Loading Page: 2019ലെ ലോകസഭാതെരഞ്ഞെടുപ്പും സി.പി.ഐ(എം) നയവും

ഒപ്പീനിയന്‍

 സുജിത്ത്‌

സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസ്ഥിതി വിലയിരുത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയപ്രമേയം പാര്‍ട്ടി അണികള്‍ക്കു മുന്നില്‍ വക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്രക്കമ്മറ്റിയില്‍ മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷവും ഇപ്പോഴത്തെ സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷവും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസം രൂപപ്പെട്ടിരിക്കുന്നതുകൊണ്ട് വീണ്ടുമൊരിക്കല്‍ക്കൂടി ജനുവരിയില്‍ ചേരുന്ന കേന്ദ്രക്കമ്മറ്റിയില്‍ ഇരുപക്ഷവും തങ്ങളുടെ നിലപാട് അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഇരുപക്ഷവും മുന്നോട്ടുവക്കുന്ന നിലപാടുകളെന്തെന്നോ അതിലെ അഭിപ്രായവ്യത്യാസങ്ങളെന്തെന്നോ എന്തെങ്കിലും പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കി അഭിപ്രായം പറയാന്‍ സാധ്യമല്ല.

പക്ഷേ 2019ല്‍ നടക്കാന്‍ പോകുന്ന ലോകസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) സ്വീകരിക്കാന്‍ പോകുന്ന നിലപാട് അതിപ്രധാനമാണ്. ആ നിലയില്‍ സി.പി.ഐ(എം) സ്വീകരിച്ചിരിക്കുന്നതും സ്വീകരിക്കേണ്ടതുമായ നിലപാടുകളെക്കുറിച്ച് നവംബര്‍ 29ന്റെ ഹിന്ദുപത്രത്തില്‍ പ്രകാശ്കാരാട്ട് മുന്നോട്ടുവച്ചിരിക്കുന്ന നിലപാടുകള്‍ കേരളത്തിലെ മതേതരജനാധിപത്യചിന്താഗതിക്കാരെല്ലാം സജീവമായി ചര്‍ച്ച ചെയ്യണമെന്ന് ഈ ലേഖകന്‍ ആഗ്രഹിക്കുന്നു.

ശോദന.കെ.നായരുമായി അദ്ദേഹം നടത്തിയ അഭിമുഖമാരംഭിക്കുന്നത് ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചുള്ള വിശകലനവുമായാണ്. അദ്ദേഹം പറയുന്നു: ''2014 ലോകസഭാതെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി അതിന്റെ സ്വാധീനം വികസിപ്പിച്ചിരിക്കുന്നു. അത് കോണ്‍ഗ്രസ്സിനെ പുറന്തള്ളി അഖിലേന്ത്യാതലത്തില്‍ മേധാവിത്വമുള്ള രാഷ്ട്രീയപാര്‍ട്ടിയായി ഉയര്‍ന്നുവന്നിരിക്കുന്നു. അതാണ് പുതിയ യാഥാര്‍ത്ഥ്യം.'' തുടര്‍ന്നദ്ദേഹം കഴിഞ്ഞ ആറുമാസക്കാലമായി കൂടുതല്‍ ചെറുത്തുനില്പും മറ്റുമുണ്ടാകുന്ന രീതിയില്‍ ജനകീയ അസംതൃപ്തി വര്‍ദ്ധിച്ചുവരുന്നതു നാം കാണുന്നുവെന്നു പറഞ്ഞുകൊണ്ട് തൊഴിലാളി, കര്‍ഷക, വിദ്യാര്‍ത്ഥി, ദളിത് സമരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു. എന്നിട്ടദ്ദേഹം പറയുന്നു: ''അതുകൊണ്ട് നാമൊരു വഴിത്തിരിവിലാണ്. ബി.ജെ.പി അതിന്റെ സ്വാധീനത്തിന്റെ പാരമ്യത്തിലായിരിക്കുമ്പോള്‍ത്തന്നെ എതിര്‍പ്പിന്റെയും ചെറുത്തുനില്പിന്റെയും വിത്തുകള്‍ വിതക്കപ്പെട്ടിരിക്കുന്നു. ഇതൊരു തിരിച്ചിടലിന്റെ തുടക്കമാണ്. ഈ ദശാസന്ധിയില്‍ ആവശ്യമായിട്ടുള്ളത് പ്രത്യയശാസ്ത്രത്തിന്റെയും നയങ്ങളുടെയും അടിസ്ഥാനത്തില്‍ ബി.ജെ.പിക്കെതിരായ ഒരു യഥാര്‍ത്ഥ ബദലിന്റെ ഉയര്‍ത്തിക്കാട്ടലാണ്. അത് പൊരുതുന്ന സകല ശക്തികളെയും ഒന്നിച്ചുകൊണ്ടുവരാന്‍ സഹായിക്കും.''

തുടര്‍ന്നദ്ദേഹം പറയുന്നത് ഒരു മഹാസഖ്യത്തില്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒന്നിച്ചു വരുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നാണ്. പിന്നെ, ''വ്യക്തമായ പരിപാടിയില്ലാതെ പ്രതിപക്ഷ ഐക്യമുണ്ടായാല്‍ അതവസരവാദപരവും നിലനില്ക്കാന്‍ കഴിയാത്തതുമായിരിക്കു''മെന്ന ഒരു വിധിയെഴുത്തും നടത്തുന്നു. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ തമ്മില്‍ പൊതുപരിപാടിയെ അടിസ്ഥാനമാക്കി ഐക്യമുണ്ടാകണമെന്ന നിലപാടുമദ്ദേഹം പ്രഖ്യാപിക്കുന്നു.

ഇവിടെ അഭിമുഖക്കാരി അത്തരമൊരു സഖ്യം കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഒന്നാകാന്‍ കഴിയുമോ എന്ന് ചോദിക്കുന്നു. കാരാട്ടിന്റെ മറുപടി ഇങ്ങനെ: ''കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന ചില സഖ്യം സാധ്യമായേക്കും. പക്ഷേ അത് മുഴുവന്‍ പ്രതിപക്ഷവുമുള്ളതായിരിക്കില്ല. ഞങ്ങള്‍ക്കതിന്റെ ഭാഗമാകാനാകില്ല. ഞങ്ങളെ സംബന്ധിച്ച് നവ ഉദാരവാദസാമ്പത്തികനയങ്ങള്‍ക്കെതിരായ സമരം വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പൊരുതുന്നതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്. സാധ്യമാകുന്നത് പാര്‍ലമെന്റിനകത്തും പുറത്തും മറ്റു മതേതരപാര്‍ട്ടികള്‍ക്കൊപ്പം ചില സവിശേഷപ്രശ്‌നങ്ങളേറ്റെടുക്കുന്നതില്‍ സഹകരിക്കുകയെന്നതാണ്. വര്‍ഗ്ഗീയതക്കെതിരായ വിശാല വേദിക്കുവേണ്ടിയുള്ള വിപുലമായ ഐക്യവും രൂപപ്പെടുത്താന്‍ നമുക്കാകും.''

തുടര്‍ന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറന്തള്ളാനുള്ള താക്കോലെന്തെന്ന ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കുന്നു. ''ഇടതുപക്ഷേതര പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമായി ഞങ്ങള്‍ വിശ്വസിക്കുന്നത് ബി.ജെ.പിയെ നേരിടാന്‍ വെറും തെരഞ്ഞെടുപ്പിന്റെ അടവ് പര്യാപ്തമല്ലെന്നാണ്. പാര്‍ലമെന്റേതരസമരങ്ങളും പ്രസ്ഥാനങ്ങളുമാണ് പ്രധാനമായിത്തീരുക.''

ഇങ്ങനെ വര്‍ത്തമാനസാഹചര്യം ബി.ജെ.പി സര്‍ക്കാര്‍ അതിന്റെ സ്വാധീനത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുന്നതായ ഒന്നാണ്; കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു സഖ്യമുണ്ടായാലും അതിനെ പാര്‍ലമെന്ററി മാര്‍ഗത്തിലൂടെ ആ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധ്യമാകില്ല എന്നൊരു വിധിയെഴുത്തു നടത്തുന്നത് വസ്തുനിഷ്ഠമാണോ എന്നു നമുക്കാദ്യം പരിശോധിച്ചുനോക്കാം. 31% വോട്ട് നേടിയാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. തുടര്‍ന്ന് നടന്ന ഒരു സംസ്ഥാനതെരഞ്ഞെടുപ്പിലും ആ വോട്ട് ഷെയര്‍ സര്‍ക്കാരിനു നിലനിര്‍ത്താനായില്ല. ഏഴുലോകസഭാസീറ്റിലും അവര്‍ നല്ല ഭൂരിപക്ഷത്തിനു ജയിച്ച ഡല്‍ഹിയില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ 70ല്‍ വെറും 3 സീറ്റാണ് ലഭിച്ചത്. ബീഹാറിലും തോറ്റമ്പി. കണ്ണഞ്ചിക്കുന്ന വിജയം നേടിയ യു.പിയില്‍ വോട്ട് ഷെയര്‍ 2014 ലോകസഭാതെരഞ്ഞെടുപ്പിലേതിനേക്കാള്‍ അല്പം കുറവാണ്. മാസങ്ങള്‍ക്കുശേഷം നടന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട്‌ഷെയര്‍ 30 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. 12 ശതമാനത്തിന്റെ ഇടിവ്. ഏറ്റവുമൊടുവില്‍ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 2014 ലേതിനേക്കാള്‍ 11 ശതമാനം വോട്ട് വിഹിതമിടിഞ്ഞു. അതായത് 2014ലെ 31 ശതമാനം വോട്ടിന്റെ സ്ഥാനത്ത് ഇന്ന് മോഡി സര്‍ക്കാരിന് ഏറിയാല്‍ 25-28 ശതമാനം വോട്ട് വിഹിതമേ ഉള്ളൂ എന്നു വ്യക്തമാണ്. ആ നിലക്ക് വരുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ മൊത്തം വോട്ടും സമാഹരിക്കാന്‍ ഒരു പ്രതിപക്ഷഐക്യത്തിനായില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും സമാഹരിക്കാന്‍ കഴിയുന്ന ഒരു മുന്നണി അസാധ്യമാണോ? അത് സാധ്യമാക്കാനല്ലേ ശ്രമിക്കേണ്ടത്?

കഴിഞ്ഞ ആറുമാസമായി ഉയര്‍ന്നുവരുന്ന കര്‍ഷക-തൊഴിലാളി വിദ്യാര്‍ത്ഥി സമരങ്ങളെയും അസംതൃപ്തിയെയും കുറിച്ച് കാരാട്ട് പറയുന്നുണ്ട്. (അതുതന്നെ ഒരു ലഘൂകരിക്കലാണ്. കനയ്യകുമാര്‍ - രോഹിത് വെമൂല വിഷയത്തില്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങളുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നോട്ട് റദ്ദാക്കലിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്കാതെ, ''ആ നടപടി റദ്ദാക്കാന്‍ ഞങ്ങളാവശ്യപ്പെടുന്നില്ല'' എന്ന നിലപാടാണ് സി.പി.ഐ(എം) എടുത്തത്. അതുകൊണ്ട് അന്നുയര്‍ന്നുവന്ന വന്‍ ജനകീയപ്രക്ഷോഭം ഇല്ലാതാകുമോ?) സാമ്പത്തികനില ഇനിയും കൂടുതല്‍ വഷളാകുകയും മോഡിയുടെ വാഗ്ദാനലംഘനങ്ങള്‍ കൂടുതല്‍ തുടന്നുകാട്ടപ്പെടുകയും ചെയ്യുന്ന നിലക്ക് ഇന്നുള്ള വോട്ട് ഷെയര്‍ തന്നെ 2019ല്‍ നിലനില്ക്കില്ല എന്നുറപ്പാണ്. ചുരുക്കത്തില്‍ മോഡി സര്‍ക്കാര്‍ സ്വാധീനത്തിന്റെ പാരമ്യത്തിലാണ്, പാര്‍ലമെന്ററി അടവുകളിലൂടെ 2019ല്‍ ഈ സര്‍ക്കാരിനെ താഴെയിറക്കാനാകില്ല, എന്ന വിലയിരുത്തല്‍ മറ്റുചില താല്പര്യങ്ങള്‍ വച്ചുകൊണ്ടുള്ള വാദമുഖങ്ങള്‍ മാത്രമാണ്. വസ്തുതയെ പ്രതിഫലിപ്പിക്കാത്ത അത് അത് മോഡി സര്‍ക്കാരിന് അജയ്യപരിവേഷം നല്കി അവരെ സഹായിക്കുകയും ചെയ്യുന്നു.

ഈ വിലയിരുത്തല്‍ തന്റെ പ്രധാന തീം അവതരിപ്പിക്കാന്‍ അദ്ദേഹം നടത്തുന്ന അരങ്ങൊരുക്കലാണ്. ''മോഡി സര്‍ക്കാര്‍ പ്രകാശിപ്പിക്കുന്നത് അമിതാധികാരപ്രവണതയാണ് (Authoritarianism), ഫാസിസമല്ല, എന്ന് സി.പി.ഐ(എം) 2015ലെ രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. സാഹചര്യം മാറിയെന്നു കരുതുന്നുണ്ടോ?'' എന്ന ചോദ്യത്തിന് മറുപടിയായി അക്കാര്യം കാരാട്ട് വ്യക്തമാക്കുന്നു.

''ഞാനതല്ല പറഞ്ഞത്'' എന്നു പറഞ്ഞ് മറുപടിയാരംഭിക്കുന്ന അദ്ദേഹം പറയുന്നത് മൂന്നരവര്‍ഷക്കാലത്തിനുശേഷം നമുക്കതിനെ ''അമിതാധികാര-വര്‍ഗ്ഗീയ ഭരണം'' എന്നു വിളിക്കാമെന്നാണ്. ''ആര്‍.എസ്.എസ് ബി.ജെപി സര്‍ക്കാരിന്റെ ഉത്തോലകങ്ങളെ നിയന്ത്രിക്കുന്നതുകൊണ്ട് കൂടുതല്‍ വര്‍ദ്ധിച്ച തോതില്‍ ഫാസിസ്റ്റ് മാതൃകയിലുള്ള ആക്രമണങ്ങള്‍ സംഭവിക്കാന്‍ ബാധ്യസ്ഥമാണെ'ന്നദ്ദേഹം പറയുന്നു. തുടര്‍ന്നദ്ദേഹം ആഗോളപശ്ചാത്തലത്തിലേക്ക് കടന്ന് ഒട്ടനവധി വലതുപക്ഷ അമിതാധികാര ഭരണങ്ങള്‍ ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ടെന്നും, അവ തനിമട്ടിലുള്ള ഫാസിസങ്ങളല്ലെന്നും, അവ ഫാസിസത്തിന്റെ ''അപരത്തെ ഉന്നം വക്കുന്നതും, തീവ്രദേശീയതയുമടക്കമുള്ള ചില സ്വഭാവവിശേഷങ്ങള്‍'' പ്രകടിപ്പിക്കുന്നുണ്ടെന്നും വിശദീകരിക്കുന്നു.

തനിമട്ടിലുള്ള ഫാസിസം (Fascism as such) സ്വതന്ത്രസ്വഭാവമുള്ള സാമ്രാജ്യത്വബൂര്‍ഷ്വാസി ആധിപത്യത്തിലുള്ള രാജ്യങ്ങളിലാണ് വന്നത്. സാമ്രാജ്യത്വത്തിനു കീഴടങ്ങി നില്‍ക്കുന്ന മൂന്നാം ലോകരാജ്യബൂര്‍ഷ്വാസിയുടെ തീവ്രദേശീയതാനാട്യം ദേശീയവഞ്ചനയുടെ മറച്ചുവക്കല്‍ മാത്രമേ ആകൂ. അതടക്കം നിരവധി കാരണങ്ങളാല്‍ തനിമട്ടിലുള്ള ഫാസിസം ഇത്തരം രാജ്യങ്ങളില്‍ വരില്ല. ഏറ്റവും കടുത്ത കൂട്ടക്കൊലകളും ജനാധിപത്യാവകാശലംഘനങ്ങളും നടത്തിപ്പോന്ന ഇന്തോനേഷ്യന്‍, ലാറ്റിനമേരിക്കന്‍ ''ഫാസിസ്റ്റ്'' ഭരണകൂടങ്ങള്‍ക്കുപോലും സാമ്രാജ്യത്വശക്തികള്‍ അവയുടെ ഉപയോഗക്ഷമത എത്രവരെ എന്നു തീരുമാനിച്ചിടം വരെയേ ആയുസ്സുണ്ടായുള്ളൂ. ഇന്ത്യയില്‍ മോഡി ഭരണത്തെ ഫാസിസം എന്നാളുകള്‍ വിളിച്ചത് സി.പി.ഐ(എം) തന്നെ അടിയന്തിരാവസ്ഥയിലും തുടര്‍ന്ന് ഇന്നുവരെയും ''ഇന്ദിരാഫാസിസം'' എന്നു പറഞ്ഞ ആ അര്‍ത്ഥത്തിലാണ്. ജനങ്ങള്‍ക്കു കാര്യങ്ങളുടെ തീവ്രത മനസ്സിലാകാനുപയോഗിക്കുന്ന ആ പദം അന്നുപയോഗിച്ചത് ശരിയായിട്ടല്ലെങ്കില്‍ അക്കാര്യം കാരാട്ട് തുറന്നുപറയണം.

മൊത്തം കാരാട്ട് അഭിമുഖത്തിലെയും മുഖ്യപ്രശ്‌നം അപരത്തിനെ ലക്ഷ്യം വക്കലും, തീവ്രദേശീയതയുമെന്നതിനപ്പുറം ഇന്നത്തെ സംഘപരിവാര്‍ ഭരണം ഭരണഘടനാസ്ഥാപനങ്ങളെ ക്രമീകൃതമായി ഹിന്ദുത്വവല്‍ക്കരിക്കുകയാണ് എന്നതിനെ അദ്ദേഹം കാണുന്നതേയില്ല എന്നതാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണത്തിന്റെ ആ കാതലായ സ്വഭാവവിശേഷത്തെക്കുറിച്ച് ലേഖനത്തിലൊരിടത്തും കാരാട്ട് പറയുന്നില്ല. ജനതയെയും രാജ്യത്തെയും സംബന്ധിച്ച സുപ്രധാനപ്രശ്‌നമതാണ്. അത് കാരാട്ട് എന്തുകൊണ്ട് കാണാതെ പോകുന്നു? അതുവെറുമൊരു കാണാതെ പോകലല്ല, മറിച്ച് ബോധപൂര്‍വ്വമായ കാണാതിരിക്കലാണ് എന്നാണ് ഈ ലേഖകന്റെ പക്ഷം.

ഭരണഘടനയുടെ കസ്റ്റോഡിയനായി പ്രവര്‍ത്തിക്കേണ്ട വിവിധ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നരവര്‍ഷക്കാലത്ത് വന്നുചേര്‍ന്ന മാറ്റം നമുക്കൊന്നു പരിശോധിക്കുക. പ്രസിഡന്റും വൈസ് പ്രസിഡന്റും ഹിന്ദുരാഷ്ട്രം ലക്ഷ്യം വക്കുന്ന സംഘപരിവാറുകാരാണ്.സായുധസേന വന്‍തോതില്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടതിന് പലതെളിവുകളും വരുന്നു. കാശ്മീരില്‍ മനുഷ്യകവചമായി പട്ടാള ജീപ്പിനുമുന്നില്‍ ഒരു മുസ്ലിം യുവാവിനെ സേന കെട്ടിവെച്ച നടപടിയുണ്ടായി. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം അതിനെ ന്യായീകരിക്കുകയാണ് കരസേനാ മേധാവി ബിപിന്‍ റാവത്ത് ചെയ്തത്. നിരവധി തീവ്രവാദ സ്‌ഫോടനങ്ങള്‍ നടത്തിയതിന് അറസ്റ്റിലായ ശ്രീകാന്ത് പുരോഹിത് ഒമ്പതുവര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തുവന്നു. അയാള്‍ കുറ്റവിമുക്തനായിട്ടില്ല. അയാളെ ജയിലില്‍ നിന്ന് സ്വീകരിക്കാനായി തൊട്ടടുത്ത സേനാതാവളത്തില്‍ നിന്ന് നിരവധി ഓഫീസര്‍മാരും പട്ടാളക്കാരും പോയി. ആ സ്വീകരണം ''സേന അതിന്റെ വീരപുത്രനെ സ്വീകരിക്കുന്നു'' എന്ന തലക്കെട്ടില്‍ ഏറ്റവും റേറ്റിംഗുള്ള മൂന്ന് ദേശീയ ടി.വി.ചാനലുകള്‍ (ടൈംസ്‌ നൗ, റിപ്പബ്ലിക്, ന്യൂസ് നൗ) ''ലൈവ്'' ആയി കാണിച്ചു.

ഒരു നടപടിയും എവിടെനിന്നുമുണ്ടായില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്താന്‍ ചുമതലപ്പെട്ട തെരഞ്ഞെടുപ്പുകമ്മീഷന്റെ തലപ്പത്തിന്നിരിക്കുന്നത് ഒരു 'മോഡി ശിങ്കിടി' ആണ്. ആ സ്ഥാപനം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത് ബി.ജെ.പിയുടെ ബി ടീം ആയാണ്. മോഡി ഗുജറാത്തില്‍ നടത്തിയ 41 റാലികളിലും വര്‍ഗ്ഗീയ-പ്രാദേശികവികാരങ്ങള്‍ കുത്തിയിളക്കുന്നതും സാധാരണ ഗതിയില്‍ നിരോധിക്കേണ്ടതുമായ പ്രസംഗങ്ങളാണ് നടത്തിയത്. ഗുജറാത്തിന്റെ ശത്രു, ഔറംഗസീബ് എന്നതെല്ലാം വിട്ട് അവസാനദിവസം മന്‍മോഹന്‍സിംഗ് പാക്കിസ്ഥാനുമായി മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തി എന്നുവരെ തട്ടിവിട്ടു. അതിനെതിരെ തെരഞ്ഞെടുപ്പുകമ്മീഷന്‍ ഒരു നോട്ടീസുപോലുമയച്ചില്ല. സുപ്രീംകോടതിയാണ് ഇനി ബാക്കിയുള്ളത്. അവിടെ വലിയ ഒരേറ്റുമുട്ടല്‍ നടക്കുകയാണ്. തനിക്കെതിരായ അഴിമതിക്കേസ് സുപ്രീംകോടതിയിലെ സീനിയറായ അഞ്ച് ജഡ്ജിമാര്‍ കേള്‍ക്കണമെന്ന ജ: ചെലമേശ്വറിന്റെയും മറ്റും ഉത്തരവ് റദ്ദാക്കാനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര താനും കുറെ ജൂനിയര്‍ ജഡ്ജിമാരുമടങ്ങുന്ന ഒരു അഞ്ചംഗ ബഞ്ച് രൂപീകരിച്ച് ഉടനടിവാദം കേട്ടു. അവിടേക്ക് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ശാന്തിഭൂഷണെ വിളിച്ചുവരുത്തി. ഒപ്പം അദ്ദേഹത്തെ കൂവാനും അവഹേളിക്കാനുമുള്ള ഗുണ്ടകളായി സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷനിലെ കുറെ അംഗങ്ങളെയും വിളിച്ചുവരുത്തി. ശാന്തിഭൂഷണെ മിണ്ടാനനുവദിക്കാതിരുന്ന മിശ്ര ഓരോ അഭിഭാഷകഗുണ്ടകളെക്കൊണ്ടും ശാന്തിഭൂഷണെതിരെ സംസാരിപ്പിച്ചു. ഒടുവിലദ്ദേഹം ഇങ്ങനെ പറഞ്ഞു: ''മി: ശാന്തിഭൂഷണ്‍ നിങ്ങളുടെ കേസ് കോടതിയലക്ഷ്യത്തിന് തികച്ചും അനുയോജ്യമായ ഒന്നാണ്, പക്ഷേ അതിനുപോലുമുള്ള നിലവാരം നിങ്ങള്‍ക്കില്ലാത്തതിനാല്‍ കേസെടുക്കുന്നില്ല.'' ക്ഷുഭിതനും അവഹേളിതനുമായ ശാന്തിഭൂഷണ്‍ ഇറങ്ങിപ്പോയി. മറ്റൊരു സീനിയര്‍ അഭിഭാഷകനായ രാജീവ് ധവാന്‍ ഇതേ മട്ടില്‍ ചീഫ് ജസ്റ്റിസിനാല്‍ അവഹേളിക്കപ്പെട്ടപ്പോള്‍ പ്രാക്ടീസ് തന്നെയവസാനിപ്പിച്ചു. തിയേറ്ററുകളില്‍ ദേശീയഗാനം പാടിയേതീരൂ എന്ന വിധിയടക്കം പ്രഖ്യാപിച്ച മിശ്രക്ക് സര്‍ക്കാരിന്റെ സകല പിന്തുണയുമുണ്ട്. മിശ്ര പക്ഷത്തിനാധിപത്യം കിട്ടിയാല്‍ പിന്നെ ഭരണഘടന ഏതുവിധമാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് കണ്ടറിയണം.

സുപ്രധാന ഭരണഘടനാസ്ഥാപനങ്ങള്‍ ഇത്രമാത്രം തുരങ്കം വക്കപ്പെട്ടിരിക്കുമ്പോള്‍ ഒരിക്കല്‍കൂടി ബി.ജെ.പി അധികാരത്തിലേറുന്നതിന്റെ അപകടം വിവരിക്കേണ്ടതില്ല. എന്നുവച്ചാല്‍ ഭരണഘടനാമൂല്യങ്ങളെ സംരക്ഷിക്കുക, ഭരണഘടനാവാഴ്ച ഉറപ്പിക്കുക എന്ന ഒരൊറ്റ പൊതുലക്ഷ്യത്തില്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന സകലകക്ഷികളും ജനങ്ങളും അണിനിരക്കേണ്ട ഒരു സാഹചര്യമാണിന്നുള്ളത്. ഇതില്‍ നിന്നൊഴിഞ്ഞുമാറാനാണ് കാരാട്ട് ഒരു വശത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി സര്‍ക്കാരിനെ പരാജയപ്പെടുത്താനാകില്ലെന്ന് പറഞ്ഞ് മോഡിക്ക് അജയ്യത സൃഷ്ടിക്കുന്നതും മറുവശത്ത്, ഒരു അമിതാധികാര-വര്‍ഗ്ഗീയഭരണം മാത്രമാണ് മോഡിയുടേത്, തീവ്രദേശീയതയും അപരത്തെ ലക്ഷ്യം വക്കുകയുമെന്ന ഫാസിസ്റ്റു സവിശേഷതകളേ അതിനുള്ളൂ, എന്നെല്ലാം പറഞ്ഞ് രാജ്യം നേരിടുന്ന അപകടത്തെ ലഘൂകരിക്കുന്നതും.

തെരഞ്ഞെടുപ്പടവുകളിലൂടെ മാത്രം ബി.ജെ.പിയെ ദുര്‍ബ്ബലപ്പെടുത്താനാവില്ലെന്നു പറയുന്ന കാരാട്ട് അതിനുകഴിയുക പാര്‍ലമെന്റേതര സമരങ്ങളും പ്രസ്ഥാനങ്ങളും വഴിയാണെന്നു പറയുന്നു. നവലിബറല്‍ സാമ്പത്തികനയങ്ങളാരംഭിച്ചശേഷം ദീര്‍ഘകാലം സി.പി.ഐ(എം) നേതൃത്വത്തിലിരുന്ന കാരാട്ട് ഇപ്പോള്‍ പൊടുന്നനെ ഒരു ലോകസഭാതെരഞ്ഞെടുപ്പിന് 19 മാസം മാത്രമുള്ളപ്പോള്‍ ഒരു വെളിപാടുപോലെ ഇതുപറയുമ്പോള്‍ പഴയ ചില കാര്യങ്ങളദ്ദേഹത്തെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തും നവലിബറല്‍ നയങ്ങള്‍ക്കെതിരെ സമരങ്ങളും പ്രസ്ഥാനങ്ങളും വളര്‍ത്തുകയായിരുന്നില്ലേ? അങ്ങനെയല്ലെന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ ഒരു സ്വയം വിമര്‍ശനമില്ലാതെ ഇപ്പോള്‍ ഇതു പറയുന്നത് ശരിയാണോ? ഇനി അതാണ് ചെയ്തിരുന്നതെങ്കില്‍ ആ ബഹുജനസമരങ്ങളും പ്രസ്ഥാനങ്ങളും വളര്‍ന്നോ? അതോ കീഴോട്ടാണോ വളര്‍ന്നത്? 1991 മുതല്‍ 2014 വരെ ആ നയങ്ങള്‍ക്കെതിരെ എത്രമാത്രം ബദല്‍ വളര്‍ത്താനായി? മോഡി അധികാരത്തിലേറിയതിനുശേഷമുള്ള മൂന്നരവര്‍ഷക്കാലത്ത് എത്രകണ്ട് പാര്‍ലമെന്റേതര സമരങ്ങളും പ്രസ്ഥാനങ്ങളും വളര്‍ത്തി? ഈ ട്രാക്ക് റെക്കോര്‍ഡ് വെച്ച് വരുന്ന 19 മാസം കൊണ്ട് പാര്‍ലമെന്റേതര സമരങ്ങളും പ്രസ്ഥാനങ്ങളും വഴി മോഡിയെ നിങ്ങളും സമാനമനസ്‌കരായ പാര്‍ട്ടികളും ചേര്‍ന്ന് താഴെയിറക്കുമെന്നാരെങ്കിലും വിശ്വസിക്കുമോ?

ഇനി വരുന്ന പത്തൊമ്പത് മാസക്കാലത്ത്, കഴിഞ്ഞ ''ആറുമാസ''ക്കാലത്തെ തൊഴിലാളി-കര്‍ഷക-വിദ്യാര്‍ത്ഥിപ്രക്ഷോഭത്തെ സി.പി.ഐ.എമ്മും സമാനമനസ്‌കരായ പാര്‍ട്ടികളും ചേര്‍ന്നുള്ള സഖ്യം വമ്പിച്ചതോതില്‍ വളര്‍ത്തുമെന്നുതന്നെ വാദത്തിനുവേണ്ടി നമുക്ക് അംഗീകരിക്കുക. അപ്പോഴും തെരഞ്ഞെടുപ്പിലത് മോഡി സര്‍ക്കാരിനെതിരെ പ്രതിഫലിക്കേണ്ടതില്ലേ? അതോ സായുധസമരം വഴി മോഡിയെ അട്ടിമറിക്കുമോ? അതല്ല, അറബ് വസന്തമോഡലില്‍ പ്രക്ഷോഭം നടത്തി മോഡിയെ താഴെയിറക്കിയാലും ഒരു തെരഞ്ഞെടുപ്പിലൂടെ വേണ്ടേ പുതിയ സര്‍ക്കാരിനെ വാഴിക്കാന്‍. നക്‌സലൈറ്റ് പ്രസ്ഥാനം 67 മുതല്‍ പറഞ്ഞുപോന്ന പാര്‍ലമെന്റേതര സമരമെന്ന, അഥവാ സായുധസമരമെന്ന് കാഴ്ചപ്പാടിനെ വിപ്ലവാചകമടി മാത്രമായാമ് സിപിഐഎം വിശേഷിപ്പിച്ചിരുന്നത്. ആ നക്‌സലൈറ്റ് നിലപാട് മാത്രമാണ് ഇന്ന് കാരാട്ട് ആവര്‍ത്തിക്കുന്നത്. പാര്‍ലമെന്റേതര സമരങ്ങളും പ്രസ്ഥാനങ്ങളും വഴി ഭൂപ്രദേശത്തിന്റെ 80% കൈപ്പിടിയിലൊതുക്കിയ നേപ്പാളിലെ മാവോയിസ്റ്റുകള്‍ പോലും പിന്നീട് ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്ന് പാഠം പഠിച്ച് തെരഞ്ഞെടുപ്പിലൂടെയാണധികാരത്തിലേറിയത്. അപ്പോള്‍ നക്‌സലിസത്തിനെതിരെ അരനൂറ്റാണ്ടിലേറെ പ്രത്യയശാസ്ത്രസമരം നടത്തിയെന്നവകാശപ്പെടുന്ന സി.പി.ഐ(എം) ന്റെ പി.ബി.യിലെ ഭൂരിപക്ഷത്തിന്റെ നേതാവ് പൊടുന്നനെ പാര്‍ലമെന്റേതര സമരങ്ങളിലൂടെ മോഡിയെ താഴെയിറക്കാമെന്ന് യുക്തിവിചാരം നടത്തുന്നു. അതും ഇന്നത്തെ സംഘടനാസ്ഥിതിയില്‍ നിന്നുകൊണ്ട്! തന്റെ ജനറല്‍ സെക്രട്ടറിക്കാലത്തെ പാര്‍ട്ടിയുടെ തീവ്രവേഗത്തിലുള്ള പതനം ചര്‍ച്ചയാകാതിരിക്കാന്‍ അദ്ദേഹം വിപ്ലവ വായാടിത്തത്തില്‍ അഭയം തേടുകയാണെന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ?

ഇനി അഥവാ, മോഡി എന്തായാലും അടുത്ത തെരഞ്ഞെടുപ്പിലും ജയിക്കും, അതുകൊണ്ട് മോഡിയെ ദുര്‍ബ്ബലപ്പെടുത്താന്‍ ദീര്‍ഘാടിസ്ഥാനത്തിലുള്ള പാര്‍ലമെന്റേതര സമരങ്ങളും പ്രസ്ഥാനങ്ങളുമാണ് ലക്ഷ്യം വക്കുന്നത് എന്നാണോ വാദം? അങ്ങനെയെങ്കില്‍ നമുക്ക് ഏതുതരം പാര്‍ലമന്റേതരസമരം എന്നതും ചര്‍ച്ചചെയ്യേണ്ടിവരും.അത് ബഹുജനപ്രക്ഷോഭങ്ങളും സമരങ്ങളുമാണോ? അതോ ചെ ഗുവേര മോഡല്‍ സായുധസമരമാണോ? ആദ്യം പറഞ്ഞതാണെങ്കില്‍ ഭരണഘടനയും അതു നല്‍കുന്ന മൗലികാവകാശങ്ങളും ജനാധിപത്യസ്വാതന്ത്ര്യങ്ങളും തകിടം മറിക്കപ്പെട്ടാല്‍ ആ സമരങ്ങളും പ്രസ്ഥാനങ്ങളും നടത്താന്‍ തന്നെ സാധിക്കുമോ?

അടിയന്തിരാവസ്ഥയെത്തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) ''ഇന്ദിരാഫാസിസത്തെ തൂത്തെറിയുക'' എന്ന മുദ്രാവാക്യത്തിനുകീഴില്‍ മറ്റെല്ലാ പ്രതിപക്ഷ കക്ഷികളുമായി ഒന്നിച്ചു. ഭരണഘടനാവാഴ്ച പുന:സ്ഥാപിക്കപ്പെട്ടു. അതൊരു തെറ്റായിരുന്നു എന്ന് കാരാട്ട് ഇന്നു കാണുന്നുണ്ടോ? ഇല്ല എങ്കില്‍ മോഡിഭരണം ഇന്ദിരാഭരണത്തേക്കാള്‍ കുറഞ്ഞ അപകടമാണ്, അതും വീണ്ടും വരുന്നതില്‍ ആശങ്കയൊന്നും വേണ്ട എന്നു തുറന്നുപറയണം.

മോഡിയുടേത് ഒരു അമിതാധികാരവര്‍ഗ്ഗീയഭരണം മാത്രം! അത് ചില ഫാസിസ്റ്റ് സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ! അതിനാല്‍ ഇന്ന് വര്‍ഗ്ഗീയതയെ എതിര്‍ക്കലും സാമ്പത്തികനയത്തെ എതിര്‍ക്കലും ഞങ്ങള്‍ക്കു തുല്യപ്രാധാന്യമുള്ളതാണ് എന്ന് കഷ്ടപ്പെട്ട് വാദിച്ചുറപ്പിക്കുകയാണ് പ്രകാശ് കാരാട്ട്. അതിനായി ഫലത്തില്‍ സംഘപരിവാര്‍ ശക്തികളുടെ ട്രോജന്‍കുതിരയുടെ റോളിലേക്കദ്ദേഹം മാറുന്നു; മോഡിഭരണത്തിന്റെ അപകടത്തെ ഒരു വശത്ത് ലഘൂകരിച്ചുകൊണ്ടും മറുവശത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ മോഡിയും സംഘവും അജയ്യരാണ് എന്നു വരുത്തിത്തീര്‍ത്തുകൊണ്ടും. ഈ വാദത്തിന് സോവിയറ്റ് മാര്‍ക്‌സിസത്തില്‍പ്പോലും ഒരു ന്യായീകരണവുമില്ല. ദിമിത്രോവിന്റെ ഐക്യമുന്നണി സിദ്ധാന്തമാണ് അടിയന്തിരാവസ്ഥയില്‍ ഏറെക്കുറെ നടപ്പാക്കിയതെങ്കില്‍, ഇപ്പോഴത്തേത് ആത്മഹത്യയുടെ ഒരു പാതയാണ്. ഇന്ത്യയിലെ ജനാധിപത്യമതേതരശക്തികളെല്ലാം ഈ നിലപാടിനെ തുറന്നുകാട്ടി ചെറുക്കാന്‍ മുന്നോട്ടുവരണം. ഇല്ലെങ്കില്‍ അപകടത്തിലാകുന്നത് ഈ രാജ്യത്തിന്റെ ഭാവിയാണ്.
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow