കേരളത്തില്‍ മെയ്-30 നു ആരംഭിക്കുമെന്നു കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച കാലവര്‍ഷം സാമാന്യം നല്ല രീതിയില്‍ ജൂണ്‍-12 വരെ പെയ്തു. അങ്ങനെ, ഒരുപക്ഷെ കേരളം കണ്ടതില്‍ വച്ചേറ്റവും രൂക്ഷമായ ഒരു വരള്‍ച്ചയ്ക്ക് തല്ക്കാലം പരിഹാരവുമായി. പക്ഷെ ചിലയിടങ്ങളില്‍ അധികമഴ പെയ്തുവെന്നു പറയുമ്പോഴും പെയ്തമഴയുടെ വിതരണത്തിന്റെ സ്വഭാവം കേരളത്തിന്റെ ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയുണര്‍ത്തുന്നതാണ്. കാലാവസ്ഥാവകുപ്പിന്റെ കണക്കില്‍ മഴയുടെ കുറവ് വെറും മൂന്നു ശതമാനമാണ്.

എന്നാല്‍ എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ വളരെയേറെ മഴ പെയ്തപ്പോള്‍ വയനാട്ടില്‍ 51 ശതമാനവും ഇടുക്കിയില്‍ 32 ശതമാനവും കുറവ് മാത്രമാണ് മഴയുടെ ലഭ്യത. അട്ടപ്പാടി മുതല്‍ നെല്ലിയാമ്പതി വരെ വലിയ കിഴക്കന്‍ പ്രദേശമുള്ള പാലക്കാടു ജില്ലയില്‍ 26 ശതമാനത്തോളം കുറവാണു മഴ. കഴിഞ്ഞവര്‍ഷം വയനാട്ടില്‍ 60% കണ്ടു കാലവര്‍ഷം കുറഞ്ഞതും, അതു കാവേരി നദിയിലെ ജലലഭ്യതയില്‍ ഉണ്ടാക്കിയ കുറവ് തഞ്ചാവൂരിലെ കൃഷിയെ പാടെ ഇല്ലാതാക്കിയതും ഇന്നും കത്തിനില്‍ക്കുന്ന പ്രശ്‌നമാണ്. ഈ വര്‍ഷവും സ്ഥിതി പഴയ മട്ടിലാണെന്നത് തികച്ചും ആശങ്കാജനകമാണ്.

ജില്ലാതിരിച്ചുള്ള കണക്കാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കിഴക്കന്‍ പശ്ചിമ ഘട്ട മേഖലയില്‍ ലഭിക്കുന്ന മഴയും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ലഭ്യമാകുന്ന മഴയും പ്രത്യേകമായി കണക്കിലെടുക്കുന്ന ഒരു കൂടുതല്‍ ശാസ്ത്രീയമായ രീതി ഇനിയും നിലവില്‍ വന്നിട്ടില്ല.

പശ്ചിമഘട്ട വനമേഖലയിലെ ഭീകരമായ വനനശീകരണവുമായി ബന്ധപ്പെട്ട് അവിടങ്ങളില്‍ മഴ കാര്യമായി കുറയുകയാണെന്ന വസ്തുതക്കാണ് ഈ വര്‍ഷത്തെയും കണക്കുകള്‍ സാക്ഷിപറയുന്നത്. ഡെക്കാന്‍ പീഠഭൂമിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലേക്ക് ഡെക്കാനിലെ കാലാവസ്ഥ വ്യാപിക്കുന്നു, കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മരുവല്‍ക്കരണം ശക്തമാകുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തെ നമുക്ക് എത്ര നാള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും?

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടിയിലേറെ മരം നട്ട് നാം ആഘോഷം നടത്തി. സര്‍ക്കാരിന്റെ ആഘോഷത്തിന്റെ ഭാഗമായി വന്ന പ്രസ്താവനകളും മറ്റും കാട്ടിത്തന്നത് കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളിയെ എത്ര ലാഘവ ബുദ്ധിയോടെയാണ് ഭരണ-പ്രതിപക്ഷ വിഭാഗങ്ങള്‍ കാണുന്നതെന്നാണ്. എന്തുതരം മരമാണ് വെക്കുന്നതെന്നോ, എവിടെയാണ് വെക്കുന്നതെന്നോ ഉള്ള യാതൊരു ബോധവും ഇല്ലാതെ ഇത്രയധികം മരത്തൈകള്‍ വിതരണം ചെയ്തു. തൊട്ടുപിന്നാലെ എല്ലാവരും മഴക്കുഴി കുഴിച്ചിരിക്കണമെന്ന് ബോധവല്‍ക്കരണവും നടത്തി.എപ്പോഴാണ് മഴക്കുഴി ഉണ്ടാക്കേണ്ടതെന്നോ എവിടെയാണ് അതുണ്ടാക്കേണ്ടതെന്നോ ഉള്ള യാതൊരു ബോധവുമില്ലാതെയാണ് അത് നടന്നത്.

മരംനടുന്നത് കുറ്റമാണെന്നല്ല ഇവിടെ പറയുന്നത്. വളര്‍ത്താന്‍ പറ്റിയ മരങ്ങള്‍ വളരാന്‍ സാധ്യതയുള്ളിടങ്ങളിലാണ് നടേണ്ടത്. എന്നാല്‍ നടക്കുന്നതെന്താണ്? പശ്ചിമഘട്ട വനമേഖലയുടെ കസ്റ്റോഡിയനായ വനംവകുപ്പ് തൃശ്ശൂര്‍ ചേലക്കരയില്‍ വന്‍തോതില്‍ നാടന്‍മരങ്ങള്‍ വെട്ടിമുറിച്ച് അക്കേഷ്യനട്ടു. തിരുവനന്തപുരത്തും അക്കേഷ്യനടല്‍ ആവര്‍ത്തിച്ചതായും അത് ജനങ്ങള്‍ പിഴുതുമാറ്റിയതായും വാര്‍ത്തവന്നു. സര്‍ക്കാര്‍ തന്നെ അക്കേഷ്യയും യൂക്കാലിയും ഉപേക്ഷിച്ചിട്ടും വനം വകുപ്പ് ഇപ്പോഴും അക്കേഷ്യാ പ്രേമത്തില്‍ത്തന്നെ. 80 കളില്‍ ലോകബാങ്ക് ഫണ്ട് വാങ്ങി അക്കേഷ്യ-യൂക്കാലി വനമാക്കി കേരളത്തെ മാറ്റാന്‍ പുറപ്പെട്ടവരുടെ യഥാര്‍ത്ഥ താല്പര്യങ്ങളെന്തായിരുന്നു, അതിലൊക്കെ എത്രകോടികള്‍ തട്ടി എന്നതിനെക്കുറിച്ചൊരന്വേഷണമോ, അതിനെ എതിര്‍ക്കുകയും ഇവ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ആക്ഷേപവര്‍ഷം ചൊരിഞ്ഞതിനും കേസെടുത്തതിനും ക്ഷമാപണമോ ഒന്നും പരിസ്ഥിതിപക്ഷത്തേക്ക് പുതുതായി മാര്‍ഗ്ഗം കൂടിയവര്‍ക്കില്ല. വേണ്ട, ഇനിയെങ്കിലും അക്കേഷ്യ-തേക്ക്-യൂക്കാലി, ഗ്രാന്‍ഡിസ് തോട്ടങ്ങള്‍ വനഭൂമിയില്‍ നിന്നൊഴിവാക്കിക്കൂടെ? വലിയ പരിസ്ഥിതി സ്നേഹികളായ സി.പി.ഐക്കാണ് വനംവകുപ്പിന്റെ ചുമതല. പക്ഷേ അക്കേഷ്യ നടുന്നതൊന്നും മന്ത്രിയറിഞ്ഞമട്ടില്ല. കൈയ്യേറിയവനഭൂമി തിരിച്ചുപിടിക്കണം, ഉള്ളവനം, വിഷമരങ്ങള്‍ വെട്ടിമാറ്റി യഥാര്‍ത്ഥ വനമാക്കി സംരക്ഷിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളവനം വകുപ്പിനെതിരെ ഒരു മഹാപ്രക്ഷോഭത്തിന് കേരളത്തിലെ യഥാര്‍ത്ഥ പരിസ്ഥിതി സ്നേഹികള്‍ തയ്യാറെടുക്കണമെന്നതാണ് മഴയുടെ വിതരണത്തിലെ ഈ പുതിയ പാറ്റേണ്‍ നമ്മെ പഠിപ്പിക്കുന്ന പാഠം.

പശ്ചിമഘട്ട വനമേഖലയില്‍ വളരെയേറെ സ്ഥലങ്ങളില്‍ വനം ഇടമുറിഞ്ഞു പോയിട്ടുണ്ട്. അവിടെ റവന്യു ഭൂമി ഏറ്റെടുത്തിട്ടായാലും കേരളത്തിന്റെ അതാതു മേഖലകളിലെ സ്വാഭാവിക മരങ്ങളും വള്ളികളും നട്ടു വളര്‍ത്തിക്കൊണ്ടുള്ള ഒരു ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കേണ്ടതിന്റെ അടിയന്തരാവശ്യവും ഇതുയര്‍ത്തുന്നുണ്ട്.

പക്ഷെ എവിടെയാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്? ഇന്ത്യയില്‍ മൊത്തത്തില്‍ത്തന്നെ ഇക്കൊല്ലം വൈദ്യുതി മിച്ചമായിട്ടും അതിരപ്പിള്ളി നടപ്പാക്കാന്‍ കഴിയാത്തതിന്റെ രോഷത്തിലും പ്രതിഷേധത്തിലുമാണ് മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും. മൂന്നാറിലെ ഏലപ്പട്ടയ ഭൂമി അങ്ങനെ തന്നു റവന്യു ഭൂമിയാക്കാന്‍ സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തു അത് മൂടിവെക്കുന്നു. കൈയ്യേറിയും തോട്ടമാക്കിയും എല്ലാം അന്യാധീനമാക്കപ്പെട്ട പശ്ചിമഘട്ട വനഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ പലതും സര്‍ക്കാര്‍ വേണ്ടവിധം നടത്താത്തതുകൊണ്ടു ഹൈക്കോടതിയില്‍ തോറ്റുപോകുന്നു. ആദ്യം പട്ടയവിതരണം, പിന്നെ വനഭൂമി തിരിച്ചുപിടിക്കല്‍ എന്നതാണല്ലോ ഔദ്യോഗിക നയം തന്നെ. ഇതിനെല്ലാം മാലയിട്ടു നാട്ടിലെ 'പരിസ്ഥിതി പ്രഭുക്കളായി ഞെളിയാന്‍ കോടി വൃക്ഷത്തൈ വിതരണവും!'

ഇക്കളിയിനിയും തുടരാന്‍ വിട്ടുകൊടുത്താല്‍ കേരളത്തിന്റെ ഭാവി വളരെ ഇരുളടഞ്ഞതായിരിക്കുമെന്നതിന്റെ ഒരു മുന്നറിയിപ്പാണ് വയനാട്ടിലും ഇടുക്കിയിലും പാലക്കാട്ടും അനുഭവപ്പെടുന്ന ഗുരുതരമായ മഴയില്ലായ്മ.

Studies and Blogs

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്...
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ്.ബി.ഐ-ക്കു പിന്നാലെ പ...
ഒരു പുഞ്ചിരി മിക്കപ്പോഴും സന്തോഷത്തിന്റെ പ്രതിഫലനമാണ്. ഒരു ചിരി മിക്...
യു.പി.എ സര്‍ക്കാര്‍ 54000 കോടിക്ക് ഒപ്പിട്ട റാഫേല്‍ കരാര്‍ നേരിട്ട്...
'L D F വരും എല്ലാം ശരിയാക്കും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ...
തന്റെ വലിയ ധീരതയെക്കുറിച്ച് '56 ഇഞ്ച് നെഞ്ചുകാരന്‍' എന്നാണ് പ്രധാന മ...
കൊല്ലം ജില്ലയിലെ ഒരു പ്രാദേശിക പൊതുയോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായ...
താന്‍ പ്രധാനമന്ത്രിയായരിക്കുന്ന കാലത്ത് ഇന്ത്യയിലെ പരമാവധി സംസ്ഥാന ഭ...
കേരള പോലീസില്‍ ഉന്നതങ്ങളിയിരിക്കുന്ന നിരവധി ഓഫീസര്‍മാര്‍ രഹസ്യ ആറെസ്...
അധികം വൈകാതെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ എസ് ആര്‍ ടി സി മാത്രമ...
മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ക്കുവേണ്ടി, സംഘപരിവാര്‍ വാട്സാപ്പ് ഗ്...
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പുകളില...
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്ക...
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൂര്‍ണ്ണ ബജറ്റവതരിപ്പിക്കുന...
യു പി യിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പൊട്ടിപ്പുറപ്പെട്ട...
ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററും ദീര്‍ഘകാലമായി കേരളത്തില്‍ ആറെസ്സെസ്...
ഇതെഴുഴുതുമ്പോള്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് റിലീസായിരിക്കുകയ...
അതിരൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow