Loading Page: ഇന്നു ലെനിന്‍, നാളെ ?

ലേഖനം

 ഇ.പി. കാര്‍ത്തികേയന്‍

സഹോദരന്‍ അയ്യപ്പന്റെ അമ്പതാം ചരമവാര്‍ഷിക ദിനത്തിലാണ് സംഘപരിവാറിന്റെ പുതിയൊരു വെല്ലുവിളി പുറത്തുവരുന്നത് എന്നത് ചിന്തനീയമാണ്. തമിഴ്നാടിനെ ജനാധിപത്യവത്കരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച തന്തൈ പെരിയോറിന്റെ പ്രതിമകള്‍ നീക്കം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ തമിഴ്നാട്ടിലെ നേതാവ് ആവശ്യപ്പെടുന്നത്. അതിന് ധൈര്യം ലഭിച്ചതാകട്ടെ ത്രിപുരയില്‍ ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെയാണ്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ എന്തൊക്കെ ചെയ്യുമെന്നും സംഘപരിവാര്‍ യാതൊരു മറയുമില്ലാതെ വ്യക്തമാക്കുകയാണ്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ ഇല്ലാതാക്കുന്നത് അഫ്ഗാനിസ്ഥാനില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിനു സമാനമായ നടപടിയാണ്. മതഭീകരവാദികളുടെ ഉറക്കം കെടുത്തുന്നതാണ് ബുദ്ധന്‍, ലെനിന്‍, പെരിയോര്‍ എന്നിവരുടെ പ്രതിമകളെന്നു വരുന്നു. ഇത്തരം നീക്കങ്ങള്‍ക്കു കാരണം അവരെല്ലാം ശാസ്ത്രീയമായ ചിന്തകളെ വളര്‍ത്താന്‍ ശ്രമിച്ചവരാണെന്നതാണ്. ജാതിക്കും മതത്തിനും അപ്പുറത്ത് വിവേചനങ്ങളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ചതാണ് അവര്‍ ചെയ്ത തെറ്റ്. എന്നാല്‍ പെരിയോറുടെ തല കൊയ്യണമെന്ന് ആവശ്യപ്പെടുന്ന സംഘിനേതാവ് പറയുന്നത് പെരിയോര്‍ ജാതീയത വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ്. ഇത് കേവലമായ ഒരു തമാശയല്ല. ചരിത്രത്തെ അപനിര്‍മ്മിക്കുന്ന നിഷേധാത്മകമായ ചിന്തയാണ്. ജാതിക്കും അയിത്താചരണത്തിനും മതതീവ്രവാദത്തിനും എതിരെ ഒരു ജനതയെ നയിച്ച മഹത്തായ ജീവിതമാണ് പെരിയോറിന്റേത്. അതുകൊണ്ടാണ് അദ്ദേഹം വൈക്കം സത്യഗ്രഹത്തിന്റെ കൂടി ഭാഗമായത്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ പെരിയോറില്‍ ജാതീയതയുടെ അപമാനം വച്ചുകെട്ടുകയാണ്. ഇത് ഒരര്‍ഥത്തില്‍ തമിഴ്ജനതയ്ക്കും ജനാധിപത്യവാദികള്‍ക്കും നല്‍കുന്നത് ഭീഷണിയെന്നതുപോലെ നല്ലൊരു പാഠവുമാണ്. തങ്ങളുടെ സാമൂഹികവിരുദ്ധമായ ചിന്തകളെ ചോദ്യം ചെയ്യുന്നതോ വളരാന്‍ അനുവദിക്കാത്തതോ ആയ യാതൊന്നിനെയും അംഗീകരിക്കില്ലെന്നും തകര്‍ത്തുകളയുമെന്നുമാണ് അവര്‍ പറയുന്നത്. വര്‍ണവ്യവസ്ഥയുടെ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി വാദിക്കുന്നവര്‍ ആദ്യം ചെയ്തത് ബുദ്ധപ്രതിമകള്‍ തകര്‍ക്കലായിരുന്നു. യുക്തിവിചാരത്തിന്റെ ധാരകളെ കുഴിച്ചുമൂടുന്നതിനു ആ സാഹിത്യത്തെപ്പോലും കത്തിച്ചുകളഞ്ഞു. വിജ്ഞാനകേന്ദ്രങ്ങളായിരുന്ന നളന്ദ, തക്ഷശില സര്‍വകലാശാലകളും ലൈബ്രറികളും ചുട്ടെരിച്ചു. അതിന്റെ തുടര്‍ച്ചയാണിപ്പോള്‍ എച്ച്. രാജയുടെ നാവിലൂടെ ബഹിര്‍ഗമിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം പെരിയോറിന്റെ ചിന്തകള്‍ക്കു സമാനമായ ഒന്നാണ് സഹോദരന്‍ അയ്യപ്പന്റെ ചിന്തകളും. ദേശവ്യാപകമായിട്ടാണെങ്കില്‍ അംബേദ്കറുടെ ചിന്തകളും. യഥാര്‍ത്ഥത്തില്‍ സംഘപരിവാറിന്റെ ലക്ഷ്യം യുക്തിചിന്തകളുടെയും ജീവിതവ്യവഹാരങ്ങളുടെയും അന്ത്യമാണ്. ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ത്രിപുരയിലെ വിജയം അവര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നുണ്ട്. അതാണ് ഫാസിസത്തിന്റെ സവിശേഷത. ആ സവിശേഷത കൂടുതല്‍ കൂടുതല്‍ അനാവൃതമാകുന്നതാണ് ഇനിയുള്ള നാളുകളില്‍ നാം ദര്‍ശിക്കുക. ഇന്നു ലെനിനെങ്കില്‍ നാളെ അത് പെരിയോറാകും. പിന്നെ അംബേദ്കറും സഹോദരന്‍ അയ്യപ്പനും ഒരുപക്ഷേ, ശ്രീനാരായണഗുരു വരെയും ആ പട്ടിക നീളാം. ഗാന്ധിജിയും പട്ടികയില്‍ വരാം.

തമിഴ്നാട്ടില്‍ പെരിയോറിനെ തകര്‍ക്കാതെ സംഘിബോധത്തിനു ശക്തമായ അടിത്തറയുണ്ടാക്കാനാവില്ലെന്നു അവര്‍ക്കറിയാം. മധ്യവര്‍ഗത്തിനു പ്രാമുഖ്യമുള്ള തമിഴ്നാട് പതുക്കെപ്പതുക്കെ തങ്ങള്‍ക്ക് അനുകൂലമാക്കാം എന്ന ധാരണ അതിനു പ്രേരണയാണ്. ദ്രാവിഡമായ വേറിട്ട ശക്തിസൗന്ദ്യര്യത്തില്‍നിന്നും ഭിന്നമായി ബ്രാഹ്മണിക്കലായ ജീവിതപരിസരത്തേക്ക് അടുത്തുക്കൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍ തമിഴ്നാടിന്റെ സാഹചര്യം. അണ്ണാദുരൈ വരെ എത്തിനിന്ന ദ്രാവിഡപാരമ്പര്യം എം.ജി.ആറിലേക്കെത്തുമ്പോള്‍ വഴിമാറി തുടങ്ങിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കരുണാനിധിയുടെ പാത പോലും ജാതിമേധാവിത്തത്തോട് സന്ധി ചെയ്യുന്നതാണ് പിന്നീട് നാം കാണുന്നത്. പെരിയോറിന്റെ തുടര്‍ച്ച എന്നേ നഷ്ടപ്പെട്ടു. ഇവിടെ ശ്രീനാരായണഗുരുവില്‍നിന്നും വളര്‍ന്ന് സഹോദരന്‍ അയ്യപ്പനിലൂടെ വികസിക്കേണ്ടിയിരുന്ന ചിന്താധാരയെ തകര്‍ത്തതുപോലെ ദ്രാവിഡപാരമ്പര്യത്തെയും ഛിന്നഭിന്നമാക്കാന്‍ ജാതിഹിന്ദുക്കള്‍ക്കായി. അതിന്റെ ഒരു അഹങ്കാരവും സംഘിയായ രാജയ്ക്കുണ്ട്. അതാണ് അദ്ദേഹത്തിനു ഇത്രയും ധൈര്യം നല്കുന്നത്. ത്രിപുരയിലെ ഇടതുപക്ഷത്തോല്‍വി അതിനെ ഒന്നുകൂടി ശക്തിമത്താക്കി. ഈ ഘട്ടത്തില്‍ ജനാധിപത്യവാദികള്‍, സാമൂഹികനീതിക്കുവേണ്ടിയും ജാതിവ്യവസ്ഥയ്ക്കെതിരായും പോരാടുന്നവര്‍ കൂടുതല്‍ ജാഗ്രത്താകണം. മാത്രമല്ല, ഫാസിസത്തിന്റെ ഈ വിജയന്മോദത്തെ തകര്‍ക്കുന്നതിനുള്ള ഐക്യമുന്നണിയുണ്ടാക്കണം. അതിനാദ്യം വേണ്ടത് പെരിയോര്‍, അംബേദ്കര്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെ സ്മരണകളെ പുതുക്കുക, പ്രചരിപ്പിക്കുക എന്നതാവണം. അതായത് സാമൂഹികവിരുദ്ധമായ ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നാണ്.

ത്രിപുരയിലെ വിജയം സംഘപരിവാറിനെ ഉന്മാദത്തിലാക്കിയതിന്റെ തെളിവാണ് അവിടെ നടമാടിയ അക്രമങ്ങള്‍. ആ അതിക്രമങ്ങള്‍ സി.പി.എമ്മിനെതിരെയാണല്ലോ എന്നു ആരെങ്കിലും സമാധാനിക്കുന്നുണ്ടെങ്കില്‍ അത് ആ ആക്രമണങ്ങളേക്കാള്‍ ഭയാനകമാണ്. ലെനിന്റെ പ്രതിമ തകര്‍ത്തത് കുഴപ്പമില്ല എന്ന മനോഭാവമാണ് കോണ്‍ഗ്രസ്സുകാര്‍ക്കെങ്കില്‍ അതും ഭീകരവാദത്തിനു സഹായകരമാകും. ഇന്നു ലെനിന്‍, സി.പി.എം. എങ്കില്‍ നാളെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന അവരുടെ ലക്ഷ്യത്തിലേക്ക് അവര്‍ അടുക്കുന്നുവെന്നാണ് കാണേണ്ടത്. ഇത് അതിതീവ്രവാദികളായ മാവോവാദികള്‍ക്കും നക്സലൈറ്റുകള്‍ക്കും ദലിതുകള്‍ക്കും വരെ ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്്. ഇവിടെ ഇടതുപക്ഷത്തിനെതിരായ, ലെനിനെതിരായ ആക്രമണത്തെ ജനാധിപത്യത്തിനെതിരായ അതിക്രമമായിട്ടുവേണം പരിഗണിക്കാന്‍. കാരണം, ഇന്ത്യന്‍ ഭരണഘടന ഇല്ലാതാക്കാന്‍ കച്ചകെട്ടിയവര്‍ക്ക് ജനാധിപത്യം ശത്രുവാണ്. അതവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും ജനാധിപത്യസമൂഹത്തിനു യോജിച്ചതല്ലെന്നും ഉറക്കെ പറയണം.
1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow