Loading Page: ബിഷപ്പിനെതിരെ കേരള പോലീസ് നടത്തുന്ന 'ശാസ്ത്രീ'യ അന്വേഷണം

വാര്‍ത്താ വിശകലനം

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടിട്ടു മാസമൊന്നു കഴിഞ്ഞു. കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിനും വ്യക്തമായ തെളിവുകിട്ടി. സംഭവത്തെക്കുറിച്ചറിവുള്ള മറ്റു പല കന്യാസ്ത്രീകളും കന്യാസ്ത്രീയുടെ സഹോദരനായ അച്ചനുമെല്ലാം തെളിവു നല്കി. സാധാരണ ഗതിയില്‍ ഫ്രാങ്കോ മുളക്കല്‍, പരാതി കിട്ടിയിട്ടും അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, പാലാ മെത്രാന്‍ എന്നിവര്‍ രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം അറസ്റ്റിലാകേണ്ട സമയം എന്നേ കഴിഞ്ഞു.

കേരളത്തിലെ പോലീസ് മേധാവി ബെഹ്‌റയാണ്. ബെഹ്‌റ പറഞ്ഞത് സകല തെളിവുകളും ശേഖരിച്ചു കഴിഞ്ഞു മാത്രമേ ബിഷപ്പിനെ ചോദ്യം ചെയ്യൂ എന്നാണ്. അതിനിടെ ബിഷപ്പിന്റെ അഞ്ചു കോടി വാഗ്ദാനം വന്നു. പിന്നെ വാഗ്ദാനം, കാഞ്ഞിരപ്പള്ളിയില്‍ പത്തേക്കര്‍ ഭൂമി, സ്വന്തമായി ഒരു മഠം, എന്നിങ്ങനെ വളര്‍ന്നു. ആ ഇടനിലക്കാരന്‍ അച്ചനെ വരെ അറസ്റ്റ് ചെയ്തു കേസെടുത്തു. എന്നിട്ടും ബിഷപ്പിനെതിരെ കേസില്ല, അറസ്റ്റില്ല.

പിന്നെയാണ്, കേരള പോലീസിന്റെ അഭിമാനം വിനോളമുയരാവുന്ന പുതിയ അന്വേഷണ രീതികള്‍ വരുന്നത്. ബിഷപ്പിനു വേണ്ടി കന്യാസ്ത്രീക്കെതിരെ കള്ളപ്പരാതി നല്കിയ സ്ത്രീയെ ഡല്‍ഹിയില്‍പ്പോയി ചോദ്യം ചെയ്തു. അവരുടേത് കള്ളപ്പരാതിയാണ് എന്നവര്‍ തന്നെ സമ്മതിച്ചിട്ടും അവര്‍ക്കെതിരെ കേസില്ല. ഇത്തരമൊരു 'കള്ളപ്പരാതി 'ഒരു കന്യാസ്ത്രീക്കെതിരെ നല്കിയതിന് അവര്‍ പറഞ്ഞ കഥ തൊണ്ട തൊടാതെ വിശ്വസിച്ചു നമ്മുടെ കേരള പോലീസ്. പിന്നെ ഡല്‍ഹിയില്‍ പേപ്പല്‍ നുണ്‍ഷ്യോയുടെ ആഫീസിന്റെ ഗേറ്റില്‍പ്പോയി എത്തി നോക്കി. എങ്ങനെയാണ് അകത്ത് കടന്ന് അദ്ദേഹത്തെ കാണേണ്ടതെന്ന വിദ്യ പഠിച്ചെടുത്തു. പിന്നെ നേരെ ഉജ്ജയിനിലെ ബിഷപ്പിനെ കാണാന്‍ ഒരൊറ്റ പോക്കാണ്. അവിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റില്‍ നിന്ന് ബിഷപ്പിനെ കാണാന്‍ അനുമതി ചോദിക്കും, പറ്റിയാല്‍ കാണും. പിന്നെ വീണ്ടും ഡല്‍ഹിയിലെത്തി തെളിവുകള്‍ ഗുണിച്ചും ഹരിച്ചും നോക്കും. പേപ്പല്‍ നുണ്‍ഷ്യോ പരാതി റോമിലേക്കയച്ചു എന്നെങ്ങാന്‍ പറഞ്ഞാല്‍ റോമിലെ മാര്‍പ്പാപ്പായെ കാണാന്‍ ബഹ്‌റയോടനുമതി ചോദിക്കും. സമ്മതിച്ചാല്‍ റോമിനു പോകും. പിന്നെ മാര്‍പ്പാപ്പാ അനുമതി നല്കിയാല്‍ കണ്ടു കാര്യമന്വേഷിക്കും. മാര്‍പ്പാപ്പയുടെയും പേപ്പല്‍ നുണ്‍ഷ്യോയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ അത് തീര്‍പ്പാകും വരെ ഇരുവരെയും മാറി മാറി കാണും. കഴിവതും ലോകസഭാ തെരഞ്ഞെടുപ്പു വരെ കേരളത്തിനു പുറത്തെ തെളിവെടുപ്പു തുടരും.

ഇന്നത്തെ സ്ഥിതിയില്‍ ബിഷപ്പ് ഫ്രാങ്കോ ആഞ്ഞുപിടിച്ചാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മിശ്രയുടെ ബഞ്ചില്‍ നിന്ന് ഇന്ത്യയിലെ മറ്റൊരു കോടതിയിലും ബിഷപ്പിനെതിരെ കേസെടുക്കരുത് എന്നൊരു വിധി സമ്പാദിക്കാന്‍ പറ്റും. അങ്ങനെയാണ് ജസ്റ്റിസ് ലോയയുടെ കൊലയെന്നു സംശയമുയരുന്ന കേസ് എന്നേക്കുമായി കുടത്തിലടച്ചത്. നമ്മുടെ കുര്യന്‍ജി സുര്യനെല്ലി പെണ്‍കുട്ടി നല്കിയ സ്വകാര്യ അന്യായത്തില്‍ രക്ഷപ്പെട്ടു നില്ക്കുന്നതും അങ്ങനെ തന്നെ . അതിനു മാത്രം ദമ്പിടി നമ്മുടെ തൃശൂര്‍ പ്രാഞ്ചി ഇതിനകം സ്വരുകൂട്ടിയിട്ടുണ്ടോ ആവോ?

ചിലരെല്ലാം ബിഷപ്പിനെന്താ കൊമ്പുണ്ടോ? എന്ന് സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചോദിക്കുകയാണ്. അതെ, രണ്ടല്ല, മൂന്നു കൊമ്പുണ്ട്. വിശ്വാസം വ്രണപ്പെടുന്ന പ്രശ്‌നമാണ്. ബിഷപ്പിന് പെണ്‍കുഞ്ഞാടിനെ സ്വര്‍ഗ്ഗവാതിലിലേക്ക് നയിക്കാന്‍ അവകാശം മാത്രമല്ല 'ഉത്തരവാദിത്ത'വുമുണ്ട്. അതു കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ ജലഡറിലെ വിശ്വാസികളോട് താന്‍ ഇതേവരെ തന്റെ' ഉത്തരവാദിത്തം' നിര്‍വ്വഹിച്ചതു പോലെ ഇനിയും ഉത്തരവാദിത്തം നിര്‍വഹിക്കും എന്ന് ഞായറാഴ്ച സന്ദേശത്തില്‍ പറഞ്ഞത്. എന്നു വച്ച് കേരളാ പോലീസിന് അന്വേഷിക്കാതെ പറ്റില്ല.ഫ്രാങ്കോ ബിഷപ്പാണെങ്കിലും ഇന്ത്യന്‍ പൗരനാണ്.അതുകൊണ്ട് അവര്‍ക്ക് ജലന്ധറിനു ചുറ്റും ഒരു പ്രകാശവര്‍ഷക്കാലം കറങ്ങിയ പറ്റൂ.

'ഓള്‍ ആര്‍ ഈക്വല്‍, ബട് സം ആര്‍ മോര്‍ ഈക്വല്‍' എന്നാണ് ഇന്ത്യയില്‍ എന്നും പ്രമാണം. ബിഷപ്പ് ഫ്രാങ്കോ ഈസ് മോര്‍ ആന്റ് മോര്‍ ആന്റ് മോര്‍ ഈക്വല്‍. അതു കൊണ്ട് കന്യാസ്ത്രീയുടേതു കള്ളപ്പരാതിയാണെന്ന് തെളിഞ്ഞിട്ടേ അന്വേഷണ സംഘം തിരിച്ചു വരാന്‍ പാടുള്ളു. ബെഹ്‌റ നീണാള്‍ വാഴട്ടെ!!!

(പോലീസ് മന്ത്രിക്ക് അഭിവാദ്യമില്ല. മുഖ്യമന്ത്രി പറഞ്ഞിട്ടാണോ ബിഷപ്പ് ഫ്രാങ്കോ കുസൃതി കാട്ടാനും, കന്യാസ്ത്രീ ഒരാവശ്യവുമില്ലാതെ പോലീസില്‍ പരാതിപ്പെടാനും ഇറങ്ങിത്തിരിച്ചത് എന്ന ചോദ്യത്തിനുത്തരമില്ലാത്തതുകൊണ്ടാണ്. ഉമ്മന്‍ ചാണ്ടി എത്ര ബിഷപ്പന്മാരെ അറസ്റ്റു ചെയ്തു എന്നു ചോദിച്ചാലും ഉത്തരമില്ല)

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow