Loading Page: എ.കെ.ജി, ഗാന്ധിജി, ബലറാം, പീഡനം

ഒപ്പീനിയന്‍

പി.ജെ. ബേബി

 

എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണ്. ബലറാമിന്റെ പോസ്റ്റിനെ കോണ്‍ഗ്രസ്സിന്റെ ഒരു സീനിയര്‍ നേതാവും പിന്താങ്ങാന്‍ തയ്യാറായിട്ടില്ല. അതേസമയം ബലറാമിനെതിരെ നടപടിയെടുക്കാനോ, പോസ്റ്റ് പിന്‍വലിക്കാനാവശ്യപ്പെടാനോ മുന്നോട്ടു വന്നിട്ടുമില്ല. ഇതേത്തുടര്‍ന്ന് ബലറാമിന്റെ ഓഫീസിനെതിരെ ചില ആക്രമണങ്ങളും, ഫേസ് ബുക്കില്‍ തെറിവര്‍ഷങ്ങള്‍, ശകാരങ്ങള്‍ സഭ്യമായ ഭാഷയില്‍ തന്നെയുള്ള നിശിത വിമര്‍ശനങ്ങള്‍ എന്നിവയും നടക്കുന്നു. മറുവശത്ത് പീഡോഫീലിയ (ശിശുലൈംഗിക പീഡനക്കാര്‍)ക്ക് എ.കെ.ജി യെ മുന്‍നിര്‍ത്തി ന്യായീകരണമൊരുക്കുന്നതിലേക്കാണ് ബലറാമിന്റെ പോസ്റ്റ് എത്തിച്ചേരുന്നതെന്ന വിമര്‍ശനമടക്കം പീഡോഫീലിയയും ചര്‍ച്ചാവിഷയമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ലൈംഗിക സദാചാര പൊതുബോധവും ചര്‍ച്ചക്കു വിഷയമാകുന്നുണ്ട്.

ലൈംഗികത, മദ്യപാനം എന്നിവയുമായിബന്ധപ്പെട്ട സദാചാരത്തിന് ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ വമ്പിച്ച പ്രാധാന്യം വന്നതിന് ഒരുത്തരവാദി ഗാന്ധിജിയാണ്. എങ്കിലും ഗാന്ധിജിക്കു മുമ്പേ തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ നവോത്ഥാന പ്രസ്ഥാനക്കാര്‍ക്കിടയില്‍ വിക്ടോറിയന്‍ സദാചാരം അതിശക്തമായിരുന്നു. കേരളത്തിന്റെ ഗുരുവായിത്തീര്‍ന്ന ശ്രീനാരായണഗുരു സ്ത്രീ ശരീരത്തിന്റെ പ്രലോഭനമുണര്‍ത്തുന്ന പീഡകളില്‍നിന്നു രക്ഷപ്പെടുന്നതിന്റെ കാഠിന്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അനശ്വര പ്രണയത്തിന്റെ സ്മാരകമായി താജ് മഹലിനെക്കുറിച്ചൊക്കെ പറയുമെങ്കിലും വ്യക്തിഗത ലൈംഗിക പ്രേമം വളരാനും വികസിക്കാനും വേണ്ട സാഹചര്യമൊന്നും സമൂഹത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കാര്യമായൊന്നും നിലനിന്നിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ ആദ്യനേതാക്കളില്‍ പ്രമുഖനായ ബാലഗംഗാധര തിലകന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തില്‍ നിന്ന് പന്ത്രണ്ടാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തെ നിശിതമായി എതിര്‍ക്കുകയായിരുന്നു. എല്ലാ മത-ജാതി സമുദായങ്ങളിലും അക്കാലത്ത് വിവാഹപ്രായം ആ നിലയിലായിരുന്നു.

പിന്നീട് ശൈശവ വിവാഹത്തിന്റെ പ്രായ പരിധികൂടി വന്നു. രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങള്‍ സ്ത്രീ വിദ്യാഭ്യാസവും സ്ത്രീകളുടെ അടിമത്തത്തിന്റെ ഭാഗമായ സതി അടക്കമുള്ള കൊടും ക്രൂരതകളും അവസാനിപ്പിക്കുന്നതിനുവേണ്ടി രംഗത്തുവന്നു. പക്ഷേ, അന്നത്തെ മാതൃകാ സ്ത്രീ സങ്കല്പം ഇന്നത്തെ 'തുല്യനീതി' എന്ന കാഴ്ചപ്പാടില്‍ നിന്ന് എത്രയോ അകലെയായിരുന്നു. തുല്യനീതിയും മാതൃകാസ്ത്രീ പുലര്‍ത്തണ്ട സദാചാര/സ്വാതന്ത്ര്യവും തമ്മിലുള്ള അകലം ക്രമേണ കുറഞ്ഞുവരികയായിരുന്നു. ഇന്ന് പ്രായപൂര്‍ത്തിയായ പുരുഷനും/ സ്ത്രീക്കും വിവാഹമൊന്നും കൂടാതെ തനിക്കിഷ്ടമുള്ള ഏതു വ്യക്തിയുടെ കൂടെയും ജീവിക്കാം എന്ന ഭരണഘടനാ സങ്കല്പം സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുമ്പോഴും കീഴ്ക്കോടതികള്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ മേല്‍ അച്ഛനുമമ്മക്കുമുള്ള അവകാശങ്ങള്‍ അടിവരയിട്ടുറപ്പിക്കുന്ന വിധികള്‍ പുറപ്പെടുവിക്കുന്നു. 'അനാശാസ്യ'ത്തിന്റെ പേരില്‍ പോലീസ് നടത്തുന്ന കുതിരകയറ്റങ്ങള്‍ തുടരുന്നു. നിയമ സംവിധാനങ്ങള്‍ തന്നെ ഇങ്ങനെയാകുമ്പോള്‍ പൊതുസമൂഹബോധത്തിന്റെ കാര്യം പറയേണ്ടതുമില്ല.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു നോവലായ ആരോഗ്യനികേതനത്തില്‍ മഞ്ജരിക്ക് ഭൂപിബോസുമായുള്ള പ്രേമം, ജീവന്‍ മശായിക്ക് മഞ്ജരിയോടുള്ള ഏകപക്ഷീയ പ്രേമം എന്നിവ കഥാഘടനയില്‍ പ്രധാനമാണ്. അതുകൊണ്ടിന്നാരും ബിഭൂതിഭൂഷന്‍ എന്ന നോവലിസ്റ്റിനെ പീഡോഫിന്‍ എന്നു വിളിക്കുമെന്നു തോന്നുന്നില്ല. പോയകാല പിന്നോക്ക-ഗോത്ര ജീവിതത്തില്‍ 25 വയസ്സാകുമ്പോഴേക്കും സ്ത്രീകള്‍ വൃദ്ധകളാകുന്നതിനേക്കുറിച്ച് ബര്‍ട്രാഡ് റസ്സല്‍ സദാചാരത്തെ സംബന്ധിച്ച തന്റെ കൃതിയില്‍ പറയുന്നുണ്ട്. അക്കാലത്ത് എന്തെങ്കിലും പ്രേമം (അഥവാ ലൈംഗികാര്‍ഷണം) 18 വയസ്സിനു മുമ്പായിരുന്നു. 14-15 വയസ്സിനകം കുട്ടികളും വിവാഹിതരാകുകയും 18 വയസ്സിനകം പെണ്‍കുട്ടി രണ്ടോ മൂന്നോ പ്രസവിച്ചു കഴിയുകയും ചെയ്യുന്നതായിരുന്നു അന്നത്തെ സാഹചര്യം.

അതുകൊണ്ട് കസ്തുര്‍ബായുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ഗാന്ധിജിയെ സംബന്ധിച്ച് ഇന്നും ഒരു കുറ്റമാക്കേണ്ടതില്ല. അദ്ദേഹത്തിന്റെ ബ്രഹ്മചര്യ പരീക്ഷണം വിമര്‍ശിക്കപ്പെടേണ്ടതാണ്. പക്ഷേ എത്രയോ ഗുരുതരമായി അദ്ദേഹത്തെ വിമര്‍ശിക്കേണ്ട സംഗതി വിവാഹം കഴിച്ചവരോട് ബ്രഹ്മചര്യം പാലിച്ചു ജീവിക്കാനദ്ദേഹം കടുത്ത ധാര്‍മ്മിക സമ്മര്‍ദ്ദം ചെലുത്തിയതാണ്. അങ്ങനെ, ആചാര്യ ക്രിപലാനിയും സുചേതാ ക്രിപലാനിയും ബ്രഹ്മചര്യം പാലിക്കാന്‍ പ്രതിജ്ഞചെയ്തു.

പക്ഷേ പ്രശ്നം അതല്ല. ഈ മൂന്നു കാര്യങ്ങള്‍ വെച്ചാണോ നാം ഗാന്ധിജിയെ വിലയിരുത്തേണ്ടതെന്നാണ്. കാള്‍ മാര്‍ക്സ് വേലക്കാരിയ ഹെലന്‍ ഡെമുത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഒരു കുട്ടിയുണ്ടായി. ഹെലന്‍ ഡെമുത്ത് വെറുമൊരു വേലക്കാരിയായിരുന്നില്ല. മാര്‍ക്സിന്റെ കുടുംബത്തിലെ മൂന്നാം സ്ഥാനക്കാരിയായിരുന്നു. മാര്‍ക്സും ജെന്നിയും കഴിഞ്ഞാല്‍ ഏറ്റവും പ്രധാനി. അതുകൊണ്ട് വിവരണാതീതമായ ബുദ്ധിമുട്ടുകള്‍ സഹിച്ച് തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി 'കാതലായ എന്തെങ്കിലും ചെയ്യുന്ന'തില്‍ ഉറച്ചു നിന്നതും ഒരു 'കാളയെ'പ്പോലുള്ള സമൃദ്ധ സുഖജീവിതം വേണ്ടെന്നുവച്ചതും റദ്ദാകുമോ? ഇത്രകണ്ട് ത്യാഗം അദ്ദേഹം സഹിച്ചത് ഒരു നാസി പാര്‍ട്ടിക്കുവേണ്ടിയായിരുന്നെങ്കില്‍ നാമദ്ദേഹത്തെ അറിയുമായിരുന്നോ?

ഞാന്‍ എ.കെ.ജി യെയും ഗാന്ധിജിയെയും മാര്‍ക്സിനെയും ബഹുമാനിക്കുന്നു. 13-ാം വയസ്സില്‍ സുശീല എ.കെ.ജി-യുടെ മനസ്സില്‍ക്കയറിക്കുടിയ ശേഷം 22-ാം വയസ്സില്‍ എ.കെ.ജി സുശീലയെ വിവാഹം ചെയ്തതില്‍ ഒരു ബാല പീഡനവും ഞാന്‍ കാണുന്നില്ല. അഞ്ചും ആറും വയസ്സു മുതല്‍ കളിക്കൂട്ടുകാരായ ആണ്‍-പെണ്‍ കുട്ടികള്‍ വളരുന്നതിനനുസരിച്ച് അവരുടെ ഇഷ്ടങ്ങളുടെയും സ്നേഹത്തിന്റെയും നിറം മാറി ഒടുവില്‍ വിവാഹം കഴിച്ചാലോ കഴിക്കാതിരുന്നാലോ ഇന്നുമതില്‍ തെറ്റുണ്ടെന്നും കരുതുന്നില്ല. അതായത് 'സദാചാര' ദൃഷ്ട്യാ എ.കെ.ജി തെറ്റുചെയ്തിട്ടില്ല. എന്നാല്‍ ഗാന്ധിജിയും മാര്‍ക്സും തെറ്റ് ചെയ്തുവെന്നു പറയാം. എ.കെ.ജി യോളം മര്‍ദ്ദനവും പീഡനങ്ങളും ജയിലും വിശപ്പും മറ്റു രണ്ടു പേരും അനുഭവിച്ചിട്ടില്ല. എങ്കിലും ഞാന്‍ കൂടുതല്‍ എന്റെ മനസ്സില്‍ ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നത് മാര്‍ക്സിനെയും ഗാന്ധിയെയുമാണ്. ഓരോരുത്തരും മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ വഹിച്ച പങ്കാണ് അടിസ്ഥാനം. അത് എ.കെ.ജി യോടുള്ള ബഹുമാനക്കുറവല്ല. എന്റെ മാനദണ്ഡം എല്ലാവരും സ്ഥീകരിക്കണ്ടതില്ല. എങ്കിലും വ്യക്തികള്‍ ചരിത്രത്തിലും സമൂഹത്തിലും വഹിച്ച പങ്കാണ് മാനദണ്ഡമാകേണ്ടത്. അവര്‍ക്കുണ്ടായ മാനുഷിക ദൗര്‍ബ്ബല്യത്തിന്റെ പേരിലല്ല അവര്‍ വിലയിരുത്തപ്പെടേണ്ടത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒന്നിച്ചുവരുന്ന സ്ത്രീപുരുഷന്മാര്‍ 'സദാചാര'ത്തിന് പരമപ്രാധാന്യം നല്കണമെന്ന നിലപാട് ഗാന്ധിജിയുടെ കോണ്‍ഗ്രസ്സില്‍ നിന്നു വന്നതാണ്. കമ്യൂണിസ്റ്റുകാര്‍ കള്ളുകുടിയന്മാരും സ്ത്രീകളെ പൊതുസ്വത്താക്കുന്നവരുമാണ് എന്ന പ്രചരണത്തിന്റെ കൂടെ പശ്ചാത്തലത്തില്‍, കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സ് സദാചാരം തങ്ങള്‍ക്കിടയില്‍ പതിന്മടങ്ങ് ശക്തമാക്കി.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം പഴയ ഗാന്ധിയന്മാരെ പിന്തള്ളി പുതിയ ഒട്ടേറെ നാട്ടുപ്രമാണിമാര്‍ കോണ്‍ഗ്രസ്സിലേക്കു കടന്നുവന്നു. അവരില്‍ വളരെയേറെപ്പേര്‍ നാട്ടുപ്രമാണി സ്വഭാവത്തിനനുസരിച്ച് വിക്ടോറിയന്‍ സദാചാരം അത്രയൊന്നും പാലിച്ചില്ല. ആ ആദര്‍ശ ഭ്രംശങ്ങളായി, പലപ്പോഴും കോണ്‍ഗ്രസ്സിനെ താറടിക്കാന്‍ ഗ്രാമങ്ങളിലെങ്കിലും കമ്യൂണിസ്റ്റുകാരുടെ മുഖ്യ ആയുധം മറുവശത്ത് ഒളിവിലിരുന്ന കാലത്ത് സകലവീടുകളിലും കമ്യൂണിസ്റ്റുകാര്‍ 'കള്ളവെടി' നടത്തുകയായിരുന്നുവെന്ന കഥകള്‍ കോണ്‍ഗ്രസ്സുകാരും പ്രചരിപ്പിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം പൊതുവേ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒളിവിലിരിക്കേണ്ടി വന്നിട്ടില്ല. അടിയന്തിരാവസ്ഥക്കു ശേഷം മുഖ്യധാരാ കമ്യൂണിസ്റ്റുകാര്‍ക്കും അതു വേണ്ടിവന്നില്ല. ഇതിനിടെ ഒരിക്കലും ഒളിവിലിരിക്കാത്ത സംഘപരിവാര്‍ രംഗത്തുവന്നു. അവര്‍ക്ക് കേരളത്തില്‍ രാഷ്ട്രീയമൊന്നും പറയാനില്ലാതിരുന്നതു കൊണ്ട് കമ്യൂണിസ്റ്റുകാരുടെ ഒളിവിലെ 'കള്ളവെടി' മുഖ്യവിഷയമായി.

ആ 'കള്ളവെടി' ആരോപണം 'ഒളിവിലെ വിപ്ലവപ്രവര്‍ത്തന'മെന്ന പരിഹാസത്തോടെ ബലറാം ഏറ്റെടുത്തപ്പോള്‍ അദ്ദേഹം ദേശീയപ്രസ്ഥാന ധാരയെ മൊത്തമാണാക്ഷേപിച്ചത്. ഒളിവിലിരുന്ന വിപ്ലവകാരികള്‍, കോണ്‍ഗ്രസ്സുകാര്‍, സോഷ്ലിയസ്റ്റുകാര്‍ എന്നിവരൊന്നും 'കള്ളവെടി'യില്‍ ഒരിക്കലും ഉള്‍പ്പെട്ടിട്ടില്ലേ? സ്ത്രീ പുുരഷബന്ധങ്ങളില്‍ ആധിപത്യവും സമ്മര്‍ദ്ദവും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, ആ ബന്ധങ്ങള്‍ പലപ്പോഴും അതിമനോഹരമായിരുന്നിരിക്കില്ലേ?

പക്ഷേ ബലറാമിനെ വിമര്‍ശിക്കുന്ന കമ്യൂണിസ്റ്റുകാരും സ്വയം വിമര്‍ശനം നടത്തേണ്ടതുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ 'സ്ത്രീവിഷയം' പൊതുവേദികളിലുന്നയിക്കുന്നവരില്‍ സി.പി.ഐ.(എം) ആയിരുന്നില്ലേ കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടായി മുന്നില്‍? നാവെടുത്താല്‍ എം എം മണി 'മറ്റേപ്പണി'യിലേക്ക് കടന്നിരുന്നത് ഏതുബോധത്തില്‍ നിന്നാണ്? നെഹ്‌റു കുടുംബത്തിന്റെ പ്രസവം കൊടിയേരിക്കു തന്നെ വിഷയമായി വന്നത് ഒരു നല്ല രീതിയിലുള്ള വിമര്‍ശനമായിരുന്നോ?

ഫേസ്ബുക്കില്‍ മുഴുവന്‍ ആ വിഷയത്തില്‍ വന്‍തോതില്‍ തെറിവിളി നടക്കുന്നു. അമ്മയുടെ '----'ഉം 'എത്ര തന്ത'യുണ്ടെന്നതുമാണ് പല ഇടതുപക്ഷക്കാരും ചോദിക്കുന്നത് ഒരു മനുഷ്യന് ഒരു തന്തയേയുണ്ടാവൂ എന്ന് ശാസ്ത്രം പറയുന്നു. തന്തയില്ലാത്തവര്‍ എന്ന ഓരോ പ്രയോഗവും തങ്ങളുടേതുല്ലാത്ത കുറ്റത്തിന് തന്തയാരെന്നറിയാതെ ഈ ഭൂമിയില്‍ വന്നു പിറന്ന അനാഥരെ എത്രയാണ് മുറിവേല്പിക്കുക? അമ്മയുടെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗ്ഗം, അതുതന്നെയാണ് സ്വര്‍ഗ്ഗം എന്നെല്ലാം പറയുന്നവര്‍ അമ്മയുടെ ലൈംഗിക സ്വഭാവവും, '-----'ഉം, ഒന്നു പറഞ്ഞ് രണ്ടാം വാക്കിന് എടുത്തിടുമ്പോള്‍ അവരുടെ സാംസ്‌കാരിക നിലവാരമെന്താണ്?

ബലറാം മാപ്പു പറയണമെന്നാരും ആവശ്യപ്പെടരുത്. 'കള്ളവെടി'യും 'ബാലപീഡന'വും തികച്ചും വസ്തുതാവിരുദ്ധമായി ആ മനുഷ്യന്‍ എ കെ ജി ക്കെതിരെ പറഞ്ഞു എന്നത് ഇദ്ദേഹത്തിന്റെ നിലവാരത്തിന്റെ ഒരടയാളമായി എന്നേക്കും കിടക്കട്ടെ. ഇതിനെത്തുടര്‍ന്നും ഇതിനുമുമ്പും തെറിവിളി മുഖ്യപ്രവര്‍ത്തനമാക്കിയ മറ്റു ഇടത് വലത്-ഹിന്ദുത്വ-ഇസ്ലാമിസ്റ്റ്-സ്വത്വവാദികളുടെ ലിഖിതങ്ങളും അവര്‍ പിന്‍വലിക്കരുത്. അതവരുടെയും ലേബലായി അവിടെക്കിടക്കട്ടെ. മനുഷ്യരിലേറ്റവും സ്നേഹവാത്സല്യങ്ങളുല്പാദിപ്പിക്കുന്ന, ഏറ്റവുമധികം സുഖവും ആസ്വാദ്യതയും നല്കുന്ന, സ്ത്രീ പുരുഷ ലൈംഗിക ബന്ധവും, ലൈംഗികയവയവങ്ങളും തെറിയായി വര്‍ഷിക്കുന്നത് നമ്മെയാരെയും പൊള്ളിക്കാത്ത ഒരു ശാസ്ത്രീയ ബോധത്തിലേക്ക് ഉയരാന്‍ നമുക്കു ശ്രമം നടത്താം.

NB: ഒരു തരത്തിലും ഇത് പീഡോഫീലിയക്കു ന്യായീകരണമല്ല. അറിവോ പ്രതിരോധശേഷിയോ ഇല്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ആസൂത്രിത തന്ത്രങ്ങളിലൂടെ വരുതിയിലാക്കി ഉപയോഗിക്കുന്ന രീതി തീര്‍ത്തും കുറ്റകരമായി വിലയിരുത്തപ്പെടണം. കുട്ടികള്‍ക്ക് സ്വതന്ത്രമായി വളര്‍ന്നു വരാന്‍ കഴിയണം.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow