രാഷ്ട്രീയ വിശകലനം

പി.ജെ.ബേബി

ഇതെഴുതുമ്പോള്‍ ലോകത്തില്‍ സ്ത്രീകള്‍ക്കു ഡ്രൈവിംഗ് വിലക്കുണ്ടായിരുന്ന ഏക രാജ്യമായ സൗദി അറേബ്യ അത് നീക്കിയതില്‍ അവിടെയുള്ള സ്ത്രീകളാകെ ആഹ്ലാദിക്കുകയാണ്. വര്‍ണവെറിയനായ ട്രമ്പ്, യാഥാസ്ഥിതികയായ തെരേസ മെ എന്നിവര്‍ പോലും ആ നടപടി തുല്യനീതിക്കു വേണ്ടിയുള്ള നീക്കത്തില്‍ സുപ്രധാനമായ ചുവടുവെപ്പാണെന്നു പറഞ്ഞു കഴിഞ്ഞു. ഇതിനു തലേന്നാണ് ഇറാക്കി കുര്‍ദ്ദ് പ്രദേശത്തു നടന്ന റഫറണ്ടത്തില്‍ സ്വതന്ത്ര്യത്തിനനുകൂലമായി കുര്‍ദുകളില്‍ 90 ശതമാനവും വോട്ടു ചെയ്തത്. ഈ രണ്ടു നടപടികളുടെ കൂടെ കുറച്ചൊക്കെ ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ് ഹാഫിസ് സയീദും ജമാഅത്-ദുവയും തങ്ങള്‍ക്കു ബാധ്യതയാണെന്ന് പാക്കിസ്ഥാന്‍ നടത്തിയ പ്രസ്താവന.

ഇവയെല്ലാം ഏറെക്കുറെ നേരിട്ടു തന്നെ ശുദ്ധ ഇസ്ലാം, പൊളിറ്റിക്കല്‍ ഇസ്ലാം എന്നെല്ലാമുള്ള മതഭ്രാന്തന്‍ പദ്ധതികള്‍ക്ക് തിരിച്ചടി നല്‍കുന്നു. ഇക്കാര്യം ഗള്‍ഫ് പെട്രോ ഡോളറുകളുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളീയ-ഇന്ത്യന്‍ മുസ്ലീം വിഭാഗീയ സെക്ടുകള്‍ അംഗീകരിച്ചെന്നു വരില്ല. എങ്കിലും ഇതൊന്നും ഇങ്ങനെയുള്ള ഒരു അര്‍ത്ഥതലമുള്ളതല്ലെന്നു സമര്‍ത്ഥിക്കാന്‍ എന്തെല്ലാം വിതണ്ഡ വാദങ്ങളുന്നയിച്ചാലും ശരി, കേരളത്തിലെ ശുദ്ധ ഇസ്ലാമിസ്‌റുകള്‍ക്കു വലിയ തലവേദനയാകുമെന്നതില്‍ സംശയമില്ല.

ഇസ്ലാമിന്റെ ഖുറാന്‍ അനുസൃത നിലപാടുകള്‍ക്കനുസരിച്ചല്ല, മറിച്ചു സ്ത്രീകളുടെ സുരക്ഷയെക്കരുതിയാണ് തങ്ങള്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെന്നു ഇപ്പോള്‍ സൗദി സര്‍ക്കാര്‍ പറയുന്നു. പക്ഷെ സൗദിപ്പണത്തോടെ വളര്‍ത്തി വലുതാക്കപ്പെട്ട അഫ്ഗാന്‍ താലിബാന്‍ സ്ത്രീകള്‍ക്ക് മേല്‍ വച്ചിരുന്ന കടുത്ത നിബന്ധനകള്‍ നാം മറന്നിട്ടില്ല. വിശുദ്ധ പുസ്തകത്തിന്റെ അത്തരമൊരു വായനക്ക് വേണ്ടി സൗദി ഭരണകൂടം ലോകത്താകെ വന്‍ തോതില്‍ പണമൊഴുക്കി എന്നത് തന്നെ ഡ്രൈവിംഗ് വിലക്കിനു പിന്നിലും ഈ നിലപ്പാടാണ് ഉണ്ടായിരുന്നതെന്നു വ്യക്തമാക്കുന്നു. അക്കാര്യം തുറന്നു പറയാനുള്ള ധൈര്യം പോലും ഇല്ലെന്നു വരുമ്പോള്‍ തകരുന്നത് സൗദി ഭരണകര്‍ത്താക്കളുടെ ശരീയത് വേഷം കെട്ടലും കൂടെയാണ്.

എന്തുകൊണ്ടാണ് ഡ്രൈവിംഗ് വിലക്ക് നീക്കേണ്ടി വരുന്നത്? ആധുനിക വിദ്യാഭ്യാസം നേടിയ നല്ലൊരു പങ്കു സൗദിക്കാര്‍ പ്രാകൃത മത വ്യാഖ്യാനങ്ങളെയോ വിലക്കുകളെയോ മാനിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അക്കാര്യം കണക്കിലെടുത്തില്ലെങ്കില്‍ അധികകാലം ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ചില വിട്ടുവീഴ്ചകള്‍ നടത്തുന്നു. ഇതിനര്‍ത്ഥം, അമേരിക്കന്‍-ഇസ്രായേലി കാര്‍മ്മികത്വത്തില്‍ സൗദി ഭരണകൂടം ഒട്ടനവധി സ്വകാര്യ മതസംഘടനകളിലൂടെ ലോകകുത്തെങ്ങുമുള്ള രാജ്യങ്ങളിലെ പിന്നോക്ക മുസ്ലീങ്ങള്‍ക്കിടയില്‍ ശുദ്ധ ഇസ്ലാം പ്രചരിപ്പിക്കാന്‍ പണമൊഴുക്കുന്നതു നിര്‍ത്തുമെന്നല്ല. എങ്കിലും സൗദിക്ക് തന്നെ ''പുരോഗമനം'' അംഗീകരിക്കേണ്ടി വരുന്നുവെന്നത് വിശ്വസ ഭ്രാന്ത് പ്രചരിപ്പിക്കുന്നതില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാണെങ്കിലും മിഷനറി സംഘടനകളെ നിര്‍ബന്ധിതമാകും.

ഇതിനേക്കാള്‍ പ്രധാനമാണ് കുര്‍ദിഷ് സ്വാതന്ത്ര്യം. ഇറാന്‍, ഇറാക്ക്, തുര്‍ക്കി, സിറിയ എന്നീ രാജ്യങ്ങളുടെ മലമ്പ്രദേശങ്ങളിലായാണ് കുര്‍ദ് വംശജര്‍ ജീവിക്കുന്നത്. ഈ ഓരോ രാജ്യങ്ങളിലും അവര്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. ശരിയായ ഇസ്ലാം എന്നെല്ലാം പറയാന്‍ കൊള്ളാമെന്നല്ലാതെ കുര്‍ദുകളെ സ്വസഹോദരന്മാരായി കണക്കാക്കാന്‍ തുര്‍ക്കിക്കോ, ഇറാനോ, സിറിയക്കോ സാധ്യമായിരുന്നില്ല. അല്ലെങ്കില്‍, സ്വരാജ്യങ്ങളിലെ ഭൂരിപക്ഷ വംശവിഭാഗത്തിന്റെ വക്താക്കളായി നിലനിന്നു കൊണ്ട് മാത്രമേ ആ രാജ്യങ്ങളിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ജനപിന്തുണയുറപ്പിക്കാന്‍ പറ്റുമായിരുന്നുള്ളു. മതത്തിന്റെ പേരില്‍ മാത്രം ഒരു രാജ്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് മുന്‍പ് പാക്കിസ്ഥാന്‍ തെളിയിച്ചതാണ്. പാക്കിസ്ഥാനെപ്പോലെ ആധുനികതയുടെ ദുഷ്ടുകളൊന്നുമില്ലാത്ത മധ്യപൂര്‍വ്വദേശത്ത് അത് സാധ്യമാകുമെന്ന പ്രചാരണവും കുര്‍ദുകളുടെ സ്വാതന്ത്ര്യ പ്രസ്താവനയോടെ പൊളിയുന്നു.

പാക്കിസ്ഥാന്‍ ഇപ്പോള്‍ തുറന്നു പറയുന്നത് തീവ്രവാദ സംഘടനകള്‍ തങ്ങള്‍ക്ക് ഒരു ബാധ്യതയാണെന്നാണ്. ആ സംഘടനകളുടെ പേരില്‍ അമേരിക്ക കൂടി തള്ളിപ്പറയുമ്പോള്‍ അമേരിക്കക്കും ഇവയുടെ സൃഷ്ടിയില്‍ പ്രധാന പങ്കുണ്ടെന്നും പാക്കിസ്ഥാന്‍ പറയുന്നു. എന്ന് മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ ഹഖാനി നെറ്റ് വര്‍ക്ക് അമേരിക്കന്‍ സൃഷ്ടിയാണെന്ന യാഥാര്‍ഥ്യവും പാക്കിസ്ഥാന്‍ തുറന്നു പറയുന്നു. പാക്കിസ്ഥാനിലെ ഭരണവര്‍ഗം ഒരു കാടന്‍ ഇസ്ലാമിക ഭരണം ആഗ്രഹിക്കാത്തവരാണ്. പഞ്ചാബിലെ സമ്പന്ന-മധ്യവര്‍ഗങ്ങള്‍ മയക്കുമരുന്നു ബിസിനസ്സ്, ഗള്‍ഫ് മതപ്രചരണ ധനസഹായം എന്നിവയിലൂടെ തടിച്ചുകൊഴുത്ത തീവ്രവാദ സംഘടനകളുടെ ഒരട്ടിമറിയെ ഇന്ന് ഭയപ്പെടുന്നു. നവാസ് ശരീഫിനെതിരായ സുപ്രീം കോടതിവിധി മതേതര ജനാധിപത്യ ശക്തികള്‍ക്കെതിരായി സൈന്യത്തെയും ഐ.എസ്.ഐ യെയും തീവ്ര മതമൗലിക വാദികളെയും വളര്‍ത്തുന്നതിലേക്കാണ് നീങ്ങുന്നതെന്ന യാഥാര്‍ഥ്യമാണ് പാക് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്.

ഇങ്ങനെ ലോകത്തെവിടെയെങ്കിലും ഭാഷ, വംശ, പ്രാദേശിക വ്യതിരിക്തതകള്‍ക്കുപരിയായി ആധുനിക മതേതര ജനാധിപത്യ നിലപാടുകളിലൂടെയല്ലാതെ ശുദ്ധമതത്തിന്റെ പേരില്‍ ജനകീയ ഐക്യവും, ഒരു രാജ്യമായി ഒന്നിച്ചു നില്‍ക്കാനുള്ള കെട്ടുറപ്പും നേടിയെടുക്കാന്‍ സാധ്യമല്ല എന്ന യാഥാര്‍ഥ്യമാണ് തെളിയുന്നത്. എങ്കിലും ഈ ദിശയിലുള്ള ഒരു സ്വച്ഛന്ദമായ വളര്‍ച്ചമധ്യപൂര്‍വദേശ സ്വേച്ഛാധിപതികളും അമേരിക്കയും അനുവദിക്കും എന്നും നാം കാണേണ്ടതില്ല.

വളരെ സൗമ്യമായി സംസാരിക്കുകയും, സമാധാനത്തിന്റെ അപ്പോസ്‌തോലനായി പൊതു മണ്ഡലത്തില്‍ വേഷം കെട്ടുകയും ചെയ്തിരുന്ന ഒബാമയാണ് അറബ് വസന്തത്തിന്റെ ജനാധിപത്യ നാമ്പുകള്‍ നുള്ളിക്കളയാനായി ഐ.എസ്സിനെ വളര്‍ത്തിയതെന്ന യാഥാര്‍ഥ്യം പലരുമിപ്പോള്‍ ഓര്‍ക്കാറില്ല. യുദ്ധവെറിയും ഹുങ്ക് നിറഞ്ഞ പ്രസ്താവനകളും മുഖമുദ്രയാക്കിയ ബുഷിനേക്കാള്‍ എത്രയോ ഇരട്ടി മനുഷ്യ ജീവനാശത്തിനും പിന്നോട്ടടിക്കുമാണ് അതിടയാക്കിയത്. അതിന്റെ ഫലമായുണ്ടായ അഭയാര്‍ഥി പ്രവാഹവും മറ്റുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് വലിയവില നല്‍കേണ്ടിവന്നത്. നവനാസി പ്രസ്ഥാനങ്ങള്‍ പോലുള്ളവ അവിടങ്ങളില്‍ ശക്തിപ്പെടുമ്പോള്‍, മുസ്ലിം തീവ്രവാദ ആക്രമണങ്ങള്‍ നിത്യ സംഭവങ്ങളാകുമ്പോള്‍, അവിടങ്ങളിലെ ഭരണവര്‍ഗങ്ങള്‍ അമേരിക്കയില്‍ നിന്ന് അകന്നു നില്‍ക്കാനാണിപ്പോള്‍ ശ്രമിക്കുന്നത്. ലോക രാഷ്ട്രീയത്തിലെ ഈ മാറ്റങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്ലാമെന്ന ദുര്‍ഭൂതത്തെ കുടത്തിലടച്ചേക്കില്ല. എങ്കിലും അതിന്റെ ഉപയോഗക്ഷമത വന്തോതില്‍ കുറയുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow