത്തു നടത്തുമ്പോള്‍, പോലീസിന്റെയും ഭരണനിര്‍വ്വഹണവിഭാഗത്തിന്റെയും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഒരു സ്വാകാര്യവ്യക്തിയുടെ വീടിന്റെ മുന്നില്‍ ചെന്ന് ഉച്ചത്തില്‍ 'ഹല്ലേലുയ' പാടാനുള്ള അവകാശമൊന്നും വിശ്വാസപ്രചരണത്തിന്റെ ഭാഗമായി അനുവദിക്കപ്പെടുന്നതല്ല. സ്വകാര്യവ്യക്തിയെ കണ്ടുമുട്ടുന്നതിനു മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണമെന്നത് ഇന്ന് ആധുനിക സിവില്‍സമൂഹമര്യാദയുടെ ഭാഗമാണ്.

റോഡുകളില്‍ നടത്തപ്പെടുന്ന നമാസ് ഇന്ത്യയില്‍ ഇതിനുമുമ്പ് എത്രയോ തവണ വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്ന ചരിത്രവസ്തുത വിസ്മരിക്കാവുന്നതല്ല.

തെരഞ്ഞെടുപ്പുകളില്‍ വോട്ടു കിട്ടുന്നതിനു മതപരമായ അപേക്ഷ പാടില്ലെന്ന നിബന്ധന നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. ഇതേ തത്വം ജനാധിപത്യത്തിന്റെ ഭാഗമായ സമരങ്ങള്‍ക്കും ബാധകമാക്കേണ്ടതല്ലേ?

മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍, അക്രമത്തിന്റെ ഇടമാണ് എന്നൊരു ആശയം ഭരണതലത്തിലും നിരവധിയായ ക്രിമിനല്‍ ഗുണ്ടാസംഘങ്ങളിലൂടെയും പ്രയോഗത്തില്‍ വരുത്തുന്ന ഫാസിസ്റ്റ് സംഘപരിവാറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇവരുടെ തന്ത്രങ്ങള്‍ക്ക് വിധേയമാകാനും അടി വാങ്ങാനും സ്വയം നമ്മള്‍ നിന്നുകൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതല്ലേ?

കേരളത്തില്‍ ഈയടുത്തകാലത്ത് ഇത്തരം പ്രവണതകളെ മുന്നോട്ടുകൊണ്ടുവരുന്നത് എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മുസ്ലീം രാഷ്ട്രീയവിഭാഗമാണ്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് ഭീഷണിയില്‍ മുസ്ലീങ്ങള്‍ ഇരകളാക്കപ്പെടുകയാണ് എന്നിവര്‍ പറയുന്നു. എന്നാല്‍ ഈ ഇരവാദത്തിന്റെ മറവില്‍ എതിരാളിയെ അനുകരിക്കുന്ന, സ്വയം ഫാസിസവല്ക്കരണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന രീതിയാണ് ഈ വിഭാഗം അനുവര്‍ത്തിക്കുന്നത്. ഇതിനോട് മുസ്ലീങ്ങളിലെ തന്നെ ഭൂരിപക്ഷവും അനുകൂലിക്കുന്നില്ല.

ജനപ്രിയമായ ഇടതുരീതികളെ വികൃതമായി അനുകരിച്ചുകൊണ്ടാണ് ജര്‍മ്മനിയില്‍ നാസിസം തുടങ്ങുന്നത്. പേരിലെ 'നാഷണല്‍ സോഷ്യലിസം' ഇതുകൊണ്ടാണ്. രണ്ടാം ഇന്റര്‍നാഷണല്‍ പാരമ്പര്യത്തിലുള്ള പാര്‍ട്ടികളുടെ പേരിലെ 'സോഷ്യല്‍ ഡെമോക്രസി'യാണ് എസ് ഡി പി ഐ എടുത്തിരിക്കുന്നത്. ഭാഷയിലും സ്വഭാവങ്ങളിലും വഞ്ചനാപരമായി ഇടതുപൊയ്മുഖമാണ് ഇവര്‍ അണിയുന്നത്. അതോടൊപ്പം ശത്രുവായി കരുതപ്പെടുന്ന ആര്‍ എസ് എസിനെ അതേപടി അനുകരിക്കുന്നതിലാണ് ഈ സംഘടനയും ഏര്‍പ്പെട്ടിരിക്കുന്നത്. ആയോധനാഭ്യാസത്തിലൂടെ വിജൃംഭിതമായ ആണത്തം, പെണ്ണിന്റെ ചാരിത്ര്യവും വിശുദ്ധിയും 'സംരക്ഷി'ക്കുന്നതിനുള്ള ആണധികാരപ്രയോഗം, പ്രണയവും ബലാത്സംഗവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനുള്ള ഉപകരണമാക്കുക, നിഗൂഡത തുടങ്ങിയ കാര്യങ്ങളില്‍ ആര്‍ എസ് എസിനെ അനുകരിക്കാനണ് ഇക്കൂട്ടരും ശ്രമിക്കുന്നത്. മഹാ ആരതി, ശിലാപൂജകള്‍, രഥയാത്രകള്‍, ഏകാത്മകതായാത്രകള്‍ തുടങ്ങിയവകളിലൂടെ സംഘപരിവാരം 1980കളിലും 1990കളിലും മതവിശ്വാസത്തെയും ആചാരങ്ങളെയും ബിംബങ്ങളെയും വലിയ രീതിയില്‍ രാഷ്ട്രീയപ്രക്ഷോഭങ്ങളിലേക്ക് ആനയിച്ചു. ഇതിന്റെ ഇസ്ലാമിക പതിപ്പ് ഉണ്ടാക്കുന്നതിനു മുസ്ലീം സമൂഹം അനുവദിച്ചുകൊടുക്കണമോ?

ഇന്ത്യന്‍ ജനതയെയും അതിന്റെ രാഷ്ട്രീയശരീരത്തെയും വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനുവേണ്ടിയാണ് ആധുനിക ജനാധിപത്യ മതേതരസമൂഹത്തിന്റെ മര്യാദകളെ ഒട്ടാകെ കാറ്റില്‍ പറത്തി സംഘപരിവാരം ഇങ്ങനെ ചെയ്യുന്നത്. അതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നുവെങ്കില്‍, ഹിന്ദുത്വഫാസിസത്തെ ശക്തിപ്പെടുത്താനല്ലേ അതു ഉപകരിക്കുക? ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ രാജ്യത്തിന്റെയും ജനതയുടെയും അവസ്ഥ ശൈഥില്യത്തിന്റേതല്ലാതെ മറ്റെന്താകും?

നിലനില്ക്കുന്ന മതേതര ആശയപരിസരത്തെ കലുഷിതമാക്കാന്‍ വേണ്ടി സംഘപരിവാര്‍ നിരന്തരമായി ആരോപിച്ചുവരുന്നതാണ് 'സ്യൂഡോ-സെക്കുലറിസം' എന്നത്. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്ലീങ്ങളോട് ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളും വോട്ടിനുവേണ്ടി പ്രീണനം നടത്തുന്നു എന്നതാണ് ഈ ആരോപണത്തിന്റെ സത്ത. അതേസമയം നമ്മുടെ രാഷ്ട്രശരീരവും ഇന്ത്യന്‍ ദേശീയപ്രസ്ഥാനവും എല്ലാം ഹിന്ദുത്വത്തിന്റേതാണ്, അല്ലെങ്കില്‍ സോഫ്റ്റ് ഹിന്ദുത്വത്തിന്റേതെങ്കിലുമാണ് എന്ന് ചില യുക്തിവാദികളും 'മതേതര'ബുദ്ധിജീവികളും 'കണ്ടെത്തുന്നു'. ഇസ്ലാമികമായ സ്വത്വാവിഷ്‌ക്കാരത്തോടുള്ള അസഹിഷ്ണുത ഇതിന്റെ തുടര്‍ച്ചയാണെന്നും ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നും ഇസ്ലാമികപക്ഷക്കാര്‍ വാദിക്കുന്നു.

ഇത്തരം ആരോപണങ്ങളുടെ അടിയന്തിരസാഹചര്യങ്ങള്‍ പലതാണെന്നതിനാല്‍, വ്യത്യസ്തമായ മഠുപടികളാണ് വേണ്ടിവരിക. പൊതുവില്‍ ഈ ആരോപണങ്ങള്‍ സ്പര്‍ശിക്കുന്ന ചരിത്രപരമായ സംഘര്‍ഷഭൂമിക ഒരു മതാത്മകസമൂഹത്തില്‍ നടക്കുന്ന ആധുനികവല്ക്കരണ, മതെതരവല്ക്കരണപ്രക്രിയയും അതിനോടുള്ള മതസ്വത്വങ്ങളുടെ പ്രതികരണങ്ങളുമാണ്. ജനാധിപത്യപ്രക്രിയ സ്വാഭാവികമായും മതസ്വത്വങ്ങളെ അപ്രധാനമാക്കുകയോ വ്യക്തിതലത്തിലേക്ക് ചുരുക്കുകയോ ചെയ്യുന്നതിനോടുള്ള രോഷപ്രകടനങ്ങളുമാണിത്തരം പ്രതികരണങ്ങള്‍. സമൂഹത്തെ മതേതരവല്ക്കരിക്കുന്ന പ്രക്രിയ ഇനിയും മുന്നോട്ടുകൊണ്ടുപോകാനുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

മധ്യകാലമതാന്ധതകളിലും ജാതിവ്യവസ്ഥയിലും കഴിഞ്ഞിരുന്ന, ഭാഷാപരവും സാംസ്‌ക്കാരികവുമായ അനേകം വൈജാത്യങ്ങളുള്ള ഇന്ത്യന്‍ ജനതയെ ഒരു ദേശീയ ജനസമൂഹമായി, ആധുനിക പൗരസമൂഹമായി ഉദ്ഗ്രഥിക്കുന്ന കടമയാണ് ദേശീയപ്രസ്ഥാനത്തിനു ഏറ്റെടുക്കാനുണ്ടായിരുന്നത്. ഇത് ഒരു മാജിക്കിലെന്നവണ്ണം ഒറ്റയടിക്ക് നേടിയെടുക്കാവുന്ന കാര്യമായിരുന്നില്ല. ദേശീയപ്രസ്ഥാനകാലത്തെ ഓരോ ഘട്ടത്തിലും സ്വതന്ത്രഭാരതത്തിലെ നെഹ്രുവിന്റെ ഘട്ടം വരെയും ഈ ചരിത്രപ്രക്രിയ മുന്നോട്ടുതന്നെയാണ് നീങ്ങിയത്. ദേശീയതയുടെ ആശയങ്ങള്‍ മൊട്ടിടുന്ന ആദ്യഘട്ടം (ബങ്കിം ചന്ദ്ര ചാറ്റര്‍ജി), സ്വദേശി കാലഘട്ടം ( തിലകന്‍, ടാഗോര്‍), ഗാന്ധി കാലഘട്ടം എന്നിങ്ങനെ ദേശീയപ്രസ്ഥാനകാലത്തെ വിഭജിക്കാമെങ്കില്‍, ഈ ഓരോ ഘട്ടത്തിലും മതാത്മകതയില്‍ നിന്നു വിമുക്തമാകുന്നതിന്റെയും പാരമ്പര്യങ്ങളെ അറുത്തുമാറ്റുന്നതിന്റെയും പ്രക്രിയ മുന്നോട്ടുതന്നെയാണ് പോയിട്ടുള്ളത് എന്നു കാണാനാവും. എന്നാല്‍ മതാത്മകതയില്‍ നിലനില്ക്കുന്ന ജനതയെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി മതാത്മകതയെ തന്നെ ഉപയോഗപ്പെടുത്തുന്ന രീതി ഗാന്ധിയിലും മുമ്പുള്ളവരിലും പ്രകടമായി കാണാം. ആ കാലഘട്ടത്തിന്റെ പരിമിതിയായി ഇതിനെ പരിഗണിക്കാം.

ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനം രൂപം നല്കിയ സമരരൂപങ്ങളില്‍ മതാത്മകമായ ഉപവാസങ്ങളും ഈശ്വരപ്രാര്‍ത്ഥനകളും ഉണ്ടാകുന്നത് ഇതുമൂലമാണ്. ഗാന്ധി തന്റെ പിന്‍ഗാമിയായി നെഹ്രുവിനെയാണ് പിന്തുണച്ചത്. തന്റെ തന്നെ മതാത്മകതകള്‍ക്ക് തുടര്‍ച്ച ഉണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കില്‍, സെക്കുലര്‍ ആയ നെഹ്രുവിനെ അദ്ദേഹം പിന്തുണയ്ക്കുമായിരുന്നില്ല.

ആധുനിക കാലഘട്ടത്തില്‍ നിന്നു ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍, അദ്ദേഹത്തിന്റെ മതാത്മകമായ കാര്യങ്ങളെല്ലാം ദേശീയപ്രസ്ഥാനത്തിനോടൊപ്പം തുടരേണ്ടതുണ്ട് എന്നു കരുതാനാവില്ല. അങ്ങനെ തുടരുന്നില്ല തന്നെ. നമ്മുടെ തന്നെ കാഴ്ച്ചപ്പാടുകള്‍ വികസിക്കുന്നതനുസരിച്ച് ഗാന്ധിജിയെക്കുറിച്ചുള്ള വിലയിരുത്തലുകളും മാറിവരും. ചെറിയ ഉദാഹരണം പറയാം. ഗാന്ധി സ്വയം കരുതിയിരുന്നത്, തന്റെ സമരരീതികള്‍ അഹിംസാസിദ്ധാന്തത്തിലധിഷ്ഠിതമാണ് എന്നാണ്. എന്നാല്‍ ഉണ്ണാവ്രതത്തിലൂടെ സ്വന്തം ശരീരത്തിലേല്പ്പിക്കുന്ന പീഡനങ്ങള്‍ ഹിംസ തന്നെയാണെന്നാണ് 'ഹോളി ടെറര്‍' എന്ന പുസ്തകത്തില്‍ ടെറി ഈഗിള്‍ടണ്‍ പറയുന്നത്. സമൂഹത്തിലെ ഏതൊരാളുടെയും ശരീരത്തിന്റെ ക്ഷേമം ആ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് എന്ന ആധുനികകാലബോധത്തെ അടിസ്ഥാനമാക്കിയേ ഇത്തരമൊരു നിലപാടിലെത്താനാവൂ എന്ന് വ്യക്തമാണ്.

സ്വതന്ത്രഇന്ത്യയില്‍ നെഹ്രു കാലഘട്ടത്തിനുശേഷം ഇന്ദിരാ ഗാന്ധിയുടെ സമയത്താണ് കാര്യങ്ങള്‍ തകിടം മറിയുന്നതും മതേതരവല്ക്കരണപ്രക്രിയക്ക് ഇടിവു തട്ടുന്നതും. ഭരണഘടനയില്‍ 'സെക്കുലര്‍' എന്ന പദം എഴുതിചേര്‍ത്തെങ്കിലും 'സര്‍വധര്‍മ്മ സമഭാവന'യെന്ന വികലമായ വ്യാഖ്യാനത്തോടെയുള്ള സെക്കുലറിസമായിരുന്നു അത്. പൗരനോടൊപ്പം മതങ്ങളും ഭരണഘടനയിലൂടെ അഭിസംബോധന ചെയ്യപ്പെടുന്നു എന്ന നില വന്നു. മതവര്‍ഗ്ഗീയസംഘടനകള്‍ ഇക്കാലത്ത് സജീവമാക്കപ്പെട്ടു. ആഗോളസാമ്രാജ്യത്വപ്രതിസന്ധി 1970ല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ദേശനിര്‍മ്മാണപദ്ധതിയും പ്രതിസന്ധിയിലായതാണ് മതേതരത്വവല്ക്കരണത്തിലെ ഇടിവിനു കാരണമെന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടെത്താനാവും. 1990കളില്‍ ആഗോളവല്ക്കരണപദ്ധതി നടപ്പാക്കപ്പെടുന്നതോടുകൂടിയാണ് ഇന്ത്യയില്‍ ഹിന്ദുത്വഫാസിസ്റ്റ് ശക്തികള്‍ വളരുന്നത്.

2014 ല്‍ മോഡി അധികാരത്തില്‍ വന്നതിനുശേഷം ഭരണഘടനയുടെ നിലനില്പ്പ് തന്നെ അപകടത്തിലാവുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനെതിരായ സമരപ്രസ്ഥാനത്തിനു ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആധുനികപൗരസമൂഹനിര്‍മ്മിതിയെന്ന ലക്ഷ്യത്തെ മുന്നോട്ടുകൊണ്ടുപേകേണ്ടതുണ്ട്. ഫാസിസത്തിന്റെ തന്നെ പതിപ്പുകള്‍ സൃഷ്ടിച്ചുകൊണ്ടല്ല അതു സാധ്യമാകുക. മറിച്ച് മതേതരവല്‍ക്കരണത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോയിട്ടാണ്.

ഹിന്ദുത്വശക്തികളുടെ അന്യമതവിദ്വേഷപ്രചരണവും അഭ്യന്തര 'ശത്രു' നിര്‍മ്മാണവും മുന്നേറിയ ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക സ്വത്വങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കുന്നതില്‍ വിജയിച്ചിരിക്കുന്നതായി കാണാം. മുസ്ലീം ആയ ഒരാള്‍ക്ക് 'ഞാന്‍ മറാഠി' അല്ലെങ്കില്‍ 'ഞാന്‍ ഗുജറാത്തി' എന്നു പറയാനാവാത്ത സ്ഥിതിയാണുള്ളത്. 'ഞാന്‍ ഇന്ത്യാക്കാരന്‍' എന്ന് ഒരു മുസ്ലീമിനു പറയാനാകാത്ത സ്ഥിതി സംജാതമാകുമോ എന്ന് ഭയപ്പെടേണ്ട സ്ഥിതിയാണ് ഇന്നുള്ളത്.

കേരളീയസമൂഹം ഇത്തരം അപരത്വനിര്‍മ്മാണശ്രമങ്ങളെ ശക്തമായി ചെറുത്തുനില്ക്കുന്നു എന്നു കാണാനാവും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനാധിപത്യവല്ക്കരണപ്രക്രിയയ്ക്ക് കേരളീയസമൂഹത്തില്‍ കൂടുതല്‍ വേരോട്ടമുള്ളതുകൊണ്ടാണിത്. പൊതുസമൂഹത്തിന്റെ ഒപ്പമല്ലാതെ കേരളത്തിലെ മുസ്ലീങ്ങള്‍ വേറിട്ട ഇടങ്ങള്‍ കണ്ടെത്തുന്നില്ല.

ഇതുണ്ടാക്കിയ ഉയര്‍ന്ന തലത്തിലുള്ള സാമൂഹ്യബോധം ഫാസിസ്റ്റ് ശക്തികളുടെ വര്‍ഗ്ഗീയപ്രകോപനങ്ങളെ സംയമനത്തോടെ സമീപിക്കാന്‍ കേരളത്തിലെ മുസ്ലീങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ഒരു പള്ളിയിലെ മൗലവി കൊല്ലപ്പെട്ടപ്പോഴും കൊടിഞ്ഞിയില്‍ ഫസല്‍ കൊല്ലപ്പെട്ടപ്പോഴും മുസ്ലീം മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ കാണിച്ച സംയമനവും പക്വതയും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയതാണ്.

പ്രാര്‍ത്ഥന പോലുള്ള മാതാചാരങ്ങളെ സമരരൂപങ്ങളാക്കുന്ന കാര്യത്തിലും മുസ്ലീം മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതേ ഉയര്‍ന്ന ചിന്ത പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow