Loading Page: ബാര്‍ കോഴക്കേസ് വിധിയുടെ യഥാര്‍ത്ഥ വിധി നിര്‍ണ്ണയങ്ങള്‍

വാര്‍ത്താ വിശകലനം

കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോടതി തീരുമാനവും പോലീസിനെതിരായ രൂക്ഷ വിമര്‍ശനവും ഇന്ന് വമ്പിച്ച മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആ വിധി ഇടതു മുന്നണിക്കു കൂടി കനത്ത പ്രഹരമായതിനാലാകാം മലയാള മനോരമ മുഖ്യ വാര്‍ത്തയാക്കിയിരിക്കുന്നു. ഈ കേസ് മൂന്നാം തവണയാണ് അട്ടിമറിക്കപ്പെടുന്നതെന്ന 'നിത്യ സസ്‌പെന്‍ഷന്‍ ' കാരനായ ജേക്കബ് തോമസിന്റെ വിലയിരുത്തല്‍ നൂറു ശതമാനം ശരിയാണെന്ന് വി.എസ് അച്ചുതാനന്ദനു മാത്രമല്ല, അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്കുമുഴുവനറിയാം.

ബാര്‍ കോഴക്കേസ് ഉയര്‍ന്ന് വന്നതോടെ കെ.എം മാണി ബജറ്റ് വിറ്റു കാശാക്കിയ നിരവധി കഥകള്‍ ഇടതുമുന്നണി അന്നുപുറത്തു കൊണ്ടുവന്നു. കോഴിക്കച്ചവടക്കാര്‍, സ്വര്‍ണ്ണാഭരണ നിര്‍മാതാക്കള്‍, എന്നു തുടങ്ങി നിരവധി മേഖലകളിലുള്ളവരെ ബജറ്റിനു മുമ്പ് കണ്ട് കാശടിക്കുന്ന സുകുമാരകല നാമെല്ലാം അറിഞ്ഞു.

ആ നിലപാടില്‍ നിന്നാണ് ഇടതു മുന്നണി നിയമസഭയില്‍ ബജറ്റവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് വമ്പന്‍ പ്രക്ഷോഭം സംഘടപ്പിച്ചത്. ആ കായിക ഏറ്റുമുട്ടലിലെ മൂന്നു പോരാളികള്‍ ഇ.പി ജയരാജനും ശ്രീരാമകൃഷ്ണനും ശിവന്‍കുട്ടിയുമായിരുന്നു. ബിജിമോളെ പിടിച്ചു വെച്ച ഷിബു ബേബി ജേണിന്റെ പിടിത്തം ബിജിമോള്‍ ആസ്വദിച്ചുവെന്ന യു.ഡി.എഫ് എം.എല്‍.എയുടെ പരാമര്‍ശം വമ്പിച്ച പ്രതിഷേധത്തിനിടയാക്കി.

മാണി പോയാല്‍ മന്ത്രിസഭ വീഴുമായിരുന്നു. അതു കൊണ്ട് യു.ഡി.എഫ് മാണി സംരക്ഷണം മുഖ്യ അജണ്ടയാക്കി. അതുകൊണ്ട്, പി.സി ജോര്‍ജ് എന്ന ദുര്‍ഗന്ധം തല്ക്കാലം പുറത്തു പോയി.

തെരഞ്ഞെടുപ്പില്‍ മാണിയും സരിതയും മുഖ്യവിഷയങ്ങളായി. വന്‍ ഭൂരിപക്ഷത്തില്‍ L.D. F ജയിച്ചു. ബുദ്ധിമാനായ മാണി രാജിവച്ച് നിഷ്പക്ഷനായി. മാണി കൈയ്യും കാട്ടിയതോടെ മാണിയെ പിടിക്കല്‍ (തുറുങ്കിലേക്കല്ല മന്ത്രിസഭയിലേക്ക്) ഇടതു മുന്നണി മുഖ്യ അജണ്ടയാക്കി. മാണി നല്ല ജനകീയാടിത്തറയുള്ള നേതാവാണെന്നു ഇ പി ജയരാജന്‍ കണ്ടത്തി. മാണിക്ക് ഏറ്റവുമാദ്യം തന്നെ എല്ലാം ശരിയായി.

മാണി നിമിത്തം ജേക്കബ് തോമസിന്റെ മാത്രമല്ല, കുമ്മനത്തിന്റെയും തലയുരുണ്ടു. മാണിയെ കൊണ്ടു വന്നിരിക്കണം എന്ന അമിത് ഷായുടെ 'കല്ലേപ്പിളര്‍ക്കുന്ന' കല്പന നടപ്പാക്കാത്തതിന് കടുത്ത ശിക്ഷയാണ് കിട്ടിയത്. മിസോറാമില്‍ ക്രിസ്ത്യന്‍ ഭജന ഗാനങ്ങള്‍ കേട്ടുറങ്ങി ശിഷ്ടകാലം കഴിക്കാന്‍.

മാണി വീണ്ടും യു.ഡി.എഫിലായി. തീര്‍ത്തും നാണമില്ലാത്തതു കൊണ്ട് ഒരു പക്ഷേ ബി.ജെപി ബാര്‍ കോഴക്കേസ് ശരിക്കന്വേഷിക്കണം, മാണിയെ പിടിക്കണം എന്നു പറഞ്ഞേക്കാം. അതിനപ്പുറം നൂറു തവണ കോടതിയുത്തരവിട്ടാലും കേരള പോലീസ് മാണിയെ രക്ഷിച്ചും കോടതിയുടെ വിരട്ടലതിജീവിച്ചും എങ്ങനെ കേസ് തേച്ചുമാച്ചുകളയാം എന്ന അന്വേഷിക്കൂം. കാരണം, മാണിയെ പിടിച്ചാല്‍ അഴിമതിപ്പണ്ടാരമായ മാണിയെ മുന്നണിയിലെടുക്കാന്‍ ആവേശക്കമ്മറ്റിക്കാരായവരാണ് തങ്ങളെന്ന നാണക്കേട് തെളിഞ്ഞു വരും.

അതു കൊണ്ട് മാണി ധീരമായി പറയുന്നു: എത്ര തവണ വേണമെങ്കിലും അന്വേഷിച്ചോളൂ. എനിക്ക് നീതി കിട്ടിയിരിക്കും. (നീതി പണമായും, പിന്നെ പോലീസിന്റെ പുണ്യവാളനാക്കലായും കിട്ടുക എന്നത് മാണിയുടെ ജന്മാവകാശമാണ്.)

കേരളത്തിലെയും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ഇന്നെത്തിനില്ക്കുന്ന ജീര്‍ണ്ണാവസ്ഥയുടെ നിദര്‍ശനമാണ് ഈ കേസ്. ഭരണ നേതൃത്വത്തിന്റെ താളത്തിനൊത്തു തുള്ളിയില്ലെങ്കില്‍ ആദ്യം കടലില്‍ തിരയെണ്ണാനിരുത്തും, എന്നിട്ടും പഠിക്കുന്നില്ലെങ്കില്‍ നിത്യ സസ്‌പെന്‍ഷന്‍ ജേക്കബ് തോമസ് സ്‌റ്റൈല്‍

ഇപ്പോള്‍ ചാരക്കേസ് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അക്കാലത്തെ ഏറ്റവും സത്യസന്ധനായ ഉദ്യാഗസ്ഥന്‍ സിബി മാത്യുവിനെ കുരിശിലേറ്റുമെന്നുറപ്പായി. RB ശ്രീകുമാറാണ് മോഡിയുടെ ഉന്നം.

പത്രലേഖകന്‍ ഉണ്ണിത്താനെ പോലീസ് മേധാവികള്‍ കെട്ടേഷന്‍ കൊടുത്തു കൊല്ലാന്‍ ശ്രമിച്ച സംഭവം ഈ കേരളത്തിലാണ് നടന്നത്. അവരുടെ പെണ്ണ്/പണം ആസ്വാദനം റിപ്പോര്‍ട് ചെയ്തതിന്. മുഖ്യ പ്രതി ഗുണ്ടാത്തലവന്‍ കാലപുരിക്ക് പോയെന്നു കേള്‍ക്കുന്നു. കേസ് എന്താകുമെന്നത് തീരുമാനമായിക്കഴിഞ്ഞു.

അഭയക്കേസില്‍ കോടതി ആറുതവണ മടക്കിയതുകൊണ്ട്, കത്തോലിക്കാ സഭക്ക് 150 കോടിയേ മുടക്കാനായൂള്ളൂ എന്നതുകൊണ്ടും മൂന്നു പേരുടെ പേരുകള്‍ കേരളമറിഞ്ഞു. നീതി കേരളാ മോഡല്‍' ശിക്ഷയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ബിഷപ്പ് ഫ്രാങ്കോയുടെ ആസ്വാദനം ഇപ്പോള്‍ തെരുവില്‍ ബലാബലത്തിലാണ്. പോലീസ് പ്രത്യക്ഷത്തില്‍ ആഞ്ഞുപിടിക്കുന്നു. സഭ പരോക്ഷമായി ആഞ്ഞുപിടിക്കുന്നു. മൂന്നു മുന്നണിയുള്ള ഫ്രാങ്കോക്ക് എല്ലാം ശരിയാകണേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.

എന്തു തന്നെയായാലും, നാലു ദിവസമേ നില നിന്നേക്കുള്ളു എങ്കിലും, ഈ വിധിയെ കേരളീയര്‍ ആഘോഷിക്കണം. കേരള പോലീസും, കേരള ഭരണവും മൂന്നു ഭരണമുന്നണിക്കാരും ഒന്നിച്ചൊന്നാകുന്നത് ജബ്ബാര്‍ ഹാജിക്കും കെ.എം മാണിക്കും ഒക്കെ വേണ്ടി മാത്രമാണെന്ന് ഇന്നാട്ടുകാര്‍ കണ്ടറിയട്ടെ.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow