Loading Page: കന്യാസ്ത്രീ സമരം സര്‍ക്കാരിനെ അട്ടിമറിക്കാനും സഭയെ അവഹേളിക്കാനുമോ?

വാര്‍ത്താ വിശകലനം

സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന സംഘടനകളില്‍ ഏറ്റവും വലുതിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ഒപ്പം സംസ്ഥാന ഭരണത്തിനു നേതൃത്വം നല്കുന്ന കക്ഷികളില്‍ ഏറ്റവും വലുതിന്റെ നേതാവുമാണ്.

അദ്ദേഹം കന്യാസ്ത്രീ 'സമരകോലാഹലത്തെ' വിമര്‍ശിച്ചു കൊണ്ട് പ്രസ്താവന നടത്തുകയും ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ ലേഖനമെഴുതുകയും ചെയ്തിട്ടുണ്ട്. അതിലെ തെറ്റും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളെ തുറന്നു കാട്ടുകയും ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യേണ്ടത് കേരളീയ സൂഹത്തിന്റെ മുന്നാട്ടു പോക്കിനാവശ്യമാണ് എന്ന് സൂചിപ്പിക്കാനാണീ കുറിപ്പ്.

അദ്ദേഹം എഴുതിയ ലേഖനം രണ്ടു കാര്യങ്ങളാണ് പറയുന്നത്. ഒന്ന്, കേരള സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം സല്കിക്കൊണ്ട് ബിഷപ്പ് ഫ്രാങ്കോയുടെ ബലാല്‍സംഗക്കേസില്‍ അന്വേഷണം നടത്തുന്നു. അന്വഷണത്തെ ഹൈക്കോടതി ശരിവച്ചിരിക്കുന്നു. എന്നിട്ടും സഭയുടെ സ്വാധീനശക്തിക്ക് വഴങ്ങി സര്‍ക്കാര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നു പറയുന്നത് കുപ്രചരണമാണ്. സമരത്തന്റെ മറവില്‍ സക്കാരിനെ താറടിക്കാന്‍ ശ്രമിക്കുന്നു.

രണ്ട്, സഭയെ അവഹേളിക്കാനും താറടിക്കാനും ശ്രമിക്കുന്നു. ആറെസ്സെസിന്റെ വര്‍ഗ്ഗീയ ഗൂഡാലോചനക്ക് ചൂട്ടു പിടിക്കുന്നു.

ഈ രണ്ട് ആരോപണങ്ങളില്‍ ആദ്യത്തേതില്‍ ഒട്ടും സത്യമില്ല. രണ്ടാമത്തേതില്‍ ഭാഗിക സത്യമുണ്ടെങ്കിലും സമരവുമായി ബന്ധപ്പെട്ട് അതിനു പ്രസക്തിയില്ല.

കേരളീയ സമൂഹത്തില്‍ അതിനെ മുന്നാട്ടു നയിക്കുന്ന ജൈവ ബുദ്ധിജീവികളുടെ ഒരു നേതൃനിരയുണ്ട്. അവര്‍ കാര്യങ്ങളെ ഒറ്റ തിരിച്ചല്ല കാണുന്നത്. ചരിത്രപരതയില്ല അതിന്റെ തുടര്‍ച്ചയിലുമാണ്. ആ നിലയില്‍ നോക്കുമ്പാള്‍ ഉന്നതരുള്‍പ്പെട്ട പ്രമാദമായ സ്ത്രീ പീഡനക്കേസുകളില്‍ LDF സര്‍ക്കാരിന്റെ ട്രാക്ക് റിക്കോര്‍ഡ് യു.ഡി.എഫ് സര്‍ക്കരിന് അടുത്തു വരുന്ന രീതിയില്‍ മേശമാണ്. സൂര്യനെല്ലി, ഐസ് ക്രീം പാര്‍ലര്‍ കേസുകളുടെ കാര്യത്തിലെ VIP സംരക്ഷണം അവര്‍ക്കറിയാം. ഈ സര്‍ക്കാരിന്റെ ദിലീപ് അറസ്റ്റിന്റെ ഉദാഹരണം സര്‍ക്കാരിന്റെ മികവായി കൊടിയേരി ചൂണ്ടിക്കാട്ടുന്നു. ഒരു ക്രൂരമായ കുറ്റകത്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാരിന്റെ കടമയാണ്, നാട്ടുകാരോടുള്ള ഔദ്യര്യമല്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി കേരളീയ സമൂഹത്തില്‍ രണ്ടു പതിറ്റാണ്ടായി ശക്തിപ്പെട്ടു വന്ന സ്ത്രീവിരുദ്ധ മനോഭാവം ചര്‍ച്ചയായി. അതിലൊരു മുഖ്യപങ്ക് വഹിച്ചത് സൂപ്പര്‍ താര സിനിമകളും അവയിലെ കടുത്ത സ്ത്രീ വിരുദ്ധ പ്രഖ്യാപനങ്ങളെ കൊണ്ടാടുന്ന ഒരു മനോഭാവം ഫാന്‍സ് കള്‍ച്ചറിലൂടെയും ഇത്തരം സ്ത്രീവിരുദ്ധ സിനിമകളുടെ ചാനലുകളിലെ നിരന്തര പ്രദര്‍ശനത്തിലൂടെയും അവയിലെ പഞ്ച് ഡയലോഗുകളെ കേന്ദ്രീകരിച്ചുള്ള വിവിധചാനല്‍ പരിപാടികളിലൂടെയുടെയുമാണ് മുഖ്യമായും കടന്നു വരുന്നതെന്നു പലരും ചൂണ്ടിക്കാട്ടി. അത്തരം വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. അതില്‍ സര്‍ക്കാര്‍ നിലപാട് ആര്‍ക്കൊപ്പമായിരുന്നു? മമ്മൂട്ടിയുടെ കസബ ഡയലോഗിന്റെ പേരില്‍ പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തിയ കടുത്ത അസഭ്യവര്‍ഷത്തിനെതിരെ എത്ര പേര്‍ക്കെതിരെ കേസെടുത്തു? പിന്നീട് A.M. M.Aയുടെ തലപ്പത്ത് മോഹന്‍ലാല്‍ വരികയും ദിലീപിനും ഇരക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നു പറയുകയം ചെയ്തത് കടുത്ത വിമര്‍ശനത്തിനിടയാക്കി. ദിലീപിനെ പുറത്താക്കിയിട്ടില്ല, സമൂഹത്തെ കബളിപ്പിക്കാന്‍ മമ്മൂട്ടി ഒരു കള്ള പ്രഖ്യാപനം നടത്തിയിട്ടേയുള്ളു എന്ന വിശദീകരണം വന്നതോടെ പ്രാഥമിക ജനാധിപത്യ ബോധമുള്ളവര്‍ മുഴുവന്‍ പ്രതിഷേധിച്ചു. അപ്പോള്‍ നേതൃത്വം പ്രസ്താവനയിറക്കിയത് A.M .M.A യെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുവെരെ ജാഗ്രത വേണമെന്നുമാണ്! പിന്നീട് ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ മുഖ്യാതിഥി വേണ്ടെന്ന് സച്ചിദാനന്ദനും എം.എന്‍. കാരശ്ശേരിയും വി.കെ ജോസഫുമടക്കം നൂറോളം ബുദ്ധിജീവികള്‍ ആവശ്യപ്പെട്ടു. അത് സര്‍ക്കാര്‍ കേട്ടില്ലെന്നു മാത്രമല്ല, അതിന്റെ പേരില്‍ ഡോ: ബിജുവിനും സജിത മഠത്തിലിനുമെതിരെ നടന്ന സൈബര്‍ അസഭ്യ വര്‍ഷത്തില്‍ ഒരാള്‍ക്കെതിരെയും നടപടിയെടുത്തില്ല. ഉടനടി തന്നെ മീശ നോവലിനെതിരെ സംഘപരിവാറും ജാതിക്കോമരങ്ങളും നടത്തിയ അസഭ്യവര്‍ഷത്തിലും ഒരു നടപടിയുണ്ടായില്ല. എന്നാല്‍ അതേ സമയത്ത് ഹാനാനെതിരെ നടന്ന അസഭ്യവര്‍ഷത്തില്‍ പലര്‍ക്കെതിരെയും കേസെടുത്തു.

പ്രമുഖരും പ്രമുഖ സംഘടനകളൂം രംഗത്തു വരുമ്പോഴുള്ള ഈ ഒട്ടകപ്പക്ഷി നയം കാണുന്നവരാണ് കേരളീയര്‍.  ബലാത്സംഗക്കേസില്‍ സ്വാധീനമുള്ളവര്‍ തെളിവു നശിപ്പിക്കുമെന്നതിനാല്‍ പരാതിക്കാരിയുടെ സ്റ്റേറ്റ്‌മെന്റ് മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കുറ്റവാളിയെ പിടികൂടി ലൈംഗിക പരിശോധനക്കു വിധേയനാക്കി, ലൈംഗിക ശേഷിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ഭയ സംഭവത്തിനു ശേഷമുള്ള പുതിയ നിയമം. അതു നഗ്‌നമായി ലംഘിക്കപ്പെട്ടു. രണ്ടു മാസത്തിനകം ബലാല്‍സംഗക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിയമവും അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെ വിമര്‍ശന മുന്നയിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധമാണെങ്കില്‍ അതിലെ മുമ്പന്‍ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയുമായ വി.എസ് അച്ചുതാനന്ദനല്ലേ?

രണ്ടാമത്തെ ആരോപണം വളരെ നിലവാരമില്ലാത്തതും മറുപടി പോലുമര്‍ഹിക്കാത്തതുമാണെന്ന് പറയുന്നതില്‍ ക്ഷമിക്കണം. ബലാത്സംഗക്കാരന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അഞ്ചു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. അതില്‍ കന്യാസ്ത്രീകള്‍ അതിരുവിടുന്നുവെന്ന് KCBC പ്രസ്താവനയിറക്കി. അതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ ബി.ജെ.പിയു ആറെസ്സെസും ഒരക്ഷരം മിണ്ടിയില്ല. ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ക്രിസ്ത്യന്‍- മുസ്ലീം മത നേതൃത്വങ്ങളെ വര്‍ഗ്ഗീയമായി അവഹേളിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. പക്ഷേ ഇതില്‍ ഒന്നാമതു നില്‍ക്കുന്ന ശശികല ടീച്ചറെ ഒരു കേസിലെങ്കിലും അറസ്റ്റു ചെയ്തിട്ടില്ല. എന്നിട്ട് സഭാനേതൃത്വത്തെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ ആറെസ്സെസ് മുദ്രയടിക്കുന്നത് ശരിയോ?

cpm സോളാര്‍ക്കേസില്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റുപരോധം നടത്തി. അവരില്‍ ഏതെങ്കിലുമൊരു വ്യക്തി പ്രകൃതിയുടെ വിളിയെ തടുത്തു നിര്‍ത്താന്‍ പറ്റാതെ വഴിയോരത്ത് കാര്യം സാധിച്ചിട്ടുമുണ്ടാകാം. എന്നാല്‍ നഗരം തൂറി നിറക്കല്‍ സമരം എന്ന അന്നുയര്‍ന്ന ആക്ഷേപം ശരിയാകുമോ? കന്യാസ്ത്രീ സമരത്തെ ചിലര്‍ ദുരുപയോഗിക്കുന്ന എന്ന അടച്ചാക്ഷേപത്തിനിത്രയേ വിലയുള്ളു. ഒരു അതിപ്രബലനായ ബലാത്സംഗിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യാന്‍ പാടില്ല മാര്‍പ്പാപ്പാക്ക് നിവേദനം നല്കാനെ പാടുള്ളു എന്നു പറഞ്ഞ സെബാസ്റ്റ്യന്‍ പോളിന്റെ നിലവാരത്തിലേക്ക് സഖാവ് കൊടിയേരി അധ:പതിക്കുന്നത് ദു:ഖകരമാണ്.
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
വരുന്ന 8, 9 തിയതികളിലെ ദേശീയ പണിമുടക്കില്‍ നിര്‍ബന്ധിച്ച് കടകളടപ്പിക...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow