ഇ.പി. കാര്‍ത്തികേയന്‍

പാവറട്ടി സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരേ പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമനുസരിച്ച്‌ കേസെടുക്കുക, കേസന്വേഷണം സി.ബി.ഐ.യെ ഏല്‍പ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധപരിപാടികള്‍ ശക്തമായതോടെ സര്‍ക്കാര്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനു കൈമാറുന്നതായി പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ ദലിതു സംഘടനകള്‍ക്കോ വിനായകിന്റെ ബന്ധുക്കളോ തൃപ്‌തരല്ല.

തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസിയായ വിനായക്‌ എന്ന പത്തൊമ്പതുകാരന്റെ ആത്മഹത്യ ഉയര്‍ത്തുന്നത്‌ നീതിയുടെ മാത്രം പ്രശ്‌നമല്ല. ദലിത്‌ സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ സമീപനവുമാണ്‌. ഇക്കഴിഞ്ഞ ജൂലൈ 17നാണ്‌ കേരളത്തിന്റെ മനസാക്ഷിയെ നൊമ്പരപ്പെടുത്തിയ വിനായകിന്റെ ആത്മഹത്യയിലേക്ക്‌ നയിച്ച സംഭവങ്ങളുടെ തുടക്കം. ചക്കാണ്ടന്‍ കൃഷ്‌ണന്റെ മകനായ വിനായക്‌ പാവറട്ടിയില്‍ തന്റെ പെണ്‍സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. കൂടെ കൂട്ടുകാരനായ ശരത്തുമുണ്ടായിരുന്നു. പട്ടാപ്പകല്‍. ആരെയും മറയ്‌ക്കാതെയാണ്‌ അവര്‍ മൂന്നുപേരും റോഡരുകില്‍ നിന്നു സംസാരിച്ചിരുന്നത്‌. ഈ സമയത്താണ്‌ പാവറട്ടി സ്റ്റേഷനിലെ പോലീസുകാര്‍ അവിടെയെത്തുന്നത്‌. ഇവരെ ചോദ്യം ചെയ്യുന്നു. തുടര്‍ന്ന്‌ വിനായകിനെയും ശരത്തിനെയും കസ്‌റ്റഡിയിലെടുത്തു സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. സംശയാസ്‌പദമായാണ്‌ കസ്റ്റഡിയിലെടുത്തതെന്നും ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കിനു ബുക്കും പേപ്പറും രേഖകളുമില്ലായിരുന്നുവെന്നുമാണ്‌ പോലീസ്‌ പറഞ്ഞത്‌.
പിന്നീട്‌ സ്റ്റേഷനില്‍വച്ച്‌ വിനായകന്‌ നേരിടേണ്ടി വന്നത്‌ ഭീകരമായ മര്‍ദനമായിരുന്നു. ശരത്തിനേയും മര്‍ദിച്ചു. വിനായകിന്റെ നീട്ടിവളര്‍ത്തിയ മുടിയും കാതിലെ കമ്മലുമായിരുന്നു പോലീസുകാരുടെ ഒരു പ്രശ്‌നം. മാത്രമല്ല, പട്ടികജാതിക്കാരനെന്നു മനസിലായതോടെ പോലീസുകാരുടെ വീര്യം കൂടുകയും ചെയ്‌തു. മുടിയില്‍ പിടിച്ചു ചുമരിലിടിച്ചും മറ്റും ഭീകരമായ വേട്ട. മുടി പിടിച്ചുവലിച്ചതു കൂടാതെ വിനായകിന്റെ മുലഞ്ഞെട്ടുകള്‍ ഞെരിക്കുകയും ജനനേന്ദ്രിയത്തില്‍ മര്‍ദിക്കുകയും ചെയ്‌തു. മാല മോഷ്ടാക്കളാണെന്നു സമ്മതിച്ചാല്‍ വിടാമെന്നായിരുന്നു പോലീസിന്റെ നിലപാട്‌. ഇവര്‍ കഞ്ചാവു കച്ചവടത്തിലെ കണ്ണികളാണെന്നു വരെ പോലീസ്‌ പ്രചിരിപ്പിച്ചു. എന്നാല്‍ നിഷ്‌കളങ്കരായ ഇരകള്‍ അത്‌ സമ്മതിച്ചില്ല. തുടര്‍ന്ന്‌ പോലീസ്‌ വിനായകിന്റെ പിതാവിനെ വിളിച്ചുവരുത്തി വൈകിട്ടോടെ വിട്ടയയ്‌ക്കുകയായിരുന്നു. പിറ്റെദിവസം വിനായക്‌ ആത്മഹത്യ ചെയ്യുകയും ചെയ്‌തു. പോലീസ്‌ മര്‍ദ്ദനവും കള്ളക്കേസില്‍ കുടുക്കുമെന്നുള്ള ഭയവും മൂലമാണ്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തതെന്നാണ്‌ ബന്ധുക്കള്‍ പറഞ്ഞത്‌. ഇത്രയും വാര്‍ത്തകളിലൂടെ നാമറിഞ്ഞ കാര്യങ്ങള്‍.
എന്നാല്‍ മഫ്‌തിയിലായിരുന്ന പോലീസുകാര്‍ വിനായകിനെയും ശരത്തിനെയും പിടിച്ചുകൊണ്ടു പോയി മര്‍ദിച്ചതിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു പോലീസിലെ ഉയര്‍ന്ന തലത്തിലുള്ളവരുടെ ആദ്യപ്രതികരണം. അതിനവര്‍ക്ക്‌ വിശദീകരണവുമുണ്ടായിരുന്നു. പാവറട്ടി മേഖലയില്‍ മാല മോഷണവും മറ്റും വ്യാപകമായിരുന്നു, അതിനാല്‍ ഇവരും അക്കൂട്ടത്തില്‍പ്പെട്ടതാവാം. അതും സമ്മതിക്കാം. എന്നാല്‍ സ്റ്റേഷനില്‍വച്ച്‌ പട്ടികജാതിക്കാരനാണെന്ന്‌ അറിഞ്ഞപ്പോള്‍ കാക്കിധാരികളുടെ സദാചാരബോധം കൂടുതല്‍ ഉന്മത്തമായതാണ്‌ ഒരു പ്രഹേളിക. രണ്ടു പോലീസുകാരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നാണ്‌ പുറത്തുവന്ന കഥ. അതേസമയം, പ്രധാനപ്പെട്ട ഒരു കക്ഷിയുടെ കളരിയില്‍ വളര്‍ന്ന പ്രധാന ഉദ്യോഗസ്ഥനും ഇതില്‍ പങ്കുണ്ടെന്ന സംശയവും പ്രബലമായി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പോലീസിനു വീഴ്‌ച പറ്റിയെന്നു വ്യക്തമാക്കിയതോടെ പോലീസിനെ ന്യായീകരിക്കുകയും മര്‍ദനം ഉണ്ടായിട്ടില്ലെന്നു പറയുകയും ചെയ്‌തത്‌ കളവാണെന്നു തെളിയുകയും ചെയ്‌തു. മാത്രമല്ല, പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വ്യക്തമായി.
ജൂലൈ 18നുണ്ടായ ആത്മഹത്യയെ വെറും ആത്മഹത്യയാക്കാനും കേസ്‌ തേച്ചുമാച്ചുകളയാനും ആദ്യമേ പോലീസ്‌ ശ്രമം തുടങ്ങി. എന്നാല്‍ വിവിധ ദലിത്‌, ജനാധിപത്യ സംഘടനകളുടെ ഇടപെടലുകളുടെ ഫലമായി വിനായകിന്റെ ആത്മഹത്യ വിവാദപരമായ ഒന്നായി മാറി. വിനായകിന്റെ മരണം ജാതിബോധത്തിലധിഷ്‌ഠിതമായ നിയമപരിപാലനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി. മുടി നീട്ടി വളര്‍ത്തുന്നവരും കറുത്ത നിറമുള്ളവരും സാമൂഹികവിരുദ്ധരും കഞ്ചാവടിയന്മാരുമാണെന്ന സദാചാരബോധമുള്ളവരാണ്‌ പോലീസെന്ന ബോധ്യവും വെളിപ്പെട്ടു. നിരവധി ദലിത്‌ സംഘടനകളുടെ നേതൃത്വത്തില്‍ ആക്‌്‌ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ സമരം തുടങ്ങിയതോടെ മൗനം പാലിച്ചിരുന്ന ഭരണാധികാരികള്‍ പ്രതികരിച്ചുതുടങ്ങി. വിനായകിനു നീതി ഉറപ്പാക്കാന്‍ മരിക്കാത്ത വിനായകന്മാര്‍ ആട്ടവും പാട്ടും ചിത്രംവരയുമായി തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനിയില്‍ വേറിട്ട സാംസ്‌കാരികപ്രതിരോധവും തീര്‍ത്തു. വിനായകന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുക, പാവറട്ടി സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരേ പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമനുസരിച്ച്‌ കേസെടുക്കുക, കേസന്വേഷണം സി.ബി.ഐ.യെ ഏല്‍പ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധപരിപാടികള്‍ ശക്തമായതോടെ സര്‍ക്കാര്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനു കൈമാറുന്നതായി പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ ദലിതു സംഘടനകള്‍ക്കോ വിനായകിന്റെ ബന്ധുക്കളോ തൃപ്‌തരല്ല. വിവിധ കക്ഷി നേതാക്കളും മന്ത്രിമാരും വിനായകിന്റെ വീട്‌ സന്ദര്‍ശിച്ചെങ്കിലും നീതി ഇപ്പോഴും അകലെയാണ്‌. ഇതിനിടെ മുഖ്യമന്ത്രിയെ കണ്ട്‌ പരാതി നല്‍കാന്‍ തിരുവനന്തപുരത്തെത്തിയ വിനായകിന്റെ പിതാവ്‌ കൃഷ്‌ണനെയും ബന്ധുക്കളെയും നിരാശരാക്കുന്ന അനുഭവമാണുണ്ടായത്‌. അവരുടെ മുന്നിലൂടെ കടന്നുപോയ മുഖ്യമന്ത്രി തിരിഞ്ഞുപോലും നോക്കിയില്ല.
വിനായകന്റെ കുടുംബത്തിനു പട്ടികജാതി വികസനവകുപ്പിന്റെ 4.12 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കിയെന്നാണ്‌ ഭരണപക്ഷത്തുള്ളവരുടെ പ്രചാരണം. ഇതേ സര്‍ക്കാര്‍ സ്വകാര്യ എന്‍ജിനീയറിങ്ങ്‌ കോളജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഒരു വിദ്യാര്‍ഥിയുടെ കുടുംബത്തിനു 10 ലക്ഷം രൂപ സഹായധനം നല്‍കിയതും മന്ത്രിമാരും നേതാക്കളും വരിയിട്ട്‌ വീട്ടിലെത്തിയതും കൂട്ടിവായിക്കുമ്പോള്‍ ഇവിടെ ഒരു പന്തികേടുണ്ട്‌. കോണ്‍ഗ്രസ്‌ കുടുംബത്തിലെ അംഗമായിരുന്ന വിനായക്‌ ഡി.വൈ.എഫ്‌.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നുവെന്നതാണ്‌ ഏറെ ശ്രദ്ധേയം. ആത്മഹത്യ ചെയ്‌ത ദിവസം രാവിലെയും ഡി.വൈ.എഫ്‌.ഐയുടെ കാരുണ്യപ്രവര്‍ത്തനത്തിനായി വിനായക്‌ രംഗത്തുണ്ടായിരുന്നു. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കുള്ള പൊതിച്ചോറ്‌ സംഘടിപ്പിക്കാന്‍ സഖാക്കളോടൊത്ത്‌ അവനുമുണ്ടായിരുന്നു. എന്നാല്‍ ഈ യുവജനസംഘടന പോലും ദിവസങ്ങള്‍ ഏറെ കഴിഞ്ഞാണ്‌ സമരരംഗത്തുവന്നത്‌. പട്ടികജാതി ക്ഷേമസമിതിയും സജീവമായില്ല. മരിക്കുന്നതിനു

മുമ്പ്‌ വിനായക്‌ തന്നെ മര്‍ദ്ദിച്ച പോലീസുകാരെക്കുറിച്ചും മറ്റും മറ്റും സുഹൃത്തുക്കളോട്‌ പറഞ്ഞിരുന്നു. പ്ലസ്‌ ടു തോറ്റ വിനായക്‌ നല്ലൊരു ബ്യൂട്ടീഷ്യനാകണമെന്ന ലക്ഷ്യത്തോടെ പഠിക്കുകയായിരുന്നു. ഇതിനിടയില്‍ ഏതൊരു ചെറുപ്പക്കാനെയും പോലെ വിനായകിനു പ്രണയവുമുണ്ടായിരുന്നു. അവന്റെ കൂട്ടുകാര്‍ക്കൊക്കെ അതറിയുകയും ചെയ്യാം. വീട്ടുകാര്‍ക്കുമറിയാം. ഏതെങ്കിലും തരത്തിലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തില്‍ വിനായക്‌ ഏര്‍പ്പെട്ടതായി ആര്‍ക്കും അറിയില്ല. എന്നിട്ടും..........മുടി നീട്ടിവളര്‍ത്തിയതും ദലിതനായതുമാണ്‌ അവന്റെ കുറ്റം. അതുകൊണ്ടാണ്‌ ആ പോലീസുകാര്‍ക്ക്‌ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ മര്‍ദകരാകാന്‍ കഴിഞ്ഞത്‌. ജാതിവിവേചനത്തിന്റെ ഇരയായ, കോളനിവാസിയായതുകൊണ്ടാണ്‌ ഭരണകൂടത്തിനു വിനായകിന്റെ ജീവന്‍ ചോദ്യചിഹ്നമാകാത്തത്‌. കാസര്‍ഗോഡ്‌ മജിസ്‌ട്രേറ്റായിരുന്നു വി.കെ. ഉണ്ണികൃഷ്‌ണന്റെ ദുരൂഹമരണവും സമാനമാണ്‌. ഉണ്ണികൃഷ്‌ണന്റെ സ്വന്തം വീടിനു അടുത്താണ്‌ പാവറട്ടി പോലീസ്‌ സ്‌റ്റേഷനെന്നതും കൗതുകമുണര്‍ത്തുന്ന യാഥാര്‍ഥ്യമാണ്‌. ഏതായാലും വിനായകന്റെ കൊലപാതകത്തിനു ഉത്തരവാദികളായവരെ ശിക്ഷിക്കുകയും വിനായകന്റെ കുടുംബത്തിനു നീതി ലഭിക്കുകയും ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ്‌ ആക്‌്‌ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow