Loading Page: നടി ആക്രമിക്കപ്പെട്ട കേസ് ഒരു ദിലീപ് മനുഷ്യാവകാശക്കേസാകുമ്പോൾ

കേരളത്തെയാകെ ഞെട്ടിച്ച പ്രശസ്ത സിനിമാനടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോള്‍ തിരിഞ്ഞു മറിഞ്ഞ് ദിലീപ് മനുഷ്യാവകാശക്കേസായി, ''ദിലീപ്-നീതി-പ്രസ്ഥാന''മായി മാറിക്കൊണ്ടിരിക്കുകയാണ്. വലിയൊരു പറ്റം കൊട്ടേഷന്‍ സാംസ്‌കാരിക നായകര്‍, എം.എല്‍.എ മാര്‍, പത്രപ്രവര്‍ത്തകര്‍, സിനിമാമേഖലയിലെ നല്ലൊരു പറ്റം പുരുഷ പ്രമാണികള്‍ എന്നിവരെല്ലാമാണ് മനുഷ്യാവകാശ-സഹതാപ തരംഗമുണ്ടാക്കാനായി ''പരപ്രേരണ''യില്ലാതെ എന്ന ആമുഖത്തോടെ കര്‍സേവകരായി എത്തിയിരിക്കുന്നത്. ഗണേഷും, ജയറാമും വിജയരാഘവനും ശ്രീനിവാസനും താരരാജാക്കന്മാരുടെ ബിനാമികളും ഏജന്റുമാരും ഈ ഓണക്കാലം ആലുവ ജയിലിലേക്കുള്ള തീര്‍ഥയാത്രയുടെ കാലമാക്കിയതോടെയാണ് ഇപ്പോഴത്തെ ''ദിലീപ് നീതി പ്രസ്ഥാന''ത്തിനു തുടക്കമിടപ്പെട്ടത്. ജയറാമിന്റെ ഓണപ്പുടവ നല്‍കലൊക്കെ നല്ല വിജയമായെന്നു വന്നതോടെ ശ്രീനിവാസന്‍ രംഗത്ത് വന്നു. ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന വിധിപ്രസ്താവവുമായായിരുന്നു പ്രകൃതികൃഷിയുമൊക്കെയായി സാമാന്യം നല്ലൊരു ബുദ്ധിജീവി ഇമേജൊക്കെ നേടിയെടുത്ത ശ്രീനിവാസന്റെ രംഗപ്രവേശം. ''അത്തരം മണ്ടത്തരമൊന്നും അവന്‍ കാണിക്കില്ല' എന്ന സ്വന്തം ബോധ്യമാണ് ദിലീപ് കുറ്റക്കാരനല്ല എന്നതിന്റെ അദ്ദേഹത്തിന്റെ തെളിവ്. മുന്‍പ് അടൂര്‍ ഗോപാലകൃഷ്ണനെന്ന ആര്‍ട് സിനിമാ രംഗത്തെ കുലപതിയും പറഞ്ഞത് ഞാനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല എന്നായിരുന്നു. അടൂരിന് പിന്നാലെയാണ് സത്യക്രിസ്ത്യാനിയും അമ്മയുടെ അപ്പനുമായ ഇന്നസെന്റ് രംഗത്തുവന്നു സാക്ഷ്യം പറഞ്ഞത്. ''ഡാ മോനെ ദിലീപേ, നിനക്ക് വല്ല മനസ്സറിവുമുണ്ടോ ഉണ്ടെങ്കില്‍ ചേട്ടനോടു പറ''എന്നുപറഞ്ഞതിനു ദിലീപ് നല്‍കിയ, ''ഇല്ല ചേട്ടാ, എനിക്കൊന്നുമറിയില്ല'' കരളില്‍ തട്ടിയ മറുപടിയാണ് അദ്ദേഹത്തിന്റെ കോടതിയില്‍ ദിലിപ് നിരപരാധിയാണെന്ന് കണ്ടെത്താനുണ്ടായ കാരണം. അദ്ദേഹം പത്രസമ്മേളനം നടത്തി തന്റെ വിധിപ്രസ്താവം നമ്മെ കേള്‍പ്പിച്ചു. പിന്നെ കുറച്ചൊരിടവേളയായിരുന്നു. കേരളത്തിലെ മനസ്സാക്ഷി വാടകക്കു കൊടുക്കാത്ത മനുഷ്യരെല്ലാം ഒറ്റക്കെട്ടായി അമ്മ പ്രമാണിമാരുടെ ''മകണ്‍'' സംരക്ഷണവെപ്രാളത്തിന്റെ തീവ്രത കണ്ടു ഞെട്ടി ശക്തമായി പ്രതിഷേധിച്ചതോടെ തല്ക്കാലം അവരെല്ലാം മാളത്തിലേക്ക് പിന്മാറി.

തുടര്‍ന്ന് ഈവക ഏതു കേസും ഏറ്റെടുക്കാന്‍തയ്യാറുള്ള പൂഞ്ഞാര്‍ സിംഹത്തിന്റെ രംഗപ്രവേശമായിരുന്നു. നാവെടുത്താല്‍ തെറി മാത്രമെ പറയു എന്ന് സ്വന്തം മരുമകള്‍ പോലും സാക്ഷ്യപ്പെടുത്തിയ ജനാധിപത്യകേരളത്തെ ബാധിച്ച ഈ അര്‍ബുദം എന്തുപറഞ്ഞാലും മാന്യരാരും പ്രതികരിക്കാറില്ലെന്നത് അയാള്‍ക്കു സൗകര്യമായി. അയാള്‍ ഒരു ന്യായീകരണ ലൈന്‍ മുന്നോട്ടുവച്ചു. മഞ്ജുവാര്യരുടെ പക മാത്രമാണ് ദിലീപ് കുറ്റവാളിയായതിനു പിന്നില്‍. അന്വേഷണോദ്യോഗസ്ഥയായ എ.ഡി.ജി.പി സന്ധ്യയും മഞ്ജുവും തമ്മിലുള്ള അടുത്ത ബന്ധമാണ് ദിലീപിനെ പ്രതിയാക്കുന്നതിലേക്കു നയിച്ചത്. തുടര്‍ന്നാണ് ''ഓണം ജയിലില്‍ക്കിടന്നു നരകിക്കേണ്ടി''വന്ന പ്രിയസുഹൃത്തിനെത്തേടിയുള്ള നായക നടന്മാരുടെ തീര്‍ത്ഥാടനം വന്നത്. അതിനു പിന്നാലെ ഇടതു സഹയാത്രികനും, മനുഷ്യവകാശ ചാമ്പ്യനും മുന്‍ എം.പി.യും അഭിഭാഷകനുമെല്ലാമായ സെബാസ്റ്റിയന്‍ പോളിന്റെ ഉജ്ജ്വലമായ വക്കാലത്ത് കേരളീയ മനസാക്ഷിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു. 60 ദിവസം ദിലീപിന് ജാമ്യം കിട്ടാതെ ജയിലില്‍ക്കിടക്കണ്ടിവന്നത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിയുന്നില്ല. എന്താണ് കാരണം? ദിലിപ് കുറ്റവാളിയല്ല, നിരപരാധിയാണ് എന്നദ്ദേഹത്തിനുറപ്പുണ്ട്! കേസില്‍ കുറ്റപത്രമൊന്നും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. കുറ്റപത്രം രഹസ്യമായി തയ്യാറാക്കിയശേഷം പോലീസ് അത് അദ്ദേഹത്തിന് വായിക്കാന്‍ കൊടുത്തിരിക്കുമോ? അങ്ങനെയൊന്നും അദ്ദേഹം പറയുന്നില്ല. പിന്നെ എങ്ങനെ ദിലീപിനെതിരെ ഒരു തെളിവുമില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായി? അതിനാണ് മൂന്നാം കണ്ണെന്നു പറയുന്നത്. മനുഷ്യാവകാശ പ്രേമം ചിലവിശിഷ്ട വ്യക്തികളുടെ കാര്യത്തില്‍ പരിധിയെല്ലാം കഴിയുമ്പോഴാണത് തെളിഞ്ഞു വരിക. പക്ഷേ,മഹാവിദ്വാനായ അദ്ദേഹത്തിനും വാദമുഖം പൂഞ്ഞാര്‍ സിംഹത്തിന്റേതു തന്നെ. മഞ്ജുവാര്യരുടെ പകയും സന്ധ്യയുമായുള്ള ചങ്ങാത്തവും. അത് മാത്രമാങ്ങോട്ടു പറഞ്ഞല്ലാലതത്ര ഏശി യേക്കില്ല എന്ന സംശയവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു കൂടുതല്‍ ഗംഭീരമായ ഒരു വാദവും അദ്ദേഹം ഉന്നയിക്കുന്നു. ദിലീപോ മറ്റാരെങ്കിലുമോ പറയാതെ തന്നെ ഇത്തരമൊരു ക്രൈം ചെയ്യാനുള്ള കഴിവും ശേഷിയും പള്‍സര്‍ സുനിക്കുണ്ട്. പള്‍സര്‍ സുനിയുടെ കൂടെ കാല്‍നൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ച പരിചയമൊന്നുമില്ലെങ്കിലും അക്കാര്യം അദ്ദേഹത്തിനുറപ്പുണ്ട്.

കേരളത്തിലുടനീളം ഇന്നു നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്ക് കൊട്ടെഷന്‍ സംഘങ്ങള്‍ നടത്തുന്നതാണ്. കൃത്യം ചെയ്യാന്‍ അവര്‍ക്കു നല്ല കഴിവുണ്ടെന്നു ഉപഭോക്താക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടു തന്നെയാണ് കൊട്ടേഷന്‍ കൊടുക്കുക. ആരെങ്കിലും കൊട്ടേഷന്‍ കൊടുക്കാതെ, വെറുതെ കള്ളുഷാപ്പിപ്പോയി ആരോടെങ്കിലും തോട്ടിയിട്ടു വഴക്കുണ്ടാക്കുന്നവരല്ല അവര്‍. അവര്‍ പ്രൊഫഷനലുകളാണ്, വിശ്വസിച്ചു കൊട്ടേഷന്‍ ഏല്‍പ്പിക്കാവുന്നവര്‍. സുനിക്ക് ആ കഴിവുണ്ടെന്നതിനെ കൊട്ടേഷനല്ല നടന്നതെന്ന് തെളിയിക്കാന്‍ പറ്റിയ വാദമായി അവതരിപ്പിക്കാനുള്ള ബുദ്ധി അതിഗംഭീരം! ഇത്രയും തെളിവുകള്‍ ബൂര്‍ഷ്വ കോടതിയിലും ജനകീയകോടതിയിലും മനുഷ്യാവകാശ വ്യഗ്രത കൊണ്ട് മാത്രം താനവതരിപ്പിച്ച നിലക്ക് ദീദി ദാമോദരനും കൂട്ടരും ദിലീപിനെ വെറുതെ വിടണം!

കാര്യമിങ്ങനെയാണെകിലും ഇതില്‍ നിന്നുള്ള സൂചനകള്‍ വളരെ ഗൗരവതരമാണ്. ചില വനിതാ പ്രവര്‍ത്തകരടക്കമുള്ളവര്‍ അല്‍പ്പമൊന്നു പിന്നോക്കം വലിഞ്ഞാല്‍ ഞങ്ങള്‍ കാര്യം. നടത്തിക്കൊള്ളാം, മറ്റെല്ലാം ശരിയായിട്ടുണ്ട് എന്നൊരു വ്യംഗ്യമല്ലേ ആ വാക്കുകളിലുള്ളത്?

പള്‍സര്‍ സുനിയുടെ ഹീനമായ കുറ്റകൃത്യത്തിന് പിന്നില്‍ ഏതോ വമ്പന്റെ ഗൂഢാലോചനയുണ്ടെന്ന കാര്യം അയാള്‍ പോലീസ് കസ്റ്റഡിയില്‍ പോകാതെ നേരിട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പോകുന്ന സ്ഥിതിയുണ്ടാക്കാനായി അത്രയേറെ അഭിഭാഷക പ്രമാണിമാര്‍ കോടതിയില്‍ പോലീസുമായി മല്പിടുത്തതിന് വരെ തയ്യാറായത് കണ്ടപ്പോള്‍ അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്കെല്ലാം മനസ്സിലായതാണ്. ആ വിഷയത്തിലിപ്പോള്‍ തന്റെ വിശ്വാസ്യത മുഴുവന്‍ പണയം വച്ച് സെബാസ്റ്റിയന്‍ പോളിനെപ്പോലൊരാള്‍ വികൃത ന്യായങ്ങളുമായി രംഗത്തു വരുന്നു. ആജന്മശത്രുക്കളായി ഏറ്റുമുട്ടിയിരുന്ന ഗണേശും പി.സി.ജോര്‍ജും ദിലീപിനു വേണ്ടി ഒരൊറ്റ കരളായി പൊരുതുന്നു. ഒരു നടി ബലാല്‍ക്കാരം ചെയ്യപ്പെട്ടുവെന്നത് അത്ര വലിയ കുറ്റമാണോ, അതിന്റെ പേരില്‍ അതുമായി ഒരു ബന്ധവുമില്ലാത്ത ആയിരങ്ങളുടെ വരുമാന മാര്‍ഗങ്ങളും കോടികളുടെ മുതല്‍ മുടക്കും നശിപ്പിക്കാമോ എന്ന ചോദ്യമുയരുന്നു. കൊച്ചി കേന്ദ്രീകരിച്ചു സിനിമ, കള്ളക്കടത്തു, ഗള്‍ഫിലേക്ക് സ്റ്റേജ് ഷോയുടെ മറവില്‍ മയക്കു മരുന്ന് കടത്തും പഞ്ചനക്ഷത്ര പെണ്‍വാണിഭവും, എന്നിങ്ങനെ ആയിരക്കണക്കിന് കോടികളുടെ കെട്ടുപിണഞ്ഞ സാമ്പത്തിക ലോകമാണ് -അധോലോകമാണ് -നിലനില്‍ക്കുന്നതെന്ന് ഇന്ന് വ്യക്തമായിക്കഴിഞ്ഞു. സിനിമയും മയക്കുമരുന്നും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് നല്‍കാമെന്ന് പറഞ്ഞ ഗണേശിപ്പോള്‍ അതെല്ലാം വിഴുങ്ങിയതുകൊണ്ടു സത്യം സത്യമല്ലാതാകില്ലല്ലോ. ഇങ്ങനെയുള്ള വന്‍ മൂലധന താല്‍പ്പര്യങ്ങള്‍ കുറുകെ വന്നപ്പോഴാണ് സൂര്യനെല്ലി, ഐസ്‌ക്രീം അടക്കമുള്ള കേസുകളില്‍ പലരും പ്രതികള്‍ പോലുമാകാതിരുന്നതെന്നു നമുക്കറിയാം. പ്രതികളായവര്‍ തന്നെ പുഷ്പം പോലെ ഊരിപ്പോരികയും ചെയ്തു. ചില ചെറു മീനുകളെ കുടുങ്ങിയുള്ളു. കോടതിയിലിപ്പോള്‍ രണ്ടാഴ്ചക്കകം അന്വേഷണം അവസാനിപ്പിക്കുമെന്ന് പോലീസ് വാക്ക് നല്‍കിയിരിക്കുകയാണ്. കോടതിയുടെ ചോദ്യങ്ങളും തെളിവൊന്നും കിട്ടിയില്ല, അഥവാ കണ്ടെത്തിയില്ല, എന്നൊരു ധാരണ നല്‍കുന്നതാണ്. ''അടിയന്‍ ലച്ചിപ്പോം'' എന്ന് പറഞ്ഞു ചാടിയിറങ്ങുന്ന കേസരികളുടെ വലിപ്പം കൂടിയാകുമ്പോള്‍ പ്രമാദമായ ഈ കേസും പതിവ് വഴിയിലേക്ക് തന്നെയാണോ എന്ന ആശങ്കയുയരുന്നു. ആയിരക്കണക്കിന് കോടികളുടെ പിന്‍ബലമൊക്കെ വന്നാല്‍ അതിനെതിരെ നീങ്ങാനുള്ള ശേഷി കേരളീയ നീതിക്കുണ്ടോ, വിശേഷിച്ചു വിഷയം സ്ത്രീ പീഡനമകുമ്പോള്‍, എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം.
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow