വാര്‍ത്താ വിശകലനം

കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്തെ രക്ഷിക്കാനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിവച്ച ജനരക്ഷാ യാത്ര പാലക്കാട്ടെ പര്യടനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തുടക്കത്തില്‍ത്തന്നെ ഒരു സ്വയരക്ഷ യാത്രയായി പ്ലാന്‍ ചെയ്തതാണത്. തുടങ്ങിയതിന്റെ തൊട്ടു പിന്നാലെ പിണറായിയില്‍ക്കൂടിയുള്ള യാത്രയില്‍ നിന്ന് അമിത് ഷാ'ജി' മുങ്ങി. കേരളത്തിലെ കടുത്ത കമ്മ്യുണിസ്റ്റു വിരുദ്ധ പത്രമായ മനോരമ ഒക്ടോബര്‍ 10 ചൊവ്വാഴ്ച്ച വലിയ തലക്കെട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു ജനരക്ഷായാത്ര ഉപേക്ഷിച്ചു അമിത് ഷാ ഡല്‍ഹിക്കു മടങ്ങിയത് സ്വന്തം മകനെതിരെ ഉയരുന്ന വന്‍ തട്ടിപ്പാരോപണത്തിനെതിരേ ''സ്വയരക്ഷാ''തന്ത്രം മെനയനാണെന്നാണ്. മോഡി, ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍ എന്നിവരുമായി പ്രശനം അദ്ദേഹം ചര്‍ച്ച ചെയ്തുവെന്നും അമിത് ഷായുടെ മകന്‍ ജെയ് ഷാക്ക് സ്വകാര്യ നിയമോപദേശം നല്കാന്‍ ഉടനടി തന്നെ രവിശങ്കര്‍ പ്രസാദ് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് അനുമതി നല്‍കിയെന്നും, ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റായ പിയൂഷ് ഗോയല്‍ ജെയ് ഷായുടെ കമ്പനി രേഖകള്‍ പരിശോധിച്ച് വാര്‍ത്തയെ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പു നടത്തി എന്നും മനോരമ പറയുന്നു.

അതായതു അമിത് ഷായും മോദിയും ഒട്ടനവധി കേന്ദ്ര മന്ത്രിമാരും ഷായുടെയും മകന്റെയും സ്വയരക്ഷയില്‍ കുടുങ്ങി നല്ലവണ്ണം വെള്ളം കുടിക്കുകയാണ്. എങ്കിലും ജനരക്ഷായാത്രയും ദല്‍ഹിയില്‍ സി.പി.ഐ.എം ഓഫീസിലേക്കുള്ള മാര്‍ച്ചുകളും നടക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിലൂടെ കോടികളുടെ മെഡിക്കല്‍ കോളേജ് അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് ബി.ജെ.പിയില്‍ അടിമുടി നടക്കുന്ന അഴിമതികളെക്കുറിച്ചുള്ള വാര്‍ത്തകളുടെ ഒരു കുത്തൊഴുക്കുതന്നെ വന്നു. അത് അണികളിലുണ്ടാക്കിയ ജാള്യവും നാണക്കേടും മാറ്റാനും നല്ല രണ്ട് ''ഹിന്ദുത്വ ഡോസ്''നല്‍കി അവരെ ഉഷാറാക്കാനുമായാണ് യാത്ര പ്ലാന്‍ ചെയ്തത് . യാത്രയില്‍ ഒരു ചാക്ക് കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനമുഖ്യമന്ത്രിമാര്‍, പാര്‍ട്ടി കേന്ദ്രനേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെ അണിനിരത്താനും പദ്ധതിയിട്ടു. ഇതേ വരെ നടന്ന യാത്രയില്‍ വരുമെന്ന് പ്രഖ്യാപിച്ച നേതാക്കളില്‍ വലിയൊരു പറ്റം വന്നില്ല. എങ്കിലും വലിയൊരു സംഖ്യ പങ്കടുത്തു. മഹാരാഷ്ട്രയിലെ അഭിനവ ശിവജിയായ മുഖ്യമന്തി ദേവേന്ദ്ര ഫഡ്നാവിസ് എടപ്പാളില്‍ വന്നു പ്രസംഗിച്ച കാര്യം കേരളീയരാരെങ്കിലുമറിഞ്ഞോ? ഇല്ല. കാരണം കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ ജനാധിപത്യത്തെ കൊല്ലുന്നുവെന്നതൊഴികെ വമ്പന്‍ മണ്ടത്തരങ്ങളൊന്നും അദ്ദേഹം പറഞ്ഞില്ല. ഓരോ ദിവസവും കേന്ദ്ര ബി.ജെ.പി. നേതാക്കള്‍ തട്ടിവിടുന്ന മണ്ടത്തരങ്ങളും, വിടുവായത്തങ്ങളും കേട്ട് കേരളീയരാകെ ചിരിച്ചു മറിയുകയാണ്. ജാഥയില്‍ നല്ലൊരു പങ്കു അന്യ സംസ്ഥനത്തൊഴിലാളികള്‍, തമിഴര്‍ തുടങ്ങിയവരായതുകൊണ്ടു അവര്‍ക്ക് ആ ചിരിയില്‍ പങ്കെടുക്കാനാവുന്നില്ല എന്നതേ ആകെപ്പാടെയൊരു കുറ്റമായി പറയാനുള്ളു. അതൊഴിച്ചാല്‍ യാത്ര ഒന്നാന്തരമൊരു ആരോഗ്യ രക്ഷായാത്രയാണ്. ചിരി ആരോഗ്യത്തിനു ഗുണകരം എന്നാണല്ലോ ശാസ്ത്ര മതം.

ഒന്നാം ദിവസം അമിത്ഷാ കഴിഞ്ഞാല്‍ ജനശ്രദ്ധ നേടിയത് അല്‍ഫോന്‍സ് കണ്ണന്താനവും സുരേഷ് ഗോപി എം.പി.യുമാണ്. പിണറായിയുടെ ഡല്‍ഹിയിലെ സല്‍ക്കാരമേറ്റു വാങ്ങി ഏമ്പക്കമിട്ട ശേഷം പിണറായിയാണെന്റെ രാഷ്ട്രീയഗുരുനാഥന്‍ എന്നൊക്കെ തട്ടിവിട്ടിരുന്നു കണ്ണന്താനംജി. അദ്ദേഹം കേരളത്തിലെ ബി.ജെ.പി.ക്കാരുടെ സകല കൊലകളും പിണറായി പ്ലാന്‍ ചെയ്തതാണെന്ന് പറഞ്ഞതുകേട്ട് കൈയ്യടിച്ചു. തുടര്‍ന്ന് തന്റെ ഊഴം വന്നപ്പോള്‍ നല്ലതു നാലു പറയുകയും ചെയ്തു. സുരേഷ് ഗോപിജി യാത്രക്ക് തൊട്ടു മുന്‍പേ ബ്രാഹ്മണനാകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം യാത്രയില്‍ പങ്കെടുക്കുന്നത് പൂണൂലിട്ടവരെ ജീവിക്കുന്ന ദൈവങ്ങളായിക്കാണുന്ന ഒരു സ്ഥിതിയിലേക്ക് കേരളത്തെ വീണ്ടെടുക്കാനായാണ്. അത് നടന്നാല്‍ സുരേഷ് ഗോപി-അമിത്ഷാ വീണ്ടെടുക്കലായി അതറിയപ്പെടും.

തുടര്‍ന്ന് രംഗം കൈയ്യടക്കിയത് യോഗിയും ധര്‍മ്മേന്ദ്ര പ്രധാനുമാണ്. യു.പി. ആശുപത്രികള്‍ കേരളീയര്‍ കണ്ടു പഠിക്കാന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നത് കണ്ടു പഠിക്കാം. ധര്‍മ്മേന്ദ്ര പ്രധാന്‍ പെട്രോളിയം മന്ത്രിയാണ്. പെട്രോളിനും ഡീസലിനും കേന്ദ്രം വന്‍തോതില്‍ നികുതി കുറച്ചുവെന്നദ്ദേഹം കണ്ടുപിടിച്ചു.

യാത്ര പൊടിപൊടിക്കുന്നതിനിടയിലാണ് അബ്രാഹ്മണ പൂജാരിമാര്‍ അംഗീകരിക്കില്ലെന്ന് ബ്രാഹ്മണ പ്രമുഖരുടെ പ്രസ്താവന വന്നത്. ക്ഷേത്രങ്ങള്‍ ബ്രാഹ്മണര്‍ക്കു തിരിച്ചു കൊടുക്കുകയും വേണം. കേരളത്തിലെ ഭൂരിപക്ഷ ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ ന്യുനപക്ഷ ബ്രാഹ്മണര്‍ക്ക് തിരിച്ചു കൊടുക്കണോ? വേണ്ട എന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട്ആ പ്രസ്താവന കണ്ടതുമില്ല, കേട്ടതുമില്ല!

അക്രമവും രക്തച്ചൊരിച്ചിലുമില്ലാതാക്കാനാണ് യാത്ര. അതുകൊണ്ടു മുദ്രാവാക്യം ''ഒറ്റക്കയ്യാ ജയരാജാ, മറ്റേക്കയ്യും കാണില്ല''എന്നാണ്. ഗുജറാത്തിലൊക്കെ സമാധാനം സ്ഥാപിച്ച ഒരു രീതിയുണ്ട്. അമിത് ഷാജിക്കും മോദിജിക്കും ''ക്ഷ ''പിടിക്കുമെന്നുറപ്പുള്ളതാണ് ആ രീതി. അതുകൊണ്ടു ബി. മുരളീധര്‍ജി ആ മുദ്രാവാക്യം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.

മലപ്പുറത്തെത്തിയപ്പോള്‍ കുമ്മനംജി കണ്ടു പിടിച്ചത് മാപ്പിള കലാപം ഹിന്ദുക്കളെ കൊന്നൊടുക്കിയ വര്‍ഗീയ കലാപമായിരുന്നു എന്നതാണ്. ആ സത്യം കമ്മ്യുണിസ്റ്റുകാര്‍ ചരിത്രകാരന്മാരെക്കൊണ്ട് മാറ്റിയെഴുതിച്ചു. കമ്മ്യുണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ചരിത്രകാരന്മാരെക്കൊണ്ട് മാറ്റിയെഴുതിച്ചതും നമുക്കുറപ്പുള്ളതുമായ മറ്റൊരു ''ബഹുത് ബഡാ ''ചരിത്ര സത്യമുണ്ട്. മിനിമം നെഞ്ചിലേക്ക് നിറയൊഴിച്ചവസാനിപ്പിക്കേണ്ട ഒരുകടുത്ത രാജ്യദ്രോഹിയായിരുന്നു മഹാത്മാ ഗാന്ധി എന്നതാണത്. യാത്ര അവസാനിക്കുമ്പോഴേക്കും അതിലുമൊരു വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.

പാലക്കാട് മുണ്ടൂരില്‍ നിന്ന് ടൗണിലേക്കുള്ള വന്‍ ജനാവലിയുടെ യാത്രയില്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവര്‍ തമിഴില്‍ മുദ്രാവാക്യം വിളിച്ചത് കൗതുകമായി എന്നാണ് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തെ രക്ഷിക്കാന്‍ തമിഴരും ഹിന്ദിക്കാരും ബംഗാളികളുമൊന്നും പാടില്ലെന്ന് നിയമമൊന്നുമില്ലല്ലോ

യാത്ര നല്ല സമാധാന സന്ദേശം അണികള്‍ക്ക് പകര്‍ന്നുകൊടുത്തിട്ടുണ്ട്. യാത്രക്ക് പിന്നാലെ നാലു സി.പി.ഐ.എം കാരെ കതിരൂരില്‍ ബി.ജെ.പി.ക്കാര്‍ അടിച്ചു പരിക്കേല്‍പ്പിച്ചു എന്ന് വാര്‍ത്ത വന്നു. സംഘടനക്കതു വലിയ അപമാനമായി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ''അടിച്ച്ു പരിക്കേല്‍പ്പിക്കല്‍''! പിറ്റേന്നത്തെ വാര്‍ത്ത സി.പി.ഐ.എം പ്രകടനത്തിലേക്ക് ബോംബെറിഞ്ഞ് പതിനൊന്നു സി.പി.ഐ.എം.കാര്‍ക്കും നാല് പോലീസുകാര്‍ക്കും പരിക്കേറ്റുവെന്നാണ്. അത് അന്തസ്സുള്ള പരിപാടിയാണ്. തലേന്നത്തെ നാണക്കേട് മാറിക്കിട്ടി.

പാലാക്കട്ടെത്തുമ്പോഴേക്കും രാഷ്ട്രപതിയും പൂജനീയ സംഘപ്രവര്‍ത്തകനുമായ കോവിന്ദ്ജി പറയുന്നു,''കേരളം മതസൗഹാര്‍ദ്ദത്തിന്റെ വിളനിലമാണ്, ഒരു സമുദായം മറ്റൊരു സമുദായത്തിന് വേണ്ടി മാറിക്കൊടുക്കുന്നതിന്റെ മഹനീയ ചരിത്രമാണ് കേരളത്തിനുള്ളത്'' എന്ന്! എല്ലാവരും പറയുന്നു ഈ പ്രസ്താവനയോടെ യാത്രയുടെ കാറ്റു പോയെന്ന്. ഒന്നും സംഭവിച്ചിട്ടില്ല. കേരളത്തിനത്തരമൊരു ചരിത്രമുണ്ട്, അതൊന്നു മാറ്റി പരമാവധി വേഗത്തില്‍ ഗുജറാത്ത് മോഡലിലേക്കു സംസ്ഥാനത്തെയും വ്യാപം മോഡലിലേക്കു പാര്‍ട്ടി സംഘടനയെയും കൊണ്ടു ചെന്നെത്തിക്കണം. അതിനായാണ് അമിത്ഷാജിയും കുമ്മനംജിയും ആഞ്ഞു പിടിക്കുന്നതും, കണ്ണന്താനംജിയും സുരേഷ് ഗോപിജിയും പിന്നില്‍ നിന്ന് തള്ളി ക്കൊടുക്കുന്നതും. അക്കാര്യമറിയാത്തവരെ അറിയിക്കാനായി തിരുവനന്തപുരം വരെ യാത്ര തുടരും. അവിടെയും യാത്ര നിര്‍ത്തില്ല. കമ്മ്യുണിസ്റ്റു വിരുദ്ധ കേരളമുണ്ടാകുന്നത് വരെ യാത്ര തുടരുമെന്നാണിപ്പോള്‍ ദേശീയ നേതാവ് മുരളീധരറാവുജി പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു യാത്രയുടെ തുടര്‍ച്ചയങ്ങനെ തമിഴ്‌നാട് വഴി വടക്കോട്ടുപോയി പഴയ ഗാന്ധാര ദേശത്തു കൂടെ സില്‍ക്ക് റൂട്ടില്‍ക്കടന്നു ലോകം ചുറ്റി വരുന്നതാവും നല്ലത്. യാത്രയില്‍ ശശികലാജിയെക്കൂടി കൂട്ടിയാല്‍ വലിയ ഉപകാരമായിരുന്നു.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow