Loading Page: മോഡിയുടെ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളും

രാഷ്ട്രീയ വിശകലനം

'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ മുന്നോട്ടുവച്ച ഒരൊറ്റ വാഗ്ദാനമെങ്കിലും അല്പമെങ്കിലും പാലിക്കാന്‍ മോഡിക്കു കഴിഞ്ഞില്ല എന്നതിന്റെ പ്രഖ്യാപനം മാത്രമാണ് ആ അഭിമുഖം ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ടവനും ഭീരുവുമായ 'പ്രധാനമന്ത്രിയാണ് താനെന്നും ഈ 56 ഇഞ്ചുകാരന്‍ പ്രഖ്യാപിക്കുന്നു. അടുത്തിടെ കല്ലിമേല്‍ കിടന്ന് 'ശാരീരിക ക്ഷമത' തെളിയിച്ചതിനേക്കാള്‍ പരിഹാസ്യമാണ് ഈ 'അഭിമുഖ' പൊറാട്ടുനാടകം

വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പില്‍ തരംതാണ വര്‍ഗ്ഗീയവികാരമിളക്കിവിടുന്ന നുണകളും അര്‍ദ്ധസത്യങ്ങളും തട്ടിവിടുന്നതില്‍ ഇപ്പോഴുമദ്ദേഹം മിടുക്കന്‍ തന്നെ. പക്ഷേ ഇങ്ങോട്ടുചോദ്യം ചോദിക്കാനുമതി നല്കുന്ന പത്ര സമ്മേളനം നടത്താനോ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്കു മറുപടി നല്കാനോ ഇന്നേ വരെ അദ്ദേഹം തയ്യാറായിട്ടില്ല. പല അന്തരാഷ്ട്ര വേദികളിലും രാജ്യത്തെ പൊതുയോഗങ്ങളിലും വിഡ്ഡിത്തങ്ങള്‍ വിളമ്പി തീര്‍ത്തും പരിഹാസ്യനാകുക കൂടിയായതോടെ നേരിട്ടൊരഭിമുഖം നല്കാന്‍ പോലും ഇപ്പോള്‍ ഭയമായി.

തെരഞ്ഞെടുപ്പടുത്തതോടെ തന്റെ ഭരണത്തിനെതിരെ ഉയരുന്ന മുഖ്യ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന ഒരു ചോദ്യോത്തരം തയ്യാറാക്കി അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്കി. അതിന്റെ പ്രസക്തഭാഗങ്ങള്‍ ഇന്നത്തെ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. (അത് മുഴുവനായി വായിക്കാന്‍ ജന്മഭൂമി നോക്കി. അതില്‍ തങ്ങള്‍ക്ക് പറ്റിയ ചില കാര്യങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു!!!)

പത്തുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ മോഡി ഏറ്റവും വലിയ പരാജയമായത് ആ രംഗത്താണ്. അതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം അതുമിതും പറയുന്നു. ഇന്ത്യയിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം കൂടി, പുതിയ മൂന്നരക്കോടി പേര്‍ക്ക് മുദ്ര വായ്പകള്‍ നല്കി, കോടിക്കണക്കിനു പേര്‍ വിമാനയാത്ര ചെയ്തു, EPF പദ്ധതിയില്‍ പുതിയതായി 45 ലക്ഷം പേരും, പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ അഞ്ചു ലക്ഷത്തിലേറെപ്പേരും എത്തി, എന്നിങ്ങനെ... ഒരുപാടു സ്റ്റാര്‍ട്ടപ്പുകളും മൊബൈല്‍ കമ്പനികളും തുടങ്ങിയെന്നും പറയുന്നു. ഇതെല്ലാം ശരിയായിരിക്കാം. എങ്കിലും എത്ര തൊഴിലവസരങ്ങള്‍ വര്‍ധിച്ചു? പ്രതിവര്‍ഷം രണ്ടു കോടി എന്ന വാഗ്ദാനത്തിന്റെ സ്ഥാനത്ത് രണ്ടു ലക്ഷം വച്ചെങ്കിലും വര്‍ധിച്ചോ? മറുപടിയില്ല.

മോഡി നോട്ടുനിരോധിച്ചും, പശുരാഷ്ട്രീയം ആളിക്കത്തിച്ചും, പശു കച്ചവടം നിരോധിച്ചും കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. ജി.എസ്.ടി കൂടെ കൊണ്ടുവന്നതോടെ എണ്ണമറ്റ ടെക്‌സ്‌റ്റൈല്‍ കമ്പനികളടക്കം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ അടച്ചു പൂട്ടി. ഒരു കാലത്ത് യൂറോപ്യന്‍ - അമേരിക്കന്‍ വിപണികളിലേക്ക് ഏറ്റവുമധികം ടെക്‌സ്‌റ്റൈല്‍ കയറ്റുമതി നടത്തിയിരുന്ന ഇന്ത്യ ഇപ്പോള്‍ വിലകൂടിയ ഇനങ്ങളുടെ കാര്യത്തില്‍ ചൈനയുടെയും വിലകുറഞ്ഞ ഇനങ്ങളുടെ കാര്യത്തില്‍ ബംഗ്ലാദേശിന്റെയും പിന്നിലാണ്. പശുരാഷ്ട്രീയം കന്നുകാലി, തുകല്‍ മേഖലകളില്‍ ഉദ്ദേശം ഒരു ലക്ഷം കോടിയുടെ വരുമാന നഷ്ടമാണ് രാജ്യത്തുണ്ടാക്കിയത്. ഏറ്റവുമധികം തൊഴില്‍ പോയത് ദളിതര്‍ക്കും. കാര്‍ഷിക മേഖലയുടെ വന്‍ തകര്‍ച്ച രാജ്യത്താകെ വമ്പിച്ച കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കിടയാക്കുന്നു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണവും വിമാനയാത്രക്കാരുടെ എണ്ണവും പറയേണ്ടി വരുന്നതു തന്നെ യാതൊരു തൊഴിലും പുതിയതായി ഉണ്ടാക്കാന്‍ പറ്റാത്തതിന്റെ ഭംഗ്യന്തരേണയുള്ള സമ്മതമാണ്.

ആള്‍ക്കൂട്ടകൊലയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും സംബന്ധിച്ച ചോദ്യത്തിന് നല്ലന്ന മറുപടി അതിലും വിചിത്രമാണ്. സംഭവങ്ങളെ സ്ഥിതി വിവരക്കണക്കുകളായി കാണുകയും അവയില്‍ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് പരിഹാസ്യമാണത്രേ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത ഇടമായി ഇന്ത്യയെ മാറ്റിയതോടെ മോഡിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ശരിക്കും പുറത്തു വന്നിരിക്കുകയാണ്. കാത്തുവയില്‍ ഏട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ സൂക്ഷിച്ച് ഏഴുദിവസം വിവരണാതീതമായ ക്രൂരതകള്‍ കാട്ടിയശേഷം കൊന്നത് മുസ്ലീങ്ങളെ ആ പ്രദേശത്തു നിന്നോടിക്കാന്‍ മാത്രമായിരുന്നു. ആ ഭീകര നരാധമന്മാരെ രക്ഷിക്കാന്‍ സ്വന്തം പാര്‍ട്ടിയുടെ ഒരു സംസ്ഥാന ഘടകത്തെത്തന്നെ രംഗത്തിറക്കി ലോകം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി സ്വയം മുദ്ര ചാര്‍ത്തി. സ്വന്തം പാര്‍ട്ടിയുടെ എം.എല്‍.എ നടത്തിയ ബലാല്‍സംഗം മറച്ചു വക്കാന്‍ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് സ്റ്റേഷനിലിട്ട് തല്ലിക്കൊന്ന ലോക റിക്കാര്‍ഡും മോഡിയുടെ പാര്‍ട്ടിക്കു തന്നെ. അതിനുള്ള മറുപടിയാണ് സ്ഥിതിവിവരക്കണക്കായി കാണുകയും രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നതിലെ അപഹാസ്യതയെന്ന പ്രയോഗം. ജിഎസ്ടി-ക്കാര്യത്തില്‍ ലക്ഷ്യം വച്ച വരുമാനമെത്ര, കിട്ടിയതെത്ര എന്ന കണക്കൊന്നുമില്ല. വമ്പിച്ച വിലക്കയറ്റത്തിനിടയാക്കിയ ആ നടപടി നികുതി വെട്ടിപ്പുകാര്‍ക്കല്ലാതെ ആര്‍ക്ക് ഗുണം ചെയ്തു? എന്നതിനും മറുപടിയില്ല.

ദളിത്, ആദിവാസി, ദരിദ്ര വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ .. ' അംബേദ്ക്കറുടെ സ്വപ്നങ്ങള്‍ നശിപ്പിച്ചവര്‍ തന്നെയാണ് പ്രശ്‌നമുണ്ടക്കുന്നതും. അവര്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വിത്തുപാകാന്‍ ശ്രമിക്കുന്നു.' തന്റെ നാലര വര്‍ഷ ഭരണത്തില്‍ ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പാവപ്പെട്ടവര്‍ എന്നിവരുടെ നിലയില്‍ വല്ല മാറ്റവും വന്നോ, അവരുടെ വല്ല അവകാശങ്ങളും സംരക്ഷിച്ചോ? മറുപടിയില്ല.

ആരാണ് അംബേദ്ക്കറുടെ സ്വപ്നങ്ങള്‍ നശിപ്പിച്ചതിലെ ഒന്നാം പ്രതി? എന്താണ് അംബദ്ക്കറുടെ സ്വപ്നം? ജാതി നിര്‍മ്മാര്‍ജനമായിരുന്നു അംബേദ്ക്കറുടെ ലക്ഷ്യം. അതില്‍ ഏറ്റവും വലിയ വിലങ്ങുതടി അന്നുമിന്നും ചാതുര്‍വര്‍ണ്യ വ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറും അതിന്റെ ഹിന്ദുത്വ പദ്ധതിയുമാണ്. എന്നിട്ട്, വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വിത്തുപാകുകയാണത്രേ!

യുപിഎ കാലത്ത് ഒരു വിമാനത്തിന് 500 കോടി വിലയിട്ടത് 1500 കോടിയാക്കി പുതിയ കരാറുണ്ടാക്കിയ ഏറ്റവും നഗ്‌നമായ റാഫേല്‍ അഴിമതിയെക്കുറിച്ച് ആകെ മോഡി പറയുന്നത് അത് രണ്ട് സ്വതന്ത്രപരമാധികാര രാജ്യങ്ങള്‍ ഒപ്പിട്ട കരാറാണെന്നു മാത്രം. HAL-ല്‍ നിന്ന് അബാനിക്ക് നിര്‍മ്മാണ കരാര്‍ നല്കി മുപ്പതിനായിരം കോടി ചോര്‍ത്തിക്കൊടുത്തതിനെക്കുറിച്ച് ഒന്നുമില്ല! ഇങ്ങനെചോദ്യങ്ങള്‍ക്ക്, അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന മറുപടി പറഞ്ഞ് അപഹാസ്യനാകുകയാണ് മോഡി. അപ്പോഴും വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ നേരിടാന്‍ പോകുന്ന വലിയ വിമര്‍ശനങ്ങള്‍ ഈ വിഷയങ്ങളിലാണ് എന്നും, അതിനൊന്നിനും തനിക്ക് മറുപടിയില്ല എന്നും പറയാതെ പറയുന്നുണ്ട് മോഡി.

ഒരിന്ത്യക്കാരനും രാജ്യം വിടേണ്ടി വരില്ല എന്നു പറയുന്നുണ്ട് മോഡി. ഇക്കഴിഞ്ഞ നാലരവര്‍ഷവും തന്റെ പാര്‍ട്ടിയുടെ മന്ത്രിമാരും നേതാക്കളും ജനപ്രതിനിധികളും ബീഫ് ഭക്ഷണമടക്കം പലതിന്റെയും പേരില്‍ രാജ്യത്തെ മുസ്ലീങ്ങളോടും ബുദ്ധിജീവികളോടും മതേതര ജനാധിപത്യവാദികളോടും പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പൗരന്മാരാരും പോകേണ്ടഎന്ന പറച്ചില്‍ NRC യില്‍ പേരില്ലാത്ത സകലരും വിദേശികളാണ് എന്നു പറഞ്ഞ് തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള പരിപാടിയുടെ മുന്നൊരുക്കമാണോ?

'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ മുന്നോട്ടുവച്ച ഒരൊറ്റ വാഗ്ദാനമെങ്കിലും അല്പമെങ്കിലും പാലിക്കാന്‍ മോഡിക്കു കഴിഞ്ഞില്ല എന്നതിന്റെ പ്രഖ്യാപനം മാത്രമാണ് ആ അഭിമുഖം ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ടവനും ഭീരുവുമായ 'പ്രധാനമന്ത്രിയാണ് താനെന്നും ഈ 56 ഇഞ്ചുകാരന്‍ പ്രഖ്യാപിക്കുന്നു. അടുത്തിടെകല്ലിമേല്‍ കിടന്ന് 'ശാരീരിക ക്ഷമത' തെളിയിച്ചതിനേക്കാള്‍ പരിഹാസ്യമാണ് ഈ 'അഭിമുഖ' പൊറാട്ടുനാടകം

സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow