ജുഡീഷ്യല്‍ ആക്ടീവിസം എന്ന പ്രയോഗം ഏറെ കേട്ടത് 1990-കളില്‍ ആഗോളവല്‍ക്കരണ നടപടികള്‍ ശക്തമായ ഘട്ടത്തിലാണ്. രാജ്യത്തിലെ രാഷ്ട്രീയവും ഉദ്യോഗസ്ഥവൃന്ദവും പത്രങ്ങളും എല്ലാം ജീര്‍ണ്ണിച്ചതിനാല്‍ വ്യവസ്ഥയെ നന്നാക്കാന്‍ ഇനി കോടതികള്‍ക്കേ പറ്റൂ എന്നായിരുന്നു അന്നത്തെ പ്രചരണം. സത്യത്തില്‍ അത്, ആഗോളതലത്തില്‍ ഘടനാക്രമീകരണ പദ്ധതികള്‍ക്ക് അന്ന് കാര്‍മികത്വം വഹിച്ചിരുന്ന ഏജന്‍സികളുടെ നിയമവ്യവസ്ഥാ പരിഷ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ട്.

ഈ ജൂഡീഷ്യല്‍ ആക്ടീവിസം ഇന്ന് കൂടുതല്‍ ജീര്‍ണ്ണിച്ച തലത്തിലെത്തിയോ എന്ന് പലരും സംശയിക്കുന്നു. തങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ക്കും അധികാരത്തിനും അപ്പുറത്ത് ഭരണഘടനാപരത എന്ന വിവക്ഷയെ അപ്രസക്തമാക്കികൊണ്ട് യുക്തിരഹിതമായതും ബാലിശവുമായ വിധികളാണ് ഇന്ന് കോടതികള്‍ പ്രസ്താവിക്കുന്നതെന്നും ഇവ സമൂഹത്തില്‍ പിടിമുറുക്കുന്ന മതരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രാഷ്ടീയ അജണ്ടകള്‍ക്ക് അനുകൂലമായിട്ടാണ് എന്നതുമാണ് പ്രധാന ആരോപണം.

മദ്രാസ് ഹൈക്കോടതില്‍ പതിനായിരക്കണക്കിനു കേസുകള്‍ കെട്ടിക്കിടക്കുകയാണ്. ഇതിനിടയിലാണ് വന്ദേമാതരം എന്ന ദേശഭക്തിഗാനം എഴുതപ്പെട്ടത് ബംഗാളിയിലാണോ സംസ്‌കൃതത്തിലാണോ എന്ന നിയമപ്രശ്‌നം കോടതിക്ക് മുമ്പാകെ വരുന്നത്. വന്ദേമാതരം പാടുന്നതുമായി ഒരുതരത്തിലും ബന്ധപ്പെട്ട കേസ്സല്ലെങ്കിലും അത് പാടുന്നത് തമിഴ്‌നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫാക്ടറികളിലും വ്യവസായങ്ങളിലും നിര്‍ബന്ധമാക്കികൊണ്ട് ഈ കേസില്‍ വിധി പ്രസ്താവിക്കുന്നതിന് സമയം കണ്ടെത്തുകയാണ് കോടതി ചെയ്തിരിക്കുന്നത്.

2013-ല്‍ നടന്ന ടെറ്റ് (ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ്) പരീക്ഷയില്‍ വന്ദേമാതരം എന്ന ഗാനം രചിക്കപ്പെട്ടത് ബംഗാളിയിലാണ് എന്ന ഉത്തരത്തിനു ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഒരു മാര്‍ക്ക് നല്കാത്തതിനാല്‍ തനിക്ക് അധ്യാപകനാവാന്‍ കഴിഞ്ഞില്ല എന്നു പരാതിപ്പെട്ട് കെ വീരമണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്.

പരാതിക്കാരന്‍ നല്കിയ ഉത്തരത്തിനു ഒരു മാര്‍ക്ക് നല്കാന്‍ ഉത്തരവിട്ട ജസ്റ്റീസ് എം വി മുരളീധരന്‍ വിധിന്യായത്തില്‍ ഇങ്ങനെയും കുറിച്ചു:

"ദേശീയഗീതം വന്ദേമാതരം എല്ലാ സ്‌കൂളുകള്‍/ കോളേജുകള്‍/ യൂണിവേഴ്‌സിറ്റികള്‍, മറ്റു വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിടങ്ങളില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും (പറ്റുമെങ്കില്‍ തിങ്കളാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ച) കേള്‍പ്പിക്കുകയും പാടുകയും വേണം. ദേശീയഗീതം വന്ദേമാതരം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍/സ്വകാര്യ കമ്പനികള്‍/ ഫാക്ടറികള്‍, വ്യവസായങ്ങള്‍ എന്നിവിടങ്ങളില്‍ മാസത്തില്‍ ഒരു തവണയെങ്കിലും കേള്‍പ്പിക്കുകയും പാടുകയും വേണം. വന്ദേമാതരം തമിഴിലും ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തിയത് അപ്ലോഡ് ചെയ്യണമെന്നും വിതരണം ചെയ്യണമെന്നും ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍ഫോര്‍മേഷനോട് നിര്‍ദ്ദേശിക്കുന്നു. അങ്ങനെ സോഷ്യല്‍ മീഡിയയിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലും അത് ലഭ്യമാക്കണം.

ഈ ഉത്തരവിന്റെ ഒരു കോപ്പി തമിഴ്നാട് സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിക്കായി മാര്‍ക്ക് ചെയ്യപ്പെടട്ടെ. ബന്ധപ്പെട്ട അധികാരികള്‍ക്ക് അദ്ദേഹം യോജിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കണം. ദേശീയഗീതം പാടുന്നതിനും കേള്‍പ്പിക്കുന്നതിനും ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്‌ക്കോ പ്രയാസമുണ്ടെങ്കില്‍, അതിനു സാധുവായ കാരണമുണ്ടെങ്കില്‍, അതു പാടുവാന്‍ അവനെയോ അവളെയോ നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ ബലപ്രയോഗത്തിനു വിധേയമാക്കുകയോ ചെയ്യരുത്. ഈ രാജ്യത്തിന്റെ യുവജങ്ങള്‍ നാളെയുടെ ഭാവിയാണ്. ഈ മഹത്തായ രാഷ്ട്രത്തിന്റെ പൗരസഞ്ചയം ഈ വിധിയെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുമെന്നും വാക്കിലും അര്‍ത്ഥത്തിലും അത് നടപ്പാക്കുമെന്നും ഈ കോടതി പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.'

ഈ വിധിയെ നേരിട്ടല്ലാതെ, ബന്ധപ്പെട്ട വസ്തുനിഷ്ഠമായ കാര്യങ്ങളുടെ വെളിച്ചത്തിലും പശ്ചാത്തലത്തിലും പരിശോധിക്കാന്‍ ഏവര്‍ക്കും അവകാശമുണ്ടാകേണ്ടതാണല്ലോ.

ചില ഗാനങ്ങള്‍ പാടുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യവും പരാക്രമണങ്ങളും ഈ രാജ്യം കണ്ടിട്ടുള്ളത് ഉത്തരേന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തില്‍പെട്ട നേതാക്കളില്‍ നിന്നും അവയുടെ ഭ്രാന്തുപിടിച്ച അനുയായി വൃന്ദത്തില്‍ നിന്നുമാണ്. ഇതിനു സമാനമാണ് ജുഡീഷ്യറിയുടെ ചില വിധികളെന്ന് ചിലര്‍ക്ക് തോന്നിയേക്കാം. 2014 ലെ ഡല്‍ഹിയിലെ അധികാരമാറ്റവുമായി ഇതിനു ബന്ധമുണ്ടോ എന്നും അക്കൂട്ടരില്‍ ചിലര്‍ സംശയിക്കുന്നു.

വന്ദേമാതരം പാടുന്നത് നിര്‍ബന്ധമാക്കിയതിന് ആധാരമായ ഭരണഘടനയിലെ നിയമങ്ങളേതെന്ന അന്വേഷണവും ചില നിയമവിദഗ്ദ്ധര്‍ തുടങ്ങിയിട്ടുണ്ട്.

'സാധു'വായ കാരണങ്ങള്‍ ബോധിപ്പിച്ചാല്‍ ദേശീയഗീതം പാടുന്നതില്‍ നിന്ന് വിട്ടുനില്ക്കാം എന്നാണ് വിധി പ്രസ്താവിക്കുന്നത്. ഈ 'സാധുത്വം' എങ്ങനെയാണ് നിശ്ചയിക്കപ്പെടുക എന്ന് അവ്യക്തമാണ്.

രാജ്യഭരണകാലങ്ങളില്‍, രാജാവിനെയോ രാജ്ഞിയെയോ പ്രകീര്‍ത്തിക്കുന്ന ഗീതങ്ങള്‍ പാടുന്നത് നിര്‍ബന്ധമായിരുന്നു. തിരുവിതാംകൂറിലും ബ്രിട്ടീഷ് ഇന്ത്യയിലും ഈ പതിവുണ്ടായിരുന്നു. ഇന്ന് നിലവിലുള്ളത് റിപ്ലബ്ലിക്കന്‍ ഭരണമാണ്. ജനങ്ങള്‍ പ്രജകള്‍ എന്ന നിലയില്‍ നിന്നും പൗരന്മാരായി മാറി. പൗരസമൂഹത്തില്‍ അത്തരം നിബന്ധനകള്‍ പതിവില്ല. മറ്റൊരാള്‍ക്ക് ഉപദ്രവമൊന്നും ഉണ്ടാക്കുന്നില്ലെങ്കില്‍ ഒരാള്‍ മനസാ വാചാ കര്‍മ്മണ എങ്ങനെ ആയിരിക്കണമെന്ന് ഒരു പൗരനുമേല്‍ റിപ്പബ്ലിക്കിനു നിബന്ധന വെക്കാനാവില്ല.

ഒരാള്‍ക്ക് 'ഭാരതമാതാവി'നോട് സ്‌നേഹം ഉണ്ടോ എന്നതൊന്നും റിപ്പബ്ലിക്കിന്റെ വിഷയമാകേണ്ടതില്ല. നിര്‍ബന്ധിതാവസ്ഥയില്‍ കാണിക്കുന്ന സ്‌നേഹം എന്തു തരത്തിലുള്ള സ്‌നേഹമാണ്? ആര്‍ക്കാണ് ഇതിനു ഉത്തരം നല്കാനാവുക?

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്നു വിശേഷിപ്പിക്കാവുന്ന വി ഡി സവര്‍ക്കര്‍ 'ഭാരതമാതാവ്', 'മാതൃഭൂമി' എന്നീ പ്രയോഗങ്ങള്‍ നടത്തിയിരുന്നില്ല. യൂറോപ്യന്‍ മാതൃകയില്‍ അദ്ദേഹം 'പിതൃഭൂമി' എന്നാണ് പ്രയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ പുരുഷാധിപത്യമനോഭാവങ്ങളും ഇതിനു ബലം നല്കിയിരുന്നിരിക്കണം.

മറ്റൊരു ഹിന്ദുത്വരാഷ്ട്രീയ നേതാവായ അരബിന്ദ് ഘോഷ് ആനന്ദമഠം നോവല്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തയാളാണ്. അദ്ദേഹം അതിലടങ്ങിയ വന്ദേമാതരത്തെ വിശേഷിപ്പിച്ചത് 'ബംഗാളിന്റെ ദേശീയഗാനം' എന്നാണ്. അന്തരിച്ചുപോയ അദ്ദേഹത്തെ ഇതിന്റെ പേരില്‍ ഇന്ന് ശിക്ഷിക്കാനാവുമോ?

ബങ്കിംചന്ദ്ര ചത്യോപധ്യായ 'ആനന്ദമഠം' എന്ന നോവലില്‍ ഉള്‍ക്കൊള്ളിക്കാനായി 'വന്ദേമാതരം' അന്ന് എഴുതിയത് 'ഭാരത'മാതാവിനെ ഉദ്ദേശിച്ചായിരുന്നോ? അല്ല എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അത് വംഗ (ബംഗ) മാതാവിനെ ഉദ്ദേശിച്ചായിരുന്നുവത്രെ. ഇന്നത്തെ ബംഗ്ലാദേശ് എന്ന രാജ്യവും പശ്ചിമബംഗാള്‍ സംസ്ഥാനവും ഉള്‍പ്പെട്ട പ്രദേശമായിരുന്നു വംഗദേശം. വന്ദേമാതരം ഗീതത്തിന്റെ പൂര്‍ണ്ണരൂപത്തില്‍ മാതൃഭൂമിയുടെ ഏഴുകോടി മക്കള്‍ എന്ന പരാമര്‍ശമുണ്ട്. ഇത് അക്കാലത്തെ വംഗദേശത്തിന്റെ ജനസംഖ്യയാണ്. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയില്‍ 23 കോടിയായിരുന്നു ജനസംഖ്യ.

ഈ വംഗമാതാവിനെ 'ഭാരതമാതാവായി' പരിവര്‍ത്തിപ്പിക്കുന്നത് വഞ്ചനാപരമായി കാണാന്‍ ബംഗാളികള്‍ക്ക് അവകാശമുണ്ടാവില്ലേ? സത്യത്തില്‍ ആ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചതും അബനീന്ദ്രനാഥ് ടാഗോര്‍ എന്ന ബംഗാളി ചിത്രകാരനാണ്. പക്ഷേ, അദ്ദേഹം വരച്ച ഭാരതമാതാവ് പട്ടുസാരിയുടുത്ത വനിതയായിരുന്നില്ല. സന്യാസിനിയും കാഷായ വസ്ത്രധാരിയുമായിരുന്നു.

ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍, കോടതി തന്നെ 'ബംഗാളി' ഭാഷയെന്നു വിധിയെഴുതിയ ഗാനം ആലപിക്കലാണ് വഴിയെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളോട് ഉത്തരവിട്ടിരിക്കുകയാണ്. ഇങ്ങനെ പറയുന്നതില്‍ സത്യവിരുദ്ധതയൊന്നുമില്ലാത്തതിനാല്‍, കോടതിയെ ബഹുമാനിച്ചില്ല എന്ന പറയാവതും അല്ലല്ലോ. സ്വതവേ ഹിന്ദിവിരോധത്തിന് വേരോട്ടമുള്ള തമിഴ് ജനങ്ങളില്‍ മറുഭാഷകള്‍ അടിച്ചേല്പീക്കപ്പെടുമ്പോള്‍, ഏവരെയും ഉള്‍ക്കൊള്ളുന്ന 'ഇന്‍ക്ലൂസീവ്' ദേശീയതയുടെ അടിത്തറയല്ലേ തകര്‍ക്കപ്പെടുക? ഇങ്ങനെ അടിച്ചേല്പിക്കപ്പെടുന്ന പ്രവൃത്തി അത്യന്തികമായി ജനതയെ ശിഥിലീകരിക്കുന്ന "എക്സ്ക്ലൂസീവ്" ദേശീയതയുടെ മാതൃകയിലുള്ളതുമല്ലേ? ഏതാണ് ഇന്ത്യക്ക് ചേരുക?

അവസാനമായി ഈ ഗാനം 'കേള്‍പ്പിക്കുകയും പാടുകയും' ചെയ്യുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങളാണ്. സ്‌കൂളുകളില്‍ അസംബ്ലിയുണ്ടെന്ന് വെക്കാം. ടേപ്പ് റിക്കാര്‍ഡറില്‍ ഇട്ട് കേള്‍പ്പിക്കാം. എന്നാല്‍ ഓഫീസുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും സ്വകാര്യസ്ഥാപനങ്ങളിലും ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും എങ്ങനെ കേള്‍പ്പിക്കും? എങ്ങനെ പാടും? ഈ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും എന്തുകൊണ്ടാണ് തെരഞ്ഞെടുത്തത്? മാസത്തില്‍ ഒരു തവണയെങ്കിലും ഇത് പാടിയെന്ന എങ്ങനെ ഉറപ്പുവരുത്താനാകും. ഇനി ഈ സ്ഥലങ്ങളല്ലാത്ത ഇടങ്ങളില്‍, ഉദാഹരണത്തിനു ചന്തകള്‍, ദേശസ്‌നേഹം ബാധകമല്ല എന്നുണ്ടോ? തമിഴ്‌നാട് ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച് ഇറക്കുന്ന ഗസറ്റ് വിജ്ഞാപനത്തിനായി നമുക്ക് കാത്തിരിക്കാം.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow