Loading Page: 'അമ്മ'യുടെ തനിനിറവും പൊള്ളയായ പ്രതിരോധ ശ്രമങ്ങളും

സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഒടുവില്‍ നടന്ന എക്‌സിക്യൂട്ടീവ്, ജനറല്‍ ബോഡി യോഗ തീരുമാനങ്ങളും പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ''നടനും, നടിക്കും വേണ്ടി'' ഇടതുപക്ഷ എം,എല്‍.എ മാരും, എം.പി.യും ചേര്‍ന്ന് നടത്തിയ ''പ്രകടന''വും കേരളത്തിലുടനീളം വളരെ പ്രതിക്ഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പുരുഷാധിപത്യ കേന്ദ്രമാണ് അമ്മ എന്ന് പൊതുവായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കനുസരിച്ചു കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന് പോലും സംഘടക്ക് അച്ഛനെന്നു പേരിടണമെന്നു പറയേണ്ടി വന്നത് ഇന്നുയര്‍ന്നു വരുന്ന ജനരോഷത്തിന്റെ ചൂടിനെയാണ് കാണിക്കുന്നത്.

ഇതോടെ അമ്മയുടെ അണിയറ പ്രമാണികള്‍ തങ്ങളുടെ ചെയ്യ്തികളെ ന്യായീകരിക്കാനും അമ്മയുടെ ചരിത്രവും മറ്റും പറഞ്ഞു ''ഒരു സെക്കന്‍ഡ് ലൈന്‍ ഓഫ് ഡിഫന്‍സ് ''ഉണ്ടാക്കാനുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ നടന്‍മാര്‍ നടത്തിയ പ്രകടനം ശരിയായില്ല, എങ്കിലും ഞങ്ങള്‍ അക്രമികളെ ന്യായീകരിച്ചിട്ടില്ല, അവരെ പിടിക്കണമെന്ന് തന്നെയാണ് നിലപാട് ''എന്നൊക്കെ ചില ചെറു മീനുകളെ ചാനലുകളിലിരുത്തി ന്യായീകരണം പറഞ്ഞിട്ടും ഗുണമുണ്ടായില്ല. ഇപ്പോള്‍ ബാലചന്ദ്രമേനോനാണ് തന്റെ 40 വര്‍ഷ സിനിമാജീവിതത്തില്‍ ചരിത്രവും പിന്‍ബലവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പതിവുമട്ടില്‍ അമ്മയൊരു കുടുംബമാണ്, മഹത്തായ പ്രസ്ഥാനമാണ്, മമ്മൂട്ടിയും മോഹന്‍ലാലും നിശ്ശബ്ദത പാലിച്ചത് ഒന്നും പറയാനില്ലാത്തതുകൊണ്ടല്ല, പറയേണ്ടവര്‍ ആ ജോലി നന്നായി ചെയ്യുന്നതുകൊണ്ടാണ്, എന്നെല്ലാമാണ് യുട്യുബിലും ഫേസ്ബുക്കിലും ബാലചന്ദ്രമേനോന്റേതായി വന്നിരിക്കുന്ന വിശദീകരണം.

ബാലചന്ദ്രമേനോന് നല്ല ഹോംവര്‍ക്ക് ചെയ്തിട്ടുണ്ട്. മരിച്ചുപോയ മുരളിയും വേണു നാഗവള്ളിയും ചേര്‍ന്നാണ് അമ്മയുണ്ടാക്കിയത് എന്ന് പറഞ്ഞു ആ രണ്ടുപേരോടുള്ള സ്‌നേഹബഹുമാനങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വലിയൊരു ജനവിഭാഗത്തെ അമ്മയുടെ പക്ഷത്തേക്ക് നേടിയെടുക്കാന്‍ നല്ല ശ്രമം നടത്തിയിട്ടുണ്ട്.

മലയാളസിനിമയിലെന്നല്ല, ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷകളിലെയും സിനിമകളില്‍ കള്ളപ്പണക്കാര്‍ കള്ളക്കടത്തുകാര്‍, അധോലോക രാജാക്കന്മാര്‍, ബ്ലേഡ് രാജാക്കന്മാര്‍ എന്നിവരാണ് മുതലിറക്കുകാരില്‍ നല്ല പങ്കെന്ന് കാര്യം ആര്‍ക്കും അറിയാത്തതല്ല. അവരില്‍ നല്ലൊരു പങ്കു സിനിമായില്‍ നിന്ന് ലാഭമൊന്നും പ്രതീക്ഷിച്ചല്ല വരുന്നത്, മറിച്ചു ചില ''നല്ല അനുഭവങ്ങള്‍''ക്കു വേണ്ടിയാണെന്നു അവര്‍ തന്നെ രഹസ്യമായി എല്ലാവരോടും സമ്മതിക്കാറുള്ള കാര്യമാണ്. രണ്ടോ മൂന്നോ സിനിമയും, ആവശ്യത്തിന് വിളിച്ചാല്‍കിട്ടാവുന്ന ''അനുഭവം'' പ്രദാനം ചെയ്യുന്നവരുടെ ഫോണ്‍ നമ്പറുകളും ആയിക്കഴിഞ്ഞാല്‍ മിക്കവാറും പേര്‍ സിനിമയിലത്ര സജീവമല്ലാത്തവരാകും.

'അമ്മ രൂപം കൊള്ളുകയും, അതിനു താരജോഡികളുടെ നേതൃത്വം കൈവരുകയും ചെയ്തതോടെ തൊണ്ണൂറുകളിലും 2000 ത്തിന്റെ ആദ്യദശകങ്ങളിലും വന്‍കിടകള്ളക്കടത്തു, വന്‍ താര പ്രതിഫലം, നടീനടന്മാര്‍ക്കു പങ്കുള്ള വന്‍ ബിസ്സിനസ്സ് ഗ്രൂപ്പുകള്‍, അവര്‍ ബ്രാണ്ടഡ് അംബാസ്സഡര്‍മാരായുള്ള സ്വര്‍ണ്ണക്കട ശൃംഖലകള്‍ എന്നിവയുടെ അശ്ലീലമായ ഒരു തള്ളിച്ചയാണ് നാം കേരളീയ പൊതുജീവിതത്തില്‍ കണ്ടത്. കലാഭവന്‍ മണി ദുരന്ത മരണത്തിനിരയായതിനെ തുടര്‍ന്നു ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം ചാനലുകളില്‍ അതുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചര്‍ച്ചകളില്‍ നിന്ന് തെളിഞ്ഞുവന്നു ഒരു യാഥാര്‍ഥ്യമുണ്ട്. അദ്ദേഹത്തിന് വിവിധ ഉദ്ഘാടന പരിപാടികളില്‍ നിന്ന് വലിയൊരു തുക കിട്ടിയിരുന്നു, അതുപലര്‍ക്കും കടമായും അല്ലാതെയും കൊടുത്തിരുന്നു എന്നതാണത്. കലാഭവന്‍ മണിക്കങ്ങനെ കിട്ടിയിരുന്നെങ്കില്‍ പ്രമുഖ താര രാജാക്കന്മാര്‍ക്ക് എത്ര കിട്ടിക്കാണുമെന്ന കാര്യം ആര്‍ക്കും ഊഹിക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല. അതെല്ലാമവര്‍ കൃത്യമായി കണക്കില്‍ക്കാണിച്ചു നികുതി കൊടുത്തിരുന്നുവെന്നു അവരുടെ എത്ര വലിയ ആരാധകര്‍ക്കുപോലും വിശ്വസിക്കാനാവുമോ? ഇക്കാലത്തു കേരളത്തില്‍ നടന്ന കള്ളക്കടത്തിന്റെ വലിപ്പത്തിന്റെ ഒരു സൂചനയായിരുന്നു നെടുമ്പാശ്ശേരി വഴി എയര്‍പോര്‍ട് ജീവനക്കാരടങ്ങുന്ന ഒരു സംഘം 2000 കിലോ സ്വര്‍ണം കടത്തിയെന്നത്. പോലീസ് തന്നെയാണത് പറഞ്ഞത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സി.ഐ.എസ്.എഫ് ജവാന്മാരും ഏറ്റുമുട്ടി വെടിവെപ്പും മരണവും വരെ നടന്ന സംഭവങ്ങള്‍ക്കിടയില്‍ നിന്ന് അരിച്ചു പുറത്തെത്തിയ വാര്‍ത്ത ഇതിലുമെത്രയോ വലിയ കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട സ്ഥാപിത താല്പര്യ ലോബികളുടെ ശത്രുതയുമാണ് ആ സംഭവങ്ങള്‍ക്കു പിന്നിലെന്നാണ്. ആനുഷംഗികമായി പറയട്ടെ, അവിടെയും മാധ്യമ പ്രവര്‍ത്തരെ അടിച്ചു തുരത്തല്‍ സ്ഥിരം സംഭവമായിരുന്നു.

ഈ മാഫിയക്കൂട്ടുകെട്ടു വളര്‍ന്നു സിനിമാ പ്രമാണികളെക്കൂടിക്കൂട്ടി ,ജനങ്ങളെയാകെ താരപ്രഭ കൊണ്ട് കണ്ണ് മഞ്ഞളിപ്പിച്ചു, സസുഖം കേരളം ഭരിച്ചുപോന്നെങ്കില്‍ അതിന്റെ കെമിസ്ട്രി മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നുമാവശ്യമില്ല. ഏറ്റവും എളുപ്പത്തില്‍ ഏറ്റവും നല്ല മറ, ഏറ്റവും നല്ല ലാഭം എന്ന സ്വാഭാവിക സംഗതിയേ നടന്നുള്ളൂ. അറിയാതെ ചില താരങ്ങളുടെ വീട്ടില്‍ ആനക്കൊമ്പു സ്വയഭൂവായി അവതരിക്കുന്നു. അത് പിടിക്കുന്നവരും കേസ്സെടുക്കുന്നവരുമല്ലേ വില്ലന്മാര്‍? താരം എല്ലാവര്‍ക്കും മാതൃകയായി കേണലും ജനറലുമൊക്കെയാകുന്നു. ബ്ലോഗിലൂടെയും മറ്റും കേരളീയരെ ക്ഷമയും രാജ്യസ്‌നേഹവും പഠിപ്പിക്കുന്നു. ഇന്ന് എം.പി.യായ സൂപ്പര്‍സ്റ്റാര്‍ സിനിമയില്‍ തിരക്ക് കുറഞ്ഞശേഷം കേരളം മുഴുവന്‍ നടന്നും ചാനല്‍പ്പരിപാടികളുടെ അവതാരകനായിരുന്നും എത്ര വലിയ സാരോപദേശ പ്രസംഗങ്ങളാണ് നടത്തിയത്. ഇനിയൊരാള്‍ കേരളിയര്‍ക്കു വിഷരഹിത പച്ചക്കറി നല്കാന്‍ അഹമഹമികയാ ഓടിനടക്കുന്നു. ഒരാറ് മാസം മുന്‍പ് ഈ താര പുണ്യാത്മാക്കള്‍ കിട്ടുന്ന പണത്തിന്റെ നൂറിലൊന്നു പോലും കണക്കു കാണിക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഫാന്‍സുകാരും മറ്റും ചേര്‍ന്നവരെ തല്ലിക്കൊല്ലുമായിരുന്നു. ജൈവ കൃഷി താരത്തിന്റെ ഫാന്‍സ് എന്ന് വേഷം കിട്ടിയവര്‍ തൃശൂരില്‍ വടൂക്കരയെന്ന സ്ഥലത്തു തുടര്‍ച്ചയായി കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടത്തി ജനങ്ങളെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയിരുന്ന കാലം അധികം വിദൂരത്തല്ല. ഇത്തരം അധോലോക സംഘങ്ങള്‍ പലയിടത്തും ഫാന്‍സ് സംഘങ്ങളായി വേഷം ധരിച്ചതിന് പിന്നില്‍ ചില പ്രാദേശിക പ്രമാണിമാരുമുണ്ടായിരുന്നു. അത്തരക്കാരൊക്കെ ഇരുന്നെഴുനേറ്റ മട്ടില്‍ വന്‍ പണച്ചാക്കുകളായി മാറി കേരളത്തിന്റെ പ്രാദേശിക ഭരണം തന്നെ ഏറ്റെടുത്ത സ്ഥലങ്ങളുമുണ്ട്. മലബാറില്‍ ഒരു വന്‍ കള്ളക്കടത്തൂ ശൃംഖലയുടെ പ്രധാനിയെന്ന നിലയില്‍ ഒരു ഫാന്‍ ചര്‍ച്ചാവിഷയമായിട്ടു രണ്ടുമൂന്നു വര്‍ഷങ്ങളെ ആയിട്ടുള്ളൂ. സിനിമയിലും രാഷ്ട്രീയത്തിലും പോലീസിലുമെല്ലാം അയാള്‍ക്കുള്ള പ്രമുഖ ബന്ധങ്ങളെക്കുറിച്ചും അന്ന് വാര്‍ത്ത വന്നു. പിന്നെ അതൊക്ക അലിഞ്ഞു പോയി.

ഈ സൂപ്പര്‍ അധോലോകം മുടിചൂടാമന്നന്മാരായിത്തീര്‍ന്നു. അവര്‍ അധോലോകമല്ല അവരാണ് യഥാര്‍ത്ഥ മുന്‍നിര ലോകം എന്ന സ്ഥിതിയും കേരളത്തില്‍ വന്നു. ചില പുതുപ്പണക്കാര്‍ക്കു പത്മശ്രീ വാങ്ങിക്കൊടുക്കാന്‍ ഓടിനടക്കുന്ന രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ ഒരു വാര്‍ത്തയല്ലാതായി.

ഇന്ന് ഇടതുപക്ഷ എം.എല്‍.എ മാരും, എം.പി.യും ഭരണം ഇടതുപക്ഷത്തിനായതു കൊണ്ടു പത്രസമ്മേളനത്തില്‍ അവരെ ''ഏല്പിച്ച പണി'' നന്നായി ചെയ്തു. ഇവിടെ മാധ്യമങ്ങളുടെ സ്ഥിതിയെന്താണ്? തെറിയും അടിയും വാങ്ങുന്ന റിപ്പോര്‍ട്ടര്‍മാരും, ക്യാമറാമാന്മാരുമാണോ മാധ്യമങ്ങളുടെ പ്രതിനിധികള്‍? ഇന്ന് കേരളത്തില്‍ താരങ്ങളെ രാജാക്കന്മാരായി വളര്‍ത്തിയെടുക്കുന്നവരില്‍, ഇന്നത്തെ അധോലോക വാഴ്ച സിനിമ രംഗത്ത് സാധ്യമാക്കുന്നതില്‍, മാധ്യമ പ്രഭുക്കള്‍ക്കാണ് മറ്റാരേക്കാളും പങ്കുവഹിക്കുന്നത് .ഈ കൊച്ചു കേരളത്തില്‍ ഒന്നോ രണ്ടോ ''ചാക്ക് ' ചാനലുകള്‍ എന്ന സ്ഥിതി ഈ അധോലോകം സ്‌പോണ്‍സര്‍ ചെയ്യുന്ന പണമെന്നൊന്നില്ലെങ്കില്‍ ഉണ്ടാകുമായിരുന്നോ?

ബാലചന്ദ്രമേനോന്‍ സിനിമ ഒരു കുടുംബമാണെന്നിപ്പോള്‍ പറയുന്നു. കേരളത്തിലെ ഒരു പ്രമുഖ ഇടതു ഫെമിനിസ്റ്റും ചെറുകിട നടിയുമായ ഒരു പ്രമുഖ നടി അക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോള്‍ സിനിമ ഒരു കുടുംബമാണെന്നു പറഞ്ഞു രംഗത്തെത്തിയിരുന്നു. ഇന്നവരെക്കാണാനില്ല. ശരിയാണ്! സിനിമ കുടുംബമാണ് പഴയ നായര്‍ കൂട്ടുകുടുംബം പോലെ. അവിടെ കാരണവന്മാര്‍ക്കെന്തുമാകാം. അതേ അമ്മയിലും നടക്കുന്നുള്ളു. ആ കാരണവന്‍മാരില്‍ ചിലരെങ്കിലുമന്ന് മരുമകള്‍ ആരുമായി സംബന്ധം വെക്കണമെന്നും തീരുമാനിച്ചിരുന്നു. പ്രമുഖ നടനോ മറ്റാരെങ്കിലുമോ ഒരു പല്‍ സറിനെ 

എല്ലാത്തരം ജനാധിപത്യവിരുദ്ധതക്കും വ്യക്തിയാരാധനക്കും വളവും വെള്ളവുമൊഴിച്ചു വളര്‍ത്തിയുണ്ടാക്കിയ സംഘടനയുടെ പേരാണ് 'അമ്മ ഒരു ''കുടുംബ''മാണത്. അതിനു ഇടതുപക്ഷത്തു രണ്ടു എം.എല്‍.എ മാരും ഒരു എം.പി.യുമുണ്ട്. അതില്‍ രണ്ടു പേര് ഏറ്റവും വലിയ ഇടതുപക്ഷപ്പാര്‍ട്ടിയുടെ സീറ്റുകളിലാണ് ജയിച്ചുകയറിയതു. ഇവര്‍ സിനിമയില്‍ വരുന്നതിനുമുമ്പും അതിനു ശേഷവും വലിയ ഇടതുപക്ഷ പ്രവര്‍ത്തനം നടത്തി നേടിയതാണോ ആ സീറ്റുകള്‍? ഏതു രീതിലായാലും താരപരിവേഷം നേടിയ നിലക്ക് സീറ്റുപിടിച്ചു തരുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന നിലക്കവര്‍ക്കു കൊട്ടേഷന്‍ കൊടുത്തു; അവരതു ഭംഗിയായി നടപ്പാക്കി എന്നതല്ലേ യാഥാര്‍ഥ്യം? അതുകൊണ്ടു അമ്മക്കെതിരെ ജനരോഷം ആളിപ്പടരുമ്പോള്‍ അതില്‍ പാതി ഇടതുപക്ഷത്തിനും കിട്ടുന്നുണ്ടെങ്കില്‍ ആരോട് പരാതിപറയാനാണ്?

ഇതില്‍ കൂടുതല്‍ തെളിവും വലിയ പ്രമുഖനുമുണ്ടായിരുന്ന ''ഐസ് ക്രീം പാര്‍ലര്‍ കേസ് ''പുഷ്പം പോലെ ഒതുക്കപ്പെട്ടതു കണ്ടവരാണ് നമ്മള്‍. അതുവച്ചു ഇതിന്റെ ഗതിയും വലിയ ശുഭപ്രതീക്ഷ നല്‍കുന്നില്ല. എങ്കിലും 20 കൊല്ലം കഴിഞ്ഞുപോയതു കേരളീയരില്‍ നല്ലൊരു പങ്കിന് കാര്യങ്ങളുടെ കിടപ്പു നന്നായി മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ''പള്‍സര്‍ സുനിയുടെ ഭാവനയേ ഇതിലുള്ളൂ'' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും നല്ല തമാശയായിത്തീര്‍ന്നത് പള്‍സറിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിടുന്നതൊഴിവാക്കാന്‍, അത്രയേറെ എണ്ണം അഡ്വക്കേറ്റുമാര്‍ അത്രമാത്രം വലിയ പരാക്രമം കാണിച്ചപ്പോഴേ ഇതിനു പിന്നിലെ സ്രാവിന്റെ വലിപ്പം കേരളീയര്‍ക്ക് മനസ്സിലായതാണ്. ഏതു ''മാന്യന്‍'' മേനോന്മാരെയിറക്കി എത്ര കുടുംബ പുരാണം വിളമ്പിയാലും തിലകന്‍ പോലൊരാളെ കറിവേപ്പില പോലെ നിസ്സാരമായി സിനിമയില്‍ നിന്നെടുത്തു കളഞ്ഞ ''അമ്മ''യുടെ ''നന്മ''യും കരുത്തും തനിനിറവും മറച്ചു വെക്കാനാവില്ല.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow