വാര്‍ത്താ വിശകലനം

കൊല്ലം ജില്ലയിലെ ഒരു പ്രാദേശിക പൊതുയോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കവി കുരീപ്പൂഴ ശ്രീകുമാറിനെതിരായ ആറെസ്സെസ് അക്രമം തികച്ചും ആസൂത്രിതമാണ്. ഇത്തരമൊരാക്രമണം എന്തുതരം പ്രതികരണങ്ങളാണുണ്ടാക്കുന്നതെന്ന് ഒരുവശത്ത് പരീക്ഷിച്ചു നോക്കുന്നു. മറുവശത്ത്, വളരെയേറെ കലാസാഹിത്യ പ്രവര്‍ത്തകര്‍, സംഘപരിവാറിനെതിരായ പ്രത്യക്ഷ വിമര്‍ശനങ്ങളില്‍ നിന്നു ഭയം മൂലം പിന്മാറുമെന്ന് കണക്കു കൂട്ടുന്നു. ഇത് ഒരുവശത്ത് ആസൂത്രിതമായിരിക്കുമ്പോള്‍ത്തന്നെ ഈ ആക്രമണം ഇപ്പോള്‍ത്തന്നെ നടത്തുന്നതിന് ഊര്‍ജ്ജം പകര്‍ന്നത് വടയമ്പാടിയില്‍ കേരള പോലീസ് സ്വീകരിച്ച നയമാണ് എന്നത് വ്യക്തമാണ്.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച ഒരു കാര്യം പോലീസ് ഭരണഘടനയും നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നാണ്. പക്ഷേ കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെക്കാലത്തെ അനുഭവം RSS ന് താല്പര്യമുള്ള വിഷയങ്ങളില്‍ തങ്ങളെ സഹായിക്കാനുള്ള ഒരു 'ജനകീയ സന്നദ്ധസേന'യായി കേരള പോലീസ് അവരെ സ്വീകരിക്കന്നുവെന്നാണ്. സംസ്ഥാനത്തുടനീളം RSS ഉം ശിവസേനയും സദാചാര പോലീസായി രംഗത്തു വരുന്നതും പോലീസ് അവര്‍ക്ക് അക്രമം നടത്താന്‍ സംരക്ഷണം നല്കുന്നതും നിരവധി സ്ഥലങ്ങളില്‍ നാം കണ്ടു, ചുംബനസമരത്തിലടക്കം. പിന്നീട് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നപ്പോള്‍ RSS സംഘമാണ് പോലീസ് നടപടികളെ നിയന്ത്രിച്ചുകൊണ്ടിരുന്നത്. അവര്‍ മരിച്ചവരുടെ അന്ത്യോപചാര ചടങ്ങുകളെ തടയുകയും നിലമ്പര്‍ കാടുകളിലേക്ക് പോകാനൊരുങ്ങിയ വസ്തുതാന്വേഷണസംഘത്തെ കൊലവിളികളുമായി നേരിടുകയും ചെയ്തു. അവിടെയും പോലീസ് RSS ന് സംരക്ഷണം നല്കുകയായിരുന്നു. ഇങ്ങനെ 'അംഗീകരിച്ചു കിട്ടിയ അപ്രഖ്യാപിത അവകാശ'ത്തിന്റെ മറവിലാണവര്‍ വടയമ്പാടിയില്‍ തടിച്ചുകൂടിയതും മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും ദളിതര്‍ക്കുമേല്‍ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞതും. ഇതിനു തൊട്ടുമുമ്പ് അശാന്തന്റെ മൃതദേഹം വരാന്തയില്‍ കൊണ്ടുവപ്പിക്കാനും പിന്നിലൂടെ കൊണ്ടുപോകാനും പോലീസിന്റെ ഒത്താശത്തോടെ കൊച്ചി നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനമായ ദര്‍ബാര്‍ ഹാളില്‍ തന്നെ അവര്‍ക്കു കഴിഞ്ഞു. വടയമ്പാടിയിലെ പോലീസ് ഒത്താശയില്‍ നിന്നു ലഭിച്ച ഊര്‍ജ്ജമാണ് വടയമ്പാടിയിലെ RSS നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കവി ശ്രീകുമാറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം ചൊരയാനും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാന്‍ തുനിയാനും അവര്‍ക്കു ചങ്കൂറ്റമായത്. ഈ നീചമായ നടപടിയെ ന്യായീകരിച്ചുകൊണ്ട് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തുവന്നിരിക്കുന്നു. ശ്രീകുമാറിനോട് യോഗത്തില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചതേയുള്ളുവെന്നും അതില്‍ അസഹിഷ്ണത പ്രകടിപ്പിച്ച് ശ്രീകുമാര്‍ കേസ്സു കൊടുത്തുവെന്നുമാണ് 'മഹാസഹിഷ്ണു'വായ കുമ്മനത്തിന്റെ പ്രഖ്യാപനം. കൂടെ ഞങ്ങള്‍ക്കു പങ്കില്ലെന്നു പറയുന്നുമുണ്ട്. ശ്രീകുമാറാണ് അസഹിഷ്ണുത കാട്ടിയതെങ്കില്‍പ്പിന്നെ ബിജെപി ക്കോ ആറെസ്സെസിനോ പങ്കില്ല എന്ന പ്രസ്താവന എന്തിനാണാവോ?

സോഷ്യല്‍ മീഡിയയിലുടനീളം വടയമ്പാടിയില്‍ ആറെസ്സെസുകാര്‍ സംഘടിച്ച് ദളിതരുടെ സമരത്തെ അവഹേളിക്കുകയും മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ശ്രീകുമാര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് വര്‍ഗ്ഗീയക്കോമരങ്ങള്‍ പറയുന്നത്. RSS കാരുടെ പേരു പറഞ്ഞാല്‍ ഇനിയും ചെക്കന്മാര്‍ കഴുത്തുപിടിക്കമത്രെ! ഇത്തരം അക്രമാഹ്വാനങ്ങള്‍ മുഴക്കുന്നവര്‍ക്കെതിരെ കേരളാപോലീസ് എന്തുചെയ്യാന്‍ പോകുന്നു വെന്നറിയാന്‍ കൗതുകമുണ്ട്

ഇതെഴുതുമ്പോള്‍ (6/2/18) അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചതിനെതിരെ എം.കെ. സാനു നടത്തിയ പ്രസംഗം 'ദ ഹിന്ദു' റിപ്പോട്ടു ചെയ്തത് ഇങ്ങനെയാണ്: 'ഒരു മതപരമായ പ്രശ്നവും കലാപവുമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ചില സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അശാന്തന്റെ മരണമറിയിച്ച് വച്ച ബാനറും ബോര്‍ഡും തകര്‍ക്കാന്‍ മുന്നോട്ടുവന്നു. വിശ്വാസികളുടെ വിശ്വസത്തെ വ്രണപ്പെടുത്തിയെന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാനായിരുന്നു അത്.'

ഇങ്ങനെ പറഞ്ഞ എം.കെ. സാനുവിന്റെ കഴുത്തു കുത്തിപ്പിടിക്കാന്‍ ഈ ചെക്കന്മാര്‍ രംഗത്തു വരുമോ? 'കള്ള പ്രചരണം' നടത്തിയ എ.കെ. സാനുവിനെ എന്തു ചെയ്യും? വടയമ്പാടിയിലെ കര്‍സേവയോടെ ഒരു ചെറിയ പറ്റം സവര്‍ണ്ണപ്രമാണികളായ ജാതിവെറിയന്മാരുടെ (സവര്‍ണ്ണ ജാതി വിഭാഗങ്ങളിലെ ഭൂരിപക്ഷം അതിലില്ല) താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ദളിതരെയും പിന്നോക്കക്കാരെയുമെല്ലാം ബലിയാടുകളാക്കുന്ന തന്ത്രമാണ് 'ഹിന്ദു ഐക്യം' എന്നത് അസന്നിഗ്ദമായി വെളിവായി. അതുണ്ടാക്കുന്ന വെപ്രാളമാണ് ശ്രീകുമാറിന്റെ ശബ്ദത്തെ ഞെരിച്ചമര്‍ത്താനുള്ള ഉദ്യമത്തില്‍ കണ്ടത്. എന്നിട്ട് കുമ്മനത്തിന്റെ പച്ചക്കള്ളങ്ങള്‍! ഹിന്ദുവിന്റെ അന്തസ്സ്, അഭിമാനം എന്നൊക്കെ തൊള്ളകീറുന്ന ഇത്തരക്കാര്‍ മിനിമം സത്യം പറയാനുള്ള അന്തസ്സും അഭിമാനവുമെങ്കിലും കാണിക്കേണ്ടേ? ഇത്തരം അക്രമങ്ങളുമായി യഥേഷ്ടം മുന്നോട്ടുപോയി കേരളത്തിലും ഒരു ഗൗരിലങ്കേഷ് സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍ അതില്‍ സംഘപരിവാറിനൊപ്പം പ്രതിചേര്‍ക്കപ്പെടുക L D F സര്‍ക്കാരിന്റെ 'കേരളം സംഘി'പ്പോലീസായിരിക്കുമെന്നു പറയാന്‍ മാത്രം ഈയവസരം വിനിയോഗിക്കട്ടെ!

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow