Loading Page: നോട്ടു നിരോധനം: ഒടുവില്‍ മോഡിയും അസാധുവാകുന്നു

ഒപ്പീനിയന്‍

പി.ജെ.ബേബി

കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്മ നിരക്കുകള്‍ പുറത്തു വന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിരവാരത്തില്‍. അങ്ങനെ നോട്ടു നിരോധനത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട മുഖ്യ ദീര്‍ഘകാല ഫലം നമുക്കെല്ലാം ബോധ്യപ്പെട്ടു. കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ പോയി.

നോട്ട് നിരോധിച്ച സമയത്ത് അത് സവ്വത്ര നാശമാണുണ്ടാക്കുക എന്നു പറഞ്ഞ 'വിദഗ്ദര്‍' വിരലിലെണ്ണാവുന്നവരായിരുന്നു. 'നിഷ്പക്ഷ ' സാമ്പത്തിക വിദഗ്ദരെല്ലാം മോഡീ ഭക്തരായി, രാജ്യസ്‌നേഹികളായി. അവര്‍ കോറസ് പാടി: തല്ക്കാലം കുറച്ചു ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമുണ്ടാകും. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ ഗുണഫലങ്ങളുണ്ടാകും.'

ഇപ്പോള്‍ രണ്ടു വര്‍ഷവും മൂന്നു മാസവുമായി. എന്താണ് ആ കൊട്ടിഘോഷിച്ച ഗുണഫലങ്ങള്‍? മോഡി ഒന്നും പറയുന്നില്ല. ധനമന്ത്രി ജെയ്റ്റ്‌ലി ഒന്നും പറയുന്നില്ല. കള്ളപ്പണം പിടിക്കലും കള്ളനോട്ട് ഇല്ലാതാക്കലും ഭീകരവാദത്തെ തകര്‍ക്കലുമാണ് ലക്ഷ്യമെന്നാണ് മോഡി ആദ്യം തട്ടി വിട്ടത്. പിന്നെ ജെയ്റ്റ്‌ലി രംഗത്തുവന്നു. ഡിജിറ്റല്‍ എക്കോണമിയാണ് ലക്ഷ്യം. ഈ നാലു കാര്യങ്ങളിലും എന്താണ് നടന്നത്? രണ്ടു പേര്‍ക്കും ഉരിയാട്ടമില്ല.

റിസര്‍വ് ബാങ്ക്പറയുന്നത് 23000 കോടി ഒഴികെ ബാക്കി നോട്ടുകള്‍ മുഴുവന്‍ തിരിച്ചു വന്നു എന്നാണ്. നേപ്പാളില്‍ ബാങ്കില്‍ 6000 കോടി കിടക്കുന്നു. ഗള്‍ഫിലടക്കം വിദേശ രാജ്യങ്ങളിലെ ഇന്ത്യാക്കാരുടെ കൈകളിലും ഇന്ത്യയില്‍ നിശ്ചിത തിയതിക്കകം നോട്ടു മാറ്റാന്‍ കഴിയാത്തവരുടെ കൈയ്യിലും 17000 കോടിയിലും എത്രയോ അധികം നോട്ടുകള്‍ ബാക്കി. അതായത് വന്‍തോതില്‍ കള്ളനോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടു. പുതിയ അത്ഭുതനോട്ട് എന്നു പറഞ്ഞിട്ട് കള്ളനോട്ടുകാര്‍ക്ക് അച്ചടിക്കാന്‍ കൂടുതല്‍ എളുപ്പം.

ഭീകരവാദം എല്ലായിടത്തും വര്‍ദ്ധിച്ചു. ഇപ്പോള്‍ നോട്ടുകള്‍ തിരിച്ചുവന്നപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ക്യാഷ് ഇടപാടുകള്‍ നടത്തുന്നു. ഡിജിറ്റല്‍ ഒക്കെ സ്വാഹ ...... നോട്ടു നിരോധനം സമ്പദ്ഘടനക്ക് വമ്പിച്ച തിരിച്ചടിയുണ്ടാക്കി. വളര്‍ച്ച കുത്തനെ താഴോട്ടു പോയി. അത് മൂടി വക്കാന്‍ സര്‍വ്വത്ര കണക്കുകളില്‍ തിരിമറിയും തട്ടിപ്പും നടത്തി. ബാങ്കുകള്‍ ഭീകര പ്രതിസന്ധിയിലായി. സര്‍ക്കാരിന്റെ മര്‍മ സ്ഥാനത്തിരിക്കുന്ന സാമ്പത്തിക വിദഗ്ദര്‍ ഓരോന്നായി രാജിവച്ചു പോയി. രഘുറാംരാജനും അരവിന്ദു സുബ്രഹ്മണ്യനും പരസ്യമായിത്തന്നെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചു. ഇപ്പോള്‍ കണക്കുകള്‍ പൂഴ്ത്തിവച്ചതിനെത്തുടര്‍ന്നു സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ ബാക്കിയായ നാലു പേരില്‍ രണ്ടു പേരും രാജിവച്ചു.

ഇത്ര വലിയ തൊഴിലില്ലായ്മയുണ്ടായത് നോട്ടു നിരോധനം കൊണ്ടല്ലെങ്കില്‍ പിന്നെ എന്താണു കാരണം? കാര്‍ഷിക മേഖല ഇത്ര വലിയ പ്രശ്‌നങ്ങളിലാകാനും ഇത്രമാത്രം കര്‍ഷകര്‍ കടക്കെണിയില്‍ കുടുങ്ങാനും നോട്ടുനിരോധനമല്ലെങ്കില്‍ മറ്റെന്താണ് കാരണം? നോട്ടു നിരോധനം കൊണ്ടല്ല, ഞങ്ങള്‍ അത് ചെയ്തത് ആസൂത്രിതമായി ഇന്നിന്ന നടപടികളിലൂടെയാണ് എന്ന് മോഡി വിശദീകരിക്കുമോ?

ഇത്രമാത്രം ജനങ്ങള്‍ ( 90% പേരും) അസംഘടിത മേഖലയില്‍ തൊഴില്‍ കണ്ടെത്തുന്ന ഈ രാജ്യത്ത് പകരം നോട്ടടിച്ചു വക്കാതെ പ്രചാരത്തിലുള്ള നോട്ടിന്റെ 88% നിരോധിച്ചു. അതും പോരാഞ്ഞ് മരമണ്ടന്‍ മോഡി മാറ്റിയെടുക്കാന്‍ 50 ദിവസം സാവകാശം നല്കിയ നോട്ടുകള്‍ അന്ന് അര്‍ധരാത്രി മുതല്‍ കടലാസാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

നോട്ട് നിരോധിച്ച് ഏതാനും ആഴ്ചകള്‍ക്കുശേഷം കോഴിക്കോട്ടുവച്ച് PAG പ്രവര്‍ത്തകര്‍ 'നോട്ട് അസാധുവാക്കല്‍: അസാധ്യമാകുന്നത് എന്തെല്ലാം' എന്ന ക്യാപ്ഷനില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്ത ഞാന്‍ പറഞ്ഞു: ആദ്യം അസാധുവാകുന്നത് കാര്‍ഷിക മേഖല. രണ്ടാമത് സകല അസംഘടിതമേഖലയും. മൂന്നാമത് വ്യാപാര മേഖല. ഇപ്പോള്‍ നോട്ട് മാറ്റാന്‍ ക്യൂ നിന്ന് കുറെ മനുഷ്യരുടെ ജീവിതം അസാധുവായി. ഇങ്ങനെ തൊഴിലും വരുമാനവും ഇല്ലാതായി വീട്ടില്‍ പട്ടിണി കിടന്ന് ഒട്ടേറെ പാവം മനുഷ്യര്‍ നിശ്ശബ്ദമായി അസാധുവാകും.

രാഷട്രീയ തലത്തില്‍ നോട്ട്‌നിരോധനം കൊണ്ട് ദ്രോഹമല്ലാതെ യാതൊരു ഗുണവും ഉണ്ടാകില്ലെന്നു ജനങ്ങളോടു പറയാനും നോട്ട് റദ്ദാക്കല്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ഭയപ്പെട്ട പ്രതിപക്ഷങ്ങളാണ് ഉടനടി അസാധുവാകുക. പക്ഷേ, നോട്ട് നിരോധനം കൊണ്ട് വലിയ ദുരിതമല്ലാതെ യാതൊരു ഗുണവുമില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്ന മുറക്ക് മോഡി തന്നെയാണ് അസാധുവാകുക.'

ആ യോഗത്തില്‍ ബാങ്കകളുടെ പുനര്‍ മൂലധനവല്‍ക്കരണത്തിന് ജനങ്ങളെ പിഴിയുന്ന ഒരാസൂത്രിത പദ്ധതിയാണിതെന്നു പറഞ്ഞ ചില തീവ്ര ഇടതുകാരെയും വിമര്‍ശിച്ചു. എല്ലാത്തിലും കൃത്യമായ സാമ്രാജ്യത്വ പദ്ധതിയുടെ ബ്‌ളൂ പ്രിന്റ് ദര്‍ശിക്കുന്ന അവരെ വിമര്‍ശിച്ചു കൊണ്ട് ഈ നടപടി ബാങ്കുകളെ രക്ഷിക്കുകയല്ല, തകര്‍ക്കുകയാണ് ചെയ്യുക എന്നും പറഞ്ഞു.

ബാങ്കുകളുടെ പ്രശ്‌നം വളരെ വേഗം പുറത്തുവന്നു. ബാങ്കിലെത്തിയ ഭീമമായ സേവിംഗ്‌സ് ബാങ്ക് നിക്ഷേപം വായ്പ കൊടുക്കാനകാതെ വരികയും അതിന് പലിശയായി ബാങ്കുകള്‍ 24000 കോടി കൊടുക്കേണ്ടി വരികയും ചെയ്യുകയാണെന്ന് രഘുറാംരാജന്‍ തന്നെ വ്യക്തമാക്കി. 3-4 മാസക്കാലം സാധാരണ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിലച്ചത് ബാങ്കുകളെ കാര്യമായി ബാധിച്ചു. കാര്‍ഷിക- ചെറുകിട മേഖല തകര്‍ച്ചകള്‍ ബാങ്ക് കടങ്ങള്‍ തിരിച്ചടക്കപ്പെടുന്നതിനെ ബാധിച്ചു. പക്ഷേ ബാങ്കുകള്‍ക്ക് വലിയ അടിവന്നത് കോര്‍പ്പറേറുകളില്‍ നിന്നാണ്.

ജനങ്ങളുടെ ക്രയശേഷി ഇടിഞ്ഞതോടെ ചങ്ങലാപ്രതിഭാസമായി വാഹന-റിയല്‍ എസ്റ്റേറ്റ് വിപണിയെ വരെ ബാധിച്ചു. ആഗോള മാര്‍ക്കറ്റിലെ മാന്ദ്യവും വിലത്തകര്‍ച്ചയും മൂലം പ്രശ്‌നത്തിലായ സ്റ്റീല്‍ കുത്തകകള്‍ കണ്‍സ്ട്രക്ഷന്‍ മേഖല പൊളിഞ്ഞതോടെ പാപ്പരായി. ഭൂഷണ്‍-എസ്സാര്‍ എന്നിവ മാത്രം ഒരു ലക്ഷം കോടിയിലേറെ ബാങ്ക് കടവുമായി മുങ്ങി. ഇത്തരത്തില്‍ ഏതാണ്ട് 15 ലക്ഷം കോടിയുടെ കോര്‍പ്പറേറ്റ് ബാങ്ക് കടങ്ങള്‍ പ്രശ്‌നബാധിതമായി. നിരവധി കുത്തക മേധാവികള്‍ രാജ്യം വിട്ടു. നീരവ് മോഡി, മെഹുല്‍ ചോക്‌സി, രവി പാര്‍ത്ഥസാരഥി പോലെ പലരും. ബാങ്കുകള്‍ ഇന്ന് 19 ലക്ഷം കോടിയുടെ കിട്ടാക്കടം നേരിടുമ്പോള്‍ അതില്‍ പത്തു ലക്ഷം കോടിയെങ്കിലും നോട്ട് നിരോധനത്തിന്റെ അക്കൗണ്ടിലാണ് വരവ് വെക്കാനാവുക.

ഇന്നിതെല്ലാം ചേര്‍ന്ന് മോഡിയെ അസാധുവാക്കുകയാണ്. സത്യസഡമായ ഒരു തെരഞ്ഞെടുപ്പു നടന്നാല്‍ മോഡി പക്ഷത്തിന് 20% വോട്ട് പോലും കിട്ടില്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന് രാജ്യത്തിന് ഇത്തരം ഭരണമേ സംഭാവന ചെയ്യാനാവൂ എന്നു കാട്ടിത്തന്നു കൊണ്ട് മോഡിയിന്ന് സംഘപരിവാറിനെയും കുറെയൊക്കെ അസാധുവാക്കുകയാണ്.

തൊഴിലില്ലായ്മയും കാര്‍ഷികത്തകര്‍ച്ചയും വളര്‍ച്ചയിലെ ഇടിവും ബാങ്ക് പ്രതിസന്ധിയുമായി മോഡി ഇന്ത്യയുടെ വലിയൊരു സുവര്‍ണാവസരമാണ് നശിപ്പിച്ചത്. ചൈനയേക്കാള്‍ വലിയ സാമ്പത്തിക വളര്‍ച്ച നേടി ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാകാനുള്ള അവസരം.

ഈ കൊടിയ രാജ്യദ്രോഹത്തിന് ഒരു വിദേശ രാജ്യത്താണെങ്കില്‍ വിചാരണ നേരിട്ട്, ശിക്ഷിക്കപ്പെട്ട്, മോഡിയും സംഘവും അഴികള്‍ക്കകത്താകും എന്നുറപ്പാണ്. അത് ഇന്ത്യയില്‍ നടക്കുമോ എന്നതാണ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്ക് എത്ര മാത്രം കഴിവും കരുത്തുമുണ്ടെന്നത് വ്യക്തമാക്കുക.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow