Loading Page: സാമ്പത്തിക സംവരണം: വസ്തുതയും ലക്ഷ്യങ്ങളും

രാഷ്ട്രീയ വിശകലനം

പി ജെ ബേബി

നിലവിലുള്ള 49% സംവരണത്തിനു പുറമെ 10% സാമ്പത്തിക സംവരണം എന്നത് സുപ്രീം കോടതിയില്‍ നിലനിലക്കില്ല എന്നതറിഞ്ഞു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാന്‍ വേണ്ടി ഈ നടപടി എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്? എന്നിട്ടും നടപടിയെ സ്വാഗതം ചെയ്ത് സി.പി.ഐ (എം) അതിന്റെ ചരിത്രത്തിലെ യഥാര്‍ത്ഥ ഹിമാലയന്‍ ബ്‌ളണ്ടര്‍ നടപ്പാക്കുമ്പോള്‍ കരയുകയോ ചിരിക്കുകയേ വേണ്ടത്? അറിയില്ല.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന നാളിന് തൊട്ടുമുമ്പ് പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പ്രതിവര്‍ഷം എട്ടു ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് സാമ്പത്തികമായി ഇന്ത്യയില്‍ ദരിദ്രര്‍! അപ്പം ചുട്ടെടുക്കുന്നതിനേക്കാള്‍ ലളിതമായും വേഗത്തിലുമാണ് നടപടി! ഇതിനായി ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരുമത്രെ! ഈ നടപടിയിലൂടെ എത്രമാത്രം നിലവാരമില്ലാത്തവനും ഇന്ത്യ കണ്ടതില്‍ ഏറ്റവും മോശപ്പെട്ടവനുമായ പ്രധാനമന്ത്രിയാണ് താനെന്ന് മോഡി തെളിയിക്കുന്നു.

നോട്ട് നിരോധന സമയത്ത് വാജ്‌പേയി അടക്കുള്ള മറ്റെല്ലാ ഇന്ത്യന്‍ പ്രധാനമന്ത്രിമാരെക്കാളും ധീരനും 56 ഇഞ്ച് നെഞ്ചളവുള്ളവനുമാണ് താന്‍ എന്ന് മോഡി വീമ്പടിച്ചു. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അടിഞ്ഞുകൂടിയ അഴുക്കെല്ലാം നീക്കാന്‍ തയ്യാറായ ധീരനും വീരനും ഹരിച്ഛന്ദ്രനുമായി മോഡി.

കുറച്ചു നാള്‍ മുമ്പ് രാജ്യത്തിലെ ഏറ്റവും വലിയ അംബേദ്ക്കര്‍ ഭക്ത് ആണ് താനെന്ന് മോഡി നിരന്തരം തട്ടി വിട്ടിരുന്നു. എന്നാല്‍ ആ അംബേദ്ക്കര്‍ വന്നു പറഞ്ഞാലും താന്‍ സംവരണം ഇല്ലാതാക്കില്ല എന്നു പറഞ്ഞ് സംവരണത്തിന്റെ ചാമ്പ്യനുമായി. ആ മനുഷ്യനാണിപ്പോള്‍ അംബേദ്ക്കറുടെ ഭരണഘടനയെ തോട്ടിലെറിയാന്‍ ഭരണഘടനാ ഭേദഗതിക്ക് ഇറങ്ങിത്തിരിക്കുന്നത്!

അടുത്തിടെ ലോകത്തിന്റെ മുഴുവന്‍ ആദരവ് നേടിയ നെഹ്‌റുവിനെ ഭര്‍ത്സിക്കലായിരുന്നു മോഡിയുടെ സ്ഥിരം അജണ്ട. അതിന്റെ യഥാര്‍ത്ഥ കാരണം അംബേദ്ക്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആധുനിക മൂല്യങ്ങള്‍ പുലരുന്ന ഭരണഘടന അംഗീകരിച്ചതാണെന്ന വസ്തുതയാണിപ്പോള്‍ പുറത്തു വരുന്നത്.

ഈ തീരുമാനം വന്നതോടെ മോഡി ഒരു സിക്‌സര്‍ അടിച്ചെന്നാണ് ദളിത് പുലി രാംദാസ് അതാവാലെ പറയുന്നത്. രാംവിലാസ് പാസ്വാനും മകന്‍ പസ്വാനും ആഹ്‌ളാദിച്ചു തുള്ളിച്ചാടുന്നു. കേരളത്തിലെ ടി.വി. ബാബു-നീലകണ്ഠന്മാര്‍ മോഡിയെന്ന യഥാര്‍ത്ഥ മിശിഹയുടെ ചെരിപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയില്ലാത്ത സ്‌നാപക യോഹന്നാന്‍മാരായി മരുഭൂമിയില്‍ 'സത്യം' വിളിച്ചു പറയുന്നു.

നിലവിലുള്ള 49% സംവരണത്തിനു പുറമെ 10% സാമ്പത്തിക സംവരണം എന്നത് സുപ്രീം കോടതിയില്‍ നിലനിലക്കില്ല എന്നതറിഞ്ഞു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാന്‍ വേണ്ടി ഈ നടപടി എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്? എന്നിട്ടും നടപടിയെ സ്വാഗതം ചെയ്ത് സി.പി.ഐ (എം) അതിന്റെ ചരിത്രത്തിലെ യഥാര്‍ത്ഥ ഹിമാലയന്‍ ബ്‌ളണ്ടര്‍ നടപ്പാക്കുമ്പോള്‍ കരയുകയോ ചിരിക്കുകയേ വേണ്ടത്? അറിയില്ല.

സാമ്പത്തിക സംവരണമെന്ന ഒരു സംഗതി ലോകത്തില്ല. അത് അന്തിക്രിസ്തു (Anti-christ ) എന്നതു പോലൊരു സങ്കല്പമാണ്. ക്രിസ്തു ചെയ്ത എല്ലാ നല്ലതിനുമെതിരെ വരാന്‍ പോകുന്ന ഒരു എതിര്‍ ക്രിസ്തു എന്നതുപോലൊരു സങ്കല്പം. സാമ്പത്തിക സംവരണത്തിന്റെ ഏക ലക്ഷ്യം ഇന്നത്തെ സാമുദായിക (ജാതി) സംവരണം ഇല്ലാതാക്കല്‍ മാത്രമാണ്.

ലോകത്ത് ദാരിദ്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യപ്പെട്ട ഒട്ടറെ രാജ്യങ്ങളുണ്ട്. അവയെല്ലാം പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ തൊഴിലില്ലായ്മ വേതനവും വിവിധ പെന്‍ഷന്‍ പദ്ധതികളും സ്‌കോളര്‍ഷിപ്പ് പദ്ധതികളും ഇന്‍ഷുറന്‍സ് പദ്ധതികളും മറ്റും നടപ്പാക്കുകയാണ് ചെയ്തത്. പക്ഷേ സര്‍ക്കാരിനത് ചെയ്യാന്‍ കഴിയണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ആവശ്യമാണ്. ഒന്ന്, രാജ്യം സാമ്പത്തിക പുരോഗതി നേടണം. രണ്ട്, മൊത്തം ദേശീയ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് നികുതി പിരിച്ചെടുക്കണം.

ഈ രണ്ടു കാര്യങ്ങളിലും മോഡി എവിടെ നില്‍ക്കുന്നു? നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കലും പശുക്കച്ചവട നിരോധനവും പോലുള്ള മരമണ്ടന്‍ നടപടികളിലൂടെ സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തു. പ്രത്യക്ഷ നികുതി കുറച്ചും ലക്ഷക്കണക്കിനു കോടി ബാങ്ക് കടങ്ങള്‍ എഴുതിത്തള്ളിയും പരോക്ഷനികുതി കൂട്ടിയും ദരിദ്രരെയും ഇടത്തരക്കാരെയും പിഴിഞ്ഞൂറ്റി അതിസമ്പന്നരെ തടിച്ചുകൊഴുപ്പിച്ചു. എന്നിട്ടാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സാമ്പത്തിക സംവരണം എന്ന മുതലക്കണ്ണീര്‍. സവര്‍ണാധിപത്യ ഹിന്ദു രാഷ്ട്രം എന്ന തങ്ങളുടെ ലക്ഷ്യത്തിനനുസരിച്ച് സവര്‍ണരെ പ്രീണിപ്പിക്കാനായി മാത്രമാണ് ജാതി സംവരണത്തെ അട്ടിമറിക്കാനുള്ള സാമ്പത്തിക സംവരണം നടപ്പാക്കല്‍. തന്റെ അഞ്ചു വര്‍ഷഭരണത്തില്‍ രാജ്യത്തെ അമേരിക്കന്‍ നിലവാരത്തിലെത്തിച്ചതുകൊണ്ട് മോഡിക്ക് ദാരിദ്ര്യം മാസം അറുപത്തേഴായിരം രൂപയാണ് (അവര്‍ണന്റെ ദാരിദ്യം 670 രൂപയുമാകാം)

സാമ്പത്തിക സംവരണം സവര്‍ണ്ണരിലെ ദരിദ്രരെ സഹായിക്കും, അഥവാ സാഹായിക്കാനാണ്, എന്ന കൊടും തട്ടിപ്പും തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ-സര്‍ക്കാരുദ്യോഗ തലങ്ങളിലാണല്ലോ ഇപ്പോള്‍ സാമ്പത്തിക സംവരണം പ്രഖ്യാപിക്കുന്നത്. ഏറ്റവും ദരിദ്രരായ സവര്‍ണര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന യോഗതാ നിലവാരത്തിലെത്തില്ല. അതില്ലാത്തവന് ആ സംവരണം കൊണ്ട് ഒരു കാര്യവുമില്ല. ഉദ്യോഗ നിയമനങ്ങളിലും അതാത് ഉദ്യാഗങ്ങള്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത വേണം. നിരക്ഷരനെ പിടിച്ച് സാമ്പത്തിക സംവരണപ്രകാരം ക്ലാസ് വണ്‍ തസ്തികയില്‍ നിയമിക്കാന്‍ പറ്റില്ലല്ലോ? അതായത് വിദ്യാഭ്യസം നേടാന്‍ കഴിയാത്ത അതി ദരിദ്ര സവര്‍ണര്‍ക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് ഇതിന്റെ വക്താക്കള്‍ക്ക് അറിയാത്തതല്ല. മറിച്ച്, സവര്‍ണരിലെ 'ക്‌ളാസ് വണ്‍' ദരിദ്രരെ സഹായിക്കാനാണിത്. അഥവാ സാമുദായിക സംവരണത്തിന്റെ അടിത്തറ മാന്താന്‍.

സാമുദായിക സംവരണത്തിന്റെ ലക്ഷ്യം പ്രാതിനിധ്യമാണ്. അറിവിലും അധികാരത്തിലും വരേണ്യ തൊഴിലുകളിലും. ഭരണഘടനയില്‍ അത് വ്യവസ്ഥ ചെയ്ത് ഏഴു പതിറ്റാണ്ടായിട്ടും, സാമൂഹ്യമായി ഏറ്റവും മുന്നിലെത്തിയ കേരളത്തില്‍പ്പോലും, ശബരിമല ശാന്തിമാരുടെ സ്ഥാനങ്ങളിലേക്ക് മലയാള ബ്രാഹ്മണര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളു എന്ന വ്യവസ്ഥ നിലനില്ക്കുകയാണ്. ജാതിയില്‍ താഴ്ന്നവരെയും ഹിന്ദുവിലേക്ക് മതം മാറുന്ന ക്രിസ്ത്യന്‍ മുസ്ലീം മതക്കാരെയും മലയാള ബ്രാഹ്മണരില്‍ ഉള്‍പ്പെടുത്തുകയുമില്ല.

ലോകത്തിന്നേ വരെ ഒരു മുതലാളിത്ത രാഷ്ടമോ ഒരു പ്രഖ്യാപിത സോഷ്യലിസ്റ്റു രാഷ്ട്രമോ സാമ്പത്തിക സംവരണത്തെ ദാരിദ്യം പരിഹരിക്കാനായി മുന്നോട്ടുവച്ചിട്ടില്ല എന്ന വസ്തുത തന്നെ സകല നിറങ്ങളിലുമുള്ള സാമ്പത്തിക സംവരണക്കാരുടെയും കാപട്യം വ്യക്തമാക്കും.

വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഉന്നത ജാതിക്കാരായ പട്ടേല്‍മാര്‍ക്കും മറാത്തകള്‍ക്കുമെല്ലാം പിന്നോക്കപദവി നല്കി സംവരണത്തെ അട്ടിമറിക്കുന്ന നടപടികള്‍ ഒരു വശത്തുകൂടി മോഡി സംഘം ഊര്‍ജ്ജിതമാക്കി. എന്നിട്ടാണിപ്പോള്‍ തെരഞ്ഞെടുപ്പു പ്രമാണിച്ച് സവര്‍ണദാരിദ്ര്യം പരിഹരിക്കാന്‍ സാമ്പത്തിക സംവരണം. ഇവിടെ യഥാര്‍ത്ഥത്തില്‍ സര്‍വണ സമുദായങ്ങളിലെ ജനാധിപത്യവാദികളായ മനുഷ്യരെയാണ്ഏറ്റവുമധികം വഞ്ചിക്കുന്നത്.

സംവരണത്തെ അട്ടിമറിക്കുന്ന ഈ ക്രൂരമായ നടപടിക്കെതിരെ രാജ്യത്തെ പിന്നോക്ക - ദളിത്-ആദിവാസി സമുദായങ്ങള്‍ക്കൊപ്പം സവര്‍ണ സുദായങ്ങളിലെ ജനാധിപത്യവാദികളും യോജിച്ച് രംഗത്തുവരണം.

കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
വരുന്ന 8, 9 തിയതികളിലെ ദേശീയ പണിമുടക്കില്‍ നിര്‍ബന്ധിച്ച് കടകളടപ്പിക...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow