Loading Page: കോണ്‍ഗ്രസ്സിന്റെ പടയൊരുക്ക യാത്ര

രാഷ്ട്രീയ വിശകലനം

വെബ് ഡെസ്‌ക്

ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്ര എന്നിവ ഏറിയും കുറഞ്ഞും 'സ്വാപ മന' യാത്രയായി മാറിയിരിക്കുകയാണ്. തങ്ങളും പിറകില്‍ പോകാതിരിക്കാന്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പടയൊരുക്ക യാത്രക്ക് തുടക്കം കുറിക്കുകയാണ്. ഇനി ആ യാത്രയുടെ ഗതിയെന്താകുമെന്ന ആകാംക്ഷ കേരള ജനതക്ക് കാര്യമായൊന്നുമില്ലെങ്കിലും, രാഷ്ട്രീയ നിരീക്ഷകരും യു.ഡി.എഫ് അനുകൂലികളും അതിനെ ഉറ്റുനോക്കുകയാണ്.

ബി.ജെ.പി.യുടെ ജനരക്ഷാ യാത്ര തങ്ങള്‍ അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കാര്യം പുറത്തുവന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ തലയില്‍ മുണ്ടിട്ടുകൊണ്ടുള്ള ഒരു ഓടി രക്ഷപ്പെടലായിരുന്നു. അതിന് ജനശ്രദ്ധ നേടിയെടുക്കാനായി ഇവിടെ വന്ന വമ്പന്‍ കേന്ദ്ര നേതാക്കള്‍ തട്ടിവിട്ട വര്‍ഗ്ഗീയ - അക്രമ ആക്രോശങ്ങളും, പെരുങ്കള്ളങ്ങളും, നിലവാരമില്ലാത്ത പ്രസ്താവനകളും ആ പാര്‍ട്ടിയുടെ ചീത്തപ്പേര് പതിമടങ്ങ് വര്‍ദ്ധിപ്പിക്കാനെ ഉപകരിച്ചുള്ളു. കേരളീയര്‍ക്കു മുന്നില്‍ പൊളിഞ്ഞു പാളീസായ ആ യാത്ര എന്തോ ഭയങ്കര സ്വാധീനം ജനങ്ങളില്‍ ചെലുത്തുമെന്ന മിഥ്യാധാരണയിലാണ് ഇടതുമുന്നണി യാത്ര തുടങ്ങിയത്. ജനങ്ങളോട് ജാഗ്രത പുലര്‍ത്താനാഹ്വാനം ചെയ്ത യാത്രയില്‍ ജാഗ്രത തീരെ പുലര്‍ത്താതെ കള്ളക്കടത്തുകാരന്റെ ആഡംബര കാറില്‍ക്കയറിയതും മറ്റും വലിയ വിവാദമായി. ആദ്യമതിനെ ന്യായീകരിച്ച ശേഷം ഒടുവില്‍ ഏരിയാക്കമ്മറ്റിയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിപ്പോയി എന്ന് സ്വയം വിമര്‍ശനം നടത്തി. അതു നടത്തിയതിന്റെ പിറ്റേന്ന് പുത്തന്‍ കായല്‍ രാജാവ് തോമസ് ചാണ്ടി 'എശ്മാന്‍' സമാപന യോഗത്തില്‍ നല്ല ജാഗ്രതയോടെ തന്റെ വീരകൃത്യങ്ങളെ ന്യായീകരിച്ച് കാനത്തെ സ്റ്റേജിലിരുത്തി ഇരുകരണത്തും നല്ല പൂശു പൂശി. അതുകൊണ്ടരിശം തീരാഞ്ഞ് പുറത്തിറങ്ങി 'ബാക്കി കായലും നികത്തും, തടയാമെങ്കില്‍ തടഞ്ഞോ' എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇനി ബാക്കി പരാക്രമം തിരുവനന്തപുരത്ത് ചെന്നിട്ട് തോമസ് ചാണ്ടി പുറത്തെടുക്കും.

സോളാറില്‍ ആകെ നാറിപ്പോയ ഉമ്മന്‍ ചാണ്ടി തോമസ് ചാണ്ടി 'വീരശൂര പരാക്രമി' യായി അവതരിച്ചതോടെ ഒരു വിധം രക്ഷപ്പെട്ടതായിരുന്നു. പക്ഷേ രക്ഷയില്ലാ! പടയൊരുക്കത്തില്‍ പിണറായി സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍ട്ടിലൂടെ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ നടത്തിയ ശ്രമമാണ് ജനങ്ങളോട് വിശദീകരിക്കുക. അത് വരുന്നതോടെ മറന്നു പോയ സോളാര്‍ വീണ്ടും ജനശ്രദ്ധയിലേക്കു വരും.

ഈ മൂന്നുയാത്രകളും കാണിക്കുന്നത് കേരളത്തിലെ ഈ മൂുന്നു ശക്തികളും കേരളീയ ജനജീവത്തില്‍ നിന്നെത്രമാത്രം അകന്നു പോയിരിക്കുന്നുവെന്നു മാത്രമാണ്. വളരെ കഷ്ടപ്പെട്ട് കുത്തിപ്പൊക്കിക്കൊണ്ടു വരുന്ന കുറച്ച് പാര്‍ട്ടിയണികള്‍, തമിഴുനാട്ടില്‍ നിന്നു പോലും ഇറക്കുമതി ചെയ്യുന്ന ദിവസക്കൂലിത്തൊഴിലാളികള്‍ എന്നിവരൊഴിച്ചാല്‍ സാധാരണ മനുഷ്യര്‍ ഇത്തരം ജാഥകളില്‍ നിന്നോടിയൊളിക്കുകയാണ്. അതല്ലാതെ നേതാക്കന്മാര്‍ ജാഥകളില്‍ തട്ടിവിടുന്ന രാഷ്ട്രീയ പ്രസ്താവനകളെ മുഖ വിലക്കെടുക്കാന്‍ തയ്യാറാകുന്ന എത്രജനം കേരളത്തിലുണ്ട്?

കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പഭ്യാസം വളരെ പാട്ടുപെട്ടാണ് പൂര്‍ത്തിയാക്കിയത്. ഇവിടെ നിന്ന് രണ്ടുഗ്രൂപ്പും ചേര്‍ന്ന് അയച്ച ലിസ്റ്റ് യുവാക്കള്‍, സ്ത്രീകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ എന്നിവരുടെ പ്രാതിനിധ്യം കുറഞ്ഞിതിന്റെ പേരില്‍ പലതവണ മടക്കിയയച്ചു. ഒടുവില്‍ ഒരു 304 അംഗ ലിസ്റ്റ് അംഗീകരിച്ചു. അതില്‍ സ്ത്രീകള്‍ വെറും 28, 50 നടുത്തവരും അതില്‍ താഴെയുള്ളവരും 45 പട്ടികജാതി/പട്ടികവര്‍ഗ്ഗം 18. അതായത് പകുതിയിലേറെപ്പേരും 'വടിയും കുത്തി മുന്നോട്ട്' എന്ന നിലവാരത്തിലുള്ളവരാണ്. തമ്മില്‍ത്തമില്‍ പടയൊരുക്കിയതിന്റെ തഴമ്പല്ലാതെ മറ്റൊന്നും മഹാഭൂരിപക്ഷത്തിനുമില്ല. 2017 ലെത്തുമ്പോള്‍ 70 കളിലെ യുവതുര്‍ക്കികളായിരുന്ന ഇപ്പോഴത്തെ 'വൃദ്ധ തുര്‍ക്കി'കള്‍ നടത്തുന്ന കോപ്രായങ്ങളിലൂടെ കോണ്‍ഗ്രസ്സ് രക്ഷപ്പെടുമോ?

ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ്. കുറ്റവാളികളാണെന്നു പറഞ്ഞ സര്‍ദാര്‍ പട്ടേലിനെ സ്വന്തമാക്കാന്‍ മോഡിയും സംഘവും എല്ലാ വൃത്തികെട്ട തന്ത്രവും പയറ്റുന്നു. അതിനവര്‍ പറയുന്ന ന്യായം കോണ്‍ഗ്രസ്സ് പട്ടേലിനെ മറന്നുവെന്നുതാണ്. മറുവശത്ത് തലയിണയില്‍ നോട്ട് നിറച്ച് പിടിയിലായി, 'കോണ്‍ഗ്രസ്സ് അഴിമതി'യുടെ ആള്‍ രൂപമായി മാറിയ സുവ്റാമിന്റെ മന്ത്രിയായിരുന്ന പുത്രന്‍ ഹിമാചലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ്. അതിന് സംഘപരിവാര്‍ നല്കുന്ന ന്യായീകരണം 'കഴിഞ്ഞ കാലം കുത്തിപ്പൊക്കേണ്ടതില്ല' എന്നാണ്. ഇത്ര ഇരട്ടത്താപ്പ് കാട്ടുന്ന സംഘപരിവാറിനോട് മതേതര - ജനാധിപത്യ - ഭരണഘടനാ മൂല്യങ്ങളില്‍ നിന്നുകൊണ്ട് മറുപടി പറയാന്‍ ത്രാണിയുള്ള ഒരു ഊര്‍ജ്ജസ്വല നേതൃത്വത്തെ രൂപപ്പെടുത്തണമെന്ന ചിന്തപോലും കേരളത്തിലെ കോണ്‍ഗ്രസ്സ് കടല്‍ക്കിഴവന്മാര്‍ക്കില്ല. അഴിമതിയിലും കുതികാല്‍വെട്ടിലും സമ്പന്നപ്രമാണി പൂജയിലും റിക്കാര്‍ഡിട്ട സ്ഥിരം മുഖങ്ങളുടെ പടയൊരുക്കം വാക്കില്‍പ്പോലും ഒരു പൊറാട്ടുനാടകമേ ആകൂ. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ ഇത്രവലിയ വെല്ലുവിളി നേരിടുമ്പോള്‍ കണ്ണാടിയിലൊന്നു മുഖം നോക്കാനെങ്കിലും കോണ്‍ഗ്രസ്സിന്റെ കേരളഘടകം തയ്യാറായാല്‍ അത്രയും നന്നാകുമായിരുന്നു.
1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow