അഷ്ടമിരോഹിണി ദിനത്തില്‍ ദേവസ്വം മന്ത്രിയും സി,പി,ഐ.എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ ഗു രുവായൂരില്‍ ഒരു ദിവസം തങ്ങി നടത്തിയ കൃഷ്ണഭക്തിപ്രകടനം പലകോണുകളില്‍ നിന്നും വിമര്‍ശന വിധേയമായി. അതോടെ തന്റെ പ്രവൃത്തിക്ക് ന്യായീകരണവുമായി അദ്ദേഹം രംഗത്തു വന്നിരിക്കുകയാണ്. തന്റെ കുടുംബക്കാരെല്ലാം ഭക്തന്മാരാണ്, താന്‍ ദേവസ്വം മന്ത്രി എന്ന നിലയില്‍ തന്റെ ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്തത് എന്നദ്ദേഹം പ്രസ്താവിച്ചുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് കാണുന്നത്. ഗുരുവായൂരപ്പനെ ഭക്തിപൂര്‍വ്വം വണങ്ങുക, പുഷ്പാഞ്ജലി കഴിക്കുക, അറിവിന്റെ സ്വരൂപമാണ് ഗുരുവായൂരപ്പന്‍ എന്ന് പ്രസംഗിക്കുക എന്നതെല്ലാം ദേവസ്വം മന്ത്രി എന്ന നിലയില്‍ തന്റെ 'ചുമതല ' യാണെന്നദ്ദേഹം നമ്മെ ധരിപ്പിക്കുന്നു. അപ്പോഴും അറിവിന്റെ സ്വരൂപമാണ് ഗുരുവായൂരപ്പനെന്നു ബോധ്യപ്പെട്ടത് കടകംപള്ളി സുരേന്ദ്രന്‍ എന്ന വ്യക്തിക്കല്ലേ? അതോ അതും ദേവസ്വം മന്ത്രിക്കാണോ? ദേവസ്വം മന്ത്രി ആയാല്‍ ഇങ്ങനെയെല്ലാം ചെയ്യണമെന്ന് എഴുതിവച്ചിരിക്കുന്ന പുസ്തകമാണല്ലോ ഭരണഘടന! അതിനാല്‍ ''ചുമതല''ക്കാര്യത്തില്‍ അദ്ദേഹത്തോടിവിടെ തര്‍ക്കിക്കാനില്ല.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മതത്തോടുള്ള മാര്‍ക്‌സിസ്റ്റ് സമീപനം കേരളത്തില്‍ കമ്മ്യുണിസ്‌റ് എന്ന് വിളി കൊള്ളുന്ന നേതാക്കളുടെ മതവിശ്വാസ പ്രകടനങ്ങളുമായി ബന്ധപ്പെട്ടു ചര്‍ച്ചയായിരുന്നു. അതിനെല്ലാം ശേഷമാണു പാലക്കാട്ട് പാര്‍ട്ടി അംഗങ്ങളുടെ വ്യക്തി ജീവിതം ''കമ്മ്യുണിസ്‌റ് മൂല്യങ്ങള്‍''ക്കനുസരിച്ചുള്ളതാക്കാനും സംഘടനാ രംഗത്തെ പുഴുക്കുത്തുകള്‍ പരിഹരിക്കാനുമായി വളരെ കൊട്ടിഘോഷിച്ചു പ്ലീനം നടന്നത്. കാടാമ്പുഴ പൂമൂടലും, ചിതാഭസ്മം ''വിധിയാം വണ്ണം''ഒഴുക്കലുമെല്ലാം അതിനു മുന്‍പ് നടന്ന സംഗതികളാണ് എന്നതുകൊണ്ട് നമുക്കൊഴിവാക്കാം. പാലക്കാട് പ്ലീനത്തോടെ വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും കമ്യുണിസ്‌റ് മൂല്യങ്ങളും ഒന്നുകൂടെ പഠിച്ചുറപ്പിച്ചയാളാണ് കടകംപള്ളി സുരേന്ദ്രന്‍. പ്രത്യയശാസ്ത്രം പടിച്ചു പാസായി എത്രയോ കമ്മിറ്റി കടമ്പകള്‍ കടന്നു ഇപ്പോള്‍ ഉന്നത സമിതിലെത്തിയ വ്യക്തിയാണ് അദ്ദേഹം. എന്താണതില്‍ നിന്നു നാം മനസ്സിലാക്കേണ്ടത്? ഗുരുവായൂരപ്പന്‍ ഒന്നാം റൗണ്ടില്‍ത്തന്നെ മാര്‍ക്‌സിനെ നോക്ക്ഔട്ട് ചെയ്തുകൊണ്ട് ദേവസവം മന്ത്രിയെ തന്റെ അനുചരനാക്കിയിരിക്കുന്നു എന്നോ? അല്ലെങ്കില്‍ ദേവസവം മന്ത്രിയായാലുടനെ ഇത്രയും ഭക്തി അദ്ദേഹത്തിന് ഗുരുവായൂരപ്പന്‍ കനിഞ്ഞനുഗ്രഹിച്ചു നല്‍കുമോ?

വിമര്‍ശകരോട് ''പോകാന്‍ പറ ' എന്ന അദ്ദേഹത്തിന്റെ നിലപാടും ഗംഭീരമായി. അല്ലെങ്കിലും അദ്ദേഹം ഗുരുവായൂരപ്പനോട് ''കടക്കു പുറത്ത്''എന്ന് പറയുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ? ഇല്ലേയില്ല. പാര്‍ട്ടിക്കകത്തും നാട്ടിലും വിമര്‍ശകരാരെങ്കിലും ഉണ്ടെങ്കില്‍ അവരാണ് പുറത്തു കടക്കണ്ടത്. കടകംപള്ളിയുടെ പ്ലീനത്തിനു ശേഷമുള്ള ''കമ്യുണിസ്‌റ് മൂല്യ ''വളര്‍ച്ചയെക്കുറിച്ചാണ് പണ്ടൊരാള്‍ ''ഓതാന്‍ പോയിട്ട് ഉള്ള ബുദ്ധിയും പോയി'' എന്ന് പറഞ്ഞതെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ അതിനു മറുപടി പറയാനും അദ്ദേഹത്തെത്തന്നെ ബുദ്ധിമുട്ടിക്കരുത്. കോടിയേരി, പിണറായി, തോമസ് ഐസക് എന്നിവരാരെങ്കിലും വൈരുധ്യാധിഷ്ഠിത ഭൗതികവാദം വച്ച് കാര്യം വിശദീകരിച്ചാല്‍ മതി. പാര്‍ട്ടിക്കമ്മിറ്റികളില്‍ പറയുന്നതും, അമ്പലമുറ്റങ്ങളില്‍ ചെയ്യുന്നതും പരസ്പരവിരുദ്ധമായിരിക്കണം എന്നാണതിന്റെ അര്‍ത്ഥമെന്നു ലളിതമായി വിശദീകരിച്ചാലും മതി. പാര്‍ട്ടി അച്ചടക്കം അറിയാവുന്ന ഒരു പാര്‍ട്ടിക്കാരും ഇക്കാര്യത്തില്‍ എതിര്‍ത്ത് പാര്‍ട്ടിക്ക് പുറത്തുപോകാനുള്ള വിവരക്കേടൊന്നും കാണിക്കില്ല. പാര്‍ട്ടിയംഗങ്ങളുടെ പ്രത്യയശാസ്ത്രം മാര്‍ക്‌സിസം-ലെനിനിസം ആയിരിക്കണമെന്നും അതിന്റെ താത്വികാടിത്തറ വൈരുധ്യാധിഷ്ഠിത ഭൗതികവാദമായിരിക്കണമെന്നും ഭരണഘടനയിലെഴുതി വെക്കുന്ന പാര്‍ട്ടിയാണ് ഒരു കമ്മ്യുണിസ്‌റ്പാര്‍ട്ടി. ഒരാധുനിക വ്യവസായം പോലുമില്ലാത്ത ആഫ്രിക്കന്‍ ഗോത്രവര്‍ഗ രാജ്യത്തായാല്‍പ്പോലും തെഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണിപ്പടയായാണ് പാര്‍ട്ടിയുണ്ടാക്കണ്ടതെന്നും 1928-ല്‍ KOMINTERN നിഷ്‌കര്‍ഷിച്ചു. ഇത്തരം നിലപാടുകള്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു നാളിത്രയും കഴിഞ്ഞിട്ടും പുനഃപരിശോധിക്കാന്‍ ഇന്ത്യയിലെ സി.പി.ഐ. മുതല്‍ സിപി ഐഎം, എം.എല്‍ ഗ്രൂപ്പുകള്‍ വരെയുള്ളവര്‍ തയ്യാറായിട്ടില്ല. അതിന്റെ ഫലമെന്താണ്? ഭക്തിയും വിശ്വസവുമുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്ന നല്ല നല്ല സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ദൈവവിശ്വാസത്തോട് ബൗദ്ധികമായി പൂര്‍ണ്ണമായി വിടപറയാന്‍ കഴിയില്ലെങ്കിലും കളവായി ഭരണഘടനയംഗീകരിക്കുന്നുവെന്നു പറഞ്ഞു പാര്‍ടിയംഗങ്ങളാകേണ്ടി വരുന്നു. അത്തരം പാര്‍ട്ടിയംഗങ്ങള്‍ വളരെയുണ്ടാകുമ്പോള്‍, പാര്‍ട്ടിക്കകത്തു വന്നശേഷം നല്ല ''തന്ത്ര''ശാലികളും ''അടവി''ന്റെ ആശാന്മാരുമാകുന്നവര്‍ മുകളിലേക്ക് വരികയും ദൈവവിശ്വാസം ഒട്ടുമില്ലെങ്കില്‍ത്തന്നെയും താല്‍ക്കാലിക ലഭനേട്ടങ്ങള്‍ക്കായി മഹാവിശ്വാസികളായി വേഷം കെട്ടുകയും ചെയ്യുന്ന രീതി വ്യാപകമാകുന്നു. അതിനെതിരെ ആരും ഒരെതിര്‍പ്പും പ്രകടിപ്പിക്കില്ല.

മാര്‍ക്‌സ് ''മാര്‍ക്‌സിസം'' എഴുതിയുണ്ടാക്കിയിട്ടില്ല. മാര്‍ക്‌സിസവും മാര്‍ക്‌സിസം-ലെനിനിസവും, മാര്‍ക്‌സിസം-ലെനിനിസം-മാവോയിസവും ഒക്കെ പിന്നീടാണ് വരുന്നത്. അതിനു നിര്‍വചനം കൊടുത്തവരിലൊരാളും അതിനകത്തു വിഗ്രഹാരാധനക്കോ, ദൈവവിശ്വാസത്തിനോ സ്ഥാനമുണ്ടാകുമെന്നു സ്വപ്‌നേപി കരുതിയിട്ടില്ല. കടകംപള്ളി തന്റെ ഗുരുവെന്ന പറഞ്ഞു നടക്കാറുള്ള ശ്രീ നാരായണഗുരുവും വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല. ദൈവനാമത്തില്‍ സത്യപ്രതിജ്ഞചെയ്യാതെ ദൃഢ പ്രതിജ്ഞ ചെയ്തു മന്ത്രിയായ കടകംപള്ളി ദേവസവം മന്ത്രിയായപ്പോഴാണ് അറിവിന്റ സ്വരൂപമായി ഗുരുവായൂരപ്പനെക്കണ്ടു, സായൂജ്യമടഞ്ഞ്, ഭക്തിയോടെ കൈകൂപ്പി വണങ്ങുന്നത്. അത് ഗംഭീരമായ അഭിനയമോ, അതോ, യാഥാര്‍ത്ഥഭക്തിയോ? രണ്ടാമത്തേതാണെങ്കില്‍ അത് ഗുരുവായൂരപ്പന്റെ അത്ഭുതപ്രവര്‍ത്തനം തന്നെ.

ഇന്ന് സി.പി.ഐ.എം നേരിടുന്ന ഒരു യാഥാര്‍ത്ഥ പ്രശ്‌നത്തിന്റെ ഒരുദാഹരണമാണ് കടകംപള്ളി. വീട്ടുകാരെല്ലാം ഭക്തരാണെന്നും ഗുരുവായൂരപ്പന്‍ അറിവിന്റെ സ്വരൂപമാണെന്നുമെല്ലാം തട്ടിവിട്ട് ഭക്തരായ സാധാരണ ഹിന്ദുക്കളെ സംഘപരിവാറിന് കൊടുക്കാതെ പിടിച്ചു നിര്‍ത്തേണ്ടതാവശ്യമാണെന്നവര്‍ കരുതുന്നു. 40 കളിലോ, 50 കളിലോ കൃഷ്ണപ്പിള്ളക്കോ, എ.കെ.ജിക്കോ പി.ടി.പുന്നൂസിനോ ആ ബുദ്ധിമുട്ടുണ്ടായില്ല. ആദ്യ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പി.ടി.പുന്നൂസിനും, കണ്ണൂരില്‍ എ.കെ.ജിക്കും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ ഇരട്ടി വോട്ട് കിട്ടി. അത് ഭക്തിയുപയോഗിച്ചു സാദാ ഹിന്ദുക്കളെ തടുത്തുകൂട്ടി നേടിയതായിരുന്നില്ല. അവര്‍ക്കു വോട്ടു ചെയ്യുമ്പോള്‍ ദൈവവിശ്വസമുണ്ടോ എന്നത് ജനങ്ങള്‍ക്കും പ്രശ്‌നമായില്ല. കേരളത്തിലെ മൂന്നു പ്രമുഖമായ മതങ്ങളുടെയും പുരോഹിത പ്രമാണികളും മറ്റു പ്രമാണികളും കമ്മ്യുണിസ്റ്റുകാര്‍ക്കു ദൈവവിശ്വസമില്ല എന്നത് രാവും പകലും പ്രചരിപ്പിച്ചിട്ടും ഇതായിരുന്നു സ്ഥിതി. അവിടെ നിന്ന് കടകംപള്ളിയിയിലേക്കുള്ള ഈ''വളര്‍ച്ച'' നല്ലതോ ചീത്തയോ, ഈ നിലയില്‍ വളര്‍ന്നാല്‍ അത് എവിടേക്കെത്തും, ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കു ദൈവം ഇങ്ങനെ പ്രഹേളികയാകേണ്ടതുണ്ടോ എന്നെല്ലാമുള്ള വീണ്ടുവിചാരങ്ങള്‍ക്ക് ദൈവവിശ്വസികളും അല്ലാത്തവരുമായ സകല ഇടതുപക്ഷക്കാരെയും പ്രേരിപ്പിക്കേണ്ടതാണ് ഈ പ്രകടനവും പ്രസ്താവനയും.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow