Loading Page: ലോകം മാറുന്നു, മനുഷ്യര്‍ മാറുന്നു; പാര്‍ട്ടിയും മാറണം

ഒപ്പീനിയന്‍

സോമശേഖരന്‍

സമൂഹം, വ്യക്തി, സംഘടന എന്നീ പ്രമേയങ്ങള്‍ രാഷ്ട്രീയ സംവാദങ്ങളിലെ പ്രശ്‌നമണ്ഡലങ്ങളാണ്. വ്യക്തിയേയും സമൂഹത്തേയും വിപരീത ധ്രുവങ്ങളിലുള്ള ആശയങ്ങളായി തള്ളിമാറ്റുന്ന പ്രവണതകളുമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടനയുടെ ചരിത്രവും സിദ്ധാന്തവും അടിസ്ഥാനമാക്കി സമൂഹം, സംഘടന എന്നിവയെ വിശദീകരിക്കുന്നു. ഒപ്പം കേരളത്തിലുള്‍പ്പെടെ കമ്യൂണിസ്റ്റ് സംഘാടനത്തില്‍ സംഭവിച്ച പാളിച്ചകള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കുന്ന ഈ ലേഖനം മാതൃഭൂമി അഴ്ചപ്പതിപ്പില്‍ 2013 സ്പതംബര്‍ 1 ല്‍ പ്രസിദ്ധീകരിച്ചതാണ്.

''ആദ്യം സ്വയം നന്നാക് , എന്നിട്ട് സമൂഹം നന്നാക്കാം'' ''കുടുംബം നന്നാക്ക്, എന്നിട്ട് നാടു നന്നാക്കാം'' തുടങ്ങിയ അഭിപ്രായപ്രകടനങ്ങള്‍ എത്രയോ കാലമായി നാം കേള്‍ക്കുന്നുണ്ട്. പുതിയ മാര്‍ക്കറ്റ് സമ്പദ്ഘടനയോടു ചേര്‍ന്ന ഉദാരവത്കരണതത്തിന്റെ പശ്ചാത്തലത്തില്‍ ഈ 'വ്യക്തി' കേന്ദ്രീകൃത സമൂഹവും സമ്പദ്ഘടനയും അതിന്റെ യുക്തിപൂരണ്ണതയിലെക്കെത്താന്‍ യന്തിക്കുന്നതാണ് കാണുന്നതും. ഇടക്കാലത്തിവിടെ പ്രബല സ്വാധീനമായിരുന്ന മാര്‍ക്‌സിസം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക നിലപാടുകള്‍ക്കെതിരായി ഇതേ വ്യക്തികേന്ദ്രീകൃത നിലപാടുകളാണിന്ന് പ്രചാരം നേടിക്കൊണ്ടിരിക്കുന്നതും. മാര്‍ക്‌സിസത്തിന്റെയും സോഷ്യലിസത്തിന്റെയും സാമൂഹികവത്കരണയത്‌നങ്ങള്‍ അതിന്റെതന്നെ ആന്തരിക ദൗര്‍ബല്യങ്ങളുടെകൂടി ഫലമായി തകര്‍ന്നുവെന്ന ചരിത്രാനുഭവങ്ങള്‍ ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സമൂഹത്തെയും വ്യക്തിയെയും ഇരു ധ്രുവങ്ങളിലേക്ക് വിഘടിപ്പിക്കുന്ന രണ്ടു പദ്ധതികളായി മാറിയ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ഒരു വ്യാജ പ്രശ്മമണ്ഡലത്തിലേക്ക് തള്ളി നീക്കുകയാണിവ ചെയ്യുന്നതും

ഹോമോസാപിയന്‍ എന്ന സാമൂഹിക ജീവി

മനുഷ്യര്‍ ജീവശാസ്ത്രപരമായിത്തന്നെ ഒരു സാമൂഹികജീവിയാണെന്ന് പരിണാമപ്രക്രിയയും നരവംശശാസ്ത്രവും പറയുന്നു. പരിണാമം എല്ലാ മേഖലയിലും താഴെനിന്ന് മുകളിലേക്കുള്ള പടിപടിയായ ഒരു വികാസമല്ല. വളരെ താഴ്ന്ന പടിയിലുള്ള തേനീച്ചയും ഉറുമ്പുകളുമെല്ലാം ഒരു തരം സാമൂഹികജീവിതമാണ് നയിക്കുന്നത്. മനുഷ്യസമൂഹ മാതൃകകള്‍ വെച്ച് രാജ്ഞി, വേലക്കാരികള്‍ തുടങ്ങിയ സംവര്‍ഗങ്ങളായി ഇവയുടെ സാമൂഹികഘടനയെ നാം വിശദീകരിക്കാറുമുണ്ട്. എന്നാല്‍ മനുഷ്യസമൂഹം എന്നു പറയുന്ന അര്‍ത്ഥത്തില്‍ 'സമൂഹം' എന്ന വാക്ക് ഇവയോട് ചേര്‍ത്ത് വായിക്കുന്നത് സൂക്ഷിച്ചു വേണം. ഇവയുടെ സാമൂഹികസംഘാടനത്തിന്റെ ജനിതകരഹസ്യം കൃത്യമായി അനാവരണം ചെയ്തുവോ എന്നറിയില്ലെങ്കിലും ഈ ജനിതക സന്ദേശങ്ങള്‍ തീര്‍ക്കുന്ന ജീവശാസ്ത്രപരമായ ലക്ഷ്മണരേഖക്ക് പുറത്ത് വര്‍ഷങ്ങള്‍ സഞ്ചരിച്ചിട്ടും അവയ്ക്കായില്ല എന്നതില്‍ നിന്നുതന്നെ ഈ വ്യത്യാസം പ്രകടമാകും.

മനുഷ്യനോടേറ്റവും അടുത്ത ചാര്‍ച്ചയുള്ള ഉയര്‍ന്ന പ്രൈമേറ്റുകളായി ഇന്നു ഭൂമിയിലുള്ള ചിമ്പാന്‍സികളിലും ഗോറില്ലകളിലുമെല്ലാം ഇങ്ങനെ ജീവശാസ്ത്രപരമായി നിര്‍ണയിക്കപ്പെട്ട 'പറ്റ' ജീവിതമാണുള്ളത്. ചില മേല്കീഴ് ശ്രേണിബന്ധങ്ങളുള്ള പത്ത് മുതല്‍ പതിനഞ്ച് വരെയുള്ള ആണും പെണ്ണുമടങ്ങുന്ന സംഘങ്ങളായാണ് ഗോറില്ലകളും ചിമ്പാന്‍സികളും ജീവിക്കുന്നത്. ചിമ്പാന്‍സികലില്‍ ചിലപ്പോള്‍ ഈ ചെറുസംഘങ്ങള്‍ 80 അംഗബലം വരെയുള്ള വലിയ കൂട്ടത്തിന്റെ ഭാഗമായി മാറിയതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല, കാടുകളിലോ പുല്‍മേടുകളിലോ ജീവിക്കുന്നതെന്നതിനനുസരിച്ച് പറ്റങ്ങളുടെ സ്വഭാവത്തില്‍ ചില വ്യത്യാസങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. പറ്റജീവിതങ്ങള്‍ക്കെന്നപോലെ സാമൂഹികസംഘാടനത്തിനും ജനിതനമടക്കം ജീവശാസ്ത്രപരമായി നിര്‍ണയിക്കാവുന്ന ചില ആധാരങ്ങളുണ്ടെന്നാണിവയെല്ലാം പറയുക. മനുഷ്യനിലേക്കെത്തുമ്പോള്‍ ജീവശാസ്ത്രപരമായ ഈ ആധാരങ്ങള്‍ സാമൂഹിക ജീവിതത്തിന്റെ പുതിയൊരു ദ്വിതീയതലത്തിലുള്ള പരിണാമപ്രക്രിയയുടെ വലിയ സാധ്യത തുറക്കുന്ന ഒന്നായി മാറുന്നു. ഉപകരണങ്ങളുപയോഗിക്കുന്നതിലും പരിഷ്‌കരിക്കുന്നതിലുമുണ്ടാകുന്ന വളര്‍ച്ച, തലച്ചോറിന്റെ അളവിലുള്ള വ്യത്യാസം തുടങ്ങിയവയോട് ചേര്‍ന്ന് ഭാഷയെന്ന പുതിയൊരു ഘടനകൂടി ചേരുന്നതോടെയാണ് സാമൂഹികജീവിതത്തിന്റെ പുതിയ തലം മനുഷ്യനിലൂടെ പരിണാമപ്രക്രിയയാരംഭിക്കുന്നത്. ഓര്‍മകള്‍ വിവരശകലങ്ങളായി സൂക്ഷിച്ചുവെക്കുകയും ഇവയുപയോഗിച്ച് അമൂര്‍ത്തമായ ആശയരൂപത്കരണങ്ങള്‍ സാദ്ധ്യമാക്കി ചിന്തിക്കുകയും അവയെല്ലാം പുതിയ തലമുറകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്യുന്നുണ്ട് മനുഷ്യന്‍. ഒരു മനുഷ്യായുസ്സിനപ്പുറമുള്ള മനുഷ്യവംശത്തിന്റെ അനുസ്യൂതിയായി തലമുറകളിലൂടെ ഈ ജ്ഞാനസഞ്ചയനം തുടരുക, ഇതുകൂടി ഉപയോഗപ്പെടുത്തി സ്വന്തം ജീവിതത്തെയും സാഹചര്യങ്ങളെയും നിരന്തരമായി നവീകരിക്കുക എന്നതെല്ലാം മനുഷ്യനു മാത്രം ലഭ്യമായ നേട്ടങ്ങളാണ്. ഈ സാമൂഹികമായ അസ്തിത്വം കൂടിയാണ് ഒരു സ്പീഷിസെന്ന നിലയില്‍ മനുഷ്യവംശത്തെ തന്നെ നിര്‍ണയിക്കുന്നതെന്നാണിവയെല്ലാം പറയുക. ഭാഷയെക്കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത് സംഭാഷണങ്ങള്‍ വികസിച്ചാണ് 'ആത്മഗത' ങ്ങള്‍ രൂപപ്പെട്ടതെന്നാണ്. അഥവാ ഒറ്റപ്പെട്ട മനുഷ്യന്റെ തലച്ചോറല്ല, സമൂഹമാണത് രൂപപ്പെടുത്തിയാതെന്നര്‍ഥം. കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ മനുഷ്യന്റെ വികസിച്ച തലച്ചോറിന്റെ ഭാഷാരൂപവത്കരണ സാദ്ധ്യതക്ക് പ്രവര്‍ത്തിക്കാനും ഭാഷ സാക്ഷാത്കരിക്കാനും സാമൂഹികമായ അസ്തിത്വം ഒറവശ്യോപധിയാണ്. ഭാഷയും ഭാഷണവുമൊക്കെ സ്വാംശീകരിക്കുന്ന ഏതാണ്ടൊരു മൂന്നു വയസ്സു മുതല്‍ എട്ട് വയസ്സുവരെയുളള പ്രായത്തില്‍ സമൂഹവും ഭാഷാസാഹചര്യവുമായി ഇടപഴകാനുള്ള അവസരം കിട്ടാതെ ഒറ്റപ്പെട്ടു പോവുകയാണങ്കില്‍ ജീവിതകാലം മുഴുക്കെ ഭാഷസ്വായത്തമാക്കുക വലിയൊരളവില്‍ ദുസ്സാദ്ധ്യം തന്നെയായേക്കുമെന്നാണ് നരവംശശാസ്ത്ര ചിന്തിക്കുന്നത്. മനുഷ്യന്റെ സാമൂഹികാസ്തിത്വത്തിലൂന്നുന്ന മാര്‍ക്‌സിസ്റ്റ് കാഴ്ച്പാട് ശരിയാണെന്നാണ് മാര്‍ക്‌സിന്റെ കാലത്തോടെ മാത്രം രൂപമെടുത്ത്, തുടര്‍ന്ന് വലിയ വളര്‍ച്ച കൈവരിച്ച നരവംശശാസ്ത്രവും പറയുക.

സമൂഹവും സംഘടനയും

സമൂഹം എന്ന സംജ്ഞതന്നെ ഏതെങ്കിലും തരത്തിലുള്ള സംഘാടനത്തെ മുന്നുപാധിയായി സ്വീകരിക്കുന്നുണ്ട്. ആദിമ പറ്റങ്ങളില്‍ നിന്ന് ഗോത്രസമൂഹങ്ങളിലേക്കും തുടര്‍ന്ന്, ഭാഷ, മത, ദേശ, സാമൂഹങ്ങളിലേക്കുമെല്ലാം ഒരു സാമാന്യ നിയമമെന്നോണം സംഘടനകള്‍ വളരുന്നതു കാണാം. മതവും ജീവിതവും തമ്മിലും ആത്മീയതയും ഭൗതികതയും തമ്മിലുമെല്ലാം ഇന്നു കാണുന്ന ഇരട്ടപ്പിരിവ് ആദിമ ഗോത്രസമൂഹങ്ങളില്‍ അതേപോലെ പ്രകടമായിരിക്കാനുമിടയില്ല. കടലും അഗമൃങ്ങളായ കരകളുമെല്ലാമായി പ്രാചീനകാലത്ത് പരസ്പരം ബന്ധപ്പെട്ടാന്‍ എളുതല്ലാത്തത്ര അകന്നുകഴിഞ്ഞ വിഭാഗങ്ങള്‍ക്ികടയിലെല്ലാം ചെറിയ ചെറിയ വ്യത്യാസങ്ങളോടെയും സവിശേഷതകളോടെയും സവിശേഷതകളോടെയുമാണെങ്കിലും ഇത് ഒരേപോലെ സംഭവിച്ചുവെന്നതുതന്നെ ഇവയുടെ നരവംശശാസ്ത്രപരമായ പ്രാധാന്യം വ്യക്തമാക്കും. ആത്മാവിലും സ്വര്‍ഗത്തിലും ദൈവങ്ങളും ഭൂമിയില്‍ മൂപ്പന്‍മാരും രാജാക്കാന്മാരുമെല്ലാമായി ഇത് ഹോമോസാപിയന്‍ സ്പീഷിസിനകത്ത് ഏതാണ്ട് സാര്‍വത്രിക സ്വഭാവത്തോടെയുണ്ട്. തുടക്കത്തില്‍ പറ്റങ്ങളോ ഗോത്രങ്ങളോ ഒക്കെ തമ്മില്‍ 'നമ്മളും അവരും' എന്ന നിലയില്‍ വേര്‍പെട്ടു കണ്ടുതുടങ്ങി ഏറെക്കഴിഞ്ഞാകണം ഗോത്രത്തിനകത്ത് 'ഞാന്‍' പ്രത്യേകം രൂപമെടുത്തു തുടങ്ങുന്നതെന്ന് നരവംശശാസ്ത്രപഠനങ്ങളില്‍ നിന്നൂഹിക്കാം. പരിണാമപരമായി ലൈംഗിക പ്രത്യുത്പാദനബന്ധ ഘടനകള്‍ മാത്രമായി ഇങ്ങനെ പറ്റം ചേരുന്നതിനാധാരമായ കാണാമെന്നും നരവംശശാസ്ത്രം പറയുന്നില്ല. രക്ത, ലൈംഗിക ബന്ധങ്ങള്‍ ഭൗതികമായി നിലനില്ക്കുന്നുവെന്നതിനപ്പുറം അതേക്കുറിച്ച് ബോധം ജനിക്കുക, അല്ലെങ്കില്‍ ബോധഘടനകളിലേക്കു കൂടിയത് സംക്രമിക്കുകയെന്നത് പരിണാമപരമായ ഒരു വലിയ ചാട്ടത്തെയാണ് കാണിക്കുക. ലൈംഗിക രക്തബന്ധങ്ങള്‍ ജീവിതോപാധികളുടെ സമാഹരണവും ഉത്പാദനവും ചുറ്റുമുള്ള പ്രകൃതിയില്‍ നിന്നും 'അവനി'ല്‍ നിന്നുമെല്ലാമുള്ള സംരക്ഷണം തുടങ്ങി പല ഘടകങ്ങള്‍ കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിച്ചാകണം ഈ കൂട്ടുജീവിത്തിന്റെ അന്തര്‍ഘടനയെ നിര്‍ണയിച്ചിരിക്കുക. ഉയര്‍ന്ന പ്രൈമേറ്റുകളായ ചിമ്പാന്‍സികളും ഗൊറില്ലകളും പറ്റത്തിനകത്ത് പൊതുവെ ശാന്തരാണെന്നാണ് നിരീക്ഷണം. ഏതാണ്ടില്ല എന്നുതന്നെ പറയാവുന്ന വിധം പറ്റത്തിനകത്ത് പരസ്പരം ഏറ്റുമുട്ടലിലേക്ക് നയിക്കുന്ന സംഘര്‍ഷങ്ങള്‍ അഥുപൂര്‍വമാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

മഹാമോസാപിയന്‍ സ്പീഷിസിന്റെ ഏറ്റവുമടുത്ത ചാര്‍ച്ചക്കരാരായ ആന്ത്രോപോയ്ഡ് പ്രൈമേറ്റുകളില്‍ അപൂര്‍വമായെങ്കിലും ആയുധങ്ങള്‍കൊണ്ട് മുറിവേറ്റ തലയോട്ടികള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരുപക്ഷേ ഇവ പറ്റങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളില്‍ സംഭവിച്ചതാകാനാണ് കൂടുതല്‍ സാധ്യതയെന്നും പറയുന്നു. പത്തക്കാന്‍ ത്രോപസിനകത്ത് കണ്ടുകിട്ടിയ അംഗഭംഗം വന്ന ഒരു തുടയെല്ലും നിയാണ്ടര്‍താല്‍ ഫോസിലിന്റെ ഛേദിക്കപ്പെട്ട കൈയുമെല്ലാം പറയുക പറ്റത്തിനകത്തെ പരസ്പരാശ്രിതത്വവും ജീവിപ്പിച്ചിരിക്കുക എന്നാണ്. ആധുനിക മനുഷ്യനിലേക്കെത്തുന്നതിന് മുന്‍പുതന്നെ ഉപകരണങ്ങളുടെ ഉപയോഗവും നിര്‍മാണവും ഒരുപക്ഷേ, ഗണ-ഗോത്ര സംഘട്ടനത്തിലേക്കെത്തിയിരിക്കാവുന്ന സാമൂഹിക ജീവിതവും വ്യത്യസ്ത തലമുറകള്‍ തമ്മിലുള്ള ലൈംഗികവേഴ്ചകളെ പരമാവധി ഒഴിവാക്കുന്ന പ്രസ്ത്യുത്പാദനബന്ധഘടനകളുമെല്ലാം രൂപമെടുത്തുകഴിഞ്ഞിരുന്നു എന്ന് നരവംശം ശാസ്ത്രമിന്ന് ചിന്തിക്കുന്നുണ്ട്. അഥവാ സമൂഹജീവിതവും സമൂഹ സംഘാടനവുമെല്ലാം ആധുനിക മനുഷ്യന് പരിണാമപരമായി ലഭിച്ചതും ജീവശാസ്ത്രപരമായ ആധാരങ്ങളുള്ളതുമാണ് എന്നാണിവയെല്ലാം പറയുക.

വ്യക്തിയും സ്വാതന്ത്ര്യവും

യൂറോപ്പിലെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങളുടെയും ജ്ഞാനോദയ ചിന്തകളുടെയും പശ്ചാത്തലത്തിലാണ് സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രപ്രരൂപം രൂപമെടുക്കുന്നത്. തോമസ് ഹോബ്‌സ്, ജോണ്‍ ലോക്കെ, റൂസ്സോ തുടങ്ങിയവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന 'സോഷ്യല്‍ കോണ്‍ട്രാക്ട് സിദ്ധാന്ത'മാണത്. എല്ലാ മനുഷ്യരും സ്വതന്ത്ര്യരും തുല്യരുമായാണ് ജനിക്കുന്നതെന്നവര്‍ പറഞ്ഞു. ഈ വ്യക്തികള്‍ തമ്മിുലുണ്ടാക്കുന്ന കരാറിലൂടെയാണ് സമൂഹം നിലവില്‍ വരുന്നതെന്ന് തിരച്ചാണവര്‍ പറയുക. മനുഷ്യന്‍ കാര്യകാരണ യുക്തിയുള്ളവരാണെന്നും അതുകൊണ്ടുതന്നെ സ്വന്തം വിധി നിര്‍ണയിക്കാന്‍ പ്രാപ്തരാണെന്നും ജ്ഞാനോദയ ചിന്തകള്‍ കരുതി. മനുഷ്യനെ നിയന്ത്രിക്കാന്‍ യാതൊരു കേവലാധികാരശക്തിയുടെയും ആവശ്യമില്ലെന്നുമവര്‍ വിശ്വസിച്ചു. ആധുനിക ജനാധിപത്യത്തിന്റെ പുഷ്‌കലവും കാല്പനികവുമായ ഒരു കാലത്തിന്റെ മുദ്രകള്‍ ഈ ചിന്തകള്‍ക്ക് പിറകില്‍ കാണാം. സാമ്പത്തിക മേഖലയിലടക്കം സമൂഹത്തിന്റെ നാനാതുറകളിലും ഭരണകൂടത്തിന്റെയും മതത്തിന്റെയും ഇടപെടല്‍ പരമാവധി കുറയ്ക്കുക. വ്യക്തികളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരുന്ന എല്ലാതരം പരമാധികാരശക്തികലെയും നിരാകരിക്കുക എന്നെല്ലാമായിരുന്നു ആ കാലത്തിന്റെ പൊതുവികാരം സമൂഹത്തിന് പകരം വ്യക്തികളായിരുന്നു ഇതിന്റെ കേന്ദ്രബിന്ദു.

ജ്ഞാനോദയ ചിന്തകരുടെ ഈ പൊതുവികാരത്തെ ശരിയായി തിരിച്ചറിയണമെങ്കില്‍ യൂറോപ്പ് കടന്നുവന്ന മധ്യകാല സമൂഹത്തെക്കുറിച്ചുകൂടി മനസ്സിലാക്കേണ്ടിവരും. രാജാധികാരവും പേപ്പലധികാരവും. കൂട്ടുചേര്‍ന്ന് പുറത്തേക്കുള്ള പഴുതുകളും തുറസ്സുകളുമെല്ലാമടച്ചതും ശ്രേണിബദ്ധമായി സുഘടിതവുമായിരുന്നു മധ്യകാല യൂറോപ്പ്. ശാസ്ത്രവും കലയും ചിന്തയുമെല്ലാം ദൈവശാസ്ത്രത്തിന്റെ ഉപവിഷയങ്ങള്‍ മാത്രമാക്കി സ്വതന്ത്രമായ ചിന്തയുടെ എല്ലാ പഴുതുകളുമതടച്ചിരുന്നു. അടിയായ്മയിലധിഷ്ഠിതമായ പ്രഭുത്വവും രാജാധികാരവും ഈ ആത്മീയാധികാര ഘടനയുടെ ഭൗതികാടിസ്ഥാനവുമായിരുന്നു. എറ്റവും വലിയ സാമൂഹിക സംഘടനയായന്നുണ്ടായിരുന്നത് മതമാണ്. വ്യവസ്ഥാപിത ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ക്കെതിരായ ചെറിയ മതഭേദങ്ങളെപ്പോലുമത് നേരിട്ടത് പലപ്പോഴും മതകുറ്റവിചാരണകളിലൂടെ പീഡിപ്പിച്ചും തടവിലടച്ചും ചുട്ടുകൊന്നുമെല്ലാമാണ്. ഒരു കേവലാധികാരഘടനയ്ക്ക് കീഴില്‍ സങ്കല്പത്തിലെങ്കിലും ഏകശിലാഖണ്ഡമാരുന്ന ഒരു മത സാമൂഹിക സംഘടനയില്‍ നിന്ന് പുതിയ വ്യക്തിസ്വരൂപങ്ങള്‍ പൊരുതി രൂപമെടുക്കുകയും സ്വാതന്ത്യം പ്രഖ്യാപിക്കുകയും ചെയ്ത പ്രക്രിയകൂടിയായിരുന്നു യൂറോപ്യന്‍ ജ്ഞാനോദയം.

യൂറോപ്പില്‍ രൂപമെടുത്തുവന്ന ആധുനിക ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ പല കാര്യങ്ങള്‍ വ്യക്തമാകും. സാമൂഹിക സംഘാടനത്തിന്റെ അച്ചടക്കത്തെ നിര്‍വചിക്കുന്നതിനു പകരം അഥ് ചെയ്തത് പ്രധാനമായും വ്യക്തിസ്വാതന്ത്ര്യപ്രഖ്യാപനമാണ് സമഷ്ടിയുടെ വ്യതിരിക്തമല്ലാത്ത കാണാമറയത്തുനിന്ന് വ്യക്തികളെ ബന്ധനമുക്തരാക്കുന്ന കടമയാണത് പ്രധാനമായും നിറവേറ്റിയത്. 1776-ലെ അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം പറയുന്നു. 'എല്ലാ മനുഷ്യരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടതെന്നും ജീവിതവും സ്വാതന്ത്ര്യവും സന്തോഷം തേടലും ഈ സത്യങ്ങളില്‍ പെടുന്നുവെന്നുമുള്ളത് സ്വയം സിദ്ധമാണെന്ന് ഞങ്ങള്‍ കരുതുന്നു.' പൗരാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളുമാണ് 1789- ല്‍ വിപ്ലവ ഫ്രാന്‍സ് മനുഷ്യന്റെയും പൗരന്റെയും അവകാശങ്ങളുടെ വിജ്ഞാപനമാണ് നടത്തിയത്.

പക്ഷേ, അത്യധികം കേന്ദ്രീകൃതമായ സാമൂഹികസംഘടനാക്രമത്തെ തകര്‍ത്തുന്നതിന്റെ ഭാഗമായി. എപ്പോഴും സംഭാവയ്‌മെന്നപോലെ മറുധ്രുവത്തിലേക്കുള്ള കല്പനിക ചിന്താസഞ്ചാരം കൂടിയായി വേണം കേവല വ്യക്തിസ്വാതന്ത്ര്യത്തിലൂന്നുന്ന സോഷ്യല്‍ കോണ്‍ട്രാക്ട് സിദ്ധാന്തത്തെ കാണുന്നത്. അപ്പോഴും, മനുഷ്യന്റെ അടിസ്ഥാനാവകാശങ്ങളെ ഭീഷണിപ്പെടുത്താനുള്ള അധികാരം ഭരണകൂടത്തിനില്ല എന്ന് പറയുന്ന ലോക്കെ തന്നെ ഒരു പൊതു സാമൂഹികാധികാരത്തിന് ജനങ്ങള്‍ സ്വയം കീഴ്വഴങ്ങണമെന്നും പറയുന്നുണ്ട്.

അനിച്ഛാപൂര്‍വമായ പറ്റ ജീവിതത്തില്‍ നിന്ന്, മനുഷ്യന്‍ അവന്റെ പറ്റ ജീവിതത്തെക്കുറിച്ച് ബോധവാകുന്നതു മുതല്‍ തന്നെ അത് പുതുക്കിപ്പണിയുന്ന പ്രക്രിയയുമാരംഭിച്ചിരിക്കണം. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആകാശം വിപുലമാക്കിക്കൊണ്ടേ വരുന്ന സാമൂഹിക സംഘടനാരൂപങ്ങളുടെ അന്വേഷണവും സാക്ഷാത്കരണവും ഇതേ പ്രക്രിയയുടെ തന്നെ ഭാഗമായി വേണം കാണുന്നതും, കമ്യൂണിസത്തെക്കറിച്ചുള്ള മാര്‍ക്‌സിന്റെ സ്വപ്നങ്ങളെ ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കാമെന്ന് തോന്നുന്നു. സാമൂഹികമായി ഇന്ന് മനുഷ്യന്‍ നിര്‍ബന്ധിതമാകുന്ന തൊഴില്‍ വിഭജനങ്ങള്‍ തന്നെ അപ്രസക്തമാകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പിറവികൂടിയായാണ് മാര്‍ക്‌സ് കമ്യൂണിസത്തെ കണ്ടത്. ഇതോടെയാണ് സ്വാതന്ത്ര്യത്തിന്റെ പുതിയ കാലഘട്ടം മനുഷ്യന് മുന്‍പില്‍ തുറക്കുകയെന്നുമദ്ദേഹം വിശ്വസിച്ചു.

ലെനിന്റെ സങ്കല്പം

'വ്യക്തി പാര്‍ട്ടിക്ക് കീഴ് പ്പെടുക, ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴ് പ്പെടുക, കീഴ് പ്പെടുക, കീഴ് പ്പെടുക' എന്നിങ്ങനെയാണ് ബോള്‍ഷെവിക് രീതിയില്‍ കെട്ടിപ്പടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനാധിപത്യ കേന്ദ്രീകരണ തത്ത്വങ്ങള്‍ മേല്‍പ്പറഞ്ഞ ജ്ഞാനോദയ ജനാധിപത്യത്തിതലെ വ്യക്തിസ്വാതന്ത്ര്യത്തിനെതിര്‍ദിശയിലാണിത് നില്‍ക്കുന്നതെന്ന് പെട്ടെന്ന് തോന്നും. ഒറ്റപ്പെട്ട വ്യക്തികളുടെ കൂട്ടമാണ് സമഷ്ടിയെന്ന കാഴ്ചപ്പാടിനെയിത് എതിരറ്റത്ത് സങ്കലിപിച്ചു നിര്‍ത്തുന്നുണ്ട്എന്നും തോന്നും. റഷ്യയിലെ സോഷ്യല്‍ ഡമോക്രാറ്റിക് സംഘടനയെ വിപ്ലവോന്മുഖമാക്കുന്നതിന്റെ ഭാഗമായാണ് ലെനിന്‍ ഈ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്ത്വങ്ങള്‍ രൂപപ്പെടുത്തിയത്.

സാമൂഹിക സംഘാടനത്തിന്റെയും സംഘടനകളുടെയും ചരിത്രാനുഭവങ്ങളെ സാമാന്യവത്കരിക്കുകയാണ് ബോള്‍ഷെവിക് സംഘടനാ നിയമങ്ങള്‍ ചെയ്തത് എന്ന് പറയാറുണ്ട്. ഇതിന്റെ തുടര്‍ച്ചയായി തുടര്‍ച്ചയായിതന്നെയാണ് പാര്‍ട്ടി മാത്രമല്ലാതെ സോഷ്യലിസ്റ്റ് ഭരണകൂടവും സമൂഹവും ജനാധിപത്യ കേന്ദ്രീകരണ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക എന്ന തിരുമാനവും പില്ക്കാലത്ത് സ്വീകരിച്ചത്.

മനുഷ്യസമൂഹചരിത്രവുമായി ചേര്‍ന്ന ഇത്തരം അഥിസാമാന്യ തത്ത്വങ്ങള്‍വെച്ച് അതത് സന്ദര്‍ഭങ്ങളിലെ മൂര്‍ത്ത സമൂഹപ്രശ്‌നങ്ങളെ ചികിത്സിക്കാനുള്ള ശ്രമം ദുരന്തങ്ങളില്‍ ചെന്നവസാനിക്കുമെന്ന് ചരിത്രമിന്ന് പഠിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഓരോ ഘട്ടത്തിലും സുബദ്ധമായ ഇത്തരം സാമൂഹിക സംഘടനാരൂപങ്ങലാവിഷ്‌കരിക്കുക മാത്രമല്ലാതെ, ഇവയെ തകര്‍ത്ത് പുതിയവ സൃഷ്ടിക്കുകകൂടി മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. നിര്‍മാണത്തിന്റെയും സംഘടനയുടെയും 'സ്ഥിതി' ഒരേസമയം സൃഷ്ടിയും സംഹാരവുമടങ്ങുന്നതാണെന്ന ചരിത്രപാഠത്തെയാണ് ജനാധിപത്യ കേന്ദ്രീകരണത്തെക്കുറിച്ചുള്ള കേവലവാദങ്ങള്‍ അവഗണിച്ചത്.

സമഷ്ഠിക്ക് കീഴ്വഴങ്ങുന്ന വ്യക്തിയെക്കുറിച്ചുള്ള പൊതുപറച്ചലിലും ഇതേ അതിസാമാന്യവത്കരണത്തിന്റെ അപകടമുണ്ട്. വിവിധ ചരിത്രഘട്ടങ്ങളിലൂടെ വികസിക്കുന്നതാണ് മനുഷ്യചരിത്രം എന്നത് മാര്‍ക്‌സിസത്തിന്റെ ഒടിസ്ഥാന കാഴ്ചപ്പാടാണ് ഈ ഓരോ ചരിത്രഘട്ടങ്ങളിലെയും വ്യക്തയും ജീവശാസ്ത്രപരമായ വലിയ മാറ്റങ്ങളില്ലാത്തതെങ്കിലും വലിയ വ്യത്യാസങ്ങളുള്‍ക്കൊള്ളുന്നവയാണ്. ഗോത്രസമൂഹത്തിലെ വ്യക്തിയും വിപ്ലവപൂര്‍വ റഷ്യയിലും ചൈനയിലുമുണ്ടായിരുന്ന കര്‍ഷക സമൂഹങ്ങളിലെ വ്യക്തിയും ആധുനിക പൗരസമൂഹങ്ങളിലെ വ്യക്തിയും ഉള്ളടക്കത്തില്‍ ഒന്നല്ല. വിപ്ലവാനന്തര റഷ്യയിലെ കൂട്ടുകൃഷിവത്കരണത്തെ ആവിഷ്‌കരിക്കുന്ന ഷൊളോക്കോവിന്റെ 'ഉഴുതുമറിച്ച പുതുമണ്ണ്', ചൈനയിലെ കമ്യൂണ്‍ രൂപവത്കരണ കാലത്തെ ചിത്രീകരിക്കുന്ന 'സാങ് കാന്‍ നദിക്കുമേല്‍ സൂര്യന്‍' തുടങ്ങിയ നോവലുകളുടെ വായന ഈ വ്യക്തിഘടനകളെ ഒട്ടൊക്കെ മനസ്സിലാക്കാന്‍ സഹായകമാണ്.

ആധുനിക പൗരസമൂഹം സോഷ്യലിസത്തിന്റെ ഒരു മൂന്നുപാധിയാണ്. അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും വിഘടിത ധ്രുവങ്ങളായി വര്‍ത്തിച്ച മധ്യകാല സമൂഹങ്ങളിലെ വ്യക്തിയല്ല ആധുനിക പൗരസമൂഹങ്ങളിലെ വ്യക്തി. പൗരബോധം എന്ന വാക്കില്‍ത്തന്നെ ഉള്ളടങ്ങിയിരിക്കുന്ന ഉയര്‍ന്ന സാമൂഹികബോധത്തിന്റെകൂടെ നിര്‍മിതിയാണ് ആധുനികകാലത്തെ പൗരന്‍. 'അവനവാത്മസുഖത്തിനായ്വരേണം' എന്ന് ശ്രീനാരായണനെഴുതിയതിലിതുണ്ട്.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിറകിലും പല ഘടകങ്ങലിലൊന്നായി ഇതും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണാം. പാര്‍ട്ടി രൂപമെടുത്ത അടിയായ്മയുടെ കാലത്തെ ബന്ധഘടനകളല്ല ഇന്ന് സമൂഹത്തില്‍ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്നത്. 'ലോകം മാറുന്നതറിയാത്തവരെ ചരിത്രഗതികള്‍ തല്ലിപ്പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടും........' എന്നാകാം ഒരുപക്ഷേ, ഭാവിയില്‍ പറയുക പ്രതിപക്ഷത്തിന് ഇടമില്ലാത്ത ഏത് സാമൂഹികസംഘടനയുടെയും ഭാവി ഇരുണ്ടുതന്നെയായിരിക്കും.

ജനാധിപത്യകേന്ദ്രീകരണം

ജനാധിപത്യകേന്ദ്രീകരണം എന്ന പ്രയോഗം മാര്‍ക്‌സും ഏംഗല്‍സും ഒരിടത്തുമുപയോഗിക്കുന്നില്ല. 'ഡെമോക്രാറ്റിക് സെന്‍ട്രലൈസേഷന്‍' എന്ന പ്രയോഗം ലാസല്ലെ സ്ഥാപിച്ച ജര്‍മന്‍ തൊഴിലാളി അസോസിയേഷന്റെ 'സോഷ്യല്‍ ഡെമോക്രാറ്റ്' എന്ന പ്രസിദ്ധീകരണത്തിലാകണം ആദ്യമായി പ്രത്യക്ഷപ്പെടുന്നതെന്ന് സംശയത്തോടെ രേഖപ്പെടുത്തിക്കണ്ടിട്ടുണ്ട്. ലാസല്ലെക്കുശേഷം സംഘടനയുടെ നേതൃത്വത്തിലേക്ക് വന്ന ജെ.സി. വോണ്‍ഷ്വീറ്റ്‌സറുടെ കാഴ്ചപ്പാടായാണത് വരുക. മാര്‍ക്‌സിനും ഏംഗല്‍സിനും ഈ 'പൊങ്ങച്ചക്കാരനായ ലാസല്ലെ'യെയും ഷ്വീറ്റ്‌സറെയും കുറിച്ച് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. എന്ന് അവരുടെ കത്തുകളില്‍നിന്ന് വായിക്കാം. 1868 സപ്തംബര്‍ 24-ന് ഏംഗല്‍സ് മാര്‍ക്‌സിനെഴുതിയ കത്തില്‍ ഷ്വീറ്റ്‌സറുടെ ഈ 'കര്‍ശന'മായ (ഇംഗ്ലീഷില്‍ strict എന്നും Tight എന്നും ഇതിന് രണ്ടു വിവര്‍ത്തനങ്ങള്‍ കണ്ടിട്ടുണ്ട്) സംഘടനയെ പരിഹസപൂര്‍വം വിമര്‍ശിക്കുന്നത് കാണാം. ലാസല്ലെയുടെ മതം (Lassellean Religion) എന്നും ഇതോട് ചേര്‍ത്ത് അദ്ദേഹമെഴുതുന്നുണ്ട്. ഇത് ഏഗംല്‍സിന്റെ ഒരൊറ്റപ്പെട്ട പരാമര്‍ശം മാത്രമല്ലെന്ന് ലാസല്ലെയെയും ഷ്വിറ്റ്‌സറെയും പരാമര്‍ശിക്കുന്ന മാര്‍ക്‌സിന്റെ കത്തുകളില്‍ വായിക്കാം. ജര്‍മനിയിലെ പ്രതിവിപ്ലവത്തിന്റെ കാലത്ത് ലാസല്ലെ സംഘടന രൂപവത്കരിക്കുകയും അത് തൊഴിലാളികള്‍ക്കുണര്‍വേകുകയും ചെയ്തു എന്നതെടുത്തുപറയുമ്പോഴും 'അദ്ദേഹം തന്റെ പ്രക്ഷോഭത്തിന് തുടക്കത്തില്‍തന്നെ ഒരു മതപരവും വിഭാഗീയവുമായ സ്വഭാവം നല്കി' എന്ന് ലാസല്ലെയെക്കുറിച്ച് മാര്‍ക്‌സി ഷ്വിറ്റ്‌സര്‍ക്കുതന്നെയെഴുതിയ കത്തില്‍ പറയുന്നു. 'ഏതൊരു സെക്ടറും വാസ്തവത്തില്‍ മതാത്മകമാണ്' എന്നൊരു പൊതു പ്രസ്താവവും മാര്‍ക്‌സ് അടുത്ത വരിയിലെഴുതി. ഏംഗല്‍സിന്റെ മേല്‍പ്പറഞ്ഞ കത്തിന് തൊട്ടടുത്ത് 1868 ഒക്ടോബര്‍ 13-ന്റെതാണീ കത്ത്. 'രഹസ്യസമൂഹങ്ങള്‍ക്കും വിഭാഗീയ പ്രസ്ഥാനങ്ങള്‍ക്കും വളരെ ഉപയോഗപ്രദമാണെങ്കിലും ഒരു കേന്ദ്രീകൃത സംഘടന (Centralist Organisation)' ട്രേഡ് യൂണിയനുകളുടെ സ്വഭാവങ്ങള്‍ക്ക് വിരുദ്ധമാണ്. 'കേന്ദ്രീകൃത' എന്ന പദം ചരിച്ച് ഊന്നല്‍ നല്കിയാണ് അച്ചടിയില്‍ കാണുക. ലാസല്ലെയെയും ഷ്വിറ്റ്‌സറെയും കുറിച്ച് പരാമര്‍ശമുളള പല കത്തുകളില്‍ മാര്‍ക്‌സ് ഈ അഭിപ്രായങ്ങള്‍ പല രൂപത്തിലാവര്‍ത്തിക്കുന്നതു കാണാം. മാര്‍ക്‌സും ഏംഗല്‍സും ഭാഗമായ ഒന്നും രണ്ടും ഇന്റര്‍നാഷണലുകള്‍ക്കും അയഞ്ഞ സംഘടനാരൂപമാണുണ്ടായിരുന്നത്. അംഗത്വത്തിന് ഒരു പൊതുപരിപാടി അംഗീകരിക്കണമെന്ന ഉപാധിപോലും ഒന്നാം ഇന്റര്‍നാഷണലിനില്ലായിരുന്നു. രണ്ടാം ഇന്റര്‍നാഷണലിനാണ് ഇങ്ങനെയൊരുപാധി വരികയും കുറെക്കൂടെ ഉറച്ച സംഘടനാസംവിധാനങ്ങളുണ്ടാവുകയും ചെയ്യുന്നത്. വിഭാഗീയതയ്‌ക്കൊട്ടും ഇടംനല്കാതെ, തൊഴിലാളിപ്രസ്ഥാനത്തിന്റെ പൊതുധാരയക്കനുരൂപമാം വിധമാണ് മാര്‍ക്‌സും ഏംഗല്‍സും സംഘടനയെ നോക്കിക്കണ്ടത്. കേന്ദ്രീകരണത്ിതലൂന്നുന്ന അച്ചടക്കത്തെ സംശയത്തോടെയാണവര്‍ നോക്കിക്കണ്ടതും.

ലക്‌സംബര്‍ഗിന്റെ വിമര്‍ശനങ്ങള്‍

ലെനിന്റെ സംഘടനാ നിര്‍ദേശങ്ങളടങ്ങുന്ന 'ഒരടിമുന്നോട്ട്, രണ്ടടി പിറകോട്ട്' എന്ന കൃതി പുറത്തുവന്ന സമയത്ത് 1904 -ല്‍ തന്നെ റോസാ ലക്‌സംബര്‍ഗ് 'റഷ്യന്‍ വിപ്ലവത്തിന്റെ സംഘടനാ പ്രശ്‌നങ്ങള്‍' എന്ന ലേഖനത്തിലൂടെ തന്റെ വിമര്‍ശങ്ങള്‍ എഴുതുകയുണ്ടായി. ലെനിനെ റഷ്യയിലെ സോഷ്യല്‍ ഡമോക്രാറ്റിക് പ്രസ്ഥാനത്തിനകത്തെ 'അത്യന്ത കേന്ദ്രീകരണപക്ഷ'ത്തിന്റെ പ്രതിനിധിയായാണവര്‍ കണ്ടത്. റഷ്യയില്‍ ഒരു സോഷ്യല്‍ ഡമോക്രാറ്റിക് സംഘടനയുണ്ടാക്കുന്നതിന്റെ വിഷമങ്ങളെക്കുറിച്ചവര്‍ ബോധവതിാണ്. റഷ്യയ്ക്ക് ബൂര്‍ഷ്വാജനാധിപത്യത്തിന്റെ മുന്നനുഭവങ്ങളില്ല. എന്നാല്‍ ഇതേക്കാള്‍ പ്രധാനം, ബൂര്‍ഷ്വാസമൂഹം തയ്യാറാക്കിക്കഴിഞ്ഞ രാഷ്ട്രീയ അസംസ്‌കൃതവസ്തുക്കളൊന്നുമില്ലായ്മയില്‍ നിന്ന് വേണമതിന് സംഘടനയുണ്ടാക്കാന്‍ എന്നതാണ്.

ലെനില്‍ പറയുന്ന നിര്‍ദാര്‍ക്ഷിണ്യമായ കേന്ദ്രീകരണത്തിന്റെ സാഹചര്യത്തില്‍ കേന്ദ്രക്കമ്മിറ്റിയാണ് യഥാര്‍ത്തില്‍ പാര്‍ട്ടിയാവുക എന്നവര്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്. കാരണം, പ്രാദേശികയൂണിറ്റുകളുടെ ഘടന നിര്‍ണയിക്കാനും അവ രൂപവത്കരിക്കാനും പിരിച്ചുവിടാനുമെല്ലാമുള്ള അധികാരം കേന്ദ്രക്കമ്മിറ്റിക്കാകും. ഫലത്തില്‍ കേന്ദ്രക്കമ്മിറ്റി മാത്രമാകും ഒരു യഥാര്‍ത്ഥവും സജീവവുമായ പാര്‍ട്ടി ന്യൂക്ലിയസ്സ്; ബാക്കിയെല്ലാം കാര്യനിര്‍വഹണ ഘടകങ്ങള്‍ മാത്രവുമാകും.

ഫ്രഞ്ച് ബൂര്‍ഷ്വാവിപ്ലവത്തിന്റെ നേതൃത്വമായിരുന്ന ജാക്കോബിനിസവുമായി സോഷ്യല്‍ ഡമോക്രസിക്കുള്ള ഏക വ്യത്യാസം ജാക്കോബിനിസത്തിലെ ഒരു കൈപ്പിടിയിലൊതുങ്ങുന്ന ഗൂഢലോചനക്കാരുടെ സ്ഥാനത്ത് നമുക്കൊരു വര്‍ഗബോധമുള്ള തൊഴിലാളിവര്‍ഗമാണുള്ളതെന്നതാണെന്ന ലെനിന്റെ നിലപാടിനെയുമവര്‍ വിമര്‍ശിക്കുന്നു. സോഷ്യല്‍ ഡമോക്രാറ്റിക് ആശയങ്ങളുടെ ഒരു സമ്പൂര്‍ണ മാറ്റിമറിക്കലാണ് ലെനിന്റെയി നിലപാടെന്ന് റോസ പറയുന്നു. കാരണം കേന്ദ്രീകരണത്തെക്കുറിച്ചും പാര്‍ട്ടിയും സമരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമെല്ലാമുള്ള സോഷ്യല്‍ ഡമോക്രാറ്റിക് നിലപാടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിതെന്നവര്‍ വിമര്‍ശിക്കുന്നു.

കേന്ദ്രകമ്മിറ്റിയുടെ മുന്‍കൂര്‍ തയ്യാറാക്കപ്പെട്ട പദ്ധതിയുടെ അടിസ്ഥാനത്തിലാണീ സാഹചര്യത്തില്‍ വര്‍ഗസമരം നടത്തുന്നതെന്നിരിക്കെ അത് സാധാരണ അംഗങ്ങളെ വെറും ആജ്ഞാനുവര്‍ത്തികളും നടത്തിപ്പുകാരുമാക്കുകയാണുണ്ടാവുക. ഈ ഗൂഢാലചനാസ്വഭാവമുള്ള കേന്ദ്രീകരണത്തിന്റെ രണ്ടാമത്തെ ഫലം സംഘടനയെയുമണികളെയുമപ്പാടെ കേന്ദ്രത്തിന് അന്ധമായി കീഴടങ്ങുന്നുന്നവരാക്കുന്നു എന്നതാണ്. തൊഴിലാളിവര്‍ഗ സംഘടന ബൂര്‍ഷ്വാ വിപ്ലവഗ്രൂപ്പായ ജാക്കോബിനിസത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ചരിത്രസാഹചര്യത്തിലാണ് രൂപമെടുക്കുന്നതെന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അത് വര്‍ഗസമരത്തിന്റെ പ്രാഥമിക രൂപങ്ങളില്‍ നിന്ന് ജനിക്കുന്നതാണ്. സമരപ്രക്രിയയിലൂടെ തന്നെയാണ് തൊഴിലാളിവര്‍ഗം അതിന്റെ ലക്ഷ്യങ്ങളെപ്പറ്റി ബോധവാന്മാരാകുന്നതും തൊഴിലാളിവര്‍ഗ സൈന്യത്തെ തിരഞ്ഞെടുത്ത് സജ്ജമാകുന്നതും. അതിസമര്‍ഥമായ ഒരു കേന്ദ്രകമ്മിറ്റിയുടെ ഒരിക്കലും തെറ്റ്പറ്റായ്മയെക്കാള്‍ അനേകമടങ്ങ് മൂല്യവത്താണ് ചരിത്രപരമായി ഒരു ശരിയായ വിപ്ലവപ്രസ്ഥാനത്തിന് പറ്റുന്ന തെറ്റുകള്‍ എന്ന അവരുടെ പ്രസ്താവന പില്‍ക്കാല ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ അവഗണിക്കപ്പെടാനാവാത്തതാണ്. കാരണം തെറ്റുപറ്റാത്ത അപ്രമാദിത്തമുള്ള ചില വ്യക്തികളുടെ തിരോഭാവത്തോടെ വിപ്ലവവും നഷ്ടമാകുന്നുവെങ്കില്‍ ചരിത്രപരമായതിനടിയില്‍ പ്രവര്‍ത്തിച്ച കാരണങ്ങള്‍ കൂടുതല്‍ പ്രധാനമാണല്ലോ.

കേട്ടുപഠിക്കുന്ന ഒരുവിശുദ്ധ ഗ്രന്ഥമല്ല മാര്‍ക്‌സിസം

ഇന്ന് ലോകരാജ്യങ്ങളില്‍ പൊതുവില്‍ നിലനില്ക്കുന്ന ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായാണ് മാര്‍ക്‌സിസം നോക്കിക്കാണുന്നത്. സ്വകാര്യ സ്വത്തുടമസ്ഥതാബന്ധങ്ങളെയും മൂലധനത്തിന്റെ സ്വകാര്യ ഉടമസ്ഥതാകേന്ദ്രീകരണത്തെയും അവയുടെ കുടുംബ പിന്തുടര്‍ച്ചയെയുമെല്ലാം സംരക്ഷിക്കുന്നു എന്ന നിലയില്‍ ഈ വര്‍ഗപരമായ വിശേഷണം ഏറെ പ്രസക്തവുമാണ് ചരിത്രം വികസിപ്പിച്ചെടുത്ത ജനാധിപത്യസംവിധാനങ്ങളെയപ്പാടെ മിക്കപ്പോഴും ബൂര്‍ഷ്വാസിയുടെ കണക്കിലെഴുതിവെക്കുന്നവിധം ഒരു ലളിതയുക്തിയാക്കി ഇതിനെ മാറ്റുന്നു എന്നതാണ് ഇതിനിടിയില്‍ സംഭവിക്കുന്ന ഒരു വലിയ അപകടം. മറുവശത്ത് ഈ സ്വകാര്യ സ്വത്തുടമസ്ഥതാ ബന്ധങ്ങളോട് ചേര്‍ന്നുനില്ക്കുന്ന ഇന്നത്തെ കുടുംബഘടനയുടെയും ലൈംഗിക സദാചാരത്തിന്റെയും നല്ല സംരക്ഷകരായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിയതായാണ് കണ്ടുവരുന്നത്. രണ്ടോ മൂന്നോ തലമുറകള്‍ പാര്‍ട്ടിയില്‍ കഴിഞ്ഞിട്ടും ജാതിയും മതവും പോകാത്ത ഭൂരിപക്ഷം പാര്‍ട്ടി കാര്‍ഡുടമകള്‍ തന്നെയിത് വിളിച്ചുപറയും.

ഇന്ത്യയടക്കമുള്ള ബൂര്‍ഷ്വാ ഭരണഘടനകളും നീതിന്യായ സംവിധാനങ്ങളും ഇക്കാലത്തുടനീളം നേരിട്ട വെല്ലുവിളകളെയും ആന്തരിക നവീകരണങ്ങളെയും കമ്മ്യൂണിസ്റ്റുകള്‍ക്കും കാണാതിരിക്കാനാവില്ല. എക്കാലത്തേക്കുമുള്ള ചില നിയമസംഹിതകളെക്കാള്‍. ചരിത്രസന്ദര്‍ഭാനുസാരിയായി ആന്തരിക നവീകരണത്തിനുള്ള ഒരു ഘടനയുടെ ശേഷിയാണ് അതിന്റെ അതിജീവനസാധ്യതയെ നിര്‍ണയിക്കുക. ശാസ്ത്രസാങ്കേതിക രംഗത്തുണ്ടാകുന്ന വളര്‍ച്ചകള്‍, സമ്പദ്ഘടനയിലും അത്പാദനത്തിലുമുണ്ടാകുന്ന വളര്‍ച്ച, പൊതുവായ സാമൂഹികപ്രസ്ഥാനങ്ങളുടെയും അവയുളവാക്കുന്ന സാമൂഹികാവബോധങ്ങളുടെയും വളര്‍ച്ച, കുടുംബ വിവാഹക്രമങ്ങളിലെല്ലാമുണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുമായി കെട്ടുപിണഞ്ഞാണ് പൊതുവില്‍ ജനാധിപത്യവും പൗരാവകാശങ്ങളടക്കം വ്യക്തിസ്വരൂപങ്ങളും നിലനില്ക്കുന്നതും വളരുന്നതും അവയുമായി ചേര്‍ന്നുവരുന്ന ഒട്ടേറെ കോടതിനിയമ നടപടികള്‍ തന്നെയും ഈ പ്രക്രിയയില്‍ അവയുടേതായ സംഭാവനകള്‍ നല്ക്കുന്നുണ്ട്. സംഘടനയ്ക്കകത്തെ ജനാധിപത്യം സംഘടനയ്ക്ക് പുറത്ത് പൊതുസമൂഹത്തില്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയകളുമായി നിരന്തരം ചേര്‍ത്തുവായിക്കണം. മാര്‍ക്‌സും ഏംഗല്‍സും ലാസല്ലെയുടെ മതത്തെയും സെക്ടിനെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തുടര്‍ന്നുള്ള ചരിത്രത്തിന്റെ ബൃഹദ്യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കിന്ന് വീണ്ടും വായിക്കേണ്ടതുണ്ട്. ഒപ്പം തോറ്റുപോയവരായി കണക്കാക്കുന്ന റോസാ ലക്‌സംബര്‍ഗിനെപ്പോലുള്ളവരെയും. അല്ലാത്തപക്ഷം അനുയായികളുടെ മുഴുവന്‍ ചരിത്രബോധമറ്റ പാതകങ്ങളും മാര്‍ക്‌സിന്റെ മേല്‍ കെട്ടിവെക്കുകയാകും ഫലം.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow