ഒപ്പീനിയന്‍

ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു. വിവിധ മഠാഠാഗ്രൂപ്പുകളുടെ ഐക്യവേദിയായ സകാല്‍ മറാഠ സമാജിന്റെ ആഭിമുഖ്യത്തില്‍ നടന്ന 58 മത്  'മറാഠി ക്രാന്തി മോര്‍ച്ച'യായിരുന്നു ഇത്. കൃത്യം ഒരു വര്‍ഷം മുമ്പ്, 2016 ആഗസ്ത് 9 നു ഔറംഗാബാദിലാണ് ഇത്തരത്തിലുള്ള ആദ്യറാലി നടന്നത്. 2016 ജൂലായില്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ കൊപ്പാര്‍ഡി ഗ്രാമത്തില്‍ ഒരു പതിനാലുകാരി മറാഠി പെണ്‍കുട്ടി ബലാത്സംഗത്തിലൂടെ ക്രൂരമായി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ മറാഠറാലികള്‍ നടന്നു വരുന്നത്.

റാലിയില്‍ പങ്കെടുത്തവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ വാര്‍ത്തകളില്‍ കൃത്യത കാണുന്നില്ല. ചില വാര്‍ത്തകള്‍ മൂന്നുലക്ഷം പേര്‍ എന്നു പറയുമ്പോള്‍ മറ്റു ചിലവ 10 ലക്ഷത്തില്‍ പരം എന്നു പറയുന്നു. ഏതായാലും കനത്ത ബന്തവസ്തില്‍ നടന്ന ലക്ഷങ്ങള്‍ പങ്കെടുത്ത റാലി സമാധാനപരമായിരുന്നു.

രാവിലെ 11 മണിക്ക് ജീജമാത ഉദ്യാനില്‍നിന്ന് തുടങ്ങിയ റാലി സമ്മേളനസ്ഥലമായ ആസാദ് മൈതാനില്‍ വൈകീട്ട് മൂന്നുമണിക്ക് എത്തിച്ചേര്‍ന്നു. ആസാദ് മൈതാനില്‍ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചവരെല്ലാം ചെറുപ്പക്കാരികളായിരുന്നു എന്ന സവിശേഷതയുമുണ്ട്.

കൊപ്പാര്‍ഡി ഗ്രാമത്തില്‍ മറാഠി പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി വധിക്കപ്പെട്ടതില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന ദളിതരെ പിടികൂടാത്തതിലുള്ള പ്രതിഷേധമാണ് ഇവര്‍ പ്രസംഗത്തിലുയര്‍ത്തിയത്. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനു എസ്‌സി/ഒബിസി/എസ്‌ടി വിഭാഗങ്ങള്‍ക്ക് സംവരണമുള്ളതിനാല്‍ തങ്ങള്‍ക്ക് മെറിറ്റ് ഉണ്ടെങ്കിലും പ്രവേശനം ലഭിക്കുന്നില്ല എന്ന പരാതിയും ഈ വനിതാപ്രസംഗകര്‍ ഉയര്‍ത്തി.

വൈകീട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി സമരക്കാരുടെ നാല്പതംഗ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മറാഠികള്‍ക്ക് ഒബിസിക്കാര്‍ക്ക് ലഭ്യമായ സംവരണം നല്കാമെന്ന് മുഖ്യമന്ത്രി പ്രതിനിധിസംഘത്തിനു ഉറപ്പുകൊടുത്തു. ഇതിനെ കുറിച്ച് പഠിക്കുന്നതിനു ക്യാബിനറ്റ് ഉപസമിതിയെ നിയോഗിക്കും. പത്തുലക്ഷം രൂപയിലധികം വായ്പയുള്ള കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം ഉറപ്പുനല്കി. മറാഠി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ജില്ലകളിലും ഹോസ്റ്റല്‍ പണിയുമെന്നതാണ് മുഖ്യമന്ത്രി നല്കിയ മറ്റൊരു പ്രമുഖ വാഗ്ദാനം. മൊത്തം 500 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ മറാഠികള്‍ക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടത്രെ.

റാലി സമാധാനപരമായിരുന്നെങ്കിലും മുംബൈ ബിജെപി നേതാവ് അശീഷ് ഷെലാര്‍ സമ്മേളനസ്ഥലമായ ആസാദ് മൈതാനിലെത്തിയത് എതിര്‍പ്പിനിടയാക്കി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രാഷ്ട്രീയക്കാര്‍ സമരത്തില്‍ ഇടപെടുന്നതിനെ എതിര്‍ത്ത സംഘാടകര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. 

ആരാണ് മറാഠികള്‍?

മഹാരാഷ്ട്രയിലെ ജനസംഖ്യയില്‍ 33 ശതമാനം വരുന്ന പ്രബല വിഭാഗമാണ് മഠാഠികള്‍.  കൃഷി, മീന്‍പിടിത്തം, കച്ചവടം തുടങ്ങിയ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത ജാതികളെയാണ് പൊതുവില്‍ മറാഠ എന്നു വിശേഷിപ്പിക്കുന്നത്. ഇവര്‍ ക്ഷത്രിയരോ അതോ ശുദ്രരോ എന്നത് തര്‍ക്കവിഷയമാണ്. രാജഭരണകാലത്ത് ഈ വിഭാഗങ്ങള്‍ പടയാളികളായിരുന്നതിനാലും മഹാരാഷ്ട്രയിലും പുറത്തും ഈ വിഭാഗത്തില്‍ പെട്ടവര്‍ രാജകുടുംബങ്ങളായിരിക്കുന്നതിനാലുമാണ് ക്ഷത്രിയപദവിയ്ക്ക് അവകാശവാദമുയരുന്നത്. ശിവാജി മഠാഠ രാജാവായിരുന്നു.

മഹാരാഷ്ട്രയില്‍ ജ്യോതിഭാ ഫുലെയുടെ നേതൃത്വത്തില്‍ ബ്രാഹ്മണവിരുദ്ധമുന്നേറ്റം നടന്നതില്‍ മുഖ്യചാലകശക്തി മറാഠികളായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് മറാഠവിഭാഗങ്ങള്‍ ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിന്റെ ശക്തമായ അടിത്തറയായിരുന്നു. അക്കാലത്ത് നേതാക്കളുടെ ബ്രാഹ്മണ - അബ്രാഹ്മണ ഐക്യശ്രമത്തില്‍ മറാഠികളായിരുന്നു സഖ്യശക്തി. പില്‍ക്കാലത്ത് പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ശക്തിപ്രാപിച്ച കരിമ്പ് കൃഷിയിലും പഞ്ചസാരവ്യവസായത്തിലും സഹകരണപ്രസ്ഥാനത്തിലും കോണ്‍ഗ്രസ്സും മറാഠികളും തമ്മിലുള്ള ബന്ധം ശക്തമായി തുടര്‍ന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം കാലം ഈ സാമ്പത്തികമേഖല വൈവിധ്യവല്‍ക്കരണത്തിലേക്കും ഉന്നത വിദ്യാഭ്യാസരംഗത്തും സര്‍വ്വീസ് രംഗത്തും ചുവടുറപ്പിക്കുന്നതിലേക്കും നീങ്ങി.

ഈ സാമ്പത്തികാടിത്തറ തകരുന്നതിന്റെയോ അപ്രധാനമാകുന്നതിന്റെയോ ഭാഗമായിട്ടാണ് കോണ്‍ഗ്രസ്സിനു ദീര്‍ഘകാലമായി മഹാരാഷ്ട്രയിലുണ്ടായിരുന്ന ആധിപത്യം തകരുകയും ബിജെപി-ശിവസേന ഹിന്ദുത്വസഖ്യം മുന്നോട്ടുവരികയും ചെയ്തത്.

കൊപാര്‍ഡി ഗ്രാമത്തിലെ ബലാത്സംഗക്കൊല ഒരു നിമിത്തം മാത്രമാണ്. അതിന്റെ പേരില്‍ ആരംഭിച്ച മഠാഠി ക്രാന്തി മോര്‍ച്ചകളില്‍ 58മത്തേതും ഏറ്റവും വലുതുമാണ് ആഗസ്ത് 9 നു മുംബൈയില്‍ നടന്നത്. മഹാരാഷ്ട്രയിലെ വിവിധ പട്ടണങ്ങളില്‍ ഒരു വര്‍ഷത്തിനകം 57 റാലികള്‍ നടന്നുകഴിഞ്ഞു. എന്തുകൊണ്ടാണ് ജാതീയമായ ഒരു സാമൂഹ്യചലനം സംഭവിക്കുന്നത് എന്ന ചോദ്യം സാമൂഹ്യ, രാഷ്ട്രീയനിരീക്ഷകര്‍ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്.

 

സമാനമായ ജാതിമുന്നേറ്റങ്ങള്‍

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ ജാതിമുന്നേറ്റങ്ങള്‍ നടക്കുകകയോ നടന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്. ഗുജറാത്തിലെ പട്ടീദാര്‍, രാജസ്ഥാനിലെ ഗുജ്ജാര്‍, ഹരിയാനയിലെ ജാട്ട്, കര്‍ണ്ണാടകയിലെ ലിംഗായത്ത് തുടങ്ങിയ ജാതികള്‍ സമീപകാലങ്ങളില്‍ ലക്ഷക്കണക്കിനു പേരെ പങ്കെടുപ്പിച്ചുകൊണ്ട് തെരുവില്‍ പ്രക്ഷോഭങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചവയാണ്.      

ഗുജറാത്തിൽ 2015 ജൂലായ് മുതല്‍ പട്ടീദാര്‍ സമുദായം ഒബിസി പദവി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരപാതയിലാണ്. 2015 ആഗസ്ത് 25നു അഹമ്മദാബാദില്‍ നടന്ന റാലിയെത്തുടര്‍ന്ന് മൂന്നു ദിവസത്തോളം സംസ്‌ഥാനത്തെങ്ങും കലാപങ്ങള്‍ അരങ്ങേറി. സെപ്‌തംബർ  19നു വീണ്ടും  സമരങ്ങള്  ആരംഭിച്ചതിനെത്തുടര്‍ന്ന്  പൊതുവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സർക്കാർ സ്‌കോളർഷിപ്പുകളും സബ്‌സിഡികളും വാഗ്ദാനം ചെയ്തു. പിന്നീട് 2016 ഏപ്രിലില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി അത് റദ്ദാക്കി.

രാജസ്ഥാനിലെ ഗുജ്ജര്‍ സാമുദായവും  2015 മെയില്‍ പതിനായിരങ്ങളെ അണിനിരത്തി റോഡുകളും റെയില്‍വെയും തടസ്സപ്പെടുത്തിയിരുന്നു. നിലവിലെ ഒബിസി പദവിക്ക് പകരം പട്ടികജാതിപദവി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഈ സമരം. ഗുജ്ജര്‍ സമുദായത്തിന്റെ സമരചരിത്രം  ആരംഭിക്കുന്നത് 2008ലാണ് . 23 മെയ് 2008ന്  15 പേര്‍ പോലീസ് വെടിവെപ്പിൽ മരിച്ചു. 24ന്  കലാപം അടിച്ചമര്‍ത്താന്‍ പട്ടാളത്തെ ഇറാക്കിയതിനാല്‍  15പേർ  കൂടി വെടിവെപ്പില്‍ മരിച്ചു. 2010ലും സമരത്തിന്റെ തുടർച്ചയുണ്ടായി.

ഉത്തരേന്ത്യയിലെ പ്രബല ജാതിയായ ജാട്ടുകള്‍ ഒബിസി പദവി ആവശ്യപ്പെട്ട് സമരമാരംഭിക്കുന്നത് 2016 ഫെബ്രുവരിയിലാണ്. സമരം കേന്ദ്രീകരിച്ച ഹരിയാനയില്‍ 10 ദിവസം ജനജീവിതം സ്തംഭിച്ചു. സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടു. ഉത്തരപ്രദേശ് , രാജസ്ഥാൻ, ദല്‍ഹി എന്നിവിടങ്ങളിലേക്കും  സമരം വ്യാപിച്ചു.

കര്ണാടകത്തില്‍ ബിജെപി സ്വാധീനമുറപ്പിക്കുന്നത് ലിംഗായത്ത് ജാതിയെ പാട്ടിലാക്കുന്നതിലൂടെയാണ്. ബുദ്ധ, ജൈന, സിഖ്  മതങ്ങൾക്കുള്ളതുപോലെ ന്യുനപക്ഷമതം എന്ന പരിഗണന വേണം എന്നാവശ്യപ്പെട്ടാണ് ഇപ്പോൾ  ലിംഗായത്ത് സമുദായം പ്രക്ഷോഭം നടത്തുന്നത്. എന്നാലിതിലെ വീരശൈവ വിഭാഗം  പ്രത്യേക മതമെന്ന ആവശ്യത്തിനെതിരാണ്. 

സമാനതകൾ

സമീപകാലത്തെ ഈ ജാതിപ്രക്ഷോഭങ്ങള്‍ക്ക് ചില സമാനതകളുണ്ട്. സംഘപരിവാറിനു ഇന്ന് സ്വാധീനമുള്ള മേഖലകളിലാണ് ഈ ജാതിമുന്നേറ്റങ്ങളുണ്ടാവുന്നത്. ബിജെപി ജനകീയാടിത്തറ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്ന ജാതികളാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നത്. ഈ ജാതികള്‍ അംഗബലം കൊണ്ടും സാമ്പത്തികസ്ഥിതി വെച്ചും സമൂഹത്തിലെ പ്രബലവിഭാഗങ്ങളാണ്. മഹാരാഷ്ട്രയില്‍ മാറാഠികള്‍ 33 ശതമാനമെങ്കില്‍ കര്‍ണ്ണാടകയില്‍ ലിംഗായത്തുകള്‍ 17 ശതമാനമുണ്ട്. ഹരിയാനയില്‍ ജാട്ടുകള്‍ 22 ശതമാണ്. പട്ടികജാതി സംവരണം ആവശ്യപ്പെടുന്ന രാജസ്ഥാനിലെ  ഗുജ്ജാര്‍ വിഭാഗം അത്രയൊന്നും പിന്നാക്കാവസ്ഥയിലല്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ തരത്തിലുള്ള ജാതിമുന്നേറ്റങ്ങളെങ്കിലും ഫലത്തില്‍ ദളിത്, ഒബിസി വിഭാഗങ്ങള്‍ക്ക് നല്കുന്ന സംവരണമെന്ന ഏര്‍പ്പാടിനെത്തന്നെയാണ് അവ എതിര്‍ക്കുന്നത്. സംവരണവിരുദ്ധതയും ദളിത് വിരുദ്ധതയുമാണ് ഈ സമരങ്ങളുടെ മുഖമുദ്ര.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണമാണ് ഇത്തരം സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനു പ്രധാനമായും ആശ്രയിക്കുന്നത്. ഒരു ജനകീയപ്രസ്ഥാനം നടത്തുന്നതിനു ജീവിതം സമര്‍പ്പിച്ചവരുടെ, രാഷ്ട്രീയമായും സാമൂഹ്യമായുമുള്ള നിലപാടുകള്‍ രൂപപ്പെടുത്തിയവരുടെ നേതൃത്വത്തിലല്ല ഇത്തരം സമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. താല്ക്കാലികമായി രൂപപ്പെടുന്ന സമിതികളുടെ താല്ക്കാലിക നേതൃത്വങ്ങളാണ് ഈ സമരങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ അരാഷ്ട്രീയതയാണ് ഇവയുടെ മുഖമുദ്ര. മുദ്രാവാക്യങ്ങളും ആവശ്യങ്ങളും പറയുന്നതിലും വിശദീകരിക്കുന്നതിലും ഈ സമരങ്ങളും നേതൃത്വങ്ങളും വിമുഖമാണ്. മഹാരാഷ്ട്രയില്‍ നടന്ന 58 മാറാഠ റാലികളും മൗനജാഥകളായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജാതി പ്രക്ഷോഭങ്ങളുയരുന്നതിനു പിന്നില്‍

ആഗോളവല്‍ക്കരണത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുകയും അടുത്ത തലമുറ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലാണ് പുതിയ തരത്തിലുള്ള ജാതിമുന്നേറ്റങ്ങളുണ്ടാവുന്നത്. പുതിയ മൂലധനശക്തികള്‍ സമൂഹത്തില്‍ പിടിമുറുക്കുമ്പോള്‍ നിലവില്‍ പ്രബലവും സുരക്ഷിതരുമായിരുന്ന ജാതിവിഭാഗങ്ങളും സാമ്പത്തികശക്തികളും ദുര്‍ബലമാകുന്നതിന്റെ അടയാളമാണ് ഈ പ്രക്ഷോഭങ്ങളെന്ന നിരീക്ഷണമാണ് ചിലരുന്നയിക്കുന്നത്. പുതിയ തലമുറ ആഗോളവല്‍ക്കരണനടപടികളിലൂടെ കാര്‍ഷികമേഖല തകരുകയും ആ മേഖലയില്‍ നിന്ന് വലിയൊരു ശതമാനം ജനങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സമ്പദ് ഘടനയുടെ പ്രധാന സവിശേഷതയായി പറയപ്പെടുന്ന ചെറുകിട കൃഷിയും വ്യവസായവും വാണിജ്യവും ഉള്‍ക്കൊള്ളുന്ന അസംഘടിത, അനൗപചാരിക മേഖല ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും ലാഭകരമല്ലാതാവുന്നു. വന്‍കിട കോര്‍പ്പറേറ്റ് മേഖലയിലെ മൂലധനനിക്ഷേപങ്ങള്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നില്ല. തൊഴില്‍ സുരക്ഷയെന്ന സങ്കല്പം തന്നെ ഇല്ലാതാക്കികൊണ്ടാണ് അതിന്റെ കടന്നുവരവ്. സുരക്ഷിതമായ ജീവിതത്തിനും തൊഴിലിനും ഏക ആശ്രയം സര്‍ക്കാര്‍ ജോലികളാണെന്ന സ്ഥിതിവിശേഷം ഇന്ന് ഉണ്ടായിട്ടുണ്ട്.

അഭൂതപൂര്‍വ്വമായ പ്രതിസന്ധിയാണ് ഇന്ത്യന്‍ കാര്‍ഷികമേഖല ഇന്ന് നേരിടുന്നതെങ്കിലും ദിനംപ്രതിയെന്നോണം നൂറുക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെങ്കിലും കര്‍ഷകരുടെ സംഘടിതമായ പ്രക്ഷോഭങ്ങള്‍ ഇക്കാലത്ത് ഉയര്‍ന്നു വന്നിട്ടില്ല. കാര്‍ഷികമേഖലയിലെ ഉദ്ഗതികള്‍ രാഷ്ട്രീയമണ്ഡലത്തില്‍ അനുരണനങ്ങളുണ്ടാക്കിയ ചരിത്രത്തിനു ഇന്ത്യയില്‍ ഏറെ ഉദാഹരണങ്ങളുണ്ട്. ഹരിതവിപ്ലവം സൃഷ്ടിച്ച പുതിയ ധനാഢ്യതയാണ് പഞ്ചാബിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിനും ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒബിസി രാഷ്ട്രീയത്തിനും കാരണമായത് എന്നു വിലയിരുത്തുന്നവരുണ്ട്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ ശരത് ജോഷി നേതൃത്വം നല്കിയതുപോലുള്ള കര്‍ഷകപ്രസ്ഥാനങ്ങള്‍ ധനശേഷി വര്‍ദ്ധിപ്പിച്ചിരുന്ന കര്‍ഷകരുടെ ശബ്ദമാണുയര്‍ത്തിയത്. എന്നാല്‍ ഇന്ന് കാര്‍ഷികമേഖലയിലെ ജനാനുപാതം കുറയുകയും കാര്‍ഷികമേഖല തകരുകയും ചെയ്യുന്ന അധോഗതിയുടെ ഘട്ടത്തില്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിനു സംഘടിതരൂപം കൈവരുന്നില്ല. മറിച്ച് വ്യക്തിഗതമായ ആത്മഹത്യകളാണ് ഇന്ന് കര്‍ഷകക്ഷോഭത്തിന്റെ പ്രകാശനമാകുന്നത്.

വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികപ്രവര്‍ത്തനങ്ങള്‍, ജനാധിപത്യപ്രക്രിയകള്‍ തുടങ്ങിയ മേഖലകളില്‍ പരമ്പരാഗതമായി സുരക്ഷിതസ്ഥാനളൊരുക്കി കഴിഞ്ഞിരുന്ന മേല്‍ജാതിവിഭാഗങ്ങള്‍ക്ക്  ദളിത്, പിന്നോക്കജാതികള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ ജനവിഭാഗങ്ങളില്‍ പെട്ടവരുടെ പങ്കാളിത്തവും മുന്നേറ്റവും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതും മത്സരം കഠിനമാവുന്നതും പ്രസ്തുത ജാതികളുടെ പ്രക്ഷോഭത്തിനു കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുതിയ ജാതിമുന്നേറ്റങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ കാരണങ്ങളാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍ രാഷ്ട്രീയപരമായി ഇവ അത്രത്തോളം നിഷ്കളങ്കമോ സ്വയോല്‍ഭവപരമോ അല്ലെന്നാണ് ചില നിരീക്ഷരുടെ അഭിപ്രായം. സംഘപരിവാറിന്റെ രാഷ്ട്രീയത്തിനനുപൂരകമായും അവരുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് ശ്രമത്തിന്റെ ഭാഗമായിട്ടുമാണ് പുതിയ ജാതിപ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. മണ്ഡല്‍ കമ്മീഷന്‍ കാലം മുതല്‍ സംവരണവിരുദ്ധരാഷ്ട്രീയം മേല്‍ജാതിവിഭാഗങ്ങളില്‍ സ്വാധീനം നേടുന്നതിലേക്കും മതവര്‍ഗ്ഗീയത കത്തിയാളിക്കുന്നതിലേക്കും നയിച്ചതിന്റെ അനുഭവപാഠങ്ങള്‍, കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍, ദീര്‍ഘകാലം അധികാരത്തില്‍ തുടരാനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രയോഗിക്കപ്പെടുകയാണെന്നാണ് ആരോപണം. പുതിയ അധികാരക്കളിയുടെ (പവര്‍ ഗെയിം) കരുക്കളായി ജാതികളെ ഉപയോഗപ്പെടുത്താനുള്ള ഗൂഢനീക്കമാണിതിനു പിന്നില്‍.

അങ്ങനെയെങ്കില്‍ രാജ്യത്തെ ശിഥിലീകരിക്കാനുള്ള കൂടുതല്‍ അപകടകരമായ കളിയിലാണ് സംഘപരിവാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പറയേണ്ടി വരും. 'കരുത്തുള്ള കേന്ദ്രം, ദുര്‍ബലമായ സംസ്ഥാനങ്ങള്‍ ' എന്ന നയത്തിന്റെ ഭാഗമായി നിലവിലെ സംസ്ഥാനങ്ങളെ കൂടുതല്‍ കൂടുതലായി വിഭജിക്കാനും എങ്ങുമുള്ള പ്രാദേശികവാദങ്ങളെ പ്രോത്സാഹിപ്പിക്കാനും സംഘപരിവാര്‍ നടത്തുന്ന ശ്രമത്തിനു സമാനമാണിതും. വിവിധങ്ങളായ സ്വത്വബോധങ്ങളെ അപ്രസക്തമാക്കി സമത്വാധിഷ്ഠിതമായ പൗരബോധത്തിലേക്ക് ജനങ്ങളെ ഉദ്ഗ്രഥിക്കാനാണ് ദേശീയപ്രസ്ഥാനം ശ്രമിച്ചതെങ്കില്‍, സംഘപരിവാര്‍ അതിന്റെ എതിര്‍ദിശയില്‍ രാജ്യത്തെയും ജനങ്ങളെയും ശിഥിലീകരിക്കാനുള്ള വഴിയിലാണ്.

(Image courtesy: https://scroll.in )

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow