Loading Page: എസ്.ഡി.പി.ഐ-യ്യും അതിന്റെ 'ഫ്രന്റുകളും' കേരളത്തില്‍ വഹിക്കുന്ന പങ്കെന്താണ്?

ഫെയിസ്ബുക്ക് പോസ്റ്റ്

ഉമ്മര്‍ ടി കെ

ummer tkഇന്ന് കേരളത്തില്‍ ചില പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ്‌ ഗ്രുപ്പുകളും അവരുടെ പ്രവര്‍ത്തനവും വഹിക്കുന്ന പങ്ക് എന്താണ് വ്യക്തമാക്കുന്നതാണ് അഭിമന്യുവിന്റെ കൊലപാതകം. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കിരാതവും മനുഷ്യത്യരഹിതവുമായ കൊലപാതകങ്ങളിലൊന്നാണത്. അതിനുത്തരവാദിത്വവാദികളായവര്‍ ജനാധിപത്യവാദികളും ഇരവാദികളുമൊക്കെയായി ചമഞ്ഞ് അതിനെ പലരീതിയില്‍ ന്യായീകരിക്കുമ്പോള്‍ ഇവരും അവരുടെ പ്രവര്‍ത്തനവും കേരളത്തില്‍ വഹിക്കുന്ന പങ്കെന്താണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ശ്രീ ടി.കെ ഉമ്മര്‍ ഈ വിഷയത്തില്‍ എഴുതിയ ശ്രദ്ധേയമായ ഒരു ഫെയിസ്ബുക്ക് പോസറ്റും അദ്ദേഹം 2009-ല്‍ പച്ചക്കുതിരയില്‍ എഴുതിയ ലേഖനവും ഇവിടെ പുനഃപരിശോധിക്കുന്നു.

ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ നിറയുന്ന മുസ്ലിം വിരുദ്ധതയെക്കുറിച്ച്. അതിനു സാധൂകരണത്തിനായി അവര്‍ നിരത്തുന്നത് മുസ്ലിങ്ങളിലെ ഒരു ചെറു ന്യൂനപക്ഷം നടത്തുന്ന വിദ്വേഷവും അക്രാത്മകതയും നിറഞ്ഞ പ്രവര്‍ത്തനങ്ങളും. ജോസഫ് മാഷിന്റെ കൈവെട്ടല്‍, ഹാദിയ കേസിലെ ഹൈക്കോടതി മാര്‍ച്ച്, ഈ അടുത്ത കാലത്തെ ഹര്‍ത്താലിലൂടെ നടത്തിയ അക്രമവും വിദ്വേഷപ്രവര്‍ത്തനങ്ങളും, മിശ്രവിവാഹിതരെ ആക്രമിക്കല്‍, തുടങ്ങി അനേകം ഹിംസാത്മകപ്രവര്‍ത്തനങ്ങള്‍. അവസാനമായി ഇതാ അഭിമന്യു എന്ന ചെറുപ്പക്കാരന്റെ കിരാതഹത്യയും. ജനാധിപത്യത്തിന്റെ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ച് ജനാധിപത്യത്തിനു തുരങ്കം വെക്കുന്ന പേപ്പട്ടികള്‍. അഭിപ്രായ സ്വാതന്ത്ര്യം അവരംഗീകരിക്കും, പക്ഷേ തസ്ലീമയെ അവര്‍ ആക്രമിക്കും. ഇസ്ലാമിലേക്കാണെങ്കില്‍ മതപരിവര്‍ത്തനം അവരംഗീകരിക്കും, ഇല്ലെങ്കില്‍ കൊല്ലും. സംഘപരിവാറും ഇവരും ഒരേതൂവല്‍ പക്ഷികള്‍. രണ്ടു തടി, ഒരൊറ്റ തായ് വേര്. 2009 ജനുവരിയില്‍ പച്ചക്കുതിരയിലെഴുതിയ ലേഖനമാണ്. ഇപ്പോഴും പ്രസക്തമെന്ന തോന്നല്‍. ഇതില്‍ എന്‍.ഡി.എഫ് ആണ് മുസ്ലിം തീവ്രവാദത്തിന്റെ പ്രതിനിധാനമായി വരുന്നത്. ഇപ്പോള്‍ വേറെയും രൂപങ്ങളുണ്ടായി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ്ഫ്രണ്ട് എന്നിങ്ങനെ. ഇവതമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍ നായിക്കാട്ടം പലകഷ്ണങ്ങളാക്കി അതിന്റെ വ്യത്യാസം ചോദിക്കുന്നതിനു സമം.

(2009 ജനുവരിയില്‍ പച്ചക്കുതിരയിലെഴുതിയ ലേഖനം)

ഒറ്റത്തായ് വേരും ഒരു പാട് തടികളും.

വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥ, ഹിന്ദു വര്‍ഗീയവാദികള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍, വിഭജനത്തിന്റെ ഉത്തരവാദികളെന്ന ആരോപണം, മതത്തിനകത്തു തന്നെയുള്ള ജാതിപരമായ ഉച്ചനീചത്വം എന്നിങ്ങനെ ഒരിന്ത്യന്‍ മുസ്ലിം അനുഭവിക്കുന്ന പ്രതിസന്ധികള്‍ എണ്ണിയെണ്ണി പറയാം. ഇന്ത്യന്‍ മുസ്ലിമിനോടൈക്യപ്പെടുന്ന കേരളമുസ്ലിം, ഇവയിലേതൊക്കെ ഇവിടുത്തെ മുസ്ലിമിനു ബാധകമാണെന്നാലോചിക്കാറില്ല. വിഭജനകാലത്തെ ലഹളകള്‍ക്കൊന്നും കേരളമുസ്ലിങ്ങള്‍ വിധേയരായിട്ടില്ല. വിഭജനത്തിന്റ കാരണക്കാരെന്ന കുറ്റപ്പെടുത്തലുകളും രാജ്യത്തോടു കൂറില്ലാത്തവരെന്ന അടക്കം പറച്ചിലുകളും ഇവിടുത്തെ പൊതുസമൂഹത്തില്‍ നിന്നുണ്ടായിട്ടില്ല. സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസമടക്കമുള്ള വകുപ്പുകള്‍ കാല്‍നൂറ്റാണ്ടിലധികം കൈകാര്യം ചെയ്തിട്ടും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായുമുള്ള പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് ആരെയാണ് പഴിക്കേണ്ടത്? ബ്യൂറോക്രസി ഒഴിച്ചു നിര്‍ത്തിയാല്‍ ഭരണരംഗത്തും സാമ്പത്തികമേഖലയിലും മുസ്ലിം സമൂഹത്തിന് ഗണ്യമായ സ്വാധീനം സമൂഹത്തിലുണ്ട്. എന്നിട്ടും എന്തു കൊണ്ടാണിപ്പോള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളും പ്രിതിരോധക്കാരുമായി മാറിയത്?

കേരളത്തിലെ മുസ്ലിം സമൂഹം വൈകാരികമായ ഒരക്ഷിതാവസ്ഥ അനുഭവിക്കുന്നത് 1990 ളില്‍ ബാബരി മസ്ജിദ് പ്രശ്‌നത്തോടെയാണ്. രാമന്റെ ജന്മസ്ഥലമാണതെന്നതോ, അവിടെയൊരു ക്ഷേത്രം പണിയുക എന്നതോ അല്ല മറിച്ച് മുസ്ലിം സമുദായത്തെ അന്യവല്‍ക്കരിച്ച് ഹിന്ദുസമൂഹത്തെ വര്‍ഗീയമായി ഒന്നിപ്പിച്ച് അധികാരം നേടുക എന്നതു മാത്രമായിരുന്നു അതിന്റെ അടിസ്ഥാനലക്ഷ്യമെന്ന് ഏതൊരു രാഷ്ട്രീയശിശുവിനുമറിയാം.

ഉത്തരേന്ത്യയിലെപ്പോലെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടതല്ല കേരളത്തിലെ ഹിന്ദു സമൂഹം. ജാതീയതക്കെതിരെയും സാമൂഹികാസമത്വങ്ങള്‍ക്കെതിരെയും നടന്ന സമരങ്ങളിലൂടെ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒന്നാണത്. ആര്‍ എസ് എസ് ഒരിക്കലും കേരളത്തിലെ മുസ്ലിമിന് വലിയൊരു ഭീഷണിയേ ആയിരുന്നില്ല. ജാതീയതയെയും ജന്മിത്തത്തെയും സാമ്രാജ്യത്വത്തെയും ഒരു പോലെ എതിര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇവയോടേറ്റവും ഒട്ടി നിന്ന ഹിന്ദു വര്‍ഗീയശക്തികളുടെ പ്രധാന എതിരാളി. കണ്ണൂരിന്റെ മണ്ണ് കമ്മ്യൂണിസ്റ്റുകളെ കായികമായിത്തന്നെ നേരിടാന്‍ അവര്‍ തെരഞ്ഞെടുത്തത് യാദൃച്ഛികമാവില്ല. സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മുസ്ലിങ്ങള്‍ നേരിട്ട പ്രധാന വെല്ലുവിളി 1970 കളിലെ തലശ്ശേരി കലാപമായിരുന്നു. തലശ്ശേരിയിലെ ഗണേഷ്ബീഡി സമരത്തെ നേരിടാന്‍ മംഗലാപുരത്തുനിന്നും കൊണ്ടു വന്ന ഗുണ്ടാസംഘങ്ങളാണ് അവിടെ ഹിന്ദു വര്‍ഗീയതയ്ക്ക് വിത്തുപാകിയത്. നൂര്‍ജഹാന്‍ ഹോട്ടലിനുമുകളില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയ്ക്കു ചെരിപ്പെറിഞ്ഞു എന്ന പ്രചാരണത്തോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഏറെ കവര്‍ച്ചയും കൊള്ളിവെപ്പും നടന്ന ആ കലാപത്തില്‍ മുസ്ലിങ്ങളുടെ സംരക്ഷകരായി നിന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്ന് ഇന്നത്തെ തലമുറ ഓര്‍ക്കുന്നുണ്ടാവില്ല. മുസ്ലിം പള്ളിക്കു കാവല്‍ നിന്നപ്പോഴാണ് സഖാവ് യു. കുഞ്ഞിരാമന്‍ രക്തസാക്ഷിയായതും. കലാപത്തെക്കുറിച്ചന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ കലാപം ഒതുക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക് എടുത്തു പറഞ്ഞിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ പിന്നീട് പടര്‍ത്താന്‍ ഹിന്ദു വര്‍ഗീയതയ്ക്ക് കഴിയാതിരുന്നത് അന്നത്തെ സി പി എമ്മിന്റെ ശക്തമായ സ്വാധീനം കൊണ്ടു തന്നെയാണ്.

പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു മുസ്ലിം വിഭാഗം കേരളത്തില്‍ പ്രത്യേകിച്ചു മലബാറില്‍ അങ്ങോളമിങ്ങോളമുണ്ടായിരുന്നു. ആ അടിത്തറ വികസിപ്പിക്കുന്നതിനു പകരം വോട്ടു രാഷ്ട്രീയത്തില്‍ മാത്രം കണ്ണുനട്ട് അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെ ഇരു ലീഗുകളുമായും , 90 കളോടെ ഇന്ദുലേഖയെവിട്ട് കല്യാണിക്കുട്ടിയുടെ പിന്നാലെ പോയ സൂരിനമ്പൂതിരിപ്പാടിനെ പോലെ അതിലും വര്‍ഗീയമായ ഐ എന്‍ എല്ലുമായും, ഒരു മധ്യകാല ഗോത്രസമൂഹത്തെ ഓര്‍മ്മിപ്പിക്കുന്ന കാന്തപുരം ഗ്രൂപ്പുമായും, തീവ്രമതവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി പോലും സി പി എം ഒളിഞ്ഞും തെളിഞ്ഞും സ്ഥാപിച്ച ബന്ധങ്ങള്‍ പുരോഗമനപരമായും മതനിരപേക്ഷമായും ചിന്തിക്കുന്ന മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ ചിന്താശൈഥില്യവും അരക്ഷിതാവസ്ഥയും ചെറുതല്ല. (ഗംഭീരമായ ഒരു തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം പാര്‍ട്ടി സെക്രട്ടറി നേരെ കാന്തപുരത്തെ പുണരാനോടുമ്പോള്‍വിജയത്തിലും അരനുഭവിക്കുന്ന അപമാനം അരറിയുന്നു?)

തങ്ങളുടെ പത്തു വോട്ടിനെക്കാള്‍ കാന്തപുരത്തിന്റെ നൂറുവോട്ട് പ്രധാനമായിത്തീരുന്ന ഒരു രാഷ്ട്രീയ അവസ്ഥ, മുസ്ലിം വര്‍ഗീയതയ്ക്ക് ഇടതുപക്ഷം തന്നെ സമ്മിതി നല്‍കുന്ന അവസ്ഥ, അതിലൂടെ ഹിന്ദു വര്‍ഗീയത കരുത്താര്‍ജിക്കുന്ന അവസ്ഥ - ഇതെല്ലാം പുരോഗമന പക്ഷത്തു നില്‍ക്കുന്ന മുസ്ലിങ്ങളെ വല്ലാതെ ഭയപ്പെടുത്തുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

അറുപതുകളിലും എഴുപതുകളിലും മുസ്ലിം സമൂഹത്തില്‍ ഉയര്‍ന്നു വന്ന വിമര്‍ശനാത്മക ചിന്തകളെ ഏറ്റെടുക്കാനോ പ്രാത്സാഹിപ്പിക്കാനോ വോട്ടുരാഷ്ട്രീയത്തില്‍ കുറുക്കന്‍ കണ്ണുവെച്ച് ഇടതുപക്ഷം ശ്രമിച്ചില്ല. എന്‍ പി മുഹമ്മദിനെപ്പോലുള്ളവര്‍ ഇക്കാര്യം വേദനയോടെ അനുസ്മരിച്ചിട്ടുണ്ട്. എണ്‍പതുകളുടെ മധ്യത്തില്‍ ഇര്‍ഫാന്‍ ഹബീബ് നടത്തിയ ഒരു പ്രഭാഷണത്തില്‍ ശരീഅത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് പറയുകയുണ്ടായി. ഇ. എം എസ് അതേറ്റു പിടിച്ചു. അതിനു പിന്നില്‍ ഇടതുമുന്നണിയിലുണ്ടായിരുന്ന അഖിലേന്ത്യാലീഗിനെ പുറത്തു ചാടിക്കുക എന്ന പ്രത്യേകമായ ഉദ്ദേശ്യവുമുണ്ടായിരുന്നു. മുസ്ലിം സമമുദായത്തിന് തങ്ങളുടെ ഉള്ളിലേക്കു നോക്കാനും പലജീര്‍ണ്ണതകളെയും തിരിച്ചറിയാനും ആ വിവാദം കൊണ്ടു കഴിഞ്ഞു എന്നത് വിസ്മരിച്ചു കൂടാ. 87- ല്‍ അഖിലേന്ത്യാലീഗും എം വിരാഗവനുമില്ലാതെ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗില്ലാതെ കേരളത്തില്‍ ഭരിക്കാനാകുമോ എന്നു നോക്കട്ടെ എന്ന ഇ എം എസിന്റെ വെല്ലുവിളി ഫലം കണ്ടു. മുസ്ലിം ലീഗിനെ ഒഴിവാക്കിയതിലൂടെ കേരളത്തിലെ ഹിന്ദു വോട്ടുകള്‍ ഒരുമിപ്പിക്കുകയാണ് ഇ എം എസ് ചെയ്തത് എന്ന വാദമുയര്‍ന്നാലും കേരളത്തിലെ സെക്കുലര്‍ സമൂഹത്തിന് അഭിമാനിക്കാവുന്ന സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ ആ അഭിമാനം അധികനാള്‍ നീണ്ടു നിന്നില്ല.

അപകടകരമാം വിധം വര്‍ഗീയവല്‍ക്കരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളീയ അവസ്ഥയ്ക്കു തുടക്കം കുറിച്ചതും ശക്തമായ അടിത്തറയൊരുക്കിയതും സാക്ഷാല്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയാണെന്ന് ചരിത്രം പറയും. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യയിലെ മുസ്ലിം സമൂഹത്തിലുണ്ടാക്കിയ അരക്ഷിതാവസ്ഥ ചെറുതല്ല. എന്നാല്‍ കേരളത്തെ സംബന്ധിച്ച് ഇതു തീര്‍ത്തും വൈകാരികം മാത്രമായിരുന്നു. കേരളീയ പൊതു സമൂഹം മുസ്ലിം മനസ്സിനൊപ്പമായിരുന്നു. നൂറ്റാണ്ടുകളായി ിടകലര്‍ന്നു ജീവിച്ചതിലൂടെ, സാംസ്‌കാരികസമന്വയങ്ങളിലൂടെ രൂപപ്പെട്ട പൊതു ഇടങ്ങളെ തകര്‍ത്തു കൊണ്ട് മഅ്ദനി കേരളത്തില്‍ പ്രബലശക്തിയേ അല്ലാതിരുന്ന ആറെസ്സസ്സിനു നേരെ തീ തുപ്പി. ആറെസ്സസ്സ് = ഹിന്ദു എന്ന സമവാക്യം തീര്‍ത്തു. മുസ്ലിം/ഹിന്ദു എന്ന ദ്വന്ദം ആവര്‍ത്തിച്ചുറപ്പിച്ചു.കായികമായിത്തന്നെ നേരിടാന്‍ ഐ എസ് എസ് എന്ന സംഘടനയുണ്ടാക്കി. കേരളീയന്റെ ജനാധിപത്യബോധത്തെ മുഴുവന്‍ കൊഞ്ഞനം കുത്തിക്കൊണ്ട് ബ്ലാക്ക് ക്യാറ്റുകളുടെ അകമ്പടിയോടെ ജൈത്രയാത്ര നടത്തി. വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ ടേപ്പ് റിക്കാര്‍ഡറുകളിലൂടെ പല മുസ്ലിം വീടുകളെയും മലിനമാക്കി. സാമൂഹികമായും സാംസ്‌കാരികമായും മറ്റു സമുദായങ്ങളുമായി സമന്വയിക്കപ്പെടാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നതുമായ പ്രദേശങ്ങളിലെ യുവത്വത്തെ മഅ്ദനി ആകഷിര്‍ച്ചു.

രണ്ടു സമുദായങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്കു നീങ്ങുന്നിതിനെ തിരിച്ചറിയാനോ ചിന്താപരമായി നേരിടാനോ അന്ന് ഇടതുപക്ഷം ശ്രമിച്ചുവോ? മുസ്ലിം വൈകാരികതയെ ഊതിപ്പെരുപ്പിച്ച് മഅ്ദനിയിലൂടെ നേട്ടം കൊയ്യാനാണ് അവരും ശ്രമിച്ചത്. 1993- ലെ ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പില്‍ 132000 വോട്ടുകള്‍ക്ക് യു ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ലീഗ് എന്ന മൃദുവര്‍ഗീയപാര്‍ട്ടിയെ നേരിടാന്‍ പിഡിപി എന്ന തീവ്രവര്‍ഗീയ പാര്‍ട്ടിയുമായി സംബന്ധം സ്ഥാപിച്ചു. മഅ്ദനിയുടെ കഥ നമുക്കിവിടെ വിടാം. ഇന്ന് സ്വാത്വികഭാവം കൈക്കൊണ്ട് വിവേകത്തോടെ സംസാരിക്കുന്ന, മനുഷ്യാവകാശധ്വംസനത്തിന് ഇരയായ ഈ മനുഷ്യന്‍ തന്റെ ഭൂതകാലത്തെ മറക്കാന്‍ ശ്രമിക്കുകയാവാം.

നരസിംഹറാവു കാണിച്ച പമ്പര വിഡ്ഢിത്തത്തിന്റെ പേരില്‍ ആറെസ്സസ്സിനെക്കാള്‍ കോണ്‍ഗ്രസിനെ ആക്രമിച്ച ഇടതുപക്ഷം കോണ്‍ഗ്രസിനെതിരെ ലീഗണികളെ തിരിക്കാന്‍ ബാബരി മസ്ജിദ് പ്രശ്‌നം നിരന്തരം കുത്തിയുണര്‍ത്തി. മുസ്ലിം മനസ്സിനെ വിചാരത്തിലേക്കു നീങ്ങാതെ വികാരത്തില്‍ തളച്ചിടാന്‍ നിരന്തരം ശ്രമിച്ചു. ഇടതുപക്ഷത്തിന്റെ മൌനാനുവാദമുണ്ടായിരുന്ന ഇബ്രാഹം സുലൈമാന്‍ സേട്ടും കൂട്ടരും 1994 ആദ്യം മുസ്ലിം ലീഗില്‍ നിന്നും തെറ്റിപ്പിരിഞ്ഞു. ഇവിടുത്തെ സാംസ്‌കാരികഭൂമികയിലിഴുകിച്ചേര്‍ന്ന മുസ്ലിം മനസ്സിനെ ഒരിക്കലും തിരിച്ചറിയാന്‍ ജമാഅത്തെ ഇസ്ലാമിക്കാരനായ സുലൈമാന്‍ സേട്ടുവിനു കഴിയുമായിരുന്നില്ല. അദ്ദേഹമുയര്‍ത്തിയ തീവ്രവര്‍ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും ഇടതുപക്ഷം പുണര്‍ന്നപ്പോള്‍ മതനിരപേക്ഷമായി ചിന്തിക്കുന്ന മുസ്ലിം സമൂഹം ഒരിക്കല്‍ കൂടി അപമാനിതരായി.

ഇത്തരം സംഭവവികാസങ്ങള്‍ക്കു സമാന്തരമായി കേരളീയ മുസ്ലിമിനെ ഒരാഗോള മുസ്ലിം എന്ന സ്വത്വത്തിലേക്കു പരിവര്‍ത്തിപ്പിക്കാനുള്ള പ്രത്യയശാസ്ത്രപരമായ പദ്ധതികൂടി രൂപപ്പെട്ടു വരുന്നുണ്ടായയിരുന്നു. കേരളീയ മുസ്ലിമിനെ സംബന്ധിച്ച് ഇസ്ലാം ഒരു ജീവിതരീതി മാത്രമായിരുന്നെങ്കില്‍ അതിനെ ഒരു സമഗ്രരാഷ്ട്രീയപദ്ധതിയായിക്കാണുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യശാസ്ത്രം മുസ്ലിം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു അത്. മാധ്യമം എന്ന പത്രത്തിന്റെ വരവോടെയാണിത് സാധ്യമാവുന്നത്. വളരെ പ്രൊഫഷണല്‍ ആയ സമീപനം കൈക്കൊണ്ട പത്രം വളരെ വേഗം മുസ്ലിംജനസാമാന്യത്തിലും പൊതു മണ്ഡലത്തിലും സ്വാധീനം ചെലുത്തി. മറ്റു പത്രങ്ങളില്‍ നിന്നും ഭിന്നമായി ദളിത്, പരിസ്ഥിതി, ഭൂമി, ആദിവാസി പ്രശ്‌നങ്ങളെ കേന്ദ്രസ്ഥാനത്തു കൊണ്ടു വരാന്‍ കഴിഞ്ഞതിനാല്‍ ബൌദ്ധികസമൂഹത്തിനന്റെ പിന്തുണയും അതിനാര്‍ജിക്കാനായി. (മതം, സ്ത്രീ തുടങ്ങിയ പ്രശ്‌നങ്ങള്‍ സൌകര്യപൂര്‍വം ഒഴിവാക്കി) പ്രാദേശിക, ദേശീയ വാര്‍ത്തകള്‍ക്കപ്പുറം ഇറാന്‍ മുഖ്യകേന്ദ്രമാകുന്ന ഒരു ലോകവീക്ഷണം പത്രം നിരന്തരം പ്രക്ഷേപിച്ചു കൊണ്ടിരുന്നു. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട സാംസ്‌കാരിക പപരിസരത്തു നിന്നും കേരളീയ മുസ്ലിമിനെ പറിച്ചെടുക്കാനുള്ള ഒരു ഗൂഢശ്രമമായിരുന്നു അത്. ഇങ്ങനെ രാഷ്ട്രീയ ഇസ്ലാം എന്ന പ്രതിലോമകരമായ ആശയത്തെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാനും വ്യാപിപ്പിക്കാനും ചെറിയൊരു കാലം കൊണ്ട് ആ പപത്രത്തിനു കഴിഞ്ഞു.

രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ കൃസ്തുമതം 19-ആം നൂറ്റാണ്ടില്‍ തന്നെ ഉപേക്ഷിക്കുന്നുണ്ട്.ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും. ജമാഅത്തെ ഇസ്ലാമി ഇസ്ലാം രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ ഇന്നും ഉപേക്ഷിച്ചിട്ടില്ല. പാക്കിസ്ഥാനില്‍ അമുസ്ലിം ന്യൂനപക്ഷത്തെ രണ്ടാം തരം പൌരന്മാരായി പരിഗണിക്കണമെന്നു വാദിച്ചയാളാണു മൌദൂദി. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ച് അവിടുത്തെ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൊരന്മാരായി കണക്കാക്കി അവര്‍ക്ക് പൌരാവകാശം നിഷേധിക്കുന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ അങ്ങിനെ ചെയ്യുന്നതില്‍ ഞങ്ങള്‍ക്കു വിരോധമില്ലെന്നും മൌദൂദി പറഞ്ഞു. പാക്കിസ്ഥാന്‍ ലഭിച്ചിട്ടും അങ്ങോട്ടു പോകാതെ ഇന്ത്യയില്‍ തങ്ങിയ മുസ്ലിങ്ങള്‍ മൌദൂദിയുടെ കണ്ണില്‍ വഞ്ചകരായിരുന്നു. ഇസ്ലാമിനു കീഴിലല്ലാത്ത ആ ഗവണ്മെന്റില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നു വാദിച്ചവരാണല്ലോ മൌദൂദിയുടെ അനുയായികളായ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍. ഇവര്‍ കേരളത്തില്‍ ഏറ്റവും പുരോഗമനവാദികളായി ഗണിക്കപ്പെടുന്നു എന്നത് വിരോധാഭാസമാണ്. ഒ വി വിജയനെപ്പോലുള്ള അനേകം സാംസ്‌കാരിനായകന്മാരുടെയും സിവിക് ചന്ദ്രനെപ്പലുള്ള പഴയവിപ്ലവകാരികളുടെയും പിന്തുണ അവര്‍ നേടിയെടുത്തു. തങ്ങളുടെ പ്രത്യശാസ്ത്രങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും കൂലിയെഴുത്തുകാരായ നല്ല നായര്‍ ചാവേറുകളെയും നിയമിച്ചു. ഇത്തരം പ്രിതിലോമകരമായ സന്ദര്‍ഭങ്ങളില്‍ റഡാറുകളായി പ്രവര്‍ത്തിക്കേണ്ട ഇടതു ബൌദ്ധിക നേതൃത്വം, പ്രത്യേകിച്ചും കെ ഇ എന്നിനെപ്പോലുള്ളവര്‍ മുസ്ലിം വര്‍ഗീയതയെ ഇരവാദം കൊണ്ടു ന്യായീകരിച്ചത് അവര്‍ക്കുള്ള ഇടതുപക്ഷ സമ്മതിയായി മാറുകയും ചെയ്തു.

മതാധികാരത്തിന്റെ നുകക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസംമുട്ടി അവസാനിച്ച മുങമ്മദ് ഖാത്തമിയുടെ ഭരണത്തിനു ശേഷം അമേരിക്കയെ നിരന്തരം തെറിവിളിക്കുന്ന തീവ്രവര്‍ഗീയത പുലര്‍ത്തുന്ന അഹമ്മദ് നെജാദ് എന്ന ഇറാന്‍ പ്രസിഡന്റിന്റെ വരവോടെ അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട റോള്‍ മോഡലിനെത്തന്നെ കിട്ടി. അമേരിക്ക/മുസ്ലിംലോകം എന്ന ദ്വന്ദം സൃഷ്ടിക്കേണ്ടത് അമേരിക്കയെക്കാള്‍ ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യമാണ്. എന്നാല്‍ ലോകത്തെവിടെയും ജമാഅത്തെ ഇസ്ലാമിയുടെ തൂവല്‍പക്ഷികളായ തീവ്രമതസംഘടനകള്‍ അഫ്ഗാനിശ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ പല മതാധിഷ്ഠിതമല്ലാതിരുന്ന രാഷ്ട്രങ്ങളെയും കലാപകലുഷിതമാക്കിയത് അമേരിക്കയുടെ സഹായം കൊണ്ടാണെന്ന കാര്യം അവര്‍ സൌകര്യപൂര്‍വ്വം മറച്ചു വെക്കും. കേരളത്തിലെ മുസ്ലിം ജനസംഖ്യയില്‍ അഞ്ചുശതമാനം പോലുമില്ലാത്തതും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നു നില്‍ക്കുന്നതുമായ ജമാഅത്തെ ഇസ്ലാമിക്ക് സംഘടനാബലത്താല്‍ ദശകങ്ങള്‍ കൊണ്ടു ചെയ്യാന്‍ കഴിയാത്ത കാര്യം പത്രം കൊണ്ട് തെറിയൊരുകാലയളവില്‍ തന്നെ സാധിക്കാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ആടുതേക്കു മാഞ്ചിയം പോലുള്ള ഹറാമായ പരസ്യങ്ങള്‍ സ്വീകരിക്കാതെ തന്നെ ഈ ചെറിയ ഗ്രൂപ്പിന് വലിയ പത്രസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞു! മുസ്ലിം കിഡ്‌നി ആവശ്യമുണ്ടെന്ന പരസ്യത്തിലൂടെ മനുഷ്യാവയവങ്ങള്‍ പോലും മതമുക്തമല്ലെന്നവര്‍ സ്ഥാപിച്ചു. പ്രത്യയശാസ്ത്രപരമായ തലം ഒരുക്കിയതിനു ശേഷം അതിന്റെ പ്രയോഗവല്‍ക്കരണത്തിന് സോളിഡാരിറ്റി എന്ന അരാഷ്ട്രീയ സംഘടനയുണ്ടാക്കി. എന്നാല്‍ സാമൂഹികമായ പ്രശ്‌നങ്ങളില്‍ സമര്‍ഥമായി ഇടപെടാനും താഴെത്തട്ടിലുള്ള ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനും വരേണ്യമായ ഗ്രൂപ്പിന് അധികം കഴിയില്ല.( എങ്കിലും മുഖ്യധാരാ ഇടതുപക്ഷം കൈയൊഴിഞ്ഞ ചെങ്ങറ പോലുള്ള സമരങ്ങളില്‍ അവര്‍ പ്രവിക്കാനൊരുങ്ങുകയാണ്.)

പ്രത്യയശാസ്ത്രപരമായി ജമാഅത്തെ ഇസസ്ലാമി ഒരുക്കിയെടുത്ത ഫലഭൂയിഷ്ഠമായ മണ്ണിലാണ് സംഘടനാപരമായി എന്‍ ഡി എഫ് നൂറുമേനി കൊയ്യാനിറങ്ങിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പരിമിതി എന്‍ ഡി എഫിനു പരിഹരിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായി പ്രത്യക്ഷത്തില്‍ അതിനു ബന്ധമൊന്നുമില്ല. ജമാഅത്തെ ഇസ്ലാമി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുവെന്നും തീവ്രത പോരെന്നും പറഞ്ഞു തെറ്റിപ്പിരിഞ്ഞ നിരോധിതസംഘടനയായ പഴയ സിമിയുടെ നേതാക്കള്‍ ഇന്ന് എന്‍ഡി എഫിന്റെ നേതൃനിരയില്‍ പ്രത്യക്ഷപ്പെട്ടത് യാദൃച്ഛികമായി കാണാനാവില്ല. ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യശാസ്ത്രത്തിനുമേല്‍ പ്രതിരോധം അപരാധമല്ല എന്ന മേല്‍ക്കുപ്പായവുമിട്ടാണ് ഈ സംഘടനയുടെ വരവ്. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്ളവരെ, മറ്റു മതങ്ങളുമായി ഇടകലരാത്ത മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലുള്ളവരെ, പഠനം പാതിവഴിയിലുപേക്ഷിച്ചവരെയൊക്കെയാണ് അവര്‍ ലക്ഷ്യം വെച്ചത്. ക്രിമിനല്‍പശ്ചാത്തലമുള്ളവരെ വിലക്കെടുക്കാനും അവര്‍ക്കു സാധിച്ചു. ബാല്‍ താക്കറെക്കും മഅ്ദനിക്കും രണ്ടു നീതി, വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവര്‍, ഭരണകൂടനേതൃത്വത്തിലുള്ള വംശഹത്യകള്‍ തുടങ്ങി വൈകാരികമായി ഇത്തരക്കാരെ ഉത്തേജിപ്പിച്ച് മസ്തിഷ്‌കപ്രക്ഷാളനത്തിനുപയോഗിക്കാന്‍ പറ്റുന്ന സന്ദര്‍ഭങ്ങളും ഏറെയുണ്ടല്ലോ.

ഈ അനുയായികള്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരല്ല. സുന്നി സമുദായത്തില്‍ നിന്നും ലീഗണികളില്‍ നിന്നുമുള്ളവരാണ് ഭൂരിഭാഗവും. പണം കൊണ്ടും മസ്തിഷ്‌കപ്രക്ഷാളനം കൊണ്ടും അപകടകരമായ മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള കൌമാരത്തിന്റെ സഹജമായ താല്‍പര്യങ്ങള്‍ മുലെടുത്തുകൊണ്ടും. വിവേകമില്ലാത്ത ഒരു മിലിറ്റന്റ് ഗ്രൂപ്പിനെ വാര്‍ത്തെടുക്കാന്‍ എന്‍ഡി എഫ് നേതൃത്വത്തിനു കഴിഞ്ഞു. ഇസ്ലാമികരാഷ്ട്രസങ്കല്‍പ്പം എന്ന മൌദൂദിയുടെ പ്രത്യശാസ്ത്രത്തിന്റെ തലയും അജ്ഞതയും വൈകാരികതയും അന്യമതസ്തരോടുള്ള അസഹിഷ്ണുതയും കൈമുതലായ അണികള്‍ ഉള്‍പ്പെട്ട ഉടലും ഉള്ള ഒരു വിചിത്രജീവിയാണിത്.

ബാബരിമസ്ജിദ്‌ന്റെ തകര്‍ച്ചയോടുള്ള വൈകാരികപ്രതികരണമാണ് ഐ എസ് എസിന്റെ പിറവിക്കു പിന്നിലെങ്കില്‍ ഗുജറാത്ത് നരഹത്യയോടുള്ള പ്രതിഷേധമാണ് എന്‍ഡി എഫിന്റെ ശക്തിപ്പെടലിനു പിന്നില്‍.പിഡിപിയുടെയും ഐഎന്‍ എഎല്ലിന്റെയും ഭീഷണിയെ ഒരു പപരിധി വരെയെങ്കിലും സമചിത്തതയോടെ നേരിടാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ലീഗിനു കഴിഞ്ഞു. എന്നാല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സൂപ്പിയുടെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍, പണച്ചാക്കായ അബ്ദുല്‍വഹാബിനെ രാജ്യസഭയിലേക്കയച്ചത് തുടങ്ങിയ സംഭവ വികാസങ്ങള്‍ ലീഗണികളെ വിശേഷിച്ചും യുജനതയെ അപമാനത്തിലാഴ്ത്തി. ഈ സന്ദര്‍ഭങ്ങളും തീവ്രവാദനിലപാടുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനു കാരണമായി.

മുസ്ലിം കോളേജുകളില്‍ പോലും എം എസ് എഫിനെ പിന്തള്ളി എന്‍ ഡി എഫിന്റെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ശക്തി പ്രാപിച്ചു. പലയിടത്തും എസ് എഫ് ഐയെ തോല്‍പ്പിക്കാന്‍ കെ എസ് യു അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസ് ഫ്രണ്ടിന്റെ കീഴില്‍ അണിനിരന്നു. എസ് എഫ് ഐയോടുള്ള വിദ്വേഷം മാത്രം അജണ്ടയായി കണക്കാക്കപ്പെട്ടതു മൂലം പര്‍ദ്ദ ധരിക്കാത്തതിന് മുഖത്ത് ആസിഡൊഴിക്കുന്ന താലിബാന്റെ പിന്‍ഗാമികളാണ് കാമ്പസ് ഫ്രണ്ട് എന്ന കാര്യം മറ്റു വിദ്യാര്‍ഥി സംഘനകള്‍ സൌകര്യപൂര്‍വം വിസ്മരിച്ചു.

ഗുജറാത്തില്‍ സംഭവിച്ചത് വെറും മുസ്ലിം പ്രശ്‌നമല്ല. ഒറീസ്സയിലേത് കൃസ്ത്യന്‍ പ്രശ്‌നവുമല്ല. അതിനപ്പുറം ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ഫാസിസത്തിന്റെ കടന്നാക്രമണമാണത്. മുസ്ലിം കൃസ്ത്യന്‍ എന്നതിനപ്പുറം ജനാധിപത്യവിശ്വാസികളെ മുഴുവന്‍ ഒന്നിപ്പിച്ചു നിര്‍ത്തേണ്ട ചരിത്രസന്ദര്‍ഭങ്ങളാണത്. ഈ സാമാന്യബുദ്ധിയാണ് തിരിച്ചറിവാണ് എന്‍ഡി എഫിന് ഇല്ലാതെ പോയത്. ദശകങ്ങള്‍ കൊണ്ട് സംഘപരിവാറിന് സാധിക്കാതെ പോയ ദൌത്യമാണ് ചെറിയൊരു കാലയളവു കൊണ്ട് എന്‍ ഡി എഫ് ചെയ്തു തീര്‍ക്കാനൊരുങ്ങുന്നത്. സെക്കുലര്‍ ആയ ഭൂരിപക്ഷ ഹിന്ദു സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക എന്ന കേരളത്തിലെ ഏറ്റവും അപകടകരമായ ദൌത്യം.

വര്‍ഷമേറെ കഴിഞ്ഞെങ്കിലും അഭയകേസില്‍ പ്രതികളായ പുരോഹിതര്‍ ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ചോകന്നൂര്‍ മൌലവി കേസിലും ഐസ്‌ക്രീം കേസിലും പ്രതികളെന്നു സംശയിക്കപ്പെടുന്നവരോട് ഇരു ഗവണ്മെന്റുകളും മൃദുസമീപനം കാണിച്ചു എന്ന പൊതു ബോധം കേരളത്തിലെ ഹിന്ദു സമൂഹത്തിനുണ്ടായിട്ടുണ്ട്. ഹിന്ദു വര്‍ഗീയവാദത്തിന്റെ വളര്‍ച്ചയ്ക്ക് ഇത്തരം സമീപനങ്ങള്‍ കാരണമായിത്തീരുമെന്ന് വോട്ടില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചറിയാറില്ല. പാര്‍ലമെന്ററി വ്യാമോഹമെന്നതിന് സാമൂഹികപ്രവര്‍ത്തനം പൂര്‍ണ്ണമായും ഉപേക്ഷിച്ച് കുറുക്കു വഴികള്‍ തേടുക എന്നായിട്ടുണ്ട് അര്‍ഥം. ഇരു വര്‍ഗീയതകളും ശക്തിപ്പെടുന്ന ഒരു സമൂഹത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യാമായിത്തീരുമെന്ന് ഇടതുപാര്‍ട്ടികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

പല ഇടങ്ങളിലും എന്‍ ഡി എഫ് ഒരു മോറല്‍ പോലീസിന്റെ ദൌത്യം ഏറ്റെടുക്കുന്നുണ്ട്. പതിനാലാം വയസ്സില്‍ വിവാഹിതയായി ഉപേക്ഷിക്കപ്പെട്ട അരിപ്പോളിയിലെ റാബിയ എന്ന പെണ്‍കുട്ടി രാജീവന്‍ എന്ന ചെറുപ്പക്കാരനുമായി പ്രേമത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. പിന്നീടവര്‍ക്ക് എന്‍ ഡി എഫില്‍ നിന്നേറ്റ മര്‍ദ്ദനങ്ങള്‍ അവര്‍ണ്ണനീയമാണ്.(സമകാലികമലയാളം 25 ജൂലൈ 2008) ഒരു ഹിന്ദു പുരുഷന്‍ മമുസ്ലിം പെണ്‍കുട്ടിയെ പ്രേമിക്കുന്നതു പോലും ആറെസ്സസ്സിന്റെ ഗൂഢപദ്ധതിയാണെന്നാണ് എന്‍ ഡി എഫിന്റെ പ്രചാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്യമായ കൈയേറ്റങ്ങള്‍ വരെ അവര്‍ നടത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ ചെറുത്തില്ലെങ്കില്‍ നാളെ ചില പോക്കറ്റുകളിലെങ്കിലും താലിബാന്‍ മേഖലപോലെ ഇസ്ലാമിന്റെ പേരില്‍ മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവും നിഹനിക്കുന്ന കേന്ദ്രങ്ങളാക്കി അവര്‍ മാറ്റുമെന്നതില്‍ സംശയമില്ല. ജനാധിപത്യസമൂഹത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിക്കൂടാ. ആറെസ്സസ്സിനോടുള്ള അതേ ശക്തമായ സമീപനം എന്‍ ഡി എഫ് ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളോടും സി പി എം അനുവര്‍ത്തിക്കേണ്ടതുണ്ട്. വോട്ടിനെക്കാള്‍, ഭരണത്തെക്കാള്‍, മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ പറ്റുന്ന ഒരിടം നഷ്ടപ്പെടാന്‍ അനുവദിച്ചു കൂടാ എന്നത് പരമ പ്രധാനമാണ്. വര്‍ഗീയവല്‍ക്കരിച്ച ലക്ഷം മുസ്ലിം വോട്ടുകളെക്കാള്‍ മലപ്പുറത്തെ രാജീവന്റെയും റാബിയയുടെയും രണ്ടു വോട്ടുകളാണ് സിപിഎം നേടേണ്ടത്.

കേരളത്തിലെ മുസ്ലിം സമൂഹം ഇന്ന് പ്രത്യേകമായി ഇന്ന് എന്തെങ്കിലും അരക്ഷിതാവസ്ഥ നേരിടുന്നുണ്ട് എന്നു പറയുക വയ്യ.സംഘപരിവാര്‍ പോലും കേരളത്തില്‍ ഒന്നാം ശത്രുവായി കാണുന്നത് സി പി എം നെയാണ്. ഭൂരിഭാഗം മുസ്ലിങ്ങളും ഇവിടെ അന്യമതസ്ഥരുമായി ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഒരു മുസ്ലിം സര്‍വാധിപത്യരാജ്യത്തുള്ളതിനെക്കാള്‍ സ്വാതന്ത്ര്യം ഇവിടെ ഒരു മുസ്ലിം പുരുഷനും സ്ത്രീക്കുമുണ്ട്. ആഭ്യന്തരമായ സാമ്പത്തിക അസമത്വങ്ങള്‍ ഏറെയുണ്ടെങ്കിലും മറ്റുസമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിം സമുദായം പിന്നിലെന്നു പറയുക വയ്യ. ഇത്തരമൊരു പശ്ചാത്തലത്തില്‍ വ്യാജമായൊരു അരക്ഷിതബോധം സൃഷ്ടിച്ച് അതിനു പ്രതിരോധം തീര്‍ക്കാനെന്ന പേരില്‍ വ്യക്തികളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്താന്‍ ആരെയും അനുവദിച്ചു കൂടാ. മുംബൈ ആക്രമണത്തില്‍ പങ്കെടുത്തവരുടെയും തീവ്രവാദബന്ധത്തിന്റെ പേരില്‍ പിടികൂടപ്പെട്ടവരുടെയും ജീവിതപശ്ചാത്തലം ഒന്നു താരതമ്യം ചെയ്തു നോക്കൂ. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ, അന്ധമായ മതബോധം, കുറ്റക-ത്യങ്ങളുമായി ബന്ധമുള്ളവര്‍, സാമൂഹികമായി ഒറ്റപ്പെട്ടവര്‍ തുടങ്ങിയ സമാനതകള്‍ ഇവിടെ ദര്‍ശിക്കാവുന്നതാണ്. ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്നും വിലക്കെടുക്കപ്പെട്ടവരുമുണ്ട്. ഇത്തരം വ്യക്തികളെയാണോ സംസ്‌കാരസമ്പന്നരായ മുസ്ലി സമൂഹം തങ്ങളുടെ പ്രതിരോധത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്? ഇവരുടെ സാമ്പതിതികസ്രോതസ്സുകളെക്കുറിച്ച് എന്ത് അന്വേഷണമാണ് കേരളത്തില്‍ നടന്നിട്ടുള്ളത്? ഇത്തരം ചെറു ഗ്രൂപ്പുകളെ സ്പര്‍ശിച്ചാല്‍ അത് അതു മുസ്ലിം ജനസാമാന്യത്തെ സ്പര്‍ശിക്കുന്നതായി ഇടതുപക്ഷവും വലതു പക്ഷവും ഒരു പോലെ ഭയക്കുന്നു. മുസ്ലിമിന് ഒരൊറ്റ ഐഡന്റിറ്റി എല്ലാവരും കല്‍പ്പിച്ചു കൊടുക്കുന്നു.

ഇന്ത്യയിലാകട്ടെ കേരളത്തിലാകട്ടെ മുസ്ലിമിന് ഒരൊറ്റ ഐഡന്റിറ്റിയല്ല ഉള്ളത്. മുസ്ലിം സമുദായത്തെക്കുറിച്ച് ഏറെ ചിന്തിക്കുകയും എഴുതുകയും ചെയ്ത ആളാണ് വൈക്കം മുഹമ്മദ് ബഷീര്‍.ഇസ്ലാമിലെ ആചാരാനുഷ്ഠാനങ്ങളില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു എന്നു തോന്നുന്നില്ല. അങ്ങിനെ എത്രയോ പേരുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്റെ മഹത്തായ പാരമ്പര്യം പുലര്‍ത്തുന്നവരുണ്ട്. വര്‍ഗീയശക്തികളെ ശക്തമായി എതിര്‍ക്കുന്നവരുണ്ട്. ഇടതുപക്ഷത്തിന്റെ ശക്തരായ വക്താക്കളുണ്ട്.ചേകന്നൂര്‍ മൌലവിയെ കൊലപ്പെടുത്തിയത് ഇസ്ലാമിന്റെ പേരിലാണെങ്കില്‍ അത് കാടത്തമാണെന്നു വിശ്വസിക്കുന്നവരും അവരെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഒരുപാടു പേരുണ്ട്.ഇവര്‍ക്കെല്ലാം അഭിപ്രായം പറയണമെങ്കില്‍ അവര്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്നരാണെന്ന അതാതു സ്ഥലത്തെ മ1ലവിമാരുടെ സര്‍ട്ടിഫിക്കറ്റു വേണമെന്നാണ് എന്‍ഡി എഫ് നേതാക്കളുടെ പുതിയ തിട്ടൂരം. അല്ലാത്തവരെല്ലാം മുസ്ലിം നാമധാരികളാണത്രെ. നിത്യവും അമ്പലത്തില്‍ പോകുന്ന ആള്‍ക്കാരുമാത്രമേ ഹിന്ദുവര്‍ഗീയതയെക്കുറിച്ചു സംസാരിച്ചു കൂടൂ എന്നു ആറെസ്സസ്സ് തിട്ടൂരമിറക്കിയാലോ?

ഏതെങ്കിലും അറബികളെ ചാക്കിട്ടു പിടിച്ച് പള്ളി പണിയാനും അനാഥാലയം നടത്താനും സംഭാവന പിരിക്കുന്നതിനപ്പുറം കേരളത്തിലെ സുന്നികള്‍ക്ക് അവിഹിതമായ സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധമുണ്ടെന്നു വിചാരിക്കാന്‍ ന്യായം കാണുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ ഇഫ്താര്‍ വിരുന്ന് തുടങ്ങിയ മതസൌഹാര്‍ദ്ദനാടകങ്ങള്‍ക്കപ്പുറം നിത്യവും അന്യമതസ്ഥരുമായി ഇടകലര്‍ന്നു ജീവിക്കുന്നവരും പൊതുവെ മതസഹിഷ്ണുത് പുലര്‍ത്തുന്നവരുമാണവര്‍. എന്നാല്‍ വളരെ ചെറിയൊരു ന്യൂനപക്ഷമായ ജമാഅത്തെ ഇസ്ലീമിയും അവരുടെ പ്രത്യയശാസ്ത്രപങ്കാളികളായ എന്‍ഡി എഫ് നേതൃത്വവും വിദേശഫണ്ടിങ്ങിന്റെ - ഒരു പക്ഷേ സംഘപരിവാറിന്റെ സാമ്പത്തികസ്രോതസ്സ് തന്നെയാവാം ഇവരുടേതും എന്നു വിശ്വസിക്കുന്നവരുണ്ട്- സഹായത്തോടെ ഒരു വര്‍ഗീയക്രിമിനല്‍ സമൂഹത്തെ സൃഷ്ടിക്കാനുള്ള അണിയറനീക്കങ്ങള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയേണ്ടത് കേരളത്തിലെ മുസ്ലിം ഗ്രൂപ്പുകളുടെയും അതിലൊന്നും ഉള്‍പ്പെടാത്ത സ്വതന്ത്രചിന്താഗതിക്കാരായ വ്യക്തികളുടെയും ലീഗ്, ഐ എന്‍ എല്‍, പിഡിപി തുടങ്ങി മുസ്ലിം ബഹുജനങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും അതിനപ്പുറം ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷട്രീയസംഘടനകളുടെയും പ്രധാനകടമയാണ്.

ജമാഅത്തെ ഇസ്ലാമിയും എന്‍ഡി എഫും പ്രതിനിധീകരിക്കുന്ന ക്രിമിനല്‍ ഫാസിസ്റ്റ് സമൂഹത്തില്‍ ആറെസ്സസ്സ് കേന്ദ്രങ്ങളിലെന്ന പോലെ സാമുദായികപ്രവര്‍ത്തനവും രാഷട്രീയപ്രവര്‍ത്തനവും അസാധ്യമായിത്തീരും എന്ന കാര്യം അവര്‍ ഗൌരവത്തോടെ തിരിച്ചറിയേണ്ടതുണ്ട്. മദ്രസകളും പള്ളികളും തെരുവുകളും ഇക്കാര്യം പ്രചരിപ്പിക്കാനുള്ള വേദികളായി മാറണം. മുസ്ലിം വര്‍ഗീയതയുടെ വളര്‍ച്ച ഹിന്ദു വര്‍ഗീയതയുടെ വളര്‍ച്ച കൂടിയാണെന്ന്,തമ്മില്‍ പരിപോഷിപ്പിച്ചു വളരുന്ന ഒരൊറ്റത്തായ് വേരുള്ള ഇരട്ടത്തടി വൃക്ഷമാണതെന്ന്, ഒന്നിന് മറ്റൊന്നിനെ വളര്‍ത്താനല്ലാതെ നശിപ്പിക്കാനാവില്ലെന്ന് ഓരോ ജനാധിപത്യ വിശ്വാസിയും തിരിച്ചറിയേണ്ടതുണട്.ഒരു ബഹുസ്വരസമൂഹത്തിന്റെ ഗുണഫലങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതലനുഭവിച്ച കേരളീയ മുസ്ലിങ്ങളെ അന്യവല്‍ക്കരിച്ച് ഹിന്ദു ഭീകരര്‍ ഇച്ഛിക്കുന്ന അപരത്വത്തിലേക്ക് എത്തിക്കാനുള്ള ചെറുന്യൂനപക്ഷത്തിന്റെ നീക്കങ്ങള്‍ ചെറുക്കപ്പെടുക തന്നെ വേണം.

2005 ല്‍ നടന്ന പ്രമാദമായ കള്ള ഏറ്റുമുട്ടല്‍ക്കൊലപാതകത്തില്‍ സൊറാബുദ്...
CBI എന്നത് Center for Bogus Investigation (വ്യാജ അന്വേഷണങ്ങളുടെ കേന്...
ഇന്നത്തെ 'ദ ഹിന്ദു' പത്രത്തില്‍ തീവ്ര വര്‍ഗ്ഗീയ വലതുപക്ഷത്തിന്റെ വക്...
കഴിഞ്ഞ സെപ്റ്റംബറില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വിദ്യാര്‍ത്ഥി തെരഞ്ഞെട...
ശബരിമലയെ മുന്‍നിര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ സൂപ്പര്‍ പ...
ഡിസംബറില്‍ നടക്കുന്ന രാജസ്ഥാന്‍, ഛത്തിസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ്...
നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ടു വര്‍ഷം തി...
18-ാം തിയതി ശബരിമല ദര്‍ശനത്തിനു പോകുകയും 19-ാം തിയതി വീട്ടിലേക്കു വി...
ഈ അടുത്തിടെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ച സുപ്രധാന ലിംഗസമത...
ഈ കുറിപ്പെഴുതുമ്പോള്‍ തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശന...
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച...
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ...
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണ...
'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍...
തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ ത...
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow