Loading Page: കഴുകന്മാരെന്ന് വിളിച്ചും സമരപന്തല്‍ കത്തിച്ചും നുണകളും കൊണ്ടും സമരത്തെ നേരിടുന്ന രാഷ്ട്രീയം

വാര്‍ത്താ വിശകലനം

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍കിളികളല്ല; കഴുകന്മാരാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്് മന്ത്രി ജി.സുധാകരന്‍ നടത്തിയ ആക്ഷേപം പെട്ടെന്ന് താരത്മ്യം ചെയ്യാവുന്നത് ഒരു ഫ്യൂഡല്‍ പ്രഭുവിന്റെ ധാര്‍ഷ്ട്യത്തോട് കിടപ്പിടിക്കാവുന്ന ഒന്നായിട്ടാണ്. (ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അദ്ദേഹത്തിന് പുതിയതല്ലെന്നതും ഓര്‍മ്മിക്കാം). സമരം നടത്തുന്നവരെ കഴുകന്മാരായി ചിത്രീകരിക്കുക; വാക്കുകള്‍ കൊണ്ട് ആക്രമിച്ച് നിര്‍വീര്യമാക്കുക എന്ന നേതൃ നിലപ്പാട് സമരപന്തല്‍ കത്തിച്ചും നുണകള്‍കൊണ്ടും സമരത്തെ നേരിട്ട കണ്ണുര്‍ സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും എന്തെങ്കിലും അകലം പുലര്‍ത്തുന്നുണ്ടോ?

കീഴാറ്റൂരിലെ നെല്‍വയലുകള്‍ നാഷണല്‍ ഹൈവേക്കു വേണ്ടി ഏറ്റടുത്ത് നികത്തുന്നതിനെതിരെ വയല്‍ക്കിളികള്‍ എന്ന പേരില്‍ CPI (M) ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന സമരം ഒരു വര്‍ഷമെത്തിയപ്പോള്‍, പോലീസിനെ ഇറക്കി ബലം പ്രയോഗിച്ച് പാടം അളന്നു തിരിച്ചതും, സി.പി.ഐ(എം) പ്രവര്‍ത്തകര്‍ വയല്‍കിളികളുടെ സമരപ്പന്തല്‍ തകര്‍ത്തതും സോഷ്യല്‍ മീഡിയയിലാകെ വലിയ ചര്‍ച്ചാവിഷയമായതാണ്. സമരം ചെയ്യുന്നവര്‍ ബദലൊരു മാര്‍ഗ്ഗവും മുന്നോട്ടു വക്കാതെ ഹൈവേയുടെ വികസനം മുടക്കുകയാണ്. അവരെ പിന്താങ്ങാന്‍ സകലവിധ തീവ്രവാദ സംഘടനകളും (മാവോയിസ്റ്റുകളടക്കം) മുന്നോട്ടു വന്നിരിക്കുന്നു. ഭൂവുടമകളില്‍ രണ്ടോ മൂന്നോ പേരൊഴിച്ച് സകലരും സ്ഥലമേറ്റെടുക്കാന്‍ സമ്മതപത്രം നല്കി. ചില വ്യക്തികളുടെ ഈഗോ മാത്രമേ ഇപ്പോള്‍ സമരം നടത്തുന്നതിനു കാരണമായുള്ളു എന്നൊക്കെയാണ് സി.പി.ഐ (എം) നേതാക്കളും ഹൈവേ വികസനവാദികളും പ്രചരിപ്പിച്ചിരുന്നത്. മറുവശത്ത്, കീഴാറ്റൂര്‍ സമരക്കാര്‍, കീഴാറ്റൂര്‍ വയലിലുള്ളവര്‍ സമ്മത പത്രം നല്കിയിട്ടില്ല, അഥവാ സമ്മത പത്രം നല്കിയാലും കളിപ്പറമ്പിന്റെ പ്രധാന ശുദ്ധജല ശ്രോതസ് നശിപ്പിക്കുന്ന പരിപാടി തീരുമാനിക്കുന്നത് ഭൂവുടമകളുടെ പ്രശ്നമല്ല, ഹൈവേക്ക് ബദല്‍ മാര്‍ഗ്ഗങ്ങളുണ്ട് എന്നും സമരം ചെയ്യുന്നവര്‍ വ്യക്തമാക്കുന്നുണ്ട്.

കണ്ണൂരില്‍ സമരം ചെയ്യുന്നവരെയോ, മറ്റു സംഘടനാ പ്രവര്‍ത്തകരെയോ, ഞങ്ങള്‍ ആക്രമിക്കാറെയില്ല എന്നു അവകാശപ്പെടുന്ന സി.പി.ഐ(എം) ഷുഹൈബ് വധത്തില്‍ ഇത്രയേറെ വിമര്‍ശന വിധേയരായിട്ടും സമരപ്പന്തല്‍ തകര്‍ക്കാന്‍ മടിച്ചില്ല എന്നത് ആരെയും ഞെട്ടിക്കും. കണ്ണൂര്‍ക്കാരെയൊഴികെ മറ്റാരെയും അങ്ങോട്ടു പ്രവേശിപ്പിക്കില്ലെന്ന 'സാര്‍വ്വദേശീയ' നയവുമുണ്ട്! ജില്ലയിലെ സി.പി.ഐ.(എം) എത്രമാത്രം ആഴത്തില്‍ ഫാസിസ്റ്റ് പ്രവര്‍ത്തനശൈലി സ്വീകരിച്ചിരിക്കുന്നുവെന്നതാണ് കീഴാറ്റൂരിലെ സമരപ്പന്തല്‍ കത്തിക്കല്‍ കാണിച്ചു തന്നത്. പിണറായിയുടെ പോലീസ് പന്തല്‍ കത്തിച്ചതിന് 12 സി.പി.ഐ(എം)-കാരെ പ്രതിയാക്കിയിരിക്കുന്നു. അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതെ കണ്ണൂരില്‍ ഞങ്ങള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നുവെന്നു പറഞ്ഞാല്‍ കേരളത്തിന്റെ ബാക്കി ജില്ലകളിലുള്ള സി.പി.ഐ(എം) കാര്‍ പോലും വിശ്വസിക്കില്ല. ഞങ്ങള്‍ക്കു ഭൂരിപക്ഷമുണ്ട്, അതുകൊണ്ട് പോലീസിന്റെയും സര്‍ക്കാരിന്റെയും പണി ഞങ്ങളെടുക്കും, ഞങ്ങളനുവദിച്ചാല്‍ മാത്രം മതി സമരവും സമരപ്പന്തലും എന്ന ജയരാജന്മാരുടെ പ്രഖ്യാപനം കേരളം മുഴുവന്‍ ആദ്യ ചര്‍ച്ച ചെയ്യണം. അതുകഴിഞ്ഞ് കീഴാറ്റൂരില്‍ തീവ്രവാദമെവിടെ വരെ എന്നു നമുക്കു ചര്‍ച്ച ചെയ്യാം.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കുത്തകകളും സര്‍ക്കാരും ബാങ്കുകളും ചേര്‍ന്ന് പരമാവധി സ്വാകാര്യ വാഹനങ്ങള്‍ വിറ്റഴിച്ച് വ്യവസായ വികസനവും ജി.ഡി.പി യും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഇത്രയേറെ സ്വകാര്യവാഹനങ്ങള്‍ പെരുകാന്‍ കാരണം. കേരളത്തിലത് വീടൊന്നിന് രണ്ടിലേറെ സ്വകാര്യവാഹനങ്ങള്‍ എന്ന നിലയിലെത്തി. ഭീമമായ തോതില്‍ ഡീസല്‍ കത്തിക്കുന്ന ആഡംബര സ്വകാര്യക്കാറുകളുടെ എണ്ണപ്പെരുപ്പം വന്‍തോതിലുള്ള വായു മലിനീകരണവും കാര്‍ബണ്‍ ഉത്സര്‍ജ്ജനവുമാണ് നടത്തുന്നത്. ഇന്ധനക്ഷമത തീരെയില്ലാത്ത ആഡംബരക്കാറുകള്‍ കോടികള്‍ കൊടുത്ത് സ്വന്തമാക്കി മാതൃക കാട്ടുന്നവരാണ് കേരളത്തിലെ സെലിബ്രിറ്റികള്‍ ഭൂരിപക്ഷവും. അതോടെ ഉയര്‍ന്നു മധ്യവര്‍ഗ്ഗം 'BMW' വിനും 'ഓഡി'ക്കുമൊക്കെ വേണ്ടി ഓടി നടക്കുന്നു. അത്തരമൊരു സ്ഥിതിയില്‍ ഭാവി തലമുറയെ കുരുതി കൊടുക്കുന്ന ഈ പ്രവണത എതിര്‍ക്കപ്പെടണം. എന്നാല്‍ നിലവിലെ സ്ഥിതി റോഡു വികസനം പാടില്ല എന്ന് ഒറ്റയടിക്ക് പറയുക സാധ്യമല്ല.

പക്ഷേ തല്ക്കാലമെങ്കിലും കീഴാറ്റൂരിലെ പ്രശ്നം ഹൈവേ കീഴാറ്റൂരിലൂടെ വേണോ വേണ്ടയോ എന്നതിലുപരി സി.പി.ഐ(എം) ന്റെ പ്രവര്‍ത്തന രീതിയില്‍ കണ്ണൂരില്‍ അവരവലംബിക്കുന്ന ഫാസിസ്റ്റ് രീതിയുടേതാണ് എന്നു വരുന്നു. വയല്‍ക്കിളികള്‍ കീഴാറ്റൂര്‍ നിവാസകളുടെ ഒരു ശതമാനമാകാം; അവര്‍ ചെയ്യുന്ന സമരം തെറ്റുമാകാം. എന്നാലും അതിനെ അടിച്ചമര്‍ത്താന്‍ സി.പി.ഐ. (എം) ന് അവകാശമുണ്ടോ? അവകാശമുണ്ട് എന്നാണ് പരോക്ഷമായി പി ജയരാജനും ഇ.പി. ജയരാജനുമെല്ലാം വാദിക്കുന്നത്.

സി.പി.ഐ (എം) പ്രവര്‍ത്തകര്‍ക്ക് സമരപ്പന്തല്‍ തീവക്കാന്‍ അവകാശമുണ്ടോ ഇല്ലയോ? ഇല്ല എന്നു രണ്ടുപേരും പറയുന്നില്ല. പകരം പറയുന്നത് ഭൂവുടമകളില്‍ രാണ്ടോ മൂന്നോ പേരെ സമ്മതപത്രം നല്കാതുള്ളു, കീഴാറ്റൂര്‍ ജനത ഞങ്ങള്‍ക്കൊപ്പമാണ് എന്നാണ്. അത് ശരിയാണെങ്കില്‍ത്തന്നെ പന്തല്‍ പൊളിക്കാനുള്ള അവകാശം സി.പി.ഐ.(എം)-ന് കിട്ടുമോ?

ത്രിപുരയില്‍ ജയിച്ചയുടന്‍ ബി.ജെ.പി. ക്കാര്‍ സി.പി.ഐ(എം) ഓഫീസുകള്‍ തകര്‍ത്തു. ലെനിന്‍ പ്രതിമ മറിച്ചിട്ടു. ഞങ്ങള്‍ ജയിച്ചു, ഞങ്ങള്‍ക്ക് ജനപിന്തുണയുണ്ട് എന്ന് RSS വക്താവായിരുന്ന രാം മാധവ് പറയുന്നു. ആ വാദത്തെ നാം ഫാസിസം എന്നു വിളിക്കുന്നു. അങ്ങനെയെങ്കില്‍ അതേവാദമല്ലേ പി.ജയരാജനും ഇ.പി. ജയരാജനും കണ്ണൂരില്‍ പറയുന്നത്?

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow