സുപ്രീം കോടതിയുടെ ഭരണഘടാബഞ്ച് സ്വകാര്യത മൗലികാവകാശമാണെന്നു വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിധി മോഡി സര്‍ക്കാരിന്റെ കുടില നീക്കങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് ഒരാഴ്ചക്കിടെ കിട്ടുന്ന രണ്ടാമത്തെ പ്രഹരമാണ്. സ്വകാര്യതക്കു വ്യക്തിക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം മോഡി സര്‍ക്കാരിന്റെ പല വാദങ്ങള്‍ക്കും കുറിക്കു കൊള്ളുന്ന മറുപടി തന്നെ വിധി പ്രസ്താവനകളില്‍ നല്കിയിരിക്കുന്നുവെന്നതാണ് വിധിയുടെ പ്രാധാന്യം. അതുകൊണ്ടു തന്നെ ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജനാധിപത്യത്തിനും സ്വേച്ഛാധിപത്യ വിരുദ്ധ ശക്തികള്‍ക്കും കരുത്ത് പകരുന്ന ഒന്നാണ് ഈ വിധി.

പൊതുവെ, കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്ത് ''രാജ്യനന്മക്ക്, വന്‍ വികസനത്തിന്'' എന്ന പ്രചരണ ഘോഷങ്ങളോടെ മോഡി സര്‍ക്കാര്‍ കൊണ്ട് വന്ന പല നടപടികളെയും അവയുടെ മെറിറ്റ് നോക്കാതെ ശരിവക്കുകയോ, അല്ലെങ്കില്‍ അവയില്‍ ഇടപെടാന്‍ വിസമ്മതിക്കുകയോ ആയിരുന്നു രാജ്യത്തെ പരമോന്നത കോടതി. ഹൈക്കോടതികളാകട്ടെ മോഡി സര്‍ക്കാരില്‍ പ്രാമുഖ്യമുള്ള ഹിന്ദുത്വ ശക്തികളുടെ വിഭാഗീയ താല്പര്യങ്ങള്‍ക്കനുസരിച്ചു നിരവധി പരിഹാസ്യമായ വിധി പ്രസ്താവങ്ങള്‍ തന്നെ നടത്തി രാജ്യത്തെയും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെയും ലോകത്തിനു മുന്നില്‍ അവഹേളനാപാത്രമാക്കുകയുമായിരുന്നു. അവയില്‍ ഏറ്റവുമധികം വിചിത്രമായ വിധികളായിരുന്നു രാജസ്ഥാന്‍ ഹൈക്കോടതിയുടെ പശുവിന്റെ ഓക്‌സിജന്‍ പുറപ്പെടുവിക്കലും, കേരളം ഹൈക്കോടതിയുടെ തട്ടിന്‍ പുറത്തുവച്ചു കന്നുകാലികളെ വില്ക്കലും, തമിഴ്‌നാട് ഹൈക്കോടതിയുടെ വന്ദേമാതര വിധിയും. നോട്ട് റദ്ദാക്കല്‍ സമയത്തു കേന്ദ്രസര്‍ക്കാരിന്റെ പരസ്യമായ നിയമ-ചട്ട ലംഘനങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി തന്നെ വിസമ്മതിക്കുകയായിരുന്നു. ഇതെല്ലം ചേര്‍ന്ന് സ്വകാര്യതയുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റു വാദങ്ങളെ സുപ്രീം കോടതി അംഗീകരിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങളെല്ലാം.

പശു മാംസക്കച്ചവടം തടയുന്നതിനായി കൃത്യമായ വര്‍ഗീയ ലക്ഷ്യങ്ങളോടെ മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ പുതിയ നിയമം കൊണ്ടുവന്നത് സുപ്രീം കോടതി അടുത്തിടെ സ്റ്റേ ചെയ്തിരുന്നു. അതിനധികം കഴിയുന്നതിനു മുന്‍പാണ് മുത്തലാഖ് കേസില്‍ തങ്ങള്‍ നിയമം കൊണ്ട് വന്നു കൊള്ളാമെന്ന മോഡി സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി നിഷേധിച്ചത്. ഈ വിധിയിലാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പല തുറന്ന ഫാസിസ്റ്റു വാദങ്ങള്‍ക്കും ചുട്ട മറുപടി തന്നെ നല്‍കുകയാണ് കോടതി. തങ്ങള്‍ വന്‍ പ്രചാരണ തന്ത്രങ്ങളിലൂടെ വലിയ ''വികസന വികാരം ''വളര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളതുകൊണ്ടു അതിനനുസരിച്ചു കോടതി വിധിച്ചുകൊള്ളുമെന്ന പ്രതീക്ഷയിലായിരുന്നു മോഡി-ജെയ്റ്റ്‌ലി -അമിത് ഷാ സംഘം. കേന്ദ്ര സര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി രാജ്യത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന ഏതാണ്ടെല്ലാ പ്രമുഖ അഭിഭാഷകരെയും തങ്ങളുടെ വിചിത്ര വാദങ്ങള്‍ക്കായി അണിനിരത്തി. പ്രമുഖ കോര്‍പ്പറേറ്റ് ഇംഗ്ലീഷ് വാര്‍ത്താചാനലുകള്‍ അതിനെ പൊതു ഇന്ത്യന്‍ വികാരമാക്കാന്‍ നന്നായി പണിയെടുക്കുകയും ചെയ്തു. എന്നിട്ടും ശക്തമായ തിരിച്ചടി കിട്ടിയപ്പോള്‍ തങ്ങള്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും, തങ്ങള്‍ക്കു യാതൊരു തിരിച്ചടിയുമില്ലെന്നും പറഞ്ഞു മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണവര്‍.

അതേസമയം സ്വകാര്യതയെ ഒരു കേവലമായ അവകാശമാക്കാന്‍ സുപ്രീം കോടതി തുനിഞ്ഞിട്ടില്ല. അതും തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ആധാറിലൂടെ ശേഖരിച്ച വിവരങ്ങള്‍ മുകേഷ് അംബാനിയുടെ കമ്പനിക്കു ഫ്രീ ആയി കൈമാറിയശേഷം ദരിദ്രര്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ സ്വകാര്യതക്കു പ്രസക്തിയില്ലെന്ന് വാദിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതിനു വിധിപ്രസ്താവനയില്‍ ജ:ചന്ദ്രചൂഡ് ഇങ്ങനെ മറുപടി നല്‍കി: ''പാവപ്പെട്ടവര്‍ക്ക് പൗര-രാഷ്ട്രീയ അവകാശങ്ങളുടെ ആവശ്യമില്ലെന്നും അവര്‍ സാമ്പത്തിക ക്ഷേമത്തില്‍ മാത്രമാണ് താല്പര്യമെടുക്കുന്നതെന്നുമുള്ള ന്യായം മനുഷ്യാവകാശങ്ങളുടെ ഏറ്റവും കടുത്ത ലംഘനങ്ങള്‍ക്കായി ചരിത്രത്തില്‍ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. ... ചോദ്യം ചെയ്യാനും, പരിശോധന നടത്താനും, വിയോജിക്കാനുമുള്ള അവകാശമാണ് കാര്യവിവരമുള്ള പൗരന്മാരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പരിശോധിക്കാന്‍ കഴിവുറ്റവരാക്കുന്നത്'' മോദിസര്‍ക്കാരിനു മുഖമടച്ചുള്ള പ്രഹരമാണ് ആ വാക്കുകള്‍.

''സ്വകാര്യത മൗലികാവകാശമല്ല, പാര്‍ലമെന്ററി സ്റ്റാറ്റിയൂട്ടുകള്‍ വഴി സ്വകാര്യത ഞങ്ങള്‍ ഉറപ്പാക്കിക്കൊള്ളാം ''എന്നായിരുന്നു മോഡി സര്‍ക്കാരിന്റെ വാദം.

അതിനു കോടതി ഇങ്ങനെ മറുപടി നല്‍കി:''സ്റ്റാറ്റിയൂട്ടുകളിലെ ഒന്നോ എല്ലാമോ ആയ സംരക്ഷണങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് എടുത്തുകളയാന്‍ കഴിയും. തങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുള്ളപ്പോള്‍ത്തന്നെയും പൗരന്മാര്‍ അനുഭവിയ്ക്കുന്ന അവകാശങ്ങളാണ് മൗലികാവകാശങ്ങള്‍.''

''സ്വകാര്യത മനുഷ്യാന്തസ്സിന്റെ ഭരണഘടനാപരമായ മര്‍മ്മകേന്ദ്രമാണ്. സ്വകാര്യതയാണ് അന്തസ്സിന്റെ യാഥാര്‍ത്ഥീകരണം ഉറപ്പാക്കുന്നത്', സുപ്രീം കോടതി പറഞ്ഞു. മോദിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ പേരില്‍ പൗരന്റെ കലം തുറന്നു നോക്കാനും, വസ്ത്രധാരണരീതി നിശ്ചയിക്കാനും, ആണ്‍-പെണ്‍ സൗഹൃദങ്ങളെ തടയാനും, കിടപ്പറയില്‍ എത്തി നോക്കാനുമുള്ള വിവിധ ''സാംസ്‌കാരിക പരിപാടി''കളാണ് സംഘപരിവാര്‍ പോലീസ് നടപടികളിലൂടെയും, ജാഗ്രത സംഘങ്ങളുണ്ടാക്കിയും നടത്തിക്കൊണ്ടിരുന്നത്. അതിന് രാജ്യത്തെ നിയമവ്യവസ്ഥ നല്‍കുന്ന മറുപടി കൂടിയാണ് ഈ വിധി.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow