Loading Page: ദേശീയ പൗരത്വ രജിസ്റ്റര്‍: ബിജെപിയുടെ കളി തികഞ്ഞ രാജ്യദ്രോഹം

രാഷ്ട്രീയ വിശകലനം

ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയും, ദേശീയ പൗരത്വ-രജിസ്റ്റര്‍ പുറത്തുവിട്ടത് അടുത്ത തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയക്കാര്‍ഡ് കളിക്കാന്‍ ആസൂത്രിതമായി ബി.ജെ.പി ചെയ്തതാണെന്ന വസ്തുത രാജ്യസഭയിലെ അമിത് ഷായുടെ പ്രകടനത്തിലൂടെയും കുടിയേറ്റക്കാരെ വെടിവെച്ചു കൊല്ലണമെന്ന തെലുങ്കാനാ ബി.ജെ.പി എം.പി.യുടെ പ്രസ്താവനയിലൂടെയും എല്ലാവര്‍ക്കും വ്യക്തമാകുകയാണ്. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്‍ പോലും ഒഴിവാക്കപ്പെട്ടു എന്നു പറയുമ്പോള്‍ സംഗതിയുടെ ഗൗരവം വ്യക്തമാണ്.

വലിയ രീതിയിലുള്ള അക്രമങ്ങളും കൂട്ടക്കൊലകളും നടക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നതിനുള്ള രണ്ടു സൂചനകള്‍ ഇപ്പോള്‍ത്തന്നെ നമുക്കു ലഭിച്ചു. (1) ജാര്‍ഖണ്ഡിലെ ബി.ജെപി സര്‍ക്കാര്‍ സംസ്ഥാനത്തുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കണമെന്ന ഡിമാന്‍ഡ് ഉന്നയിച്ചു. (2) മേഘാലയയില്‍ വിജിലാന്തേ സംഘങ്ങള്‍ അതുവഴി പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് തങ്ങളുടെ നാട്ടിലേക്ക് കടന്നു വരുന്ന അനധികൃത കുടിയേറ്റക്കാരെ അടിച്ചോടിക്കാന്‍ തുടങ്ങി. ഗോത്രവര്‍ഗ്ഗക്കാരായ ഖാസി സ്റ്റുഡന്റ്‌സ് യൂണിയനും മറ്റു സംഘടനകളും തങ്ങള്‍ ആയിരത്തിലേറെ പേരെ തുരത്തി എന്നവകാശപ്പെടുമ്പോള്‍ അക്രമപ്രവര്‍ത്തനങ്ങളുടെ ഗൗരവം വ്യക്തമാണ്.

ബ്രഹ്മപുത്ര - ബരാക് താഴ്‌വരകളെ ബന്ധിപ്പിക്കുന്ന റോഡ് താറുമാറായതിനെത്തുടര്‍ന്ന് മേഘാലയ വഴിയുള്ള ഹൈവേ വഴി പോയവരാണ് ആക്രമിക്കപ്പെട്ടത്. ആസ്സാമില്‍ നിന്നുള്ള യാത്രക്കാരെ തടയാനും കൊള്ളയടിക്കാനുമുള്ള ഒരവസരമായി ആള്‍ക്കൂട്ട സംഘങ്ങള്‍ ഇതിനെ ഉപയോഗിക്കുന്നതോടെ വലിയ ലഹളകളും കുഴപ്പങ്ങളും കലാപങ്ങളുമാണ് അരങ്ങേറുക.

ദേശീയ പൗരത്വ രജിസ്റ്റര്‍ 1951-ലെ രജിസ്റ്ററില്‍ പേരുള്ളവരുടെ മക്കളും ചെറുമക്കളുമായ ആളുകളടക്കം സൈന്യത്തിലും പോലീസ് സേനയിലും ജോലി ചെയ്ത് റിട്ടയറായവരെയും ഇപ്പോഴും സര്‍വീസിലുള്ളവരെയും കുടുംബത്തെയും വിട്ടു കളഞ്ഞപ്പോള്‍ ഒറ്റനോട്ടത്തില്‍ അതില്‍ ഒരു കാരണം മാത്രമേ കാണാനുള്ളു. അവരെല്ലാം മുസ്ലീങ്ങളാണ്. ഇങ്ങനെ വലിയൊരു വിഭാഗത്തെ വിട്ടു കളഞ്ഞ് പൗരത്വത്തിന് മതം മാനദണ്ഡമാക്കി വര്‍ഗ്ഗീയത കളിക്കാനാണ് ബി.ജെ.പി തയ്യാറാകുന്നത്. അതനുസരിച്ച്, വിഭജനത്തിനു മുമ്പ് സിന്ധുകാരനായിരുന്ന അദ്വാനി ഹിന്ദുസ്ഥാന്റെ വീരപുത്രനും 'ലോഹ പുരുഷു'മാണ്. അതേ സമയം ആസ്സാമില്‍ താമസിക്കുന്നവര്‍ എത്ര തലമുറ കഴിഞ്ഞവരായാലും ഇടക്കിടെ പൗരത്വ രജിസ്റ്ററില്‍ നിന്നൊഴിവാക്കപ്പെടും. പിന്നെ ഇന്ത്യാക്കാരനാണെന്നു തെളിയിക്കാന്‍ പണവും അദ്ധ്വാനവും ചെലവാക്കി നീണ്ട നാള്‍ നെട്ടോട്ടമോടണം. മുസ്ലീമായതുകൊണ്ടു മാത്രം പൗരത്വം തെളിയിക്കേണ്ടി വരിക എന്നാല്‍ എത്ര മാത്രം അപമാനകരമാണത്?

അതിനിടെ ആസാമിലെ 25 ലക്ഷം ഗൂര്‍ഖകളില്‍ ഒരു ലക്ഷം പേരും NRC യില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1950-ല്‍ ഒപ്പിട്ട ഇന്തോ - നേപ്പാള്‍ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് യഥേഷ്ടം അങ്ങാട്ടുമിങ്ങോട്ടും പോകാം, സ്വത്തു സമ്പാദിക്കുകയും മറ്റവകാശങ്ങള്‍ അനുഭവിക്കുകയുമാകാം. 16-ാം നൂറ്റാണ്ടു മുതല്‍ ആസ്സാമില്‍ താമസിച്ചു പോന്നവരുടെ പിന്മുറക്കാരും ഒഴിവാക്കപ്പെട്ടവരിലുണ്ടെന്ന് ഗൂര്‍ഖാ നേതാക്കള്‍ പറയുന്നു.

ഇത്തരമൊരു രജിസ്റ്റര്‍ തയ്യാറാക്കല്‍ വളരെ ബുദ്ധിമുട്ടാണ്. അതുള്ളപ്പോള്‍ത്തന്നെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രശ്‌നം അതീവ സങ്കീര്‍ണ്ണമാണ്. വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ നിരന്തരം പോരടിക്കുന്ന അവിടെ ചെറിയൊരു തീപ്പൊരി മതി വലിയ കാട്ടുതീ ആളിപ്പടരാന്‍. അവിടെയാണ് മോഡിയും അമിത് ഷായും തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത്. വിദ്യാഭ്യാസം, സാമ്പത്തികപുരോഗതി എന്നിവ നേടിയെടുത്ത് ഗോത്രവികാരം ഇല്ലാതാകുന്നതുവരെ പ്രശ്‌നം ആളിക്കത്തുന്നത് ഒഴിവാക്കാന്‍ മാത്രമേ സര്‍ക്കാരുകള്‍ക്ക് കഴിയൂ. പക്ഷേ, അതറിയാന്‍ രാജ്യസ്‌നേഹം വേണം.

കുടിയേറ്റക്കാരുടെ പ്രശ്‌നം ചരിത്രപരമായ വേരുകളുള്ളതാണ്. ബംഗാള്‍ എന്ന ഏറ്റവും വലിയ ഇന്ത്യന്‍ പ്രവിശ്യയെ ബ്രിട്ടീഷുകാര്‍ വിഭജിച്ചിടത്തു നിന്നു തുടങ്ങുന്ന വലിയ മുറിവാണത്. ബംഗാളിലെ ദാരിദ്യം മുതലെടുത്ത് ഒട്ടേറെ ബംഗാളികളെ ആസ്സാമില്‍ തോട്ടം പണിക്ക് കൊണ്ടുപോയി. വിഭജനകാല വര്‍ഗ്ഗീയ ലഹളകള്‍ ഒട്ടേറെപ്പേരെ നാടുവിടാന്‍ പ്രേരിപ്പിച്ചു. പിന്നീട് വന്ന ബംഗ്ലാദേശ് യുദ്ധ കാലത്ത് പാക്കിസ്ഥാന്‍ പട്ടാളവും ജമാഅത്തെ ഇസ്ലാമിയും അഴിച്ചുവിട്ട കൂട്ടക്കൊലകളില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു കോടി പേര്‍ ഇന്ത്യയിലേക്കോടി വന്നു. അവരില്‍ വലിയൊരു പങ്ക് മടങ്ങിപ്പോയില്ല. ഇവരെയെല്ലാം അനധികൃത കുടിയേറ്റക്കാര്‍ എന്ന പറഞ്ഞ് കണ്ടെത്തി പിടികൂടി തിരിച്ചയക്കാന്‍ പറ്റുമോ?

ലോകത്ത് നിലനില്ക്കുന്ന പട്ടിണിയും ദാരിദ്ര്യവുമാണ് കുടിയേറ്റത്തിനു കാരണം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക - സൈനിക ശക്തിയായ അമേരിക്കക്കു പോലും കുടിയേറ്റം തടയാനോ കടിയേറ്റക്കാരെ മുഴുവന്‍ മടക്കിയയക്കാനോ പറ്റുന്നില്ല. വാദത്തിനു വേണ്ടി ഇപ്പോള്‍ NRC യില്‍ വരാത്ത 40 ലക്ഷം പേരില്‍ ഒരു ലക്ഷം പേര്‍ മാത്രമേ തെറ്റായി കടന്നു കൂടിയവരുള്ളു, ബാക്കി മുഴുവന്‍ അനധികൃത കുടിയേറ്റക്കാരാണ് എന്ന വക്കുക. തെലുങ്കാനാ ബി.ജെ.പി എം.പി പറയുന്നതുപോലെ അവരെ വെടിവെച്ചു കൊല്ലാന്‍ പറ്റുമോ? ലോകം മോഡി - അമിത് ഷാ സംഘത്തെ അതിനനുവദിക്കുമോ? ബംഗാളി സംസാരിക്കുന്ന ഇവരെല്ലാം ഭാവിയില്‍ ഒരു അവിഭക്ത ബംഗാളുണ്ടാകുമ്പോള്‍ അതിന്റെ പൗരന്മാരാകുമായിരിക്കാം. അതേക്കുറിച്ചു ഭാവന ചെയ്യുന്നത് പോലും അര്‍ത്ഥമില്ലാത്ത കാര്യമാണ്.

തെരഞ്ഞെടുപ്പിനു വേണ്ടി ദശലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതം നരകതുല്യമാക്കാനും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തിവക്കാനുമിടയാക്കുന്ന കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ തയ്യാറാകുമ്പോള്‍ മുന്നില്‍ അടുത്തു വന്നു കൊണ്ടിരിക്കുന്ന ഒരു മഹാദുരന്തത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണ വര്‍ഗ്ഗരാഷ്ട്രീയം മൗനം പാലിക്കുന്നു.

ഭൗമ താപനമുയര്‍ത്തുന്ന അപകട ഭീഷണിയാണത്. കാര്യങ്ങള്‍ ഇന്നത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ 50 കൊല്ലത്തിനകം ബംഗ്ലാദേശിന്റെ 40 ശതമാനം കടലിനടിയിലാകുമെന്ന് ശാസ്ത്രലോകം പറയുന്നു. അത് മുഴുവന്‍ നെല്‍ക്കൃഷി മേഖലയാണ്. അങ്ങനെ വന്നാല്‍ ബംഗ്ലാദേശിലെയും ഇന്ത്യന്‍ തീരപ്രദേശങ്ങളിലെയും വലിയൊരു ഭാഗം ജനങ്ങള്‍ ജീവനും വാരിപ്പിടിച്ച് അവശിഷ്ട ഇന്ത്യയിലേക്ക് കുടിയേറും. അത്തരം സാധ്യതകള്‍ ഒഴിവാക്കാന്‍ ഭൗമ താപനത്തിനെതിരെ മുന്നില്‍ നിന്നു പോരാടേണ്ട രാജ്യമാണിന്ത്യ. അതിനൊന്നും യാതൊരു പരിഗണനയും നല്കാതെ തല്ക്കാല രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തിന് തീവെക്കുകയാണ് മോഡിയും ഷായും.
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
വരുന്ന 8, 9 തിയതികളിലെ ദേശീയ പണിമുടക്കില്‍ നിര്‍ബന്ധിച്ച് കടകളടപ്പിക...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow