കേരളത്തിലാകമാനം കോളിളക്കമുണ്ടാക്കിയ ജിഷ്ണു പ്രണോയ് കേസ് ഒടുവില്‍ സി.ബി.ഐ.ക്കു വിടുകയാണ്. ഉന്നതസ്വാധീനമുള്ള കൃഷ്ണദാസും കൃഷ്ണദാസിന്റെ ഏറെക്കുറെ ഗുണ്ടകളെന്ന പോലെ പ്രവര്‍ത്തിക്കുന്നവരായ മറ്റു പ്രതികളും മിക്കവാറും ഈ തീരുമാനം വരുമ്പോള്‍ ആര്‍ത്തുല്ലസിക്കാനാണ് സാധ്യത. എല്ലാ കേരളീയരുടേയും പിന്തുണയും മനസ്സും പിടിച്ചടക്കിയ സമരങ്ങള്‍ക്കൊടുവില്‍ ജിഷ്ണുവിന്റെ അച്ഛന്റെ തന്നെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐ.ക്കു വിടുന്നത്. ആ നിലയില്‍ തങ്ങളുടെ ആവശ്യം സാധിച്ചതില്‍ ജിഷ്ണുവിന്റെ കുടുംബം ആശ്വസിക്കുന്നുണ്ടാവാം. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദന ഒഴിഞ്ഞു പോകുകയാണ്. കേരളാപോലീസ് ശരിയായി അന്വേഷിച്ചില്ല, ഉന്നത സ്വാധീനമുള്ള പ്രതികളെ സംരക്ഷിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളിനി ഉണ്ടാവില്ല.

അങ്ങനെ വാദിയും പ്രതിയും സംസ്ഥാന ഭരണനേതൃത്വവുമെല്ലാം ആശ്വസനെടുവീര്‍പ്പിടുന്ന ഒരു തീരുമാനമായി ഇത് വരുമ്പോള്‍, പക്ഷെ കാര്യബോധമുള്ള കേരളീയരിലൊരു വിഭാഗമെങ്കിലും കടുത്ത ആശങ്കയിലാകും. കാരണം മറ്റൊന്നുമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സി, മികച്ച കുറ്റാന്വേഷണ ഏജന്‍സി എന്നിങ്ങനെ പലരും ഉയര്‍ത്തിക്കാട്ടുന്ന സി.ബി.ഐയുടെ ട്രാക്ക് റെക്കോര്‍ഡ് ഒട്ടും തന്നെ ആശ്വസകരമല്ല എന്നതാണത്. സി.ബി.ഐയുടെ കൈയ്യിലെത്തുന്ന കേസുകളില്‍ തീരെ ചെറുമീനുകളുള്‍പ്പെട്ടവയുണ്ടാകാറില്ല. അതിനു മുകളിലുള്ളവരുടെ കേസുകളില്‍പ്പോലും, അതായതു സി.ബി.ഐയുടെ കൈയ്യിലെത്തുന്ന കേസുകളിലേറ്റവും ചെറുകിടക്കാരുടെ കാര്യത്തില്‍പ്പോലും, രാഷ്ട്രീയ സ്വാധീനങ്ങളുടെ ഭാഗമായി പ്രതികള്‍ രക്ഷപ്പെടുന്ന ഉദാഹരണങ്ങളാണ് നാം കാണുന്നതിലേറെയും. ഏറ്റവും നല്ല ഉദാഹരണം അഭയാകേസ് തന്നെ. കോട്ടയം രൂപതയ്ക്ക് കീഴിലെ രണ്ടു കോളേജധ്യാപകരായ അച്ചന്മാരും, ഒരു സാദാ കന്യാസ്ത്രീയും സി.ബി.ഐ. അന്വേഷിക്കുന്ന കേസുകളിലെ ഏറ്റവും ചെറുമീനുകളായിരിക്കുമല്ലോ! എന്നിട്ടുപോലും ആറുതവണ ആ കേസ് ആരെയും പിടിക്കാതെ എഴുതിത്തള്ളാന്‍ നോക്കി. എന്നാല്‍ ജോമോന്‍ പുത്തന്‍ പുരക്കലിന്റെ നിരന്തര പോരാട്ടവും കോടതിയുടെ നിരന്തരമായ കുറ്റപ്പെടുത്തലും സഹിക്കവയ്യാതെ വന്നതോടെ സംഗതി കൊലപാതകമാണെന്നും, എല്ലാ തെളിവും നഷ്ടപ്പെട്ടുവെന്നും സി.ബി.ഐ പ്ലേറ്റ് മറിച്ചുവച്ചു. ആ നിലപാടും കോടതി തള്ളിയതോടെയാണ് ഇപ്പോള്‍ മൂന്നു പ്രതികള്‍ സമൂഹത്തിനു മുമ്പിലെങ്കിലും വന്നത്. സംഗതി നടന്നിട്ടു രണ്ടര ദശകം കഴിഞ്ഞു. കോടതിയില്‍ കേസ് തെളിഞ്ഞു പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത എത്ര ഉണ്ട്?

ഐ.എസ്.ര്‍.ഓ ചാരക്കേസാണ് മറ്റൊന്ന്. രമന്‍ ശ്രീവാസ്തവയുടെ കൈയില്‍നിന്നു അന്നത്തെ സി.ബി.ഐ. ഡയറക്ടര്‍ വിജയരാമറാവു നേരിട്ടുവന്നു ലൈസന്‍സില്ലാത്ത ചെക്ക് പിസ്റ്റളും മറ്റും നേരിട്ട് കൈയ്യില്‍ വാങ്ങിയെന്ന് റിപ്പോര്‍ട് വന്നു. കേരളഹൈക്കോടതി കേസ് ഡയറി പരിശോധിച്ചു ബ്രിഗേഡിയര്‍, കോട്ട്വാല എന്നൊക്കെ വിളിക്കപ്പെട്ടയാള്‍ കോടികള്‍ വാങ്ങിയ ഞെട്ടിപ്പിക്കുന്ന കേസാണിതെന്നു നിരീക്ഷണം നടത്തിയതും നാം വായിച്ചു. ഒരു മറിമായം പോലെ പിന്നെ തെളിഞ്ഞത് എല്ലാം വെറും കള്ളക്കഥകളായിരുന്നുവെന്നാണ്. ലൈസന്‍സില്ലാത്ത തോക്കു വിജയരാമറാവു ഏറ്റുവാങ്ങിയതൊക്കെ കേരളീയരെല്ലാം ഒന്നിച്ചു കണ്ട ഒരു ദിവാസ്വപ്നമായിരിക്കാം.

സുപ്രീം കോടതി നേരിട്ട് അന്വേഷണമേറ്റെടുത്തുവെന്നു പറഞ്ഞ ജെയിന്‍ ഹവാലക്കേസ് ചാരക്കേസിനെക്കാള്‍ എത്ര നന്നായാണ് ഉള്ളി തൊലിച്ച പോലെയാക്കപ്പെട്ടതു? ചേകന്നൂര്‍ മൗലവിക്കേസില്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്തു കേന്ദ്രത്തില്‍ ആഭ്യന്തരമന്ത്രിമാര്‍ മാറി മാറി വരുമ്പോള്‍ കോഴിക്കോട്ടെ വമ്പന്‍ മുസലിയാര്‍ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിക്കുമായിരുന്നു. യു.പി.എ. സര്‍ക്കാര്‍ വന്നതോടെ അത് നിന്നു. മൗലവിയെ പടച്ച തമ്പുരാന്‍ നേരിട്ട് സ്വര്‍ഗ്ഗത്തിലേക്കയച്ചെങ്കില്‍ പാവം സി.ബി.ഐ.ക്കു എന്ത് ചെയ്യാന്‍ പറ്റും? മലേഗാവ് കേസില്‍ കുറെ നിരപരാധികളായ മുസ്ലിം യുവാക്കളെ പിടിച്ചകത്തിട്ടതും മറ്റാരുമല്ല.

ഇപ്പോള്‍ മോഡി അധികാരത്തില്‍ വന്ന ശേഷം രാഷ്ട്രീയ പകപോക്കലിന് ഒരുപകാരണമെന്ന നിലയില്‍ മാത്രമല്ല, വന്‍കിട കുംഭകോണങ്ങളെ വെള്ള പൂശുന്ന കാര്യത്തിലും മിടുക്കു കാട്ടുകയാണ് സി.ബി.ഐ. ഇന്ത്യ കണ്ട ഏറ്റവും വൈപുല്യമുള്ള വ്യാപം കുംഭകോണം എവിടെയെത്തി? എന്തിന് കേരളത്തിലെ വളരെ നിസ്സാരമായ ഷീല വധക്കേസില്‍പ്പോലും (പിന്നീടത് സമ്പത്തു വധക്കേസായി) ഒടുവില്‍ ഒരന്വേഷണ ഉദ്യോഗസ്ഥന് സമ്മര്‍ദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവന്നതിന്റെ അര്‍ത്ഥമെന്താണ്?

കൃഷ്ണദാസിനെപ്പോലൊരാളെ ബ്ലാക്ക്‌മെയില്‍ ചെയ്തു കൂടെ നിര്‍ത്താന്‍ (കേരളത്തില്‍ അത്തരക്കാരുടെ ലിസ്റ്റിനങ്ങനെ നീളം കൂടുകയാണ്) വേണ്ടപ്പെട്ടവര്‍ക്ക് കഴിഞ്ഞേക്കാമെന്നതിനപ്പുറം ഈ കേസില്‍ എന്താണുണ്ടാവുക? സി.ബി.ഐ. കേസ് ശരിയായി അന്വേഷിക്കണമെന്നു പറഞ്ഞു. ഇനി ഡല്‍ഹിയില്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊരു സമര സാധ്യതയുണ്ടോയെന്നറിയില്ല. അതെന്തായാലും കേരളാപോലീസിന്റെ കേസന്വേഷണം തൃപ്തികരമല്ലാതെ വരുമ്പൊഴിന്നു സമൂഹത്തില്‍ ആധിപത്യത്തിലുള്ള സാമാന്യ യുക്തിക്കനുസരിച്ചൊഴുകി ഈ കേസും സി.ബി.ഐയുടെ കൈയ്യിലെത്തുകയാണ്. കുറ്റവാളികളെ പിടിക്കുന്നതിലും ശിക്ഷിപ്പിക്കുന്നതിലും സി.ബി.ഐ-ക്കുള്ള കാര്യക്ഷമതയുടെ കണക്കെടുത്താല്‍ ആര്‍ക്കുമാശ്വസിക്കാന്‍ വഴിയില്ല.

എന്തായാലും കേസുകളും കേസന്വേഷണവും സംബന്ധിച്ച ഒരു കാര്യമായ വിചിന്തനത്തിനു ഈ കേസ് പോയ വഴി കേരളീയരെ പ്രേരിപ്പിക്കേണ്ടതുണ്ട്.

Studies and Blogs

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്...
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ്.ബി.ഐ-ക്കു പിന്നാലെ പ...
ഒരു പുഞ്ചിരി മിക്കപ്പോഴും സന്തോഷത്തിന്റെ പ്രതിഫലനമാണ്. ഒരു ചിരി മിക്...
യു.പി.എ സര്‍ക്കാര്‍ 54000 കോടിക്ക് ഒപ്പിട്ട റാഫേല്‍ കരാര്‍ നേരിട്ട്...
'L D F വരും എല്ലാം ശരിയാക്കും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ...
തന്റെ വലിയ ധീരതയെക്കുറിച്ച് '56 ഇഞ്ച് നെഞ്ചുകാരന്‍' എന്നാണ് പ്രധാന മ...
കൊല്ലം ജില്ലയിലെ ഒരു പ്രാദേശിക പൊതുയോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായ...
താന്‍ പ്രധാനമന്ത്രിയായരിക്കുന്ന കാലത്ത് ഇന്ത്യയിലെ പരമാവധി സംസ്ഥാന ഭ...
കേരള പോലീസില്‍ ഉന്നതങ്ങളിയിരിക്കുന്ന നിരവധി ഓഫീസര്‍മാര്‍ രഹസ്യ ആറെസ്...
അധികം വൈകാതെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ എസ് ആര്‍ ടി സി മാത്രമ...
മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ക്കുവേണ്ടി, സംഘപരിവാര്‍ വാട്സാപ്പ് ഗ്...
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പുകളില...
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്ക...
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൂര്‍ണ്ണ ബജറ്റവതരിപ്പിക്കുന...
യു പി യിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പൊട്ടിപ്പുറപ്പെട്ട...
ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററും ദീര്‍ഘകാലമായി കേരളത്തില്‍ ആറെസ്സെസ്...
ഇതെഴുഴുതുമ്പോള്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് റിലീസായിരിക്കുകയ...
അതിരൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow