Loading Page: പ്രളയത്തിന് ഒരു മാസം: നവകേരളം എങ്ങനെ?

രാഷ്ട്രീയ വിശകലനം

ഇത്ര വലിയ നാശനഷ്ടവും ജീവഹാനിയുടെ ഭീഷണിയുമുയര്‍ത്തിയ പ്രളയത്തില്‍ അതിനെ രൂക്ഷമാക്കിയ കാരണങ്ങള്‍, ഇനി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, എന്നിവയെക്കുറിച്ച് ഒരു പഠനം പോലുമില്ല. ഡാം മാനേജ്‌മെന്റ്, മുന്നറിയിപ്പു സംവിധാനം എന്നിവയുടെ കാര്യത്തില്‍ വലിയ വിമര്‍ശനമുയര്‍ന്നു. അതു കൊണ്ട് ആ മേഖലകളില്‍ സര്‍വ്വതും നൂറു ശതമാനം ശരിയായിരുന്നു, ഒരന്വേഷണവും വേണ്ട എന്നങ്ങു തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യം? യുവജനങ്ങള്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ രംഗത്തിറങ്ങിയും മല്‍സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വച്ചും സകലരെയും രക്ഷിച്ചു. അത് മാതൃകാപരമാണ്. അതു കൊണ്ട് സര്‍ക്കാര്‍-ദുരന്തനിവാരണ സേന പ്രവര്‍ത്തനം എത്രകണ്ട് കാര്യക്ഷമമായി, വല്ലതും പഠിക്കാനോ തിരുത്താനോ ഉണ്ടോ എന്നതൊന്നും അന്വേഷിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാടില്ല!

കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്റവുമധികം പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത്. ഒരു മാസമായപ്പോഴേക്കും പ്രളയം ഏറെക്കുറെ വിദൂര ഭൂതകാലത്ത് നടന്ന ഒരു പ്രതീതിയിലേക്ക് കേരളം പോകുകയാണ്.

ഇനി നവകേരളമാണ്, പഴയ കേരളം അതേപടിയല്ല പുനര്‍നിര്‍മിക്കേണ്ടതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അന്ന് കേരളം ഒറ്റക്കെട്ടായി അംഗീകരിച്ചിരുന്നു. പക്ഷേ, ഇന്ന് ആകെ ചര്‍ച്ച സാലറി ചലഞ്ച് മാത്രമാണ്.

വിദേശ സഹായം വേണ്ട, കേരളീയര്‍ക്കു തന്നെ പുനര്‍നിര്‍മ്മാണം നടത്താനാവും എന്ന നിലപാടില്‍ നിന്നു കൊണ്ട് സാലറി ചലഞ്ച് അവതരിപ്പിച്ചത് നയരൂപീകരണ വിദഗ്ദന്‍ ജെ.എസ് അടൂരാണ്. പിന്നീടുള്ള സകല സര്‍ക്കാര്‍ തീരുമാനങ്ങളെയും എതിര്‍ത്തു അദ്ദേഹം സ്ഥലം കാലിയാക്കിക്കഴിഞ്ഞു. ഇപ്പോള്‍ കെ.പി.എം.ജി യാണ് പുനര്‍നിര്‍മാണ കണ്‍സല്‍ട്ടന്‍സി. എന്തൊക്കെ, എങ്ങനെ, പുനര്‍നിര്‍മിക്കണമെന്ന് അവര്‍ തീരുമാനിക്കും. കേരള ജനത തീരുമാനിക്കേണ്ട, അതിന്റെ കാര്യങ്ങളില്‍ ചര്‍ച്ചയുമില്ല.

എത്രയാണ് പ്രളയ നഷ്ടം? ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പത്രപ്രസ്താവനയിറക്കാന്‍ ചാര്‍ജുള്ള ഇ.പി. ജയരാജന്‍ മന്ത്രി പറഞ്ഞത് 40000 കോടി. എങ്ങനെ ഇത്തരമൊരു കണക്കിലെത്തി? ചോദ്യമില്ല.

സാലറി ചലഞ്ച് വഴി ഒരു മാസശമ്പളവും പെന്‍ഷനും ജനങ്ങളുടെ മറ്റു സംഭാവനകളും പിരിച്ച് പ്രത്യേക അക്കൗണ്ടില്‍ ഇടണമെന്ന പൊതുവഭിപ്രായം പോലും നടക്കുന്നില്ല. ജെ.എസ് അടൂര്‍ തന്നെ പറയുന്നു: 'എല്ലാം ബിസിനസ് ആസ് യൂഷ്വല്‍' ആയിരിക്കുന്നു.

ഇത്ര വലിയ നാശനഷ്ടവും ജീവഹാനിയുടെ ഭീഷണിയുമുയര്‍ത്തിയ പ്രളയത്തില്‍ അതിനെ രൂക്ഷമാക്കിയ കാരണങ്ങള്‍, ഇനി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, എന്നിവയെക്കുറിച്ച് ഒരു പഠനം പോലുമില്ല. ഡാം മാനേജ്‌മെന്റ്, മുന്നറിയിപ്പു സംവിധാനം എന്നിവയുടെ കാര്യത്തില്‍ വലിയ വിമര്‍ശനമുയര്‍ന്നു. അതു കൊണ്ട് ആ മേഖലകളില്‍ സര്‍വ്വതും നൂറു ശതമാനം ശരിയായിരുന്നു, ഒരന്വേഷണവും വേണ്ട എന്നങ്ങു തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യം? യുവജനങ്ങള്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ രംഗത്തിറങ്ങിയും മല്‍സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വച്ചും സകലരെയും രക്ഷിച്ചു. അത് മാതൃകാപരമാണ്. അതു കൊണ്ട് സര്‍ക്കാര്‍-ദുരന്തനിവാരണ സേന പ്രവര്‍ത്തനം എത്രകണ്ട് കാര്യക്ഷമമായി, വല്ലതും പഠിക്കാനോ തിരുത്താനോ ഉണ്ടോ എന്നതൊന്നും അന്വേഷിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാടില്ല!

പുഴയൊഴുകേണ്ട, ഒഴുകിയ, വഴികളില്‍ നിലംപൊത്തിയ മതിലുകള്‍ പശ്ചിമഘട്ടം തുരന്നു കൊണ്ടുവരുന്ന കരിങ്കല്ല് കൊണ്ട് കോട്ടകളായി പുനര്‍നിര്‍മ്മിക്കുന്നത് തടയാന്‍ പോലും ഒരു തീരുമാനവുമില്ല.

അങ്ങനെ പുനര്‍നിര്‍മ്മാണ ചര്‍ച്ച ഇപ്പോള്‍ മനോരമ പത്രം നടത്തുന്ന 'വിദഗ്ദരുടെ ' ചര്‍ച്ച മാത്രമായി തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ പിഴവുകളോ, വീഴ്ചകളോ ചര്‍ച്ച ചെയ്യരുത്, അത് വെള്ളമിറങ്ങിയിട്ട് എന്നു പറഞ്ഞ ഒരാളും ഇപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല.

ആകെ ഒരാശ്വാസം രണ്ടാഴ്ചക്കാലത്തെ വഞ്ചീശ മംഗളം ഇപ്പോള്‍ താണ സ്ഥായിയിലായി എന്നതു മാത്രം. വിഴിഞ്ഞം പദ്ധതിക്കും അതിനായി ഭീമമായ തോതില്‍ പശ്ചിമഘട്ടം ഇടിച്ചു കൊണ്ടുവരുന്നതിനുമെതിരെ ആ ദിവസങ്ങളില്‍ ചില മുന്തിയ വഞ്ചീശ മംഗളക്കാര്‍ തന്നെ എഴുതിയിരുന്നു. ആ പദ്ധതി പോലും നവകേരളത്തില്‍ വേണോ എന്നു ചര്‍ച്ചയില്ല!

ഓഖിയുടെ അത്ര പോലും പൊടിപടലങ്ങളുയര്‍ത്താതെ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പഴയ ക്രമത്തിലേക്ക് മടങ്ങി. കേന്ദ്രം കൂടുതല്‍ ഫണ്ട് തരണമെന്ന് പറയുന്നത്, അതിന് വേണ്ടിശക്തമായ സമരത്തിനിറങ്ങണമെന്ന് പറയുന്നത, ഒക്കെ മഹാപാപമാണ് എന്നു പ്രഖ്യാപിക്കപ്പെട്ടു. വിദേശ സഹായം പാടില്ലെന്ന് മോഡിജിയും പറഞ്ഞു. സാലറി ചലഞ്ചും നാട്ടുകാരുടെ സംഭാവനയുമായി കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും പുനര്‍നിര്‍മ്മാണവും കുറച്ചു പേര്‍ തടിച്ചുകൊഴുക്കലും തന്നെയാണോ നടക്കുക? അത് KPMG തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് നല്ല ബുദ്ധി തോന്നണേ എന്നു പ്രാര്‍ത്ഥിക്കലാണോ നമ്മുടെ റോള്‍?

ചില കണക്കുകള്‍ വന്നിരിക്കുന്നു. 3 ശതമാനം ജനങ്ങളെ മാത്രമേ പ്രളയം കാര്യമായി ബാധിച്ചുള്ളവത്രെ. അതിനര്‍ത്ഥം ബാക്കി 97 ശതമാനം പേരുടെ വോട്ടില്‍ വലിയ മാറ്റം വരില്ലെന്നാണെന്നും വായിക്കാം.

മൂന്നു ശതമാനത്തെത്തന്നെ കൈയിലെടുക്കാന്‍ നിങ്ങളുടെ സ്വന്തം പുനര്‍നിര്‍മ്മാണം നിങ്ങള്‍ക്ക് തോന്നിയ പടി ചെയ്‌തോളൂ, ഞങ്ങള്‍ നിയന്ത്രണങ്ങളും നിബന്ധനകളുമൊന്നും വച്ച് ബുദ്ധിമുട്ടിക്കുന്നില്ല എന്ന നിലപാടു കൊണ്ട് സാധിക്കും. ഇങ്ങനെയാണ് പാഠങ്ങള്‍ പഠിക്കുന്നതെന്നു തോന്നുന്നു.

സര്‍ക്കാര്‍-ഔദ്യോഗിക രാഷ്ട്രീയ വൃത്തങ്ങള്‍ ഇത്തരം നിലപാടുകളിലേക്ക് പിന്മടങ്ങിയാലും കേരളമിനി പഴയപടിയാകില്ല. ഉരുള്‍പൊട്ടുന്ന കിഴക്കന്‍ മലഞ്ചെരിവുകളില്‍ താമസിക്കുന്നവരിനി ഗാഡ്ഗിലിനെ തെറി പറയാന്‍ പഴയപടി നിന്നേക്കില്ല. 'പരമാവധി വനഭൂമി കൈയ്യേറി പട്ടയം വാങ്ങല്‍ വികസന'ത്തിന് പഴയ സ്വീകാര്യത കിട്ടാനിടയില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ തങ്ങളുടെ പരിസ്ഥിതി വിദഗ്ദരായി ഭരണമുന്നണി അവതരിപ്പിച്ച അന്‍വര്‍-രാജേന്ദ്രന്‍-തോമസ് ചാണ്ടി ത്രിമൂര്‍ത്തികളുടെ 'ശാസ്ത്രീയ'നയം കേരള ജനത വിനാശത്തിന്റെ മാനിഫെസ്റ്റോ എന്നു വിധിയെഴുതിക്കഴിഞ്ഞു.

മറുവശത്ത് പ്രളയത്തിനു പിന്നാലെ വലിയ വരള്‍ച്ച വന്നേക്കുമെന്ന സൂചന വരുന്നു. കേരളത്തിന്റെ കാലാവസ്ഥ വളരെ വലിയ മാറ്റങ്ങളിലേക്കു കടക്കുന്നു, അത് കണക്കിലെടുക്കാതെ ഇനി പഴയ മട്ടില്‍ 'വികസന 'രാഷ്ട്രീയം നടത്താനാകില്ല എന്ന സ്ഥിതി വരുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്‌തേ പറ്റൂ. വഞ്ചീശ മംഗളം നാലു നേരം പാടി പരിഹരിക്കാവുന്നതല്ല കേരള ജനതയുടെ ഭാവി നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളെന്ന് ഭരണ നേതൃത്വത്തെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow