Loading Page: ഡോക് ലാമിലെ പിന്മാറ്റവും സംഘ പരിവാര്‍ ദേശീയവാദവും

ഒടുവില്‍ മൂന്നു മാസക്കാലത്തെ പിരിമുറുക്കത്തിന് ശേഷം ഡോക് ലാമിലെ തര്‍ക്ക ഭൂമിയില്‍ നിന്ന് ഇന്ത്യന്‍ പട്ടാളവും ചൈനീസ് പട്ടാളവും പിന്മാറുകയും ഒരു ഇന്ത്യ-ചൈന സംഘര്‍ഷ സാധ്യത തല്‍ക്കാലത്തേക്ക് ഒഴിവായിരിക്കുകയുമാണ്. തീര്‍ച്ചയായും ഈ പിന്‍മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ്. അപ്പോള്‍ത്തന്നെ ആധുനികകാലത്തു ഒരു പരിഷ്‌കൃത രാജ്യം ഇത്തരം പ്രശ്‌നങ്ങളില്‍ എടുക്കണ്ട സമീപനവും സംഘപരിവാറും ഒരുപറ്റം തീവ്രദേശീയതയുടെ വേഷം കെട്ടുന്ന മാധ്യമങ്ങളും സ്വീകരിക്കുന്ന നിലപാടുകളുടെ പൊള്ളത്തരവും ചര്‍ച്ച ചെയ്യണ്ടതിന്റെ ആവശ്യകതയും ഇത് ഉയര്‍ത്തുന്നുണ്ട്.

എങ്ങനെയാണു പ്രശനം പരിഹരിച്ചത്? ഒരു യുദ്ധത്തിലൂടെയല്ല എന്നകാര്യം ഉറപ്പാണ്. അതിനൊന്നേ അര്‍ത്ഥമുള്ളൂ: നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് പ്രശനം പരിഹരിച്ചത്. അതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യ തങ്ങളുടെ നിലപാട് ചൈന അംഗീകരിച്ചു എന്നേ പറയുകയുള്ളൂ. പക്ഷെ ഇന്ത്യന്‍ പക്ഷത്തു ഇടപെടലിന് മുന്‍കൈയെടുത്ത നയതന്ത്രജ്ഞര്‍ അങ്ങനെ പറഞ്ഞില്ല. അവര്‍ പറഞ്ഞത് കൂടുതല്‍ വിശാലമായ ഒരു ദൃശ്യം കാണാന്‍ ഇരുകൂട്ടരും തയ്യാറായി എന്നാണ്. അതിന്റെ അര്‍ഥം ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നത് ഗുണകരമല്ല എന്ന കാഴ്ചപ്പാടില്‍ സ്വീകരിച്ചു ഇരു കൂട്ടരും വിട്ടു വീഴ്ചക്ക് തയ്യാറായി എന്നാണ്. യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത് എന്താണ്, ആരാണ് ശരി എന്ന കാര്യം ഒരിക്കലും പുറത്തുവന്നേക്കില്ല എന്നാണ് ഇരു രാജ്യക്കാരനുമല്ലാത്ത ഒരു സൗത്ത് ഏഷ്യ വിദഗ്ദന്‍ പറഞ്ഞത്. അതായതു തങ്ങള്‍ വിട്ടുവീഴ്ച ചെയ്തു എന്ന് തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ അറിയരുതെന്ന കാര്യം ഇരു കൂട്ടര്‍ക്കും യോജിപ്പുള്ള ഏകമേഖലയാണ്.

ഇന്ത്യന്‍ ഭാഷ്യമനുസരിച്ചു ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തര്‍ക്കവിഷയമായ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യമായ പി.എല്‍.എ റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു. തര്‍ക്കമൊന്നുമില്ലാത്ത തങ്ങളുടെ പ്രദേശമാണത്, അവിടെ റോഡ് നിര്‍മ്മിക്കാന്‍ താങ്ങള്‍ക്കവകാശമുണ്ട്, അതിനു തടസ്സം സൃഷ്ടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കലാണ്, അതനുവദിക്കാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ തങ്ങളുടെ അവകാശം യുദ്ധത്തിലൂടെ തങ്ങള്‍ക്കു സ്ഥാപിച്ചെടുക്കേണ്ടി വരും എന്ന് ചൈനയുടെ ഭരണപാര്‍ട്ടിയുടെ ജിഹ്വയായ ഗ്ലോബല്‍ ടൈംസിന്റേതായ പ്രസ്താവനകള്‍ വന്നു. അതായതു ഇരുവരും പുറമെ പറഞ്ഞ കാര്യങ്ങള്‍ വച്ച് നോക്കിയാല്‍ ഒരു യുദ്ധം, അല്ലെങ്കില്‍ ഒരു പക്ഷത്തിന്റെ വിട്ടുവീഴ്ച എന്നതിന് മാത്രമേ സാധ്യതയുള്ള. ഇപ്പോള്‍ രണ്ടുകൂട്ടരിലാരും വിട്ടുവീഴ്ച ചെയ്തില്ല! സമാധാനം സ്ഥാപിക്കുകയും ചെയ്തു!!

ഇതു സൂചിപ്പിക്കുന്നതു പാക്കിസ്ഥാന്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗങ്ങള്‍ എടുക്കുന്ന സമീപനത്തിന്റെ പൊള്ളത്തരമാണ്. യുദ്ധവും, തര്‍ക്കപരിഹാരവുമെല്ലാം വളരെയധികം മാറിപ്പോയ ഇക്കാലത്തും അര്‍ദ്ധ സാക്ഷരരായ ജനങ്ങളെ യുദ്ധജ്വരത്തില്‍ക്കുടുക്കാനും തങ്ങളുടെ വിവരക്കേടിനെ ശരി വെക്കാത്തവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്താനുമുള്ള ഒരു തന്ത്രം മാത്രമാണത്. അതായതു പുറത്തുണ്ടെന്നു പറയുന്ന ശത്രുവിനെ നേരിടാനായിരുന്നില്ല ഈ വായ്ത്താരികള്‍. അകത്തുള്ള എതിരാളികളെ നേരിടുക, അവരെ തങ്ങളുടെ പിന്താങ്ങികളാക്കുക, അല്ലെങ്കില്‍ രാജ്യദ്രോഹികളാകുക എന്നൊരു തെരഞ്ഞെടുപ്പിലേക്ക് കോര്‍ണര്‍ ചെയ്യുക എന്നതു മാത്രമായിരുന്നു ലക്ഷ്യം.

നമ്മുടെ മണ്ണാണ്, ഭാരതത്തിന്റെ വിശുദ്ധ മണ്ണാണ്, അതില്‍ തൊട്ടുകളിച്ചാല്‍ ദേശീയബോധമുള്ള അവസാനത്തെ ഭാരതീയന്‍ ജീവിച്ചിരിക്കുന്നവരെ വിട്ടുകൊടുക്കില്ല, ഒരിഞ്ചുഭൂമി പോലും വിട്ടു കൊടുക്കരുത്, സമാധാനം വേണമെന്ന് പറയുന്നവര്‍ ദേശസ്‌നേഹമില്ലാത്തവരും ശത്രുവിന്റെ ഈ രാജ്യത്തിനകത്തെ ചരന്മാരുമാണ്, അവരെ ആദ്യം തന്നെ കൈകാര്യം ചെയ്യണം എന്നൊക്കെയുള്ള മുറവിളികള്‍ കഴിഞ്ഞ 75 കൊല്ലക്കാലത്തു നാം എത്ര തവണ കേട്ടു?

ഇന്ന് പല രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു സൈന്യവും കാവല്‍ നില്‍ക്കുന്നില്ല. ഇന്ന് വലിയ തോതില്‍ വളര്‍ന്നു കഴിഞ്ഞ ആധുനിക രാജ്യങ്ങള്‍ കണ്ണുതെറ്റിയാല്‍ അയല്‍പക്കകാരന്റെ അതിര്‍ത്തി അല്‍പ്പമൊന്നു തോണ്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെറുകിടകര്‍ഷകന്റെ മനോഭാവക്കാരല്ല. പക്ഷെ ഇന്ത്യയില്‍ നാം സ്ഥിരമായി കേള്‍ക്കുന്ന ഏറ്റവും വലിയ ദേശസ്‌നേഹ പ്രസ്താവന ''അവര്‍ ഉറങ്ങാതിരുക്കുന്നതു കൊണ്ട് നാം സുഖമായി ഉറങ്ങുന്നു'' എന്നതാണ്. അതിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയാകും. ഇന്ത്യബ്രിട്ടീഷുകാര്‍ക്കു മുന്‍പ് നിരവധി നാട്ടുരാജ്യങ്ങളായിരുന്നു. നേരെ മറിച്ചു, ചൈന എന്നും ചക്രവര്‍ത്തി ഭരണത്തില്‍ ഏകീകൃതമായിരുന്നു. അക്കാലത്തു് ഒരു അതിര്‍ത്തിതര്‍ക്കവും ഉണ്ടായിരുന്നില്ല യുദ്ധം മുഴുവന്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ക്കിടയിലായിരുന്നു. ബ്രിട്ടീഷുകാരാണ് മനുഷ്യവാസം ഒട്ടുമില്ലാത്ത മഞ്ഞുമൂടിയ പ്രദേശങ്ങളിലൂടെ ഏകപക്ഷീയമായി സാങ്കല്‍പ്പിക അതിര്‍ത്തിരേഖ വരച്ചുണ്ടാക്കിയത്. ആ രേഖ ചൈന ഇന്നംഗീകരിക്കുന്നില്ല. ഇങ്ങനെ ഹിമാലയത്തിന്റെ മനുഷ്യവാസമുള്ള പ്രദേശങ്ങള്‍ ഇരു ചെരിവിലുമുള്ളവര്‍ കൈവശം വക്കുക, ഇടയ്ക്കു കിടക്കുന്ന വിശാലമായ പ്രദേശത്തു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പരസ്പരം അറിയിച്ചു നടത്തുക, അതിക്രമിച്ചു കയറിയെന്ന പ്രശനം വരുമ്പോള്‍ യു.എന്‍ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ മധ്യസ്ഥത്തിന് വിടുക, എന്നൊരു വഴി സ്വീകരിച്ചാല്‍ ഇന്ന് സിയാച്ചിന്‍ പോലുള്ള സ്ഥലങ്ങളില്‍ വെറുതെ പൊലിയുന്ന മനുഷ്യ ജീവനുകളെ രക്ഷിക്കാം. സിയാച്ചിനില്‍ രണ്ടു വര്‍ഷം സേവനമനുഷ്ടിക്കേണ്ടി വരുന്ന സൈനികരില്‍ 62%പേര്‍ക്ക് ഉല്‍പ്പാദനശേഷി നശിക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈനികരുടെ വലിയ വക്താക്കളായി ''ഒരിഞ്ചുഭൂമി'' സിദ്ധാന്തം പറയുന്നവരാണ് യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹികളെന്നതാണു വസ്തുത. അവരുടെ മുറവിളിക്കനുസരിച്ചു ദുര്‍വ്യയം ചെയ്യുന്ന ഭീമമായ തുകയുണ്ടായിരുന്നെങ്കില്‍ ഇന്ന് ഘോരക്പുരില്‍ നടക്കുന്നത് പോലുള്ള എത്രയെത്ര ശിശുമരണങ്ങള്‍ തടയാന്‍ നമുക്ക് കഴിഞ്ഞേനെ. സാമ്പത്തികമായി കരുത്താര്‍ജിക്കുന്നതാണ്, അല്ലാതെ കുറെ ആയുധങ്ങള്‍ കുന്നുകൂടി വക്കലോ, കുറെ പാവപ്പെട്ട സൈനികരെ അതിര്‍ത്തിയില്‍ ഉറങ്ങാതെ നിലനിര്‍ത്തലോ അല്ല ഈ ആധുനികകാലത്ത് രാജ്യരക്ഷക്കും, യുദ്ധവിജയത്തിനുപോലും, സഹായിക്കുകയെന്നുള്ള കാര്യം അറിഞ്ഞില്ലെന്ന് നടിക്കുന്നത് ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിലൊരു വിഭാഗം മാത്രമാണ്.

നമുക്ക് സങ്കല്പികമായി മറ്റൊരു സാധ്യത ആലോചിച്ചു നോക്കാം. അഥവാ കോണ്‍ഗ്രസ്സ് ഭരണത്തിലും, മോദിയും യോഗിയും, മേജര്‍ രവിയുമെല്ലാം പ്രതിപക്ഷത്തുമാണെന്നു വക്കുക. ഡോക് ലാമിലെ പ്രശനം ആരംഭിച്ചതു മുതല്‍ എന്തായിരുന്നേനെ അവരുടെ ചൈനാവിരുദ്ധ ഉറഞ്ഞുതുള്ളലുകള്‍! ഇന്നത്തേത് പോലുള്ള ഒരു പരിഹാരം അസാധ്യമാകും വിധം അവര്‍ ചുട്ടമറുപടിക്ക് വേണ്ടി ആക്രോശിക്കുമായിരുന്നു. ഇന്നുണ്ടായ പരിഹാരത്തെ കീഴടങ്ങലും 56 ഇഞ്ചു നെഞ്ചളവിന്റെ കുറവുമായി വ്യാഖ്യാനിക്കുമായിരുന്നു. മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുയോഗങ്ങളില്‍ നെഞ്ചത്തടിച്ചു പാകിസ്ഥാന്‍ നേതാക്കളെ പോരിനു വിളിക്കുകയും, തന്നെപ്പോലെ അക്രോശം നടത്താത്ത സകലരെയും പാക്കിസ്ഥാന്‍ ഏജന്റുമാരായി ചിത്രീകരിക്കുകയും ചെയ്യുന്ന രീതി ഇന്ന് പ്രതിപക്ഷം സ്വീകരിച്ചാല്‍ മോഡി എന്ത് മറുപടി പറയുമായിരുന്നു?

ഇന്നത്തെ പ്രശ്‌നപരിഹരത്തെ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ, മോദിയുടെ 56 ഇഞ്ച് നെഞ്ചളവിന്റെ രാഷ്ട്രീയത്തിന്റെ പരിഹാസ്യതയും സംഘപരിവാര്‍ ദേശീയതയുടെ പൊള്ളത്തരവും കൂടിയാണ് ഇവിടെ വെളിവാകുന്നത്. ഇനി, അഥവാ, തങ്ങള്‍ ''പഴയ പാഠം പഠിപ്പിക്കല്‍'' ദേശീയതയില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് എന്നവര്‍ പറഞ്ഞാല്‍ ''താടിയുള്ളപ്പനെ പേടിയുണ്ട്''എന്ന നിഗനത്തിനു മാത്രമേ പിന്നെ ഈപ്രശ്‌നത്തില്‍ സാധ്യതയുള്ളൂ. അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ അതിനു കാരണം മോദിയും സംഘപരിവാറും പറഞ്ഞു പഠിപ്പിച്ച വികൃത രാഷ്ട്രീയവും വികൃത ദേശീയതയും മാത്രമാണ്.
ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow