Loading Page: പാര്‍വതിയുടെ ''കസബ'' വിമര്‍ശനവും മമ്മൂട്ടി ആരാധക വൃന്ദവും

കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച വേഷം തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്നും അത്തരം സിനിമകള്‍ പ്രസരിപ്പിക്കുന്ന തെറ്റായ മൂല്യങ്ങള്‍ സമൂഹത്തെ സ്വാധിനിക്കുമെന്നും പറഞ്ഞതിന് മമ്മൂട്ടി ആരാധകള്‍ പാര്‍വ്വതിക്കെതിരെ തെറിവര്‍ഷം നടത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ ആരാധകരെന്ന പേരില്‍ കുറെ വിഡ്ഡികളായ ഗുണ്ടകള്‍ നടത്തുന്ന തെറിവര്‍ഷം നിര്‍ത്താന്‍ പറയാന്‍ പോലും ഇന്നേവരെയും മമ്മൂട്ടി തയ്യാറായിട്ടില്ല. ദുല്‍ഖര്‍ നായകനും താന്‍ നായികയുമാകുമ്പോള്‍ മമ്മൂക്ക അച്ഛന്റെ റോളെടുത്തോട്ടെ എന്ന് സാന്ദര്‍ഭികമായി അഭിപ്രായപ്പെട്ട ഒരു യുവനടിയെ ഈ സംഘം കരയിച്ച് മാപ്പുപറയിപ്പിച്ചിരുന്നു. ടി വി യില്‍ വന്ന് പാര്‍വതി കരഞ്ഞ് കാലു പിടിക്കുന്നുവെന്നു പറയുന്ന ഒരു രംഗത്തിനായാണ് മലയാളത്തിന്റെ മഹാനടന്‍, ഫാന്‍സുകാരോടൊപ്പം, ആഞ്ഞുപിടിക്കുന്നുതെന്നു തോന്നുന്നു.

ഈ നടന്റെയും ഫാന്‍സ് മന്ദുബുദ്ധികളുടെയും സമീപനകാല കോപ്രായങ്ങള്‍ കാണുമ്പോള്‍ ഇതിലതിശയമില്ല. എന്നാല്‍ ചില തീവ്ര ഇടതു ബുദ്ധിജീവികള്‍ (ഒരു സ്വാമിയും ഇടത് മുന്‍ SUCI വനിതയുമടക്കം) ഇട്ട പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പാര്‍വതി ഇതേവരെയഭിനയിച്ചത് ഝാന്‍സി റാണിയുടെയും റോസ ലക്സം ബര്‍ഗിന്റെയും റോളാണോ എന്നൊരാള്‍ ചോദിക്കുന്നു. മറ്റേയാള്‍ പറയുന്നത് കിടന്നു കൊടുത്ത് സിനിമയില്‍ കയറിക്കൂടിയവള്‍ ആളാകാന്‍ മഹാനടനെ ആക്ഷേപിച്ചത് ശരിയായില്ല എന്നാണ്.

കഥാപത്രങ്ങളെ കഥാപാത്രങ്ങളായിക്കാണണം എന്ന 'മഹ്ത്' തത്വമാണ്് വലിയൊരു ഭാഗം പേര്‍ പാര്‍വതിക്ക് പറഞ്ഞുകൊടുക്കുന്നത്! 1980 കളുടെ അവസാനം ബാബറി ബസ്ജിദിന്റെ പേരിലുള്ള വര്‍ഗ്ഗീയവല്‍ക്കരണം തീവ്രമായതോടെയാണ് മലയാള സിനിമയില്‍ താത്ക്കാലിക 'തമാശ' തരംഗത്തിന് വിരാമമിട്ട് വീരനായക കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വന്‍വിജയം നേടിത്തുടങ്ങുന്നത്. അതോടെ വാണിജ്യ സിനിമയില്‍ 70-കളുടെ അവസാനം മുതല്‍ വന്നു കൊണ്ടിരുന്ന നല്ല സിനിമകള്‍ അപ്രത്യക്ഷമായി. ഭരതന്‍-പത്മരാജന്‍-കെ.ജി. ജോര്‍ജ്ജ്-മോഹന്‍ മോഡല്‍ പടങ്ങളൊന്നും പിന്നീടില്ല. 60 കള്‍ മുതല്‍ 70 കളുടെ അവസാനം വരെ മലയാള സിനിമയില്‍ ജാതി-മതാതീതമായ പ്രേമവും മറ്റുമായിരുന്നു മുഖ്യ പരിചരണവിഷയം, റാംജിറാവുവിനു ശേഷം വന്ന പൊള്ളചിരിക്കു ശേഷം അവരിറക്കിയ 'മുസ്ലീം ഭീകരെ തുരത്തുന്ന സവര്‍ണ്ണ രാജ്യസ്നേഹ' നായകന്മര്‍ പ്രക്ഷേപിച്ച ബോധമെന്താണ്? അതിന്റെ ജീവിക്കുന്ന ആള്‍രൂപമാണ് മേജര്‍ രവി. അതിര്‍ത്തികാക്കുന്ന ഭടന്മാര്‍ ദൈവവല്‍ക്കരിക്കപ്പെട്ടപ്പോള്‍ രാജ്യദ്രോഹി 'മുസ്ലിം തീവ്രവാദി'യായിമാറി.

ഈ വീരനായക സങ്കല്പത്തില്‍ സ്ത്രീകള്‍ 'ആണത്ത'ത്തിന് അഴകു കൂട്ടുന്ന അനുബന്ധങ്ങള്‍ മാത്രം. എത്ര ആറാംതമ്പുരാന്മാരും, മനാഡിന്മാരും, അടിച്ചു പല്ലുതാണ്ടയിടാന്‍ കൂടിയറിയാവുന്ന ബ്രാഹ്മണരും, കമ്മീഷണര്‍മാരും, മംഗലശ്ശേരി നീലകണ്ഠന്മരും വന്നുപോയി, പിന്നെപ്പിന്നെ 'അമ്മ'ക്കു കീഴില്‍ മഹാനാടന്മാര്‍ ഒരു മാഫിയാ സംഘമായി വളര്‍ന്നു. കൊച്ചിയിലായതുകൊണ്ട് അധോലോകവുമായി കൂടുതലടുത്തിടപഴുകി കളിക്കാന്‍ കഴിഞ്ഞ കൊച്ചി രാജാവ് കയറിവന്ന് ഒന്നമനായപ്പോഴേക്കും സുരേഷ് ഗോപി അട്ടത്തായി. അഭിനയിക്കാനറിയുന്ന നല്ലനടിമാരും തിലകന്‍ പോലുള്ള നടന്മാരും വിലക്കപ്പെടേണ്ടവരായി.

ഇവര്‍ നായക കഥാപാത്രങ്ങളിലൂടെ പ്രക്ഷേപിച്ച അളിഞ്ഞ ജാതി ബോധവും സ്ത്രീ-വിരുദ്ധ സവര്‍ണ്ണ ജന്മി-പ്രമാണി ബോധവും കേരളീയ യുവത്വത്തെ വഴി തെറ്റിക്കുന്നതില്‍ ചെറിയ പങ്കൊന്നുമല്ല വഹിച്ചത്! കിട്ടുന്ന റോളാണ് മമ്മൂട്ടിയായാലും പാര്‍വതിയായാലും അഭിനയിക്കുകയെന്ന് ചില 'മാന്യന്മാര്‍' പറയുന്നു. മാന്യകളും പാര്‍വതിക്കറിയാഞ്ഞിട്ടാണ് എന്ന് സമര്‍ത്ഥിക്കുന്നു! എന്തു നിഷ്‌കളങ്കര്‍!!!

കേരളം കണ്ട ഏറ്റവും വലിയ വാണിജ്യ സിനിമ വിജയങ്ങളുടെ ചാമ്പ്യനായിരുന്നു ഐ.വി ശശി. അദ്ദേഹം പോലും സൂപ്പര്‍ സ്റ്റാറിനായി തിരക്കഥയും സംഭാഷണവും തിരുത്തി സിനിമയെടുത്ത് പൊളിഞ്ഞു പാളീസായി അത്രമാത്രം തരം താഴേണ്ടി വന്നപ്പോള്‍ പൊട്ടിക്കരഞ്ഞു. കൊമേഴ്സല്‍ സിനിമയില്‍ ഏറ്റവും മികച്ച പുരോഗമനാശയങ്ങള്‍ ചര്‍ച്ച ചെയ്ത കെ.ജി. ജോര്‍ജ്ജും ഇതേ അനുഭവം നേരിട്ട് പിന്‍വാങ്ങി. റോളുകള്‍ കിട്ടുന്നതിന്റെ കെമിസ്ട്രി നമുക്കാര്‍ക്കുമറിയില്ല്രേത! മഹാനടന്മാര്‍ക്ക് പ്രായം കൂടുന്നതനുസരിച്ച് നായികനടിമാര്‍ക്ക് പ്രായം കുറയണമെന്ന ഒരു പൊതു കെമിസ്ട്രിയേ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സൂപ്പര്‍താര സിനിമക്കുള്ളൂ.

മമ്മൂട്ടിയും ഫാന്‍സുമാരും തമ്മിലെന്ത്? മറ്റൊരു ചോദ്യം. ഒരുനുഭവകഥ പറയാം. ഒരു ദശകത്തിനും മുമ്പ് തൃശൂര്‍ നഗരപ്രാന്തമായ വടൂക്കരയില്‍ രണ്ടു ഗുണ്ടാസംഘങ്ങള്‍ വന്‍തോതില്‍ ഏറ്റുമുട്ടി. ഒന്നിന്റെ പേര് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍. അതിന്റെ രക്ഷാധികാരി ഇരുന്നെഴുന്നേറ്റ പോലെ ഒരു സുപ്രഭാതത്തില്‍ അളവറ്റ സമ്പത്തിനുടമയായ ഒരു പണച്ചാക്ക്, നേതാവ് - ഗുണ്ടാത്തലവന്‍. ഒരു പെരുന്നാള്‍ നാളില്‍ ഒരു മുസ്ലീം പള്ളിയിക്കല്‍ക്കയറി ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ വരെ നടത്തിയ ശ്രമത്തിനിടയില്‍ സംഘാംഗങ്ങള്‍ പിടിയിലായിരുന്നില്ലെങ്കില്‍, ഒരുപക്ഷേ, ജില്ലയില്‍ വലിയൊരു വര്‍ഗ്ഗീയ ലഹള നടന്നേനെ ആ ഫാന്‍സിനെപ്പോലും തള്ളിപ്പറയാത്തയാള്‍ ഇപ്പേഴത്ത പതിന്മടങ്ങ് 'മെച്ചപ്പെട്ട' ഫാന്‍സിനെ തള്ളിപ്പറയുമോ? ഫാന്‍സ് അസോസിയേഷനില്‍ സജീവമായവരില്‍ നല്ലൊരു പങ്ക് കേരളത്തിലെങ്കിലും ഗുണ്ടകളും ക്രിമിനലുകളും മഫിയാസംഘാംഗങ്ങളുമാണെന്നറിയാത്തവരായി വല്ലവരുമുണ്ടോ? ന്ല്ല സിനിമകളൊന്നും തിയേറ്ററില്‍ വരികയോ വിജയിക്കുകയോ ചെയ്യുകയില്ലെന്ന് ഫാന്‍സുകാര്‍ ഉറപ്പാക്കുന്നു. അതുകൊണ്ട് 'കരുണ'യുടെയും 'രാജ്യസ്നേഹ'ത്തിന്റെയും ആള്‍രൂപങ്ങളായ മഹാനടന്മാര്‍ ഇതൊന്നുമറിഞ്ഞിട്ടില്ല ഞാനറിയുന്ന മഹാനടന്‍ ഇതൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നതിന് സാക്ഷ്യം പറയാന്‍ എത്രയെത്ര സക്കറിയമാര്‍, അടൂര്‍മാര്‍, സെബാസ്റ്റ്യന്‍ പോള്‍ മാര്‍, ശ്രീനിവാസന്മാര്‍ ഒക്കെ രംഗത്ത് വരുമെന്നേ ഇനിയറിയേണ്ടതുള്ളൂ. സിനിമ ഒരു വ്യവസായമാണെന്ന് പാര്‍വതിയെ പഠിപ്പിക്കണ്ടത് കുത്തിന് പിടിച്ച് 'കസബ ഡയലോഗ്' പറഞ്ഞാണോ അതോ കരണത്തടിച്ചാണോ എന്നത് ഇനി തീരുമാനിക്കാനുള്ളൂ. അക്കാര്യം ടോസ്സിട്ട് തീരുമാനിക്കും.
1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow