ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലായതിനെത്തുടര്‍ന്ന് അഞ്ചു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ദൈവമായ അയാളുടെ ഭക്തര്‍ വലിയ കലാപമഴിച്ചു വിട്ടിരിക്കുകയാണ്. അതില്‍ത്തന്നെ ഏറ്റവുമധികം സൗദ ഭക്തരുള്ള പഞ്ചാബില്‍ സാമാന്യേന കലാപം നിയന്ത്രണ വിധേയമായിരിക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കലാപകാരികള്‍ക്കു സമ്പൂര്‍ണ സ്വതന്ത്രമനുവദിച്ച ഹരിയാനയില്‍ ഭരണം പരിപൂര്‍ണ്ണമായി സ്തംഭിക്കുകയും അരാജകാവസ്ഥ നിലനില്‍ക്കുകയുമാണ്. ഔദ്യോഗിക മരണസംഖ്യ 32 എന്നൊക്കെ പറയുമ്പോഴും ആ സംഖ്യ ഇന്നലെ ഉച്ച തിരിഞ്ഞു ചില മെഡിക്കല്‍ കോളേജുകളിലെത്തിയ മൃതദേഹങ്ങളുടെ കണക്കു മാത്രമാണ്. ഹരിയാനയിലും സമീപ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിലും കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നു. മൂന്നു ദിവസത്തേക്ക് ഇന്റര്‍നെറ്റും എസ്.എം.എസും നിരോധിച്ചിരിക്കുന്നു. വൈദ്യുതി വിതരണം സമ്പൂര്‍ണ്ണമായി താറുമാറായിരിക്കുകയുമാണ്. കാര്യങ്ങള്‍ ഈ നിലയിലായതുകൊണ്ടു തന്നെ മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചു എന്തെങ്കിലും ഊഹം പോലും അസാധ്യമാണ്. ഒടുവില്‍ കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ മരണസംഖ്യ പത്തിരട്ടിയോ നൂറിരട്ടിയോ ആയാലും അത്ഭുതപ്പെടേണ്ടതില്ല എന്ന മട്ടിലാണ് കലാപത്തിന്റെ തീവ്രത.

കോടതി വിധി പ്രഖ്യാപിച്ചത് പഞ്ച്കുലയിലാണ്. മോഡി ഇരിക്കുന്നിടത്തുനിന്നു വിളിപ്പാടകലെ. ഈ ആള്‍ദൈവത്തിന് നാലു കോടി ഭക്തരുണ്ടെന്നു ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്നു. മുന്‍പ് ഇയാള്‍ക്കെതിരെ കേസ്സെടുത്തപ്പോഴും വന്‍ കലാപം അഴിച്ചു വിട്ട സംഭവം ഉണ്ടായിട്ടുമുണ്ട്. അതായതു ഇയാള്‍ ശിക്ഷിക്കപ്പെട്ടാല്‍ അനുയായികള്‍ വലിയ കലാപത്തിനും ഇയാളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനും ജീവന്‍ തന്നെ വെടിയാന്‍ തയ്യാറാകുമെന്നുറപ്പായിരുന്നു. ഇക്കാര്യം ഒരു മാസം മുന്‍പ് മുതല്‍ തന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നു കേന്ദ്രം തന്നെ പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ഇത്തരമൊരു സ്ഥിതിയുണ്ടായി? രണ്ടു ലക്ഷത്തോളം വരുന്ന അനുയായികള്‍ പഞ്ച്കുലയില്‍ തടിച്ചു കൂടുന്നതൊഴിവാക്കാന്‍ ബിജെപിയുടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ യാതൊന്നും ചെയ്തില്ല. ഒടുവില്‍ ജീവനോടെ തനിക്കു രക്ഷപെടാന്‍ കഴിഞ്ഞേക്കില്ലെന്നു മനസ്സിലാക്കിയപ്പോള്‍ കോടതിയാണ് പട്ടാളത്തോടു നിയന്ത്രണമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍.

കലാപത്തില്‍ ആദ്യം തന്നെ ആക്രമണ വിധേയമായത് മാധ്യമങ്ങളാണ്. അവരുടെ ഓ.ബി.വാനുകള്‍ തീ കത്തിക്കപ്പെട്ടു. സകല റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും ജനക്കൂട്ടത്തില്‍ ഓടിയൊളിച്ചു ജീവന്‍ രക്ഷിക്കേണ്ടി വന്നു. 250 ട്രെയിനുകള്‍ കാന്‍സല്‍ ചെയ്യേണ്ടിവരും ശക്തമാണ് കലാപം.

മുഖ്യമന്ത്രി ഖത്തര്‍ ആള്‍ദൈവവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ്. ഖത്തര്‍ മുഖ്യമന്ത്രിയാക്കിയതു തന്നെ ഇയാളാണെന്നും ശ്രുതിയുണ്ട്. മന്ത്രിസഭയിലെ രണ്ടു പ്രമുഖ മന്ത്രിമാര്‍ അമ്പത് ലക്ഷം രൂപ വീതം ഇയാളുടെ സ്ഥാപനത്തിന് വലിയ ആഘോഷത്തോടെ സംഭവന ചെയ്തിട്ടു അധിക നാളായിട്ടില്ല. അത്തരം ബന്ധത്തിന്റെ പേരില്‍ സംഥാന സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളാതിരുന്നതാണ് കാര്യങ്ങള്‍ ഇങ്ങനെ പിടിവിട്ടു പോകാന്‍ കാരണം .

ഇത്രയധികം ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടായിക്കൊണ്ടിരിക്കുമ്പോഴും പ്രമുഖ ബി.ജെ.പി. നേതാവ് സാക്ഷി മഹാരാജ് റാം റഹിമിന് വേണ്ടി പരസ്യമായി ആക്രോശം നടത്തുകയാണ്. ഒരു പെണ്ണാണോ നാലുകോടി ഭക്തരാണോ വലുതെന്ന സാക്ഷിയുടെ ചോദ്യം എന്തുകുറ്റം ചെയ്താലും ആള്‍ദൈവങ്ങളെ ശിക്ഷിക്കാന്‍രാജ്യത്തെ നിയവ്യവസ്ഥക്കധികാരമില്ല എന്ന പ്രഖ്യാപനമാണ്.

മോഡി ഭാഗ്യത്തിനോ, നിര്‍ഭാഗ്യത്തിനോ ഇപ്പോള്‍ രാജ്യത്തുണ്ട്. സാധാരണഗതിയില്‍ അദ്ദേഹത്തെ ഇവിടെ നാം കാണണ്ടതല്ല. അമ്പത്താറിഞ്ചു നെഞ്ചളവ് എന്നതാണദ്ദേഹത്തിന്റെ രാജ്യത്തുള്ളപ്പോഴുള്ള ഇഷ്ട വിഷയം. പക്ഷെ ഇത്തരമൊരു വിഷയം വന്നപ്പോള്‍ അദ്ദേഹത്തിന് മിണ്ടാട്ടമില്ല.

മോദിക്ക് വേണ്ടി പാക്കിസ്ഥാനും കോണ്‍ഗ്രസ്സ്വാലകള്‍ക്കുമെതിരെ ഇരുപത്തിനാലു മണിക്കൂറും തീ തുപ്പിക്കൊണ്ടിരുന്ന ചാനലുകളായ ടൈമ്‌സ് നൗവും റിപ്പബ്ലിക്കും പോലും ഖട്ടറുടെ സമ്പൂര്‍ണ പരാജയത്തെ വിമര്‍ശിക്കുകയും മന്ത്രിസഭയെ മുഴുവന്‍ പിരിച്ചു വിടാത്തതെന്തേ എന്ന് ചോദിക്കുകയും ചെയ്തു. മോദിക്ക് സമ്പൂര്‍ണ മൗനമാണ്. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങാകട്ടെ സംസ്ഥാനസര്‍ക്കാരിനെ വെള്ള പൂശുകയുമാണ്.

ഹരിയാന സര്‍ക്കാര്‍ ഖട്ടറുടെ കീഴില്‍ ഭരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വങ്ങളില്‍ പരാജയമായിത്തീരുന്നത് ഇതാദ്യമല്ല. മുന്‍പ് ജാട്ട് പ്രക്ഷോഭം നടന്നപ്പോഴും അതൊരു വന്‍ കലാപമാകാന്‍ സര്‍ക്കാരനുവദിച്ചു. ദളിതര്‍ക്കും സ്ത്രീകള്‍ക്കും നേരെ കൊടും ക്രൂരതകളും, കൂട്ടബലാല്‌സംഗക്കൊലകളും നടന്നപ്പോഴും പ്രതികള്‍ക്കെതിരെ ഒരു നടപടിയുമെടുക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നപ്പോഴാണ് പേരിനെങ്കിലും ചില നടപടികള്‍ക്ക് മുതിര്‍ന്നത്.

ഈ ആള്‍ദൈവത്തിന് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെയാണ് അയാള്‍ പിന്തുണച്ചത്. അതോടെ മോദിയടക്കമുള്ളവര്‍ അയാളെ വലിയ പ്രമാണിയാക്കി സ്വച്ഛഭാരത പരിപാടിക്കൊക്കെ അണിനിരത്തി. മറ്റൊരു വലിയ ആള്‍ദൈവമായ ബാബാ രാംദേവും അയാളുടെ യോഗയും അയാളുടെ ബിസിനസ്സും മോദിക്ക് കീഴില്‍ ഇപ്പോള്‍ തടിച്ചു കൊഴുക്കുകയാണ്. ശ്രീ ശ്രീ രവിശങ്കര്‍ യമുനയുടെ തടത്തില്‍ നിയമവിരുദ്ധമായി നടത്തിയ മഹാസമ്മേളനത്തിനായി ഇന്ത്യന്‍ പട്ടാളത്തെ കൂലിപ്പണിക്കാരാക്കി വിട്ടു കൊടുക്കുകയായിരുന്നു മോഡി. കള്ളക്കടത്ത് , മയക്കു മരുന്ന് കടത്ത്, ലൈംഗിക കുറ്റകൃത്യങ്ങള്‍, സകലവിധ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പത്തനായിരക്കണക്കിനു കോടികളുടെ സമ്പത്തും ലക്ഷക്കണക്കിന് അനുയായികളുമുണ്ടെങ്കില്‍ അവരെ ദൈവങ്ങളായി വണങ്ങിനില്‍ക്കാന്‍ ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ക്ക് ഒരു മടിയുമില്ല. അക്കാര്യത്തില്‍ ബി.ജെ.പി.യും സംഘപരിവാറും ഏതറ്റം വരെയും പോകുമെന്ന് അവര്‍ മുന്‍പും തെളിയിച്ചിട്ടുണ്ട്. ഒരു കൊലപാതകക്കേസില്‍ ജയലളിത കാഞ്ചി ശങ്കരാചാര്യരെ അറസ്‌റ് ചെയ്തപ്പോള്‍ വാജ്പേയി സര്‍ക്കാര്‍ അയാളെ വിടുവിക്കാന്‍ നിരവധി കേന്ദ്ര മന്ത്രിമാരെത്തന്നെ ചെന്നൈയിലേക്ക് പറഞ്ഞു വിട്ട സംഗതി നാം കണ്ടിട്ടുള്ളതാണ്. ആള്‍ ദൈവങ്ങള്‍ക്ക് സ്വന്തം സാമ്രാജ്യമുണ്ടാക്കാനും, ആയുധവും സ്വകാര്യസേനയും ഉണ്ടാക്കാനും, എല്ലാത്തരം കുറ്റകൃത്യങ്ങള്‍ക്കും സംരക്ഷണം നല്‍കാനും മുന്നോട്ടു വന്നശേഷം അതിനെല്ലാം ഹിന്ദുത്വത്തിന്റെ പേരില്‍ ന്യായീകരണം ചമച്ചതിന്റെ അനന്തരഫലമാണ് ഇന്ന് നാം കാണുന്നത്.

കേരളത്തില്‍ ഒരു ആര്‍.എസ.സ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ സമ്മന്‍ ചെയ്തു. ജെയ്റ്റ്‌ലി സന്ദര്‍ശനം നടത്തി. ഇനിയും പലരുടെയും സന്ദര്‍ശനം വരുമെന്ന് ഭീഷണിയുമുണ്ട്. ഇത്ര പുകിലുണ്ടാക്കിയ മാന്യന്മാര്‍ക്കു ഖട്ടര്‍ സര്‍ക്കാരിനെ ഇനിയും വച്ച് കൊണ്ടിരിക്കുന്നതിന് എന്താണാവോ ന്യായം?

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow